മേരി ബെഹനേ മാംഗേ ആസാദി…ആസാദിയുടെ ഫെമിനിസ്റ്റ് സമര ചരിത്രം

മേരി ബെഹനേ മാംഗേ ആസാദി…ആസാദിയുടെ ഫെമിനിസ്റ്റ് സമര ചരിത്രം

ജന്തർ മന്തറിൽ ആളും ആരവവുമൊഴിഞ്ഞെങ്കിലും ജൻ സി പ്രതിഷേധത്തിന്റെ ഓറ ഒഴിഞ്ഞിട്ടില്ല ഇൻസ്റ്റയിലും ഫേസ് ബുക്കിലും. രംഗ് ദേ ബസന്തി മുതൽ ചക്‌ദേ ഇന്ത്യ വരെയുള്ള പാട്ടുകൾ റീലുകളായി ഒഴുകിയെങ്കിലും രാജ്യം മുഴുവൻ മുഴങ്ങിയത്  ഒരൊറ്റ മുദ്രാവാക്യമാണ്. ആസാദി. റാപ് ആയും റീലുകളായും ആസാദി  അലയടിച്ചു കൊണ്ടേയിരിക്കുന്നു. 2016 ലെ ജെ എൻ യു സമരത്തോടെയാണ് ആസാദി ജനകീയമായതെങ്കിലും ഈ മുദ്രാവാക്യത്തിന്റെ തുടക്കം അവിടെ നിന്നല്ല. സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രമാണ് ആസാദിയുടേത്. ആസാദിയുടെ ഫെമിനിസ്റ്റ് ലെഗസിയുടെ ചരിത്രം വായിക്കൂ.

ജന്തർ മന്തറിലെ സമരവേദിയിൽ, സമരം ചെയ്യുന്നവർ കേവലം നാല് മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്ന് സി.ജെ.പി വക്താവ് ആശുതോഷ് റാങ്ക ആവശ്യപ്പെട്ടിരുന്നു. എതിരാളികൾ സമരത്തിന്റെ ഉദ്ദേശത്തെ തെറ്റായി ചിത്രീകരിക്കാൻ അവസരം കാത്തിരിക്കുകയാണെന്നും, അത് കൊണ്ട് ആവശ്യമില്ലാത്ത പ്രചാരണങ്ങൾക്ക് ഇടകൊടുക്കാതിരിക്കാൻ വേണ്ടിയുമാണ് ഇത്തരമൊരു നിര്‍ദേശം എന്നാണ് അശുതോഷ് പറഞ്ഞത്. ഇന്ത്യയിലെ വിദ്യാര്‍ഥി സമരവേദികളില്‍ എപ്പോഴും മുഴങ്ങി കേള്‍ക്കാറുള്ള ‘ആസാദി’ (സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം വിളിക്കുന്നത് ഒഴിവാക്കണമെന്നും ആശുതോഷ് റാങ്ക ആവശ്യപ്പെട്ടിരുന്നു. പക്ഷേ പിന്നീട് ‘ആസാദി’ യുവാക്കളൊന്നടങ്കം ഏറ്റെടുക്കുന്നത് തന്നെയാണ് കണ്ടത്.

2019ലെ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളിലും, 2016ല്‍ ജെ എന്‍ യു സമരത്തിലുമെല്ലാം മുഴങ്ങി കേട്ട ‘ആസാദി’ രാജ്യവിരുദ്ധമാണെന്നാണ് വലതുപക്ഷത്തിന്റെ എക്കാലത്തെയും നിലപാട്. ഇപ്പോഴും ഈ മുദ്രവാക്യത്തോടുള്ള അവരുടെ പേടിയും വെറുപ്പും അവസാനിച്ചിട്ടില്ല. 

ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരം. PTI

ആസാദിയെ എന്തിനാണ് വലതുപക്ഷം ഭയക്കുന്നത്? എവിടെ നിന്നാണ് ആസാദിയുടെ തുടക്കം? അത് 2016 ലെയോ 19 ലെയോ വിദ്യാര്‍ഥിസമരങ്ങളില്‍ നിന്നല്ല. ആസാദിയെ ഇന്ത്യയില്‍ എത്തിച്ചത് 1980 കളില്‍ പാകിസ്ഥാൻ സന്ദർശിച്ച ഒരു ഇന്ത്യന്‍ വനിതയാണ്‌. ആ വനിതയുടെ കഥ കൂടിയാണ് ആസാദിയുടെ ചരിത്രം, ഒപ്പം ഒരു ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റേതും.

കമല ഭാസിന്‍ എന്ന ‘ഫെമിനിസ്റ്റ് ഐക്കണ്‍’

ഇന്ത്യയില്‍ ‘ആസാദി’ ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആ വനിതയുടെ പേര് കമല ഭാസിന്‍ എന്നാണ്. കവിയും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ കമല ഭാസിന്‍ 1970 കള്‍ മുതല്‍ സ്ത്രീ തുല്യതാ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. 2021 ലാണ് കമല ഭാസിന്‍ മരിച്ചത്.

1980 കളില്‍, പാകിസ്ഥാനിൽ ജനറൽ സീയ ഉൾ ഹഖിന്റെ പട്ടാള ഭരണകാലത്താണ് കമല ഭാസിന്‍ ആദ്യമായി ‘ആസാദി’ എന്ന മുദ്രാവാക്യം കേൾക്കുന്നത്. അന്ന് അവിടെ സ്ത്രീകളുടെ കൂട്ടായ്മകൾക്കോ സംഘടനകള്‍ക്കോ അനുമതിയുണ്ടായിരുന്നില്ല. സീയ ഉൾ ഹഖിന്റെ ഭരണത്തിന് കീഴിൽ നടപ്പിലാക്കിയ കർശനമായ ‘ഹുദൂദ് ഓർഡിനൻസ്’ സ്ത്രീകളുടെ അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നവയായിരുന്നു. പീഡനം, കൊലപാതകം, വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ഈ നിയമത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഈ നിയമപ്രകാരം ഒരാൾക്കെതിരെ കുറ്റം ചുമത്തണമെങ്കിൽ പ്രായപൂർത്തിയായ 4 മുസ്ലീം പുരുഷന്മാരുടെ സാക്ഷിമൊഴി നിർബന്ധമായിരുന്നു (ചില കേസുകളിൽ 2 സാക്ഷികൾ). സ്ത്രീകളുടെ സാക്ഷിമൊഴി പുരുഷന്മാരുടേതിനേക്കാൾ കുറഞ്ഞ മൂല്യമുള്ളതായി കണക്കാക്കുന്നതിനാൽ, തങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പോലും കോടതിയെ സമീപിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാകിസ്ഥാനിലെ സ്ത്രീകൾ.

പാകിസ്ഥാനിലെ സ്ത്രീകൾ ഒന്നിച്ച് അണിനിരക്കാനും അവകാശങ്ങൾക്കായി പോരാടാനും കാരണമായത് ഈ നിയമമായിരുന്നു. അങ്ങനെ രൂപീകരിച്ച ആദ്യകാല കൂട്ടായ്മകളിലൊന്നാണ് ‘വിമൺസ് ആക്ഷൻ ഫോറം’ (Women’s Action Forum). എന്നാൽ ഈ നിയമത്തിനെതിരെ സമരം ചെയ്യുക എളുപ്പമായിരുന്നില്ല; അവിടുത്തെ സ്ത്രീകള്‍ക്ക് നിരന്തരമായി പോലീസിന്റെ ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നു, നിരവധി ദിവസങ്ങൾ ജയിലിൽ കഴിയേണ്ടി വന്നു.

അവിടെയുള്ള വനിതാ പ്രവർത്തകർ ഈ വിലക്കിനെ മറികടക്കാനായി ഒരു ‘വനിതാ മേള’ സംഘടിപ്പിച്ചു. പുറത്ത് വളകളും കരകൗശല വസ്തുക്കളും വിൽക്കുന്ന സ്റ്റാളുകളായിരുന്നെങ്കിലും, അകത്ത് പുരുഷാധിപത്യത്തിനും ഹുദൂദ് നിയമങ്ങൾക്കുമെതിരെയുള്ള പോരാട്ടമായിരുന്നു നടന്നിരുന്നത്. 

അവിടെവെച്ചാണ് “ഔറത്ത് കാ നാരാ – ആസാദി, ബച്ചോം കാ നാരാ – ആസാദി” (സ്ത്രീകളുടെ മുദ്രാവാക്യം ആസാദി, കുട്ടികളുടെ മുദ്രാവാക്യം ആസാദി) എന്ന് സ്ത്രീകൾ വിളിക്കുന്നത് അവര്‍ കേള്‍ക്കുന്നത്. 

കമല ഭാസിന്‍

ആ മുദ്രാവാക്യം കമല ഭാസിനെ വളരെയധികം സ്വാധീനിച്ചു. 1991-ൽ കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു വിമന്‍സ് സ്ടടീസ് കോണ്‍ഫറന്‍സില്‍ വച്ച് ഈ വരികൾ, അവരുടെ രീതിയിൽ മാറ്റി ഉപയോഗിച്ചു. ഇന്ത്യയില്‍ ആദ്യമായി ആസാദി മുഴങ്ങിയത് അപ്പോഴായിരുന്നു. “മേരി ബെഹനേ മാംഗേ ആസാദി, മേരി ബച്ചീ മാംഗേ ആസാദി..” എന്നായിരുന്നു കമല ഭാസിന്‍ അന്ന് വിളിച്ച മുദ്രാവാക്യം.

പിന്നീട് 2013-ൽ സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള മറ്റൊരു പരിപാടിയില്‍, വീൽചെയറിലിരുന്നുകൊണ്ട് കമല ഭാസിന്‍ വീണ്ടും ഈ മുദ്രാവാക്യം ഉറക്കെ വിളിച്ചു. 2013 ഫെബ്രുവരി 14ന്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘വൺ ബില്യൺ റൈസിംഗ്’ എന്ന പരിപാടിയുടെ വേദിയില്‍ വച്ചാണ്,കാലിന് പരിക്കേറ്റ് വീൽചെയറിലായിരുന്ന കമലാ ഭാസിൻ വീണ്ടും ഈ മുദ്രാവാക്യം മുഴക്കിയത്. “പുരുഷാധിപത്യത്തിൽ നിന്ന് – ആസാദി, അവസാനിക്കാത്ത അതിക്രമങ്ങളിൽ നിന്ന് – ആസാദി, ഗതികെട്ട മൗനത്തിൽ നിന്ന് – ആസാദി, സ്വന്തം ശബ്ദം ഉയർത്താൻ – ആസാദി, ആരും തടയാതെ നൃത്തം ചെയ്യാൻ – ആസാദി..” എന്നായിരുന്നു അവര്‍ ആ വേദിയില്‍ വിളിച്ച മുദ്രാവാക്യം. ലക്ഷക്കണക്കിന് ആളുകൾ ആവേശത്തോടെ അവരോടൊപ്പം ‘ആസാദി’ ഏറ്റുവിളിച്ചു.

2016-ലെ ജെ.എൻ.യു പ്രക്ഷോഭങ്ങളോടെ, ഇന്ത്യയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പ്രധാന ശബ്ദമായി ‘ആസാദി’ മാറി. ചെറുതും വലുതുമായ എല്ലാ സമര വേദികളിലും ആസാദി മുഴങ്ങിക്കേട്ടു. 

2020ല്‍ ബുക്കര്‍ പ്രൈസ് ജേതാവായ എഴുത്തുകാരി അരുന്ധതി റോയ് ‘ആസാദി’ എന്ന പേരില്‍ ഒരു പുസ്തകവും എഴുതി. കശ്മീരിലെ പ്രക്ഷോഭങ്ങളിലും ജനകീയ സമരങ്ങളിലും ‘ആസാദി’ ഏറ്റവും പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമായി മാറി. 

‘ആസാദി’ ഉണ്ടായത് സമീപ കാലങ്ങളില്‍ അല്ല. അതിന്റെ വേരുകള്‍ ലോകത്തെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിലാണ് കിടക്കുന്നത്. ‘ആസാദി’യുടെ ചരിത്രം ലോകത്തെ തുല്യതാ പ്രസ്ഥാനങ്ങളുടെ കൂടെ ചരിത്രമാണ്‌. ഈ ചരിത്രവും അതിൽ സ്ത്രീകളുടെ പങ്കും ഈ പ്രതിരോധങ്ങള്‍ക്ക് ഇടയില്‍ നമ്മള്‍ മറന്നു പോവതിരിക്കണം. ആസാദി ഒരു ഫെമിനിസ്റ്റ് മുദ്രാവാക്യമാണ്. അതിനോടുള്ള ഭയം വിമോചന മൂല്യത്തോടുള്ള ഭയമാണ് എന്ന് തന്നെ കരുതേണ്ടി വരും.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top