ബലൂചിസ്ഥാന്റെ ‘ദേശീയഗാന’ത്തിൽ ഹിന്ദു ദൈവ സ്തുതിയോ?

ബലൂചിസ്ഥാന്റെ ‘ദേശീയഗാന’ത്തിൽ ഹിന്ദു ദൈവ സ്തുതിയോ?

“ബലൂചിസ്ഥാന്റെ ദേശീയ ഗാനത്തിൽ ഇന്ത്യയിലെ സനാതന ധർമ്മത്തെയും അതിലെ ദൈവങ്ങളെയും ആരാധിക്കുന്നു” സാമൂഹ്യ മാധ്യമങ്ങളിൽ വലതുപക്ഷ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന വാർത്തയാണിത്. ബലൂചിസ്ഥാൻ സ്വയം സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നത് മാസങ്ങൾക്ക് മുൻപാണ്. ഇതിന് പിന്നാലെയാണ് ബലൂചിസ്ഥാന്റെ പുതിയ ദേശീയ ഗാനത്തിൽ ഹൈന്ദവ ദൈവങ്ങളെ സ്തുതിക്കുന്നുവെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വാർത്ത പൂർണമായും വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ വ്യക്തമായി.

നാല് മിനിറ്റ് 9 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുടനീളം ബലൂചി ഭാഷയിലുള്ള ഒരു പാട്ട് കേൾക്കാം. പാട്ടിനിടയിലായി സംസ്കൃത വാക്കുകളും, ‘കൈലാസം’, ‘ശിവൻ’ തുടങ്ങിയ വാക്കുകളുമുപയോഗിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെയും, ഹിന്ദു ദൈവമായ ശിവന്റെയും ചിത്രങ്ങളും വീഡിയോയിൽ കാണാം. 

‘Satheesh Pv’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. സെപ്റ്റംബർ 27 ന് പങ്കു വെച്ച വീഡിയോ ഇതുവരെ (ഒക്ടോബർ 5) 43,000 ഓളം തവണ കണ്ടിട്ടുണ്ട്. 2,400 ലൈക്കുകളും 419 ഷെയറുകളും ഈ പോസ്റ്റിന് ഇതിനകം ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ട് കൂടിയാണിത്.

Screenshot of a Facebook post by Satheesh Pv sharing a viral video claimed to show the national anthem of Balochistan praising Hindu deities.
‘Satheesh Pv’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്

ആ പോസ്റ്റിനടിയിലെ 118 കമന്റുകളിൽ, സിജെപി മുതൽ കോൺഗ്രസ് വരെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരായുള്ള അസഭ്യങ്ങളും കാണാം. പോസ്റ്റ് പൂർണമായും വിശ്വസിച്ച് കൊണ്ടുള്ള കമന്റുകകളാണ് മിക്കവയും.

 “കോക്ക്രോച് പാർട്ടി കേട്ടാൽ ഈ ഗാനം ബാൻ ചെയ്യൽ പ്രഖ്യാപനം ഉണ്ടാകും” എന്നാണ് കമന്റിൽ ഒരാളുടെ അഭിപ്രായം.

എന്നാൽ വീഡിയോയിൽ ഒറ്റനോട്ടത്തിൽ കണ്ടെത്താനാവുന്ന പ്രശ്നങ്ങളുണ്ട്. ഫേസ്ബുക്ക് തന്നെ പോസ്റ്റിന് എഐ ടാഗ് നൽകിയിട്ടുണ്ട് (AI Content). നിർമിത ബുദ്ധിയുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് കണ്ടെത്തുന്ന പോസ്റ്റുകൾക്കാണ് ഈ ടാഗ് നൽകുക. മാത്രമല്ല, വീഡിയോയുടെ വലത് വശത്ത്, താഴെ മൂലയിലായി ഗൂഗിളിന്റെ നിർമിത ബുദ്ധിയായ ‘ജെമിനിയുടെ’ ലോഗോയും കാണാം. സാധാരണയായി, എഐ നിർമിത വീഡിയോയാണെന്ന് തിരിച്ചറിയാനാണ് ഇങ്ങനെ ലോഗോ നൽകുന്നത്.

Close-up screenshot of the viral video showing the Google Gemini AI logo watermark in the bottom right corner.
വീഡിയോയിലെ ജെമിനിയുടെ ലോഗോ.

തുടർന്ന് നടത്തിയ കീവേർഡ് സേർച്ചുകളിൽ, സമാനമായ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ കണ്ടെത്താനായി. ‘Dr Jaya Sankar M P’ എന്ന അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 26 ന് പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടത് (ഒക്ടോബർ 5) അൻപതിനായിരത്തോളം തവണയാണ്. ആദ്യത്തെ പോസ്റ്റിന്റെ അതേ അടിക്കുറിപ്പ് തന്നെയാണ് ഇതിനും. 2,300 ലൈക്കുകളും 677 ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ, ഇതേ വീഡിയോ ഈ അക്കൗണ്ട് തന്നെ പത്ത് തവണ പിന്നെയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യത്തേതൊഴികെ, മറ്റ് പോസ്റ്റുകളൊന്നും അധികമാളുകൾ കണ്ടിട്ടില്ല.

Screenshot of a Facebook post by Dr Jaya Sankar M P sharing a viral video falsely claiming the Balochistan national anthem praises Lord Shiva.

ഇതേ അടിക്കുറിപ്പോടെ നിരവധിയാളുകൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. പ്രാഥമിക പരിശോധനയിൽ തന്നെ, സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്ന് വരെ 36 അക്കൗണ്ടുകൾ ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. എല്ലാത്തിലെയും അടിക്കുറിപ്പ് ഒന്ന് തന്നെ.

തുടർന്ന് നടത്തിയ പരിശോധന യിൽ വീഡിയോ മുഴുവനായും എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചു. വീഡിയോ മാത്രമല്ല, വീഡിയോയിലെ ഗാനവും മുഴുവനായും എഐ നിർമ്മിതമാണ്.

Hive Moderation AI detection tool output showing a 99.9% probability of AI-generated video and 99.8% probability of AI-generated music for the viral video.
സോഫ്റ്റ്വെയറിൽ നിന്ന് ലഭിച്ച ഫലം.

2026 ജൂലൈയിലാണ് പാകിസ്താനിലെ വിഘടനവാദി നേതാവായ മീർ യാർ ബലൂച് ഓൺലൈനിലൂടെ ബലൂചിസ്ഥാൻ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായെന്ന് സ്വയം പ്രഖ്യാപിച്ചത്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന പേരും നൽകി. പൂർണ്ണമായും ഏകപക്ഷീയമായ ഈ നീക്കത്തിന് ഐക്യരാഷ്ട്രസഭയുടെയോ മറ്റ് വിദേശ രാജ്യങ്ങളുടെയോ ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. പ്രഖ്യാപനത്തിന് പിന്നാലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സായുധ സംഘടനകൾ പാക് സൈന്യത്തിനും പ്രദേശത്തെ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികൾക്കും നേരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടു. പാകിസ്ഥാൻ സൈന്യം ശക്തമായ തിരിച്ചടിക്കുകയും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ,മേഖലയിൽ ഇപ്പോഴും ആഭ്യന്തര സംഘർഷം തുടരുകയാണ്.

പുതിയ രാജ്യത്തെ അംഗീകരിക്കാൻ ഐക്യരാഷ്ട്ര സഭയോടും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളോടും മീർ യാർ ബലൂച് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 

ബലൂചിസ്ഥാൻ ഒരു സ്വതന്ത്ര രാഷ്ട്രമായി ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത് 1947 ഓഗസ്റ്റ് 11 നാണ്. പ്രദേശത്തെ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഖാൻ മീർ അഹമ്മദ് യാർ ഖാനായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ വെറും 227 ദിവസങ്ങൾക്ക് ശേഷം, 1948 മാർച്ചിൽ പാക് സൈന്യം ഈ പ്രദേശത്തെ നിർബന്ധപൂർവ്വം പാകിസ്ഥാനിലേക്ക് കൂട്ടിച്ചേർത്തിരുന്നു. 

ഈ വീഡിയോയുടെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, ഒരു യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ബിയോണ്ഡ് കോൺഷ്യസ് എന്ന യൂട്യൂബ് ചാനലിൽ 2026 ജൂലൈ 18 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് യൂട്യൂബിലെ വിവരണത്തിൽ പറയുന്നുണ്ട്.

‘ബലൂച് പെൺകുട്ടി ശിവ ഭഗവാനും ഹിംഗ്ലാജ് മാതയ്ക്കും വേണ്ടി ഈ വിമോചന ഗാനം ആലപിച്ചു’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ വീഡിയോ പൂർണമായും എഐ ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സമാനമായി ഹൈന്ദവ ദൈവങ്ങളെ സ്തുതിച്ചുകൊണ്ടുള്ള വേറെയും ഗാനങ്ങൾ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

അതായത്, ബലൂചിസ്ഥാന്റെ ദേശീയ ഗാനമാണിതെന്ന് വീഡിയോയിൽ ഒരിടത്തും പറയുന്നില്ല. മാത്രമല്ല, എഐ നിർമ്മിച്ച ഹൈന്ദവ ഭക്തിഗാനങ്ങൾ സ്ഥിരമായി പങ്കുവയ്ക്കുന്ന ഒരു ചാനലിലെ മറ്റൊരു വീഡിയോ മാത്രമാണിത്. ബലൂചി ഭാഷയിലുള്ള ‘Ma Chukain Balochani’ എന്ന ഗാനത്തെ മീർ യാർ ബലൂച് ദേശീയ ഗാനമായി പ്രഖ്യാപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ചുരുക്കത്തിൽ, ഒരു സ്വകാര്യ യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത ഒരു എഐ ഗാനമാണ് നിലവിൽ, ബലൂചിസ്ഥാന്റെ ദേശീയ ഗാനമെന്ന തരത്തിൽ പ്രചരിക്കുന്നത്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top