അമേരിക്ക ആക്രമിച്ച് ഇറാന്‍? വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്ത്?

അമേരിക്ക ആക്രമിച്ച് ഇറാന്‍? വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്ത്?

ഇറാന്‍ സൈന്യം, അമേരിക്കയെ ആക്രമിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ നവംബര്‍ പതിനെട്ടിന് എക്സ് അക്കൌണ്ടുകളില്‍ വൈറലായിരുന്നു. മിസൈലുകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കുന്ന ഒരു രാത്രികാല ദൃശ്യമാണ് എക്സില്‍ മില്യണ്‍ കണക്കിന് കാഴ്ചക്കാര്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ പതിച്ച് എണ്ണക്കപ്പലുകൾക്ക് അപകടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളും തുടരുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ ഇറാന്‍ ആക്രമണം നടത്തിയെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ  വൈറലാകുന്നത്. ഇതിൽ എത്രത്തോളം വാസ്തവമുണ്ട്? ഒബിസി ഈ വീഡിയോ പരിശോധിച്ചു.

എക്സില്‍ ദശലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ

കണ്ടന്റ് ക്രിയേറ്റര്‍ എന്ന് അവകാശപ്പെടുന്ന ഒരു എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ആറു മില്ല്യണിലധികം ആളുകള്‍ കണ്ടത്. ഇറാന്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോ ഒരു ബ്രെയ്ക്കിംഗ് ന്യൂസ്‌ എന്ന രീതിയിലാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്.

നവംബര്‍ 18 ലെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

607 പേരാണ് ഈ വീഡിയോ റീ പോസ്റ്റ്‌ ചെയ്തത്. രണ്ടായിരത്തിലധികം പേര്‍ പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുണ്ട്. 42 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള ഈ വീഡിയോ നിരവധി അക്കൗണ്ടുകള്‍ ആണ് ഷെയര്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 

Hussnain Fahad എന്ന ഒരു പാകിസ്ഥാന്‍ അനുകൂല അക്കൌണ്ടും ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്.

Hussnain Fahad എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഈ പോസ്റ്റ്‌ കോടിക്കണക്കിനാളുകള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുള്ളത്.

പഴയ വീഡിയോ; പുതിയ ക്യാപ്‌ഷൻ

വീഡിയോ റിവേഴ്സ് ഇമേജ് സേര്‍ച്ച്‌ ചെയ്തപ്പോള്‍ ഇതേ വീഡിയോ മുന്‍ വര്‍ഷങ്ങളിലും പ്രചരിചിരുന്നതായി കണ്ടു. 2025 ലും 2024 ലും എല്ലാം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. Livefromthecockpit എന്ന യൂ ട്യൂബ് ചാനലില്‍ ഈ വീഡിയോ 2024 ല്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 Livefromthecockpit എന്ന അക്കൗണ്ടില്‍ 2024 ല്‍ വന്ന വീഡിയോ, സ്ക്രീന്‍ഷോട്ട്

ഇറാനിയന്‍ മിസൈല്‍ ആക്രമണത്തിന്റെ വീഡിയോ എന്ന് തന്നെയാണ് വീഡിയോക്ക് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളത്. 

കൂടുതൽ പരിശോധനയിൽ, 2024 ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള അല്‍ജസീറ റിപ്പോര്‍ട്ട്‌ കണ്ടെത്തി. ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയേ ടെഹ്‌റാനിൽ വച്ച് കൊല്ലപ്പെട്ടതിനും, ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്‌റല്ലയും മുതിർന്ന ഐആർജിസി കമാൻഡർ അബ്ബാസ് നിൽഫോറൂഷനും ബെയ്‌റൂട്ടിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനും മറുപടിയായാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇറാനിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ഏകദേശം ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകളാണ്  ഇസ്രായേലിലേക്ക് വിക്ഷേപിക്കപ്പെട്ടത്.  

ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോയുടേതിന് സമാനമായ ചില ദൃശ്യങ്ങള്‍ അല്‍ജസീറ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി കാണാം. 

അല്‍ജസീറ റിപ്പോര്‍ട്ട്, സ്ക്രീന്‍ഷോട്ട്

രാത്രിയില്‍ ആകാശത്ത് നിന്നും വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്ന മിസൈലുകളുടെ വീഡിയോ ആണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. ഈ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സാമ്യം ഉണ്ട്. എങ്കിലും രണ്ടും ഒരേ ആക്രമണത്തിന്റെതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

എന്തായാലും, ഇറാന്‍ അമേരിക്കയെ ആക്രമിച്ചു എന്ന ക്യാപ്ഷനില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഇതേ വീഡിയോ തന്നെ നേരത്തേ ദുബായില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ പ്രചരിപ്പിച്ചിരുന്നതായി ഒബിസി കണ്ടെത്തി.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top