
“ബദറുദ്ദീൻ റാഷിദ്, ഭാര്യ സുലേഖ” ധ്രുവ് റാഠിക്കും പങ്കാളിക്കുമെതിരെ വീണ്ടും വ്യാജപ്രചാരണം
ആർഎസ്എസിൻ്റെയും മോദി സർക്കാരിൻ്റെയും നിശിത വിമർശകനായ യുട്യൂബർ ധ്രുവ് റാഠി, വീണ്ടും സൈബറിടങ്ങളിൽ ആക്രമിക്കപ്പെടുകയാണ്. അദ്ദേഹം ഒരു പാകിസ്താനി ചാരനാണെന്നും വിദേശ ഫണ്ട് വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കണ്ടൻ്റുകൾ ചെയ്യുകയാണെന്നുമാണ് വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച അതേ പോസ്റ്റുകൾ, ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവമായിരിക്കുന്നു. എന്താണ് ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ?
വിട്ടു വീഴ്ച്ചയില്ലാത്ത മോദി വിമർശകൻ എന്ന നിലയിലാണ് ധ്രുവ് റാഠി എന്ന യൂട്യൂബർ ശ്രദ്ധേയനാകുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളോടും, ‘ഗോദി മീഡിയ’ എന്ന് വിളിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളോടും ധ്രുവ് റാഠി ഉയർത്തിയ നിശിത വിമർശനങ്ങൾ രാജ്യമോട്ടാകെ ചർച്ചയായി.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിച്ച, പല രാഷ്ട്രീയ വിഷയങ്ങളും തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ധ്രുവ് റാഠി തുറന്നുകാട്ടി. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബിജെപിക്ക് എതിരെയും പ്രധാനമന്ത്രിക്ക് എതിരെയും ധ്രുവ് റാഠി ചെയ്ത കണ്ടൻ്റുകൾ വൈറലായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരുടെ സബ്സ്ക്രിപ്ഷൻ ലിസ്റ്റിൽ വളരെ വേഗത്തിലാണ് ധ്രുവ് റാഠി ഇടം പിടിച്ചത്.
നോട്ട് നിരോധനം, കർഷക സമരം, ബിഹാർ തെരഞ്ഞെടുപ്പിലെ അഴിമതി ആരോപണങ്ങൾ തുടങ്ങി ദേശീയ പ്രാധാന്യം നേടിയ വിഷയങ്ങളിൽ ധ്രുവ് റാഠി ചെയ്ത വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിശിതമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് ധ്രുവ് റാഠി ചെയ്ത വീഡിയോകൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സ്വാഭാവികമായും ധ്രുവ് റാഠി, തീവ്ര വലത് പക്ഷത്തിന്റെ ശത്രുവായി മാറി. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാവുകയും ചെയ്തു. ധ്രുവിനെതിരായി നിരവധി ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് സംഘപരിവാർ ഹാൻഡിലുകൾ അദ്ദേഹത്തെ നിരന്തരം ആക്രമിച്ചു.

വിവിധ ഘട്ടങ്ങളിലായി സൈബർ ഇടങ്ങളിൽ ധ്രുവിന്റെ കണ്ടന്റുകള്‍ തടയാൻ വ്യാപകമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത്, അത്തരത്തിലൊരു പ്രചാരണം ധ്രുവിനെതിരെ നടക്കുകയാണ്. വലതുപക്ഷ പേജുകളിലൂടെ തന്നെയാണ് പ്രചാരണം.
പ്രചാരണമിങ്ങനെ
ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ വിവരങ്ങള്‍ പ്രകാരം, ധ്രുവ് റാഠി ഒരു പാക്കിസ്താന്‍ പൗരനാണെന്നും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നുമുള്ള ആരോപണങ്ങളാണ് വലതുപക്ഷ അക്കൗണ്ടുകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ബദറുദ്ദീൻ റാഷിദ് എന്നാണ് ധ്രുവിന്റെ യഥാർത്ഥ പേരെന്നും വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയെയും മോദിയെയും തകർക്കാൻ ശ്രമിക്കുകയാണെന്നും ഈ പോസ്റ്റുകൾ പറയുന്നു.
ഏപ്രില്‍ മാസത്തിന്റെ തുടക്കം മുതല്‍ ‘കാവി പുതയ്ക്കുന്ന ഭാരതം ‘ പോലുള്ള കേരളത്തിലെ മിക്ക വലതുപക്ഷ അക്കൗണ്ടുകളിലും നിരവധി സ്വകാര്യ പേജുകളിലും ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘True Thinkers’ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിനാണ് അക്കൗണ്ടില്‍ പോസ്റ്റ് കണ്ടത്. 128.2 K അംഗങ്ങൾ ഉള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ആണിത്.

വര്‍ഗീയ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലും ഈ പോസ്റ്റ് പ്രചരിച്ചതായി കാണാം.
കൂടാതെ, 65,000 അംഗങ്ങള്‍ ഉള്ള ‘രാജീവ് ചന്ദ്രശേഖര്‍ ബിജെപി കേരള ടീം’ എന്ന മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്.

349 പേര് ഇതുവരെ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്. 124 പേർ ഷെയർ ചെയ്ത പോസ്റ്റിൽ 77 പേർ കമൻ്റ് ചെയ്തിട്ടുണ്ട്.
“രണ്ടും ദേശ ദ്രോഹികൾ ആണ്”, “ഇവനെ രാജ്യദ്രോഹത്തിന് തൂക്കി കൊല്ലണം” എന്നൊക്കെ ഇതിന് കമൻ്റുകൾ ഉണ്ട്. ‘’ഇവനെ കണ്ടാൽ അറിയാം ISI product ആണെന്ന്’’ എന്നാണ് മറ്റൊരു കമന്റ്.
“ഇവറ്റകൾ സുഡാപ്പികൾ ആണെന്നും, തീവ്രവാദികൾ ആണെന്നും ആർക്കാ അറിയാത്തത്” എന്നും കമന്റ് ബോക്സില്‍ പറയുന്നവരുണ്ട്.
കോപ്പി പേസ്റ്റ് ചെയ്ത ടെക്സ്റ്റ് ആണ് എല്ലാ അക്കൗണ്ടുകളും ഒരേ ഫോട്ടോയോടൊപ്പം പ്രചരിപ്പിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും പ്രചരിച്ച പോസ്റ്റ്
ഇപ്പോള്‍ വൈറലാകുന്ന, ധ്രുവിന്റെയും പങ്കാളിയുടെയും ചിത്രം, മുന്‍ വര്‍ഷങ്ങളിലും പ്രചരിച്ചിരുന്നു എന്ന് റിവേഴ്സ് ഇമെജ് സെര്‍ച്ചിലൂടെ മനസിലായി. ഇപ്പോള്‍ പ്രചരിക്കുന്ന ഈ ടെക്സ്റ്റിന്റെ ഇംഗ്ലീഷിലുള്ള രൂപമാണ് പ്രചരിച്ചത്.
2024 ലെ, ലോക്സഭാ തെരഞ്ഞെടുപ്പ് കാലം മുതലേ ധ്രുവിനെതിരെ ഇതേ സൈബര്‍ പ്രചാരണം നടക്കുന്നതായി കണ്ടു. 2025 ലും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്. എക്സിലായിരുന്നു കൂടുതല്‍ പ്രചാരണങ്ങളും.
മോദിക്കെതിരെയും ആർഎസ്എസിനെതിരെയും ഹിന്ദുത്വക്കെതിരെയും സംസാരിക്കുന്ന ധ്രുവ് റാഠിയുടെ യഥാർത്ഥ പേര് ബദ്രു റാഷിദ് എന്നാണ്. ലാഹോറിലാണ് അദ്ദേഹം ജനിച്ചത് എന്നാണ് എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ച ഒരു പോസ്റ്റ് പറയുന്നത്. 2025 സെപ്റ്റംബർ 17 നാണ് എക്സിൽ ഈ പോസ്റ്റ് പ്രചരിച്ചതായി കണ്ടത്.

ധ്രുവിൻ്റെ ഭാര്യയുടെ പേര് സുലൈഖ എന്നാണെന്നും അവരും പാകിസ്താനി ആണെന്നും ഈ അക്കൗണ്ട് പറയുന്നു. വിദേശരാജ്യങ്ങളിലെ ഫണ്ട് ഉപയോഗിച്ചാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുന്നത് എന്നും ഈ പോസ്റ്റ് പറയുന്നുണ്ട്. അതായത് ഇപ്പോൾ പ്രചരിക്കുന്ന മലയാളം പോസ്റ്റിന്റെ അതേ ഇംഗ്ലീഷ് പരിഭാഷയാണ് മുൻവർഷങ്ങളിൽ പ്രചരിച്ചിട്ടുള്ളത്.
പതിനേഴായിരത്തിലധികം ഫോളോവേഴ്സ് ഉള്ള Dr. Praveen Vijayakumar എന്ന അക്കൗണ്ടിലൂടെ മാത്രം ഈ പോസ്റ്റിന് 6 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായി. നരേന്ദ്രമോദിയെയും അമിത്ഷായേയും മെൻഷൻ ചെയ്തുകൊണ്ടായിരുന്നു 2025ൽ ഈ പോസ്റ്റിട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സമയത്തും ഇതേ പോസ്റ്റ് ചില എക്സ് അക്കൗണ്ടുകൾ പ്രചരിപ്പിച്ചിട്ടുണ്ട്.

മൊസാദ് റിപ്പോര്‍ട്ട്?
ഇസ്രായേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദ്, ഇവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു എന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
എന്നാല്‍, അത്തരത്തിൽ ഒരു റിപ്പോർട്ട് ഇന്റർനെറ്റിൽ ഉള്ളതായി ഒബിസി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
ധ്രുവിൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന മൊസാദ് റിപ്പോർട്ടിനെ കുറിച്ചുള്ള ഔദ്യോഗിക വാർത്താ റിപ്പോർട്ടുകളോ മറ്റു വിവരങ്ങളോ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
ധ്രുവിന്റെ പ്രതികരണം
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് 2024 ഏപ്രിലിൽ തന്നെ ധ്രുവ് റാഠി വ്യക്തമാക്കിയിരുന്നു. തന്റെ വീഡിയോകൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാത്തവരാണ് ഇത്തരം വ്യാജവാർത്തകൾ നിർമ്മിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. 2024, ഏപ്രിൽ 29 ന് ആണത്.

അന്ന് ചില വാർത്താ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഐഡന്റിറ്റി വെളിവാക്കുന്ന റിപ്പോര്‍ട്ടുകള്‍
സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയ ധ്രുവ് റാഠി, രാഷ്ട്രീയം കണ്ടന്റ് ആക്കിയ ഇന്ത്യയിലെ പ്രധാനപ്പെട്ട ഇൻഫ്ലുവൻസർമാരിൽ ഒരാളാണ്. ടൈംസ് ഓഫ് ഇന്ത്യ, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഡിജിറ്റൽ വിമർശകൻ എന്നാണ് ധ്രുവിനെ അടയാളപ്പെടുത്തുന്നത്. ധ്രുവിന്റെ ഐഡന്റിറ്റിയെ കുറിച്ചുള്ള വിവരങ്ങളും ഈ റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഹരിയാനയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് ധ്രുവ് ജനിച്ചത്. നരേന്ദ്ര മോദിയുടെ ആരാധകനായിരുന്ന ധ്രുവ്, പിന്നീട് ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി എങ്ങനെയാണ് പ്രധാന വിമർശകനായി മാറിയതെന്ന് അല്‍ജസീറ റിപ്പോർട്ട് വിശദീകരിക്കുന്നു.

2024 ജൂലൈ മാസത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ധ്രുവിൻ്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
റിപ്പോര്‍ട്ട് പ്രകാരം, മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും റിന്യൂവബിൾ എനർജിയിൽ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് ധ്രുവ്. ജർമ്മനിയിലെ Karlsruhe Institute of Technology യിൽ നിന്നാണ് ഉന്നത പഠനം പൂർത്തിയാക്കിയതെന്ന് ഇതിൽ പറയുന്നുണ്ട്.

ധ്രുവിന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.
ജർമൻ പൗരത്വമുള്ള വ്യക്തിയാണ് പങ്കാളി ജൂലി. 2021വിയന്നയിൽ വെച്ചായിരുന്നു വിവാഹം. നിലവിൽ ധ്രുവ് താമസിക്കുന്നത് ജർമ്മനിയിലാണ് എന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്.
ധ്രുവ് റാഠിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥിരമായി നടക്കുന്ന സൈബർ ആക്രമണമായേ ഇപ്പോഴത്തെ പ്രചാരണത്തെയും കാണാൻ കഴിയൂ. 2024 മുതൽ ഒരേ ടെസ്റ്റ് കണ്ടൻ്റ് ആണ് വലതുപക്ഷ സൈബർ അക്കൗണ്ടുകൾ സ്ഥിരമായി പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക മാധ്യമങ്ങളോ മറ്റ് ഡാറ്റാ വെബ്‌സൈറ്റുകളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത വിവരങ്ങളാണ് കൃത്യമായ ഇടവേളകളിൽ പ്രചരിക്കുന്നത് എന്നാണ് ഒബിസി നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്.
