
പശ്ചിമ ബംഗാൾ വോട്ടെടുപ്പ്: വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ‘കാവിപ്പടയും’ ‘കർമ്മ ന്യൂസും’
തെരഞ്ഞെടുപ്പ് സമയങ്ങളിൽ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഇപ്പോൾ സാധാരണമായി കഴിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അത്തരത്തിൽ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു.
പശ്ചിമ ബംഗാളിൽ 2023 ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ ഒരു സംഘർഷത്തിന്റെ വീഡിയോ, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതെന്ന മട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.”വോട്ടിംഗ് നടക്കുന്ന സമയത്ത് തൃണമൂൽ കോൺഗ്രസിന്റെ അനുകൂല പ്രചാരണം”എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്.

1,03,000 ത്തോളം ഫോളോവേഴ്സ് ഉള്ള ‘കാവിപ്പട’ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രമാണിത്. പോസ്റ്റിന് ഇതുവരെ (ഏപ്രിൽ 25) 5,600 ലൈക്കുകളും, 477 ഷെയറുകളും, 272 കമന്റുകളും ലഭിച്ചിട്ടുണ്ട്.
“പോലീസ്കാർക്ക് മനസ്സിലായി BJP അധികാരത്തിൽ വരുമെന്ന് “, “കേന്ദ്രത്തിന്റെ പിള്ളേർ പണി നന്നായി ചെയ്യുന്നുണ്ട്”,”ഭരണം മമതയുടെ കയ്യിൽ വീണ്ടും എത്തിയാൽ ആ പോലീസുകാരന്റെ അവസ്ഥ!” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ.

7,80,000 ത്തോളം ഫോളോവേഴ്സ് ഉള്ള ‘ആബ് തക്’ പോസ്റ്റ് ചെയ്‍തത് ഇങ്ങനെ ഒരു അടികുറിപ്പോട് കൂടിയാണ് – “ആദ്യ റൗണ്ട് വോട്ടെടുപ്പിൽ തന്നെ തൃണമൂൽ നേതാവിന് ഒരു അടി!”
“രാവിലെ വെറും വയറ്റിൽ തൃണമൂൽ പ്രവർത്തകർക്ക് വെള്ളം കൊടുക്കുന്ന പോലീസുകാരൻ, വീഡിയോ ഹൃദയസ്പർശിയാണ്” എന്ന് കമന്റ് ഇട്ടവരും, “ഇത് ഒരു പഴയ വീഡിയോ ആണ്,” എന്നു പറഞ്ഞവരുമുണ്ട്.
റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തപ്പോൾ ഇതേ വീഡിയോ ഏപ്രിൽ 8ന് ‘Oxomiya Jiyori’ എന്ന X അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ഈ പോസ്റ്റിന് ഏപ്രിൽ 25 വരെ 1,03,000 ലധികം കാഴ്ചക്കാരും, 4000 ലധികം ലൈക്കും, 781 റീപോസ്റ്റുമുണ്ട്.

‘ഇത് 2023 ജൂലൈ 29-ലെ ഒരു പഴയ വീഡിയോയാണ്, ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഫീഡ് കൃത്യമായി സൂക്ഷിക്കാൻ ശ്രമിക്കുക’ എന്നൊരാൾ കമന്റ് ചെയ്തത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു . ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ, ഈ വീഡിയോ 2023 ൽ ‘Popular Halliday ganj’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പോസ്റ്റ് ചെയ്‌തതാണെന്ന് ഒബിസി കണ്ടെത്തി.

2026 ഏപ്രിൽ 8-ന് പ്രചരിച്ച വീഡിയോയും 2023-ൽ പുറത്തുവന്ന പഴയ വീഡിയോയും ഒന്നാണെന്ന് ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി. രണ്ട് വീഡിയോകളിൽ നിന്നുള്ള കീ ഫ്രെയിമുകൾ താരതമ്യം ചെയ്തപ്പോൾ, രണ്ടും ഒരേ വീഡിയോയുടെ ഭാഗങ്ങളാണെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു.

പശ്ചിമബംഗാളിൽ ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഇത്തരമൊരു സംഘർഷം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആ വൈറൽ ഫോട്ടോയും 2023 ലേത് തന്നെ
2023 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നിന്നുള്ള ഒരു ചിത്രവും സമാനമായ രീതിയിൽ വൈറലായിട്ടുണ്ട്. ഇന്നലെ നടന്ന ആദ്യഘട്ട പോളിങ്ങിൽ ഉണ്ടായ സംഘർഷം എന്ന നിലക്കാണ് ഈ ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

18 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘കർമ്മ ന്യൂസ് ചാനൽ’ അവരുടെ ഫേസ്ബുക്ക് പേജിൽ പശ്ചിമ ബംഗാളിലെ മുർഷിദബാദിൽ (നൌഡയിൽ) 23/04/2026 ൽ നടന്ന ബോംബേറ് എന്നവകാശപ്പെട്ടാണ്ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ന്യൂസ് ബൈറ്റ്സ്, ബൈലൈൻ ന്യൂസ് തുടങ്ങിയ ഓൺലൈൻ വാർത്താ മാധ്യമങ്ങളും നൌഡയിലെ സ്ഫോടനവുമായി ബന്ധപ്പെടുത്തിയും, വ്യക്തമായ അടികുറിപ്പ് നൽകാതെയും ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

ബൈലൈൻ ന്യൂസ് എന്ന പോർട്ടലും സമാന രീതിയിൽ അവരുടെ വെബ്സൈറ്റിലെ ആർട്ടിക്കിളിൽ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
2026 പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിനിടെ മുർഷിദാബാദ് ജില്ലയിൽ സംഘർഷം ഉണ്ടായതായി ‘ടൈംസ് ഓഫ് ഇന്ത്യ’ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രചരിക്കുന്ന ചിത്രം അതുമായി ബന്ധമുള്ളതല്ലെന്ന് ഞങ്ങൾ കണ്ടെത്തി 2023 ജൂൺ 18 ന്‘ഇന്ത്യ ടുഡേ’യും അവരുടെ ആർട്ടിക്കിളിൽ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.

കൂടാതെ ‘മിന്റ്’, ’ഹിന്ദുസ്ഥാൻ ടൈംസ്’ തുടങ്ങിയ മാധ്യമങ്ങളും 2023 ൽ അവരുടെ ലേഖനത്തിൽ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ബംഗാളിലുണ്ടായ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഘർഷവുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. ചുരുക്കത്തിൽ, 2023 ലെ വീഡിയോയും ചിത്രങ്ങളുമാണ് ഈ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്നത് എന്ന വ്യാജേന വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.