
കോൺഗ്രസ്സ് 5000 രൂപ നൽകുമെന്ന് വാഗ്ദാനം: പുതിയ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ പേരിൽ മെറ്റാ പരസ്യത്തട്ടിപ്പ്
സാമ്പത്തിക തട്ടിപ്പുകാരുടെ വിഹാരരംഗമാണ് സാമൂഹ്യമാധ്യമങ്ങൾ. പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുതായി അധികാരത്തിൽ വന്ന രണ്ട് കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ പേരുപയോഗിച്ചാണ് പുതിയ തട്ടിപ്പ്.
ഒറ്റ നോട്ടത്തിൽ കോൺഗ്രസ്സിന്റെ ധനസഹായ പദ്ധതി. 5000 രൂപ വരെയാണ് വാഗ്ദാനം. കേരള മുഖ്യമന്ത്രി വി ഡി സതീശന്റെയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും ചിത്രങ്ങൾ സഹിതമാണ് പരസ്യം. ഫേസ് ബുക്കിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഈ പേജുകൾ പിന്തുടർന്നപ്പോൾ എത്തിയത് ചില പേയ്മെന്റ് ലിങ്കുകളിലേക്ക് നയിക്കുന്ന വെബ്‌സൈറ്റുകളിലേക്കാണ്. പണം കിട്ടില്ല, മറിച്ച് നഷ്ടപ്പെടും എന്നുറപ്പാണ്. കോൺഗ്രസ്സിൽ നിന്ന് 5,000 രൂപ വരെ ധനസഹായം ലഭിക്കുമെന്ന അവകാശവാദവുമായി മെറ്റാ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇത്തരം പരസ്യങ്ങൾ ആദ്യമായല്ല പ്രത്യക്ഷപ്പെടുന്നത്. 2025 ഡിസംബറിൽ, പ്രധാൻമന്ത്രി റോസ്ഗാർ യോജന, പ്രധാൻമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികളുടെ പേരുകൾ ഉപയോഗിച്ച് 5,000 രൂപ നൽകാമെന്ന വാഗ്ദാനവുമായി മെറ്റാ പരസ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ ശൃംഖലയെക്കുറിച്ച് ഒബിസി റിപ്പോർട്ട് ചെയ്തിരുന്നു. പരസ്യങ്ങളിലെ മുഖങ്ങളും പദ്ധതികളുടെ പേരുകളും മാറിയെങ്കിലും, പ്രവർത്തനരീതി പഴയതുതന്നെയാണ്.
പരസ്യങ്ങളുടെ സ്വഭാവം
ജൂൺ 6 മുതൽ ജൂൺ 8 വരെ ‘UDF Scheme’, ‘Innam 4996’ എന്നീ ഫേസ്ബുക്ക് പേജുകൾ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ ഉൾപ്പെടുത്തി പരസ്യങ്ങൾ നൽകിയതായി കണ്ടെത്തി. ഇരു പരസ്യങ്ങളിലും കോൺഗ്രസ് പാർട്ടി 5,000 രൂപ ധനസഹായം നൽകുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഈ തുക ലഭിക്കാൻ പരസ്യത്തോടൊപ്പം നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് പരസ്യത്തോടൊപ്പമുള്ള ശബ്ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.

ജൂൺ 6 മുതൽ ജൂൺ 8 വരെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രദർശിപ്പിക്കപ്പെട്ടു. 10 ലക്ഷത്തിലധികം ആളുകളിലേക്ക് ഇവ എത്തിയിട്ടുണ്ടാകാമെന്നാണ് മെറ്റായുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യത്യസ്ത പരസ്യദാതാക്കളാണ് ഇവ പ്രചരിപ്പിച്ചതെങ്കിലും, വി.ഡി. സതീശന്റെ ചിത്രം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) ലോഗോ, നേരിട്ടുള്ള ധനസഹായ വാഗ്ദാനങ്ങൾ തുടങ്ങിയ സമാന ഘടകങ്ങളാണ് രണ്ടിലും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ധനസഹായ പദ്ധതി സർക്കാരോ കോൺഗ്രസ്സ് പാർട്ടിയോ പ്രഖ്യാപിച്ചിട്ടില്ല.
ആരാണീ പരസ്യ ദാതാക്കൾ?
‘UDF Scheme’ പേജിന്റെ Page Transparency വിവരങ്ങൾ പ്രകാരം, 2024 ഡിസംബർ 13-നാണ് ഈ പേജ് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ‘Kerala ₹649’, ‘PM Mudra Yojna’ എന്നീ പേരുകളിലേക്ക് മാറ്റിയ ശേഷം, 2026 ഏപ്രിൽ 5-ന് വീണ്ടും ‘UDF Scheme’ എന്ന പേരിലേക്ക് തിരിച്ചെത്തി.

ഈ പേജ് ഇന്ത്യയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് നിയന്ത്രിക്കപ്പെട്ടിരുന്നതെന്ന് മനസ്സിലാക്കാം . ‘Innam 4996’ എന്ന പേജിന്റെ Page Transparency സെക്ഷനിലെ വിവരങ്ങൾ പ്രകാരം, 2025 മാർച്ച് 15-ന് ‘HOLLY OFFER 1’ എന്ന പേരിലാണ് പേജ് ആരംഭിച്ചത്. പിന്നീട് 2025 ജൂലൈ 12-ന് ഇത് ‘Innam 4996’ എന്ന പേരിലേക്ക് മാറ്റി.

മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പേജുകൾ പേര്പി മാറ്റി സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് മനസ്സിലാക്കേണ്ടത്. ‘UDF Scheme’ എന്ന പരസ്യദാതാവിന്റെ ad disclaimer-ൽ ‘+919990914592’ എന്ന ഫോൺ നമ്പറും ‘rahulkumarfbid@gmail.com’ എന്ന ഇമെയിൽ വിലാസവും ‘New Delhi, Delhi’ എന്ന വിലാസവുമാണ് നൽകിയിരിക്കുന്നത്.
അതുപോലെ, ‘Innam 4996’ എന്ന പരസ്യദാതാവിന്റെ വിവരങ്ങളിൽ ‘+918419873541’ എന്ന ഫോൺ നമ്പറും , ‘alimohdd1337@gmail.com’ എന്ന ഇമെയിൽ വിലാസവും , ‘ദേവനഗരി, കർണാടക ’ എന്ന വിലാസവുമാണ് നൽകിയിരിക്കുന്നത്.

വി.ഡി. സതീശനെ ഉൾപ്പെടുത്തിയ പരസ്യം നിലവിൽ പ്രവർത്തനരഹിതമാണ്. അതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഇപ്പോൾ ലഭ്യമല്ല. എന്നാൽ ‘UDF Scheme’ എന്ന പേജ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഉൾപ്പെടുത്തി നൽകിയ മറ്റൊരു പരസ്യം ഇപ്പോഴും നിലവിലുണ്ട്.

മലയാളത്തിൽ മാത്രമല്ല കന്നഡയിലും ഇതേ പരസ്യം കൊടുത്തിട്ടുണ്ട്. കോൺഗ്രസ് ധനസഹായം നല്കുന്നുവെന്നത്വാ തന്നെയാണ്കന്നടയിൽ തയ്യാറാക്കിയ പരസ്യങ്ങളുടെയും ഉള്ളടക്കം.
വെബ്‌സൈറ്റിൽ പറയുന്നത്
“Get offer” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളെ ‘https://pm.mudra-yojna.us/lol/Kannada/’ എന്ന വെബ്‌പേജിലേക്കാണ് നയിക്കുന്നത്. “ജനധൻ യോജന വഴി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ₹5,000 നൽകും” എന്നാണ് ഈ പേജിൽ കന്നഡയിൽ എഴുതിയിരിക്കുന്നത്. ഡി.കെ. ശിവകുമാറിന്റെ ചിത്രവും കൈപ്പത്തി ചിഹ്നവും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.

വെബ്‌സൈറ്റിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്താൽ, അത് PhonePe പേയ്‌മെന്റ് ലിങ്ക് പ്രവർത്തനക്ഷമമാക്കുകയും ഉപയോക്താക്കളെ PhonePe ആപ്പിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നതായി കാണാം.

വെബ്‌സൈറ്റിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ, ‘Budhi Singh’ എന്ന പേരിലാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. ‘B67 G3 Click Mart Delhi Ganj’ എന്ന വിലാസവും ‘+918989098890’ എന്ന ഫോൺ നമ്പറും ‘budhisingh2810@gmail.com’ എന്ന ഇമെയിൽ വിലാസവുമാണ് നൽകിയിരിക്കുന്നത്. രജിസ്ട്രന്റ്, അഡ്മിനിസ്ട്രേറ്റീവ് കോൺടാക്ട്, ടെക്നിക്കൽ കോൺടാക്ട് എന്നീ മൂന്ന് വിഭാഗങ്ങൾക്കും ഒരേ വിവരങ്ങളാണ് നൽകിയിരിക്കുന്നതെന്നും കണ്ടെത്തി.

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും പാർട്ടി ചിഹ്നങ്ങളും ധനസഹായ വാഗ്ദാനങ്ങളും ഉപയോഗിച്ച് തട്ടിപ്പുകാർ തങ്ങളുടെ തന്ത്രങ്ങൾ എങ്ങനെ നിരന്തരം പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ പരസ്യങ്ങൾ വ്യക്തമാക്കുന്നു. മുമ്പ് കേന്ദ്ര സർക്കാർ പദ്ധതികളുടെ പേരുകൾ ഉപയോഗിച്ചിരുന്ന ഇത്തരം പ്രചാരണങ്ങൾ, ഇപ്പോൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും കോൺഗ്രസ് പാർട്ടിചിഹ്നവുമാണ് ഉപയോഗിക്കുന്നത്.
പുനരുപയോഗിക്കപ്പെട്ട ഫേസ്ബുക്ക് പേജുകളും സംശയാസ്പദമായ പരസ്യദാതാക്കളെ കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കുമ്പോൾ, സർക്കാർ ആനുകൂല്യങ്ങൾ എന്ന മട്ടിൽ വ്യാജ വാഗ്ദാനം നൽകി പണം തട്ടുന്ന ശൃംഖല തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക