ഹാന്റാ വൈറസ്: ഭയം വേണോ? അതോ ജാഗ്രത മതിയോ?

ഹാന്റാ വൈറസ്: ഭയം വേണോ? അതോ ജാഗ്രത മതിയോ?

അറ്റ്ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന എം വി ഹൊന്റിസ് എന്ന കപ്പലിലെ ഒരു കൂട്ടം യാത്രക്കാർക്ക് ഗുരുതര ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടു . മെയ് 8 വരെയുള്ള വിവരമനുസരിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. ഹാന്റാ വൈറസ് എന്ന രോഗബാധയാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചിരിക്കുന്നു . എന്താണ് ഹാന്റാ വൈറസ് ? ലോകം മറ്റൊരു പാൻഡെമിക്കിലേക്ക് നീങ്ങുകയാണോ ? 

തെക്കൻ അർജന്റീനയിലെ ഉഷ്വായയിൽ നിന്നും ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ വെർദ് മുനമ്പിലേക്ക് ഏപ്രിൽ ഒന്നിന് യാത്ര തിരിച്ച എം വി ഹോൻഡിസ് എന്ന വിനോദ യാത്രാക്കപ്പലാണ്  ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം . ഏതാണ്ട് 28 രാജ്യങ്ങളിൽ നിന്നുള്ള 88 യാത്രക്കാരും 59 ജീവനക്കാരും ഉൾപ്പെടെ 147 പേരാണ് കപ്പലിൽ യാത്ര ചെയ്തിരുന്നത് . യാത്രക്കാരിൽ പലർക്കും ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ചതിനെ തുടർന്ന് കപ്പൽ കാബോ വെർദയുടെ സമീപം നങ്കൂരമിട്ടു. ഏപ്രിൽ ആറിനാണ് പലർക്കും രോഗലക്ഷണങ്ങൾ ആരംഭിച്ചത് . അതിവേഗം ന്യൂമോണിയയായി മാറുന്ന പനി, ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഗുരുതര ശ്വാസതടസം  എന്നിവയായിരുന്നു  പ്രധാന ലക്ഷണങ്ങൾ.

അറ്റ്ലാന്റിക് സമുദ്രത്തിൽ ഡച്ച് പതാകയുള്ള ഒരു കപ്പലിൽ ഒരു കൂട്ടർ യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കാണുന്നതായി ബ്രിട്ടനിലെ ദേശീയ ആരോഗ്യ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടു . തുടർന്ന് ലോകാരോഗ്യ സംഘടനനടത്തിയ പരിശോധനയിൽ ഹാന്റാ വൈറസ് മൂലമുള്ള  രോഗബാധയാണ് കപ്പലിൽ പടർന്നിരിക്കുന്നതെന്ന് കണ്ടെത്തി . ഇത് വരെ മൂന്ന് പേർ മരിച്ചു .അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു . എട്ട് പേർ പ്രകടമായ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ് . 

എന്താണ് ഹാന്റാ വൈറസ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന “സൂണോട്ടിക്” വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഹാന്റാവൈറസുകൾ. വളരെ സാധാരണമായി കാണപ്പെടുന്ന രോഗബാധ അല്ലെങ്കിലും ഇത് ഗുരുതരവും മരണകാരണവുമായേക്കാവുന്ന രോഗമാണ്.

കരണ്ടു തീനി വർഗ്ഗത്തിൽ പെട്ട ജീവികളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത് . പ്രധാനമായും എലികളാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം . മനുഷ്യരിലെ ഹാന്റാവൈറസ് രോഗബാധ സാധാരണയായി രോഗബാധിത എലികളുടെ മൂത്രം, വിസർജ്യം, ഉമിനീർ  എന്നിവയുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് ഉണ്ടാകുന്നത്. വൈറസ് മലിനീകരണം സംഭവിച്ച ഉപരിതലങ്ങളിൽ സ്പർശിച്ച ശേഷം മൂക്കിലോ വായിലോ തൊട്ടാൽ രോഗപ്പകർച്ചയുണ്ടാകാം. ഗോഡൗണുകൾ, സംഭരണശാലകൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ പോലുള്ള അടഞ്ഞ ഇടങ്ങളിലെ വൈറസ് മലിനമായ പൊടി ശ്വസിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം

ഹാന്റാവൈറസുകൾ Bunyavirales എന്ന വിഭാഗത്തിലെ Hantaviridae കുടുംബത്തിൽപ്പെടുന്നവയാണ്. ഇവ ആർ.എൻ.എ വൈറസുകളാണ്, ഓരോ ഹാന്റാവൈറസ് വകഭേദവും സാധാരണയായി ആയിരക്കണക്കിന് വർഷങ്ങളായി അതിനൊപ്പം പരിണമിച്ച ഒരു കറണ്ട് തീനി ജീവിവർഗവുമായി ബന്ധപ്പെട്ടിരിക്കും. 

ചിത്രം : Argentine Health Ministry. AFP

തങ്ങളുടെ ആവാസജീവികളെ വേഗത്തിൽ കൊന്നൊടുക്കുന്ന പല വൈറസുകളെയും അപേക്ഷിച്ച്, ഹാന്റാവൈറസുകൾ എലികളിൽ ഗുരുതര അസുഖം ഉണ്ടാക്കാതെ നിശ്ശബ്ദമായി നിലനിൽക്കാറാണ് പതിവ്. 

പകർച്ചാ സാധ്യതയും  മരണ സാധ്യതയും 

ഹാന്റാ വൈറസ് രോഗബാധ രണ്ട് തരത്തിലാണ് സാധാരണയായി കണ്ട് വരുന്നത് . രക്തക്കുഴലുകളെയും വൃക്കകളെയും ബാധിക്കുന്നവയാണ് ഒന്ന് (HFRS ). ശ്വാസകോശത്തെയും ഹൃദയ-രക്തചംക്രമണ സംവിധാനത്തെയും ബാധിക്കുന്നതാണ് മറ്റൊന്ന് (HCPS ).

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏഷ്യയിലും യൂറോപ്പിലും HFRS ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്നു. HFRS എന്നത് Hemorrhagic Fever with Renal Syndrome എന്ന വകഭേദമാണ് . ഈ രോഗം പ്രധാനമായും രക്തക്കുഴലുകളെയും വൃക്കകളെയും ബാധിക്കുന്നു. പനി, രക്തസ്രാവം, രക്തസമ്മർദ്ദത്തിലുണ്ടാകുന്ന കുറവ് , വൃക്ക തകരാർ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈ രോഗം ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ് .

അതേസമയം, HCPS (Hantavirus Cardiopulmonary Syndrome) പ്രധാനമായും ഉത്തര-ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് കാണപ്പെടുന്നത്. ഇത് അപൂർവമായ രോഗരൂപമാണെങ്കിലും കൂടുതൽ മാരകമാണ്. ഈ രോഗം ശ്വാസകോശത്തെയും ഹൃദയ-രക്തചംക്രമണ സംവിധാനത്തെയും ശക്തമായി ബാധിക്കുന്നു. ആദ്യം സാധാരണ പനിപോലുള്ള ലക്ഷണങ്ങളായിരിക്കും, പക്ഷേ പിന്നീട് ശ്വാസകോശത്തിൽ ദ്രാവകം നിറയുകയും ഗുരുതര ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യാം. അതിനാൽ  HCPS വകഭേദത്തിൽ പെട്ട ഹാന്റാ വൈറസ് ബാധിക്കുന്നവർ എണ്ണത്തിൽ   കുറവായിരിക്കുമ്പോഴും മരണസാധ്യത കൂടുതലാണ്. 

അമേരിക്കൻ Centers for Disease Control and Prevention (CDC) പ്രകാരം, ശ്വാസകോശ ലക്ഷണങ്ങൾ പ്രകടമാകുന്ന HCPS രോഗികളിൽ ഏകദേശം 38 ശതമാനം പേർ മരിക്കുന്നു.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ?

സാധാരണയായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരാറില്ലെങ്കിലും പരിമിതമായ രീതിയിൽ  അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ  ഹാന്റാവൈറസ് ബാധ സമീപകാലത്ത് ആഗോള ശ്രദ്ധ നേടിയിരുന്നു . അതിനിടെയാണ് കപ്പൽ യാത്രികർക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത് .  എന്നിരുന്നാലും ഇത് COVID-19 പോലെയുള്ള എളുപ്പത്തിൽ പകരുന്ന രോഗമല്ല.  ദീർഘകാലം അടുത്തിടപഴകിയ കേസുകളിലാണ്  ഇത്തരം പകർച്ച കണ്ടെത്തിയിട്ടുള്ളത് . അത് കൊണ്ട് തന്നെ  പാൻഡെമിക് ആയി മാറാനുള്ള സാധ്യത തത്കാലമില്ലെന്നാണ്  ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. 

പ്രതീകാത്മക ചിത്രം

 ഹാന്റാവൈറസിന്റെ  പരിണാമകഥ

 ലക്ഷക്കണക്കിന് വർഷങ്ങളായി ഹാന്റാവൈറസുകളും അവയുടെ ആവാസ ജീവികളും  ഒരുമിച്ച് പരിണമിച്ചുവെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. എലി പോലുള്ള വിവിധജീവിവർഗങ്ങൾ തങ്ങളുടേതായ ഹാന്റാവൈറസ് വകഭേദങ്ങൾ വികസിപ്പിച്ചെടുത്തു. അതുകൊണ്ടുതന്നെ ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത ഹാന്റാവൈറസ് വകഭേദങ്ങൾ കാണപ്പെടുന്നു. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ തന്നെ വ്യത്യസ്ത വകഭേദങ്ങളിൽ പെട്ട ഹാന്റാ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട് . ആവാസജീവികളും വൈറസുകളും ഒന്നിച്ചുള്ള  പരിണാമമാണ് ഹാന്റാവൈറസുകൾ ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളാകുന്നതിനും പ്രാദേശിക പരിസ്ഥിതികളുമായി അടുത്ത ബന്ധം പുലർത്തുന്നതിനും ഒരു പ്രധാന കാരണം. കാലാവസ്ഥാ മാറ്റം, മഴയുടെ വ്യതിയാനം, വനനശീകരണം, വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ ഇടപെടൽ  എന്നിവ  വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു. .

 ‘ഹാന്റാവൈറസ്’ എന്ന പേരിന്റെ ഉത്ഭവം 

ഈ പേര് ദക്ഷിണ കൊറിയയിലെ ഹാന്റാൻ നദീപ്രദേശത്തുനിന്നാണ് ഉണ്ടായത്. കൊറിയൻ യുദ്ധകാലത്ത്, ആയിരക്കണക്കിന് യു.എൻ സൈനികർ രക്തസ്രാവം, വൃക്ക തകരാർ, ഷോക്ക് എന്നിവ ഉണ്ടാക്കുന്ന ഒരു ദുരൂഹ രോഗബാധയ്ക്ക് ഇരയായി. പിന്നീട് ഗവേഷകർ അതിന് കാരണമായ വൈറസിനെ തിരിച്ചറിഞ്ഞു. നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത നദിയുടെ പേരിൽ അതിനെ “ഹാൻടാൻ വൈറസ്” എന്ന് നാമകരണം ചെയ്തു. 1993-ൽ അമേരിക്കയിലെ ഫോർ കൊർണേഴ്‌സ്  മേഖലയിലുണ്ടായ (അരിസോണ, ന്യൂ മെക്സിക്കോ, കൊളറാഡോ, യൂട്ടാ സംസ്ഥാനങ്ങൾ കൂടിച്ചേരുന്ന പ്രദേശം) മാരക രോഗബാധക്ക്  ശേഷമാണ് ഹാന്റാവൈറസ് ആഗോള ശ്രദ്ധ നേടിയത്.

കപ്പലിലെ രോഗബാധ 

 ഏപ്രിൽ 1-ന് അർജന്റീനയിലെ ഉഷ്വായയിൽ നിന്ന് യാത്ര തിരിച്ച എം വി ഹോൻഡിസ്  കപ്പൽ ദക്ഷിണ അറ്റ്ലാന്റിക് മേഖലയിലൂടെയുള്ള യാത്ര ചെയ്ത് അന്റാർട്ടിക്ക, സൗത്ത് ജോർജിയ, നൈറ്റിംഗേൽ ദ്വീപ് , സെന്റ് ഹെലേന, അസൻഷൻ ദ്വീപ് തുടങ്ങിയ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചിരുന്നു . ഇന്ത്യയടക്കം ഏതാണ്ട്  28 രാജ്യങ്ങളിൽ നിന്നുള്ളവരാണ് യാത്രക്കാരും ജീവനക്കാരും.  യാത്രയ്ക്കിടയിലോ ഉഷ്വായയിൽ കപ്പലിൽ കയറുന്നതിന് മുമ്പോ യാത്രക്കാരിൽ ആർക്കെങ്കിലും  വന്യജീവികളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നിരീക്ഷണവും പരിശോധനയും തുടരുകയാണ് .

ഒ ബി സി ഡെസ്ക്

Share Email
Top