
അപര വിദ്വേഷത്തിന്റെ സംഗീത വിപണി
തീവ്ര ഹിന്ദുത്വ പ്രചാരണവും അപരമത വെറുപ്പും സംഗീതത്തിലൂടെയും. യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, മെറ്റയുടെ മ്യൂസിക് ലൈബ്രറി തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ 523 തീവ്രഹിന്ദുത്വ വിദ്വേഷ ഗാനങ്ങൾ. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരും കാഴ്ചക്കാരും. ‘ഹേറ്റ് മ്യൂസിക്കി’ലൂടെ മെറ്റയും യുട്യൂബും അടക്കമുള്ള പ്ലാറ്റ് ഫോമുകൾ കോടികളുടെ ലാഭമാണ് കൊയ്യുന്നത്. വൻകിട ബ്രാൻഡുകളുടെ പരസ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ വിദ്വേഷ സംഗീത വിപണി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരസ്യവുമുണ്ട് ഇത്തരമൊരു പാട്ടിൽ. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്‌ഡ് ഹേറ്റ് എന്ന സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയതാണ് ഇക്കാര്യങ്ങൾ.
ഒരു ലക്ഷത്തി അമ്പതിനായിരത്തിന് മുകളില്‍ സബ്സ്ക്രൈബേര്‍സ് ഉള്ള യൂട്യൂബ് ചാനലാണ് മയൂര്‍ മ്യൂസിക് (@MayurMusicMM). ചാനല്‍ തുറന്നു നോക്കുമ്പോള്‍, കവര്‍ ചിത്രത്തില്‍ സില്‍വര്‍ പ്ലേ ബട്ടണും കാണാം. 2022 ലെ ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി മയൂര്‍ മ്യൂസിക് പുറത്തിറക്കിയ “रामलला को छोड़ के अल्लाह अल्लाह गाओगे !” (രാമനു പകരം നിങ്ങള്‍ അള്ളാഹുവിന്റെ നാമം ജപിക്കുമോ) എന്ന ഗാനം മുസ്ലീങ്ങൾക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ഇസ്‌ലാമിക ആചാരങ്ങളെയും രീതികളെയും പരിഹസിക്കുകയും ചെയ്യുന്നതാണ്. യൂട്യൂബിന്റെ ഹേറ്റ് സ്പീച്ച് പോളിസി ലംഘിക്കുന്ന 25 പാട്ടുകളാണ് ഈ ചാനൽ ഹോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോകള്‍ക്ക് ആകെ 52 ലക്ഷത്തിലധികം വ്യൂസും 88,000ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

സി എസ് ഒ എച്ച് (Center for the Study of Organized Hate) എന്ന സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണങ്ങള്‍ ഉള്ളത്. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സംഘടനയായ CSOH ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് എല്ലാ വര്‍ഷവും പഠനം നടത്താറുണ്ട്.
കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സിന്റെ പച്ചയായ ലംഘനം
യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, മെറ്റ മ്യൂസിക് ലൈബ്രറി എന്നീ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിദ്വേഷം നിറഞ്ഞ പാട്ടുകൾ (ഹേറ്റ് മ്യൂസിക്) പ്രചരിക്കുന്നതിനെ കുറിച്ചാണ് ജൂണ്‍ 15ന് പുറത്തു വന്ന ഈ റിപ്പോർട്ട് വിശദീകരിക്കുന്നത്. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് സ്വന്തമായി കർശനമായ ചട്ടക്കൂടുകള്‍ ഉണ്ടെങ്കിലും, ഈ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇത്തരം പാട്ടുകൾ സ്ട്രീം ചെയ്യപ്പെടുന്നത്. ഇത് തടയാൻ യൂട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, ഈ പാട്ടുകളിലൂടെ ഇവര്‍ വൻതോതിൽ ലാഭം കൊയ്യുന്നുണ്ടെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓരോ പ്ലാറ്റ്‌ഫോമിന്റെയും വിദ്വേഷ പ്രസംഗം (hate speech), വിദ്വേഷപരമായ പെരുമാറ്റം (hateful conduct), അക്രമത്തിനുള്ള ആഹ്വാനം (incitement to violence) എന്നിവ തടയാനായി നിലവില്‍ പ്രാബല്യത്തില്‍ ഉള്ള ഔദ്യോഗിക നയങ്ങളെയും മാര്‍ഗനിര്‍ദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്.
വിദ്വേഷം പടര്‍ത്തുന്ന ‘ഹിന്ദുത്വ പോപ്പ്’
യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, മെറ്റയുടെ മ്യൂസിക് ലൈബ്രറി തുടങ്ങിയ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ 523 തീവ്രഹിന്ദുത്വ വിദ്വേഷ ഗാനങ്ങളുണ്ടെന്നാണ് CSOH കണ്ടെത്തിയത്. ഈ ഗാനങ്ങളെല്ലാം തന്നെ, മതന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും, അവരെ അധിക്ഷേപിക്കുകയും, അവർക്കെതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ്. ഓരോ പ്ലാറ്റ്‌ഫോമിനും സ്വന്തമായി ഉള്ളടക്ക നിയന്ത്രണ നിയമങ്ങളുണ്ടെങ്കിലും, അവയെയെല്ലാം പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് ഇത്തരം ഗാനങ്ങൾ ഇപ്പോഴും ഈ പ്ലാറ്റ്ഫോമുകളില്‍ ‘സ്ട്രീം’ ചെയ്യുന്നത്.

ഇത്തരം വിദ്വേഷ ഗാനങ്ങളിൽ പകുതിയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 523ൽ 263 എണ്ണവും (50 ശതമാനം) മതന്യൂനപക്ഷങ്ങളെ നേരിട്ട് ഭീഷണിപ്പെടുത്തുന്നതോ അവർക്കെതിരെ അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നതോ തരത്തിലുള്ള പാട്ടുകളാണ്.
മോണിറ്റയ്സ്ഡ് ആയ, വെരിഫൈഡ് അക്കൗണ്ടുകൾ
മെറ്റയില്‍, മുപ്പതില്‍ ഇരുപത് ഹിന്ദുത്വ പോപ്പ് ഗായകരുടേയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മൊണറ്റൈയ്സ്ഡ് (monetized) ആണ്. കണ്ടെത്തിയ വിദ്വേഷ ഗാനങ്ങളിൽ 40 ശതമാനത്തിലധികവും വെറും മൂന്ന് യൂട്യൂബ് ചാനലുകളിലായാണ് ഉള്ളത്. എന്നാൽ ഗുരുതരമായ നിയമലംഘനം നടത്തിയിട്ടും, ഈ ചാനലുകളെല്ലാം ഇപ്പോഴും ‘വെരിഫൈഡ്’ (Verified) അക്കൗണ്ടുകളായി തുടരുന്നു. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഈ ചാനലുകൾ പുതിയ സബ്സ്ക്രൈബേഴ്‌സിനെ നേടുകയും ഭീമമായ പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.
റിപ്പോർട്ടടിച്ചിട്ടും നടപടി എടുക്കാത്ത മെറ്റയും യുട്യൂബും
പഠനവിധേയമാക്കിയ ഗാനങ്ങളിൽ 225 പാട്ടുകളെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി CSOH റിപ്പോർട്ട് ചെയ്തിരുന്നു. 2025 ഒക്ടോബറിൽ അതാത് പ്ലാറ്റ്‌ഫോമുകളില്‍ റിപ്പോർട്ട് ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. 2026 മെയ് മാസമായിട്ടും ഇതിൽ 92 ശതമാനം പാട്ടുകളും അതാത് പ്ലാറ്റ്‌ഫോമുകളിൽ തുടരുകയാണ്, യാതൊരു നടപടികളും എടുത്തിട്ടില്ല. കേവലം 18 പാട്ടുകൾ മാത്രമാണ് നീക്കം ചെയ്തത്; അതായത് റിപ്പോർട്ട് ചെയ്തവയിൽ വെറും 8 ശതമാനം മാത്രം.

യൂട്യൂബ്, മെറ്റാ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയിൽ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള കൃത്യമായ സംവിധാനങ്ങളില്ല. എടുക്കുന്ന നടപടികൾ ദുര്‍ബലമായത് കൊണ്ട് തന്നെ, ഇവയെല്ലാം എളുപ്പത്തിൽ മറികടക്കാൻ വിദ്വേഷ പ്രചാരകര്‍ക്ക് സാധിക്കുന്നുണ്ട്. അക്കൗണ്ടുകൾ റദ്ദാക്കപ്പെട്ടാല്‍ ഇവര്‍ പുതിയ ചാനലുകൾ തുടങ്ങി വീണ്ടും സജീവമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വിദ്വേഷ പ്രചാരണത്തിലൂടെ ലാഭം കൊയ്യുന്ന കോര്‍പ്പറേറ്റുകള്‍
എല്ലാ പ്ലാറ്റ് ഫോമുകളിലും നിയമങ്ങള്‍ ലംഘിച്ചിട്ടും വെറുപ്പ് കൊയ്യുന്ന ഈ പാട്ടുകാർക്ക് അവിടെ തുടരാൻ സാധിക്കുന്നത് എന്ത് കൊണ്ടാണ്? ഈ വിദ്വേഷ പ്രചാരണത്തിലൂടെ മെറ്റയും യൂട്യൂബും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ലാഭം കൊയ്യാന്‍ സാധിക്കുന്നത് കൊണ്ട് തന്നെ.
പഠന വിധേയമായ പാട്ട് വീഡിയോകളിൽ 103 ബ്രാൻഡുകളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് CSOH കണ്ടെത്തിയത്. പരസ്യദാതാക്കളില്‍ ചാറ്റ്ജിപിറ്റി, ഗൂഗിളിന്റെ നോട്ട്ബുക്ക് എൽഎം, ആമസോൺ പ്രൈം, അഡോബി, ഡെൽ, ലെവിസ്, കെല്ലോഗ്സ്, ഫ്ലിപ്കാർട്ട്, എന്നിവരും ഉൾപ്പെടുന്നു.
യൂട്യൂബില്‍ പഠനവിധേയമാക്കിയ 210 ഗാനങ്ങളിൽ 163 എണ്ണത്തിലും ( 78 ശതമാനം) വീഡിയോകൾക്കിടയിൽ പരസ്യങ്ങളുണ്ട് (in-stream advertisements). അക്രമത്തിനായി ആഹ്വാനം ചെയ്യുകയോ, അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന തരം പാട്ടുകളുടെ കാര്യത്തിൽ ഈ നിരക്ക് കൂടുതലാണ്. അത്തരം പാട്ടുകളുടെ വീഡിയോകളില്‍ 83 ശതമാനവും പരസ്യങ്ങളുണ്ട്. വിദ്വേഷവും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും കർശനമായി വിലക്കുന്ന യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും (community guidelines) പരസ്യദാതാക്കൾ പിന്തുടരേണ്ട നയങ്ങൾക്കും (advertiser-friendly content guidelines) വിരുദ്ധമാണിത്.

മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം വിദ്വേഷ ഗാനങ്ങള്‍ക്കിടയില്‍ മോട്ടോറോള (Motorola), ഡെൽ (Dell), ഹെയർ (Haier) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെയും, കെല്ലോഗ്സ് (Kellogg’s), ഓറിയോ (Oreo), നിവിയ (Nivea), പോണ്ട്സ് (Ponds) തുടങ്ങിയ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും, ലെവിസ് (Levi’s), മാർക്‌സ് ആൻഡ് സ്പെൻസർ (Marks and Spencer) തുടങ്ങിയ വസ്ത്ര ബ്രാൻഡുകളുടെയും പരസ്യങ്ങൾ വരുന്നുണ്ട്.
റിസർവ് ബാങ്ക് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), സർക്കാരിന്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ ഔദ്യോഗിക പരസ്യങ്ങളും ഇത്തരം വിദ്വേഷ ഗാനങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
“Jo Gau Mata Ne Kaate Hum Unne Kaate Ge” (ഗോമാതാവിനെ കൊല്ലുന്നവരെ ഞങ്ങൾ കൊന്നൊടുക്കും) എന്ന വിദ്വേഷ ഗാനത്തിന്റെ വീഡിയോയ്ക്കിടയിലാണ് റിസർവ് ബാങ്കിന്റെ (RBI) പരസ്യം വന്നിരിക്കുന്നത്.

“മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളിൽ നിന്ന്, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചും അവരെ അധിക്ഷേപിച്ചും ഉണ്ടാക്കുന്ന വിദ്വേഷ ഗാനങ്ങളിൽ നിന്നുള്ള പരസ്യവരുമാനത്തിലൂടെ യൂട്യൂബ് വൻതോതിൽ ലാഭമുണ്ടാക്കുന്നുണ്ട് എന്നത് വ്യക്തമാണ്.”, CSOH നിരീക്ഷിക്കുന്നു.
യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ (YPP) ഭാഗമായിട്ടുള്ള ചാനലുകൾക്ക് ഈ പരസ്യവരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കാറുണ്ട്. എന്നാൽ ഒരു ചാനലിന് മോണറ്റൈസേഷൻ (monetization) ഇല്ലെങ്കിൽ പോലും, യൂട്യൂബിന് ആ വീഡിയോകളിൽ പരസ്യം നൽകാനും അതിൽ നിന്നുള്ള മുഴുവൻ വരുമാനവും സ്വന്തമാക്കാനും സാധിക്കും. അതുകൊണ്ട് ചാനലുടമയ്ക്ക് പണം കിട്ടിയാലും ഇല്ലെങ്കിലും, ഈ വിദ്വേഷ ഗാനങ്ങളിലൂടെ യൂട്യൂബിന് ലാഭം കിട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീരാമന്‍, ബാബ്റി, ‘രാജ്യദ്രോഹികള്‍’: ഹിന്ദുത്വ പോപ്പിലെ പ്രധാന ‘തീമുകള്‍’
ഇന്ത്യയില്‍ വര്‍ഷം തോറും നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ സ്ഥിരമായി വരുന്ന തീമുകള്‍ തന്നെയാണ് വിദ്വേഷ ഗാനങ്ങളിലും ആവര്‍ത്തിക്കുന്നത് എന്ന് പഠനം പറയുന്നു.

മൊത്തം പാട്ടുകളുടെ പകുതിയോളം മതന്യൂനപക്ഷങ്ങൾക്കെതിരെ പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആണ്. തലയറുക്കുമെന്നത് മുതല്‍ ശത്രുക്കളെ കഷ്ണങ്ങളായി വെട്ടിമുറിക്കുമെന്ന രീതിയിലുള്ള ഭീഷണികളെ വരെ ഈ പാട്ടുകൾ മഹത്വവൽക്കരിക്കുന്നുണ്ട്.
പ്ലാറ്റ്‌ഫോമുകളുടെ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പലപ്പോഴും ഇത്തരക്കാര്‍ പ്രത്യേക കോഡ് വാക്കുകളും അധിക്ഷേപ പ്രയോഗങ്ങളുമാണ് ഉപയോഗിക്കുന്നത്.
ചില ഉദാഹരണങ്ങള്‍ പറയാം. “ഭാരത് കാ ബച്ചാ ബച്ചാ ജയ് ശ്രീ റാം ബോലേഗ.” എന്ന പാട്ടില്‍ ‘ശത്രുക്കളെ എല്ലാം കൊന്നൊടുക്കും’ എന്ന് പരസ്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. “തോപ്പി വാലാ സർ ഝുകാ കേ ജയ് ശ്രീ റാം ബോലേഗ” എന്ന പാട്ടില്‍, മുസ്ലീങ്ങൾ ധരിക്കുന്ന തൊപ്പിയെ (skullcap) അധിക്ഷേപകരമായി ചിത്രീകരിക്കുകയാണ്. “ഗോമാതാ” എന്ന പാട്ടിലാകട്ടെ, പശുവിനെ കൊല്ലുന്നവരെ ‘ജീവനോടെ കത്തിക്കുമെന്നും’ ‘വെട്ടിമുറിക്കുമെന്നും’ ഭീഷണിപ്പെടുത്തുകയാണ്.

മുസ്ലിം പള്ളികളും സൂഫി ദർഗകളും തകർക്കാനുള്ള ആഹ്വനം
ഈ പാട്ടുകളിലെ മറ്റൊരു പ്രധാന തീം മുസ്ലീം പള്ളികളും സൂഫി ദർഗകളും തകർക്കാൻ ആഹ്വാനം ചെയ്യുന്നതാണ്. രാഷ്ട്രീയ പ്രചാരണങ്ങൾക്ക് വേണ്ടി മഥുരയിലെയും വാരണാസിയിലെയും ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചാണ് ഇത്തരം പാട്ടുകൾ പ്രധാനമായും ഉണ്ടാക്കിയിരിക്കുന്നത്.
സന്ദീപ് ആചാര്യയുടെ “മന്ദിരോം കേ നിശാൻ” എന്ന പാട്ടില്‍, ചരിത്രസംഭവങ്ങള്‍ക്ക് പ്രതികാരമായി ഹിന്ദുക്കൾ പള്ളികൾ ‘പിടിച്ചെടുക്കും’ എന്ന് പ്രഖ്യാപിക്കുന്നുണ്ട്. വേദ് പ്രകാശ് ശുക്ലയുടെ “അയോധ്യ ഹുയി ഹമാരി, കാശി മഥുര കി ബാരി ഹേ” എന്ന പാട്ടില്‍, അയോധ്യയ്ക്ക് ശേഷം ഇനി കാശിയും മഥുരയുമാണ് ലക്ഷ്യമെന്ന് പറയുന്നു. രാഷ്ട്രീയ റാലികളിൽ ഈ പാട്ട് വലിയ രീതിയില്‍ ഉപയോഗിക്കാറുണ്ട്.

ഇന്ത്യയിലെ മുസ്‌ലിംകൾ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് വരുത്തിത്തീർക്കാനും ഈ പാട്ടുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം സമൂഹത്തെ മുഴുവന്‍ ‘ദേശദ്രോഹികൾ’, ‘ഭീകരവാദികൾ’. ‘രാജ്യത്തിന്റെ ശത്രുക്കൾ’ എന്നിങ്ങനെയൊക്കെ മുദ്രകുത്തുകായും ചെയ്യുന്നു. “പാകിസ്താൻ ചലേ ജാവോ” (പാകിസ്താനിലേക്ക് പോകൂ) എന്ന പാട്ടിൽ ഇന്ത്യൻ മുസ്‌ലിങ്ങളെ ചതച്ചരയ്ക്കേണ്ട ‘പുഴുക്കൾ’ എന്ന് അധിക്ഷേപിക്കുകയും, അവരോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
പരിഹാരം?
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹേറ്റ് മ്യൂസിക്കിന്റെ പ്രചാരണം തടയുന്നതിനായി പത്ത് നിർണായക ശുപാർശകളാണ് ഈ റിപ്പോർട്ട് മുന്നോട്ട് വെയ്ക്കുന്നത്. മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്നതും അവർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ഉള്ളടക്കങ്ങൾക്കെതിരെ പ്ലാറ്റ്‌ഫോമുകൾ കൃത്യമായി നടപടിയെടുക്കണം എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.
ഒന്നില്‍ കൂടുതല്‍ തവണ ഇത്തരം കണ്ടെന്റുകള്‍ പുറത്തു വിടുന്ന ചാനലുകളെയും അക്കൗണ്ടുകളെയും കണ്ടെത്തി അവരുടെ മോണിറ്റൈസേഷൻ തടയുകയോ അക്കൗണ്ടുകൾ പൂർണ്ണമായി റദ്ദാക്കുകയോ (Termination) ചെയ്യണമെന്നും സി എസ് ഒ എച്ച് നിര്‍ദേശിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന കോഡ് വാക്കുകളും അധിക്ഷേപ പ്രയോഗങ്ങളും തിരിച്ചറിയാൻ തക്കവണ്ണം പ്ലാറ്റ്‌ഫോമുകളുടെ മോഡറേഷൻ സംവിധാനങ്ങളെയും എ.ഐ (AI) ടൂളുകളെയും സജ്ജമാക്കുക, മെറ്റയുടെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുക, വിദ്വേഷ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക, പരസ്യവരുമാനത്തിന്റെ സുതാര്യത ഉറപ്പു വരുത്തുക എന്നിങ്ങനെയുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
കൃത്യമായ നിയമ നിർമ്മാണത്തിലൂടെയും കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും മാത്രമേ ഈ വിദ്വേഷക്കച്ചവടത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. സാമൂഹിക സൗഹാർദ്ദവും സമാധാനവും നിലനിർത്താൻ, ലാഭത്തിനപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലനൽകാൻ ഡിജിറ്റൽ ഭീമന്മാർ തയ്യാറാകണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
