മൊണാലിസയെ കാണാനില്ല? ഫാക്ട് ചെക്ക് 

മൊണാലിസയെ കാണാനില്ല? ഫാക്ട് ചെക്ക് 

മൊണാലിസ ഭോസ്ലെയുടെയും ഫർമാൻ ഖാന്റെയും വിവാഹം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. മൊണാലിസയുടെ പ്രായം തെളിയിക്കുന്ന രേഖകൾ സംബന്ധിച്ച തർക്കം മുതൽ എണ്ണമറ്റ വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഈ പ്രശ്നം സങ്കീർണമാക്കുകയാണ്. ഫർമാന്റേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ  വീഡിയോകൾ വിദ്വേഷത്തിന് ആക്കം കൂട്ടുന്നു. പതിവ് പോലെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രചാരകരാണ് ഈ വ്യാജ നിർമിതികൾക്ക് ചുക്കാൻ പിടിക്കുന്നത് .

കുംഭ മേളയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശി മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. മൊണാലിസക്ക് പ്രായപൂർത്തി ആയില്ലെന്ന ആരോപണം മുൻനിർത്തി ദേശീയ പട്ടിക വർഗ കമ്മീഷൻ നിയമനടപടിയിലേക്ക് കടന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ‘ലവ് ജിഹാദ് ‘ആരോപണവും വിദ്വേഷ പ്രചാരണങ്ങളും വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവഹിക്കുകയാണ് . വിവാഹം നടത്താൻ സഹായിക്കുകയും ഇവർക്ക് അഭയം നൽകുകയും ചെയ്തതിന്റെ പേരിൽ സിപിഎമ്മിനേയും സർക്കാരിനെയും പ്രതിരോധത്തിലാക്കാനും വലിയ ശ്രമങ്ങൾ നടക്കുന്നു. ’ബാലവിവാഹ’ത്തിന് കേരള സർക്കാർ കൂട്ടുനിന്നു എന്നുവരെ ആരോപണങ്ങൾ ഉയർന്നു. ഈ വിഷയം ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി കാണാം.

രണ്ട് കാര്യങ്ങളാണ് ഒബിസി പരിശോധിക്കുന്നത്. മൊണാലിസ ബോസ്ലെക്ക് പ്രായപൂർത്തി ആയില്ല എന്ന ആരോപണത്തെ സാധൂകരിക്കാവുന്ന തെളിവുകൾ ഉണ്ടോ ? മൊണാലിസയുടെയും ഭർത്താവ് ഫർമാന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും സത്യമാണോ ? 

ജനന സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി 

മൊണാലിസ – ഫർമാൻ ഖാൻ ദമ്പതിമാരുടെ വിവാഹം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം മധ്യപ്രദേശ് സർക്കാർ മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ വർഷം മാർച്ച് 11 നാണ് മൊണാലിസ – ഫർമാൻ ഖാൻ ദമ്പതിമാർ തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. 

Aadhar card of Monalisa Bhosale displaying personal details, photo, and date of birth as 01/01/2008.
മൊണാലിസ ഭോസലെയുടെ ആധാർ കാർഡ്

വിവാഹ രജിസ്ട്രേഷനായി സർക്കാരിന് സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് പ്രകാരം 2008 ജനുവരി ഒന്നാം തീയതിയാണ് മൊണാലിസ ജനിച്ചത്. ആധാർ കാർഡിലും ഇതേ ജനന തീയതി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് വിവാഹ സമയത്ത് ജനന സർട്ടിഫിക്കറ്റ് പ്രകാരം മൊണാലിസയ്ക്ക് 18 വയസ്സ് തികഞ്ഞിരുന്നു. 

എന്നാൽ സംഭവത്തിൽ ദേശീയ പട്ടിക വർഗ്ഗ കമ്മീഷന്റെ (NCST) ഇടപെടലാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. മധ്യപ്രദേശിലെ മഹേശ്വർ എന്ന ടൗണിൽ പാർത്ഥി ആദിവാസി വിഭാഗത്തിലാണ് മൊണാലിസ ജനിച്ചത്. മഹേശ്വർ മുനിസിപ്പൽ കൗൺസിൽ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റാണ് വിവാഹ സമയത്ത് മൊണാലിസ പ്രായം തെളിയിക്കുന്നതിനായി സമർപ്പിച്ച രേഖ. എന്നാൽ ഈ രേഖ തെറ്റാണെന്നാണ് NCST യുടെ കണ്ടെത്തൽ. മഹേശ്വർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് മൊണാലിസ ജനിച്ചതെന്നും അവിടത്തെ രേഖകളനുസരിച്ച് 2009 ഡിസംബർ 30 ന് വൈകുന്നേരം 5:50 നാണ് ജനന സമയം രേഖപ്പെടുത്തിയിരിക്കുന്നതെന്നും ദേശീയ പട്ടികവർഗ കമ്മീഷൻ പറയുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഈ രേഖയാണ് മൊണാലിസയുടെ ഔദ്യോഗിക ജനന സമയമായി NCST സ്വീകരിച്ചത്. ഇതേ തുടർന്ന് ദേശീയ ജനന – മരണ രജിസ്ട്രേഷൻ വെബ്സൈറ്റ് മൊണാലിസയുടെ ഔദ്യോഗിക ജനന സർട്ടിഫിക്കറ്റ് റദ്ദായതായി രേഖപ്പെടുത്തി. നിലവിൽ ഈ സർട്ടിഫിക്കറ്റ് മുഴുവനായും സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Screenshot of the National Birth and Death Registration portal showing Monalisa Bhosale's birth certificate status as cancelled
ദേശീയ ജനന – മരണ രജിസ്ട്രേഷൻ വെബ്സൈറ്റിൽ മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദായതായി കാണിച്ചിരിക്കുന്നു.

പുതിയ രേഖ പ്രകാരം വിവാഹ സമയത്ത് മൊണാലിസയുടെ പ്രായം 16 വർഷവും രണ്ട് മാസവും 12 ദിവസവുമാണ്. അതായത്, NCST മുന്നോട്ട് വെച്ച രേഖയനുസരിച്ചാണെങ്കിൽ മൊണാലിസ – ഫർമാൻ ഖാൻ ദമ്പതിമാരുടെ വിവാഹം നിയമപരമായി സാധുതയില്ലാത്തതാവും. പട്ടിക വർഗ കമ്മീഷൻ പറയുന്നത് പോലെ മഹേശ്വർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ രേഖകളാണ് ശരിയെങ്കിൽ മധ്യപ്രദേശ് സർക്കാർ തന്നെയാണ് പ്രതിക്കൂട്ടിലാവുക. പരസ്പര വിരുദ്ധമായ ഈ രണ്ട് രേഖകൾ എങ്ങനെ ഉണ്ടായെന്ന് വ്യക്തമാക്കേണ്ടത് മധ്യപ്രദേശ് സർക്കാർ തന്നെയാണ് 

പോക്സോ കേസ് ?

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന ‘പോക്സോ’ നിയമ പ്രകാരം, ഫർമാൻ ഖാനെതിരെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രെജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പോക്സോ കേസിനെ സംബന്ധിച്ച് തങ്ങൾക്ക് ഇത് വരെ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് ദമ്പതിമാർ പറയുന്നു. 

“പോക്സോ കേസിനെപ്പറ്റിയും ജനന സർട്ടിഫിക്കറ്റ് റദ്ദായതിനെപ്പറ്റിയുമൊക്കെ ഇവരറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഔദ്യോഗികമായി യാതൊരറിയിപ്പും ഇതുവരെ ഇവർക്ക് കിട്ടിയിട്ടില്ല. സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് പറയുന്നത് യാതൊരടിസ്ഥാനവുമില്ലാതെയാണ്. ഞങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോകും” ദമ്പതിമാർക്ക് കേസുമായി മുന്നോട്ട് പോകാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന, മൊണാലിസയുടെ സുഹൃത്ത് ഒബിസിയോട് പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം പോലും നേടത്തയാളാണ് മൊണാലിസയെന്നും, സ്വന്തം നാട്ടിൽ നിൽക്കാനാകാതെ ഇവിടെ അഭയം തേടിയെത്തിയവരെ കേരളം കുറച്ച് കൂടി നന്നായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊണാലിസ നേരിട്ട് സംസാരിക്കാൻ തയ്യാറായിട്ടില്ല.

ജനന സർട്ടിഫിക്കറ്റ് തെറ്റാണെന്ന കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശിലെയും കേരളത്തിലെയും ഡിജിപിമാരെ ഏപ്രിൽ 22 ന് പട്ടിക വർഗ കമ്മീഷൻ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇരു പോലീസ് വിഭാഗങ്ങളോടും വിഷയത്തെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മൊണാലിസ വിവാഹ സമയത്ത് ഹാജരാക്കിയ ആധാർ, പാൻകാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ  നിയമസാധുത ഉള്ളവയായിരുന്നെന്ന്  പൂവാർ ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പൂവാർ ഗ്രാമ പഞ്ചായത്ത് പരിധിയിലാണ് ദമ്പതിമാർ വിവാഹം ചെയ്ത അരുമാനൂർ ശ്രീ നൈനാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം റൂറൽ എസ്പി എഡിജിപി ക്ക് കൈമാറിയ റിപ്പോർട്ട് ദമ്പതിമാർക്ക് അനുകൂലമാണെന്നാണ് വിവരം. ഒബിസിയോട് സംസാരിച്ച മൊണാലിസയുടെ സുഹൃത്തും  ഇത് തന്നെ പറയുന്നു.

നിലവിൽ ഫർമാൻ ഖാനെതിരെ മൊണാലിസയുടെ അച്ഛൻ തട്ടിക്കൊണ്ടപോകലിന് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ദമ്പതിമാർ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് ഫർമാൻ ഖാന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മെയ് 20 നാണ് കേസ് ഇനി പരിഗണിക്കുന്നത്.

Copy of the Kerala High Court order granting interim protection from arrest to Farman Khan in the kidnapping case filed by Monalisa Bhosle’s father
ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവ്

വ്യാജ വാർത്തകൾ, വ്യാജ ദൃശ്യങ്ങൾ 

വിദ്വേഷ പ്രചാരണങ്ങൾക്കൊപ്പം വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. ഫർമാൻ ഖാന്റേതെന്ന പേരിൽ ഒരു സെൽഫി വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

“ഫ്രണ്ട്സ്, അജ്മീറിലും മൊണാലിസയെപ്പറ്റി ഒന്നും കണ്ടെത്താനായില്ല.ഇനി ജോധ്പൂരിലേക്ക് പോകുകയാണ്. ഇന്ന് അവളെ ജോധ്പൂരിൽ തിരയും. അവിടെ ആളുകളുണ്ട്. ആർക്കെങ്കിലും മൊണാലിസയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ ദയവായി എന്നെ അറിയിക്കണം” എന്നാണ് വീഡിയോയിലെ യുവാവ് പറയുന്നത്. ‘മൊണാലിസയെ കാണാനില്ല’ എന്ന തലക്കെട്ടോടെ ദേശീയ മാധ്യമങ്ങളുൾപ്പെടെ ഈ വീഡിയോ വാർത്തയാക്കിയിട്ടുണ്ട് . ഈ യുവാവ് മൊണാലിസയെ കുറിച്ച് ഇതേ കാര്യങ്ങൾ ഒരു കാറിലിരുന്ന് പറയുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വീഡിയോകൾ വ്യാജമാണെന്ന് ഞങ്ങൾ കണ്ടെത്തി. 

Screenshot of a fake viral video featuring a lookalike of Farman Khan, which falsely claimed that Monalisa Bhosale had gone missing.
പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

‘മഹാരഥി’ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് ഏപ്രിൽ 13 ന് പങ്ക് വെച്ച പോസ്റ്റിന് ഇതിനകം 1,600 ലൈക്കുകൾ കിട്ടിയിട്ടുണ്ട്. 677 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

ഇപ്പോൾ MONALISA യെ കാണാനില്ല.

ആ ഹിന്ദു ആദിവാസി പെൺകുട്ടിക്ക് എന്ത് സംഭവിച്ചു? അവൻ അവളെ കൊന്നോ? അവൻ അവളെ ഒരു ISIS ക്യാമ്പിലേക്ക് അയച്ചോ? അവൻ അവളെ വിറ്റോ? അവൾ എവിടെ? ആരാണ് ഇതിന് ഉത്തരം നൽകുക? ഈ ലവ് ജിഹാദ് വിവാഹത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്ത കേരള കമ്മ്യൂണിസ്റ്റുകൾ ഈ ചോദ്യത്തിന് ഉത്തരം നൽകുമോ? ആ ഹിന്ദു പെൺകുട്ടി എവിടെ? രക്തരൂക്ഷിതമായ കമ്മ്യൂണിസ്റ്റുകൾ ഉത്തരം നൽകേണ്ടതുണ്ട്!” 

എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഈ അക്കൗണ്ടിൽ നിന്നും വ്യാജ വാർത്തകൾ പങ്ക് വയ്ക്കുന്നത് ഇതിന് മുൻപും ഒബിസി കണ്ടെത്തിയിട്ടുണ്ട്.

നിരവധി അക്കൗണ്ടുകളാണ് എക്സിൽ സമാന രീതിയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രയിമുകളുപയോഗിച്ച് നടത്തിയ ഗൂഗിൾ സെർച്ച് ചെന്നെത്തിയത് ഒരു ഇൻസ്റ്റഗ്രാം റീലിലാണ്. ഫർമാൻ ഖാന്റേത് എന്ന മട്ടിൽ പ്രചരിക്കുന്ന വീഡിയോയിലെ  യുവാവിനെ ഈ റീലിൽ കാണാം. കൂടെ മറ്റൊരാളെയും കാണാം. പ്രചരിക്കുന്ന സെൽഫി വീഡിയോയിലെ മനുഷ്യൻ ഫർമാൻ ഖാൻ അല്ലെന്നും അത് തന്റെയടുത്ത് നിൽക്കുന്ന അരവിന്ദ് കുമാർ ജോഷിയാണെന്നും ആ യുവാവ് വ്യക്തമാക്കുന്നുണ്ട്. ഫർമാൻ ഘാന്റെ രൂപ സാദൃശ്യമുള്ള അരവിന്ദ്, തമാശയ്ക്കായി ചെയ്ത വീഡിയോയാണ് നിലവിൽ പ്രചരിക്കുന്നതെന്നും ഇയാൾ പറയുന്നു. തുടർന്ന് കൂടെയുള്ള അരവിന്ദ് കുമാർ ജോഷിയും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. തന്റെ ഉദ്ദേശ്യം തമാശ മാത്രമായിരുന്നെന്ന് അരവിന്ദ് അവകാശപ്പെടുന്നു.

‘അമർ ഉജാല’ എന്ന ഓൺലൈൻ വാർത്ത മാധ്യമവും ഇത് വ്യാജ വീഡിയോയാണെന്ന് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. 

‘മൊണാലിസ’ യഥാർത്ഥ പേരാണോ ?

ഇതിലുപരി, മൊണാലിസയുടെ യഥാർഥ പേര് ‘മോനി’ എന്നാണെന്നും വ്യാജമായി ഉണ്ടാക്കിയത് കൊണ്ടാണ് ജനന സർട്ടിഫിക്കറ്റിൽ ‘മൊണാലിസ’ എന്ന പേര് വന്നതെന്നും  മറ്റൊരു ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ വിവാഹ സമയത്ത് തന്നെ പുറത്ത് വന്ന മൊണാലിസയുടെ ആധാർ കാർഡ് തന്നെ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്. ആധാർ കാർഡിലും ‘മൊണാലിസ ഭോസലെ’ എന്ന പേരാണ് ഉപയോഗിച്ചിരുന്നതെന്ന് കാണാം.

മൊണാലിസ വിവാഹത്തിന് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ്, കഴിഞ്ഞ വർഷം ജൂൺ ആറിന് മധ്യപ്രദേശ് സർക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ വിവാഹത്തിന് ശേഷം ഈ സർട്ടിഫിക്കറ്റ് റദ്ദാക്കിയതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. “ഇവരെ തമ്മിൽ പിരിക്കാൻ ഒരു സ്റ്റേറ്റ് മിഷനറി മുഴുവനായും യും ഇറങ്ങി തിരിച്ചിരിക്കുന്നു” എന്നാണ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെപ്പറ്റി മൊണാലിസയുടെയും ഫർഹാന്റെയും സുഹൃത്ത് ഒബിസിയോട് പറഞ്ഞത്.

ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമാണെന്ന ആരോപണങ്ങൾക്ക് തെളിവിന്റെ പിൻബലമില്ല. ഒരു ഹിന്ദു മുസ്ലിം പ്രണയ വിവാഹത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഗൂഢാലോചന ഈ വിഷയത്തിലുണ്ടെന്ന ആരോപണങ്ങൾ തള്ളിക്കളയാനാവില്ല. ഒരു സ്റ്റേറ്റ് മെഷിനറിയുടെ ഒന്നാകെയുള്ള ഇടപെടൽ മുതൽ വിദ്വേഷ പ്രചാരണങ്ങളുടെയും വ്യാജ വാർത്തകളുടെയും പ്രവാഹം വരെ ഈ സംശയത്തെ ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top