മാധ്യമ സ്വാതന്ത്ര്യം വീണ്ടും കുത്തനെ താഴേക്ക്: യുദ്ധബാധിത രാജ്യങ്ങളെക്കാൾ അപകടകരമായ നിലയിൽ ഇന്ത്യ – RSF റിപ്പോർട്ട്

മാധ്യമ സ്വാതന്ത്ര്യം വീണ്ടും കുത്തനെ താഴേക്ക്: യുദ്ധബാധിത രാജ്യങ്ങളെക്കാൾ അപകടകരമായ നിലയിൽ ഇന്ത്യ – RSF റിപ്പോർട്ട്

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ,കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ പിറകിലേക്ക് പോയി 157 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. വംശഹത്യയും യുദ്ധവും നടക്കുന്ന പ്രദേശങ്ങൾ, മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ആഗോള മാധ്യമ സ്വാതന്ത്ര്യ ദിനം മുൻനിർത്തി, ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരുടെ തൊഴിൽസാഹചര്യങ്ങളെ കുറിച്ച് ഒരു റിപ്പോർട്ട്.

ആഗോളതലത്തിൽ മാധ്യമ സ്വാതന്ത്ര്യം കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ‘റിപ്പോർട്ടേഴ്‌സ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (RSF) എന്ന സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇത്തവണ 157 ആം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 151 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഒരു വർഷത്തിനിടെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം വീണ്ടും കൂപ്പ് കുത്തിയെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മാധ്യമങ്ങൾക്കെതിരെയുള്ള  പീഡനങ്ങളും സമ്മർദങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുദ്ധവും വംശഹത്യയും നടക്കുന്ന പലസ്തീനിൽ പോലും മാധ്യമസ്വാതന്ത്ര്യം ഇന്ത്യയിലേക്കാൾ ഭേദപ്പെട്ടതാണെന്നാണ് RSF ന്റെ മാധ്യമ സ്വാതന്ത്ര്യ സൂചിക വ്യക്തമാക്കുന്നത്.


ഇന്ത്യയിൽ സ്വതന്ത്ര മാധ്യമങ്ങൾക്കെതിരായ ജുഡീഷ്യൽ പീഡനം വർധിക്കുന്നുവെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. അപകീർത്തി നിയമവും മറ്റ് പ്രത്യേക സുരക്ഷാ നിയമങ്ങളും ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നത് ഇന്ത്യയിൽ വര്‍ധിച്ചിട്ടുണ്ടെന്നാണ് RSF ന്റെ നിരീക്ഷണം. പാരീസ് ആസ്ഥാനമായുള്ള പ്രമുഖ മാധ്യമ സ്വാതന്ത്ര്യ സംഘടനയാണ് ‘റിപ്പോർട്ടേഴ്‌സ്സ് വിത്തൗട്ട് ബോർഡേഴ്സ്’.

25 വര്‍ഷത്തിനിടെ ആദ്യമായി 

നല്ലത് (Good), തൃപ്തികരമായത് (Satisfactory), പ്രശ്നബാധിതം (Problematic), ബുദ്ധിമുട്ടുള്ളത് (Difficult), വളരെ ഗുരുതരമായത് (Very Serious) എന്നീ അഞ്ച് വിഭാഗങ്ങൾ ആണ് സൂചികയിൽ ഉള്ളത്. 2002 ൽ ആർ‌എസ്‌എഫ്, സൂചിക തയ്യാറാക്കാൻ തുടങ്ങിയതിനുശേഷം ആദ്യമായാണ്, ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലെയും മാധ്യമ സ്വാതന്ത്ര്യം ‘ബുദ്ധിമുട്ടുള്ളത്’ അല്ലെങ്കിൽ ‘വളരെ ഗുരുതരമായത്’ എന്ന വിഭാഗങ്ങളിൽ ഉൾപ്പെട്ടത് എന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. 

മാധ്യമ പ്രവർത്തകരുടെ സാമ്പത്തികനില, നിയമം, സുരക്ഷ, രാഷ്ട്രീയം എന്നീ അഞ്ച് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന മാധ്യമസ്വാതന്ത്ര്യത്തെ വിലയിരുത്തുന്നത്. ഇതില്‍ നിയമപരമായ സൂചകത്തിലാണ് ഈ വർഷം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

ഇപ്പോള്‍ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും (52.2%) മാധ്യമ പ്രവർത്തകർക്ക് തൊഴിൽ ചെയ്യാൻ ‘ ബുദ്ധിമുട്ടുള്ളതോ ‘ ‘ വളരെ ഗുരുതരമോ ആയ സാഹചര്യമാണ് നിലവിലുള്ളത്. 2002 ൽ ആഗോള ജനസംഖ്യയുടെ 20% ആളുകളും താമസിച്ചിരുന്നത് മികച്ച മാധ്യമ സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളിലായിരുന്നു. എന്നാൽ ഇന്ന്, ലോക ജനസംഖ്യയുടെ വെറും ഒരു ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമാണ് മാധ്യമ സ്വാതന്ത്ര്യം ‘ നല്ലത് ‘ എന്ന വിഭാഗത്തിൽ വരുന്ന രാജ്യങ്ങളിൽ  ജീവിക്കുന്നുള്ളൂ.

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ പിന്നോട്ടടിച്ച് ഇന്ത്യ  

നിലവിലെ കണക്ക് പ്രകാരം മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 157 ആം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇത് 151 ആയിരുന്നു. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 2024 ൽ 159 ആം സ്ഥാനത്തായിരുന്ന ഇന്ത്യ, നില മെച്ചപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. ഒറ്റ വർഷം  കൊണ്ട് എട്ടു സ്ഥാനങ്ങൾ മുൻപിലേക്ക് വരികയായിരുന്നു

 ഇന്ത്യയുടെ കഴിഞ്ഞ ആറ് വർഷത്തെ മാധ്യമ സ്വാതന്ത്ര്യ സൂചിക ഇങ്ങനെയാണ്.

വർഷംറാങ്ക്മാറ്റം
20221508 സ്ഥാനങ്ങൾ താഴേക്ക് (142ൽ നിന്ന്)
202316111 സ്ഥാനങ്ങൾ താഴേക്ക് (150ൽ നിന്ന്)
20241592 സ്ഥാനങ്ങൾ മെച്ചപ്പെട്ടു (161ൽ നിന്ന്)
20251518 സ്ഥാനങ്ങൾ മെച്ചപ്പെട്ടു (159ൽ നിന്ന്)
20261576 സ്ഥാനങ്ങൾ താഴേക്ക് (151ൽ നിന്ന്)

മാധ്യമങ്ങളെ കാണാത്ത മോദി ഭരണകാലം

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ മാധ്യമങ്ങൾ ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’യിലേക്ക് കൂപ്പുകുത്തി എന്നാണ് റിപ്പോർട്ട് പറയുന്നത്. 

മാധ്യമ രംഗത്തെ കോർപറേറ്റ് വത്‌ക്കരണവും രാഷ്ട്രീയ വിധേയത്വവും ഇന്ത്യൻ മാധ്യമങ്ങളെ അപകടകരമായ നിലയിലേക്ക് എത്തിച്ചതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ അടുത്ത സുഹൃത്തും റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൻ്റെ ഉടമയുമായ മുകേഷ് അംബാനിക്ക് ഉള്ളത് എഴുപതിലധികം മാധ്യമ സ്ഥാപനങ്ങൾ ആണ്. ഇവ കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാർ പിന്തുടരുന്നതാണ്. 

2022ൽ മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു വ്യവസായി ഗൗതം അദാനി എൻഡിടിവി ഏറ്റെടുത്തതോടെ മാധ്യമലോകത്തെ ബഹുസ്വരത ഇല്ലാതായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

rsf.org/

രാജ്യദ്രോഹം, അപകീർത്തിപ്പെടുത്തൽ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊളോണിയൽ കാലത്തെ നിയമങ്ങൾ ഇപ്പോഴും മാധ്യമങ്ങളെ അടിച്ചമർത്താനായി ഇന്ത്യൻ ഭരണകൂടം ഉപയോഗിക്കുന്നു. തീവ്ര വാദ വിരുദ്ധ നിയമങ്ങളാണ് മാധ്യമ പ്രവർത്തകർക്കെതിരെ കൂടുതലായി ഉപയോഗിക്കുന്നത്. 

മാധ്യമങ്ങളെ നിയന്ത്രിക്കാനും വിമർശകരെ നിശബ്ദമാക്കാനും സർക്കാരിന് അധികാരം നൽകുന്ന നിരവധി പുതിയ നിയമങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നത്. 2023 ൽ കൊണ്ടുവന്ന ടെലി കമ്യൂണിക്കേഷൻസ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ഭേദഗതി നിയമങ്ങൾ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (ഡി പി ഡി പി എ) എന്നിവ അവയിൽ ചിലതാണ്.

ഓരോ വർഷവും ശരാശരി രണ്ടോ മൂന്നോ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്ന ഇന്ത്യ, മാധ്യമ പ്രവർത്തകർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് എന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. 

പട്ടികയിൽ ഒന്നാമത് നോര്‍വേ

180 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് നോര്‍വേ ആണ്. രണ്ടാം സ്ഥാനത്ത് നെതർലൻഡ്സ്, മൂന്നാം സ്ഥാനത്ത് എസ്റ്റോണിയ. വംശഹത്യ നടക്കുന്ന പലസ്തീൻ 156 ആം സ്ഥാനത്തുണ്ട്. ആഫ്രിക്കൻ രാജ്യമായ എറിത്രിയ ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. അമേരിക്ക, റാങ്കിംഗിൽ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴ് സ്ഥാനങ്ങൾ താഴ്ന്ന് 64 ആം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ 25 വര്‍ഷമായി കിഴക്കന്‍ യൂറോപ്പും പശ്ചിമേഷ്യയുമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രണ്ടു മേഖലകള്‍.   

കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സിൻ്റെ (CPJ) കണക്കുകൾ പ്രകാരം, 2023 ഒക്ടോബറില്‍ പലസ്തീനിൽ  ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 2026 ഫെബ്രുവരി 28 ല്‍ ഇറാൻ യുദ്ധം വരെയുള്ള കാലയളവിൽ ഗാസ മുനമ്പ്, യമൻ, ലെബനൻ, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലായി കുറഞ്ഞത് 262 മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

ഇന്ത്യയിൽ മാധ്യമപ്രവർത്തനം ദുഷ്കരവും അപകടകരവുമാകുന്നത് സർക്കാരുകളുടെ ഇടപെടൽ മൂലം മാത്രമല്ലെന്ന് RSF ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ ഗ്യാങ്ങുകൾ, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും,തീവ്ര ഹിന്ദുത്വ സംഘടനകളുടെ വക്താക്കൾ തുടങ്ങിയ പല വിഭാഗങ്ങൾ ചേർന്നാണ് മാധ്യമസ്വാതന്ത്ര്യം അപകടത്തിലാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ മാധ്യമ പ്രവർത്തകരെ, പ്രത്യകിച്ചും വനിതാ മാധ്യമ പ്രവർത്തകരെ അക്രമോൽസുകമായ രീതിയിൽ ലക്ഷ്യം വെക്കുന്നതായും RSF നിരീക്ഷിക്കുന്നു.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top