ഇസ്രായേലിലെ ഹനുമാൻ ചാലിസ? വൈറൽ വീഡിയോ എ ഐ നിർമ്മിതം

ഇസ്രായേലിലെ ഹനുമാൻ ചാലിസ? വൈറൽ വീഡിയോ എ ഐ നിർമ്മിതം

ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റ് നടത്തിയ അക്രമത്തെ ചെറുത്ത്, 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിനെ കുറിച്ചുള്ള വാർത്ത ലോകം വലിയ ആദരവോടെയാണ് കേട്ടത്. സ്മിത്തിന്റെ ആത്മധൈര്യം വലിയതോതിൽ പ്രശംസിക്കപ്പെട്ടു. മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശിയായ സ്മിത്തിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അഭിനന്ദനമറിയിച്ചിരുന്നു. വിമാന യാത്രക്കാരിൽ ഇസ്രായേലിൽ നിന്നുള്ളവരും ഉൾപ്പെട്ടിരുന്നു എന്നതാണ് അതിനു കാരണം. 

ഇസ്രായേലിന്റെ അടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേർന്ന് ജ്വാല തെളിയിക്കാനും നെതന്യാഹു ക്യാപ്റ്റൻ സ്മിത്തിനെ ക്ഷണിച്ചിരുന്നു. സ്മിത്തിനെ  പ്രശംസിച്ചുകൊണ്ട് ഹിന്ദു ഭക്തിഗീതമായ ഹനുമാന്‍ ചാലിസ പാടി നൃത്തം ചെയ്യുകയാണ് ഇസ്രായേലി പെണ്‍കുട്ടികള്‍ എന്ന അവകാശവാദത്തോടെ  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്രായേലിന്റെ പതാകയും സ്മിത്ത് മച്ചാറിന്റെ ഫോട്ടോയും  ഹനുമാന്റെ ചിത്രവും വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. വലതുപക്ഷ അക്കൗണ്ടുകളില്‍ ആണ് പ്രചാരണം നടക്കുന്നത്.

ഹിന്ദുത്വ അക്കൗണ്ടുകളില്‍ പ്രചരിക്കുന്ന പോസ്റ്റ്‌

‘ഇസ്രായേലിൽ നടന്ന ഒരു പരിപാടി കാണുക’ എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. 

True Thinkers എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

3:29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. സ്മിത്ത് മച്ചാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു ബാനര്‍ സദസില്‍ ഉണ്ട്. ഇസ്രായേലിലെ ടെല്‍ അവീവ് ബീച്ചിലാണ് സംഗീത പരിപാടി നടക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. കാണികളുടെ കയ്യില്‍ ഇന്ത്യന്‍ പതാകയും കാണാം. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം ഈ വീഡിയോ വൈറല്‍ ആണ്. 

മലയാളത്തില്‍ ഒരു വലതുപക്ഷ അക്കൗണ്ടായ ‘Meghna’ യിലും ഈ വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്.  

‘Meghna’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

Newslive Malayalam എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഈ വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിച്ചിട്ടുണ്ട്.

സത്യാവസ്ഥ എന്ത്? 

വീഡിയോ പ്ലേ ചെയ്യുമ്പോള്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ വ്യക്തമായി മനസിലാക്കാനാകും. വേദിയില്‍ പാട്ടുപാടുന്ന പെണ്‍കുട്ടികളുടെ ചുണ്ടനക്കം പാട്ടിനോട് യോജിക്കുന്നതല്ല.നൃത്തത്തിലും ചില അപാകതകള്‍ കാണാം.

 വീഡിയോയുടെ വലത്തേയറ്റം താഴ്ഭാഗത്തായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ജനറേറ്റീവ് എ ഐ വെർച്വൽ അസിസ്റ്റന്റ് ജെമിനിയുടെ വാട്ടര്‍ മാര്‍ക്കും വ്യക്തമായി കാണാം.

ജെമിനിയുടെ വാട്ടര്‍മാര്‍ക്ക് താഴെ വൃത്തത്തില്‍

വീഡിയോ എ ഐ നിര്‍മിതം ആണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം . ഇത് ഉറപ്പുവരുത്തുന്നതിനായി പ്രചരിക്കുന്ന വീഡിയോ, എ ഐ ഡിറ്റക്ഷന്‍ ടൂള്‍ ആയ ഹൈവ് മോഡറേഷനില്‍ അപ്ലോഡ് ചെയ്തു പരിശോധിച്ചു. വീഡിയോ 95.1% എ ഐ നിര്‍മിതമാണ് എന്നാണ് ഫലം. 

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട് 

ഇസ്രായേലിൽ യുവതികൾ ഹനുമാൻ ചാലിസ പാടി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ആദരവ് അർപ്പിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും എ ഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വീഡിയോ ആണ്. സ്മിത്ത് മച്ചാറിനെ ആദരിക്കുന്നതിനായി, ഇസ്രായേലില്‍ സംഗീതപരിപാടികൾ നടന്നതായി റിപ്പോര്‍ട്ടുകളില്ല. 

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ ദൃശ്യങ്ങളും വസ്തുത പരിധോധിക്കാതെ ഷെയര്‍ ചെയ്യരുത്. വാര്‍ത്തകള്‍ അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കുക.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top