
ടാരോ റീഡിങ് എന്ന ഡിജിറ്റൽ അന്ധവിശ്വാസ വിപണി
ലക്ഷക്കണക്കിന് ഫോളോവേഴ്‌സും കാഴ്ചക്കാരുമുള്ള ടാരോ റീഡേഴ്സ്. ഓരോ ടാരോ റീഡിങ് വീഡിയോകൾക്കും താഴെ ‘നന്ദി യൂണിവേഴ്‌സ്’ എന്ന നൂറു കണക്കിന് കമന്റുകൾ. വിഷാദവും ബൈ പോളാർ ഡിസോർഡറും പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് പോലും ടാരോ റീഡർമാരെ ആശ്രയിക്കുന്നവർ. റിലേഷൻഷിപ്പ്, ബ്രേക്ക് അപ്പ് തുടങ്ങിയ ‘ആധുനികപ്രശ്നങ്ങൾ’ നിർലോഭം കൈകാര്യം ചെയ്യുന്ന ടാരോ റീഡർമാർ. എല്ലാത്തിനുമുപരി മിനിറ്റുകൾക്കും മണിക്കൂറുകൾക്കും വൻതുക ഈടാക്കുന്ന ‘ഡിജിറ്റൽ ജ്യോതിഷ വിപണി’. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്ന ടാരോ റീഡിങ്ങിനെ കുറിച്ച്.
സ്‌കൂൾ കാലം മുതൽ, കഴിഞ്ഞ 12 വർഷങ്ങളായി പ്രണയാഭ്യർത്ഥന നടത്തി തന്നെ പിന്തുടര്‍ന്നു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു യുവാവിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സാന്ദ്ര എന്ന യുവതി ജൂണ്‍ പന്ത്രണ്ടിന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവയ്ച്ചത്. യുവാവുമായി ഒരു ബന്ധത്തിന് താല്പര്യമില്ലെന്ന് പലയാവർത്തി വ്യക്തമാക്കിയിട്ടും, നിരന്തരം ഇമെയിലുകൾ അയച്ചും നേരിട്ടും അയാൾ യുവതിയെ പിന്തുടർന്നുകൊണ്ടേയിരുന്നു. നിലവിൽ നെതർലാൻഡ്‌സിൽ താമസിക്കുന്ന യുവതി, തന്റെ സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ട് അയാൾക്കെതിരെ കേരളപൊലീസിന് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ വെളിപ്പെട്ട കാര്യങ്ങൾ വളരെ അസാധാരണമായിരുന്നു. തന്നെ നിരന്തരം ശല്യം ചെയ്ത യുവാവിന് പിന്നിൽ ഒരു ടാരോ റീഡറുടെ നിര്‍ദേശങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് സാന്ദ്ര വീഡിയോയിൽ ആരോപിക്കുന്നത്. “അവൾ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നുണ്ട്”, “അവളുടെ മാതാപിതാക്കളാണ് തടസ്സം”, ” എന്തുവന്നാലും ഇതിൽ നിന്നും പിന്മാറരുത്” എന്ന തരത്തിലുള്ള നിർദേശങ്ങൾ നൽകുന്ന ടാരോ റീഡറുടെ ശബ്ദരേഖയും അവർ പുറത്തുവിട്ടു.
സ്റ്റോക്കിങ് അഥവാ ഒരാളെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. അത്തരമൊരു കുറ്റകൃത്യം ചെയ്യാനാണ് ഒരു ടാരോ റീഡർ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത്.
ഇന്ന് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലുമായി ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ടാരോ റീഡർമാർ, “നിങ്ങളുടെ പങ്കാളി ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്?”, “നിങ്ങള്‍ക്ക് ജോലി ലഭിക്കുമോ?”, “വിദേശത്തേക്ക് പോകാൻ കഴിയുമോ?” തുടങ്ങിയ ചോദ്യങ്ങൾക്ക് കാർഡുകൾ ഉപയോഗിച്ച് ‘ഗൈഡൻസ്’ നൽകുന്നുവെന്നാണ് അവകാശപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ റീഡിങ് വീഡിയോകളിലൂടെ ആളുകളെ ആകർഷിച്ച ശേഷം, വ്യക്തിഗത കൺസൾട്ടേഷനുകളിലേക്ക് വഴിതിരിച്ചുവിടുന്ന ഈ മേഖലയിലേക്ക് ആരൊക്കെയാണ് എത്തുന്നത്? എന്തൊക്കെ പ്രശ്നങ്ങളുമായാണ് അവർ റീഡർമാരെ സമീപിക്കുന്നത്? എന്താണ് ടാരോ റീഡിങ്? ഇതിന് ശാസ്ത്രീയമായ എന്തെങ്കിലും അടിത്തറയുണ്ടോ? ടാരോ റീഡിങ്ങിന്റെ പേരിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും വ്യാപ്തി എത്രത്തോളമാണ്? കേരളത്തിനകത്തും പുറത്തുമുള്ള ടാരോ റീഡർമാരോടും ശാസ്ത്ര പ്രചാരകരോടും സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്.
എന്താണ് ടാരോ കാര്‍ഡ്?
പതിനാലാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നിർമ്മിക്കപ്പെട്ട ‘തരോച്ചി’ (Tarocchi) ചീട്ടുകളിൽ നിന്നാണ് ടാരോ കാർഡുകളുടെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ആധുനിക ചീട്ടുകളികളോട് സാമ്യമുള്ള കളിവിനോദങ്ങൾക്കായി ഉപയോഗിച്ചിരുന്ന സാധാരണ ചീട്ടുകളായിരുന്നു ഇവ. പതിനെട്ടാം നൂറ്റാണ്ട് വരെ ടാരോ കാർഡുകൾ ഭാവിപ്രവചനങ്ങൾക്കോ നിഗൂഢമായ ആത്മീയ ആവശ്യങ്ങൾക്കോ ഉപയോഗിച്ചിരുന്നില്ല. പിന്നീട് ടാരോ, വെറുമൊരു വിനോദം എന്നതിനപ്പുറം ഭാവിപ്രവചനത്തിനും ആത്മീയ വ്യവഹാരങ്ങൾക്കുമുള്ള ഒരു ഉപാധിയായി മാറിയതായി പഠനങ്ങള്‍ സൂചിപിക്കുന്നു. ഈജിപ്ഷ്യൻ, കബാലിസ്റ്റിക്, ആൽക്കമിക്കൽ തുടങ്ങിയ വിവിധ പാരമ്പര്യങ്ങളിൽ നിന്നാണ് ടാരോയിലെ ചിഹ്നങ്ങൾ രൂപപ്പെട്ടിട്ടുള്ളത് എന്ന് ഇന്റിഗ്രല്‍ റിസര്‍ച്ചില്‍ വന്ന ‘The Practice of Tarot Reading: Origins, Methodologies, and Implications’ എന്ന പഠനം പറയുന്നു.

ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ടാരോ സെറ്റിൽ 78 കാർഡുകളാണുള്ളത്. കാർഡ് റീഡിങ്ങിന് രണ്ടു രീതികൾ ആണ് പൊതുവേ ഉള്ളതെന്നാണ് പഠനങ്ങൾ പറയുന്നത്. കാർഡുകൾ നിരത്തി അതിൽ വരുന്ന ചിത്രങ്ങൾക്കനുസരിച്ച് പരിഹാരം പറയുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന്, കാർഡുകളുടെ പരമ്പരാഗതമായ അർത്ഥങ്ങളും ഒപ്പം റീഡർമാരുടെ വ്യക്തിപരമായ തോന്നലുകളും ചേർത്തുവെച്ച് പ്രവചനങ്ങൾ നടത്തുന്ന രീതി. ‘ഉൾക്കാഴ്ച ‘(Intuitive Insight) എന്നാണ് ടാരോ റീഡർമാർ ഈ തോന്നലുകളെ വിശേഷിപ്പിക്കുന്നത്.
കാർഡുകളിലെ ചിഹ്നങ്ങളെ ഓരോ റീഡറും എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് അവരുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ, സാംസ്കാരിക പശ്ചാത്തലം, റീഡിങ് നടത്തുന്ന സമയത്തെ അവരുടെ ജീവിത സാഹചര്യം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നാണ് ഞങ്ങൾ സംസാരിച്ച ടാരോ റീഡർമാർ പറഞ്ഞത്. ഇപ്പോൾ രംഗത്തുള്ള മിക്ക ടാരോ റീഡർമാരും ഈ പറയുന്ന ‘ഉൾക്കാഴ്ച’യാണ് റീഡിങിൽ ഉപയോഗിക്കുന്നത്.
മാനസിക സമ്മർദ്ദത്തിലോ ആശയക്കുഴപ്പത്തിലോ ഇരിക്കുന്ന ഒരാൾക്ക് തന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനും സ്വയം വിലയിരുത്താനും ഒരു കൗൺസിലിംഗ് ടൂൾ എന്ന രീതിയിൽ ഇത് സഹായിക്കുന്നു എന്ന് ഇന്ത്യൻ ജേർണൽ ഓഫ് അസ്‌ട്രോളജി ആൻഡ് ഒക്കൽട്ട് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. എന്നാൽ ഇത്തരം ‘കൗൺസിലിംഗ് രീതികൾ‘ എത്രത്തോളം ശാസ്ത്രീയമാണെന്നും സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളെ ഇത് എത്രത്തോളം ബാധിക്കുന്നുവെന്നുമുള്ള ചോദ്യങ്ങൾക്കൊന്നും ഈ ടാരോ റീഡിങ് മേഖല ഉത്തരം തരുന്നില്ല.
പ്രണയം, വിവാഹേതര ബന്ധങ്ങൾ, കരിയർ
റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഏറ്റവും കൂടുതൽ വരുന്നതെന്നാണ് ഒബിസിയോട് സംസാരിച്ച മിക്ക റീഡർമാരും വ്യക്തമാക്കുന്നത്. പ്രണയബന്ധങ്ങൾ, ബ്രേക്കപ്പ്, വിവാഹം, വിവാഹേതര ബന്ധങ്ങൾ, പങ്കാളിയുടെ വിശ്വാസ്യത, മുൻ പങ്കാളി തിരികെ വരുമോ, വിവാഹം നടക്കുമോ തുടങ്ങിയ കാര്യങ്ങളാണ് കൂടുതലാളുകൾക്കും അറിയേണ്ടത്. വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വളരെ കൂടുതലാണെന്ന് ഇവർ പറയുന്നു. “ഞാൻ ഈ വ്യക്തിയെ വിവാഹം കഴിക്കുമോ?”, “അയാൾ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ?”, “എന്റെ എക്സ് എന്നെ ഓർക്കുന്നുണ്ടോ?” തുടങ്ങിയ ചോദ്യങ്ങൾ പതിവാണെന്ന് അവർ പറയുന്നു.
റിലേഷൻഷിപ്പ് പ്രശ്നങ്ങൾ കഴിഞ്ഞാൽ കൂടുതൽ ചോദ്യങ്ങൾ കരിയറിനെ കുറിച്ചാണ്. ജോലി ലഭിക്കുമോ, ജോലിയിൽ മാറ്റമുണ്ടാകുമോ, വിദേശത്തേക്ക് പോകാൻ കഴിയുമോ, വിസയോ പി.ആറോ (Permanent residence ) ലഭിക്കുമോ തുടങ്ങിയ സംശയങ്ങളുമായും നിരവധി പേർ സമീപിക്കാറുണ്ടെന്ന് റീഡർമാർ പറയുന്നു. ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധികളുമായി വരൂന്നവരും ഉണ്ടെങ്കിലും, റിലേഷൻഷിപ്പും കരിയറും തന്നെയാണ് പ്രധാന വിഷയങ്ങൾ. കരിയറിൽ വന്ന ഇടവേളകൾ കാരണം വിഷമത്തിലായവരും ടാരോ റീഡർമാരെ സമീപിക്കാറുണ്ട്.
ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ, തൊഴിൽ പരമായ സമ്മർദ്ദങ്ങൾ, വൈകാരിക പ്രതിസന്ധികൾ തുടങ്ങി ഭൂരിപക്ഷം മനുഷ്യരും നേരിടുന്ന പ്രശ്നങ്ങളാണ് ടാരോ റീഡിങ് എന്ന പുതിയകാല ഡിജിറ്റൽ ജ്യോതിഷത്തിന് വളമാവുന്നത്. ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി എന്നിവയെ ആശ്രയിക്കുന്നതിന് പകരം, മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള അക്കാദമിക്ക് യോഗ്യതയില്ലാത്ത ടാരോ റീഡർമാരെ സമീപിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
യുവാക്കളെക്കാൾ കൂടുതൽ മധ്യവയസ്കർ
സോഷ്യൽ മീഡിയയിൽ ടാരോ കാർഡുകൾക്ക് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടെങ്കിലും, നേരിട്ട് റീഡിങ്ങിനായി എത്തുന്നവരിൽ ഭൂരിഭാഗവും 30 മുതൽ 50 വയസ്സുവരെയുള്ളവരാണെന്നാണ് പല റീഡർമാരുടെയും അനുഭവം. മുപ്പതില്‍ താഴെ ചെറിയൊരു ശതമാനം ആളുകളും വരുന്നുണ്ട്. വീട്ടമ്മമാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, വിദേശ മലയാളികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ക്ലയന്റുകളായി എത്തുന്നത്. 70 വയസ്സിന് മുകളിലുള്ളവരും റീഡിങ്ങിനായി എത്തുന്നുണ്ട്. ജയ്പൂരിലുള്ള ടാരോ റീഡറായ 25 വയസുകാരി ഋഷിക പറയുന്നത്, തങ്ങളുടെ ക്ലയന്റുകളിൽ കൂടുതലും 20 മുതൽ 30 വയസ്സുവരെയുള്ളവരാണെന്നാണ്. ടാരോ കാർഡ് റീഡിംഗിൽ 21 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന എറണാകുളം സ്വദേശിയായ ഒരു റീഡറിന്‍റെ അടുത്തെത്തുന്നവരിൽ വലിയൊരു വിഭാഗം ആളുകളും 40 വയസിൽ താഴെയുള്ളവരാണ്.
മധ്യവയസ്കരാണ് തന്റെ അടുത്തേക്ക് കൂടുതൽ വരാറുള്ളതെന്ന് തിരുവനന്തപുരത്തു നിന്നുള്ള ഒരു ടാരോ റീഡർ പറയുന്നു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. വിവാഹേതര ബന്ധങ്ങളെച്ചൊല്ലിയുള്ള സംശയങ്ങൾ, പങ്കാളികൾക്കിടയിലെ വിശ്വാസവഞ്ചന എന്നിവയാണ് മധ്യവയസ്കരുടെ പ്രധാന പ്രശ്നങ്ങൾ. പൂജകൾ ചെയ്ത് ഭാര്യയെ ഒഴിവാക്കി തരുമോ എന്ന് ചോദിച്ച് ഒരു മധ്യവയസ്കൻ സമീപിച്ചതായി ചേർത്തല സ്വദേശിനിയായ ഒരു റീഡർ പറയുന്നു. പരമ്പരാഗത ജ്യോതിഷം പോലെ, കൃത്യമായ ചടങ്ങുകളോ ജാതകക്കുറിപ്പുകളോ ആവശ്യമില്ലാത്തതിനാൽ ജാതി – മത ഭേദമന്യേ എല്ലാ വിഭാഗത്തിൽ നിന്നുള്ള ആളുകളും ഇതിലേക്ക് വരുന്നുണ്ട് എന്നുതന്നെയാണ് മിക്ക റീഡർമാരും പറയുന്നത്.
‘കേട്ടിരിക്കാൻ ഒരാൾ’
തങ്ങൾക്ക് പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാൻ കഴിയില്ലെന്നും ഒരു ‘ഗൈഡൻസ്’ നൽകാൻ മാത്രമേ കഴിയൂ എന്നുമാണ് മിക്ക റീഡർമാരും അവകാശപ്പെടുന്നത്. വരുന്നവർ പറയുന്നത് കേട്ടിരിക്കുകയും, അവർക്ക് താൽക്കാലിക ആശ്വാസമാവുന്ന ഉപദേശങ്ങൾ നൽകുകയുമാണ് ഇവർ ചെയ്യുന്നത്. ” എല്ലാ മനുഷ്യരുടെ ഉള്ളിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്; അത് കണ്ടെത്താൻ സഹായിക്കുകയാണ് റീഡർമാർ ചെയ്യുന്നത്”, ഒരു ടാരോ റീഡർ ഒബിസിയോട് പറഞ്ഞതിങ്ങനെയാണ്. ക്ലയന്റുകളുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ ഇടപെടാറില്ലെന്നും നിർദേശങ്ങൾ മാത്രമാണ് കൊടുക്കാറുള്ളത് എന്നും പറയുന്നവരുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഒബിസി സംസാരിച്ച ടാരോ റീഡർമാരിൽ മിക്കവരും ഒരു കാര്യത്തിൽ ഒരേ നിലപാടാണ് പങ്കുവച്ചത്. ടാരോ, ഭാവി ഉറപ്പിച്ച് പ്രവചിക്കുന്ന രീതിയല്ലെന്നും, നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സാധ്യതകളും മാർഗനിർദേശങ്ങളും നൽകുന്ന ഒരു സംവിധാനമാണെന്നുമാണ് അവരുടെ വിശദീകരണം. കാർഡുകൾ കാണിക്കുന്ന സാധ്യതകൾ മാത്രമാണ് പറയുന്നതെന്നും, അന്തിമ തീരുമാനം എടുക്കേണ്ടത് ക്ലയന്റാണെന്നും അവർ ആവർത്തിക്കുന്നു. “ജോലി കിട്ടുമോ?”, “കാൻസർ മാറുമോ?”, ” പ്രണയബന്ധം വിജയിക്കുമോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉറപ്പുള്ള ഉത്തരങ്ങൾ നൽകാൻ കഴിയില്ലെന്ന് ഇവർ സമ്മതിക്കുന്നു.
ഉറപ്പുള്ള പരിഹാരങ്ങൾ നിർദേശിച്ച് സ്വയം അപകടത്തിൽ ചാടാതെ നോക്കാനുള്ള ജാഗ്രത പല ടാരോ റീഡർമാരും കൈക്കൊള്ളുന്നുണ്ട് എന്ന് വ്യക്തമാണ്. അതേ സമയം മനുഷ്യരുടെ ഉള്ളിലുള്ള കുറ്റവാസനകളെ പരിപോഷിപ്പിക്കുകയും അശാസ്ത്രീയമായ രീതിയിലുള്ള ‘മാനസികാരോഗ്യ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവർ ഈ മേഖലയിൽ ഒട്ടും കുറവല്ല. തങ്ങളെ കേട്ടിരിക്കാൻ ആരുമില്ലാത്ത സാഹചര്യമാണ് പലരെയും ടാരോ റീഡർമാരുടെ അടുത്തെത്തിക്കുന്നത്.
ടാരോ കാർഡുകളെ ഇവർ എങ്ങനെ ഉപയോഗിക്കുന്നു?
ടാരോ കാർഡുകളുടെ പ്രവർത്തനരീതിയെക്കുറിച്ച് ഓരോ റീഡർക്കും വ്യത്യസ്തമായ വിശദീകരണങ്ങളുണ്ട്. ഇത് മനുഷ്യന്റെ ഊർജം വായിക്കുന്ന പ്രക്രിയയാണെന്ന് ചിലർ പറയുന്നു. എന്നാൽ എന്താണ് ഊർജ്ജം എന്ന ചോദ്യത്തിന് കൃത്യമായ ഒരു വിശദീകരണം നൽകാൻ ഞങ്ങൾ സംസാരിച്ച ടാരോ റീഡർമാർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെ എനർജി എന്നത് ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ചിലർ ചെയ്തത്.
ചിലർ Intuition അഥവാ ഉൾക്കാഴ്ചയാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു. മറ്റുചിലർ ഉപബോധമനസ്സിലേക്ക് (subconscious mind) എത്തിച്ചേരാൻ സഹായിക്കുന്ന പ്രതീകാത്മക ഉപകരണമായാണ് ടാരോ കാർഡുകളെ കാണുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു റീഡര്‍ ടാരോയെ പ്രധാനമായും ഒരു സൈക്കോളജിക്കൽ ടൂളായാണ് കാണുന്നത്. എന്നാൽ ഇതൊക്കെ ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടികളില്ല. ഇത് ചിലർക്ക് മാത്രമുള്ള ഒരു ‘ഡിവൈൻ പവറാണ്’; എല്ലാവർക്കും ഇത് ചെയ്യാൻ കഴിയില്ല എന്നാണ് ഇരുപത്തിയേഴു വയസുകാരനായ ഒരു ടാരോ റീഡർ ഒബിസിയോട് അവകാശപ്പെട്ടത്.
സോഷ്യൽ മീഡിയിൽ ട്രെൻഡിങ്; ടാരോ റീഡിങ് കരിയറാക്കുന്ന യുവാക്കൾ
ഒബിസിയോട് സംസാരിച്ച ടാരോ റീഡർമാരിൽ മിക്കവരും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ക്ലയന്റുകളെ കണ്ടെത്തുന്നത്. ചിലർ ദിവസേന ജനറൽ റീഡിങ്ങുകൾ പോസ്റ്റ് ചെയ്യുമ്പോൾ, മറ്റു ചിലർ കരിയർ ഗൈഡൻസിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കോവിഡ് കാലത്തിന് ശേഷമാണ് ഓൺലൈൻ റീഡിങ്ങുകളുടെ എണ്ണം ഗണ്യമായി വർധിച്ചതെന്ന് പലരും പറയുന്നു.
ടാരോ റീഡര്‍മാരില്‍ മിക്കവരും യുവതികളാണ്. വലിയൊരു കരിയർ സാധ്യതയായാണ് ഇന്ന് ടാരോ റീഡിംഗിനെ പുതിയ തലമുറ കാണുന്നത്. ഉയർന്ന വിദ്യാഭ്യാസം നേടിയ യുവതികൾ പോലും തങ്ങളുടെ കരിയർ ഉപേക്ഷിച്ച് ഇതിനു പിന്നാലെ പോകുന്നു.
സോഷ്യൽ മീഡിയ എന്ന വിപുലമായ മാർക്കറ്റ്
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ എന്തുകൊണ്ടാണ് ടാരോ റീഡിങ് ഇത്രയേറെ സ്വാധീനം ചെലുത്തുന്നത് എന്നതിനുള്ള ഉത്തരം സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ കിട്ടും. വലിയ തോതിലുള്ള സോഷ്യൽ മീഡിയ കണ്ടൻ്റ് ആണ് ടാരോ റീഡിങ്. ചെറുപ്പക്കാരും മധ്യവയസ്കരും ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ തന്നെയാണ് ടാരോ റീഡർമാരുടെ പ്രധാന ‘പെർഫോമൻസ്’ ഇടങ്ങൾ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് പല ടാരോ റീഡർമാർക്കുമുള്ളത്. കാർഡുകൾ ഉപയോഗിച്ച് പ്രവചനം നടത്തുന്ന റീലുകളും ഹ്രസ്വ വീഡിയോകളും ആളുകളെ എളുപ്പത്തിൽ ആകർഷിക്കുന്നു.

കേരളത്തിന് പുറത്തുള്ള ചില ടാരോ റീഡര്‍മാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകൾ, (ഫോളോവേഴ്സിന്റെ എണ്ണം ഹൈലൈറ്റ് ചെയ്തിരിക്കുന്നു)
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വലിയ ട്രെൻഡായ ‘പിക് എ കാർഡ്’ (Pick-a-card) വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയ ഫീഡുകളിൽ സജീവമാണ്. സ്ക്രീനിൽ കാണിക്കുന്ന മൂന്നോ നാലോ കാർഡുകളിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അതിന്റെ റിസൾട്ട് പ്രവചിക്കുകയും ചെയ്യുന്ന രീതിയാണിത്. പ്രണയ റീഡിങ് (Love Reading), കരിയർ റീഡിങ്, ജനറൽ ലൈഫ് റീഡിങ്, പേഴ്സണൽ ഗ്രോത്ത് റീഡിങ്, ഫിനാൻസ് റീഡിങ് എന്നിവയാണ് ഇതിലെ പ്രധാന ട്രെൻഡിങ് വിഷയങ്ങൾ.
“നിങ്ങളെക്കുറിച്ച് ഇപ്പോൾ നിങ്ങളുടെ പങ്കാളി എന്താണ് ചിന്തിക്കുന്നത്?”, “നിങ്ങളുടെ ശത്രുവിൻ്റെ അടുത്ത നീക്കം എന്താണ്?”, “ജീവിതം മാറ്റിമറിച്ചേക്കാവുന്ന ആ വലിയ തീരുമാനം എന്താണ്?”, “അടുത്ത പതിനഞ്ച് ദിവസം നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കും?” തുടങ്ങിയ, ആകാംക്ഷ യുണർത്തുന്ന തലക്കെട്ടുകളോടെയാണ് ഇത്തരം കണ്ടന്റുകൾ പ്രത്യക്ഷപ്പെടുന്നത്. മിക്ക വീഡിയോകൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടെന്നതാണ് വസ്തുത.
വടക്കേ ഇന്ത്യയിലും മറ്റും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടാരോ റീഡർമാരാണ് ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിക്കുന്നത്. ടാരോ റീഡിങ്ങിനോടൊപ്പം പരമ്പരാഗത ജ്യോതിഷവും ലൈഫ് കോച്ചിങ്ങും (Life coaching) തങ്ങൾ നൽകുന്നുണ്ടെന്ന് ഇവർ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ അവകാശപ്പെടുന്നു.

മലയാളത്തിലേക്ക് വരുമ്പോൾ, കൂടുതലും യൂട്യൂബിലാണ് ഇത്തരം വീഡിയോ കണ്ടന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്നത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങൾ, കരിയർ തകർച്ചകൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം ലഭിക്കാനും ജീവിതത്തിൽ മികച്ചൊരു ‘ഗൈഡൻസ്’ നേടാനും ടാരോ കാർഡ് റീഡിങ് എടുത്തു നോക്കാം എന്നാണ് ഇവർ ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നത്.

ഈ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ പരിശോധിച്ചാൽ ഇതിന്റെ മനശ്ശാസ്ത്രപരമായ സ്വാധീനം വ്യക്തമാകും. ‘നന്ദി യൂണിവേഴ്‌സ് ‘ പോലുള്ള ഒരേ പാറ്റേണിലുള്ള, റീഡറെ അന്ധമായി വിശ്വസിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇതിൽ ഭൂരിഭാഗവും. ഇത്തരം ആളുകളെ വിമര്ക്കു ന്നതോ , ടാരോ റീഡിങ്ങിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നതോ ആയ ഒരു കമന്റ് പോലും കാണാനില്ല എന്നത് സോഷ്യൽ മീഡിയയുടെ അൽഗോരിതം ഈ വിപണിയെ എത്രത്തോളം സഹായിക്കുന്നു എന്നതിന് തെളിവാണ്.
ഒരു ചോദ്യത്തിന് 3000; ഒരു സെഷന് 4500 മുതൽ
ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി ആളുകളെ ആകർഷിച്ച ശേഷമാണ് ഇവർ തങ്ങളുടെ ‘പെയ്ഡ്’ പേഴ്സണൽ റീഡിങ്ങിലേക്ക് വഴിതിരിച്ചുവിടുന്നത്. ഇതിനായി ഓരോ വിഷയത്തിനും വ്യത്യസ്ത തുകയാണ് ഇവർ ഈടാക്കുന്നത്. അഞ്ഞൂറ് രൂപ മുതൽ ആരംഭിച്ച് വലിയ തുകകൾ വാങ്ങുന്ന റീഡർമാർ വരെ ഈ സോഷ്യൽ മീഡിയ മാർക്കറ്റിലുണ്ട്. വെറും ആറായിരം ഫോളോവേഴ്സ് മാത്രമുള്ള ഒരു സാധാരണ മലയാളി ടാരോ റീഡറുടെ യൂട്യൂബ് ഡിസ്ക്രിപ്ഷൻ പരിശോധിച്ചാൽ പോലും, അതിൽ വ്യക്തിഗത റീഡിങ്ങുകൾക്കായി പണം ഈടാക്കുന്ന കൺസൾട്ടേഷൻ പാക്കേജുകളുടെ വലിയ ലിസ്റ്റ് തന്നെ കാണാൻ സാധിക്കും.

വലിയ തുകകൾ വാങ്ങിയുള്ള കൺസൾട്ടിങ്
തുടക്കക്കാരായ റീഡർമാർ ഒരു സെഷന് 500 രൂപ വാങ്ങിക്കുമ്പോൾ, ഈ രംഗത്ത് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ടെന്ന് അവകാശപ്പെടുന്നവർ വലിയ തുകയാണ് ഈടാക്കുന്നത്. എറണാകുളം ചെങ്ങമനാട് സ്വദേശിയായ ഒരു റീഡർ തന്റെ കൺസൾട്ടിംഗ് ഫീസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഒരു കാര്യമാണ് ചോദിക്കുന്നതെങ്കിൽ 3000 രൂപയും, ഫുൾ റീഡിങ്ങിന് 4500 രൂപയുമാണ്, ഒന്നരമണിക്കൂറാണ് ഇതിനായി എടുക്കുന്ന കൺസൾട്ടിംഗ് സമയം.” ഇരുപത് വർഷത്തിലധികമായി കേരളത്തിൽ ടാരോ റീഡിങ് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. കേരളത്തിലെ ടാരോ റീഡർമാർക്കിടയിൽ ഇതിനേക്കാൾ വലിയ തുകകൾ വാങ്ങിക്കുന്നവരുമുണ്ടെന്നും ചേർത്തല സ്വദേശിനിയായ ഒരു ടാരോ റീഡർ വെളിപ്പെടുത്തുന്നു.
ടാരോ റീഡിംഗ് എന്ന നവജ്യോതിഷം
ടാരോ റീഡിങ് കൊണ്ട് ആളുകൾക്ക് താൽക്കാലികമായി ചില മാനസികാശ്വാസങ്ങൾ കിട്ടുന്നുണ്ടെങ്കിലും ഡോക്ടർമാർ നൽകുന്ന ശാസ്ത്രീയമായ കൗൺസിലിംഗിനും ചികിത്സക്കും പകരമായി കാണാനാവില്ലെന്നും അതിന് ശാസ്ത്രീയ തെളിവുകൾ ഇനിയും ആവശ്യമാണെന്നും ഇന്ത്യൻ ജേർണൽ ഓഫ് അസ്‌ട്രോളജി ആൻഡ് ഒക്കൾട്ട് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ടാരോ റീഡിങ്ങിന്റെ പ്രസക്തി ഉറപ്പിക്കുന്ന ഈ ലേഖനം തന്നെയും, ടാരോ റീഡിങ് ആളുകളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നതിനെ സാധൂകരിക്കുന്നില്ല.
ടാരോ റീഡിങ്ങിന് സമൂഹത്തിൽ വർധിച്ചു വരുന്ന സ്വീകാര്യതയെ കുറിച്ച് തിരുവനന്തപുരം എം.ജി. കോളേജിലെ ഫിസിക്സ് അധ്യാപകനും പ്രമുഖ ശാസ്ത്ര പ്രചാരകനുമായ വൈശാഖൻ തമ്പി പറയുന്നത് ഇങ്ങനെയാണ്:
“മുൻകാലങ്ങളിൽ തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചു രാശി നോക്കിയിരുന്ന അതേ അന്ധവിശ്വാസത്തിന്റെ പുതിയ കാലത്തെ പരിഷ്കരിച്ച രൂപം മാത്രമാണ് ഈ ടാരോ റീഡിങ്. ലോകത്ത് കോടിക്കണക്കിന് മനുഷ്യരുണ്ട്. അവരെയെല്ലാം വെറും 78 കാർഡുകളിലേക്ക് ഒതുക്കുകയാണ് ഇവർ ചെയ്യുന്നത്. പല വികാരങ്ങളും സ്വഭാവങ്ങളും വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമുള്ള മനുഷ്യരുടെയെല്ലാം റീഡിങ് എങ്ങനെയാണ് ഒരേപോലെയാകുന്നത്? മനുഷ്യന്റെ മാനസികമായ നിസ്സഹായാവസ്ഥയെയും ദൗർബല്യങ്ങളെയും (Vulnerability) ചൂഷണം ചെയ്ത് പണം സമ്പാദിക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. പുതിയ തലമുറ, ‘മാനിഫെസ്റ്റേഷൻ’, ‘ലോ ഓഫ് അട്രാക്ഷൻ’ തുടങ്ങിയ കപട സങ്കല്പങ്ങളിൽ അന്ധമായി വിശ്വസിക്കുന്നതാണ് ഇത്തരം റീഡർമാർക്ക് വിപണിയൊരുക്കുന്നത്.”
ഇവർ സ്ഥിരമായി ഉപയോഗിക്കുന്ന ‘നെഗറ്റീവ് എനർജി’ എന്ന പദത്തെ വൈശാഖൻ തമ്പി തള്ളിക്കളയുന്നു.
“ഭൗതികശാസ്ത്രത്തിൽ ‘നെഗറ്റീവ് എനർജി’ അത്ര ലളിതമായൊരു കൺസെപ്റ്റല്ല. ശാസ്ത്ര പദങ്ങളെ സാധാരണക്കാരെ പറ്റിക്കാനായി ദുരുപയോഗം ചെയ്യുകയാണ് ഈ ടാരോ റീഡർമാർ ചെയ്യുന്നത്. ഇത്തരത്തിൽ എനർജിയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഒരു ടിപ്പിക്കൽ കപടശാസ്ത്രത്തിന്റെ ലക്ഷണമാണ്.” അദ്ദേഹം ഒബിസിയോടു പറഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കൂടുതൽ വ്യാപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു:
“നാം ജീവിക്കുന്നത് ഒരു ‘അറ്റൻഷൻ ഇക്കോണമി’യിലാണ്. അതുകൊണ്ടുതന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയ വഴി വളരെ വേഗത്തിലാണ് മനുഷ്യരിലേക്കെത്തുന്നത്. ഈ ടാരോ റീഡർമാരെയോ ഓൺലൈൻ കപടശാസ്ത്ര പ്രചാരകരെയോ ഇല്ലാതാക്കുക അത്ര എളുപ്പമല്ല. മനുഷ്യന്റെ മാനസിക ബലഹീനതകളെ ചൂഷണം ചെയ്താണ് ഇവർ വളരുന്നത്. നിർഭാഗ്യവശാൽ, ഇത്തരം കപടശാസ്ത്രങ്ങളെ തിരിച്ചറിയാനും ചെറുക്കാനും തക്കവണ്ണം നമ്മുടെ വിദ്യാഭ്യാസ രീതിയും ഒട്ടും ഫലപ്രദമല്ല.” അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസ നിർമാർജ്ജന നിയമത്തിന്റെ പ്രസക്തി
വൈശാഖന്‍ തമ്പിയുടെ ഈ അഭിപ്രായത്തോട് ശാസ്ത്ര ലേഖികയും പട്ടാമ്പി ഗവ. കോളേജിലെ കെമിസ്ട്രി അധ്യാപികയുമായ ഡോ. സംഗീത ചേനംപുല്ലിയും യോജിക്കുന്നുണ്ട്. “ടാരോ റീഡിങ് എന്നത് വലിയൊരു ആഗോള മാർക്കറ്റാണ്. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടുതന്നെ അൽഗോരിതങ്ങൾ വഴി എല്ലാത്തരം ആളുകളിലേക്കും ഈ അന്ധവിശ്വാസ കണ്ടന്റുകൾ വളരെ വേഗത്തിൽ എത്തിച്ചേരുന്നു. ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുകൊണ്ട് ഇതിനെ പെട്ടെന്ന് റെഗുലേറ്റ് ചെയ്യാനോ നിരോധിക്കാനോ സർക്കാരിന് ബുദ്ധിമുട്ടാണ്,” ഡോ. സംഗീത ഒബിസിയോടു പറഞ്ഞു.
“നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം പൂർവനിശ്ചിതമാണ് എന്ന് വിശ്വസിക്കാൻ ചിലർക്ക് വലിയ താല്പര്യമാണ്. കാരണം, അങ്ങനെ ചിന്തിച്ചാൽ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് അവർക്ക് എളുപ്പത്തിൽ ഒഴിഞ്ഞുമാറാം, അത് അവർക്കൊരു താൽക്കാലിക സമാധാനം നൽകും. ഭാവി അറിയാനുള്ള മനുഷ്യന്റെ ഈ ആഗ്രഹത്തെയും ബലഹീനതയെയും തന്നെയാണ് പണ്ടുകാലം മുതലേ ജ്യോതിഷവും മറ്റ് അന്ധവിശ്വാസങ്ങളും മുതലെടുക്കുന്നത്. ആ അന്ധവിശ്വാസങ്ങളുടെ അതേ ശ്രേണിയിലുള്ള ഒന്നുമാത്രമാണ് ഈ ടാരോ കാർഡ് റീഡിങ്ങും, ഡോ. സംഗീത പറയുന്നു.
തെറാപ്പിക്കും ചികിത്സക്കും പകരം ടാരോറീഡിങ്
കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ കൗൺസിലിംഗിനും ചികിത്സക്കും പകരമായി മറ്റ് മാര്‍ഗങ്ങള്‍ തേടി പോകുന്നത് അതീവ അപകടകരമാണ് എന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ആയ ഡോ. അരുണ്‍ ബി നായര്‍ പറയുന്നു.
“മരണാനന്തരം എന്ത് സംഭവിക്കും എന്നതുപോലുള്ള ചോദ്യങ്ങൾക്ക് ശാസ്ത്രത്തിന് മറുപടി നൽകാൻ കഴിഞ്ഞേക്കില്ല. മനുഷ്യന്റെ ഇത്തരം ആകാംക്ഷയും അരക്ഷിതബോധവും മുതലെടുത്താണ് ഹസ്തരേഖാശാസ്ത്രവും ടാരോ റീഡിങ്ങും പോലുള്ള വിപണികൾ പ്രവർത്തിക്കുന്നത്. ജീവിതത്തിൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിന് പകരം, നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ മാന്ത്രിക ശക്തികളിലൂടെ മാറ്റാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്.” ഡോ. അരുണ്‍ പറഞ്ഞു.
ഡോ. സംഗീത ചേനംപുല്ലിയുടെ നിരീക്ഷണങ്ങൾ ഈ കപടശാസ്ത്ര വിപണിയെ നിയമപരമായി നേരിടുന്നതിലെ പരിമിതികളെക്കൂടിയാണ് തുറന്നുകാട്ടുന്നത്. ഇന്റർനെറ്റിലെ വിവര വ്യാപനം നിയമം മൂലം തടയുന്നതിന് പരിമിതികളുണ്ട്. ശാസ്ത്രപ്രചാരണവും ബോധവത്ക്കരണവുമാണ് സാധ്യമായ പരിഹാരങ്ങൾ.
“സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയൊരു നിയമം നിലവിൽ വന്നാൽ ഇത്തരം തട്ടിപ്പുകാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൂടുതൽ എളുപ്പമാകും.”
തുടക്കത്തിൽ പറഞ്ഞ, സാന്ദ്രയുടെ അനുഭവം വ്യക്തമാക്കുന്നത്, ടാരോ റീഡിങ് ചില സാഹചര്യങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും സുരക്ഷയേയും വരെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ്. ശാസ്ത്രീയ കൗൺസിലിംഗിനും മാനസികാരോഗ്യ ചികിത്സയ്ക്കും പകരമായി കാർഡ് റീഡിങ്ങിനെ ആശ്രയിക്കുന്ന പ്രവണത ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം തകർക്കും. സോഷ്യൽ മീഡിയ അൽഗോരിതങ്ങളുടെയും ഡിജിറ്റൽ വിപണിയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ടാരോ റീഡിങ്, ഇന്ന് വലിയൊരു ഓൺലൈൻ വ്യവസായമായി മാറിക്കഴിഞ്ഞു. മനുഷ്യരുടെ ആശങ്കകളും അനിശ്ചിതത്വങ്ങളും പ്രതീക്ഷകളും ദൗബല്യങ്ങളും കേന്ദ്രീകരിച്ചാണ് ഈ വിപണി പ്രവർത്തിക്കുന്നത്. ടാരോ റീഡിങ്ങിന്റെ വ്യാപനവും സ്വാധീനവും സമൂഹത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
