
ബെന്യമിൻ നെതന്യാഹു ടെൽ അവീവിൽ ആക്രമിക്കപ്പെട്ടോ? പ്രചരിക്കുന്ന വീഡിയോ സത്യമോ?
ഇസ്രായേൽ പാർലമെന്റ് ആയ നെസറ്റിലെക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 27ന് അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇസ്രായേലിലെ കാവൽ പ്രധാനമന്ത്രി ആയി തുടരുന്ന ബെന്യമിൻ നെതന്യാഹു ആക്രമിക്കപ്പെട്ടു എന്ന രീതിയിൽ ഒരു വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? OBC അന്വേഷിച്ചു.
ഒക്ടോബർ 29ന് America army എന്ന X അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയ്ക്ക് ഒക്ടോബർ 30 വരെ മാത്രം 11 ലക്ഷം വ്യൂസും രണ്ടായിരത്തിൽ അധികം റീ-ഷെയറുകളും ലഭിച്ചിട്ടുണ്ട്. വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ മറ്റൊരാൾ തോക്കുമായി എത്തി ആക്രമിക്കുന്ന അവ്യക്തമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. “ബ്രേക്കിങ്!! ടെൽ അവീവിൽ നെതന്യാഹുവിന് നേരെ അതിശക്തമായ ആക്രമണം, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരങ്ങൾ, കൂടാതെ അദ്ദേഹത്തെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കൊണ്ടുപോകാൻ ഒരു വിമാനം അയക്കുന്നുണ്ട് ” ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഒക്ടോബർ 30ന് Xൽ ഇന്ത്യൻ അക്കൗണ്ട് ആയ Prashant Saket ഈ ദൃശ്യങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
“ബ്രേക്കിംഗ്.. ബെന്യമിൻ നെതന്യാഹുവിനെ അജ്ഞാതർ ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഇപ്പോഴും അദ്ദേഹത്തിന് ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല,” എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇത് കുറച്ചുകൂടി വ്യക്തതയുള്ള, മറ്റൊരു ആംഗിളിൽ നിന്ന് പകർത്തിയിട്ടുള്ള ദൃശ്യങ്ങളാണ്. ഒക്ടോബർ 30 വരെ മാത്രം ഈ പോസ്റ്റിന് 13 ലക്ഷം വ്യൂസ് ആണ് ലഭിച്ചിട്ടുള്ളത്.

ഒക്ടോബർ 30ന് ഇൻസ്റ്റാഗ്രാമിൽ abhilashthevalakkara എന്ന അക്കൗണ്ട് മലയാളത്തിലും ഈ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. “ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് നേരെ ആക്രമണം, അദ്ദേഹത്തിന് ഗുരുതരമായ പരിക്ക് ” എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒക്ടോബർ 30 വരെ ഈ പോസ്റ്റിനു ആറായിരത്തിൽ അധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.

ഒരേ വീഡിയോ, മറ്റൊരു പ്രചാരണം
ബെന്യമിൻ നെതന്യാഹു ആക്രമിക്കപ്പെട്ടു എന്ന പേരിൽ ഇതേ വീഡിയോ മാസങ്ങൾക്ക് മുൻപും പ്രചരിച്ചിരുന്നു.

2026 ഏപ്രിൽ 8ന് ഈ ദൃശ്യത്തിന്റെ നിജസ്ഥിതി ഞങ്ങൾ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തിയിരുന്നു. വീഡിയോയുടെ കീ-ഫ്രേയ്മുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, 2013 ജനുവരി 21ന് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയന്റെ ഒരു റിപ്പോർട്ടിലേക്കാണ് എത്തിയത്.

ഈ റിപ്പോർട്ട് പ്രകാരം, ‘മൂവ്മെന്റ് ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസ്’ പാർട്ടി നേതാവായ അഹമ്മദ് ദോഗന് നേരെ നടന്ന അക്രമണത്തിന്റെ ദൃശ്യമാണിത്. 2013 ജനുവരി 19ന് ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ നടന്ന ഒരു പാർട്ടി കോൺഗ്രസിനിടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണം നടന്നത്. ഈ ദൃശ്യമാണ് അന്നും ഇപ്പോഴും ബെന്യമിൻ നെതന്യാഹുവിനു നേരെ നടന്ന ആക്രമണമെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചുരുക്കത്തിൽ
ഇസ്രായേലിന്റെ കാവൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ടെൽ അവീവിൽ ആക്രമിക്കപ്പെട്ടു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ദൃശ്യങ്ങൾക്ക് നെതന്യാഹുവുമായോ ഇസ്രായേലുമായോ ബന്ധമില്ലെന്ന് OBC അന്വേഷണത്തിൽ കണ്ടെത്തി.
2013 ജനുവരി 19ന് ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ നടന്ന പാർട്ടി കോൺഗ്രസിനിടെ, ‘മൂവ്മെന്റ് ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസ്’ പാർട്ടി നേതാവ് അഹമ്മദ് ദോഗന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണിത്.
ഇതേ വീഡിയോ 2026 ഏപ്രിലിലും നെതന്യാഹുവിന് നേരെയുള്ള ആക്രമണം എന്ന പേരിൽ പ്രചരിച്ചിരുന്നു. അന്നും OBC ഫാക്റ്റ് ചെക്ക് വഴി വസ്തുത വ്യക്തമാക്കിയിരുന്നു. നെസറ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതേ ദൃശ്യങ്ങൾ വീണ്ടും തെറ്റായ അവകാശവാദത്തോടെ പങ്കുവയ്ക്കപ്പെടുകയാണ്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക