നിയമവുമായി സംഘർഷത്തിലാവുന്ന കുട്ടികളുടെ എണ്ണം വർധിക്കുമ്പോൾ

നിയമവുമായി സംഘർഷത്തിലാവുന്ന കുട്ടികളുടെ എണ്ണം വർധിക്കുമ്പോൾ

കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികളെ മുതിർന്നവരായി കണക്കാക്കി കഠിന ശിക്ഷ നൽകണമെന്ന വാദം സമൂഹത്തിൽ ശക്തിപ്പെടുകയാണ്. സമീപകാലത്തുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ഈ ചർച്ച സജീവമാണ്. കഴിഞ്ഞ മൂന്ന് വര്ഷങ്ങൾക്കിടെ കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വര്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ ശിക്ഷ കൂട്ടിയാൽ കുറ്റങ്ങൾ കുറയുമോ? ഈ വിഷയത്തെ കുറിച്ച് പഠിച്ച വർമ്മ കമ്മീഷൻ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളെ മുതിർന്നവരായി കണക്കാക്കണമെന്ന് ശുപാർശ ചെയ്യുന്നില്ല.

ഒരു നിസ്സാര തർക്കം പോലും കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങൾ, ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്ന കൗമാരക്കാർ സൃഷ്ടിക്കുന്ന അപകടങ്ങൾ, ആസൂത്രിതമായ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും വരെ പ്രായപൂർത്തിയാകാത്തവർ പ്രതിസ്ഥാനത്ത് വരുന്ന സാഹചര്യം. സമീപകാലത്ത് പുറത്തുവന്ന ഇത്തരം വാർത്തകൾ ജുവനൈൽ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു. 2026-ൽ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങൾ ജുവനൈൽ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

വാഹനാപകടങ്ങൾ,കൊലപാതകങ്ങൾ

നവംബർ 9-ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, കേരളത്തിൽ ഒരു മാസത്തിനിടെ കൗമാരക്കാർ ഉൾപ്പെട്ട വിവിധ സംഭവങ്ങളിലായി അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് 16 വയസ്സുകാരനെ ഒരു സംഘം കൊലപ്പെടുത്തിയ സംഭവം, കൊച്ചിയിൽ 17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചത്, മദ്യലഹരിയിൽ വാഹനമോടിച്ച 19 വയസ്സുകാരൻ ഉൾപ്പെട്ട അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായത് തുടങ്ങിയ സംഭവങ്ങൾ സമീപകാലത്ത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിനുപുറമെ, ആലപ്പുഴയിൽ 13 വയസ്സുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന് മുത്തച്ഛനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന കേസും പൊതുശ്രദ്ധ നേടി. വ്യത്യസ്ത സാഹചര്യങ്ങളിൽ നടന്ന ഈ സംഭവങ്ങളിലെല്ലാം കൗമാരക്കാരുടെ പങ്ക് ശ്രദ്ധേയമാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കണ്ട് തള്ളിക്കളയാനാവാത്ത ഇത്തരം വാർത്തകൾ, പ്രായപൂർത്തിയാകാത്തവർക്കിടയിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവം, അവയുടെ പിന്നിലെ സാമൂഹികവും കുടുംബപരവുമായ സാഹചര്യങ്ങൾ, കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗൗരവമായ അന്വേഷണത്തിനും ചർച്ചകൾക്കും വഴിതറക്കുന്നു.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട 34,878 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2023-ലെ 31,365 കേസുകളെ അപേക്ഷിച്ച് 11.2 ശതമാനം വർധന. 2024-ൽ 42,633 കുട്ടികളാണ് വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിയമത്തിന് മുന്നിലെത്തിയത്. ഇവരിൽ 16–18 പ്രായപരിധിയിലുള്ളവരാണ് ഭൂരിഭാഗവും.

മൂന്ന് വർഷത്തിനിടെ 14 ശതമാനത്തിലേറെ വർധന

ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ലഭ്യമായ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, രാജ്യത്ത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ മൂന്ന് വർഷത്തിനിടെ വർധന രേഖപ്പെടുത്തിയതായി കാണാം. ഇതിൽ 2024 മുതൽ 2026 വരെയുള്ള കണക്കുകൾ നിലവിൽ NCRB പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 2022-ൽ 30,555 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023-ൽ ഇത് 31,365 ആയി ഉയർന്നു. 2024-ൽ കേസുകളുടെ എണ്ണം 34,878 ആയി. അതായത്, 2022-നെ അപേക്ഷിച്ച് 2024-ൽ ഏകദേശം 14.2 ശതമാനം വർധന 2023-നെ അപേക്ഷിച്ച് 2024-ലെ വർധന 11.2 ശതമാനമാണ്. 2022-ൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും തുടർന്നുള്ള രണ്ട് വർഷങ്ങളിലും കേസുകളുടെ എണ്ണം ഉയർന്നുവെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

2024-ൽ മാത്രം വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 42,633 കുട്ടികളെയാണ് നിയമത്തിന് മുന്നിലെത്തിച്ചത്. കേസുകളുടെ എണ്ണവും കേസിലകപ്പെട്ട കുട്ടികളുടെ എണ്ണവും വ്യത്യസ്തമാണ്. ഒരേ കേസിൽ ഒന്നിലധികം കുട്ടികൾ പ്രതികളാകാം; അതുപോലെ, ഒരു കുട്ടി ഒന്നിലധികം കേസുകളിലും ഉൾപ്പെട്ടേക്കാം. രജിസ്റ്റർ ചെയ്ത കേസുകളുടെ വർധന കുറ്റകൃത്യങ്ങളുടെ യഥാർഥ വ്യാപ്തിയിൽ ഉണ്ടായ മാറ്റത്തെ മാത്രം പ്രതിഫലിപ്പിക്കുന്നതല്ലെന്നും പൊലീസ് രജിസ്ട്രേഷൻ രീതികളിലെയും റിപ്പോർട്ടിങ്ങിലെയും മാറ്റങ്ങൾ ഇതിനെ സ്വാധീനിക്കാമെന്നും ക്രൈം റെക്കോർഡ്‌സ് ബ്യുറോ വ്യക്തമാക്കുന്നുണ്ട്.

കുട്ടിക്കളിയല്ലാത്ത കുറ്റകൃത്യങ്ങൾ: മോഷണം മുതൽ കൊലപാതകം വരെ

കുറ്റകൃത്യങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോൾ, മോഷണവും അക്രമസ്വഭാവമുള്ള കുറ്റങ്ങളും ഉൾപ്പെടെ വിവിധ തരത്തിലുള്ള കേസുകളിൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായിട്ടുണ്ടെന്ന് NCRB കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ 2024 ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യം മോഷണമാണ്. കുട്ടികൾ പ്രതിസ്ഥാനത്ത് വരുന്ന 6242 മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2024 ലെ റിപ്പോർട്ട് പ്രകാരം കൗമാരക്കാർ ഉൾപ്പെട്ട 1120 കൊലപാതകക്കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഗുരുതരമായി പരിക്കേൽപ്പിക്കൽ (Grievous Hurt) വിഭാഗത്തിൽ 3,959 കേസുകളും കൊലപാതകശ്രമത്തിന് 2,243 കേസുകളും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പ്രതിസ്ഥാനത്ത് വരുന്ന 1,067 ബലാൽസംഗക്കേസുകളും 2024 ലെ റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപം (748), കവർച്ച (1070) തട്ടിക്കൊണ്ടുപോകൽ (696), പിടിച്ചുപറി (474) എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

ഈ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യം മോഷണമാണ്. അതേസമയം, കൊലപാതകം, കൊലപാതകശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും കുറവല്ല. അതായത്, മോഷണത്തിൽ തുടങ്ങി വ്യക്തികളുടെ ജീവനും ശരീരത്തിനും നേരെയുള്ള അതിക്രമങ്ങളും ജുവനൈൽ കുറ്റകൃത്യങ്ങളുടെ കണക്കുകളിൽ ഇടംപിടിക്കുന്നു എന്നത് ഗുരുതരമായ സാഹചര്യമാണ്.

ഏറ്റവും കൂടുതൽ കേസുകൾ ബിഹാറിൽ?

ജുവനൈൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ബിഹാറാണ് മുന്നിൽ. 2024-ൽ 5,037 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിൽ 3,779, മധ്യപ്രദേശിൽ 3,474, തമിഴ്‌നാട്ടിൽ 2,946, രാജസ്ഥാനിൽ 2,827, ഛത്തീസ്ഗഢിൽ 2,180 കേസുകളും റിപ്പോർട്ട് ചെയ്തു.

2023-ൽ ബിഹാറിൽ 1,818 കേസുകളായിരുന്നെങ്കിൽ 2024-ൽ അത് 5,037 ആയി ഉയർന്നു. എന്നാൽ, കേസുകളുടെ ആകെ എണ്ണം മാത്രം അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം നടത്തുന്നത് ശാസ്ത്രീയമല്ല.കുട്ടികളുടെ ജനസംഖ്യയിലുള്ള വ്യത്യാസം കൂടി പരിഗണിക്കേണ്ടതുണ്ട്.

കേസുകളുടെ ആകെ എണ്ണവും കുറ്റനിരക്കും ഒരേ ചിത്രം നൽകണമെന്നില്ല. ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം കൂടുതലായിരിക്കാം. അതേസമയം, കുട്ടികളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ കേസുകളുള്ള സംസ്ഥാനത്തുപോലും കുറ്റനിരക്ക് ഉയർന്നേക്കാം. അതിനാൽ, ജുവനൈൽ കുറ്റകൃത്യങ്ങളുടെ വ്യാപ്തി വിലയിരുത്തുമ്പോൾ ഈ രണ്ട് കണക്കുകളും ഒരുമിച്ച് പരിശോധിക്കേണ്ടതുണ്ട്.

കുറ്റകൃത്യ നിരക്കിൽ ഛത്തിസ്ഗഢ്

ഒരു ലക്ഷം കുട്ടികളിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു എന്നു കണക്കാക്കി കുറ്റനിരക്ക് പരിശോധിക്കുമ്പോൾ മറ്റൊരു ചിത്രമാണ് ലഭിക്കുന്നത്. 2024-ൽ ഛത്തീസ്ഗഢിലാണ് ഏറ്റവും ഉയർന്ന കുറ്റനിരക്ക് — ഒരു ലക്ഷം കുട്ടികളിൽ 22.4. ഹരിയാനയിൽ 17.0, തമിഴ്‌നാട്ടിൽ 14.3, തെലങ്കാനയിൽ 13.8, മധ്യപ്രദേശിൽ 12.1 എന്നിങ്ങനെയാണ് നിരക്ക്. ബിഹാറിൽ കേസുകളുടെ ആകെ എണ്ണം രാജ്യത്ത് ഏറ്റവും കൂടുതലാണെങ്കിലും കുറ്റനിരക്ക് 10.6 ആണ്. ഡൽഹിയിൽ 2,306 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കുറ്റനിരക്ക് 41.6 ആയിരുന്നു.

കേരളം

കേരളത്തിൽ 2022-ൽ 443 കേസുകളായിരുന്നത് 2023-ൽ 521 ആയും 2024-ൽ 718 ആയും ഉയർന്നു. 2024-ലെ കുറ്റനിരക്ക് ഒരു ലക്ഷം കുട്ടികളിൽ 7.6 ആണ്; ദേശീയ ശരാശരി 7.9 ആണ്. അതായത്, കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും കേരളത്തിലെ കുറ്റനിരക്ക് ദേശീയ ശരാശശിയേക്കാൾ താഴെയാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിൽ ഈ വ്യത്യാസം കൂടി പരിഗണിക്കേണ്ടതുണ്ട്.

എന്ത് കൊണ്ട് കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു ?

പ്രായപൂർത്തിയാകാത്തവർക്കിടയിലെ കുറ്റകൃത്യങ്ങൾക്ക് ഒരൊറ്റ കാരണത്തെ മാത്രം ചൂണ്ടിക്കാണിക്കാനാവില്ല. കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, സുഹൃദ്‌വലയം, സാമൂഹിക സാഹചര്യങ്ങൾ, മാനസികാരോഗ്യം, ഓൺലൈൻ ഇടപെടലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ കുട്ടികളുടെ പെരുമാറ്റത്തെയും തീരുമാനങ്ങളെയും സ്വാധീനിക്കാം. എന്നാൽ ഇവയിൽ ഏതെങ്കിലും ഒരു ഘടകം എല്ലാ കുട്ടികളെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു എന്ന് പൊതുവായി വിലയിരുത്താനാവില്ല. ഓരോ സംഭവത്തിന്റെയും പശ്ചാത്തലവും അതിൽ ഉൾപ്പെട്ട കുട്ടിയുടെ സാഹചര്യങ്ങളും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ടിൽ കേസിലകപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ-കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. 2024-ൽ കേസിലകപ്പെട്ട 42,633 കുട്ടികളിൽ 2,857 പേർ നിരക്ഷരരും 8,989 പേർ പ്രാഥമിക വിദ്യാഭ്യാസം നേടിയവരുമാണ്. 21,068 പേർ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നേടിയവരും 8,301 പേർ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടിയവരുമാണ്. 1,418 പേർ മാത്രമാണ് ഹയർ സെക്കൻഡറിക്കു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ കണക്കുകൾ പരിശോധിക്കുമ്പോൾ, പിടിയിലായ കുട്ടികളിൽ ഭൂരിപക്ഷവും സ്കൂൾതല വിദ്യാഭ്യാസം നേടിയവരാണെന്ന് കാണാം. എന്നാൽ, വിദ്യാഭ്യാസനില മാത്രം അടിസ്ഥാനമാക്കി കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള കാരണങ്ങൾ കണ്ടെത്താനാവില്ല. പഠനം തുടരുന്നതിലെ തടസ്സങ്ങൾ, സ്കൂൾ അന്തരീക്ഷം, കുടുംബപശ്ചാത്തലം, സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്.

കുടുംബപശ്ചാത്തലം പരിശോധിക്കുമ്പോൾ 36,905 കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. ഏതാണ്ട് 87 ശതമാനം. 3,512 പേർ മറ്റ് നിയമാനുസൃത രക്ഷിതാക്കളോടൊപ്പവും 2,216 പേർ ഭവനരഹിതരുമായിരുന്നു. അതായത്, കുടുംബത്തിൽനിന്ന് അകന്നുനിൽക്കുന്നവരോ മാതാപിതാക്കളുടെ പരിചരണമില്ലാത്തവരോ മാത്രമല്ല നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികൾ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഭൂരിപക്ഷം കുട്ടികളും മാതാപിതാക്കളോടൊപ്പം തന്നെയാണ് കഴിഞ്ഞിരുന്നത് എന്ന് ഈ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

കൗമാരക്കാരുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ച് 2025-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ വിഷയത്തിന്റെ സങ്കീർണതയിലേക്ക് വിരൽ ചൂണ്ടുന്നു. തമിഴ്‌നാട്ടിലെ സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലുള്ള 178 ആൺകുട്ടികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, വൈകാരിക അസംതൃപ്തി, സുഹൃത്തുക്കളുടെ സ്വാധീനം, കുടുംബത്തിലെ പ്രശ്നങ്ങൾ, മാധ്യമങ്ങളിലൂടെയുള്ള സ്വാധീനം, ഭൗതികമായ ആഗ്രഹങ്ങൾ, വിദ്യാഭ്യാസത്തിൽനിന്നുള്ള അകൽച്ച, കുടിയേറ്റം തുടങ്ങിയ ഘടകങ്ങളാണ് കണ്ടെത്തിയത്. എന്നാൽ, നിരീക്ഷണകേന്ദ്രങ്ങളിൽ കഴിയുന്ന ആൺകുട്ടികളെ മാത്രം ഉൾപ്പെടുത്തിയ പഠനമാണിത്. അതിനാൽ ഈ കണ്ടെത്തലുകൾ രാജ്യത്തെ എല്ലാ കൗമാരക്കാരുടെയും സാഹചര്യത്തെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കാനാവില്ല.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളിൽ 99 ശതമാനവും ആൺകുട്ടികൾ 

ജുവനൈൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കുട്ടികളുടെ കണക്കുകൾ ലിംഗാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വലിയ വ്യത്യാസം കാണാം. 2024-ൽ രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 42,633 കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. ഇതിൽ 42,283 പേർ ആൺകുട്ടികളും 349 പേർ പെൺകുട്ടികളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണ്. അതായത്, പിടിയിലായ കുട്ടികളിൽ ഏകദേശം 99.2 ശതമാനം ആൺകുട്ടികളും 0.8 ശതമാനം പെൺകുട്ടികളുമാണ്.

പ്രായം തിരിച്ചുള്ള കണക്കുകളും ശ്രദ്ധേയമാണ്. 2024-ൽ പിടിയിലായ കുട്ടികളിൽ 33,129 പേർ പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. ഇത് ആകെ പിടിയിലായ കുട്ടികളുടെ 77.7 ശതമാനമാണ്. ഈ പ്രായവിഭാഗത്തിൽ 32,861 ആൺകുട്ടികളും 268 പെൺകുട്ടികളുമാണുള്ളത്. അതായത്, ഈ പ്രായവിഭാഗത്തിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ആൺകുട്ടികളാണ് കൂടുതൽ. 

കുട്ടികൾ നിയമത്തിന് മുന്നിൽ: ജുവനൈൽ ജസ്റ്റിസ് സംവിധാനത്തിന്റെ ഇടപെടലുകൾ

പ്രായപൂർത്തിയാകാത്തവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുമ്പോൾ അവർക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികൾ മുതിർന്നവർക്കുള്ള ക്രിമിനൽ നടപടികളിൽനിന്ന് വ്യത്യസ്തമാണ്. കുട്ടികളുടെ പ്രായം, മാനസികവും സാമൂഹികവുമായ സാഹചര്യം, പുനരധിവാസത്തിനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് നിയമസംവിധാനം ഇടപെടേണ്ടത്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള പ്രധാന നിയമമാണ് ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015. ശിക്ഷയേക്കാളുപരി, നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളുടെ സംരക്ഷണം, പരിചരണം, പുനരധിവാസം, എന്നിവയ്ക്കാണ് നിയമം ഊന്നൽ നൽകുന്നത്.

ഈ നിയമപ്രകാരം കുറ്റകൃത്യങ്ങളെ ശിക്ഷയുടെ സ്വഭാവവും കാലാവധിയും അടിസ്ഥാനമാക്കി നിസ്സാര കുറ്റങ്ങൾ (Petty Offences), ഗുരുതര കറ്റങ്ങൾ (Serious Offences), ഹീനമായ കുറ്റങ്ങൾ (Heinous Offences) എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു. പരമാവധി മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിസ്സാര കുറ്റങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും, പരമാവധി ശിക്ഷ ഏഴ് വർഷത്തിൽ കൂടുതലാണെങ്കിലും കുറഞ്ഞ ശിക്ഷ ഏഴ് വർഷത്തിൽ താഴെയോ കുറഞ്ഞ ശിക്ഷ നിശ്ചയിച്ചിട്ടില്ലാത്തതോ ആയ ചില കുറ്റങ്ങളും ഗുരുതര കുറ്റങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു. കുറഞ്ഞത് ഏഴ് വർഷമോ അതിലധികമോ തടവുശിക്ഷ നിർബന്ധമായും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹീനമായ കുറ്റങ്ങളായി കണക്കാക്കുന്നത്. 2021-ലെ നിയമഭേദഗതിയിലൂടെയാണ് ഗുരുതര കുറ്റങ്ങളുടെ നിർവചനത്തിൽ ഈ വ്യക്തത വരുത്തിയത്.

ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്കൊണ്ട് മാത്രം മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാനാവുമോ ?

നിയമവുമായി സംഘർഷത്തിലായ കുട്ടികളുടെ കേസുകൾ പരിഗണിക്കുന്നതിനായി ഓരോ ജില്ലയിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് (Juvenile Justice Board – JJB) രൂപീകരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊലീസിന്റെ പിടിയിലാകുന്ന കുട്ടികളെ സാധാരണ ക്രിമിനൽ കോടതികളിൽ നേരിട്ട് ഹാജരാക്കുന്നതിനു പകരം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലാണ് ഹാജരാക്കേണ്ടത്. കുട്ടിയുടെ പ്രായം, കേസ് സംബന്ധിച്ച സാഹചര്യങ്ങൾ, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ച് ബോർഡ് അന്വേഷണം നടത്തുകയും നിയമപ്രകാരമുള്ള തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുന്നു. 

എന്നാൽ, 16 വയസ്സ് പൂർത്തിയായ കുട്ടി ഹീനമായ കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിയമം പ്രത്യേക നടപടിക്രമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം കേസുകളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടിയുടെ മാനസികവും ശാരീരികവുമായ ശേഷി, കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്ന സാഹചര്യങ്ങൾ എന്നിവ വിലയിരുത്തി പ്രാഥമിക പരിശോധന (Preliminary Assessment) നടത്തണം. ഇതിനായി പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരുടെയോ സാമൂഹിക-മനഃശാസ്ത്ര വിദഗ്ധരുടെയോ സഹായം തേടാനും നിയമം അനുവദിക്കുന്നുണ്ട്. ഈ പരിശോധന ഒരു വിചാരണയല്ലെന്നും കുറ്റം തെളിയിക്കുന്ന നടപടിയല്ലെന്നും നിയമം പ്രത്യേകം വ്യക്തമാക്കുന്നു.

പ്രാഥമിക പരിശോധനയ്ക്കുശേഷം കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിൽത്തന്നെ പരിഗണിക്കണമോ അതോ കുട്ടികളുടെ കോടതിയിലേക്ക് (Children’s Court) കൈമാറണമോ എന്ന് ബോർഡിന് തീരുമാനിക്കാം. കേസ് കൈമാറിയാൽ പോലും കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യണമെന്നത് സ്വാഭാവികമായോ നിർബന്ധമായോ സംഭവിക്കുന്നില്ല. ലഭിച്ച പരിശോധനാ റിപ്പോർട്ടും മറ്റ് സാഹചര്യങ്ങളും പരിഗണിച്ച് മുതിർന്നയാളായി വിചാരണ നടത്തേണ്ടതില്ലെന്ന് കുട്ടികളുടെ കോടതിക്ക് തീരുമാനിക്കാം. അങ്ങനെ തീരുമാനിച്ചാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമാനമായ നടപടിക്രമത്തിലൂടെ കേസ് പരിഗണിക്കാം. അതിനാൽ, 16 വയസ്സ് കഴിഞ്ഞ കുട്ടി ഹീനമായ കുറ്റകൃത്യത്തിൽ പ്രതിയാണെന്ന കാരണത്താൽ മാത്രം അയാളെ മുതിർന്നയാളായി വിചാരണ ചെയ്യാനാവില്ല. 

ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം ശിക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല; കുട്ടികളുടെ പുനരധിവാസത്തിനും സാമൂഹികമായ തിരിച്ചുവരവിനും പ്രാധാന്യം നൽകുന്നതാണ്. അതുകൊണ്ടുതന്നെ കൗൺസലിങ്, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പെരുമാറ്റപരിഷ്കരണ ചികിത്സ, മാനസികാരോഗ്യ പിന്തുണ തുടങ്ങിയവ നിയമപ്രകാരമുള്ള ഇടപെടലുകളുടെ ഭാഗമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുട്ടികളെ ശിക്ഷിക്കേണ്ടവരായി മാത്രം കാണാതെ, സംരക്ഷണവും പുനരധിവാസവും ആവശ്യമായ കുട്ടികളായി കൂടി പരിഗണിക്കണമെന്ന സമീപനമാണ് നിയമം മുന്നോട്ടുവയ്ക്കുന്നത്.

നിർഭയ കേസ്: ജുവനൈൽ നിയമത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സംഭവം

2012 ഡിസംബർ 16-ന് ഡൽഹിയിൽ 23 വയസ്സുകാരിയായ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും ജുവനൈൽ നീതിന്യായ നിയമത്തിലെ മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള ചർച്ചകൾക്കും വഴിവെച്ചു. കേസിലെ ആറ് പ്രതികളിൽ ഒരാൾക്ക് കുറ്റകൃത്യം നടന്ന സമയത്ത് 18 വയസ്സ് തികഞ്ഞിരുന്നില്ല. അന്ന് നിലവിലുണ്ടായിരുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട്, 2000 പ്രകാരം ഇയാൾക്ക് പരമാവധി മൂന്ന് വർഷത്തെ തടവ് മാത്രമാണ് ലഭിച്ചത്. 2015 ഡിസംബർ 20-ന് കാലാവധി പൂർത്തിയാക്കി ഇയാൾ മോചിതനായി.

ഈ സംഭവത്തിനുശേഷം 16 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. ഈ പശ്ചാത്തലത്തിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട്, 2015 നിലവിൽ വന്നത്. പാർലമെന്റ് പാസാക്കിയ നിയമം 2016 ജനുവരി 15-ന് പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം, 16 വയസ്സ് പൂർത്തിയായ കുട്ടി ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെട്ടാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് പ്രാഥമിക പരിശോധന നടത്താനും നിശ്ചിത സാഹചര്യങ്ങളിൽ കേസ് കുട്ടികളുടെ കോടതിയിലേക്ക് കൈമാറാനും വ്യവസ്ഥയുണ്ട്. എന്നാൽ, എല്ലാ കുട്ടികളെയും മുതിർന്നവരെപ്പോലെ വിചാരണ ചെയ്യണമെന്നല്ല നിയമം പറയുന്നത്.

കെട്ടിക്കിടക്കുന്ന കേസുകൾ

കുട്ടികളെ കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും നിയമവുമായി സംഘർഷത്തിലാകുന്നവർക്ക് നീതിയും പുനരധിവാസവും ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ ജുവനൈൽ നീതിന്യായ സംവിധാനം ആവശ്യമാണ്. എന്നാൽ, 2025 നവംബറിൽ പ്രസിദ്ധീകരിച്ച ഇന്ത്യ ജസ്റ്റിസ്‌ റിപ്പോർട്ട്‌ 2025 ചൂണ്ടിക്കാട്ടുന്നത് ഈ സംവിധാനത്തിലെ ചില പ്രധാന പരിമിതികളാണ്. റിപ്പോർട്ടിനായി വിവരങ്ങൾ ലഭിച്ച 362 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ 2022 നവംബർ മുതൽ 2023 ഒക്ടോബർ വരെ പരിഗണനയിലുണ്ടായിരുന്ന 1,00,904 കേസുകളിൽ 45,097 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ശേഷിച്ച 55,807 കേസുകൾ തീർപ്പാകാതെ കിടന്നു. അതായത്, പരിശോധിച്ച കേസുകളിൽ ഏകദേശം 55 ശതമാനവും കെട്ടിക്കിടക്കുകയായിരുന്നു. കൂടാതെ, ചില ബോർഡുകളിൽ ആവശ്യമായ അംഗങ്ങളുടെയും നിയമസഹായ ക്ലിനിക്കുകളുടെയും കുറവുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പ്രായപരിധി കുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വർമ്മ കമ്മീഷൻ 

നിർഭയ സംഭവത്തെ തുടർന്ന്, നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാൻ കേന്ദ്രസർക്കാർ ജസ്റ്റിസ് ജെ.എസ്. വർമ്മ അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. 2013-ൽ സമർപ്പിച്ച റിപ്പോർട്ടിൽ, കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കാൻ സമിതി ശുപാർശ ചെയ്തില്ല. കുട്ടികളുടെ മാനസിക വളർച്ചയും പുനരധിവാസ സാധ്യതകളും പരിഗണിച്ചായിരുന്നു ഈ നിലപാട്. ഒറ്റപ്പെട്ട ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ കുട്ടികൾക്കും ബാധകമായ തരത്തിൽ പ്രായപരിധി മാറ്റുന്നത് ഉചിതമല്ലെന്ന നിലപാടും സമിതി മുന്നോട്ടുവച്ചു.

കുട്ടികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ ജുവനൈൽ കുറ്റകൃത്യങ്ങളെ നേരിടാനുള്ള സമീപനം ശിക്ഷയിലോ പ്രായപരിധി സംബന്ധിച്ച ചർച്ചകളിലോ മാത്രം ഒതുങ്ങരുത്. കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് എത്തുന്ന സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും നിയമവുമായി സംഘർഷത്തിലായ കുട്ടികൾക്ക് തിരുത്തലിനും പുനരധിവാസത്തിനും അവസരം ഉറപ്പാക്കുന്നതിനും ഒരുപോലെ പ്രാധാന്യം നൽകണം. കുറ്റകൃത്യങ്ങളുടെ കണക്കുകൾ മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കണ്ടെത്തേണ്ടത് നിയമസംവിധാനത്തിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.


അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top