അത് അലാസ്കയാണ് ; നേപ്പാൾ അല്ല ! 

അത് അലാസ്കയാണ് ; നേപ്പാൾ അല്ല ! 

അലാസ്കയിലെ ‘കൊളംബിയ ഹിമാനി’യിൽ സംഭവിച്ച ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്’ (GLOF – Glacial Lake Outburst Flood) എന്ന പ്രതിഭാസത്തിന്റെ വീഡിയോ ,നേപ്പാളിലേതെന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് ചില കോൺടെന്റ് ക്രിയേറ്റർമാർ.

ഹിമാലയത്തിലെ ഹിമാനി തകർന്നതിനെ തുടർന്ന് നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിൽ കനത്ത പ്രളയമാണുണ്ടായത് ആഗസ്റ്റ് 26 നാണ്. ദുരന്തത്തിൽ കുറഞ്ഞത്  1,114 പേർ മരണപ്പെടുകയും ഏതാണ്ട്  3,916 പേർക്ക്  പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊടുന്നനെയുണ്ടായ ദുരന്തത്തിൽ നേപ്പാളാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. എങ്കിൽ പോലും  സാമൂഹ്യ മാധ്യമങ്ങളിൽ ദുരന്തവുമായി ബന്ധപ്പെട്ട് പതിവ് പോലെ നിരവധി വ്യാജ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 

നേപ്പാളിലെ പ്രളയത്തിന് കാരണമായ ഹിമപാളികളെന്ന തരത്തിലൊരു വീഡിയോയാണ് നിലവിൽ പ്രചരിക്കുന്നത്. ഒരു മഞ്ഞു തടാകത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണിവ. ദൃശ്യങ്ങളിൽ, തടാകത്തിന് ചുറ്റും മഞ്ഞുപാളികളും കാണാം. മഞ്ഞു പാളികൾക്കിടയിലൂടെ വെള്ളം തടാകത്തിലേക്ക് കുത്തിയൊലിച്ചു വരുന്നുണ്ട്. എന്നാൽ ഈ വീഡിയോ പൂർണമായും വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ വ്യക്തമായി.

‘Rahul’s Blogspot’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പങ്കുവെച്ച വീഡിയോയാണ് ആദ്യം കണ്ടത്. ആഗസ്റ്റ് 28 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (സെപ്റ്റംബർ 4) മൂന്ന് ലക്ഷത്തോളം തവണ കണ്ടിട്ടുണ്ട്. 1,700 ലൈക്കുകളും 386 ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

‘Rahul Blogspot’ പങ്കുവെച്ച പോസ്റ്റ്

“നേപ്പാളിൽ നടന്നത് മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പാച്ചിൽ.സംഭവത്തിൻ്റെ കൂടുതൽ ആകാശ ദൃശ്യങ്ങൾ പുറത്ത് വന്നു”

എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ വീഡിയോ നേപ്പാളുമായി ബന്ധപ്പെട്ടതല്ലെന്ന് തോന്നിക്കുന്ന തെളിവുകളുണ്ട്. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ, നേപ്പാളുമായി ബന്ധപ്പെട്ട വാർത്തകളിൽ ഈ വീഡിയോ മാധ്യമങ്ങൾ ഇതിനകം സംപ്രേഷണം ചെയ്തേനെ. എന്നാൽ ഇതുവരെ  മാധ്യമങ്ങളിൽ  ഈ വീഡിയോ ഉപയോഗിച്ചിട്ടുള്ളതായി കാണുന്നില്ല .

ഇതേ തുടർന്ന്, വീഡിയോയുടെ കീഫ്രൈമുകളുപയോഗിച്ച് നടത്തിയ കൂടുതൽ പരിശോധനയിൽ നിരവധി പേർ ഇതേ വീഡിയോ നേപ്പാൾ ദുരന്തിന്റേതാണെന്ന പേരിൽ പ്രചരിപ്പിച്ചതായി കണ്ടെത്തി. 

ആഗസ്റ്റ് 28 ന് തന്നെ ‘Paramaban Shaji’ എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത വീഡിയോ ഏഴായിരത്തിലധികം തവണ കണ്ടിട്ടുണ്ട്.

‘Paramaban Shaji’ എന്ന അക്കൗണ്ട്

നേപ്പാളിലെ മിന്നൽ പ്രളയമുണ്ടാകാനിടയായ മഞ്ഞുമലയിടിച്ചിലിന്റെ  ഉത്ഭവസ്ഥാനത്തിന്റെ ആകാശ ദൃശ്യം” എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. വേറെയും നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഈ വീഡിയോ സമാന സ്വഭാവത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്. 

മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷിലും ഹിന്ദിയിലും വ്യാപകമായി ഇതേ വീഡിയോ പ്രചരിച്ചിട്ടുണ്ട്. എല്ലാ പോസ്റ്റിന്റെയും അവകാശ വാദം ഈ വീഡിയോ നേപ്പാളിലേതാണെന്നാണ്.

ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രചരിക്കുന്നതിൽ ചില പോസ്റ്റുകൾ

ലാങ്താങ് ലിരുങ്ങ് കൊടുമുടിയുടെ വടക്കൻ ഭാഗത്ത് നിന്ന് വൻതോതിൽ ഹിമാനികളും പാറക്കെട്ടുകളും ലെന്ദേ ഖോല നദീതടത്തിലേക്ക് പതിച്ചതാണ് നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണമായത്. മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങൾ കാരണം നദിയിൽ രൂപപ്പെട്ട സ്വാഭാവിക അണക്കെട്ട്, താഴ് വാരത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു. എന്നാൽ അല്പസമയത്തിനകം അണക്കെട്ട് തകരുകയും, അതിശക്തമായ ചെളിവെള്ളപ്പാച്ചിൽ ലെന്ദേ ഖോല, ഭോട്ടെ കോശി, തൃശൂലി എന്നീ നദികളിലൂടെ വെള്ളം കുതിച്ചൊഴുകി.

നേപ്പാളിൽ സംഭവിച്ചത് ഇതാണ്. താത്കാലികമായി രൂപപ്പെട്ട അണക്കെട്ടിന്റെ ഡ്രോൺ ദൃശ്യങ്ങൾ നിലവിൽ അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ, വരണ്ട മലനിരകളുടെ നടുക്കായി രൂപപ്പെട്ട ഒരു അണക്കെട്ടാണ് കാണാൻ സാധിക്കുക. 

എന്നാൽ, പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് മഞ്ഞുമലകളുടെ നടുവിലായി രൂപപ്പെട്ട ഒരു തടാകമാണ്. തടാകത്തിൽ നിരവധി ചെറു ഹിമാനികൾ ഒഴുകി നടക്കുന്നതായും കാണാം. ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മഞ്ഞും. അതായത്, നേപ്പാളിലെ ദുരന്തമുഖത്തെ ഭൂപ്രകൃതിയുമായി,  പ്രചരിക്കുന്ന വീഡിയോ ഒത്തു

പോകുന്നില്ല.

റിവേഴ്സ് ഇമേജ് സെർച്ചിലൂടെയുളള കൂടുതൽ അന്വേഷണം ചെന്നെത്തിയത് മറ്റൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ്. ‘helipilotleigh’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ 2026 ഓഗസ്റ്റ് 22ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. അമേരിക്കയിലെ കൊമേര്‍ഷ്യല്‍ ഹെലികോപ്റ്റര്‍ പൈലറ്റായ ലീ കോട്ട്സ് (Leigh Coates) എന്ന സ്ത്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണിത്. 

നേപ്പാളിൽ ദുരന്തം സംഭവിച്ചത് ആഗസ്റ്റ് 26 നാണ്. അതായത്, ദുരന്തം സംഭവിക്കുന്നതിനും നാല് ദിവസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, അലാസ്കയിലെ ‘കൊളംബിയ ഹിമാനി’യിൽ സംഭവിച്ച ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്’ (GLOF – Glacial Lake Outburst Flood) എന്ന പ്രതിഭാസത്തിന്റെ വീഡിയോയാണിത്. മഞ്ഞുപാളികൾ ഉരുകി ഹിമാനീ തടാകങ്ങളുടെ ചിറപൊട്ടി ഉണ്ടാകുന്ന മിന്നൽ വെള്ളപ്പൊക്കത്തെയാണ് GLOF എന്ന് വിളിക്കുന്നത്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, 2014 മുതൽ അലാസ്കയിലെ കൊളംബിയ ഹിമാനിയിൽ ഈ പ്രതിഭാസം നടക്കുന്നുണ്ട്.

ലീ കോട്ട്സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്

ലീ കോട്ട്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പ്രതിഭാസത്തിന്റെ വീഡിയോ ഹെലികോപ്ടറിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇതിലൊരു വീഡിയോയാണ് നേപ്പാളിലേതെന്ന പേരിൽ പ്രചരിക്കുന്നത്. അക്കൗണ്ടിലെ മറ്റൊരു വീഡിയോയിൽ തന്റെ വീഡിയോകൾ നേപ്പാളിലേതെന്ന പേരിൽ തെറ്റായി പ്രചരിക്കുന്നതായി ലീ കോട്ട്സ് തന്നെ പറയുന്നുണ്ട്. 

“ദുരന്തത്തിനിടയിൽ വ്യാജ പ്രചരണങ്ങൾ ആളുകളെ കൂടുതൽ ഭയപ്പെടുത്തും. ഇത് തടയാൻ നിങ്ങളെല്ലാവരുടെയും സഹായം വേണം” വീഡിയോയിൽ ലീ കോട്ട്സ് പറയുന്നു. 

ഒറ്റനോട്ടത്തിൽ, അലാസ്കയിലുണ്ടായതിന് സമാനമായ പ്രതിഭാസമാണ് നേപ്പാളിലും നടന്നതെന്ന് തോന്നാം. ഈ സമാനതകൾ ഉള്ളത് കൊണ്ട് തന്നെയാവണം വീഡിയോ തെറ്റായി പ്രചരിച്ചതും. എന്നാൽ, മഞ്ഞുരുകി നിലവിലുള്ള ഹിമാനി തടാകങ്ങളുടെ ചിറപൊട്ടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെയാണ് ‘GLOF’ എന്ന് വിളിക്കുക. പക്ഷേ നേപ്പാളിലുണ്ടായത്, മണ്ണിടിച്ചിലിലെ അവശിഷ്ടങ്ങളും ഹിമാനികളും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടുണ്ടായ താത്കാലിക അണക്കെട്ടാണ്. ഇത് ഉടൻ തന്നെ തകരുകയും ചെയ്തു.

ചുരുക്കത്തിൽ നിലവിൽ പ്രചരിക്കുന്ന വീഡിയോ അലാസ്കയിലേതാണ്. അതിന് നേപ്പാൾ ദുരന്തവുമായി ബന്ധമൊന്നുമില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top