
കുടി കുറഞ്ഞ് ലഹരി കൂടി കേരളം
ഓപ്പറേഷൻ തൂഫാനും ‘വീര്യം കുറഞ്ഞ മദ്യ’വുമാണ്, കുറച്ച് നാളായി കേരളത്തിലെ പ്രധാന തലക്കെട്ടുകൾ. വർധിച്ചു വരുന്ന ലഹരി ഉപയോഗം എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലക്കാണ് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. എന്നാൽ ലഹരിയുടെ ഉപയോഗം സംബന്ധിച്ച യഥാർത്ഥ സ്ഥിതിവിവരക്കണക്കുകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടില്ല താനും. ഓണം, ക്രിസ്മസ് തുടങ്ങിയ സീസണുകളിൽ മലയാളികൾക്ക് ‘റെക്കോർഡ് മദ്യപാനമാണ്’ എന്ന തരത്തിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധം വസ്തുതാപരമല്ല. കേരളത്തിൽ 15 വർഷങ്ങൾക്കിപ്പുറം മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിരിക്കുകയാണ് എന്ന് കാണാം. അതേ സമയം ചെറുപ്പക്കാർക്കിടയിൽ എംഡിഎംഎ യും കഞ്ചാവുമടക്കമുള്ള ലഹരികളുടെ ഉപയോഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ലഹരി വിമുക്ത കേന്ദ്രങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി ഒരന്വേഷണം.
“റെക്കോർഡ് മദ്യ വില്പനയുമായി ബെവ്കോ”
കാലങ്ങളായി ഓണാഘോഷത്തിന് പിന്നാലെ പതിവായി മലയാള മാധ്യമങ്ങളിൽ നിറയുന്ന തലക്കെട്ടാണിത്. ഏറ്റവുമധികം മദ്യം വിറ്റ ഔട്ട്ലെറ്റിന്റെയും ജില്ലയുടെയുമൊക്കെ വാർത്തകൾ തലക്കെട്ടുകളിൽ നിറയുമ്പോൾ, മലയാളിയുടെ മദ്യ ഉപഭോഗം പ്രതിവർഷം കൂടുന്നുവെന്ന പൊതുബോധം കൂടി സൃഷ്ടിക്കപെടുന്നുണ്ട്. എന്നാൽ എന്താണ് യാഥാർഥ്യം ? ബെവ്കോയുടെ കണക്കുകൾ ഇതിനുത്തരം നൽകുന്നുണ്ട്.
കുടിയല്ല കൂടുന്നത്, വിലയാണ് !
ബീവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) വാർഷിക റിപ്പോർട്ടിലെ കണക്കുകളനുസരിച്ച്, 2016 – 17 കാലഘട്ടത്തിൽ ആകെ വിറ്റുവരവ് 12,142.64 കോടി രൂപയാണ്. 2024 – 25 ൽ ഈ തുക 19,732.83 കോടി രൂപയായി ഉയർന്നു. അതായത്, എട്ട് വർഷങ്ങൾ കൊണ്ട് വിറ്റുവരവിൽ ഏതാണ്ട് 62.5 ശതമാനത്തിന്റെ വർദ്ധനവ്. ഈ കണക്കുകളെ ആശ്രയിച്ചാണ് മാധ്യമങ്ങൾ പലപ്പോഴും കേരളീയരുടെ മദ്യ ഉപഭോഗം ‘വർധിച്ചതായി’ അവകാശപ്പെടുന്നത്. എന്നാൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർഷംതോറും കൂടുന്നുണ്ട്. ചില മദ്യങ്ങൾക്ക് 2017 ലെ അപേക്ഷിച്ച് 53 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മദ്യ ഉപഭോഗം കൂടിയില്ലെങ്കിലും ബെവ്കോയുടെ ആകെ വിറ്റുവരവ് കൂടി കൊണ്ടേയിരിക്കും.
മദ്യപാനം കുറയുന്നു
ബെവ്കോയുടെ വാർഷിക റിപ്പോർട്ടിൽ പ്രതി വർഷം ചെലവാകുന്ന മദ്യത്തിന്റെ കണക്കുകളും നൽകിയിട്ടുണ്ട്. മലയാളികളുടെ മദ്യ ഉപഭോഗം കൂടുന്നില്ലെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ്. 2025 ൽ അന്നത്തെ സംസ്ഥാന എക്സൈസ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അവതരിപ്പിച്ച രേഖകളിലും ഈ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, 2011 – 12 കാലയളവിൽ കേരളത്തിലാകെ വിറ്റത് 241.78 ലക്ഷം പെട്ടി വിദേശ മദ്യമാണ്. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം, 2024 – 25 കാലയളവിൽ 228.60 ലക്ഷം പെട്ടിയായി കുറഞ്ഞു. അതായത്, 13 ലക്ഷത്തോളം പെട്ടികളുടെ കുറവ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്ക കാലത്ത് 241 ലക്ഷം പെട്ടി മദ്യമാണ് വിറ്റത്. ഇതേ സർക്കാരിന്റെ അവസാന വർഷത്തിൽ തന്നെ വിൽപ്പനയിൽ നാല്പത് ലക്ഷം പെട്ടികളുടെ കുറവുണ്ടായി. 2014 ആഗസ്റ്റിൽ സർക്കാർ നടപ്പിലക്കിയ മദ്യ നിരോധന നയമാണ് ഈ കുറവിന് കാരണമായത്. 2016 ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മദ്യ നയത്തിൽ മാറ്റം വരുത്തിയതോടെ വിൽപ്പനയിൽ ക്രമേണ പിന്നെയും വർധനവുണ്ടായതായി കാണാം. 205 ലക്ഷം പെട്ടികളിൽ നിന്ന് 218 ലക്ഷം പെട്ടികളായി. ഇതിന് ശേഷം കോവിഡ് കാലത്താണ് കേരളത്തിലെ മദ്യ വിൽപ്പനയിൽ പെട്ടെന്നൊരു ഇടിവുണ്ടായത്.പ്രതിവർഷ മദ്യവില്പന 181 ലക്ഷം പെട്ടികളായി കുറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിന്നെയും മദ്യവില്പന ഉയർന്നിരുന്നെങ്കിലും 2011 ലെ വിൽപ്പനയിൽ പിന്നീട് ഒരിക്കലും എത്തിയിട്ടില്ല.
മദ്യത്തിൽ നിന്ന് ഇതര ലഹരികളിലേക്ക്
മലയാളികളുടെ മദ്യ ഉപഭോഗത്തിൽ വർദ്ധനവുണ്ടാകുന്നില്ലെങ്കിലും ലഹരിയോടുള്ള ആസക്തി കുറയുന്നില്ല.മദ്യത്തിന്റെ സ്ഥാനം മറ്റ് നിരോധിത ലഹരി വസ്തുക്കൾ കയ്യടക്കുന്നതായി വേണം ഈ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ. ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ കേന്ദ്രങ്ങളിലെ അനുഭവങ്ങളും ഈ അനുമാനത്തെ സാധൂകരിക്കുന്നു.
ഞങ്ങൾ ബന്ധപ്പെട്ട ലഹരി വിമുക്ത ചികിത്സകർ ഏകകണ്ഠമായി പറയുന്നത്, സംസ്ഥാനത്ത് നിരോധിത രാസലഹരിയുടെ ഉപയോഗം ഗണ്യമായി വർധിക്കുന്നുണ്ടെന്നാണ്. രാസലഹരി മാത്രമല്ല, കഞ്ചാവിന്റെ ഉപയോഗവും വർധിച്ചതായി ഇവർ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വർഷം മുൻപ് വരെ ലഹരി വിമുക്ത കേന്ദ്രങ്ങളിലെ അന്തേവാസികളിൽ ബഹു ഭൂരിപക്ഷവും മദ്യാസക്തി കുറയ്ക്കാനായി ചികിത്സ തേടി എത്തിയവരായിരുന്നു. എന്നാൽ ആ അവസ്ഥയിൽ മാറ്റം വന്നു.
തൊടുപുഴയിലെ ‘റിവൈവ് ഡി-അഡിക്ഷൻ സെന്ററി’ൽ നിലവിലുള്ള 100 അന്തേവാസികളിൽ 45 പേരും കഞ്ചാവിനോ എംഡിഎംഎ (methylened ioxy-methamphetamine, MDMA) എന്ന രാസലഹരിക്കോ അടിമയായി എത്തിയവരാണ്. മറ്റ് 55 പേരിലും മദ്യമല്ലാതെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചവരുണ്ട്. “മദ്യമല്ലാതെയുള്ള ലഹരി ഉപയോഗിച്ച് എത്തുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ കൂടിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ചികിത്സിക്കാനും കൂടുതൽ ബുദ്ധിമുട്ടാണ്” റിവൈവ് ഡി-അഡിക്ഷൻ സെന്ററിലെ അഡ്മിനിസ്ട്രേറ്റർ ഷൈനി തോമസ് പറയുന്നു.

വിമുക്ത ചികിത്സ തേടിയെത്തുന്ന രോഗികളിൽ പകുതിയോളം പേരും കഞ്ചാവോ എംഡിഎംഎയോ ഉപയോഗിച്ച് ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് മറ്റ് ലഹരി വിമുക്ത കേന്ദ്രങ്ങളും സ്ഥിരീകരിക്കുന്നു. “ഈ സ്ഥാപനം തുടങ്ങിയിട്ട് ഏഴ് വർഷമായി. ആദ്യമൊക്കെ വന്നിരുന്നവരിൽ 80 ശതമാനം പേരും മദ്യാസക്തിയുള്ളവരായിരുന്നു. ഇപ്പോ ഇവിടെ വരുന്നവരിൽ പകുതി മാത്രമേ മദ്യത്തിനടിമപ്പെട്ടവരുള്ളൂ. ബാക്കി പകുതിയും കഞ്ചാവോ എംഡിഎംഎ യോ ഉപയോഗിക്കുന്നവരാണ്.” അങ്കമാലിയിലെ ‘മൈൻഡ് റെജുവനേഷൻ സെന്ററിലെ’ സൈക്കാട്രിസ്റ്റ് ഡോ. ഷംനാദ് പറയുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി ഷംനാദ് ഈ മേഖലയിലാണ് പ്രവർത്തിക്കുന്നത്.
ഒന്നിലധികം ലഹരിവസ്തുക്കളുടെ ഉപയോഗം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഹരി വിമുക്തി കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്നവരിൽ ഭൂരിപക്ഷം പേരും ഒന്നിലധികം ലഹരികൾ ഉപയോഗിക്കുന്നവരാണ്. മൂന്നോ അതിലധികമോ ലഹരി ഉപയോഗിക്കുന്ന ‘പോളി സബ്സ്റ്റൻസ് അബ്യൂസ്’ (Polysubstance abuse) വിഭാഗത്തിൽ പെടുന്നവരും കുറവല്ല. അത് കൊണ്ട് തന്നെ ചികിത്സയും ദുഷ്കരമാണ്. പലപ്പോഴും ടെസ്റ്റുകളിലൂടെ ശരീരത്തിൽ നിന്ന് കണ്ടെത്തുന്ന രാസവസ്തുക്കൾ രോഗികൾ കേട്ടിട്ടില്ലാത്തവ പോലുമാണ്. “വരുന്ന രോഗികൾക്കെല്ലാം ഇപ്പോൾ ടെസ്റ്റുകൾ നിർബന്ധമാക്കുകയാണ്. ഇവർ വാങ്ങിയുപയോഗിക്കുന്ന പല ലഹരികളിലും ആസക്തിയുണ്ടാക്കാൻ മറ്റ് രാസവസ്തുക്കൾ (Addictives) ചേർക്കുന്നുണ്ട്. ഇത് ചികിത്സ വളരെയേറെ പ്രയാസകരമാക്കുന്നു” ഡോ. ഷംനാദ് പറയുന്നു. തങ്ങൾ ഉപയോഗിക്കുന്ന ലഹരിയിൽ അടങ്ങിയിട്ടുള്ളതെന്തൊക്കെയാണെന്ന് അവർക്ക് തന്നെ അറിയില്ല എന്ന് ചുരുക്കം.
രാസലഹരിയിൽ മുന്നിൽ ചെറുപ്പക്കാർ
എന്നാൽ നിരോധിത ലഹരിയുടെ ഉപയോഗം കൂടുന്നതിൽ ഒരു പാറ്റേൺ കാണാനാവുമെന്നാണ് ലഹരി വിമുക്ത കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. നിരോധിത ലഹരി ഉപയോഗിച്ച് ലഹരി വിമുക്ത ചികിത്സ തേടി എത്തുന്നവരിൽ ഭൂരിപക്ഷം പേരും നാൽപ്പത് വയസ്സിന് താഴെയുള്ളവരാണ്.
നാല്പത് വയസ്സ് പിന്നിട്ടവരിൽ ഭൂരിപക്ഷം പേരും മദ്യാസക്തിക്ക് അടിപ്പെട്ടവരാണ്.രണ്ടിലധികം ലഹരികളുടെ ഉപയോഗം അധികമായി കണ്ട് വരുന്നതും ചെറുപ്പക്കാരിൽ തന്നെ.
“30 വയസ്സിന് താഴെ മദ്യാസക്തി കൊണ്ട് മാത്രം ചികിത്സയ്ക്കെത്തുന്നവർ വളരെ വിരളമാണ്. ഇവരിൽ മിക്കവരും കഞ്ചാവിനോ എംഡിഎംഎ ക്കോ ഒപ്പം മദ്യം ഉപയോഗിക്കുന്നവരായിരിക്കും” കൊല്ലം ജില്ലയിലെ പുനർജനി ഡി-അഡിക്ഷൻ സെന്ററിലെ കൗൺസിലർ ശ്രീദിൽ ഒബിസിയോട് പറഞ്ഞു. ശ്രീദിലിന് ഈ മേഖലയിൽ ഏഴ് വർഷത്തെ പ്രവർത്തിപരിചയമുണ്ട്.
അന്തേവാസികളുടെ പ്രായത്തെ പറ്റി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരണങ്ങളിൽ വ്യത്യാസമുണ്ട്. എന്നിരുന്നാലും ചികിത്സ തേടി എത്തുന്നവരിൽ മിക്കവരും 20 നും 30 നുമിടയിൽ പ്രായമുള്ളവരാണെന്ന് ഞങ്ങൾ സംസാരിച്ച എല്ലാ ലഹരി വിമുക്ത കേന്ദ്രങ്ങളുടെയും നടത്തിപ്പുകാർ സ്ഥിരീകരിക്കുന്നു. ഇവരിൽ തന്നെയാണ് എംഡിഎംഎ യുടെയോ കഞ്ചാവിന്റെയോ ഉപയോഗം ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്.
ലഹരി ഉപയോഗത്തിൽ സ്കൂൾ കുട്ടികളും
16 വയസ്സ് മുതൽ തന്നെ നിരോധിത ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ലഹരി വിമുക്ത ചികിത്സകർ പറയുന്നത്. സാധാരണയായി ഈ പ്രായത്തിൽ ലഹരി ഉപയോഗിക്കുന്നവരെ സ്കൂളുകളാണ് കണ്ടെത്തുന്നത്. കൂട്ടുകാരും ലഹരി ഉപയോഗിക്കുന്നതായി കുട്ടികൾ പലപ്പോഴും വെളിപ്പെടുത്താറുണ്ട്.
ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാൻ മാതാപിതാക്കൾക്ക് വിമുഖതയുണ്ടെന്നും ഇവർ പറയുന്നു. പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടും, കുട്ടിയുടെ ‘ഭാവിയെ കുറിച്ചുള്ള ആശങ്ക’യുമൊക്കെയാണ് മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നത്.
കുട്ടികൾക്ക് വേണ്ടിയുള്ള ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത
18 വയസ്സിന് താഴെയുള്ള കുട്ടികളെ കിടത്തി ചികിൽസിക്കാൻ പല ചികിത്സാകേന്ദ്രങ്ങളും തയ്യാറാകാറുമില്ല. നിയമമനുസരിച്ച്, കുട്ടികൾക്ക് പ്രത്യേകം മുറി നൽകി മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തിയെ ചികിത്സയ്ക്കാവൂ. സാധാരണ ലഹരി വിമുക്ത കേന്ദ്രങ്ങൾക്ക് ഇതിനുള്ള സൗകര്യം കാണണമെന്നില്ല. “കുട്ടികളെ ചികിത്സിക്കാൻ ഇവിടെ മതിയായ സൗകര്യമില്ലാത്തത് കൊണ്ട് ഞങ്ങളവരെ സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞ് വിടുകയാണ് ചെയ്യുക. എന്നാൽ സർക്കാർ ആശുപത്രികളിലും സൗകര്യമില്ലാതെ അവർ തിരിച്ച് വരുന്നതാണ് കണ്ടിട്ടുള്ളത്” റിവൈവ് ഡി-അഡിക്ഷൻ സെന്ററിലെ അഡ്മിനിസ്ട്രേറ്റർ ഷൈനി തോമസ് കൂട്ടിച്ചേർത്തു.
സർക്കാർ ലഹരിവിമുക്ത കേന്ദ്രങ്ങളിലും 18 വയസ്സിന് താഴെയുള്ള കുട്ടികളെ കിടത്തി ചികിത്സിക്കാന്നുള്ള സംവിധാനമില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനാൽ പലപ്പോഴും ലഹരിക്കടിമപ്പെട്ട കുട്ടികളെ ആവശ്യമായ മരുന്നുകൾ നൽകി തിരികെ വിടുകയാണ് സർക്കാർ ആശുപത്രികളും ചെയ്യാറുള്ളത്.
കണക്കുകൾ പറയുന്നത്
കേരളത്തിൽ നിരോധിത ലഹരി കൈവശം വയ്ക്കുന്നതും, വിൽക്കുന്നതും, ഉപയോഗിക്കുന്നതും എൻഡിപിഎസ് (NDPS) നിയമത്തിന് കീഴിലാണ് വരിക. എൻഡിപിഎസ് നിയമ പ്രകാരം ചുമത്തിയ കേസുകളുടെ കണക്കുകൾ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിൽ ലഭ്യമാണ്.
ഏറ്റവും ഒടുവിലത്തെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം, 2024 ൽ കേരളത്തിലാകെ രജിസ്റ്റർ ചെയ്തത് 27,149 എൻഡിപിഎസ് കേസുകളാണ്. രാജ്യത്ത് തന്നെ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ (15,641) കേരളത്തിലുള്ളതിന്റെ 58 ശതമാനം കേസുകൾ മാത്രം. 2014 ൽ കേരളത്തിലാകെ രജിസ്റ്റർ ചെയ്തത് 2,239 കേസുകളാണ്. അന്നും രാജ്യത്ത് നാലാം സ്ഥാനത്ത് കേരളമാണ്. പത്ത് വർഷം കൊണ്ട് കേരളത്തിൽ പ്രതിവർഷം രജിസ്റ്റർ ചെയ്യുന്ന എൻഡിപിഎസ് കേസുകളിൽ 1,100 ശതമാനത്തോളം വർദ്ധനവ്.
എന്നാൽ എൻഡിപിഎസ് കേസുകളെ മാത്രം കണക്കാക്കി സംസ്ഥാനത്തെ ലഹരിയുപയോഗം വിലയിരുത്താനാവില്ല. പത്ത് വർഷത്തിനിടെ ലഹരിക്കെതിരെയുള്ള നിരീക്ഷണ സംവിധാനങ്ങളും നിയമനടപടിയും ശക്തിപ്പെട്ടതും കേസുകൾ വർധിക്കാൻ കാരണമാകാം.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പഠനത്തിൽ ഇരുപത്തി മൂന്നാം സ്ഥാനത്ത് കേരളം
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2019 ൽ ‘മാഗ്നിട്ട്യൂഡ് ഓഫ് സബ്സ്റ്റൻസ് യൂസ് ഇൻ ഇന്ത്യ’ എന്ന പേരിൽ ഒരു പഠനം പുറത്തിറക്കിയിട്ടുണ്ട്. നാഷണൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്മെൻറ് സെന്റർ (NDDTC), ആൾ ഇന്ത്യ ഇൻസ്റ്റിറ്റ് ഓഫ് മെഡിക്കൽ സയൻസസ് (AIMMS) എന്നീ സ്ഥാപനങ്ങളാണ് പഠനം നടത്തിയിട്ടുളളത്. ഓരോ സംസ്ഥാനത്തെയും നിരോധിത ലഹരിയുടെ ഉപയോഗത്തെ പറ്റിയുള്ള കണക്കുകൾ ഈ റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ഇതനുസരിച്ച്, രാജ്യത്ത് ഏറ്റവുമധികം കഞ്ചാവുപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബാണ്. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ 12.55 ശതമാനം പേരും കഞ്ചാവുപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഈ ലിസ്റ്റിൽ കേരളം ഇരുപത്തിമൂന്നാം സ്ഥാനത്താണ്. കേരളത്തിലെ 1.28 ശതമാനം പേരാണ് കഞ്ചാവുപയോഗിക്കുന്നത്.
ഉറക്കഗുളികകൾ മുതൽ വേദനസംഹാരി വരെ
ഈ റിപ്പോർട്ട് പ്രകാരം, കഞ്ചാവ് മാത്രമല്ല, മറ്റ് ലഹരികളുടെ ഉപയോഗത്തിലും ആദ്യ പത്ത് സ്ഥാനങ്ങളിൽ കേരളമില്ല. എന്നാൽ ഇഞ്ചക്ഷൻ വഴി ലഹരിയുപയോഗിക്കുന്നവരുടെ (people who inject drugs, PWID) കണക്കുകളിൽ കേരളം താരതമ്യേന മുന്നിലാണ്. രാജ്യത്ത് പതിനാലാം സ്ഥാനം. നിയമവിധേയമായ വേദനാ സംഹാരികളോ ഉറക്കഗുളികകളോ ഇൻജക്ഷനിലൂടെ ശരീരത്തിൽ കുത്തിവയ്ക്കുന്നവരുടെ കണക്കാണിത്. ഇത്തരം ലഹരിയുപയോഗം കേരളത്തിൽ സജീവമായുണ്ടെന്ന് ശ്രീദിലും ഒബിസിയോട് പറഞ്ഞിരുന്നു.
“ചില ഉറക്ക ഗുളികകളും വേദന സംഹാരികളും പൊടിച്ച് ലായനികളാക്കി ശരീരത്തിൽ കുത്തിവയ്ക്കുന്നവരുണ്ട്. ഇങ്ങനെയുള്ള അനേകം പേരാണ് ലഹരി മുക്തിക്കായി എത്തുന്നത്. ഈ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരമേ നൽകാൻ പാടുള്ളൂവെന്ന് നിയമമുണ്ട്. പക്ഷേ, ഫാർമസികൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും ഇത്തരം മരുന്നുകൾ നൽകുന്നുണ്ട്.” കുട്ടികൾക്കടക്കം ഇത്തരം മരുന്നുകൾ കിട്ടുന്നതിങ്ങനെയാണെന്ന് ശ്രീദിൽ പറയുന്നു.
ഇഞ്ചക്ഷൻ ലഹരി ഒഴിച്ചാൽ ലഹരിയുപയോഗത്തിന്റെ മറ്റൊരു ലിസ്റ്റിലും ആദ്യത്തെ 25 സ്ഥാനങ്ങളിൽ കേരളമില്ല. മുൻവർഷങ്ങളിലെ കണക്കുകൾ ഇല്ലാത്തത് കൊണ്ട് തന്നെ, സംസ്ഥാനത്തെ ലഹരിയുപയോഗം കൂടുന്നുണ്ടോ എന്ന് വിലയിരുത്താൻ ഈ റിപ്പോർട്ട് കൊണ്ട് സാധിക്കില്ല. രാജ്യത്തെ മൊത്തം കണക്കുകളിൽ കേരളത്തിന്റെ സ്ഥാനം താഴെയായത് കൊണ്ട്, ഇവിടെ ലഹരി ഉപയോഗം കുറവാണെന്ന് സ്ഥാപിക്കാനാകില്ല.
പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവ്
നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ കണക്കുകൾ പ്രകാരം 2024 ൽ കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 18,284.84 കിലോ നിരോധിത ലഹരി വസ്തുക്കളാണ്. ഏറ്റവുമധികം നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംസ്ഥാനങ്ങളിൽ പതിനേഴാം സ്ഥാനം. ഇതിൽ കഞ്ചാവും എംഡിഎംഎ യും അടക്കം എല്ലാത്തരം ലഹരികളും ഉൾപ്പെടുന്നുണ്ട്. 2018 ൽ 1,741.4 കിലോയായിരുന്നു. ആറ് വർഷങ്ങൾ കൊണ്ട് പിടിച്ചെടുക്കുന്ന ലഹരിയുടെ അളവിൽ പത്തിരട്ടി വർദ്ധനവ്. ഈ കണക്കുകളിലൂടെ കേരളത്തിലെ ലഹരിവിപണി വളരുകയാണെന്ന് പറയാനാകും.
മദ്യമല്ല രാസലഹരിയിൽ എത്തിക്കുന്നത്
മദ്യത്തിന്റെ ലഭ്യതക്കുറവും നിരോധനവുമാണ് രാസലഹരികളുടെയും കഞ്ചാവിന്റെയും ഉപയോഗം കൂടാൻ കാരണമാകുന്നതെന്ന പൊതുബോധം ശക്തമാണ്. എന്നാൽ ഈ ആരോപണം ഡോക്ടർമാരും കൗൺസിലർമാരും ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും തള്ളിക്കളയുന്നു. ഒരു ലഹരിയിൽ നിന്ന് മാറി മറ്റൊന്നിലേക്ക് എത്തുന്ന ‘ക്രോസ് അഡിക്ഷൻ’ എന്ന അവസ്ഥ ഉണ്ടെങ്കിലും, അത് വളരെ കുറച്ച് പേരിൽ മാത്രമേ കാണാൻ സാധിക്കൂവെന്ന് ഇവർ പറയുന്നു.
“ലഹരിയുപയോഗം കൂടുന്നതിന്റെ പ്രധാന കാരണം സപ്ലൈ ചെയിനുകൾ ശക്തിപ്പെടുന്നതാണ്. മദ്യത്തിന്റെ ഉപയോഗവുമായി ഇതിന് നേരിട്ട് ബന്ധം കാണാൻ സാധ്യതയില്ല. മദ്യ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലും രാസ ലഹരിയുടെ ഉപയോഗം വളരെ കൂടുതലാണെന്ന് കാണാം” ഡോ ഷംനാദ് പറയുന്നു.
ഇന്ത്യയിൽ ബിഹാർ, ഗുജറാത്ത്, നാഗലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് മദ്യം പൂർണമായി നിരോധിച്ചത്. മദ്യത്തിന്റെ ലഭ്യതക്കുറവ് മറ്റ് ലഹരികളുടെ ഉപയോഗം വർധിപ്പിക്കുമെങ്കിൽ, സ്വാഭാവികമായും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കണക്കുകളിൽ ഈ സംസ്ഥാനങ്ങൾ ആദ്യ സ്ഥാനങ്ങളിൽ കാണണം. എന്നാൽ ഏറ്റവുമധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംസ്ഥാനങ്ങളിൽ ആദ്യ പത്തിൽ പോലും ഈ സംസ്ഥാനങ്ങളെ കാണാനാകില്ല.
എന്നാൽ മദ്യത്തിന്റെ ലഭ്യതക്കുറവ് മറ്റ് ലഹരികളിലേക്ക് നയിക്കുമെന്ന വാദത്തെ സാധൂകരിക്കുന്ന മറ്റൊരു പഠനവും പുറത്ത് വന്നിട്ടുണ്ട്. ബിഹാറിലെ മദ്യ നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ഒരു പഠനത്തിൽ, മദ്യത്തിന്റെ ദൗർലഭ്യം ഒരു വിഭാഗം ആളുകളെ മറ്റ് ലഹരികളിലേക്ക് ചെന്നെത്തിച്ചുവെന്ന് പറയുന്നുണ്ട്. ബിഹാറിൽ മദ്യ നിരോധനത്തിന് ശേഷം കഞ്ചാവും ഒപ്പിയോയിഡുകളും ഉപയോഗിക്കുന്നവരുടെ എണ്ണം 30 ശതമാനത്തോളം കൂടിയെന്നാണ് പഠനം പറയുന്നത്.
കേരളത്തിൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ നടത്തുന്നവരുടെ അനുമാനങ്ങൾക്ക് വിരുദ്ധമാണ് ബിഹാറിൽ നിന്നുള്ള ഈ പഠനം. കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ലാത്തതാണ് വിശകലങ്ങളിലെ ഇത്തരം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാന കാരണം.
സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത
ലഹരി ഉപയോഗത്തെ സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കണക്കുകളൊന്നും പൊതുമണ്ഡലത്തിൽ ലഭ്യമല്ല. എന്നാൽ എല്ലാ വർഷവും സംസ്ഥാന മെന്റൽ ഹെൽത്ത് കെയർ അതോറിറ്റിക്ക് (KSMHA) വിശദമായ റിപ്പോർട്ട് നൽകാറുണ്ടെന്നാണ് ലഹരി വിമുക്ത കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ പറയുന്നത്. ഇതിൽ ലഹരി ഉപയോഗത്തിന്റെ ഇനം തിരിച്ചുള്ള വിവരങ്ങളടക്കം സർക്കാരിന് നൽകുന്നുണ്ടെന്ന് ഇവർ പറയുന്നു. ഈ കണക്കുകൾ ഒബിസി ക്ക് നൽകാൻ റിവൈവ്, പുനർജനി, മൈൻഡ് റെജുവനേഷൻ സെന്റർ, സർക്കാരിന്റെ വിമുക്തി എന്നീ ഡി-അഡിക്ഷൻ സെന്ററുകളൊന്നും തയ്യാറായിട്ടില്ല. കണക്കുകൾ നൽകുന്നതിൽ നിയമ പ്രശ്നങ്ങളുണ്ടെന്നാണ് ഇവർ പറയുന്നത്.
സർക്കാരിന്റെ വിമുക്തി പദ്ധതി
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി എന്ന പേരിലൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പതിനാല് ജില്ലകളിൽ ഓരോ ചികിത്സാ കേന്ദ്രങ്ങളും സജീകരിച്ചിട്ടുണ്ട്. എല്ലാം സർക്കാർ ആശുപത്രികളാണ്. നോർത്ത്, സെന്റർ, സൗത്ത് എന്നിങ്ങനെ മൂന്ന് നോഡൽ ഓഫീസുകളായാണ് വിമുക്തി പദ്ധതി പ്രവർത്തിക്കുന്നത്. വിമുക്തി കൗൺസിലർമാരെ പൊതു ജനങ്ങൾക്ക് നേരിട്ട് വിളിക്കാം. കൗൺസിലർമാരുടെ നിർദേശ പ്രകാരമാണ് രോഗികളെ കിടത്തി ചികിത്സയ്ക്ക് അയക്കുന്നത്.
വിമുക്തി കൗൺസിലർമാരും ലഹരി ഉപയോഗത്തിന്റെ അളവ് ഗണ്യമായി കൂടുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. വരുന്നതിൽ അധികവും എംഡിഎംഎ ആസക്തിയുള്ളവരും. എന്നാൽ സർക്കാരിന്റെ വിമുക്തി കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി ചെറുപ്പക്കാരും വരുന്നുണ്ടെങ്കിലും കൂടുതലും അമ്പതോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.
“ചെറുപ്പക്കാർ വരാറുണ്ടെങ്കിലും അധികവും 50 വയസ്സോ അതിന് മുകളിൽ പ്രായമുള്ളവരോ ആണ് ഇവിടേക്ക് എത്താറ്” തിരുവനന്തപുരത്തെ നന്ദാവനത്തുള്ള വിമുക്തി ആസ്ഥാനത്തിലെ കൗൺസിലർ ശ്രുതി എ ഒബിസി യോട് പറഞ്ഞു.
ചെലവേറിയ വിമുക്തി ചികിത്സ
സർക്കാർ ലഹരി മുക്ത കേന്ദ്രങ്ങളുടെ കുറവും മറ്റൊരു പ്രശ്നമാണ്. സാധാരണയായി ഒരു സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ദിവസേന 980 രൂപയിൽ കുറയാതെ ചെലവാകും. മരുന്ന് കൂടാതെയുള്ള തുകയാണിത്. മരുന്നും മറ്റ് പരിചരണ ചെലവും ഉൾപ്പെടെ ആദ്യ മാസം തന്നെ 42,000 രൂപയ്ക്ക് മുകളിൽ ചെലവുണ്ടാകുമെന്ന് ഇവർ പറയുന്നു. 3 മാസത്തെ മുഴുവൻ ചികിത്സ കഴിയുമ്പോൾ ഒരു രോഗിക്ക് ഏതാണ്ട് 72,000 മുതൽ 75,000 രൂപ വരെ ഒരു സാധാരണ സ്വകാര്യ കേന്ദ്രത്തിൽ ചെലവുണ്ട്. ഇത്രയും വലിയ തുക താങ്ങാനാകാത്തവർ നിരവധിയാണ്.
“സ്വകാര്യ ലഹരി വിമുക്ത കേന്ദ്രങ്ങൾ എല്ലാവർക്കും താങ്ങാനാവുന്നതല്ല. ഈ ചികിത്സകൾക്ക് ഒക്കെയും നല്ല ചെലവുണ്ട്. വേണ്ടത്ര സർക്കാർ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ചികിത്സ കിട്ടാതെ കഴിയുന്ന കുറെയേറെ പേർ എന്റെ പരിചയത്തിലുണ്ട്.” ഇടുക്കിയിലെ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റർ ഷൈനി തോമസ് ഒബിസി യോട് പറഞ്ഞു.
കൃത്യമായ ബോധവത്കരണത്തിന്റെ അഭാവവും ഒരു പ്രശ്നമാണ്. ലഹരിക്കടിമയായ ഒരാളെ സമൂഹം പൂർണ്ണമായും അകറ്റുകയാണെന്നും, ഇവരെ വിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാൻ ആളില്ലാതെയാകുന്നുണ്ടെന്നും ഇവർ പറയുന്നു.
“ലഹരിക്കടിമയാകുന്നവരെ മാനസിക അസ്വാസ്ഥ്യമുള്ളവരായി വേണം പരിഗണിക്കാൻ. ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെയാണ് ഇവരിതിൽ എത്തുന്നത്. ഇവരെ ഇതിലേക്ക് നയിക്കുന്ന കാരണങ്ങളാണ് കണ്ടെത്തേണ്ടത്” ഡോ. ഷംനാദ് പറയുന്നു.
സാമൂഹികമോ മാനസികമോ പാരമ്പര്യമോ ആയ കാരണങ്ങളാണ് ഒരാളെ പൂർണമായും ലഹരിക്കടിമയാക്കുന്നത്. രണ്ട് പേർ ഒരേ അളവിലെ ലഹരിയുപയോഗിച്ചാലും ഇതിൽ മാനസികമായി ദുർബലരായവരാകും ഏറ്റവും കൂടുതൽ ലഹരിക്ക് അടിമപ്പെടുക. 2017 ലെ ദേശീയ മാനസികാരോഗ്യ നിയമമാണ് ലഹരിയോടുള്ള ആസക്തിയെ ക്രമസമാധാന പ്രശ്നമെന്നതിലുപരി, ഒരു മാനസികാരോഗ്യ പ്രശ്നമായി കണ്ടത്.
കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും നിരോധിത ലഹരികളുടെ ഉപയോഗം വർധിക്കുന്നുണ്ടെന്ന് തന്നെയാണ് അനുമാനിക്കാനാകുക. ലഹരി വിരുദ്ധ എൻഫോഴ്സ്മെൻറ് പിടിച്ചെടുക്കുന്ന ലഹരിയുടെ അളവ് കഴിഞ്ഞ ആറ് വർഷങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും രണ്ടോ മൂന്നോ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. അന്തരാഷ്ട്ര തലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഐക്യ രാഷ്ട്രസഭയുടെ 2025 ലെ ‘വേൾഡ് ഡ്രഗ് റിപ്പോർട്ട്’ പ്രകാരം, ലോകത്താകമാനം മൂന്ന് വർഷത്തിനിടെ അനധികൃത കൊക്കൈൻ നിർമ്മാണം 34 ശതമാനം വർദ്ധിച്ചു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക