
ലൈക്കും ഷെയറും നേടാനായി പ്രളയത്തെ ഉപയോഗിക്കുന്നവർ
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിലും ഒഡിഷയിലും കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അസമില്‍ മാത്രം മരണസംഖ്യ 82 ആയി. മിക്ക പ്രദേശങ്ങളിലും കനത്തമഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ സമയത്ത് തന്നെയാണ് വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഴയത്ത് ഒഴുകുന്ന വെള്ളത്തില്‍ കുറച്ചു മനുഷ്യര്‍ മരിച്ചു കിടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അസമില്‍ നിന്നുള്ള അതീവ ദുഖകരമായ ഒരു വീഡിയോ എന്ന മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. പക്ഷെ എന്താണ് സത്യം? ഒബിസി പരിശോധിക്കുന്നു.
അസമില്‍ നിന്നുള്ള ആ ‘വാര്‍ത്ത’
അസമില്‍ നിന്നുള്ള ഹൃദയം തകര്‍ക്കുന്ന വീഡിയോ എന്നാണ് പ്രചരിക്കുന്ന വീഡിയോയുടെ ക്യാപ്ഷന്‍. പ്രളയത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ എന്ന മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോര്‍ട്ട്
ഫേസ്ബുക്കില്‍ നാലായിരത്തിലധികം (4.5K) ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. വെറും 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണത്.
#Asambadh, #asamnews #shortvideo എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ട് ചില യൂ ട്യൂബ് ചാനലിലും ഈ വീഡിയോ ജൂലൈ മാസം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഒബിസി കണ്ടെത്തി.
ചില എക്സ് അക്കൗണ്ടുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. 4671 ഫോളോവേഴ്സ് ഉള്ള nasreen khan എന്ന അക്കൗണ്ടിൽ ഈ വീഡിയോ ജൂലൈ 26 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് മാധ്യമങ്ങൾ ഒന്നും സംസാരിക്കുന്നില്ല എന്നാണ് ഈ അക്കൗണ്ടിൽ പറയുന്നത്. 1500 ൽ അധികം പേരാണ് ഈ പോസ്റ്റിന് ഇതുവരെ (2/8/26) ലൈക്ക് ചെയ്തിട്ടുള്ളത്.
മറ്റു ചില ഇന്‍സ്റ്റഗ്രാം പേജുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2603 ഫോളോവേഴ്സ് ഉള്ള guddi_verma414 എന്ന പേജിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Simransk944 എന്ന അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ഷെയര്‍ ചെയ്തതായികാണാം . വീഡിയോയുടെ വലത്തേ അറ്റത്ത് അതിന്റെ വാട്ടർമാർക്ക് കാണാം.
ഇന്‍സ്റ്റഗ്രാമില്‍ മൂന്നു ലക്ഷത്തിലധികം(363k) ഫോളോവേഴ്സ് ഉള്ള ഒരു അക്കൌണ്ട് ആണിത്. ഇതില്‍ ജൂലായ് മൂന്നിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിരിക്കുന്ന ഇമോജി ആണ് വീഡിയോക്ക് ക്യപ്ഷനായി കൊടുത്തിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്, സ്ക്രീന്‍ഷോട്ട്
ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. പക്ഷെ അക്കൌണ്ട് പരിശോധിച്ചപ്പോള്‍, ഈ വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന് മനസിലായി. ഈ പേജില്‍ തന്നെ ഇതിനു മുൻപും ഇതുപോലുള്ള നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഒബിസി കണ്ടെത്തി.
ലൈക്കും ഷെയറും കിട്ടാനായി ആളുകളെ വച്ച് ചിത്രീകരിച്ച ഒരു സ്ക്രിപ്റ്റഡ് വീഡിയോ ആണിതെന്ന് വ്യക്തമാണ്. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ഇത്തരം വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കും. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പങ്കുവെക്കുകയും ചെയ്യുക.
