പാരീസിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ എന്താണ് സംഭവിച്ചത് ? 

പാരീസിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ എന്താണ് സംഭവിച്ചത് ? 

തീവ്ര ഇടത് ലെനിനിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പാരീസ് ഓഹരി വിപണി കീഴടക്കിയെന്ന പ്രചാരണത്തോടെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ദൃശ്യത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി. 

ഫ്രാൻസിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർ പാരീസ് ഓഹരി വിപണി കെട്ടിടത്തിലേക്ക് ഇരച്ചുകയറുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്താണ് ഈ വീഡിയോയുടെ നിജസ്ഥിതി ? ഒബിസി അന്വേഷിച്ചു.

ഒക്ടോബർ ആദ്യവാരം മുതൽ തന്നെ ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 X സ്ക്രീൻഷോട്ട്

ഒക്ടോബർ 4ന് And we know എന്ന X അക്കൗണ്ടിൽ ‘പ്രതിഷേധക്കാർ പാരീസ് സ്റ്റോക്ക് എക്സ്ചേഞ്ച് കീഴടക്കി’എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതുവരെ ഈ പോസ്റ്റിന് ഒക്ടോബർ 21 വരെ 36k വ്യൂസ് ആണ് ഉള്ളത്.

ഇൻസ്റ്റാഗ്രാം സ്‌ക്രീൻഷോട്ട്

ഒക്ടോബർ 4ന് തന്നെ ഇൻസ്റ്റാഗ്രാമിൽ deshsutra എന്ന അക്കൗണ്ടിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘പാരീസിൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം അതിവേഗം പടർന്നതോടെ, സമീപകാലത്തെ ഏറ്റവും ഗുരുതരമായ യുവജന പ്രക്ഷോഭങ്ങൾക്കാണ് ഫ്രാൻസ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്’. ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ ഇവിടെ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒക്ടോബർ 21 മാത്രം 109k വ്യൂസും 6000ത്തോളം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

‘ഇസ്ലാമിക മൗലീകവാദികൾ പാരീസ് സ്റ്റോക്ക് എക്സ്ചേഞ്ച് കയ്യടക്കിയിരിക്കുന്നു. ഇത് അവസാനിപ്പിക്കാൻ ഫ്രഞ്ച് ഗവണ്മെന്റും അധികാരികളും ഒന്നും ചെയ്യുന്നില്ല’. ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് RC എന്ന അക്കൗണ്ട് ഈ ദൃശ്യങ്ങൾ X-ൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

X സ്ക്രീൻഷോട്ട് 

‘തീവ്ര ഇടതു ലെനിനിസ്റ്റുകളെ സ്വൈര്യവിഹാരം ചെയ്യാൻ അനുവദിച്ചതിന്റെ വിലയാണ് ഇതെന്നും.’ ‘ഫ്രഞ്ചുകാർ തന്നെയാണ് ഇതിനൊക്കെ വളം വെച്ചു കൊടുത്തതെന്നും’, ‘ഉടൻ തന്നെ ഇത്‌ കാനഡയിലും കാണാം’ എന്നുമെല്ലാം ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ കമന്റുകളുണ്ട്.

എന്താണ് ഈ വീഡിയോയുടെ വാസ്തവം?

റിവേഴ്‌സ് ഇമേജ് സെർച്ച്‌ ചെയ്തപ്പോൾ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത്, 2026ലേതെന്ന രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനു മുൻപും പ്രചരിച്ചിരുന്നുവെന്നാണ്. കൂടാതെ ഈ ദൃശ്യത്തിൽ കാണുന്ന @lucAuffret എന്ന വാട്ടർമാർക്ക് കേന്ദ്രീകരിച്ച് ഞങ്ങൾ നടത്തിയ അന്വേഷണം Luc Auffret എന്ന X അക്കൗണ്ടിൽ എത്തി.

X സ്‌ക്രീൻഷോട്ട് 

ഈ അക്കൗണ്ട് ബയോയിൽ നിന്ന് ലൂക്ക് ഓഫ്ഫ്രെ ഒരു സ്വതന്ത്ര ഫ്രഞ്ച് മാധ്യമപ്രവർത്തകനാണെന്ന് മനസ്സിലായി. 2023 ഏപ്രിൽ 20ന് ഇതേ ദൃശ്യങ്ങൾ അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തിരുന്നതായി ഞങ്ങൾ കണ്ടെത്തി. “പെൻഷൻ പരിഷ്കരണത്തിനെതിരെ ലാ ഡിഫൻസിലുള്ള (La Défense) പാരീസ് സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുന്നു.” എന്ന തലക്കെട്ടോടെയാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്.

X സ്‌ക്രീൻഷോട്ട് 

ലാ ഡിഫെൻസിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അത്തരത്തിൽ ഒരു പ്രതിഷേധം നടന്നിരുന്നതായി 2023 ഏപ്രിൽ 20ലെ വാർത്തകളിലൂടെ ഞങ്ങൾ സ്ഥിരീകരിച്ചു. കൂടാതെ, നിലവിൽ ഫ്രാൻ‌സിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രതിഷേധങ്ങൾക്കിടയിൽ ലാ ഡിഫെൻസിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിക്കപ്പെട്ടതായി വിശ്വസനീയമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല.

2023ൽ നടന്ന പ്രക്ഷോഭം

വിരമിക്കൽ പ്രായം 62ൽ നിന്ന് 64 ആക്കി ഉയർത്തുന്ന പെൻഷൻ പരിഷ്കരണത്തിനെതിരെ 2023ൽ ഫ്രാൻസിലുടനീളം വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ ഭരണഘടനയിലെ ആർട്ടിക്കിൾ 49.3 ഉപയോഗിച്ച് ബിൽ പാസാക്കിയത് പ്രതിഷേധം കൂടുതൽ ശക്തമാക്കി. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്കുകളും പ്രകടനങ്ങളും തുടർന്നു. ഇതിനിടെയാണ് 2023 ഏപ്രിൽ 20ന് ലാ ഡിഫെൻസിലെ ഓഹരി വിപണി കെട്ടിടത്തിലേക്ക് പ്രതിഷേധക്കാർ പ്രവേശിച്ചത്.

ചുരുക്കത്തിൽ

ഫ്രാൻസിലെ വിദ്യാർഥി പ്രതിഷേധങ്ങളുടേതെന്ന പേരിൽ പ്രചരിക്കുന്ന, പാരീസ് ഓഹരി വിപണി കെട്ടിടത്തിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറുന്ന വീഡിയോ 2023ലേതാണ്. 2023 ഏപ്രിൽ 20ന് ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ലൂക്ക് ഓഫ്ഫ്രെ (Luc Auffret) പെൻഷൻ പരിഷ്കരണത്തിനെതിരായ പ്രതിഷേധം എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ച ദൃശ്യമാണിത്. അന്ന് ലാ ഡിഫെൻസിലെ ഓഹരി വിപണിയിൽ ഇത്തരമൊരു പ്രതിഷേധം നടന്നതായി 2023 ഏപ്രിൽ 20ലെ വാർത്തകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഫ്രാൻസിൽ വിദ്യാർഥികൾ നയിക്കുന്ന പ്രതിഷേധങ്ങൾക്കിടെ ലാ ഡിഫെൻസിലെ ഓഹരി വിപണി ആക്രമിക്കപ്പെട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നും ലഭ്യമല്ല. സാമൂഹ്യമാധ്യമങ്ങളിൽ 2023ലെ വീഡിയോ 2026ലെ വിദ്യാർഥി പ്രക്ഷോഭത്തിന്റേതെന്ന തെറ്റായ അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top