കേരളത്തിലെ അമ്പലങ്ങളിൽ മുസ്ലിം – ക്രിസ്ത്യൻ പൂജാരിമാരോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥയെന്ത്?  

കേരളത്തിലെ അമ്പലങ്ങളിൽ മുസ്ലിം – ക്രിസ്ത്യൻ പൂജാരിമാരോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥയെന്ത്?  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമമായ എക്സില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്, വലതുപക്ഷ അക്കൌണ്ടുകളിലൂടെയാണ് പ്രചാരണം. കറുത്ത വസ്ത്രം ധരിച്ച ഒരു കൂട്ടം ആളുകൾ, ആരാധനയുടെ ഭാഗമെന്നവണ്ണം ഇസ്ലാമിക ഭക്തി ഗാനം ആലപിക്കുന്ന വീഡിയോയാണ് അവര്‍ പങ്കുവചിട്ടുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ കോണ്‍ഗ്രസ് സർക്കാർ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും  പൂജാരിമാരായി നിയമിക്കുന്നുവെന്നാണ് വീഡിയോയിലെ ആരോപണം. ഇത് ശരിയാണോ? കേരളത്തിലെ ഏതു ക്ഷേത്രത്തിലാണ് മുസ്ലിം – ക്രിസ്ത്യന്‍ പൂജാരികളെ നിയമിച്ചിട്ടുള്ളത്? വീഡിയോ എവിടെ നിന്നുള്ളതാണ്? – ഒബിസി പരിശോധിച്ചു.

എക്സിലെ വൈറല്‍ വീഡിയോ 

എക്സില്‍ 11.3K ഫോളോവേഴ്സ് ഉള്ള സുമന്‍ മീന എന്ന അക്കൌണ്ടിൽ സെപ്റ്റംബര്‍ പതിനാലിന് ഈ വീഡിയോ പോസ്റ്റ് ചെയ്തതായി കാണാം. വിവരണം ഹിന്ദിയിലാണ് കൊടുത്തിട്ടുള്ളത്. ‘കോൺഗ്രസ് പിന്തുണക്കുന്ന ഇടതുപക്ഷ സർക്കാർ’ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മുസ്ലിംകളേയും ക്രിസ്ത്യാനികളേ‍യും പൂജാരിമാരായി നിയമിച്ചിരിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധിയെയും ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. 759 പേരാണ് ഈ വീഡിയോ ഇതുവരെ (17/9/26) കണ്ടിട്ടുള്ളത്. 

എക്സ് വീഡിയോ, സ്ക്രീന്‍ഷോര്‍ട്ട് 

3,690 ഫോളോവേഴ്സ് ഉള്ള AswathiCandra എന്ന അക്കൗണ്ടിലും ഈ പോസ്റ്റ്‌ കാണാം. ‘കേരളത്തിലെ കോൺഗ്രസ്സും ഇടതന്മാരും കാത് തുറന്ന് കോട്ടോളൂ ഈ മതേതരത്വം അമ്പലങ്ങളിൽ നടപ്പില്ല’ എന്നാണ് പോസ്റ്റിലെ ഒരു വാചകം.

എക്സ് വീഡിയോ, സ്ക്രീന്‍ഷോര്‍ട്ട് 

8,214 ഫോളോവേഴ്സ് ഉള്ള മറ്റൊരു എക്സ് അക്കൗണ്ട് വഴിയും ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.  

ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതാണോ?

പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം ഒബിസി റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ കണ്ടെത്തി. യു ട്യൂബില്‍ 56,000 ല്‍ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള Malli Photography എന്ന ചാനലിൽ നിന്നുള്ളതാണ് വീഡിയോ. 2017 നവംബര്‍ 12 നാണ് വീഡിയോ ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. 

Malli Photography എന്ന യൂ ട്യൂബ് ചാനലിലെ വീഡിയോ, സ്ക്രീന്‍ ഷോര്‍ട്ട്

Chalasani gardens Ayyapaswami padi puja HD എന്ന തലക്കെട്ടിലാണ് വീഡിയോ  പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5 മിനിറ്റ് 18 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇസ്ലാമിക ഭക്തി ഗാനം പാടുന്നതായി കാണുന്നില്ല. പക്ഷെ ഈ ചാനലില്‍ ഇതേ പൂജയുമായി ബന്ധപ്പെട്ട മറ്റു ചില വീഡിയോകള്‍ കൂടി കാണാം. 

തുടര്‍ന്ന് ‘Ayyappaswami padi puja’ ‘La Ilaha Illallah Islamic song videos’ എന്നീ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സേര്‍ച്ച്‌ ചെയ്തു. അപ്പോള്‍ എഴു വര്‍ഷം മുന്‍പുള്ള ഒരു യൂ ട്യൂബ് വീഡിയോ കണ്ടെത്താനായി. 14.4K സബ്സ്ക്രൈബേഴ്സ് ഉള്ള SBR News 1 എന്ന ചാനലില്‍ 2019 ജൂലായ്‌ 24 നാണ് ഇത് അപ്പ്‌ലോഡ് ചെയ്തിട്ടുള്ളത്. പൂജയുടെ ഭാഗമായി ഇസ്ലാമിക ഭക്തി ഗാനം പാടുന്ന വീഡിയോ തന്നെയാണ് ഇത്.

യൂ ട്യൂബ് വീഡിയോ, സ്ക്രീന്‍ ഷോര്‍ട്ട് 

‘ലാ ഇലാഹ ഇല്ലള്ളാഹ്’ എന്ന ഗാനം ഭക്ത ജനങ്ങള്‍ പാടുന്നത് വാവരെ സ്തുതിച്ചു കൊണ്ടാണെന്ന് കാണാം. വാവർ കൂടി ഐതിഹ്യത്തിൻ്റെ ഭാഗമായി വരുന്നതിനാൽ പല അയ്യപ്പ ഭക്തജന സംഘങ്ങളും ഇസ്ലാമിക ഭക്തിഗാനങ്ങളോ ഇസ്ലാമിക വരികള്‍ ഉള്‍പ്പെടുന്ന ഗാനങ്ങളോ ആലപിക്കാറുണ്ട്. 

സ്ഥലം കേരളമല്ല, ആന്ധ്രയാണ്‌

ഈ വീഡിയോയില്‍ കാണുന്ന സ്ഥലം ആന്ധ്രാപ്രദേശ്‌ ആണ്.  Malli Photography എന്ന ചാനലിലെ വീഡിയോ ക്യാപ്ഷനില്‍ Chalasani gardens’ എന്ന് എഴുതിയിരിക്കുന്നത് കാണാം. Chalasani gardens എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലുള്ള വറ്റ്ലുരുവിലാണ് ഈ സ്ഥലമുള്ളത് എന്ന് മനസിലായി. ഗൂഗിള്‍ ഫോട്ടോസില്‍ ഇവര്‍ കൊടുത്തിട്ടുള്ള ഒരു ചിത്രവും അയ്യപ്പ പടിപൂജ നടന്ന, വീഡിയോയില്‍ ഉള്ള സ്ഥലവും ഒന്ന് തന്നെയാണ് എന്ന് മനസിലായി.

ഈ കൊളാഷ് ചിത്രത്തില്‍ ആദ്യത്തേത് പൂജ നടന്ന സ്ഥലം, രണ്ടാമത്തെ chalasani gardens ഗൂഗിള്‍ ഫോട്ടോസില്‍ കാണുന്ന ചിത്രം/ താരതമ്യം

ചലസാനി ഗാര്‍ഡന്‍സിന്‍റെ ഒരു പ്രധാന വേദിയിലാണ് ഈ അയ്യപ്പപൂജ നടന്നിട്ടുള്ളത്. 2022 ലും ഇതേ വീഡിയോ, ശബരിമലയില്‍ നിന്നുള്ള ദൃശ്യങ്ങൾ എന്ന തരത്തില്‍ തെറ്റായി എക്സ് അക്കൗണ്ടുകളില്‍ പ്രചരിച്ചിട്ടുണ്ട്. 

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ കേരള സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് എക്സ് അക്കൗണ്ടുകളില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top