
നെല്ലിന്റെ താങ്ങുവില : എന്ത് കൊണ്ട് കേരളം ശരിയാണ്?
നെൽകർഷകർക്ക് കേരളം നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്ന മോദി സർക്കാരിന്റെ നിർദേശം പ്രായോഗികമാണോ? കേരളത്തിന്റെ ഭക്ഷ്യ, പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെയുള്ള ഈ നിർദേശം, സംസ്ഥാനത്തോട് യൂണിയൻ സർക്കാർ പുലർത്തുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണോ?
കേരളത്തിന്റെ നെല്ലുത്പാദനത്തിൽ വർഷാവർഷം 10 ശതമാനത്തോളം ഇടിവുണ്ടാകുന്നു, നെൽകർഷകർ താങ്ങുവില അഞ്ച് രൂപയെങ്കിലും വീണ്ടും കൂട്ടണമെന്ന് ആവശ്യപ്പെടുന്നു, മൊത്തം ഉപഭോഗത്തിന്റെ 13 ശതമാനത്തോളം പോലും നെല്ല് ഉത്പാദിപ്പിക്കാനാകാതെ സംസ്ഥാനം ഞെരുങ്ങുമ്പോൾ മറുവശത്ത് ഇരട്ടി പ്രഹരമെന്ന പോലെ കേന്ദ്രത്തിന്റെ കത്ത്. ‘രാജ്യത്തെ നെല്ലുത്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം നെല്ല് സംഭരണത്തിനായി നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണം’ എന്നാണ് കേന്ദ്ര ധനകാര്യ ചെലവ് സെക്രട്ടറി കേരളത്തിനയച്ച കത്തിന്റെ ഉള്ളടക്കം. രാജ്യത്ത് നെല്ല് സംഭരിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ മുതൽ നെൽകൃഷിയുണ്ടാക്കുന്ന പാരിസ്ഥിക ആഘാതങ്ങൾ വരെ ചൂണ്ടിക്കാട്ടിയാണ് കേരളത്തോട് നെല്ലുത്പാദനം കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെടുന്നത്.
രാജ്യത്തെ മൊത്തം നെല്ലുത്പാദനത്തിന്റെ ഒരു ശതമാനം പോലും പങ്ക് വഹിക്കാത്ത സംസ്ഥാനമാണ് കേരളം. കേരളീയരുടെ ദൈനം ദിന ജീവിതത്തിലും സംസ്ഥാനത്തിന്റെ പാരിസ്ഥിതിക ഘടനയിലും നെൽകൃഷി ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കേരളത്തിന്റെ ആഹാരക്രമത്തിൽ തന്നെ അരിയ്ക്ക് സവിശേഷമായ പങ്കുണ്ട്. ഇത്തരമൊരു സംസ്ഥാനത്തോട് കേന്ദ്രം നെല്ല് ഉത്പാദനം കുറയ്ക്കാൻ ആവശ്യപ്പെടുന്നതിന്റെ യുക്തിയെന്താണ്? കേരളത്തിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കത്തിലെ വിശദീകരണങ്ങൾ പര്യാപ്തമാണോ? ഇത്തരമൊരു നടപടി സംസ്ഥാനത്തിന്റെ കാർഷിക, പാരിസ്ഥിതിക സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കാനിടയുള്ള ആഘാതം എത്രത്തോളമാണ്?
വൻതോതിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങളോട്, താങ്ങു വില കുറക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ? രാസവള പ്രയോഗമടക്കം കേരളത്തിനെതിരെ കേന്ദ്രം ഉയർത്തുന്ന ആരോപണങ്ങൾ വസ്തുതാ പരമാണോ? ഒബിസി അന്വേഷിക്കുന്നു…

കേന്ദ്രത്തിന്റെ കത്ത്
2026 ജനുവരി 9 ന് കേന്ദ്ര ധനകാര്യ ചെലവ് സെക്രട്ടറി വൂംലൂൻമാങ് വൂൽനാം കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന് അയച്ച കത്താണ് ചർച്ചകളുടെ തുടക്കം. രാജ്യത്തെ മൊത്തം ആവശ്യത്തിനേക്കാൾ അധികം നെല്ല് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ, കേന്ദ്രം നൽകുന്നതിൽ കൂടുതൽ താങ്ങുവില നൽകി കേരള സർക്കാർ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നത് പൊതു ഖജനാവിന് ബാധ്യതയാകുമെന്നാണ് കത്തിൽ പറയുന്നത്. ഇത് കൂടാതെ നെൽകൃഷിക്ക് പകരം മില്ലറ്റ്, എണ്ണവിത്ത് തുടങ്ങിയവയിലേക്ക് സംസ്ഥാനം മാറണമെന്നും കത്തിൽ വിശദീകരിക്കുന്നുണ്ട്.
ഓരോ വർഷവും സംസ്ഥാനങ്ങൾക്ക് നെല്ല് സംഭരണത്തിനായി കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം താങ്ങുവില പ്രഖ്യാപിക്കാറുണ്ട്. അതാത് വർഷത്തെ കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ് ആൻഡ് പ്രൈസ് (CACP) റിപ്പോർട്ട് പ്രകാരമാണ് താങ്ങുവില നിശ്ചയിക്കാറുള്ളത്. ഏറ്റവും പുതിയ CACP റിപ്പോർട്ട് രാജ്യത്തെ നെല്ലുത്പാദനത്തിലെ വർദ്ധന ചൂണ്ടികാണിക്കുന്നുണ്ട്. താങ്ങുവില നൽകി അധികം ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഗോഡൗണുകളിൽ സ്ഥല സൗകര്യമില്ലെന്നും ഇത് തടയാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നൽകുന്ന അധിക താങ്ങുവില നിർത്തലാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ധനകാര്യ ചെലവ് സെക്രട്ടറി കത്തയച്ചത്.
2025 – 2026 കാലത്തെ നെല്ല് സംഭരണത്തിനായി കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് 2389 രൂപയാണ്. അതായത് കിലോയ്ക്ക് 23.69 രൂപ. ഈ തുക വിപണി നിരക്കിനേക്കാൾ കുറവായതിനാൽ കേരളം അധിക തുക നൽകി കിലോയ്ക്ക് 30 രൂപയ്ക്കാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. ഇത് നിർത്തലാക്കി കേന്ദ്രം നൽകുന്ന തുകയിൽ നെല്ല് സംഭരിക്കണമെന്നാണ് ആവശ്യം. കിലോയ്ക്ക് 30 രൂപ പോലും കുറവാണെന്ന പരാതി നിലനിൽക്കുമ്പോൾ പിന്നെയും തുക വെട്ടി ചുരുക്കുന്നത് സംസ്ഥാനത്തെ നെൽകൃഷിയെ ഗുരുതരമായി ബാധിക്കുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.

കത്തിലെ പരാമർശം യൂണിയൻ സർക്കാർ പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മോദി സർക്കാരിന്റെ ശുപാർശയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അടുത്തിടെ ഉണ്ടായ ഇന്ത്യ – അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമാണോ ഈ ശുപാർശയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ഫെബ്രുവരി ആദ്യ ആഴ്ച, വിവിധ വ്യാപാര കരാറുകളുടെ ഭാഗമായി ഇന്ത്യ, അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി ഒഴിവാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അരിയടക്കമുള്ള കാർഷിക ഉത്പന്നങ്ങളെ നികുതിയിളവിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വിഷയം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തയച്ചിരുന്നു.
കഴിഞ്ഞ 5 വർഷങ്ങളായി അധിക താങ്ങുവിലയ്ക്കും മറ്റ് സംഭരണ ചെലവുകൾക്കുമായി 2000 കോടിയോളം രൂപ കേരളം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഈയിനത്തിൽ യൂണിയൻ സർക്കാർ തരാനുള്ള കുടിശ്ശിക മാത്രം 1300 കോടിയോളം രൂപയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരളം താങ്ങുവില കുറച്ചാൽ രാജ്യത്തെ അധിക ഉൽപ്പാദനം കുറയുമോ?
ലോകത്ത് ഏറ്റവുമധികം അരി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2024 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്നത് ഏതാണ്ട് 1378 ലക്ഷം ടൺ അരിയാണ്. എന്നാൽ 1210 ലക്ഷം ടണ്ണോളമേ മൊത്തം ഉപഭോഗം ഉണ്ടാവുന്നുള്ളൂ. അതായത് ഏതാണ്ട് 168 ലക്ഷ ടണ്ണോളം അരി അധികമായി രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നു.
എന്നാൽ കേരളത്തിന്റെ നെല്ലുത്പാദന കണക്കുകൾ തികച്ചും വ്യത്യസ്തമാണ്. 2024 ലെ കേരള ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ മൊത്തം നെല്ലുത്പാദനത്തിന്റെ 0.38% മാത്രമാണ് സംസ്ഥാനത്തിന്റെ പങ്ക്. ഇത്രയും ചെറിയ പങ്ക് വഹിക്കുന്ന സംസ്ഥാനത്തിന്റെ നെല്ലുത്പാദനം കുറയ്ക്കുന്നതിലൂടെ രാജ്യത്തെ മൊത്തം നെല്ല് സംഭരിക്കുന്ന ഗോഡൗണിൽ ഒഴിവുണ്ടാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. “സംസ്ഥാനങ്ങൾ അധിക താങ്ങുവില നൽകുന്നത് കൊണ്ട് കാലാവസ്ഥ അനുയോജ്യമല്ലാത്ത സംസ്ഥാനങ്ങളിൽ വരെ വലിയ തോതിൽ നെൽകൃഷി നടക്കുന്നുണ്ടെന്നാണ് CACP പറയുന്നത്. എന്നാൽ കാലങ്ങളായി നെൽ കൃഷി ഉപജീവനമാക്കുന്ന വലിയൊരു വിഭാഗം മനുഷ്യർ കേരളത്തിലുണ്ട്. ഇവിടുത്തെ സ്ഥിതി വ്യത്യസ്തമാണ്” സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവും കാർഷിക സാമ്പത്തിക വിദഗ്ദ്ധനുമായ ആർ രാമകുമാർ പറയുന്നു. മാത്രമല്ല രാജ്യത്ത് 1997 മുതൽ നടപ്പിലായ വികേന്ദ്രീകരണ സംഭരണത്തിന്റെ ഭാഗമായി കേരളത്തിൽ ഉണ്ടാവുന്ന നെല്ല് മുഴുവനും ഇവിടെ തന്നെയാണ് സൂക്ഷിക്കുന്നതെന്നും കണക്കുകളനുസരിച്ച് കേരളത്തിൽ നിന്നുള്ള നെല്ല് FCI ഗോഡൗണുകളിൽ എത്തുന്നില്ലെന്നും രാമകുമാർ ഒബിസിയോട് പറഞ്ഞു. രാജീവ് ചന്ദ്രശേഖർ കേന്ദ്രസർക്കാരിന് അയച്ച കത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

താങ്ങുവില കുറക്കാനുള്ള സമ്മർദ്ദം കേരളത്തിന് മേൽ മാത്രം?
അന്താരാഷ്ട്ര നയവ്യത്യാസങ്ങളും ഇത്തരമൊരു ശുപാർശയ്ക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ കൃതിമ വിലവ്യത്യാസം തടയാൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO) കർഷകർക്ക് നൽകാവുന്ന ധനസഹായത്തിന് പരിധി നിശ്ചയിചിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്ത് മൊത്തം ഉത്പാദനത്തിന്റെ 10 ശതമാനത്തിലധികം സഹായമായി കർഷകർക്ക് നൽകാൻ സാധിക്കില്ല. എന്നാൽ വർഷങ്ങളായി ഈ ശുപാർശ പാലിക്കാത്തതിന്റെ പേരിൽ WTO യിൽ ഇന്ത്യയ്ക്കുമേൽ വിമർശനങ്ങളുണ്ടായിട്ടുണ്ട്. ഇതും നിലവിൽ അധിക താങ്ങുവില നിർത്താനാവശ്യപ്പെട്ടുള്ള കത്തിന് കാരണമാണ്.
ഓരോ വർഷവും പുറത്ത് വരുന്ന കണക്കുകളിൽ 10 ശതമാനത്തോളം കുറവാണ് സംസ്ഥാനത്ത് നെല്ലുത്പാദനത്തിൽ ഉണ്ടാവുന്നത്. 2024 കേരള ഇക്കണോമിക് റിവ്യൂ കണക്കുകൾ പ്രകാരം 2023 – 2024 വർഷത്തിൽ കേരളത്തിൽ ആകെ ഉത്പാദിപ്പിക്കപ്പെട്ടത് 5.3 ലക്ഷം ടൺ അരിയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10.5 ശതമാനം കുറവാണിത്. 2024 – 2025 ഇൽ ഇത് പിന്നെയും ഇടിഞ്ഞ് 3.18 ലക്ഷം ടണ്ണായി. സപ്ലൈകോ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഈ വർഷം ഫെബ്രുവരി 11 വരെ സംഭരിച്ച നെല്ല് 1.12 ലക്ഷം ടണ്ണാണ്. ഉത്പാദന ചെലവുകൾ വർഷാവർഷം കൂടുമ്പോഴും താങ്ങുവിലയിൽ കാര്യമായ വ്യത്യാസം ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലെ വിലയും കുറച്ചാൽ ഈ തൊഴിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു. “താങ്ങുവില 40 രൂപയെങ്കിലും ആക്കണമെന്ന് ഞങ്ങൾ വർഷങ്ങളായി ആവശ്യപ്പെടുന്നു. വളത്തിന്റെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഈ ശുപാർശ നെൽ കർഷകർക്ക് ഇരുട്ടടി പോലെയാണ്.” കുട്ടനാട്ടിലെ ‘24,000 കായൽ (ഇ) ബ്ലോക്ക് നെല്ലുത്പാദക സമിതിയുടെ സെക്രട്ടറി അനിൽ കാവാലം ഒബിസിയോട് പറഞ്ഞു. “ഉത്തരേന്ത്യയിലേക്കാൾ ഇവിടെ പണിക്കൂലി കൂടുതലാണ്. ഇറക്കുമതി ചെയ്യുന്നത് കൊണ്ട് വളത്തിനടക്കം ചെലവ് അധികമാണ്. രണ്ട് വർഷം മുൻപ് 800 രൂപയുള്ള വളത്തിന് ഇന്ന് 1600 രൂപ വരെ നൽകണം. എന്നിട്ടും മറ്റ് സംസ്ഥാനങ്ങളിലെ താങ്ങുവിലയെ ഇവിടെയും കിട്ടുന്നുള്ളൂ എന്നാണ് ഞങ്ങളുടെ പരാതി” അനിൽ കൂട്ടിചേർത്തു.
CACP റിപ്പോർട്ട് ചത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും അധിക താങ്ങുവിലയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ സംസ്ഥാനങ്ങൾക്കൊന്നും ധനകാര്യ ചെലവ് സെക്രട്ടറി കത്തയച്ചതായി റിപ്പോർട്ടുകളില്ല. 2024 ലെ ലോക്സഭാ രേഖകൾ പ്രകാരം രാജ്യത്തെ മൊത്തം നെല്ലുത്പാദനത്തിൽ 2,3,4 സ്ഥാനങ്ങളിലാണ് ചത്തീസ്ഗഡ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങൾ. രാജ്യത്തെ മൊത്തം നെല്ലുത്പാദനത്തിന്റെ 31 ശതമാനത്തോളം ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.

നെൽകൃഷിയുടെ പാരിസ്ഥിതിക പ്രാധാന്യം
ഇക്കണോമിക് റിവ്യൂ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം കൃഷി ഭൂമിയുടെ 7.1 ശതമാനമാണ് നെൽ കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വെള്ളം തങ്ങി നിൽക്കുന്ന പാടശേഖരങ്ങളാണ്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാടശേഖരങ്ങൾ കേരളത്തിന്റെ പാരിസ്ഥിതിക ഘടനയിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പഠനങ്ങളനുസരിച്ച് കേരളത്തിലെ നെൽവയലുകൾ വെള്ളപ്പൊക്ക സാധ്യത ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നദികളിലേക്ക് നേരിട്ട് ഒഴുകി പോകേണ്ട വെള്ളം കൂടുതലായി വയലുകളിൽ തങ്ങി നിൽക്കുന്നത് കാരണം വെള്ളപ്പൊക്കം ഒഴിവാകുകയോ ലഘൂകരിക്കുകയോ ചെയ്യും. “ഈ നെൽ പാടങ്ങൾ നിൽക്കുന്നത് കൊണ്ടാണ് ഒരു പരിധി വരെയെങ്കിലും മഴക്കാലത്ത് ഇവിടുത്തെ വെള്ളക്കെട്ട് കുറയുന്നത്. മണ്ണ് ഇങ്ങനെ വെള്ളം പിടിചെടുത്തില്ലായിരുന്നെങ്കിൽ ഞങ്ങൾക്കിവിടെ താമസിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായേനെ” അനിൽ പറഞ്ഞു.
കത്തിൽ പരാമർശിക്കുന്ന മറ്റൊന്ന് വെള്ളം അമിതമായി വേണമെന്നതിനാൽ നെൽകൃഷി ഭൂഗർഭ ജലം വറ്റാൻ കാരണമാകുമെന്നാണ്. കിണറുകൾ കുഴിച്ച് കൃഷി ആവശ്യത്തിന് വെള്ളം ശേഖരിക്കുമ്പോഴാണ് ഭൂഗർഭജലത്തിൽ കുറവുണ്ടാകുന്നത്. എന്നാൽ കേരളത്തിൽ കിണറുകൾ/കുഴൽ കിണറുകൾ നെൽ കൃഷിക്കായി ഉപയോഗിക്കുന്നത് വളരെ വിരളമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ മനോജ് കെ ഒബിസിയോട് പറഞ്ഞു. കേരളത്തിൽ ഏറ്റവുമധികം നെൽ കൃഷി നടക്കുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിലെ കൃഷിക്കുള്ള പ്രധാന ജല സ്രോതസ്സ് കനാലും ഡാമുകളുമാണെന്ന് അനിൽ വ്യക്തമാക്കി.
രാസവള പ്രയോഗം: കേരളത്തിനെതിരായ ആരോപണം വസ്തുതാപരമാണോ?
അധിക താങ്ങുവില ഒഴിവാക്കാൻ കേന്ദ്രം പറയുന്ന മറ്റ് കാരണങ്ങളും കേരളത്തിന്റെ സാഹചര്യങ്ങളിൽ ഒത്തുപോവില്ലെന്ന് വിദഗ്ദർ പറയുന്നു. കത്തിൽ ആരോപിക്കുന്നതനുസരിച്ച് സ്ഥിരമായി നെൽ കൃഷിക്ക് രാസവളങ്ങൾ ഉപയോഗിക്കുന്നത് കാരണം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുമെന്നാണ്. എന്നാൽ രാജ്യത്തെ രാസവള ഉപയോഗത്തെ പറ്റി ആന്ധ്ര പ്രദേശ് എംപി പരിമാൽ നത്വാനിയുടെ ചോദ്യത്തിന് 2025 ജൂലൈ 22 ന് രാജ്യസഭ നൽകിയ കണക്ക് പ്രകാരം, യൂറിയ പോലുള്ള രാസവളം ഉപയോഗിക്കുന്നതിൽ രാജ്യത്ത് തന്നെ ഇരുപതാം സ്ഥാനത്താണ് കേരളം. മറ്റ് വളങ്ങളുപയോഗിക്കുന്നതിലും പത്തിൽ മേലെയാണ് സംസ്ഥാനത്തിന്റെ സ്ഥാനം.
മൂന്ന് സീസണുകളിൽ പലതരം വിത്തുകളിലായാണ് കേരളത്തിൽ നെൽ കൃഷി നടക്കുന്നത്. മുണ്ടകൻ, പുഞ്ച, വിരിപ്പ് എന്നീ മൂന്ന് വിത്തുകളും കൃഷി ചെയ്യുന്ന പാടങ്ങൾ കേരളത്തിൽ കുറവാണ്. കേരളത്തിലെ ഭൂരിഭാഗം നെൽ വയലുകളിലും വർഷത്തിൽ ഒരു സീസണിൽ മാത്രമേ കൃഷി നടക്കാറുള്ളൂ. “സാധാരണയായി 3 സീസണുകളിലും നിരന്തരമായി കൃഷി നടക്കുന്ന സ്ഥലങ്ങളിലാണ് മണ്ണ് ക്ഷയിക്കുന്നതായി കാണാറ്. നിരന്തരം രാസവളങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഇങ്ങനെയുണ്ടാവും. എന്നാൽ ഒരു സീസണിൽ മാത്രം കൃഷി നടന്നാൽ അത്തരം പരിക്കുകളൊന്നും മണ്ണിന് സംഭവിക്കാറില്ല” മനോജ് പറയുന്നു. ഇക്കണോമിക് റിവ്യൂ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 13 ശതമാനം നെൽവയലുകളിൽ മാത്രമേ രണ്ടോ മൂന്നോ സീസൺ കൃഷി ചെയ്യാറുള്ളൂ. ഇതിനാൽ നെൽ കൃഷി സാരമായ ക്ഷതം മണ്ണിനേൽപ്പിക്കുന്നില്ലെന്ന് മനോജ് കൂട്ടിച്ചേർത്തു.

‘ദേശീയ താല്പര്യങ്ങളെ’ മുൻ നിർത്തി നെൽ കൃഷിക്ക് പകരം മില്ലറ്റ്, എണ്ണവിത്ത് വിളകൾ,പയർവിളകൾ എന്നിവ കൃഷി ചെയ്യണമെന്നാണ് കത്തിലെ നിർദേശം. എന്നാൽ വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന വെള്ളം തങ്ങുന്ന ഭൂമിയിൽ ഇത്തരം വിളകൾ കൃഷി ചെയ്യാനാവില്ലെന്ന് രാമകുമാർ സൂചിപ്പിക്കുന്നു. മില്ലറ്റ് ,പയർ വിളകൾക്ക് വരണ്ടതോ വെള്ളം വറ്റിയതോ ആയ ഭൂമിയാണ് ആവശ്യം.
കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയോ ഭക്ഷ്യസംസ്കാരമോ പരിഗണിക്കാതെയാണ് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് വർദ്ധിക്കുകയും ലാഭം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ താങ്ങുവില പോലും വെട്ടിക്കുറയ്ക്കുന്നത് കർഷകരെ ഈ മേഖലയിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക