കടലിനടിയിലെ നയതന്ത്ര സംഘർഷങ്ങൾ

കടലിനടിയിലെ നയതന്ത്ര സംഘർഷങ്ങൾ

ലോകത്തിന്റെ ഊർജ്ജ സുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് ആഴക്കടൽ ഊർജ്ജതടങ്ങൾ. ലോകത്തെ ഊർജ്ജ നിക്ഷേപത്തിന്റെ നാലിലൊന്നും ആഴക്കടലിലായത് കൊണ്ട് തന്നെ ഭൗമ രാഷ്ട്രീയം നിർണയിക്കുന്നതിൽ സമുദ്രത്തിനടിയിലെ ഈ ഊർജ്ജ തടങ്ങൾക്ക് വലിയ പങ്കുണ്ട്. വരുംകാല യുദ്ധങ്ങൾ, കടലാഴങ്ങൾ സ്വന്തമാക്കാൻ കൂടിയായിരിക്കുമെന്നതാണ്  ഇപ്പോൾ നടക്കുന്ന പശ്ചിമേഷ്യൻ സംഘർഷം നൽകുന്ന പാഠം.

ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് കടലിനടിയിൽ രൂപപ്പെട്ട ഓഫ്‌ഷോർ സെഡിമെന്ററി ബേസിനുകൾ (Offshore Sedimentary Basins) അഥവാ ആഴക്കടൽ ഊർജ്ജ തടങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ഭൗമരാഷ്ട്രീയത്തെയും നയതന്ത്ര യുദ്ധങ്ങളെയും  നിയന്ത്രിക്കുന്നത്. കരയിലുള്ള എണ്ണക്കിണറുകളിലും റിഫൈനറികളിലും പൈപ്പ്‌ലൈനുകളിലുമാണ് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ആഴക്കടൽ ഊർജ്ജ തടങ്ങൾക്ക്  ആഗോളതലത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഭൗമശാസ്ത്രപരമായ പ്രക്രിയകളിലൂടെ രൂപപ്പെട്ട ഓഫ്‌ഷോർ ബേസിനുകളിൽ ലോകത്തിലെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള ചില എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങൾ അടങ്ങിയിരിക്കുന്നു. 

കടലിനടിലുള്ള ഈ ഊർജ്ജ നിക്ഷേപങ്ങളാണ് ഇന്ന് ലോകത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള സമുദ്ര തർക്കങ്ങൾക്ക്  പിന്നിലെ യഥാർത്ഥ കാരണവും ഇതുതന്നെ. കടലിനടിയിലെ ഈ വിഭവങ്ങൾ അതിനു മുകളിലുള്ള രാജ്യങ്ങളുടെ അധികാരത്തെയും രാഷ്ട്രീയ ശക്തിയെയും എങ്ങനെയാണ് നിയന്ത്രിക്കുന്നത്? ലോകത്തിലെ പ്രധാനപ്പെട്ട ആഴക്കടൽ ഊർജ്ജ നിക്ഷേപങ്ങൾ എന്തൊക്കെയാണ്? 

ലോകത്തിന്റെ ആഴക്കടൽ ഊർജ്ജാതിർത്തികൾ

ലോകത്തിന്റെ ആഴക്കടൽ ഊർജ്ജ ഭൂപടം പരിശോധിക്കുമ്പോൾ, വലിയ തോതിൽ എണ്ണയും വാതകവും തരുന്ന ഇത്തരം കടൽത്തടങ്ങൾ എണ്ണത്തിൽ വളരെ കുറവാണെന്ന് കാണാം. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധന നിക്ഷേപങ്ങൾ  കാണപ്പെടുന്നത് ഈ സമുദ്രതടങ്ങളിലാണ് താനും.  

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) ‘ഓഫ്‌ഷോർ എനർജി ഔട്ട്‌ലുക്ക് 2018’ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ആകെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ നാലിലൊന്നിലധികവും (25 ശതമാനത്തിലധികം) ഉത്പാദിപ്പിക്കുന്നത് കടലിൽ നിന്നാണ്. പശ്ചിമേഷ്യ, വടക്കൻ കടൽ, ബ്രസീൽ, മെക്സിക്കോ ഉൾക്കടൽ, കാസ്പിയൻ കടൽ എന്നീ പ്രദേശങ്ങളിലാണ് ഊർജ്ജോൽപ്പാദനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന പല ആഴക്കടൽ മേഖലകളും വലിയ നയതന്ത്ര പ്രാധാന്യമുള്ള തർക്കപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഉദാഹരണത്തിന്, ലോകത്തെ എണ്ണ – വാതക വ്യാപാരത്തിന്റെ വലിയൊരു പങ്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനാൽ പേർഷ്യൻ ഗൾഫിന്, ആഗോള ഊർജ്ജ സുരക്ഷയിൽ വളരെ നിർണായകമായ സ്ഥാനമാണുള്ളത്. അതുപോലെ തന്നെയാണ് തെക്കൻ ചൈനാക്കടലിന്റെ കാര്യവും. അവിടെ വൻതോതിൽ ഇന്ധന നിക്ഷേപമുണ്ടെങ്കിലും, വിവിധ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ ഗതാഗത പാതയും ആ പ്രദേശത്തെ എപ്പോഴും പുകയുന്ന ഒരു രാഷ്ട്രീയ മേഖലയാക്കി മാറ്റുന്നു.

 എന്താണ് ഓഫ്‌ഷോർ എനർജി ബേസിൻ അഥവാ ആഴക്കടൽ ഊർജ്ജ തടങ്ങൾ?

കടലിന്റെ അടിത്തട്ടിൽ ദശലക്ഷക്കണക്കിന് വർഷങ്ങളായി ജൈവ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപപ്പെട്ട പ്രകൃതിദത്ത ഇന്ധന ശേഖരമാണിവ. അനുകൂലമായ താപനിലയും കടുത്ത സമ്മർദ്ദവും കാരണം ഈ അവശിഷ്ടങ്ങൾ കാലക്രമേണ ഹൈഡ്രോകാർബണുകളായി (ഇന്ധനങ്ങളായി) രൂപാന്തരപ്പെടുന്നു.

 കട്ടിയുള്ള പാറപ്പാളികൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുന്ന അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വലിയ ശേഖരങ്ങൾ ഈ തടങ്ങളിലുണ്ടാകും. ആഴക്കടൽ എണ്ണ ഖനനത്തിന്റെ പ്രധാന കേന്ദ്രങ്ങളും ഇതുതന്നെയാണ്.

പ്രധാനപ്പെട്ട ഓഫ്ഷോര്‍ എനര്‍ജി ബേസിനുകള്‍

വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമായ ഇത്തരം ആഴക്കടൽ ഊർജ്ജ മേഖലകൾ ലോകത്തിലെ വിരലിലെണ്ണാവുന്ന ചില ഭൂപ്രദേശങ്ങളിലാണ്   കേന്ദ്രീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യ, വടക്കൻ കടൽ, മെക്സിക്കൻ ഉൾക്കടൽ, തെക്കേ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂപ്രദേശങ്ങളുടെ സമുദ്രാതിർത്തികളിലാണ് ഈ പ്രധാന നിക്ഷേപങ്ങളെല്ലാമുള്ളത്.

കടലിനടിയിലുള്ള ഈ ഊർജ്ജനിക്ഷേപങ്ങൾ വിപണിയിൽ എത്രത്തോളം ലാഭകരമാകുമെന്ന് തീരുമാനിക്കുന്നത് അവിടെ പ്രവർത്തിക്കുന്ന  വൻകിട ഊർജ്ജ പദ്ധതികളാണ്. സൗദി അറേബ്യയുടെ സഫാനിയ, നോർവേയുടെ ജോഹാൻ സ്വെർദ്രൂപ്പ്, ബ്രസീലിന്റെ ബൂസിയോസ്, ഗയാനയുടെ ലിസ തുടങ്ങിയ വന്‍കിട പ്രോജക്ടുകൾ ഇതിന് ഉദാഹരണങ്ങളാണ്. ഈ പദ്ധതികളാണ് ആ കടൽമേഖലകളെ ലോകത്തെ തന്നെ ഏറ്റവും വലിയ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങളാക്കി മാറ്റിയത്.

പ്രധാനപ്പെട്ട ഓഫ്ഷോര്‍ എനര്‍ജി പ്രൊജക്റ്റുകള്‍

അംഗോളയിലെ കാംബോ, മൊസാംബിക്കിലെ കോറൽ സൗത്ത് എഫ്.എൽ.എൻ.ജി, ഇന്ത്യയിലെ മുംബൈ ഹൈ, കെജി-ഡി6 തുടങ്ങിയ പദ്ധതികൾ ആഴക്കടൽ ഖനന രംഗത്തെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. നിലവിൽ പുതിയ ഊർജ്ജ പദ്ധതികൾ കൂടുതലായും കേന്ദ്രീകരിക്കുന്നത് തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളിലാണ്. 

ആഴക്കടൽ ഊർജ്ജവും ഭൗമരാഷ്ട്രീയവും 

സമുദ്രത്തിലെ ഇന്ധന നിക്ഷേപങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി ചർച്ചകളെയും നയതന്ത്ര ബന്ധങ്ങളെയും ദേശീയ സുരക്ഷാ നയങ്ങളെയും പണ്ടുമുതലേ ശക്തമായി സ്വാധീനിക്കുന്നുണ്ട്. കരയിലെ എണ്ണക്കിണറുകളെപ്പോലെയല്ല കടലിലെ കാര്യം. കടലിലെ എണ്ണ – വാതക സ്രോതസ്സുകൾ പലപ്പോഴും പ്രത്യേക സാമ്പത്തിക മേഖലകളിലോ (Exclusive Economic Zones – EEZs) അതിനോട് ചേർന്നോ ആണ് സ്ഥിതി ചെയ്യുന്നത്. 

ഒരേ കടലിന് മേൽ ഒന്നിലധികം രാജ്യങ്ങൾ അവകാശവാദം ഉന്നയിക്കുമ്പോൾ അവിടെ എണ്ണ ഖനനം നടത്തുന്നത് വലിയ തർക്കങ്ങൾക്ക് കാരണമാകും. സ്വന്തം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും കടലിൽ മേധാവിത്വം സ്ഥാപിക്കാനും വൻകിട ശക്തികൾ മത്സരിക്കുന്നത് മൂലം, ഈ ആഴക്കടൽ ഊർജ്ജതടങ്ങൾ തന്ത്രപ്രധാനമായ മത്സരവേദികളായി മാറിക്കൊണ്ടിരിക്കുകയാണ്.

കടലിൽ നിന്ന് ഖനനം ചെയ്ത എണ്ണയും വാതകവും ലോകവിപണിയിൽ എത്തിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും അന്താരാഷ്ട്ര വിപണികളിൽ എത്തുന്നതിന് മുമ്പ് തന്ത്രപ്രധാനമായ സമുദ്രപാതകളിലൂടെയും കടലിടുക്കുകളിലൂടെയും കൊണ്ടുപോകേണ്ടതുണ്ട്. ഹോർമുസ് കടലിടുക്ക്, ബാബ് എൽ – മന്ദേബ്, സൂയസ് കനാൽ, മലാക്ക കടലിടുക്ക്, പനാമ കനാൽ എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടവയാണ്.

 യുഎസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (EIA) റിപ്പോർട്ടുകൾ പ്രകാരം കടൽ വഴിയുള്ള ആഗോള ഊർജ്ജ കച്ചവടത്തിന്റെ വലിയൊരു പങ്കും നടക്കുന്നത് ഈ ജലപാതകളിലൂടെയാണ്. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഊർജ്ജ സുരക്ഷ നിലനിർത്തുന്നതിൽ ഈ സമുദ്രപാതകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ഈ സമുദ്രപാതകളിലെ തടസ്സങ്ങൾ ലോകത്തെ എങ്ങനെ ബാധിക്കുമെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) വ്യക്തമാക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ നിലവിലെ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടപ്പോൾ, അത് അവിടുത്തെ പെട്രോകെമിക്കൽ വ്യവസായങ്ങളെ നേരിട്ട് ബാധിച്ചു.

 പലയിടത്തും ഇന്ധന വിതരണം നിലച്ചു. ഈ പ്രതിസന്ധി ആഗോളതലത്തിൽ എണ്ണക്ഷാമത്തിനും കനത്ത വിലക്കയറ്റത്തിനും കാരണമാകുകയും, യൂറോപ്പിലെയും അമേരിക്കയിലെയും സാധാരണക്കാരുടെ ജീവിതച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു.

ആഴക്കടൽ ഖനന രംഗത്ത് അദാനി ഗ്രൂപ്പും

ഇന്ത്യയിൽ ഒഎൻജിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇപ്പോഴും ആഴക്കടൽ എണ്ണ – വാതക ഖനനത്തിൽ മുന്നിലെങ്കിലും, സ്വകാര്യ കമ്പനികളും ഈ മേഖലയിലേക്ക് വലിയ നിക്ഷേപം നടത്തിവരുന്നുണ്ട്. മുംബൈ ഓഫ്‌ഷോർ ബേസിനിലെ തപ്തി – ദാമൻ ആഴക്കടൽ വാതക പദ്ധതിയുമായി അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡ് (AWEL) മുന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയിലെ ആഴക്കടൽ പ്രകൃതിവാതക ഉൽപ്പാദന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണിത്.

2028ഓടെ ഈ പദ്ധതിയിൽ നിന്നുള്ള വാതക ഉൽപ്പാദനം പൂർണ്ണതോതിൽ ആരംഭിക്കുമെന്നാണ് വെൽസ്പൺ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടർ സന്ദീപ് ഗാർഗ് വ്യക്തമാക്കുന്നത്. 

 ആഴക്കടൽ ഊർജ്ജ വികസന പദ്ധതികൾ വലിയൊരു സമുദ്ര വ്യവസ്ഥിതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സമുദ്രത്തിനടിയിലെ അത്യാധുനിക എഞ്ചിനീയറിംഗ്, പ്രത്യേക ശേഷിയുള്ള കപ്പലുകൾ, കടലിനടിയിൽ കേബിൾ സ്ഥാപിക്കുന്ന കപ്പലുകൾ, കൃത്യമായ ലോജിസ്റ്റിക്സ് ശൃംഖല എന്നിവയെല്ലാം ചേരുന്ന വിപുലമായ ഒരു വ്യവസ്ഥയാണിത്. ഈ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട്, എണ്ണ ഖനനത്തിന് പുറമെ ആഴക്കടൽ അനുബന്ധ സേവനങ്ങളിലേക്കും അദാനി ഗ്രൂപ്പ് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നുണ്ട്. 

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) വഴി, ആഴക്കടൽ സഹായ കപ്പലുകളിലും (offshore support vessels) സമുദ്രത്തിനടിയിലെ എഞ്ചിനീയറിംഗ് രംഗത്തും വലിയ നിക്ഷേപം നടത്തിക്കൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഫ്‌ഷോർ മറൈൻ സർവീസ് രംഗത്തേക്ക് കടന്നുവരുന്നത്.

ആഗോള ഊർജ്ജ വിപണിയിൽ വരുന്ന വലിയൊരു മാറ്റത്തെക്കുറിച്ച് ‘ദി കെൻ’ ജൂൺ 22ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 

കടലിൽ നിന്ന് എണ്ണയും വാതകവും ഖനനം ചെയ്തെടുക്കുന്ന പരമ്പരാഗതമായ ഡ്രില്ലിംഗ് രീതികൾക്കപ്പുറം, വിപുലമായ മറ്റനവധി സമുദ്ര സേവനങ്ങളിലേക്ക് ഈ മേഖല വളരുകയാണ്. 

എണ്ണക്കിണറുകൾ തുരക്കുന്നതിനൊപ്പം തന്നെ, ആഴക്കടൽ ഖനനത്തിന് സഹായിക്കുന്ന പ്രത്യേക കപ്പലുകൾ, സമുദ്രത്തിനടിയിലെ സാങ്കേതിക എഞ്ചിനീയറിംഗ്, ഫ്ലോട്ടിങ് എൽഎൻജി പ്ലാന്റുകൾ, ആഴക്കടലിലെ കാറ്റാടി യന്ത്രങ്ങൾ, കടലിനടിയിലൂടെയുള്ള കേബിൾ ശൃംഖലകൾ എന്നിവയ്ക്കെല്ലാം വലിയ വിപണിയാണ് ആഗോളതലത്തിൽ രൂപപ്പെട്ടുവരുന്നത്.

അദാനി ഗ്രൂപ്പിന്റെ  ഉടമസ്ഥതയിലുള്ള ‘എനർജി സവാന’ എന്ന ആഴക്കടൽ സഹായ കപ്പൽ, വടക്കൻ കടലിലും കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തിലും നീക്കങ്ങള്‍ നടത്തിയിരുന്നു. ഈ കപ്പലിന്റെ പേര് ‘ആസ്ട്രോ അറ്റ്ലസ്’ എന്ന് മാറ്റാനിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ അത്യാധുനിക കപ്പൽ ഇപ്പോൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണുള്ളതെന്നാണ് ജിയോ ലൊക്കേഷൻ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.

എനർജി സവാന (Energy Savannah) എന്ന ബഹുമുഖ ആഴക്കടൽ സഹായ കപ്പല്‍

കടലിനടിയിലെ ഈ ഇന്ധന നിക്ഷേപങ്ങൾ, ആഗോള ഊർജ്ജ സുരക്ഷയെയും സമുദ്ര വ്യാപാരത്തെയും നിയന്ത്രിക്കുന്ന തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ്. ആഴക്കടൽ പര്യവേക്ഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി രാജ്യങ്ങൾ വൻതോതിൽ നിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ, കടലിനടിയിലെ ഈ ഊർജ്ജ അതിരുകളുടെ പ്രാധാന്യം വരുംദിവസങ്ങളിൽ ഇനിയും കൂടാനാണ് സാധ്യത. വരുംകാല യുദ്ധങ്ങൾ കടലാഴങ്ങൾ സ്വന്തമാക്കാൻ കൂടിയായിരിക്കുമെന്നതിൽ സംശയമില്ല.

(വിവർത്തനം : സ്നേഹ എം)


സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top