
നടുറോഡിലെ നിസ്കാരം : ജിഹാദല്ല, ഭൂമിക്ക് വേണ്ടിയുള്ള സമരം
മക്കനയണിഞ്ഞ് നടുറോഡിൽ നിസ്കരിക്കുന്ന സ്ത്രീ. പാലക്കാട് ടൗണിൽ നടന്ന സംഭവം രാജ്യമെമ്പാടും വൈറലായി. ജിഹാദി എന്നും ചാവേറെന്നും സൈബറിടത്തെ തീവ്ര വലത് പക്ഷം മുദ്ര കുത്തിയ ആ സ്ത്രീ യഥാർത്ഥത്തിൽ ആരാണ്? എന്തിനാണ് അവർ അത് ചെയ്തത്? ഒബിസി അന്വേഷിക്കുന്നു.
“ഞാൻ ഒരു ഹിന്ദുവായിരുന്നെങ്കിലും റോഡിന് നടുക്ക് നിന്ന് പ്രാർത്ഥിച്ചേനെ. ക്രിസ്ത്യാനിയായിരുന്നെങ്കിലും അതു തന്നെ ചെയ്തേനെ. എല്ലാ ദൈവങ്ങളും ഒന്നല്ലേ? എന്റെ മക്കൾക്ക് മാന്യമായി ജീവിക്കാനുള്ള ഉപാധിയാണ് എനിക്കു വേണ്ടത്. അത് കിട്ടാതായപ്പോൾ നിവൃത്തികെട്ടാണ് ഞാനിതൊക്കെ ചെയ്തത്.”
ജനുവരി 28 നു പാലക്കാട് ഐഎംഎ ജംഗ്ഷനിൽ റോഡിന് നടുക്ക് നിസ്കരിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത അനീസയുടെ വാക്കുകളാണിത്. അനീസ റോഡിൽ നിസ്കരിക്കുന്ന വീഡിയോ, രണ്ട് ദിവസങ്ങളായിസാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അനീസക്ക് ജിഹാദി ചാപ്പകുത്തുന്നതില്‍ തുടങ്ങി സമാനതകളില്ലാത്ത വിദ്വേഷ പ്രചാരണമാണ് ആ വീഡിയോ മുന്‍നിര്‍ത്തി രാജ്യത്താകെ നടന്നത്. നിസ്കരിക്കുന്ന അനീസയെ വണ്ടിയിടിച്ച് തെറിപ്പിക്കുന്ന എഐ വീഡിയോ നിർമിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ വിദ്വേഷ പ്രചാരണം.
എന്നാൽ എന്താണ് അനീസയുടെ യഥാർത്ഥ കഥ ? കോയമ്പത്തൂർ സ്വദേശിയായ അനീസയുടെ, നീതി നിഷേധത്തിനെതിരായുള്ള പ്രതിഷേധമാണ് പാലക്കാട്ട് കണ്ടത്. നിയമപരമായി തനിക്ക് അർഹതപ്പെട്ട ഭൂമി, ഭർതൃ വീട്ടുകാർ തട്ടിയെടുത്തെന്ന് ആരോപിക്കുന്ന അനീസ ഗതി കെട്ടിട്ടാണ് ഈയൊരു പ്രക്ഷോഭത്തിലേക്ക് എത്തിയത്. നിയമപോരാട്ടത്തിന് പോലും പണമില്ലാത്ത അവരുടെ അവസാന വഴിയായിരുന്നു ആ പ്രതിഷേധം.
കേവലം അരമണിക്കൂർ നീണ്ടു നിന്ന ഒരു സ്ത്രീയുടെ പ്രതിഷേധം എങ്ങനെയാണ് ദേശീയ തലത്തിൽ വർഗ്ഗീയ വിദ്വേഷം പടര്‍ത്താനുള്ള ആയുധമായി മാറിയത്? ഒബിസി അന്വേഷിക്കുന്നു.
തിരക്കുള്ള റോഡിന് നടുക്ക് മക്കനയണിഞ്ഞ് നിസ്കരിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ. റോഡിൽ നിന്ന് മാറി നിൽക്കാൻ വഴി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരോടൊക്കെ തർക്കിച്ച് അവർ നിസ്കാരം തുടരുന്നു. ഇതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. ഒരു മിനുട്ടും 31 സെക്കന്റും മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി ലക്ഷകണക്കിന് പേരാണ് കണ്ടിരിക്കുന്നത്.

പോലീസ് അനീസയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി അവര്‍ക്കൊപ്പം വിട്ടു. “നിലവിൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കൊല്ലങ്കോട് പോലീസ് തുടരന്വേഷണം നടത്തിയ ശേഷം എന്തുവേണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.” പാലക്കാട് ടൗൺ സൗത്ത് പോലീസ് ഒബിസിയോട് പറഞ്ഞു.
നീതി നിഷേധം
തിരുപ്പൂരിൽ മാതാപിതാക്കള്‍ക്കും അഞ്ച് സഹോദരങ്ങൾക്കുമൊപ്പമാണ് അനീസ വളർന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത ബാല്യകാലം. പതിമൂന്നാം വയസ്സിലായിരുന്നു കോയമ്പത്തൂർ സ്വദേശി താജുദ്ദീനുമായുള്ള വിവാഹം. രണ്ട് പെൺകുട്ടികളാണ് അനീസയ്ക്ക്. ഭർത്താവ് താജുദ്ദീന് കാൻസർ ബാധിച്ചതോടെ രണ്ട് മക്കളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അനീസയ്ക്കായി. എട്ട് വർഷം മുൻപ് താജുദ്ദീൻ മരിക്കുകയും ചെയ്തു.
താജുദ്ദീന്റെ പിതാവിന് മുതലമട പഞ്ചായത്തിൽ സ്വന്തമായുണ്ടായിരുന്ന 1 ഏക്കർ 58 സെന്റ് ഭൂമിയിൽ തനിക്ക് അർഹതപ്പെട്ട വിഹിതം ലഭിച്ചിട്ടില്ലെന്നതാണ് അനീസയുടെ പരാതി. അനീസ പറയുന്നതനുസരിച്ച് ഇതിൽ 32 സെന്‍റ് ഭൂമി അവർക്ക് അർഹതപ്പെട്ടതാണ്. താജുദ്ദീൻ കാൻസർ ബാധിതനായിരിക്കുമ്പോൾ തന്നെ നാല് സഹോദരങ്ങൾ ചേർന്ന് ഭൂമി മറ്റൊരാൾക്ക് വിറ്റെന്നാണ് അനീസ പറയുന്നത്. ഇതിന്റെ വിഹിതമായി ഒരു രൂപ പോലും താജുദ്ദീന് ലഭിച്ചിട്ടില്ലെന്നും അനീസയും സഹോദരൻ അബ്ദുൽ ഹക്കീമും ഒബിസിയോട് പറഞ്ഞു. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചതിന്റെ ഫലമായി രണ്ട് ലക്ഷം രൂപ നൽകാമെന്ന് താജുദ്ദീന്റെ സഹോദരങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് അർഹമായ സ്വത്തിന്റെ ചെറിയ പങ്ക് പോലും വരില്ല എന്നതിനാൽ അത് സ്വീകരിക്കാൻ അനീസ തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം പരാതികൊടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപുറമെയാണ് താജുദ്ദീന്റെ പിതാവിന്റെ തന്നെ മറ്റൊരു എട്ട് സെന്റ് ഭൂമിയും സഹോദരങ്ങൾ 9 മാസങ്ങൾക്ക് മുൻപ് വിറ്റത്. ഇതിന്‍റെ വിഹിതമായി മൂന്നര ലക്ഷം രൂപ അനീസയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഭൂമിയുടെ വിപണി മൂല്യം വെച്ച് ഇതും തുച്ഛമായ തുകയാണെന്ന് അനീസയുടെ സഹോദരൻ അബ്ദുൾ ഹക്കിം പറയുന്നു. തുടർന്ന് അനീസയും സഹോദരനും അധികാരികൾക്ക് പരാതി നൽകിയിയെങ്കിലും കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായില്ല. “മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും എസ് പിക്കുമൊക്കെ ഞങ്ങൾ പരാതി നൽകിയിരുന്നു. സിവിൽ കോടതിയില്‍ കേസു കൊടുക്കാനാണ് അവരെല്ലാം പറഞ്ഞത്.” അബ്ദുൾ ഹക്കിം ഒബിസി യോട് പറഞ്ഞു.
2025 ഡിസംബർ 17 നു, അവകാശപ്പെട്ട സ്വത്ത് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അനീസ കൊല്ലങ്കോട് പോലീസിനെ സമീപിച്ചു. ഒത്തുതീർപ്പിനായി ഡിസംബർ 23 നു താജുദ്ദീന്റെ സഹോദരങ്ങളെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. സ്റ്റേഷന്‍ മുറ്റത്ത് വച്ചുണ്ടായ വാക്ക് തർക്കത്തത്തെ തുടർന്നുണ്ടായ അക്രമത്തിൽ ഹക്കീമിന് പരിക്കേറ്റു . ഈ പരാതിയിന്മേൽ കൊല്ലങ്കോട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“കോടതിയിൽ പോകാൻ പോലും അവളുടെ കയ്യിൽ പണമില്ല. ചോദിക്കാൻ പോയ എന്നെ അവർ ഉപദ്രവിച്ചു. നീതി കിട്ടാൻ അവളുടെ മുന്നിൽ ഇങ്ങനെയെന്തെങ്കിലും വഴികളെ ഉണ്ടായിരുന്നുള്ളൂ” അനീസ റോഡിന് നടുക്ക് നിസ്കരിച്ചതിനെ പറ്റി ഹക്കിം പറയുന്നു.
വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് അനീസയുടെ സ്വപ്നം. “കൂലി വേലയും ഹോട്ടലിൽ പാത്രം കഴുകലും അടക്കം എല്ലാതരം പണിയും ചെയ്തിട്ടുണ്ട്. അത് കൊണ്ടൊന്നും ഒന്നുമാവില്ല. എനിക്ക് അർഹതപ്പെട്ട പൈസ കിട്ടിയാൽ മക്കൾക്ക് വീട് വയ്ക്കാമായിരുന്നു.” അനീസ പറയുന്നു.
നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമായി റോഡിൽ നിസ്കരിച്ച അനീസയുടെ വീഡിയോ വൈറലാകുന്നത് പക്ഷെ, ഈ നിലയിലൊന്നുമല്ല. വീഡിയോ പ്രചരിപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം അനീസ ഇസ്ലാമിക ഭരണം സ്ഥാപിക്കാനിറങ്ങിയ ജിഹാദിയാണ്. സ്ഥിരമായി വർഗ്ഗീയതയും വിദ്വേഷവും പരത്തുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകൾ തന്നെയാണ് അനീസയ്ക്കെതിരായുള്ള വിദ്വേഷ പ്രചാരണത്തിനും പിന്നില്‍.
ജനുവരി 28ന് ജനം ടിവി ഫേസ്ബുക്കിൽ പങ്ക് വെച്ച അനീസയുടെ വീഡിയോയ്ക്കാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവുമധികം റീച്ചും ലൈക്കുകളും കിട്ടിയത്. 12,000 ത്തോളം ലൈക്കുകളും കമന്റുകളുമാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഈ പോസ്റ്റിന് ലഭിച്ചത്. ‘പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം; ഗതാഗതം തടസപ്പെട്ടു’ എന്ന ക്യാപ്ഷനോടെ പങ്ക് വെച്ച പോസ്റ്റ് 4300 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

പ്രാർഥനയല്ല പ്രതിഷേധം മാത്രമായിരുന്നു അനീസയുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും മുസ്ലിങ്ങളുടെ ആരാധന രീതികളെ കളിയാക്കിയും വിമർശിച്ചുമാണ് കൂടുതൽ കമന്റുകളും. വീഡിയോയിലുള്ള സ്ത്രീയെ ലോറിയിടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തവര്‍ വരെയുണ്ട്. “ഇത്തരം ഇസ്ലാമിസ്റ്റ് നാ..യകളെ കൊണ്ട് തുലഞ്ഞു” എന്നായിരുന്നു ഒരു കമ്മന്റ്. എന്നാൽ ഇത് വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കരുതിക്കൂട്ടി നടത്തിയതാണെന്ന് കമന്റുകളിൽ മറ്റൊരു വിഭാഗം ആരോപിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെ കളിയാക്കികൊണ്ട് “ഇത് ആരെങ്കിലും തടസ്സപെടുത്തിയാൽ നാളെ സഖാക്കളുടെ കൂട്ട നിസ്ക്കാരവും കൂട്ട സുന്നത്തും കാണാമായിരുന്നൂ” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രതിഷേധ സൂചകമായാണ് അനീസ നിസ്കരിച്ചതെന്ന വസ്തുത അതിനകം തന്നെ പുറത്ത് വന്നിരുന്നെങ്കിലും വിദ്വേഷ പ്രചാരണം തുടർന്ന് കൊണ്ടേയിരുന്നു .
സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷം വമിക്കുന്ന പതിനഞ്ചോളം പോസ്റ്റുകൾ എക്സിൽ മാത്രം ഒബിസി കണ്ടെത്തി. ജനുവരി 28 ന് ‘ക്രിയാറ്റ്ലി’ എന്ന അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ച പോസ്റ്റാണ് ഏറ്റവുമധികം പ്രചരിച്ചവയിലൊന്ന്. 93,100 പേർ കണ്ട പോസ്റ്റ് 4900 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 2200 പേർ ഇത് റിപ്പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

അടുത്ത കാലത്ത് ബംഗ്ലാദേശിലെ ന്യൂനക്ഷങ്ങൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ ചൂണ്ടികാട്ടി, “ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും കണ്ട് നമ്മൾ പഠിക്കണം” എന്നായിരുന്നു ക്രിയാറ്റ്ലി യുടെ പോസ്റ്റിന് താഴെ ഒരാൾ കമെന്റ് ചെയ്തത്. ഇതേ സ്വരത്തിൽ വന്ന മറ്റൊരു കമ്മന്റ് “ഇവരെ ഇതിനനുവദിക്കുന്ന ഹിന്ദുക്കളെയോർത്ത് നാണക്കേട് തോന്നുന്നു. ഒരു ജിഹാദി കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇതിനെതിരെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല” എന്നാണ്.
മഹാരഥി, ഓംകാർ തുടങ്ങിയ അക്കൗണ്ടുകളുടെ സമാന സ്വഭാവമുള്ള പോസ്റ്റുകൾക്ക് താഴെയും നിരവധി വിദ്വേഷ കമന്റുകൾ കാണാം.
“ഇവളുടെ മേൽ വണ്ടി കയറ്റിയിറക്കണം, എന്നിട്ട് ഇവളുടെ തന്നെ വൃത്തികെട്ട ദൈവത്തിന്റെയടുത്ത് എത്തിക്കണം.” എന്നാണ് ‘ഡോ.പൂർണിമ’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിന് വന്ന ഒരു കമന്റ്. “നിങ്ങളവരെ പിന്തുണയ്ക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. അവരുടെ ജനസംഖ്യ കൂടുമ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരുന്നു. ഇപ്പോ ഇതൊക്കെ തുടങ്ങുമ്പോൾ നിങ്ങളെന്തിനാണ് അത്ഭുതപ്പെടുന്നത്?” എന്ന അടിക്കുറിപ്പോടെയാണ് ഈ ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
വിദ്വേഷ പ്രചരണത്തിന് നിർമിത ബുദ്ധിയും
നിർമിത ബുദ്ധിയുപയോഗിച്ചുള്ള വിദ്വേഷ പ്രചരണവും അക്രമാഹ്വാനങ്ങളും എക്സിൽ ഒബിസി കണ്ടെത്തി. ‘ഇൻവിസിബിൾ ട്രൂത്’ എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത എഐ നിർമിത വീഡിയോയിൽ റോഡിലൂടെ കടന്ന് പോകുന്ന കാർ അനീസയെ ഇടിച്ച് തെറിപ്പിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. “ഇതാണ് ഏക പരിഹാരം” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

എഐ ഉപയോഗിച്ച് നിർമ്മിച്ച മറ്റൊരു വീഡിയോയിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്ന അനീസ പൊട്ടിതെറിക്കുന്നതായി കാണാം. ‘ആസ്റ്റിൻ ശിവാജി കുമാർ’ എന്നയാളാണ് ജനുവരി 29 നു ‘ട്രാഫിക് ജിഹാദ്’ എന്നാരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോകൾ സംഘടിതതമായാണ് വർഗ്ഗീയ പ്രചരണത്തിനായി സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിച്ചതെന്ന് ഒബിസിയുടെ അന്വേഷണത്തില്‍ വ്യക്തമായി. എന്നാൽ സൈബർ ലോകത്ത് നടക്കുന്ന ഈ വർഗീയ പ്രചാരണങ്ങളൊന്നും അനീസ അറിഞ്ഞിട്ടില്ല . പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ,കൂലിപ്പണി എടുത്ത് ജീവിക്കുന്ന ഈ സ്ത്രീക്ക് ഇന്റർനെറ്റിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് പോലും അറിയില്ല. അനീസയുടെ നിസ്കാരം വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നത് ഒബിസി അനീസയുടെ ശ്രദ്ധയിൽപ്പെടുത്തി. മുസ്ലിം ആയത് കൊണ്ടല്ല, മറിച്ച് ആരും സഹായിക്കാൻ ഇല്ലാത്ത നിസ്സഹായത കൊണ്ടാണ് ഇങ്ങനെ ഒരു പ്രവൃത്തിക്ക് മുതിർന്നതെന്ന് അനീസ പറഞ്ഞു. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നെങ്കിലും ഇത് തന്നെ ചെയ്തേനെ. കാരണം പ്രാർത്ഥിക്കാനും പ്രതിഷേധിക്കാനും ദൈവമേയുള്ളൂവെന്ന് അനീസ പറയുന്നു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക