
ഓണക്കാലത്ത് പിട്ടാപ്പിള്ളിലിനെതിരെ ബഹിഷ്കരണാഹ്വാനവുമായി വലതുപക്ഷം; വീഡിയോയുടെ സത്യാവസ്ഥ
സത്യത്തില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കേണ്ടാവരാണോ? പാതാളത്തില്‍ ഇറങ്ങിപ്പോയവരെ നോക്കിയിരിക്കേണ്ടവരാണോ അവര്‍? ക്രിസ്തുമത വിശ്വാസികള്‍ക്ക് ഇഷ്ടം പോലെ വേറെ ആഘോഷങ്ങളുള്ളപ്പോള്‍ എന്തിനാണ് ഓണം? സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെയാണ്.
വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ഗൃഹോപകരണ – ഇലക്ട്രോണിക്സ് റീട്ടെയിൽ ഷോറൂം ശൃംഖലയായ പിട്ടാപ്പിള്ളില്‍ എജൻസീസിന്റെ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ അലോഷിയാണ് എന്നാണ് ക്യാപ്ഷൻ പറയുന്നത്. ഓണക്കാലത്ത് ഈ സ്ഥാപനത്തെ എല്ലാവരും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
എന്താണ് വീഡിയോയുടെ സത്യാവസ്ഥ? പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഓണക്കാലത്ത് ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കിയിട്ടുണ്ടോ? ഒബിസി പരിശോധിച്ചു.
വൈറലായ വീഡിയോ ഇത്
‘Rahul Raveendran’ എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലില്‍ ഓഗസ്ത് പതിനാറാം തിയതി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കുന്നതെന്ന് പിതാക്കന്മാര്‍ ഒരുമിച്ചിരുന്നു ആലോചിക്കണം,ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം എന്നൊക്കെയാണ് വീഡിയോയില്‍ സഭാവസ്ത്രം അണിഞ്ഞ ഒരു പുരുഷന്‍ പറയുന്നത്.
ഇത് പീറ്റര്‍ പോള്‍ അലോഷിയാണെന്നും മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇവന്റെയൊക്കെ കട നമള്‍ ബഹിഷ്കരിക്കണം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്. ഫേസ്ബുക്കില്‍ ഈ അക്കൗണ്ടില്‍ പ്രചരിക്കുന്ന വീഡിയോക്ക് താഴെ അസഭ്യം നിറഞ്ഞ കമന്റുകൾ നിരവധിയുണ്ട്.

ഹിന്ദു ഐക്യവേദി ഭാരവാഹി കെ.പി ശശികലയുടേത് എന്നവകാശപ്പെടുന്ന ഫേസ്ബുക്ക് പേജിലും ഈ വീഡിയോ പ്രചരിക്കുന്നതായി കണ്ടു. ഒരു ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്ന ഒരു അക്കൌണ്ട് ആണിത്.

ഐതിഹ്യത്തെ അവഹേളിക്കാന്‍ ശ്രമിക്കരുത് എന്നാണ് ക്യാപ്ഷനില്‍ പറയുന്നത്. ഇതുവരെ (21/8/26) ഈ വീഡിയോ പതിനാലായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
ചില എക്സ് പേജുകളിലും ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ വഴിയും വീഡിയോ പ്രചരിക്കുന്നതായി കണ്ടു. ഓണാഘോഷം ക്രിസ്ത്യാനികള്‍ക്ക് വേണ്ട എന്നുപറയുന്ന ഒരു പാതിരിയുടെ വീഡിയോ എന്നാണ് ഇൻസ്റ്റഗ്രാമിലെ ഒരു ക്യാപ്ഷന്‍.
അന്വേഷണം, കണ്ടെത്തല്‍
പിട്ടാപ്പിള്ളില്‍ ഉടമ പീറ്റര്‍ പോള്‍ അല്ല വീഡിയോയില്‍ കാണുന്നത് എന്നുറപ്പിക്കുകയാണ് ആദ്യം ചെയ്തത്. വെറുമൊരു ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ അത് വ്യക്തമാകും.

പീറ്റര്‍ പോളിന്റെ ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലെ വ്യക്തിയുടെ ചിത്രവും തമ്മില്‍ ഒരു സാദൃശ്യവുമില്ല എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. രണ്ടു ചിത്രങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം. വീഡിയോയില്‍ ഉള്ളത് പീറ്റര്‍ പോള്‍ അല്ല എന്ന് മനസിലായതോടെ, പിന്നെ ആരാണ് വീഡിയോയില്‍ സംസാരിക്കുന്ന വ്യക്തി എന്ന് അന്വേഷിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേര്‍ച്ച് ചെയ്തു.
ഒരു യു ട്യൂബ് വീഡിയോയിലേക്കാണ് അത് നയിച്ചത്. കോട്ടയം പുന്നത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബത് ലഹേം മിനിസ്ട്രീസ്ൻ്റെ ക്രിസ്തീയ ഭക്തി ചാനലായ ‘Bethlehem TV’ യുടെ യുട്യൂബ് വീഡിയോ. 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ വീഡിയോയില്‍ ഒരു പുരോഹിതന്‍ സംസാരിക്കുന്നുണ്ട്, ആ വീഡിയോ മുഴുവനായും കണ്ടു. ഫാ. ബിനോയ് ജോണ്‍ ആണ് വീഡിയോയില്‍ സംസാരിക്കുന്നത് എന്നാണ് മനസിലാകുന്നത്. 2020 ലെ വീഡിയോ ആണിത്.

അന്ന് ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഫാദര്‍ യൂ ട്യൂബില്‍ പങ്കുവയ്ക്കുന്നത്. അന്ന് ഹിന്ദു ഐക്യവേദി ഭാരവാഹി ശശികല, ഓണാഘോഷം ക്രിസ്ത്യാനികള്‍ നടത്തേണ്ടതില്ല എന്ന ഒരു വാദമുന്നയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു ഇത്.
അതായത് ആറു വര്‍ഷം മുന്‍പുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വലതുപക്ഷ പേജുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രചാരകരാവാതിരിക്കാന്‍ ശ്രമിക്കുക, ഷെയര്‍ ചെയ്യുന്നതിന് മുന്‍പായി ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് ഓരോ വാർത്തയും വെരിഫൈ ചെയ്യുക.
