ആണും പെണ്ണും കെട്ടവൻ എന്ന അധിക്ഷേപത്തെ ട്രോൾ മെറ്റീരിയൽ ആക്കുന്ന ഇടതുപക്ഷം

ആണും പെണ്ണും കെട്ടവൻ എന്ന അധിക്ഷേപത്തെ ട്രോൾ മെറ്റീരിയൽ ആക്കുന്ന ഇടതുപക്ഷം

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം തുടരുന്നതിനിടെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പി എം ശ്രീയിൽ ഒപ്പുവച്ച മുഖ്യമന്ത്രി ‘ആണും പെണ്ണും കെട്ടവൻ’ ആണെന്ന പി.എം.എ സലാമിന്റെ പ്രസ്താവനയാണ് ഇപ്പോൾ ഇടത് സൈബർ ഹാൻഡിലുകൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. പി.എം.എ സലാം ഇങ്ങനെ പറഞ്ഞത് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഈ പ്രചാരണം മുന്നേറുന്നത്. അതേ സമയം, ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന ഇത്തരമൊരു പ്രയോഗത്തിലെ മനുഷ്യത്വ വിരുദ്ധത എവിടെയും ചർച്ചയാകുന്നുമില്ല.

എന്താണ് പ്രചരിക്കുന്ന വീഡിയോ?

പി എം ശ്രീയിൽ ഒപ്പുവച്ച സർക്കാരിനെ വിമർശിക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്യുകയാണ് വീഡിയോയിൽ ലീഗ് നേതാവ് പി.എം.എ സലാം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പദ്ധതിയിൽ ഒപ്പുവച്ചത് എന്ന് പറയാതിരിക്കാനാവില്ല എന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി പറയുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍  മാതൃഭൂമി ചാനലിന്റെ വാട്ടര്‍മാര്‍ക്ക് കാണാം. അതായത്, മാതൃഭൂമി പ്രസിദ്ധീകരിച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

വികലമായതും തെറ്റായതുമായ ചരിത്രം കുട്ടികള്‍ക്ക് പഠിക്കേണ്ടി വരുമെന്നും ഹിന്ദിയും സംസ്കൃതവും ഒഴികെ മറ്റു ഭാഷകളെ കുട്ടികളില്‍ നിന്നും ഇത് അകറ്റി നിര്‍ത്തുമെന്നും പി.എം.എ സലാം പ്രസംഗത്തിൽ പറയുന്നു.

ആരൊക്കെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്? 

ഇടത് സൈബർ പേജുകളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. സലാമിൻ്റെ വീഡിയോയോടൊപ്പം വി ഡി സതീശൻ്റെ ചിത്രവും ചേർത്താണ് പ്രചരിപ്പിക്കുന്നത്. പി എം ശ്രീ പദ്ധതിയില്‍ തുടരാന്‍ തീരുമാനിച്ചതിൽ മുഖ്യമന്ത്രി വി.ഡി സതീശനെ  വിമര്‍ശിക്കുകയാണ് ലീഗ് നേതാവ് എന്നാണ് പോസ്റ്റുകളിൽ പറയുന്നത്. 

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീനിൻ്റെ (ഫേസ്ബുക്ക് ബയോ പ്രകാരം) ഫേസ്ബുക്ക് പേജ് വഴിയാണ് ഈ വീഡിയോ ആദ്യം ഷെയർ ചെയ്യപ്പെട്ടത് എന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ നിന്ന് മനസ്സിലാകുന്നത്. പിന്നീട് വലിയ തോതില്‍ ഇടത് പേജുകള്‍ വഴി ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്റെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള സ്ക്രീൻഷോട്ട്. വി.ഡി സതീശന്റെ ചിത്രത്തിനൊപ്പം 'സതീശൻ ആണും പെണ്ണും കെട്ടവൻ എന്ന് സലാം' എന്ന വിവാദ ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയും അതിന് ലഭിച്ച വ്യൂസും കമന്റുകളും ചിത്രത്തിൽ കാണാം.
കെ.സി റിയാസുദ്ദീനിൻ്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ, സ്ക്രീന്‍ഷോട്ട്

30,000 ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട്‌ ആണ് കെ.സി റിയാസുദ്ദീനിന്റേത്. അക്കൗണ്ടില്‍ ഇന്നലെ (18/6/26) പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ, ഒരു  ലക്ഷത്തിലധികം (115K) പേര്‍ ഇതുവരെ (19/6/26) കണ്ടിട്ടുണ്ട്. 2,500 ല്‍ അധികം പേരാണ് പോസ്റ്റ്‌ ലൈക്ക് ചെയ്തിട്ടുള്ളത്. 

 ‘സതീശന്‍ ആണും പെണ്ണും കെട്ടവന്‍ എന്ന് സലാം,  ഈ പരിഷ്കൃത സമൂഹത്തില്‍ ഇത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതല്ലേ’ എന്നതാണ് വീഡിയോക്ക് ക്യാപ്ഷന്‍.

‘എന്നാലും സതീശനെ താങ്ങി നടന്നിട്ട് സതീശന് തന്നെ ഇട്ടു താങ്ങിയല്ലോ സലാം’, മൂരികൾക്ക് എവിടെ മനസ്സിലാവാൻ  എന്നിങ്ങനെയുള്ള കമന്റുകളും ഈ പോസ്റ്റിനു താഴെ കാണാം.  

മറ്റ് പ്രാദേശിക ഇടത് പേജുകളില്‍ ഈ പോസ്റ്റ് പിന്നീട് വൈറലായി. അതില്‍ ‘കൊണ്ടോട്ടി സഖാക്കള്‍’ എന്ന പേജും ഉള്‍പ്പെടും. ഈ ഇതില്‍ നിന്നും ഒരു ലക്ഷത്തിലധികം പേര്‍ ഈ പോസ്റ്റ് കണ്ടിട്ടുണ്ട്. ‘വി ഡി സതീശന്‍ ആണും പെണ്ണും കെട്ടവന്‍’ എന്നാണ് പോസ്റ്റിലെ ക്യാപ്ഷന്‍.

'കൊണ്ടോട്ടി സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിൽ നിന്നുള്ള സ്ക്രീൻഷോട്ട്. വി.ഡി സതീശന്റെ ചിത്രത്തിനൊപ്പം 'വി ഡി സതീശൻ ആണും പെണ്ണും കെട്ടവൻ' എന്ന അധിക്ഷേപകരമായ ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വ്യാജ വീഡിയോ പോസ്റ്റ് ചിത്രത്തിൽ കാണാം.
ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

എൽ.ഡി.എഫ് നേതാവ് എം.ബി രാജേഷിന്റെ പേരില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന നമ്മുടെ MBR എന്ന പേജ് പല ഗ്രൂപ്പുകളിലേക്ക് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു വ്യാജ വാർത്തയ്ക്ക്  ‘റീച്ച്’ ഉണ്ടാക്കാൻ വേണ്ടി സൈബർ ഇടങ്ങളിൽ സാധാരണയായി ബോധപൂർവം  ചെയ്യുന്ന ബൾക്ക് ഷെയറിങ്’ അഥവാ ടാർഗെറ്റഡ് ഡിസ്ട്രിബ്യൂഷൻ ആണ് ഇവിടെ സംഭവിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്‌.

നമ്മുടെ MBR' എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്ന് ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളിലേക്ക് ഒരേ സമയം വീഡിയോ ലിങ്കുകൾ പങ്കുവെച്ചതിന്റെ സ്ക്രീൻഷോട്ട്. 'who Like Sakhav Pinarai Vijayan', 'Friends who like Com.M Swaraj', 'CPI(M) cyber King' തുടങ്ങിയ വിവിധ പേജുകളിലേക്ക് 08:52, 08:53, 08:54 എന്നീ സമയങ്ങളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.
വീഡിയോ പോസ്റ്റ്‌ ചെയ്ത വിവിധ അക്കൌണ്ടുകള്‍, സമയ വ്യത്യാസവും കാണാം

ചില എക്സ് അക്കൌണ്ടുകളിലും ഈ പോസ്റ്റ് പ്രച്ചരിക്കുന്നതായി കാണാം.

വീഡിയോയുടെ വാസ്തവം എന്ത്?

എൽ ഡി എഫ് സർക്കാർ പി എം ശ്രീയിൽ ഒപ്പിട്ടതിനെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍  ലീഗ് നേതാവ് പി.എം.എ സലാം ഉയർത്തിയ വിമർശനമാണിത്. മാതൃഭൂമി, മീഡിയ വണ്‍ പോലുള്ള മാധ്യമങ്ങള്‍ അന്ന് തന്നെ ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ മാതൃഭൂമി യു ട്യൂബില്‍  പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിന്റെ നീക്കത്തെ വിമർശിച്ചുകൊണ്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ യഥാർത്ഥ പ്രസ്താവനയുടെ റിപ്പോർട്ട് ചിത്രത്തിൽ കാണാം.
ഏഴു മാസം മുന്‍പ് മാതൃഭൂമിയില്‍ ഇത് വാര്‍ത്ത‍യായപ്പോള്‍, സ്ക്രീന്‍ഷോട്ട്

അധിക്ഷേപകരമായ ഈ പരാമർശം അന്ന് തന്നെ വിവാദമായിരുന്നു. രാഷ്ട്രീയ വിമർശനമെന്ന പേരിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന ഈ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി, ഇത്തരത്തിൽ ക്വിയർ വിരുദ്ധവുമായ പ്രയോഗങ്ങൾ നടത്തുന്നത് സ്ഥിരം പ്രവണതയാണ്. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമില്ല താനും.   

മുൻ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ അധിക്ഷേപ പരാമർശത്തെ തള്ളിക്കളയുകയും വിമർശിക്കുകയും ചെയ്യുന്നതിന് പകരം ഇപ്പോഴത്തെ മുഖ്യമന്ത്രിയെ പരിഹസിക്കാനായി ഉപയോഗിക്കുകയാണ് ഇടത് സൈബർ ഹാൻഡിലുകൾ. എൽ.ജി.ബി.ടി.ക്യു കമ്മ്യുണിറ്റിയുടെ അവകാശങ്ങളെയും ലിംഗസമത്വത്തെയും കുറിച്ച് നിരന്തരം ചർച്ചകൾ നടക്കുന്ന കേരളത്തിലെ സൈബർ സ്പേസിലാണ് ഇത്തരം പ്രയോഗങ്ങൾ ട്രോളുകളായി മാറുന്നതും, വൈറലാകുന്നതും. 

‘പദപ്രയോഗങ്ങളിലെ ക്വിയർ വിരുദ്ധത തിരുത്തപ്പെടണം’

‘കേരളത്തിൽ ട്രാൻസ് പോളിസി കൊണ്ടുവന്നത് മുസ്ലിം ലീഗ്, മന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ്, പക്ഷേ അവർ ശരിക്കും ട്രാൻസ് മനുഷ്യരെ ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ ആണോ നടത്തുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട് ‘ സാമൂഹ്യപ്രവർത്തകനും ക്വീയർ ഗവേഷകനുമായ പ്രിജിത് പി. കെ ഒബിസിയോട് പറഞ്ഞു. പൊതുവേ രാഷ്ട്രീയത്തിൽ ശത്രുക്കളെ കളിയാക്കാനും വിമർശിക്കാനും ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് പതിവായി മുൻകാലങ്ങളിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്തരം പരാമർശങ്ങൾ കർശനമായി ഒഴിവാക്കപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

“കാലാകാലങ്ങളായി ലൈംഗിക ന്യൂനപക്ഷങ്ങളെയും ദളിതരെയും സ്ത്രീകളെയും ഭിന്നശേഷിക്കാരെയും ഇത്തരം പദപ്രയോഗങ്ങളാൽ കളിയാക്കിപ്പോന്നിരുന്നു. മുൻകാലങ്ങളിൽ അത്  അജ്ഞത കൊണ്ടായിരുന്നു എന്ന് പറയാം. എന്നാൽ ഇന്ന് ഇതൊന്നും അജ്ഞതയാണെന്ന് പറയാൻ പറ്റില്ല. ഇന്നത്തെ കാലത്ത്  ആളുകൾ ഈ വിഷയങ്ങളിൽ കുറച്ചുകൂടി ബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്നത് ഏവരും ഉൾക്കൊള്ളേണ്ടതുമാണ്.” അദ്ദേഹം പറഞ്ഞു. ഇത്തരം പരാമർശങ്ങൾ നടത്തുന്ന കാര്യത്തിൽ ഇടത് വലത് ഭേദമില്ലെന്നും പ്രിജിത് പറയുന്നു.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top