എലോൺ മസ്ക്ക് തന്നെ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ 

എലോൺ മസ്ക്ക് തന്നെ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ 

സ്പേസ് എക്സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതാണെന്ന പേരിൽ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ ചെറിയൊരു വസ്തു വന്നിടിക്കുന്നതായി വീഡിയോയിൽ കാണാം. വസ്തു വന്നിടിക്കുന്ന ഭാഗത്ത് പൊട്ടിത്തെറിയുണ്ടാകുന്നതായും കാണാം. എന്നാൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ വ്യക്തമായി.

ഈ വർഷം ആഗസ്റ്റ് അഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയിരുന്നു. 2025 ജനുവരി 15 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നും വിക്ഷേപിച്ച, ഫാൽക്കൺ 9 റോക്കറ്റാണ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയത്. നാലായിരം ടണ്ണോളം ഭാരമുള്ള പേടകം ഇടിച്ചിറങ്ങിയതിന്റെ ഭാഗമായി 60 അടി മുതൽ 100 അടി വരെ വീതിയും 12 അടി ആഴവുമുള്ള ഒരു കുഴി ചന്ദ്രനിൽ രൂപപ്പെട്ടതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളാണെന്ന പേരിലാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

goodness__news’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ച പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ആഗസ്റ്റ് 8 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (ആഗസ്റ്റ് 14) അയ്യായിരത്തോളം തവണ ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ടുണ്ട്. “ചന്ദ്രനിൽ വൻ ഗർത്തമുണ്ടാക്കി സ്പേസ് എക്സ് റോക്കറ്റ് ഭാഗം. അപൂർവ ദൃശ്യങ്ങൾ പകർത്തി ദക്ഷിണ കൊറിയയുടെ ‘ദാനൂരി’ ” എന്നാണ് അടിക്കുറിപ്പിലെ അവകാശവാദം. പശ്ചാത്തല വിവരണത്തിലും ദക്ഷിണ കൊറിയയുടെ ‘ദാനൂരി’ എന്ന പേടകം പകർത്തിയ ചിത്രങ്ങളാണെന്ന് അവകാശപ്പെടുന്നുണ്ട്.

Screenshot of a viral fake Instagram post by 'Goodness__news' claiming a SpaceX rocket crashed into the moon
‘goodness__news’ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ സ്ക്രീൻ ഷോട്ട്

തുടർന്ന് ഫേസ്ബുക്കിൽ കീവേഡുകളുപയോഗിച്ച് പരിശോധിച്ചപ്പോൾ, ‘Prime News Kerala’ എന്ന അക്കൗണ്ടും ഇതേ വീഡിയോ പങ്കുവെച്ചിരിക്കുന്നതായി കാണാം. ആഗസ്റ്റ് 7 ന് പങ്കുവെച്ച ഈ വീഡിയോയും രണ്ടായിരത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. “ചന്ദ്രനിൽ ഇടിച്ചിറങ്ങി സ്പേസ് എക്സ് റോക്കറ്റ്” എന്നാണ് അടിക്കുറിപ്പ്. നിരവധി ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും സമാന അടിക്കുറിപ്പുകളോടെ ഇതേ വീഡിയോ ആഗസ്റ്റ് 7,8 തീയതികളിലായി പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരമായി വാർത്താ സ്വഭാവമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന പേജുകളാണ് ഇവയിൽ ഭൂരിഭാഗവും.

Screenshot of a fake Facebook video post by 'Prime News Kerala' claiming a SpaceX rocket crashed into the moon
Prime News Kerala’ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയുടെ സ്ക്രീൻഷോട്ട്

ആഗസ്റ്റ് 7 ന് തന്നെ ‘blocksinfo’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, മറ്റുള്ള പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഈ വീഡിയോയുടെ ഒരു കോണിൽ ‘സാങ്കല്പിക ദൃശ്യങ്ങളാ’ണെന്ന് (Simulated Video) വ്യക്തമാക്കിയിട്ടുണ്ട്. ഈ പോസ്റ്റ് ഇതുവരെ 5.5 ലക്ഷം തവണ കണ്ടിട്ടുമുണ്ട്.

Screenshot of an Instagram post by 'blocksinfo' sharing the simulated SpaceX rocket video with a visible disclaimer label
‘blocksinfo’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റ്

ഫാൽക്കൺ 9 റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായുള്ള വാർത്തകൾ നിരവധിയുണ്ട്. എന്നാൽ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളൊന്നും തന്നെ വാർത്തകളിൽ പ്രചരിക്കുന്ന വീഡിയോയോ അതിന്റെ സ്ക്രീൻഷോട്ടുകളോ ഉപയോഗിച്ചിട്ടില്ല. നാസയുടെ ഔദ്യോഗിക കുറിപ്പിലുൾപ്പെടെ ഈ വീഡിയോ കാണാൻ സാധിക്കില്ല. ഫാൽക്കൺ 9 റോക്കറ്റ് ഇടിച്ചിറങ്ങിയതിനെ പറ്റി ദേശാഭിമാനി നൽകിയ വാർത്തയിൽ, പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ചിരുന്നതായി കാണാം. എന്നാൽ ഇവ ‘സാങ്കല്പിക ദൃശ്യങ്ങളാണെന്ന്’ വാർത്തയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ‘Goodness__news’ പങ്കുവെച്ച വീഡിയോയിൽ, ആഘാതത്തിന്റെ ഭാഗമായി ചന്ദ്രനിൽ ഉണ്ടായ ഗർത്തമെന്ന പേരിൽ മറ്റ് ചില ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട് . അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സ് പങ്കുവെച്ച ചിത്രങ്ങളാണിവയെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു. അതായത്, ഇവ ഫാൽക്കൺ 9 റോക്കറ്റ് ചന്ദ്രനിലുണ്ടാക്കിയ ഗർത്തത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ തന്നെ. യഥാർത്ഥ ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് സാങ്കൽപ്പിക വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്.

Comparison image showing a screenshot from the viral fake SpaceX video alongside the actual crater photo credited to Reuters

ലഭ്യമായ സൂചനകളുപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ ‘Valuentainment’ എന്ന പേരിലുള്ള എക്സ് അക്കൗണ്ട് ഇതേ വീഡിയോ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി. ആഗസ്റ്റ് 5 ന് രാത്രി 10.20 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതിന് മണിക്കൂറുകൾക്കുശേഷം. “ഒരു സ്‌പേസ് എക്‌സ് റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചുകയറി. ഇടിയിൽ 100 അടി ആഴമുള്ള ഗർത്തം ചന്ദ്രനിൽ രൂപപ്പെട്ടു” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. പോസ്റ്റ് ഇതുവരെ (ആഗസ്റ്റ് 14) 60 ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡിജിറ്റൽ മീഡിയ നെറ്റ്‌വർക്കാണ് ‘വാല്യുട്ടെയ്ൻമെന്റ്’ (Valuetainment). എന്നാൽ ഈ പോസ്റ്റിലെവിടെയും ദൃശ്യങ്ങൾ സാങ്കൽപികമാണെന്ന് പറയുന്നില്ല.

Valuetainment’ ന്റെ പോസ്റ്റ്, സ്പേസ് എക്സ് ഉടമ എലോൺ മസ്കും ഷെയർ ചെയ്തിട്ടുണ്ട്. ഇതും എക്സിൽ തന്നെ. ആദ്യ വീഡിയോ വന്നതിന്റെ തൊട്ടടുത്ത ദിവസം (ആഗസ്റ്റ് 6) രാവിലെയാണ് മസ്ക് ഈ വീഡിയോ ഷെയർ ചെയ്തത്. ഇതും 80 ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്. അതായത്, രണ്ട് പോസ്റ്റുകളായി ഒരു കോടിയിലധികം എക്സ് അക്കൗണ്ടുകളിലേക്ക് ഈ വീഡിയോ എത്തിയിട്ടുണ്ട്. 

എന്നാൽ മണിക്കൂറുകൾക്ക് പിന്നാലെ, എലോൺ മസ്ക് തന്നെ ഈ വീഡിയോ വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് എക്സിൽ മറ്റൊരു പോസ്റ്റും പങ്കുവെച്ചു. “പക്ഷേ ഇത് വ്യാജമായിരുന്നു” എന്നായിരുന്നു പോസ്റ്റ്. കൂടെ തമാശയാണെന്ന തരത്തിലുള്ള ഒരു ഇമോജിയും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റ് ആകെ കണ്ടത് 7.1 ലക്ഷം എക്സ് പ്രൊഫൈലുകൾ മാത്രമാണ്. അതായത്, കൃത്രിമ വീഡിയോ ഒരു കോടിയിലധികം പേർ കണ്ടപ്പോൾ, അത് വ്യാജമാണെന്ന വാർത്ത ആകെയെത്തിയത് അതിൽ 7 ശതമാനം ആളുകളിലേക്ക് മാത്രം.

Screenshot of Elon Musk reposting Valuetainment's fake SpaceX video on X, followed by his post clarifying it was fake
‘valuetainment’ ന്റെ എക്സ് പോസ്റ്റ് എലോൺ മസ്ക് ഷെയർ ചെയ്തിരിക്കുന്നു. താഴെയായി മസ്ക് തന്നെ ഇത് വ്യാജമാണെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും ചെയ്തിരുന്നതായി കാണാം

ഇത് സാങ്കല്പിക ദൃശ്യങ്ങൾ മാത്രമാണെന്നും, ഇങ്ങനെയൊരു വീഡിയോ യഥാർഥത്തിൽ ഒരു പേടകവും പകർത്തിയില്ലെന്നും സ്പേസ് എക്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എലോൺ മസ്കിന്റെയും ‘valuetainment’ പോസ്റ്റുകൾക്ക് താഴെയും ഇത് കാണാം.

ചുരുക്കത്തിൽ ‘ഫാൽക്കൺ എക്സ് 9 ചന്ദ്രനിൽ ഇടിച്ചിറങ്ങുന്ന ദൃശ്യങ്ങൾ’ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. സ്പേസ് എക്സിന്റെ ഉടമ എലോൺ മസ്‌ക് തന്നെ പങ്കുവെച്ചതിനാൽ കൂടിയാകാം യഥാർത്ഥമെന്ന തരത്തിൽ ഈ വീഡിയോ ഇത്രയധികം പ്രചരിച്ചത്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top