
വ്യാജ സർട്ടിഫിക്കറ്റ് വിതരണം: മലപ്പുറം ജില്ലക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം
2025 ഡിസംബറിൽ പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്ന ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഈ സംഭവത്തെ മുൻനിർത്തി മലപ്പുറം ജില്ലക്കെതിരെയും മുസ്ലിങ്ങൾക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തുകയാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ അക്കൗണ്ടുകൾ. ജമാഅത്തുകൾ വഴി വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു എന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുന്നു. എന്നാൽ ഈ സംഭവത്തിന് മതപരമായ ഒരു ബന്ധവുമില്ലെന്ന് പോലീസ് ഒബിസിയോട് സ്ഥിരീകരിച്ചു.
“മലപ്പുറത്ത് ജമാഅത്തുകൾ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു” സാമൂഹ്യ മാധ്യമങ്ങളിലെ വലതുപക്ഷ അക്കൗണ്ടുകളുടെ പുതിയ പ്രചാരണമാണിത്. മലപ്പുറം ജില്ലയ്ക്കെതിരായുള്ള വർഗ്ഗീയ പ്രചരണങ്ങൾ കാലങ്ങളായി നടക്കുന്നതാണ്. മലപ്പുറത്ത് മുസ്ലിം ജമാഅത്തുകൾ വഴി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുവെന്നാണ് ഇപ്പോഴുള്ള പ്രചാരണം. എന്നാൽ ഈ വാർത്ത വസ്തുത വിരുദ്ധമാണെന്ന് ഒബിസി കണ്ടെത്തി.
‘@Ramesh_hjs’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പോസ്റ്റിലുള്ളത്. വീഡിയോയിൽ, ഒരു പോലീസ് സ്റ്റേഷന് മുന്നിലായി കുറെയധികം സർട്ടിഫിക്കറ്റുകൾ കൂട്ടിയിട്ടിരിക്കുന്നതായി കാണാം. ശേഷം ഏതാനും പോലീസുകാർ ചേർന്ന് മാധ്യമങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.
“വീണ്ടും ഒരു കോൺഗ്രസ് സംസ്ഥാനം. വിദ്യാഭ്യാസത്തിൽ മലപ്പുറം ജില്ല എങ്ങനെ ഒന്നാമതായെന്നതിന് തെളിവുകളിതാ… ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഇസ്ലാം ജമാഅത്തുകൾ വഴിയാണ് വിതരണം ചെയ്തതെന്ന് അറിവുള്ള കാര്യമാണ്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ചിലർ സർക്കാർ ജോലിയും നേടിയിട്ടുണ്ട്. ഇങ്ങനെയാണ് ചിലർ UPSC ഒക്കെ നേടുന്നത്.” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ബുഷറ ബാനുവിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ ബുഷ്റ ബാനു മതപരമായ പദപ്രയോഗങ്ങൾ നടത്തിയതാണ് വലതുപക്ഷ അക്കൗണ്ടുകളെ ചൊടിപ്പിച്ചത്. ഈ വാർത്തയെ ഉദ്ധരിച്ചാണ് പോസ്റ്റിൽ ഇയാൾ ‘UPSC’ പരാമർശം നടത്തിയിരിക്കുന്നത്.
സെപ്റ്റംബർ 17 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (സെപ്റ്റംബർ 21) 65,000 ത്തിലധികം തവണ കണ്ടിട്ടുണ്ട്. 3,800 ഓളം പേർ റിപ്പോസ്റ്റും ചെയ്തിട്ടുണ്ട്. സംവരണ വിരുദ്ധ, മുസ്ലിം വിരുദ്ധ കണ്ടെന്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന അക്കൗണ്ടാണ് ‘@Ramesh_hjs’. ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവാണ് താനെന്ന് പ്രൊഫൈലിൽ തന്നെ ഈ അക്കൗണ്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നത് തങ്ങളുടെ ഔദ്യോഗിക ലക്ഷ്യമായി പ്രഖ്യാപിച്ച സംഘടന കൂടിയാണ് ‘ഹിന്ദു ജന ജാഗൃതി സമിതി’.
കേരളത്തിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ സമീപകാലത്ത് ഇത്തരമൊരു സംഭവം നടന്നതായുള്ള വാർത്തകളൊന്നും കണ്ടെത്താനായില്ല. കേന്ദ്ര സർക്കാർ മാധ്യമമായ ദൂരദർശൻ മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.
തുടർന്ന്, വീഡിയോയിലെ കീ ഫ്രെയിമുകളെടുത്ത് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ സമാനമായ നിരവധി പോസ്റ്റുകൾ കണ്ടെത്തി. എല്ലാ പോസ്റ്റിലെയും വാദം മുസ്ലിം ജമാഅത്തുകൾ വഴി ഈ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രചരിപ്പിച്ചുവെന്നാണ്. സെപ്റ്റംബർ 15 മുതൽ 19 വരെയാണ് അധികവും പോസ്റ്റ് ചെയ്തിട്ടുള്ളത്. എക്സിൽ ഈ കാലയളവിൽ പങ്കുവെച്ച പത്തോളം പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. മിക്കതും ബിജെപി അനുകൂല പോസ്റ്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന അക്കൗണ്ടുകൾ തന്നെ.
ഈ വർഷം ജൂണിലും സമാന വാർത്ത നിരവധി അക്കൗണ്ടുകൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ‘@Maha_Periyavaa’ എന്ന എക്സ് അക്കൗണ്ട് ജൂൺ 2 ന് പങ്കുവെച്ച വീഡിയോ 20,000 ത്തിലധികം തവണ കണ്ടിട്ടുണ്ട്. “വിദ്യാഭ്യാസം ഹറാമായി കാണുന്ന സമൂഹം വിദ്യാഭ്യാസത്തിൽ ഒന്നാമതായതെങ്ങനെ എന്നതിന് തെളിവിതാ..” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

ഫേസ്ബുക്കിൽ മലയാളത്തിലും നിരവധിപേർ ഇതേ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. ‘ആദിയോഗി’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് എക്സ് പോസ്റ്റുകളുടെ മലയാളം പരിഭാഷയുൾപ്പെടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റുകളിലെ വിവരങ്ങളുപയോഗിച്ച് നടത്തിയ കീവേർഡ് സെർച്ചിൽ യഥാർത്ഥ വാർത്ത കണ്ടെത്താനായി. മലപ്പുറത്തെ, പൊന്നാനിയിൽ നിന്നും രാജ്യത്തെ ഇരുപതോളം സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയെന്നായിരുന്നു വാർത്ത.
എന്നാൽ, ഇത് ഇപ്പോൾ നടന്നതല്ല. 2025 ഡിസംബറിലാണ് പോലീസ് ഈ വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുക്കുന്നത്. അതായത്, ഈ വാർത്തയ്ക്ക് ഒൻപത് മാസത്തിലധികം പഴക്കമുണ്ട്. പഴയ വാർത്തയാണ് ഇപ്പോൾ നടന്ന സംഭവമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
മാത്രമല്ല, പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ സർട്ടിഫിക്കറ്റുകൾ ജമാഅത്തുകൾ വഴിയാണ് വിതരണം ചെയ്തത് എന്നതിന് തെളിവുകളൊന്നുമില്ല. ഈ വാർത്ത ദേശീയ മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ഒരു പ്രധാന മാധ്യമത്തിലും കേസിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ ഇടപെടലുകളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, വാർത്ത ദൂരദർശൻ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന വാദവും തെറ്റാണ്.
ഈ വാർത്തയെ ചൊല്ലിയുള്ള വർഗ്ഗീയ പ്രചരണം ഇതാദ്യമല്ല. 2025 ഡിസംബറിൽ തന്നെ കേസുമായി ബന്ധപ്പെട്ട് മുസ്ലിം മതസ്ഥരുടെ ഒരു സംഘത്തെ പിടികൂടിയെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കേസിന്റെ ഭാഗമായി പോലീസ് പത്തോളം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യ പ്രതി ധനീഷ് ധർമ്മൻ മുസ്ലിമല്ല. രാഹുൽ, വെങ്കിടേഷ്, രതീഷ്, അരവിന്ദ് തുടങ്ങിയ മറ്റ് പ്രതികളും മുസ്ലിങ്ങളല്ല. ജമാഅത്തുകൾ മുഖേന സർട്ടിഫിക്കറ്റ് വിതരണം നടത്തിയെന്ന അവകാശവാദവും തെറ്റാണെന്ന് പൊന്നാനി പോലീസ് ഒബിസിയോട് പറഞ്ഞു. “കേസിന് ജമാഅത്തുകളുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അങ്ങനെ യാതൊരു വിവരവും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.” പൊന്നാനി എസ്എച്ച്ഒ പറയുന്നു.
ചുരുക്കത്തിൽ, മലപ്പുറത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ മുസ്ലിം ജമാഅത്തുകൾ വഴി വിതരണം ചെയ്തുവന്ന വാർത്ത പൂർണമായും വ്യാജമാണ്. വ്യാജ വിവരങ്ങൾ കൂട്ടി ചേർത്ത്, ഒരു പഴയ വാർത്ത വീഡിയോകൾ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക