
എം എസ് സി അഥവാ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കഥ
വിഴിഞ്ഞം തുറമുഖത്തില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിയുടെ 49 ശതമാനം അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം എസ് സിക്ക് കൈമാറുന്നുവെന്ന വാർത്തയാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. ഇക്കാര്യം സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി എന്ന ഈ ബഹുരാഷ്ട്ര കമ്പനിക്ക് എന്താണ് വിഴിഞ്ഞത്ത് താല്പര്യം? ആരാണ് എം എസ് സി?
ഒരു പഴയ ചരക്ക് കപ്പലിൽ നിന്നുള്ള തുടക്കം
‘എംവി പട്രീഷ്യ’ (MV Patricia) എന്ന ഒരൊറ്റ പഴയ ജർമ്മൻ ചരക്കുകപ്പലുമായി 1970-ൽ ബെൽജിയത്തിലെ ബ്രസൽസിൽ നിന്നാണ് എം എസ് സി യുടെ തുടക്കം. നേപ്പിൾസിനടുത്തുള്ള സോറന്റോ സ്വദേശിയായ ക്യാപ്റ്റൻ ജിയാൻലൂയിജി അപോണ്ടെ എന്ന ഇറ്റാലിയൻ നാവികനായിരുന്നു കമ്പനി സ്ഥാപിക്കുന്നത്. തുടക്കത്തിൽ ഏകദേശം എട്ട് വർഷത്തോളം ബെൽജിയത്തിലെ ബ്രസ്സൽസായിരുന്നു കമ്പനിയുടെ ആസ്ഥാനം; 1978 മുതലാണ് സ്വിറ്റ്‌സർലൻഡിലെ ജനീവയിലേക്ക് സ്ഥിരമായി ആസ്ഥാനം മാറ്റുന്നത്. തങ്ങളുടെ വളർച്ചയ്ക്ക് എന്നും അടിത്തറയായ ഈ ചെറിയ തുടക്കത്തിൽ നിന്ന്, പിന്നീട് കാണാൻ സാധിച്ചത് അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന, ഇന്നും തുടരുന്ന വിപുലീകരണ പ്രക്രിയയാണ്. ഈ തുടർച്ചയായ വികസനമാണ് ഇന്ന് എംഎസ്‌സി-യെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനികളിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
ഒന്നാം സ്ഥാനത്തേക്കുള്ള വളർച്ച
2022-ന്റെ തുടക്കത്തിൽ, ഷിപ്പിംഗ് രംഗത്തെ ദീർഘകാലത്തെ മുൻനിരക്കാരായിരുന്ന ഡെന്മാർക്ക് ആസ്ഥാനമായുള്ള മായെർസ്ക് (Maersk) എന്ന കമ്പനിയെ മറികടന്നുകൊണ്ട് എംഎസ്‌സി ലോക ഒന്നാം നമ്പർ സ്ഥാനം സ്വന്തമാക്കി. സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ആഗോള ഗ്രൂപ്പ് ഇന്നും ഒരു സ്വകാര്യ, കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനമായി തുടരുന്നു.
1000 കപ്പലുകൾ , 155 രാജ്യങ്ങൾ, 520 തുറമുഖങ്ങൾ
നിലവിൽ ഏകദേശം 1,000 കപ്പലുകളാണ് MSC ഗ്രൂപ്പിന്റെ കീഴിൽ ലോകമെമ്പാടുമായി സർവീസ് നടത്തുന്നത്, ഇതിൽ സമുദ്രയാന ചരക്കുകപ്പലുകൾ മാത്രം എണ്ണൂറ്റി അൻപതോളം വരും. ലോകത്തിലെ 155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 300-ലധികം കപ്പൽ ചാലുകളും റൂട്ടുകളും ഇവർ നിയന്ത്രിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 520 തുറമുഖങ്ങളിലായി ഇവരുടെ നിയന്ത്രണമുണ്ട്. ഇതിനുപുറമേ വ്യോമ ഗതാഗത രംഗത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഏഴ് അത്യാധുനിക വിമാനങ്ങളും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി 675 ഓഫീസുകൾ വഴി നിയന്ത്രിക്കപ്പെടുന്ന ഈ വമ്പൻ സാമ്രാജ്യത്തിൽ ഇന്ന് രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പ്രതിവർഷം 30 മില്യൺ ടിയു (TEU – Twenty-foot Equivalent Unit) ചരക്ക് നീക്കമാണ് MSC കൈകാര്യം ചെയ്യുന്നത്.
ലോകം കീഴടക്കിയ ബിസിനസ്സ് തന്ത്രങ്ങൾ
തുടക്കത്തിൽ ഒരു കടൽ ചരക്കുഗതാഗത കമ്പനി മാത്രമായിരുന്ന എംഎസ്‌സി, പിന്നീട് വലിയ വൈവിധ്യവൽക്കരണങ്ങളിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. വിജയകരമായ ഒരു ക്രൂസ് ലൈനും, പാസഞ്ചർ ഫെറി സർവീസുകളും, അതുപോലെ തന്നെ മുൻനിര ഉൾനാടൻ-ജലഗതാഗതശൃംഖലയും ഉൾപ്പെടുത്തിക്കൊണ്ട് കമ്പനി അതിൻ്റെ ബിസിനസ്സ് വലിയ തോതിൽ വികസിപ്പിക്കുകയുണ്ടായി. തുറമുഖ ടെർമിനൽ ഇൻഫ്രാസ്ട്രക്ചർ, വ്യോമ, റെയിൽ, റോഡ് മാർഗ്ഗങ്ങളിലുള്ള ചരക്ക് സേവനങ്ങൾ എന്നിവയിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്ന വിവിധ അനുബന്ധ കമ്പനികൾ ചേർന്നതാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി. ഈ അനുബന്ധ കമ്പനികൾ ഒരുമിച്ച് ചേരുന്ന ചരക്ക് ഗതാഗതത്തിന്റെ സ്വന്തമായ ഒരു ആവാസവ്യവസ്ഥ തന്നെ എം എസ് സി കയ്യാളുന്നു .
ജിയാൻലൂയിജി അപോണ്ടെയുടെ മകനായ ഡീഗോ അപോണ്ടെയാണ് നിലവിൽ എം എസ് സിയുടെ പ്രസിഡണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെർമിനൽ ഓപ്പറേറ്റർമാരിൽ ഒന്നാണ് എം എസ് സിയുടെ TIL. ഈ കമ്പനിയാണ് ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളിലേക്ക് നിക്ഷേപവുമായി കടന്നുവരുന്നത്.
വെയർ ഹൌസ് ശൃംഖലകൾ, കണ്ടെയ്നർ ടെർമിനലുകൾ
2022-ൽ 6.3 ബില്യൺ ഡോളറിന് ‘ബൊളോറെ ആഫ്രിക്ക ലോജിസ്റ്റിക്സ്’ (Bolloré Africa Logistics) എന്ന കമ്പനി ഏറ്റെടുത്തത് എംഎസ്‌സിയുടെ വളർച്ചയിലെ ഒരു പ്രധാന കാൽവെപ്പാണ് .ഇതിലൂടെ ആഫ്രിക്കയിലുടനീളമുള്ള വെയർഹൗസ് ശൃംഖലകളും, പതിനാറ് കണ്ടെയ്നർ ടെർമിനലുകളും, മൂന്ന് റെയിൽവേ പെർമിറ്റുകളും എംഎസ്‌സിക്ക് സ്വന്തമായി. തൊട്ടുമുൻപത്തെ വർഷം (2021) എംഎസ്‌സി ബ്രസീലിലെ ‘ലോഗ്-ഇൻ ലോജിസ്റ്റിക്സ്’ ഗ്രൂപ്പിനെയും ഏറ്റെടുത്തിരുന്നു. ആഗോളതലത്തിൽ ഒരു പൊതു ലോജിസ്റ്റിക്സ് ശൃംഖല കെട്ടിപ്പടുക്കുന്നതിന് പകരം, തങ്ങളുടെ ശക്തമായ സ്വാധീനമുള്ള മേഖലകൾ (മെഡിറ്ററേനിയൻ, ഐബീരിയ, പശ്ചിമ ആഫ്രിക്ക) കൂടുതൽ ശക്തിപ്പെടുത്താനും വളർന്നുവരുന്ന വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് എംഎസ്‌സി ശ്രമിച്ചത്.
പുറത്ത് നിന്നൊരു നേതൃത്വം
2020 ഡിസംബറിൽ, 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അപോണ്ടെ കുടുംബം കമ്പനിയെ നയിക്കാൻ പുറത്തുനിന്നൊരാളെ കൊണ്ടുവരുന്നത്. മായെർസ്ക്കിന്റെ സിഒഓ ആയിരുന്ന സോറൻ ടോഫ്റ്റ് എംഎസ്‌സി-യുടെ സിഇഓ ആയി ചുമതലയേറ്റതോടെ ആയിരുന്നു ഇത്. കമ്പനികളെ വലിയ തോതിൽ ഏറ്റെടുക്കുന്നതിലൂടെ എംഎസ്‌സി-യെ വളർത്തിയെടുക്കുക എന്ന പുതിയൊരു ആക്രമണാത്മക വളർച്ചാ തന്ത്രം ടോഫ്റ്റ് നടപ്പിലാക്കി, ഇത് 2022-ൽ അവരെ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാക്കി മാറ്റി.
വെർട്ടിക്കൽ മോണോപൊളി എന്ന അധികാര ഭദ്രത
പരമ്പരാഗതമായ അർത്ഥത്തിൽ ഒരു ഷിപ്പിംഗ് കമ്പനി കടൽ മാർഗ്ഗമുള്ള ചരക്കുനീക്കം മാത്രം നടത്തുകയും, തുറമുഖങ്ങൾ, റെയിൽവേ, ട്രക്കിംഗ് കമ്പനികൾ എന്നിവയ്ക്കായി മറ്റ് സർവീസ് ദാതാക്കളെ ആശ്രയിക്കുകയുമാണ് ചെയ്യാറ്. എന്നാൽ MSC വൈവിധ്യവൽക്കരണത്തിലൂടെ ചരക്ക് ഗതാഗതത്തിൽ തങ്ങളുടേത് മാത്രമായ ഒരു വ്യവസ്ഥ സൃഷ്ടിച്ചെടുത്തു.

കടലിൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വ്യൂഹം നിലനിർത്തുന്നതിനൊപ്പം, Terminal Investment Limited (TiL) എന്ന തങ്ങളുടെ ഉപകമ്പനി വഴി ലോകത്തെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലെ ടെർമിനലുകളുടെ നിയന്ത്രണങ്ങൾ അവർ കൈക്കലാക്കി. അതിൽ ഒടുവിലത്തേതാണ് വിഴിഞ്ഞം.
തുറമുഖങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ മെഡ് ലോഗ്, മെഡ് വേ എന്നീ സ്വന്തം ലോജിസ്റ്റിക്സ്, റെയിൽ ശൃംഖലകളെയാണ് ഇവർ ഉപയോഗിക്കുന്നത്. ഇതുകൂടാതെ, അതിവേഗത്തിൽ ചരക്കുകൾ എത്തിക്കേണ്ടവർക്കായി സ്വന്തമായി ചരക്ക് വിമാന സർവീസും ഇവർ നടത്തുന്നുണ്ട്.
വിതരണ ശൃംഖലയുടെ എല്ലാ തലങ്ങളും ഒരൊറ്റ കമ്പനിയുടെ കീഴിൽ വരുന്നതിലൂടെ വിപണിയിലെ തളർച്ചകളെ പ്രതിരോധിക്കാൻ MSC-ക്ക് സാധിക്കുന്നു. മറ്റ് കമ്പനികൾ തുറമുഖങ്ങളിലെ തിരക്കിലോ ലോജിസ്റ്റിക്സ് തടസ്സങ്ങളിലോ പെടുമ്പോൾ, MSC-ക്ക് തങ്ങളുടെ സ്വന്തം തുറമുഖങ്ങളിൽ സ്വന്തം കപ്പലുകൾക്ക് മുൻഗണന നൽകാനും ട്രെയിനുകളിലേക്ക് ചരക്കുകൾ വേഗത്തിൽ മാറ്റാനും സാധിക്കും. ഈ പൂർണ്ണ നിയന്ത്രണം വഴി ഇടനിലക്കാരെ ഒഴിവാക്കാനും, കുറഞ്ഞ ചിലവിൽ സേവനം നൽകി എതിരാളികളെ വിപണിയിൽ നിന്ന് പുറത്താക്കാനും, പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലേക്ക് മറ്റ് കമ്പനികൾക്ക് പ്രവേശനം നൽകാതിരിക്കാനും MSC-ക്ക് കഴിയുന്നു. ആഗോള വ്യാപാരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഈ മേൽക്കൈയാണ് എം എസ് സിക്ക് വിപണിയിൽ സമഗ്രാധിപത്യം (Vertical Monopoly) സാധ്യമാക്കുന്നത്. ഒരൊറ്റ കമ്പനിക്ക് തന്നെ ചരക്ക് നീക്കത്തിൽ സമ്പൂർണ്ണ നിയന്ത്രണം കിട്ടുന്നത് അപകടകരമാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
നിയമലംഘനങ്ങൾ, പിഴ
വലിയ ബിസിനസ്സ് വിജയങ്ങൾക്കിടയിലും എംഎസ്‌സിയുടെ അതാര്യമായ പ്രവർത്തനരീതിയും നിയമലംഘനങ്ങളും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ അമേരിക്കയിലെ ഫെഡറൽ മാരിടൈം കമ്മീഷൻ എം എസ് സിക്ക് മേൽ 22.67 മില്യൺ ഡോളർ (ഏകദേശം 190 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി. കമ്മീഷന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എൻഫോഴ്‌സ്‌മെന്റ്, ഇൻവെസ്റ്റിഗേഷൻസ്, ആൻഡ് കംപ്ലയൻസ് (BEIC) നടത്തിയ അന്വേഷണത്തിലാണ് എംഎസ്‌സി വർഷങ്ങളായി നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയത്.
നിയമവ്യവഹാരങ്ങൾ
അമേരിക്കൻ ഇറക്കുമതി കമ്പനിയായ ‘എംസിഎസ് ഇൻഡസ്ട്രീസ്’ 2021-ൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്കെതിരെ ഒരു കേസ് കൊടുത്തു. ചരക്ക് സൂക്ഷിക്കാനായി കരാർ പ്രകാരമുള്ള സ്ഥലം നല്കാൻ കമ്പനി വിസമ്മതിച്ചു എന്നായിരുന്നു ഒരു ആരോപണം. ചില തുറമുഖങ്ങളോട് വിവേചനം കാണിക്കുന്നു എന്നും എം സി എസ് ഇൻഡസ്ട്രീസ് ആരോപിച്ചു. ഈ കേസിൽ കമ്മീഷന്റെ ഉത്തരവുകൾ എം എസ് സി ആവർത്തിച്ച് അവഗണിച്ചതിനെ തുടർന്ന് 2023-ൽ കേസ് പരാതിക്കാർക്ക് അനുകൂലമായി വിധിച്ചു. സ്വിസ് നിയമപ്രകാരം രേഖകൾ കൈമാറാൻ കഴിയില്ലെന്ന എംഎസ്‌സിയുടെ വാദം കോടതി തള്ളുകയും ചെയ്തു. ഈ വിധിക്കെതിരെ എം എസ് സി അപ്പീൽ പോയെങ്കിലും അവർ പരാജയപ്പെട്ടു.
മയക്കുമരുന്ന് കടത്ത് ആരോപണം
MSC യുടെ കണ്ടെയ്നർ കപ്പലുകൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ചതായി അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, വൻകിട ലോജിസ്റ്റിക്സ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ കമ്പനിക്ക് പങ്കില്ലെന്നും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും MSC വാദിക്കുന്നു.
കേരളതീരത്തെ കപ്പൽചേതം
എം എസ് സിയും കേരളവും തമ്മിലും ഒരു വ്യവഹാരമുണ്ട് . വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ‘എംഎസ്‌സി എൽസ 3’ (MSC ELSA 3) എന്ന കണ്ടെയ്നർ കപ്പൽ 2025 മെയ് 25 ന് കേരളതീരത്ത് നിന്നും 14.6 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങി. ദുരന്തത്തിന് ആഴ്ചകൾ മുമ്പ് മംഗലാപുരം തുറമുഖത്ത് നടത്തിയ സുരക്ഷാ പരിശോധയിൽ അഞ്ച് സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടും കപ്പൽ യാത്ര തുടരുകയായിരുന്നു.

ഏകദേശം 640 കണ്ടെയ്നറുകളാണ് കപ്പലിനോടൊപ്പം കടലിൽ മുങ്ങിയത്. കപ്പൽ മുങ്ങി മാസങ്ങൾക്ക് ശേഷവും പലയിടത്ത് നിന്നായി കരക്കടിഞ്ഞ കണ്ടെയ്‌നറുകൾ കണ്ടെത്തിയിരുന്നു. കപ്പലിൽ നിന്ന് കടലിലേക്ക് കലർന്ന പ്ലാസ്റ്റിക് നഡിലുകൾ (nurdles) വിഷാംശങ്ങൾ വലിച്ചെടുക്കുന്നവയാണെന്നും, പതിറ്റാണ്ടുകളോളം ഇവ പ്രകൃതിയിൽ അവശേഷിക്കുമെന്നും കൊച്ചിൻ സർവകലാശാലയിലെ മറൈൻ ഇക്കോളജിസ്റ്റ് മീര പിള്ള വ്യക്തമാക്കിയിരുന്നു.
കപ്പൽ ഉടമകളുടെ അനാസ്ഥ കാരണം ഒരു തീരപ്രദേശം പൂർണ്ണമായി നശിച്ചാൽ പോലും, നൽകേണ്ടി വരുന്ന നഷ്ടപരിഹാര തുക തുച്ഛമാണെന്ന് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ‘ഗ്രീൻപീസ്’ (Greenpeace) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളിലെ അപര്യാപ്തത മൂലമാണിത്. ‘വ്യാപാരം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നു, എന്നാൽ അതിന്റെ ഉത്തരവാദിത്തം അതിർത്തികളിൽ അവസാനിക്കുന്നു’ എന്ന് ഗ്രീൻ പീസ് പറയുന്നു.
ആഡംബരകപ്പൽ മേഖലയിലേക്കും
യൂറോപ്പിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളായ ഫിൻകാന്തിയേരിയുമായി (Fincantieri) എം എസ് സിക്ക് വ്യാപാര പങ്കാളിത്തമുണ്ട്. ആഡംബര ക്രൂസ് രംഗത്തേക്ക് പ്രവേശിക്കാൻ 2021-ൽ ‘എക്സ്പ്ലോറ ജേർണീസ്’ (Explora Journeys) എന്ന ആഡംബര ക്രൂസ് ബ്രാൻഡ്, എം എസ് സി ആരംഭിച്ചിട്ടുണ്ട്. റോയൽ കരീബിയന്റെ ‘ഏറ്റവും വലിയ ക്രൂസ് കപ്പൽ’ എന്ന കിരീടം സ്വന്തമാക്കാൻ എം എസ് സി ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ റോയൽ കരീബിയന്റെ Icon-class കപ്പലുകൾ (248,663 GT) ആണ്. ഇതിനെ മറികടക്കാൻ 260,000–270,000 GT ശേഷിയുള്ള കപ്പൽ നിർമ്മിക്കാൻ എം എസ് സി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിയൽ എസ്റ്റേറ്റ്
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സർ ബാനിയാസ് (Sir Bani Yas), ബഹാമാസിലെ ഓഷ്യൻ കേ എംഎസ്‌സി മറൈൻ റിസർവ് (Ocean Cay MSC Marine Reserve) തുടങ്ങിയ സ്വകാര്യ ദ്വീപുകൾ വികസിപ്പിച്ചുകൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിലും കമ്പനി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനുള്ള അവാർഡും പരിസ്ഥിതി മലിനീകരണവും
ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഇന്ധനം ഉപയോഗിക്കുന്ന ‘എംഎസ്‌സി വേൾഡ് യൂറോപ്പ’ പോലുള്ള കപ്പലുകൾക്ക് ഗോൾഡൻ പേൾ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എം എസ് സിയുടെ കപ്പലുകൾ വായുമലിനീകരണം ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് . ഉദാഹരണത്തിന്, ‘എംഎസ്‌സി സീസൈഡ്’ എന്ന കപ്പൽ തുടർച്ചയായി ഒരേ റൂട്ടുകളിൽ ദീർഘദൂരം സഞ്ചരിക്കുന്നതിനാൽ 2018-2023 കാലയളവിനിടയിൽ ഏതൊരു കപ്പലിനേക്കാളും കൂടുതൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 7,70,000 ടണ്ണിലധികം വരും. ( മികച്ച രീതിയിൽ പാരിസ്ഥിതിക സുരക്ഷ ഉറപ്പ് വരുത്തുന്ന ചരക്ക് കപ്പലുകൾക്ക് നൽകുന്ന അംഗീകാരമാണ് ഗോൾഡൻ പേൾ).
വിഴിഞ്ഞത്തെ വരവ്: പ്രതീക്ഷയും ആശങ്കയും
എം എസ് സി ,വിഴിഞ്ഞം തുറമുഖത്തിന്റ ഓഹരി വാങ്ങുന്നത് രണ്ട് തരത്തിൽ കാണാം. കേരളത്തെ സംബന്ധിച്ചിടത്തോളം വികസനരംഗത്തെ കാൽവെപ്പായും അതേ സമയം മത്സരം അസാധ്യമാക്കും വിധം വിപണി കയ്യടക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം കേരളം പോലൊരു സംസ്ഥാനത്ത് ഉയർത്തുന്ന ചെറുതല്ലാത്ത വെല്ലുവിളികളെ മുൻനിർത്തിയും.
കേരളത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പ് വരുത്താനും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധികൾ സംരക്ഷിക്കാനും, പരിസ്ഥിതി മലിനീകരണത്തിന് തടയിടാനും സർക്കാരിന്റെ മേൽനോട്ടവും ഇടപെടലും അനിവാര്യമാണ്. കോർപ്പറേറ്റ് താല്പര്യങ്ങൾ സമുദ്രവിപണിയെ വിഴുങ്ങുന്നില്ല എന്നുറപ്പ് വരുത്തുക സർക്കാരിന്റെ ചുമതലയാണ്.

Arya A T
Arya is a passionate writer and localisation expert
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക