
കമ്പനി ഭരണത്തിന്റെ അവസാനം : വോട്ട് നിലയിൽ കൂപ്പ് കുത്തി ട്വന്റി 20 – എൻഡിഎ സഖ്യം
ട്വന്റി 20 യെ എൻഡിഎയിൽ എടുത്തത് കൊണ്ട് ആർക്കാണ് നേട്ടമുണ്ടായത്? ട്വന്റി 20 ക്ക് വിട്ട് കൊടുത്ത 19 മണ്ഡലങ്ങളിൽ പതിനഞ്ചിലും എൻഡിഎ ക്ക് വോട്ട് കുറഞ്ഞു.കഴിഞ്ഞ തവണ എട്ട് മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ച ട്വന്റി 20 ക്കാവട്ടെ ഇത്തവണ രണ്ടേ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് വോട്ട് വര്ധിപ്പിക്കാനായത്. ട്വന്റി 20 എന്ന പാർട്ടിക്ക് കേരളത്തിൽ ഇനി പ്രസക്തിയുണ്ടോ എന്ന ചോദ്യമുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം. അതോടൊപ്പം ട്വന്റി 20 – എൻഡിഎ കൂട്ട് കെട്ടിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്നതിന് ചില വ്യക്തമായ സൂചനകളും മുന്നോട്ട് വെക്കുന്നു.
ഇന്ത്യയിൽ സമാനതകൾ ഇല്ലാത്ത പ്രതിഭാസമാണ് ട്വന്റി 20 എന്ന രാഷ്ട്രീയപാർട്ടി. രാഷ്ട്രീയ പാർട്ടികളെ കോർപറേറ്റുകളാണ് നിയന്ത്രിക്കുന്നത് എന്ന് പൊതുവേ ആരോപണമായി പറയാറുണ്ടെങ്കിലും ഒരു കോർപറേറ്റ് കമ്പനി തന്നെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക, കമ്പനിയുടെ സിഎസ്ആർ (CSR – Corporate Social Responsibility) ഫണ്ട് ഉപയോഗിച്ച് പാർട്ടി പ്രവർത്തനം നടത്തുക എന്നതൊക്കെ കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ട് കേൾവി ഇല്ലാത്തതായിരുന്നു. കിറ്റെക്സ് ഗ്രൂപ്പിന്റെ ഫാക്ടറികളിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ രണ്ടായിരത്തിന്റെ ആദ്യപകുതിയിൽ വാർത്തകളിൽ ഇടം പിടിച്ച കമ്പനി അതേ കാരണത്താലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. അക്കാലത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ്സ്, മലിനീകരണം ചൂണ്ടിക്കാട്ടി ലൈസൻസ് നിഷേധിച്ചതാണ് ട്വന്റി 20 യുടെ പിറവിയിലേക്ക് നയിച്ചത്. പിന്നീട്, എൽഡിഎഫിനും യൂഡിഎഫിനും ബിജെപിക്കും ബദലാണ് തങ്ങൾ എന്ന അവകാശവാദവുമായി പ്രവർത്തിച്ച ട്വന്റി 20 ക്ക് ഏതാനും പഞ്ചായത്തുകളിൽ സ്വാധീനം നേടാനായി. ഒടുവിൽ എൻഡിഎയിൽ ചെന്നെത്തിയ ട്വന്റി 20 യുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഈ കൂട്ട് കെട്ട് കൊണ്ട് ട്വന്റി 20 എന്തെങ്കിലും നേടിയോ? എൻഡിഎക്ക് ഈ പരീക്ഷണം കൊണ്ട് ഗുണമുണ്ടായോ? അഥവാ ഈ പരീക്ഷണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണ്? 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഒരു വിശകലനം.
ട്വന്റി 20 യുടെ എൻഡിഎ പ്രവേശനം
ഈ വർഷം ജനുവരി 22 നാണ് ട്വന്റി 20 സ്ഥാപകൻ സാബു എം ജേക്കബ് എൻഡിഎയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ട്വന്റി 20യിലെ മുതിർന്ന നേതാക്കളടക്കം ഒരു വിഭാഗം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. എൻഡിഎ യിൽ ചേരാനുള്ള തീരുമാനം സാബു എം ജേക്കബ് ഏകപക്ഷീയമായി എടുത്തതാണെന്നും തങ്ങളെ അറിയിച്ചില്ലെന്നും ആരോപിച്ചാണ് ഇവർ പാർട്ടി വിട്ടത്. രണ്ട് മാസങ്ങൾക്കിപ്പുറം ഏപ്രിലിൽ ട്വന്റി 20 ഭരിക്കുന്ന പൂതൃക്ക പഞ്ചായത്തിന്റെ പ്രസിഡന്റ് പൂജ ജോമോൻ ട്വന്റി 20 പ്രാഥമിക അംഗത്വം രാജിവെച്ചു. എന്നാൽ ഈ നഷ്ടങ്ങൾ നികത്താവുന്ന നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 ക്കുണ്ടായോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ട്വന്റി 20 യുടെ വോട്ടുകൾ സ്വന്തം പാളയത്തിലേക്ക് എത്തിക്കാമെന്ന എൻഡിഎയുടെ കണക്ക് കൂട്ടലും പാളിയെന്ന് വേണം 2026 ലെ വോട്ട് നിലയിൽ നിന്ന് മനസ്സിലാക്കാൻ.
2021 ലെ ശ്രദ്ധേയമായ പ്രകടനം
2021 ലാണ് ട്വന്റി 20 പാർട്ടി ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കൊച്ചി, തൃക്കാക്കര, മൂവാറ്റുപുഴ, വൈപ്പിൻ, പെരുമ്പാവൂർ, കോതമംഗലം, എറണാകുളം എന്നീ എട്ട് മണ്ഡലങ്ങളിൽ നിന്നായി 15.13 ശതമാനം വോട്ട് അന്ന് പാർട്ടി കരസ്ഥമാക്കി. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളൊഴികെ മറ്റെല്ലായിടത്തും എൻഡിഎ സഖ്യത്തിന് മുകളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഏറ്റവുമധികം വോട്ടുകൾ നേടിയ കുന്നത്തുനാട്ടിൽ ഒന്നാം സ്ഥാനത്ത് നിന്ന് കുറവുണ്ടായിരുന്നത് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രം.
എൻഡിഎ പ്രവേശനവും വോട്ട് ചോർച്ചയും
തെരഞ്ഞെടുപ്പ് സഖ്യങ്ങൾ കൊണ്ട് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത്, മുന്നണിയിലെ എല്ലാ പാർട്ടികളുടെയും വോട്ടുകൾ ഒരുമിപ്പിച്ച് മെച്ചപ്പെട്ട ഫലം കണ്ടെത്തുകയെന്നതാണ്. എന്നാൽ 2026 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ, എൻഡിഎ സഖ്യത്തിന് അത്തരത്തിൽ വോട്ട് സ്വരൂപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കാണാം. എൻഡിഎ സഖ്യത്തിന്റെ ഭാഗമായി ഒൻപത് ജില്ലകളിൽ നിന്നായി 19 മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിച്ചത്.
എറണാകുളം ജില്ലയിലെ കോതമംഗലം, എറണാകുളം മണ്ഡലങ്ങളൊഴികെ 2021 ൽ ഒറ്റയ്ക്ക് മത്സരിച്ച മറ്റ് ആറ് മണ്ഡലങ്ങളും എൻഡിഎ സഖ്യം ട്വന്റി 20 ക്ക് തന്നെ നൽകി. എന്നാൽ 2021 ൽ ട്വന്റി 20 യും എൻഡിഎ യും പ്രത്യേകമായി മത്സരിച്ച് നേടിയ ആകെ വോട്ടുകളുടെ പകുതി പോലും 2026 ൽ പല മണ്ഡലങ്ങളിലും നേടാൻ സഖ്യത്തിന് സാധിച്ചിട്ടില്ല. തൃക്കാക്കരയിലും പെരുമ്പാവൂരിലുമൊഴികെ മറ്റ് നാല് മണ്ഡലങ്ങളിലും എൻഡിഎ സഖ്യവുമായി ചേർന്നതിന് ശേഷം, ട്വന്റി 20 ക്ക് നേരത്തെ ലഭിച്ച വോട്ടുകൾ കൂടി നഷ്ടപ്പെടുകയാണുണ്ടായത്.
ട്വന്റി 20 ക്ക് തിരിച്ചടിയായി എറണാകുളം ജില്ല
കൊച്ചി മണ്ഡലത്തിൽ 2021 ൽ ട്വന്റി 20 ഒറ്റയ്ക്ക് മത്സരിച്ച് നേടിയത് 19,976 വോട്ടുകളാണ്. 2026ൽ എൻഡിഎ യുമായി ചേർന്ന് കിട്ടിയതോ, ആകെ 11,854 വോട്ടുകൾ. അതായത്, എൻഡിഎ സഖ്യവുമായി ചേർന്ന് ബിജെപി വോട്ടുകൾ കൂടി നേടി കഴിഞ്ഞ വട്ടം ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞു. 7,822 വോട്ടിന്റെ കുറവ്. കുന്നത്തുനാട്, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ട്വന്റി 20 യെ സംബന്ധിച്ച് 2021 നേക്കാൾ കൂടുതൽ വോട്ട് നേടിയത് തൃക്കാക്കരയിലാണ്. ഇവിടെ ഏഴായിരത്തിലധികം വോട്ടുകൾ കൂടിയെങ്കിലും എൻഡിഎ യും ട്വന്റി 20 യും 2021 ൽ ആകെ നേടിയതിന്റെ 73 ശതമാനത്തോളമേ ഇവിടെയും കിട്ടിയിട്ടുള്ളൂ.
നേട്ടം കൊയ്തതാര് ?
എന്നാൽ എൻഡിഎ – ട്വന്റി 20 മുന്നണിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ എങ്ങോട്ടാണ് പോയത്? മേല്പറഞ്ഞ ആറ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ഇക്കാര്യം വളരെ വ്യക്തമാണ്. ഇതിൽ കൊച്ചി, കുന്നത്തുനാട്, വൈപ്പിൻ എന്നിവ 2021 ൽ എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളാണ്. ഇവ മൂന്നും ഇത്തവണ യുഡിഎഫ് ജയിച്ചു. സ്വന്തം മുന്നണിക്ക് വോട്ട് വർധിപ്പിക്കുക എന്നതിലുപരി എൽഡിഎഫിനെ തോൽപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ അജണ്ടയെങ്കിൽ ട്വന്റി 20 കൂട്ട് കെട്ട് ഫലം കണ്ടു എന്ന് പറയാം.
കൊച്ചി മണ്ഡലത്തിൽ, സിറ്റിങ് എംഎൽഎ കെ ജെ മാക്സി ഇത്തവണ 1,498 വോട്ടുകൾ അധികം നേടി. എന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് എണ്ണായിരത്തോളം വോട്ടുകൾക്ക് ജയിച്ചു. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ നേടിയത് 23,765 വോട്ടുകൾ. ഈ മണ്ഡലത്തിൽ ട്വന്റി 20 – എൻഡിഎ സഖ്യത്തിന് കഴിഞ്ഞ തവണ ആകെ നേടിയതിൽ നിന്ന് 18,813 വോട്ടുകൾ നഷ്ടമായിട്ടുണ്ട്. മണ്ഡലത്തിൽ പുതുതായി ചേർത്തത് – 5,646 വോട്ടുകൾ. അതായത്, കൊച്ചി മണ്ഡലത്തിൽ ട്വന്റി 20 – എൻഡിഎ മുന്നണിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ കൃത്യമായി യുഡിഎഫിൽ എത്തിയെന്നത് വ്യക്തം.

ഇത്തവണ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലങ്ങളാണ് കുന്നത്തുനാടും വൈപ്പിനും. ഈ മണ്ഡലങ്ങളിലും സമാന രീതിയിൽ ട്വന്റി 20 – എൻഡിഎ വോട്ടുകൾ യുഡിഎഫ് പാളയത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ മണ്ഡലങ്ങളിലെ യുഡിഎഫ് വിജയത്തിന് ഈ വോട്ടുകൾ മാത്രമാണ് കാരണം എന്നും പറയാനാവില്ല. കുന്നത്തുനാടിൽ എൽഡിഎഫിന് നഷ്ടമായ വോട്ട് (2,171), എൻഡിഎ – ട്വന്റി 20 മുന്നണിക്ക് നഷ്ടമായ വോട്ട് (9,698), പുതുതായി ചേർക്കപ്പെട്ട വോട്ട് (10,065) എന്നിവയുടെ ആകെ തുകയാണ് യുഡിഎഫിന് (21,832) അധികമായി കിട്ടിയത്. സമാനമാണ് വൈപ്പിനിലെയും വോട്ട് നില.

വൈപ്പിൻ മണ്ഡലത്തിൽ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ട്വന്റി 20 നേടിയ വോട്ട്. 2021 ൽ ട്വന്റി 20 ഒറ്റയ്ക്ക് നേടിയ വോട്ട് പോലും 2026 ൽ എൻഡിഎ സഖ്യത്തോടൊപ്പം നേടാനായില്ലെന്ന് കാണാം.
ഈ ആറ് മണ്ഡലങ്ങളിൽ നിന്നായി 2021 ൽ ട്വന്റി 20 ആകെ നേടിയത് 15.13 ശതമാനം വോട്ടാണ്. 2026 ൽ എൻഡിഎ ക്ക് ഒപ്പമായതിന് ശേഷം വോട്ട് വിഹിതം, 13.85 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്.

എൻഡിഎയുടെ വോട്ട് നഷ്ടം
ട്വന്റി 20 ആദ്യമായി മത്സരിച്ച പതിമൂന്ന് മണ്ഡലങ്ങളിൽ ഒൻപതിലും എൻഡിഎ ക്ക് വോട്ട് കുറയുകയാണ് ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവുമധികം വോട്ട് കുറഞ്ഞത് തൊടുപുഴയിലാണ്. ഇവിടെ എൻഡിഎ ക്ക് നഷ്ടമായത് 8,584 വോട്ടുകളാണ്. ഇത് യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ ഭൂരിപക്ഷം (44,291) കൂട്ടാൻ ഉപകരിച്ചു. എന്നാൽ മറ്റ് ചില മണ്ഡലങ്ങളിലെ പോലെ അത് മാത്രമാണ് യു ഡി എഫിന്റെ വിജയഘടകം എന്നും പറയാനാവില്ല.

ട്വന്റി 20 – എൻഡിഎ മുന്നണിക്ക് വോട്ട് കൂടിയ നാല് മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞത് എൽഡിഎഫിനാണ്. ഈ തെരഞ്ഞെടുപ്പിൽ ട്വന്റി 20 – എൻഡിഎ മുന്നണി മത്സരിച്ച പത്തൊൻപത് മണ്ഡലങ്ങളിലും വിജയിച്ചത് യുഡിഎഫാണ്. ഇതിൽ ഒമ്പതെണ്ണവും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്.
ചുരുക്കത്തിൽ ട്വന്റി 20 ക്ക് വിട്ട് കൊടുത്ത 19 മണ്ഡലങ്ങളിൽ 15 മണ്ഡലങ്ങളിലും എൻഡിഎക്ക് വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ എട്ട് മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ച ട്വന്റി 20 ക്കാവട്ടെ ഇത്തവണ എൻഡിഎയിൽ മത്സരിച്ചിട്ടും ഇതിൽ രണ്ടേ രണ്ട് മണ്ഡലങ്ങളിൽ (തൃക്കാക്കര, പെരുമ്പാവൂർ) മാത്രമാണ് വോട്ട് വർധിപ്പിക്കാനായത്. അതാകട്ടെ കഴിഞ്ഞ തവണ എൻഡിഎ പ്രത്യേകമായി നേടിയ വോട്ടുകൾ കൂടി കണക്കിലെടുക്കുമ്പോൾ കുറവാണ് താനും.
അതായത്, ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയിൽ മത്സരിച്ചത് കൊണ്ട് ഇരു കക്ഷികൾക്കും വോട്ട് വിഹിതത്തിൽ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പാണ്. മാത്രമല്ല, പല മണ്ഡലങ്ങളിലും തിരിച്ചടിയാണുണ്ടായത്. എന്നാൽ ഈ തിരിച്ചടിയിൽ ചോർന്ന വോട്ടുകൾ കൃത്യമായി യുഡിഎഫ് പാളയത്തിലെത്തുകയും യുഡിഎഫിനുണ്ടായ വലിയ വിജയത്തിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ തരത്തിലും ഈ ട്വന്റി 20 – എൻഡിഎ മുന്നണി എൽഡിഎഫിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. ചുരുക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉണ്ടാക്കിയ കൂട്ട് കെട്ടാണിതെന്ന് സംശയിച്ചാൽ തെറ്റ് പറയാനാവില്ല.
സന്നദ്ധ സംഘടനയിൽ നിന്ന് രാഷ്ട്രീയ പാർട്ടിയിലേക്ക്
2013 ലാണ് വസ്ത്ര നിർമ്മാണ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പ് തങ്ങളുടെ സിഎസ്ആർ (CSR) പദ്ധതികൾക്കായി ‘ട്വന്റി 20’ എന്ന പേരിൽ ഒരു സന്നദ്ധ സംഘടന രൂപീകരിക്കുന്നത്. കിറ്റെക്സ് ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന, എറണാകുളത്തെ കിഴക്കമ്പലത്തും പരിസര പ്രദേശങ്ങളിലും നിരവധി സാമൂഹ്യ സേവന പദ്ധതികൾക്ക് ട്വന്റി 20 തുടക്കമിട്ടു. ശുദ്ധജല സംഭരണ ടാങ്കുകൾ, സബ്സിഡി നിരക്കിൽ ഭക്ഷണം തുടങ്ങി ദിവസം മുഴുവൻ ആംബുലൻസ് സേവനം വരെ – എല്ലാം കിറ്റെക്സ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് മുഖേനെ. 2013 ലെ കമ്പനീസ് ആക്ട് പ്രകാരം, രാജ്യത്ത് 500 കോടി രുപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ള എല്ലാ സ്ഥാപനങ്ങളും വാർഷിക ലാഭത്തിന്റെ 2 ശതമാനം നിയമം നിഷ്കർഷിക്കുന്ന ‘സാമൂഹ്യ വികസന’ പ്രക്രിയകൾക്കായി ചെലവിട്ടിരിക്കണം . നിയമപരമായി, നിർബന്ധമായും ചെലവഴിക്കേണ്ട തുക, ട്വന്റി 20 യിലൂടെ ചെലവാക്കി, ചാരിറ്റി ചെയ്യുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയാണ് കിറ്റെക്സ് ഗ്രൂപ്പ് ചെയ്യുന്നതെന്ന് തുടക്കം മുതലേ ആരോപണങ്ങൾ ഉണ്ടായിരുന്നു.
പരിസ്ഥിതി മലിനീകരണം – രാഷ്ട്രീയപ്രവേശം
കിറ്റെക്സ് ഗ്രൂപ്പ് ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന രാസ മാലിന്യങ്ങൾ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പരാതിയെ തുടർന്ന് 2010 – 2015 കാലത്ത് കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് കിറ്റെക്സ് ഗ്രൂപ്പിന് ലൈസൻസ് പുതുക്കി നൽകിയില്ല. ഇതാണ് ട്വന്റി 20 എന്ന സംഘടനയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ സാബു എം ജേക്കബിനെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന്.
ട്വന്റി 20 യുടെ ‘ഫ്രീബീസ്’ രാഷ്ട്രീയം
മാറി മാറിയുള്ള എൽഡിഎഫ് യുഡിഎഫ് ഭരണത്തിന് ഒരു ബദൽ എന്ന പ്രതിച്ഛായ സൃഷ്ടിച്ചു കൊണ്ടാണ് ട്വന്റി 20 പ്രവർത്തനം തുടങ്ങിയത്. ഓരോ വാർഡിലും നൂറു കണക്കിന് അംഗങ്ങളടങ്ങുന്ന കമ്മിറ്റികൾ രൂപീകരിച്ചു, മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലേക്കും എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവരെ ശമ്പളം കൊടുത്ത് നിയമിച്ചു – എല്ലാം ട്വന്റി 20 യുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ.
ഭക്ഷ്യവസ്തുക്കളും പലചരക്കും സബ്സിഡി നിരക്കിൽ നൽകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റുകളാണ് ട്വന്റി 20 കിഴക്കമ്പലത്ത് നടത്തിയ പ്രവർത്തനങ്ങളിൽ പ്രധാനം. 2017 നവംബറിലാണ് ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെങ്കിലും 2014 മുതൽക്കേ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകിയിരുന്നു. ട്വന്റി 20 നൽകുന്ന സബ്സിഡി കാർഡുകളുമായി മാർക്കറ്റിൽ എത്തുന്നവർക്ക് 50 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുമായിരുന്നു.
ഇത്തരത്തിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ കിഴക്കമ്പലത്ത് സജീവ സാന്നിധ്യമായി മാറിയ ട്വന്റി 20, 2015 ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. 2014 ആഗസ്റ്റിൽ നടന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ ഓണാഘോഷ പരിപാടി അനധികൃതമായി പഞ്ചായത്ത് അധികൃതരും പ്രാദേശിക നേതാക്കളും ചേർന്ന് തടഞ്ഞുവെന്നും ഇതാണ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നുമാണ് സാബു എം ജേക്കബ് പറഞ്ഞത്.
ട്രാവൻകൂർ – കൊച്ചി ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1955) ന് കീഴിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് തന്നെ, ട്വന്റി 20 ക്ക് നിയമപരമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ സ്വതന്ത്രരായാണ് ട്വന്റി 20 സ്ഥാനാർഥികൾ കിഴക്കമ്പലം പഞ്ചായത്തിൽ മത്സരിച്ചത്. പഞ്ചായത്തിലെ ആകെ 19 വാർഡുകളിൽ 17 എണ്ണത്തിലും ട്വന്റി 20 സ്ഥാനാർത്ഥികൾ ജയിച്ചു. ആകെ ലഭിച്ച വോട്ട് വിഹിതം – 51.05 ശതമാനം. എന്നാൽ കിറ്റെക്സ് ഫാക്ടറി സ്ഥിതി ചെയ്യുന്ന കവുങ്ങപറമ്പ്, ചേലക്കുളം വാർഡുകളിൽ ട്വന്റി 20 തോറ്റു. കിറ്റെക്സ് ഫാക്ടറികളുടെ മലിനീകരണം നേരിട്ട് ബാധിച്ച വാർഡുകളാണിവ. പ്രദേശത്തെ പരിസ്ഥിതി മലിനീകരണം തടയാനായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ സെക്രട്ടറി അബ്ദുൽ റഹ്മാനാണ് കവുങ്ങപറമ്പ് വാർഡിൽ തെരഞ്ഞെടുക്കപ്പെട്ടത്. എസ്ഡിപിഐ സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം.
പഞ്ചായത്ത് ഭരണം പിടിച്ചതിന് പിറകെ 2016 മാർച്ചിൽ ട്വന്റി 20 രാഷ്ട്രീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. എങ്കിലും 2016 ലെ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിച്ചില്ല.

വാർഡ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കെല്ലാം, സർക്കാർ ഓണറേറിയത്തിന് പുറമെ ട്വന്റി 20 മാസവേതനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബിന് 25,000 രൂപയും മറ്റ് വാർഡ് മെമ്പർമാർക്ക് 15,000 രൂപയുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇങ്ങനെ നൽകുന്നത് കൊണ്ട് തന്നെ ജനപ്രതിനിധികളെ കൂലിക്കാരായി മാത്രം സാബു എം ജേക്കബ് പരിഗണിക്കുന്നൂവെന്നും സംഘടനയിൽ വ്യക്തി സ്വാതന്ത്ര്യമില്ലെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു. 2020 ആകുമ്പോഴേക്കും കെ വി ജേക്കബ് ഉൾപ്പെടെയുള്ളവർ സംഘടനയിൽ നിന്ന് രാജി വെച്ചിരുന്നു.
എന്നാൽ ഈ സാഹചര്യത്തിലും 2020 തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട ട്വന്റി 20 കൂടുതൽ പഞ്ചായത്തുകളിൽ ജയിക്കുകയാണുണ്ടായത്. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ എന്നിങ്ങനെ മത്സരിച്ച നാല് പഞ്ചായത്തുകളിലും ട്വന്റി 20 ജയിച്ചു. കിഴക്കമ്പലത്ത് 2015 ൽ തോറ്റ കവുങ്ങപറമ്പ് വാർഡിലും ജയിച്ചുവെന്ന് മാത്രമല്ല വോട്ട് ശതമാനവും 51.05 ശതമാനത്തിൽ നിന്ന് 52.65 ശതമാനമായി ഉയർന്നു. എങ്കിലും കിറ്റെക്സ് ഫാക്ടറി സ്ഥിതി ചെയ്യുന്ന ചേലക്കുളം വാർഡിൽ രണ്ടാം തവണയും ജയിക്കാനായില്ല.
‘കേരളം വിട്ട’ കിറ്റെക്സ്
വിവിധ പഞ്ചായത്തുകളിൽ ഭരണം പിടിച്ചെങ്കിലും പരിസ്ഥിതി മലിനീകരണം പരിഹരിക്കാൻ കിറ്റെക്സ് ഗ്രൂപ്പ് ഒന്നും ചെയ്തില്ലെന്ന ആരോപണം നിലനിന്നു. കിറ്റെക്സ് ഗ്രൂപ്പ് കടമ്പ്രയാറിൽ മാലിന്യം തള്ളുന്നുവെന്ന് 2021 ൽ തൃക്കാക്കര എംഎൽഎ പി ടി തോമസ് ആരോപിച്ചിരുന്നു. ഈ വാദം അടിസ്ഥാന രഹിതമാണെന്നാരോപിച്ച് കമ്പനി തള്ളിക്കളയുകയല്ലാതെ മറ്റ് നടപടികളുണ്ടായിട്ടില്ല. ഇതേ വർഷം തന്നെയാണ് കിറ്റെക്സ് ഗ്രൂപ്പും കേരള സർക്കാരുമായുള്ള തർക്കങ്ങൾ തുടങ്ങുന്നത്. വിവിധ സർക്കാർ വകുപ്പുകൾ കിറ്റെക്സിൽ പരിശോധന നടത്തുന്നത് തന്നെ അപമാനിക്കാനാണെന്നാരോപിച്ച സാബു എം ജേക്കബ് 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന്, കിറ്റെക്സ് ഗ്രൂപ്പ് കേരളം വിട്ടുവെന്നും ഇവിടം വ്യവസായ സൗഹൃദപരമല്ലെന്നുമുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുണ്ടായി. എന്നാൽ കിറ്റെക്സ് ഗ്രൂപ്പ് ഇപ്പോഴും കിഴക്കമ്പലം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
വിവാദങ്ങൾക്കിടയിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിച്ചു. ഒരു സീറ്റിൽ പോലും ജയിക്കാനായില്ലെങ്കിലും മത്സരിച്ച മണ്ഡലങ്ങളിൽ നിന്ന് 15.13 ശതമാനം വോട്ട് വിഹിതം കരസ്ഥമാക്കി.
ആം ആദ്മി സഖ്യ പരീക്ഷണം
ട്വന്റി 20 ആദ്യമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത് എൻഡിഎയുമായിട്ടല്ല. 2022 ൽ ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചിരുന്നു. 2025 ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഇങ്ങനെയൊരു സഖ്യം. പക്ഷേ വളരെ ഹ്രസ്വകാലമേ ഈ കൂട്ട്കെട്ട് നിലനിന്നുള്ളൂ. 2023 ഡിസംബറിൽ ദേശീയ രാഷ്ട്രീയത്തിലെ കാഴ്ചപ്പാടുകളെ ചൊല്ലി സഖ്യം പിരിഞ്ഞു.
അഴിമതി മുക്ത മുദ്രാവാക്യവുമായി 2025 തെരഞ്ഞെടുപ്പിനെ നേരിട്ട ട്വന്റി 20 ക്ക് അവരുടെ സ്വാധീന കേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടായി. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലെ ഭരണം നഷ്ടപ്പെട്ടു. കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നിലനിർത്തിയെങ്കിലും 21 ൽ 14 വാർഡുകളേ പിടിക്കാൻ സാധിച്ചുള്ളൂ. 2020 ൽ ഇത് 18 ആയിരുന്നു. ആകെ ഐക്കരനാട് പഞ്ചായത്തിൽ മാത്രമാണ് ട്വന്റി 20 ക്ക് നിലവിലുണ്ടായിരുന്ന ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താനായത്. തിരുവാണിയൂർ പഞ്ചായത്തിൽ പതിനെട്ടിൽ ഒൻപത് സീറ്റ് നേടിയ പാർട്ടി നറുക്കെടുപ്പിലൂടെയാണ് ഭരണത്തിലെത്തിയത്. ആകെ 48 പഞ്ചായത്തുകളിലും, 3 മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും മത്സരിച്ച ട്വന്റി 20 ക്ക് സ്വാധീന കേന്ദ്രങ്ങൾക്ക് പുറത്ത് നേട്ടമുണ്ടാക്കാനായില്ല. കൊച്ചി കോർപ്പറേഷനിലെ 56 വാർഡുകളിൽ മത്സരിച്ച ട്വന്റി 20 ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. 2026 ൽ സിനിമാ ബിഗ്‌ബോസ് താരങ്ങളെ കളത്തിലിറക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ട്വന്റി 20 ക്ക് വോട്ടിനേക്കാൾ കൂടുതൽ കിട്ടിയത് ട്രോളുകളാണെന്ന് കാണാം.
കേരള രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടുന്ന ട്വന്റി 20
ആകെ തെരഞ്ഞെടുപ്പ് കണക്കുകളെ മുൻനിർത്തി പരിശോധിച്ചാൽ, 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20 ക്ക് ഒരിടത്തും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കാനിയിട്ടില്ല. 2021 ലേത് ആദ്യ നിയമസഭ തെരെഞ്ഞെടുപ്പായി കണക്കാക്കാം. എങ്കിലും 2025 ലെയും 2026 ലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് ട്വന്റി 20 എന്ന പാർട്ടി കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു എന്ന് തന്നെയാണ്.
എൽ ഡി എഫ് സ്ഥാനാർത്ഥികളെ തിരഞ്ഞു പിടിച്ചു തോൽപ്പിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം എൻഡിഎ എന്ന മുന്നണിയെ സംബന്ധിച്ചിടത്തോളം പാളിപ്പോയ പരീക്ഷണമാണ് ട്വന്റി 20യുമായുള്ള കൂട്ട് കെട്ട്. അത് കൊണ്ട് തന്നെ ഈ സഖ്യത്തിന്റെ കെട്ടുറപ്പും കണ്ടറിയേണ്ടതാണ്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക