പരാജയത്തിലേക്ക് കൂപ്പ് കുത്തുന്ന വിബിജി റാം ജി – തൊഴിൽ ദിനങ്ങളിൽ വൻ ഇടിവ്

പരാജയത്തിലേക്ക് കൂപ്പ് കുത്തുന്ന വിബിജി റാം ജി – തൊഴിൽ ദിനങ്ങളിൽ വൻ ഇടിവ്

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വെട്ടി മോദി സർക്കാർ കൊണ്ട് വന്ന വിബിജി റാംജി പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ സാധുവാണെന്ന് തെളിയിക്കുന്നതാണ് പദ്ധതി നടപ്പിലായതിന് ശേഷമുള്ള തൊഴിൽ സാഹചര്യം. ഗ്രാമീണ മേഖലയിൽ വൻതോതിൽ തൊഴിൽ തകർച്ച ഉണ്ടായതായാണ് സ്ഥിതിവിവരകണക്കുകൾ തെളിയിക്കുന്നത്.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി വിബി-ജി റാം ജി (VB-G RAM G)പദ്ധതി നിലവിൽ വന്നിട്ട് ഒൻപത് മാസം പിന്നിടുന്നു. കഴിഞ്ഞ വർഷം ഡിസംബർ 18 നാണ് പാർലമെന്റ് നിയമം പാസാക്കിയത്. രണ്ടാഴ്ചകൾക്ക് ശേഷം, ജനുവരി അഞ്ചിന് തമിഴ്നാട്ടിലെ ഈറോഡിൽ (Erode) നടന്ന പൊതുപരിപാടിയിൽ കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത് ‘ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിബി-ജി റാം ജി പദ്ധതി അവതരിപ്പിച്ചതെ’ന്നാണ്. ‘തൊഴിലവസരങ്ങൾ കൂട്ടുന്ന’തിന്റെ ഭാഗമായി ഒരു കുടുംബത്തിന് ലഭിക്കുന്ന ആകെ വാർഷിക തൊഴിൽ ദിനങ്ങൾ 100 ൽ നിന്ന് 125 ആയി ഉയർത്തിയിട്ടുമുണ്ട് വിബി-ജി റാം ജി യിൽ. രാജ്യമൊട്ടാകെ ഈ വർഷം ജൂലൈ ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ വരികയും ചെയ്തു. 

എന്നാൽ, പദ്ധതിയുടെ കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം പരിശോധിച്ചാൽ തൊഴിൽ വാഗ്ദാനങ്ങളെല്ലാം കടലാസിലും പ്രസംഗങ്ങളിലും മാത്രമായിരുന്നുവെന്ന് പറയേണ്ടി വരും. തൊഴിൽ ദിനങ്ങൾ കൂട്ടുമെന്ന വാഗ്ദാനം പൊള്ളയായിരുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നു. കൂടിയിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച്, തൊഴിൽ ദിനങ്ങൾ പകുതിയോളമായി കുറയുകയാണ് ചെയ്തിട്ടുള്ളത്.

ആറ് വർഷത്തിനിടെ ഏറ്റവും വലിയ തൊഴിൽ നഷ്ടം നേരിടുന്ന ഗ്രാമീണ തൊഴിൽ മേഖല 

 ഗ്രാമീണ മേഖലയിലെ ആകെ തൊഴിലവസരങ്ങൾ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. കോവിഡിന് ശേഷമുള്ള കാലത്തേക്കാൾ താഴെയാണ് നിലവിലെ നിരക്ക്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഗ്രാമീണ മേഖലയിലാകെ സൃഷ്ടിക്കാനായത് 71.25 കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജൂലൈ മാസത്തിൽ പുതുതായി ആരംഭിച്ച വിബി-ജി റാം ജി പദ്ധതിയിലൂടെയും ആകെ സൃഷ്ടിച്ച തൊഴിൽ ദിനങ്ങളാണിത്. സാധാരണയായി ഒരു വർഷത്തെ ആകെ തൊഴിലിന്റെ പകുതിയോളം സൃഷ്ടിക്കപ്പെടുന്നത് വേനൽക്കാലത്താണ്. ഏപ്രിൽ മുതൽ ജൂലൈ വരെ. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഇതേ മാസങ്ങളിൽ ശരാശരി 132.3 കോടി തൊഴിൽ ദിനങ്ങളുണ്ടായിരുന്നു. അതായത്, ഈ വർഷത്തെ സീസണിൽ (ഏപ്രിൽ – ജൂലൈ) തൊഴിൽ ദിനങ്ങൾ 47 ശതമാനത്തിലധികം കുറഞ്ഞു.

Bar chart showing the decline in total person-days of employment generated under MGNREGA and VB-G RAM G from 2021-22 to 2026-27

വിബി-ജി റാം ജി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് തന്നെ രാജ്യത്ത് തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ അത് ഏറ്റവും രൂക്ഷമായത് ഈ വർഷമാണെന്ന് കണക്കുകൾ കാണിക്കുന്നു. 2023–24ൽ രേഖപ്പെടുത്തിയ ആകെ തൊഴിൽ ദിനങ്ങളുടെയെണ്ണം 150.18 കോടിയായിരുന്നു. തൊട്ടടുത്ത (2024-25) വർഷം, തൊഴിൽ ദിനങ്ങൾ 15 ശതമാനം ഇടിഞ്ഞ് 127.77 കോടിയായി ചുരുങ്ങി. പിന്നെയും 2025-26 കാലയളവിൽ ആകെ തൊഴിൽ ദിനങ്ങൾ 7 ശതമാനത്തോളം കുറഞ്ഞു. എന്നാലും, കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ കണക്കുകളിലൊരിക്കലും ഇത് പകുതിയായി ചുരുങ്ങിയിട്ടില്ല. 

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ കണക്കുകളിൽ, പഴയ പദ്ധതിയുടെ വിഹിതവുമുണ്ടെന്ന് പറയാം. വിബി-ജി റാം ജി പദ്ധതിയുടെ പ്രവർത്തനം പരിശോധിക്കാൻ പദ്ധതി നിലവിൽ വന്ന ജൂലൈ മാസത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. 

പദ്ധതി മാറ്റത്തിന്റെ ആഘാതം ജൂലൈ മാസത്തെ കണക്കുകളിൽ വ്യക്തമാണ്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2025 ജൂലൈയിൽ സൃഷ്ടിച്ചത്, 17.65 കോടി തൊഴിൽ ദിനങ്ങളാണ്. എന്നാൽ, 2026 ജൂലൈയിൽ വിബി-ജി റാം ജി പദ്ധതിക്ക് കീഴിൽ ആകെ രേഖപ്പെടുത്തിയത് 8.99 കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ്. തൊഴിൽ ദിനങ്ങളിൽ 49 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെയും ജൂലൈ മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് തൊഴിൽ ദിനങ്ങൾ ഈ വർഷമാണെന്ന് കാണാം. 

ആവശ്യപ്പെട്ട് 98 ശതമാനം കുടുംബങ്ങൾക്കും തൊഴിൽ നൽകിയെന്ന അവകാശവാദം പൊളിയുന്നു

തൊഴിൽ ലഭിച്ച ആകെ കുടുംബങ്ങളുടെ എണ്ണത്തിലും ഈ കുറവ് പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ തൊഴിൽ ലഭിച്ച ആകെ കുടുംബങ്ങളുടെ എണ്ണം 1.42 കോടിയായിരുന്നു. ഇത് ഈ വർഷം 68.94 ലക്ഷമായി കുറഞ്ഞു. അതായത്, കഴിഞ്ഞ വർഷം തൊഴിൽ ലഭിച്ച 52 ശതമാനം കുടുംബങ്ങൾക്കും ഈ വർഷം തൊഴിൽ ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രാമവികസന മന്ത്രാലയം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നൽകിയ മറുപടിയിൽ പറയുന്നത്, ആവശ്യപ്പെട്ട 98 ശതമാനം കുടുംബങ്ങൾക്കും തൊഴിൽ നൽകിയെന്നാണ്. പദ്ധതി മാറ്റം സുഗമമായിരുന്നു എന്ന് ഗ്രാമവികസന മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും, തൊഴിൽ ലഭ്യതയിലുണ്ടായ ഈ ചരിത്രപരമായ തകർച്ചയ്ക്ക് കൃത്യമായ വിശദീകരണം നൽകാൻ മന്ത്രാലയം തയ്യാറായിട്ടില്ല.

ഉയർന്ന ബജറ്റ് വിഹിതം – പക്ഷെ റെക്കോർഡ് തൊഴിൽ തകർച്ച 

വിബി-ജി റാം ജി നിയമം 2025 ഡിസംബറിൽ തന്നെ പാർലമെന്റ് പാസാക്കിയിരുന്നെങ്കിലും ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താൻ ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ ഗ്രാമവികസന മന്ത്രാലയത്തിന് കഴിഞ്ഞിരുന്നില്ല. വേനൽക്കാലത്ത് പഴയ പദ്ധതി തുടർന്നു. ജൂലൈ 1 മുതൽ വിബി-ജി റാം ജി പദ്ധതി ആരംഭിച്ചതോടെ ആശയക്കുഴപ്പമുണ്ടായി. ആവശ്യാനുസരണം ഫണ്ട് ലഭ്യമാക്കിയിരുന്ന പഴയ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ നിയമം ബജറ്റ് വിഹിതത്തിന് നിശ്ചിത പരിധി ഏർപ്പെടുത്തുന്നുണ്ട്. ‘വിജ്ഞാപനം ചെയ്ത നിർദ്ദിഷ്ട ഗ്രാമീണ മേഖലകളിൽ’ മാത്രമായി പദ്ധതി പരിമിതപ്പെടുത്താൻ വിബി-ജി റാം ജി നിയമത്തിലെ സെക്ഷൻ 5(1) കേന്ദ്രത്തിന് അധികാരം നൽകുകയും ചെയ്യുന്നു.

2026-27 കേന്ദ്ര ബജറ്റിൽ വിബി-ജി റാം ജി (VB-G RAM G) പദ്ധതിക്കായി 95,692 കോടി രൂപ മാറ്റിവെച്ചു. ഇത് മുൻവർഷത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിനേക്കാൾ അല്പം കൂടുതലാണ്. വിബി-ജി റാം ജി പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. പദ്ധതിയിലെ കേന്ദ്രത്തിന്റെ വിഹിതം മാത്രമാണ് 95,692 കോടി രൂപ. സംസ്ഥാനങ്ങളുടെ 40% വിഹിതം കൂടി ചേരുമ്പോൾ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് 1.5 ലക്ഷം കോടി രൂപയാകേണ്ടതായിരുന്നു. ഇത് മുൻവർഷത്തെക്കാൾ 70% കൂടുതലാണ്. ബജറ്റിൽ ഉയർന്ന തുക വകയിരുത്തിയിരുന്നത് കൊണ്ട് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ തൊഴിൽ ലഭ്യതയിൽ വലിയ ഇടിവാണ് സംഭവിച്ചത്.

തൊഴിൽ ലഭ്യതയിലുണ്ടായ ഈ തകർച്ച ഗ്രാമീണ മേഖലയിലെ ഉപഭോഗ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, മൈക്രോഫൈനാൻസ് മേഖലയിലെ പ്രതിസന്ധി വർദ്ധിപ്പിക്കുകയും ഭൂമിയില്ലാത്ത കുടുംബങ്ങളുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിന്നാക്ക സംസ്ഥാനങ്ങളെ കൂടുതൽ പിന്നാക്കമാക്കുന്ന പദ്ധതി 

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലെ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തുടനീളം തൊഴിൽ ദിനങ്ങളിൽ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാകും. എന്നാൽ ചില ദരിദ്ര സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഹിമാചൽ പ്രദേശിലാണ് തൊഴിൽ ദിനങ്ങൾ ഏറ്റവുമധികം കുറഞ്ഞത് (-83.58%). 2023-25 കാലയളവിൽ ഹിമാചൽ പ്രദേശിൽ ആകെയുണ്ടായത് ശരാശരി 1.32 കോടി തൊഴിൽ ദിനങ്ങളാണ്. എന്നാൽ ഈ വർഷം ഇത് 21.68 ലക്ഷമായി കുറഞ്ഞു. ജാർഖണ്ഡിൽ 75 ശതമാനം ഇടിവോടെ 4.90 കോടിയിൽ നിന്ന് 1.23 കോടിയായി തൊഴിൽ ദിനങ്ങൾ കുറഞ്ഞു. പഞ്ചാബിൽ 74 ശതമാനം ഇടിവാണുണ്ടായത്. ഗ്രാമീണ തൊഴിൽ മേഖലയിൽ നിർണായക സ്ഥാനം ഉണ്ടായിരുന്ന ഉത്തർപ്രദേശ് (-72.58%), മധ്യപ്രദേശ് (-68.59%) എന്നീ സംസ്ഥാനങ്ങളിലും സമാനമാണ് സ്ഥിതി. ഉത്തർപ്രദേശിൽ ശരാശരി 14 കോടിക്ക് മുകളിലുണ്ടായിരുന്ന തൊഴിൽ ദിനങ്ങൾ 4 കോടിയിലേക്ക് കൂപ്പുകുത്തി. കർണാടകയിലും 68 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 

Horizontal bar chart showing state-wise drop in rural employment person-days under VB-G RAM G from April to July

തൊഴിൽദിനങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. രാജ്യത്താകെ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങളുടെ 21.62 ശതമാനവും ആന്ധ്രാപ്രദേശിലാണ് രേഖപ്പെടുത്തിയത്. 15.41 കോടി തൊഴിൽ ദിനങ്ങളാണ് ആന്ധ്രാപ്രദേശിൽ ഈ വർഷം സൃഷ്ടിച്ചത്. മുൻ വർഷത്തേക്കാൾ 1.93 ശതമാനത്തിന്റെ ഇടിവ്.

ചില സംസ്ഥാനങ്ങളിൽ (ആന്ധ്രാപ്രദേശ്, അസം, തെലങ്കാന) ഇടിവ് താരതമ്യേന കുറവായിരുന്നപ്പോൾ, ഭൂരിഭാഗം സംസ്ഥാനങ്ങളിലും തൊഴിൽ ദിന നഷ്ടം 40 ശതമാനത്തിലധികമായിരുന്നു. 19 പ്രധാന സംസ്ഥാനങ്ങളിൽ പത്തിലും 60 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിലാണ് തൊഴിൽ ദിനങ്ങളിൽ ഇടിവുണ്ടായത്.

60 ദിവസത്തെ തൊഴിൽ വിലക്ക് എന്ന ഇരുട്ടടി 

വിബി-ജി റാം ജി നിയമത്തിലെ 60 ദിവസത്തെ “തൊഴിൽ വിലക്ക് നയമാണ് (Blackout policy) ഈ അവസ്ഥക്ക് ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്. നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങൾക്ക് ഓരോ വർഷവും 60 ദിവസം വരെ തൊഴിലുറപ്പ് പദ്ധതി താത്കാലികമായി നിർത്തിവെക്കാം. കൊയ്ത്ത്, വിതയ്ക്കൽ സമയങ്ങളിൽ സ്വകാര്യ കാർഷിക മേഖലയ്ക്ക് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാനായാണ് ഈ നയമെന്നാണ് കേന്ദ്രത്തിന്റെ വാദം. 

Infographic detailing the crisis in rural employment following the shift from MGNREGA to VB-GRAMG, highlighting a 42.29 percent annual drop and the 60-day blackout policy

ചില സംസ്ഥാനങ്ങൾ നിയമത്തിലെ ഈ വ്യവസ്ഥ ഉപയോഗിച്ചതിനാലാകാം ആകെ തൊഴിൽ ദിനങ്ങളിൽ ഇത്രയേറെ ഇടിവുണ്ടായത് ബിഹാർ, ഗുജറാത്ത്, ഒഡീഷ, അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, നാഗാലാൻഡ് എന്നീ ഏഴ് സംസ്ഥാനങ്ങൾ ഈ വർഷം ഏപ്രിലിനും ജൂലൈക്കുമിടയ്ക്ക് 60 ദിവസത്തെ വിലക്ക് നടപ്പാക്കിയിരുന്നു. 

ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങളുടെ പങ്ക് വ്യത്യസ്തമാണ്. അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ആകെ തൊഴിൽ ദിനങ്ങളിൽ വളരെ കുറഞ്ഞ പങ്കാളിത്തമേയുള്ളൂ. ഇവയെല്ലാം ചേർന്ന് 1.6 ശതമാനത്തിൽ താഴെ തൊഴിൽ ദിനങ്ങൾ മാത്രമാണ് സംഭാവന ചെയ്യുന്നത്. 

എന്നാൽ ബിഹാർ, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ഉപഭോക്താക്കളാണ്. 2024–25 സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ ഈ മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് 18.37 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിരുന്നു. 2025–26 ൽ ഇത് 20.99 കോടിയായി ഉയർന്നു.അതായത്, രാജ്യത്തെ ആകെ തൊഴിൽ ദിനങ്ങളുടെ ശരാശരി പതിനാറ് ശതമാനം ഈ മൂന്ന് സംസ്ഥാനങ്ങൾ ചേർന്നാണ് വഹിക്കുന്നത്. എന്നാൽ 2026–27 കാലയളവിൽ, ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ആകെ തൊഴിൽ ദിനങ്ങൾ വെറും 9.89 കോടി ദിനങ്ങളായി കുറഞ്ഞു – 53 ശതമാനത്തോളം ഇടിവ്.

അറുപത് ദിവസത്തെ തൊഴിൽ വിലക്ക് എന്ന വ്യവസ്ഥ ചില സംസ്ഥാനങ്ങൾ നടപ്പിലാക്കിയത് മാത്രമല്ല ഇപ്പോഴത്തെ തൊഴിൽ തകർച്ചക്ക് കാരണമെന്ന നിരീക്ഷണവുമുണ്ട്. ഉദാഹരണത്തിന്, ബിഹാർ, ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കി പരിശോധിച്ചാലും 2026 ജൂലൈയിലെ ഇടിവ് സമാനമായ അനുപാതത്തിൽ തന്നെയാണ് കാണപ്പെടുന്നത്. ജൂലൈ മാസത്തിലുണ്ടായ ഈ തകർച്ച മുൻപേ തന്നെ ആരംഭിച്ച ഒരു വലിയ പ്രതിസന്ധിയുടെ തുടർച്ചയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് ആകെ തൊഴിൽ ദിനത്തിൽ ഇടിവുണ്ടായിട്ടുണ്ട്.

ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക തുടങ്ങി വൻതോതിൽ തൊഴിൽ ദിനങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളൊന്നും ജൂലൈയിൽ ഈ വിലക്ക് നടപ്പിലാക്കിയിരുന്നില്ല. 

Infographic tables showing top states with the sharpest decline in rural employment under VB-G RAM G, alongside Kerala’s 32.31 percent drop

വിബി-ജി റാം ജി നിയമത്തിലെ ‘60 ദിവസത്തെ തൊഴിൽ വിലക്ക്’ നയത്തെ ആദ്യം മുതൽക്കേ പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ഭൂവുടമകളായ പ്രഭുക്കന്മാർക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭ്യമാക്കാനാണ് ഈ വ്യവസ്ഥയെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. മുൻപ്, കാർഷിക സീസണുകളിൽ തൊഴിലുറപ്പ് പദ്ധതിയുള്ളത് കൊണ്ട് തന്നെ, തൊഴിലാളിക്ക് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കുറഞ്ഞ കൂലി നൽകുന്ന തൊഴിൽ ചൂഷണങ്ങളിൽ നിന്ന് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും, ഈ വ്യവസ്ഥ സംരക്ഷണം നൽകിയിരുന്നു. ഭൂവുടമ മാന്യമായ പ്രതിഫലം നൽകിയില്ലെങ്കിൽ, കർഷകർക്ക് തൊഴിലുറപ്പിന് പോകാം. എന്നാൽ വിബി-ജി റാം ജി യുടെ വരവോട് കൂടി ഈ അവസരം ഇല്ലാതായി. തൊഴിലുറപ്പ് പദ്ധതിയില്ലാത്തത് കൊണ്ട് തന്നെ കാർഷിക സീസണുകളിൽ ഭൂവുടമ പറയുന്ന കൂലിക്ക് പണിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരാകും.

കുടുംബങ്ങളുടെ ആകെ തൊഴിൽ ദിനങ്ങളുടെ എണ്ണം 100 ൽ നിന്ന് 125 ആയി ഉയർത്തിയതിന് ശേഷം, ‘60 ദിവസത്തെ വിലക്ക്’ കൂടി ഏർപ്പെടുത്തിയതിന്റെ യുക്തി ആദ്യം മുതൽക്കേ പ്രതിപക്ഷ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തിരുന്നു. പഞ്ചാബ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഈ വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

കേരളത്തിന് അനുയോജ്യമല്ലാത്ത വ്യവസ്ഥകൾ 

കേരളത്തിൽ വിബി-ജി റാം ജി പദ്ധതി നടപ്പിലാക്കുന്നത് ഭരണപരമായ തടസ്സങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 60 ദിവസത്തെ തൊഴിൽ വിലക്ക് നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ ഈ 60 ദിവസത്തെ വിലക്ക് കേരളത്തിന്റെ കാർഷിക രീതികൾക്ക് അനുയോജ്യമല്ലെന്ന് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏകവിള കൃഷിരീതികളെ അടിസ്ഥാനമാക്കിയാണ് ഈ ചട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ കേരളത്തിൽ വ്യത്യസ്ത ഭൂപ്രകൃതികളിലായി വർഷം മുഴുവൻ കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

മാത്രമല്ല, കേരളത്തിലെ തൊഴിലുറപ്പ് കാർഡ് ഉടമകളിൽ ഭൂരിഭാഗവും പരമ്പരാഗത കാർഷിക തൊഴിലാളികളല്ല. അതിനാൽ തൊഴിൽ നിർത്തിവെക്കുന്ന കാലയളവിൽ ഇവർ വാണിജ്യ കൃഷിയിലേക്ക് മാറില്ലെന്നും, ഇത്തരം വിലക്കുകൾ അവരുടെ വരുമാനം പൂർണ്ണമായും ഇല്ലാതാക്കുക മാത്രമേ ചെയ്യൂ എന്നും വിമർശകർ പറയുന്നു. പ്രതികൂല കാലാവസ്ഥയും കനത്ത മൺസൂണും മൂലം ജോലി ചെയ്യാനാകുന്ന ദിവസങ്ങൾ പരിമിതമായ കേരളത്തിൽ പുതിയ നയം തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് വിലയിരുത്തൽ.

ഇന്റർനെറ്റ് ഇല്ലെങ്കിൽ കൂലിയില്ല 

ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയിലൂടെ വ്യാജ കാർഡുകൾ ഒഴിവാക്കിയതാണ് കണക്കുകളിലെ കുറവിന് മറ്റൊരു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഹാജർ ഉൾപ്പെടെ രേഖപ്പെടുത്തുന്ന ഈ മൊബൈൽ ആപ്പ് പലപ്പോഴും പ്രവർത്തനരഹിതമാകാറുണ്ട്. ഇന്റർനെറ്റ് സേവനം തടസ്സപ്പെടുമ്പോൾ ചില തൊഴിലാളികളുടെ ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തപ്പെടാറില്ല. ഇത് ജോലി ചെയ്തിട്ടും പലർക്കും വേതനം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഇത് പ്രായമായവരെയും സ്ത്രീകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങൾ 

രാജ്യത്ത് മഴ ലഭ്യതയുടെ കുറവും തൊഴിൽ ദിനങ്ങൾ കുറയുന്നതിന് ഒരു കാരണമായിരിക്കാമെന്ന് വിദഗ്ദർ പറയുന്നുണ്ട്. ഗ്രാമീണ മേഖലയിലെ തൊഴിൽ ലഭ്യതയിലുണ്ടായ കടുത്ത ഇടിവ് രാജ്യത്തുടനീളമുണ്ടായ അസ്ഥിരമായ മഴക്കെടുതികൾക്കൊപ്പമാണ് സംഭവിച്ചത്. എൽ നിനോ പ്രഭാവം മൂലം രാജ്യത്തെ 741 ജില്ലകളിൽ പകുതിയിലും ജൂൺ 1 മുതൽ ആഗസ്റ്റ് 3 വരെ മഴ ക്ഷാമം ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

മഴയിലുണ്ടായ കുറവ് നെല്ല്, പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങി മഴക്കാല വിളകളുടെ (Kharif Crops) കൃഷിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2026 ഓഗസ്റ്റ് 21 വരെ രാജ്യത്തെ ആകെ ഖരീഫ് കൃഷി വിസ്തൃതി 1,057 ലക്ഷം ഹെക്ടറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,073 ലക്ഷം ഹെക്ടറായിരുന്നു. അതായത് 16.07 ലക്ഷം ഹെക്ടറിന്റെ കുറവ്. 

പ്രധാന ധാന്യങ്ങളുടെയും വാണിജ്യ വിളകളുടെയും കൃഷിയിലാണ് വലിയ കുറവുണ്ടായത്. നെൽകൃഷി വിസ്തൃതി മുൻവർഷത്തെ 3.15 ശതമാനം കുറഞ്ഞു. റാഗി കൃഷി 27.14 ശതമാനവും ചോളം 4.06 ശതമാനവും കുറഞ്ഞു.

ഈ കൃഷികളുടെ അളവ് കുറഞ്ഞത് സ്വാഭാവികമായും തൊഴിൽ ലഭ്യതയിലും കുറവുണ്ടാക്കും. മൊത്തം തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയാൻ ഇതൊരു കാരണമായിരിക്കാമെന്നും മേഖലയിലെ വിദഗ്ദർ സൂചിപ്പിക്കുന്നു. ഈ വർഷം ജനുവരിയിൽ കേന്ദ്ര സർക്കാർ ഈ വിളകൾക്ക് നൽകി വരുന്ന ഇളവുകൾ വെട്ടി ചുരുക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു

ജലസംഭരണികളിലെ ജലനിരപ്പ് ദീർഘകാല ശരാശരിയേക്കാൾ താഴേക്കു പോയത് കർഷക പ്രതിസന്ധി ഇരട്ടിയാക്കി. ദശലക്ഷക്കണക്കിന് ചെറുകിട കർഷകർക്കും ഭൂരഹിതരായ തൊഴിലാളികൾക്കും ഈ സാഹചര്യത്തിൽ ആശ്രയമാകേണ്ടത് തൊഴിലുറപ്പ് പദ്ധതിയാണ്. മുൻവർഷങ്ങളിൽ ഇത്തരം ആഘാതങ്ങളിൽ ഗ്രാമീണർക്ക് താങ്ങായിരുന്നത് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയായിരുന്നു. ആവശ്യാനുസരണം ജോലി നൽകി ഇതൊരു സുരക്ഷാവലയമായി പ്രവർത്തിച്ചു. എന്നാൽ നിയമപരമായി ഒട്ടനവധി തടസ്സങ്ങളുമായെത്തിയ വിബി-ജി റാം ജി (VB-G RAM G) ക്ക് ഇങ്ങനെയൊരു താങ്ങായി മാറാൻ പറ്റുമോയെന്ന കാര്യം സംശയകരമാണ്. 

തീർച്ചയായും, വിബി-ജി റാം ജി പദ്ധതിയെ പൂർണമായി വിലയിരുത്താൻ സമയമായിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ പദ്ധതിയുടെ തുടക്കം തികച്ചും നിരാശാജനകമാണെന്ന് തന്നെ വിലയിരുത്തേണ്ടി വരും.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top