
വി.ഡി.സവർക്കർ – 30 വസ്തുതകൾ
വിനായക് ദാമോദർ സവർക്കർ, ഹിന്ദുത്വവാദികൾ അവകാശപ്പെടും പോലുള്ള ‘സ്വാതന്ത്ര്യവീര’നായിരുന്നില്ലെന്നും മറിച്ച് അദ്ദേഹത്തിൻ്റെ പോരാട്ടം വിശാല ബ്രാഹ്മണ താല്പര്യത്തിന് വേണ്ടിയായിരുന്നുവെന്നും സമർത്ഥിക്കുകയാണ് കവിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വിമർശനാത്മക ചരിത്രകാരനുമായ ലേഖകൻ.
1. വി.ഡി.സവർക്കർ 1883 മെയ് 28 ൽ ജനിച്ചു. 1966 ഫെബ്രുവരി 27 ന് അന്തരിച്ചു. അതായത് ഏതാണ്ട് 83 വർഷങ്ങളാണ് സവർക്കർ ഈ ഭൂമിയിൽ ജീവിച്ചത്.
2. 1900ത്തിൽ മിത്രമേള എന്ന ഒളിസംഘടന സവർക്കർ രൂപീകരിച്ചു. 1904 ൽ അതിൻ്റെ പേര് അഭിനവ് ഭാരത് എന്ന് പരിഷ്ക്കരിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സായുധ കലാപം നടത്തുന്നതിനാണ് ഈ സംഘടനകൾ രൂപീകരിച്ചത്.
3 സവർക്കർ ചിത്പാവൻ ബ്രാഹ്മണനായിരുന്നു. ഒരു ഘട്ടത്തിൽ മറാത്താ സാമ്രാജ്യം ഭരിച്ചിരുന്നത് ചിത്പാവൻ ബ്രാഹ്മണരായിരുന്ന പേഷ്വാമാരായിരുന്നു. 1818 ലെ ശനിവാർ വാഡ യുദ്ധത്തിൽ പേഷ്വാ ബാജിറാവു രണ്ടാമനെ തോല്പിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, മറാത്താ സാമ്രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കി. അന്നു മുതൽ ബ്രിട്ടീഷുകാർക്കെതിരെ ചിത്പാവൻ ബ്രാഹ്മണരിൽ ഒരു വിഭാഗം പല കാലഘട്ടങ്ങളിലായി യുദ്ധം ചെയ്തിരുന്നു. തങ്ങളെ തോല്പിച്ച് ബ്രിട്ടീഷുകാർ മറാത്താ സാമ്രാജ്യം കൈക്കലാക്കിയതുകൊണ്ട്, ബ്രിട്ടീഷുകാരെ തോല്പിച്ചാൽ തിരിച്ച് ചിത്പാവൻ സാമ്രാജ്യം സ്ഥാപിക്കാം എന്നതായിരുന്നു, ആ കലാപങ്ങളുടെ പ്രചോദനം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സവർക്കർ സ്ഥാപിച്ച മിത്രമേളയും അഭിനവ് ഭാരതുമൊക്കെ ബ്രിട്ടീഷുകാർക്കെതിരെ സായുധ സമരം നടത്തിയത്. അതായത് ഒരു സ്വതന്ത്ര ജനാധിപത്യ ഇന്ത്യ സ്ഥാപിക്കുന്നതിന് വേണ്ടിയല്ല, മറിച്ച് പേഷ്വാ ഭരണത്തിൻ്റെ തുടർച്ചയായ, ഒരു ബ്രാഹ്മണ സാമ്രാജ്യം സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്.
4. 1906 ൽ സവർക്കർ ലണ്ടനിൽ ബാരിസ്റ്റർ പഠനത്തിനായി പോകുകയുണ്ടായി. അവിടെ ഇന്ത്യാഹൗസ് കേന്ദ്രീകരിച്ച് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രവർത്തനം തുടർന്നു.
5. 1909 ൽ, സവർക്കറുടെ പ്രേരണയനുസരിച്ച് മദൻലാൽ ദിംഗ്ര എന്ന പഞ്ചാബി യുവാവ്, ലണ്ടനിൽ ഇന്ത്യാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന കഴ്സൺ വൈലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ, ഒരു വിരുന്നു സൽക്കാരവേളയിൽ വെടിവെച്ചു കൊന്നു. സവർക്കറുടെ പ്രേരണയിലാണ് മദൻലാൽ ദിംഗ്ര ഈ കൃത്യം നിർവ്വഹിച്ചത്. തുടർന്ന് മദൻലാൽ ദിംഗ്രയെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. ഹിന്ദുക്കൾക്ക് എതിർ നില്ക്കുന്ന ബ്രിട്ടീഷുകാരോടുള്ള വിരോധമാണ് കഴ്സൺ വൈലിയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് കോടതിയിൽ നടത്തിയ പ്രസ്താവനയിൽ ദിംഗ്ര പ്രഖ്യാപിച്ചത്.
6. 1909 ഡിസംബർ മാസത്തിൽ നാസിക് ജില്ലാ കളക്ടറായിരുന്ന ആർതർ മേസൺ ടിപ്പറ്റ്സ് ജാക്സൺ എന്ന ഏ എം ടി ജാക്സണെ, നാസിക്കിലെ വിജയാനന്ദ് തിയ്യേറ്ററിൽ ശാരദ എന്ന മറാഠി നാടകം കണ്ടുകൊണ്ടിരിക്കേ അനന്ത് കൻഹാരേ എന്ന മറാഠി ചിത്പാവൻ ബ്രാഹ്മണ യുവാവ് വെടിവെച്ചു കൊന്നു. സവർക്കറുടെ അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗമായിരുന്നു അനന്ത് കൻഹാരേ. തുടർന്ന് അദ്ദേഹവും സംഘവും പിടിയിലാകുകയും പിന്നീട് അദ്ദേഹത്തേയും കൂട്ടാളികളായ കാർവേ, ദേശ്പാണ്ഡേ എന്നിവരേയും തൂക്കിക്കൊല്ലുകയും ചെയ്തു. സവർക്കർ ഇംഗ്ലണ്ടിൽ നിന്നും അയച്ച 21 ബ്രൗണിംഗ് പിസ്റ്റളുകളിൽ ഒന്നാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

7. കഴ്സൺ വൈലിയും ഏ എം ടി ജാക്സണും ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്ന, എന്നതിനപ്പുറം ഇന്ത്യക്കാരോട് ശത്രുതാ മനോഭാവത്തോടെ പെരുമാറിയിരുന്ന ഉദ്യോഗസ്ഥരായിരുന്നില്ല. താരതമ്യേന ഇന്ത്യക്കാരോട് സൗമനസ്യത്തോടെ ഇടപെട്ടിരുന്ന ഉദ്യോഗസ്ഥരായാണ് അവരെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. വൈലി, ലണ്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഒരാളായിട്ടാണ് പലരും രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരുക്കിയ വിരുന്നു സൽക്കാരത്തിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഏ എം ടി ജാക്സണാകട്ടെ മറാഠി അടക്കമുള്ള ഇന്ത്യൻ ഭാഷകൾ പഠിച്ചെടുത്ത്, പണ്ഡിറ്റ് ജാക്സൺ എന്ന വിളിപ്പേര് ഇന്ത്യയിൽ ആർജ്ജിച്ച ഒരാളായിരുന്നു. പിൽക്കാലത്ത് ഭഗത് സിംഗും കൂട്ടരും കൊല ചെയ്ത സാൻഡേഴ്സിനെപ്പോലെയോ ഉദ്ധം സിംഗ് കൊലപ്പെടുത്തിയ ഡയറിനെപ്പോലെയോ ഇന്ത്യക്കാരോട് ക്രൂരമായി പെരുമാറിയ ചരിത്രം അവർക്കില്ല. ലണ്ടനിൽ നിന്ന് സവർക്കർ ഇന്ത്യയിലേയ്ക്ക് കടത്തിയ ബോംബ് നിർമ്മാണ മാനുവലും തോക്കുകളും സംബന്ധിച്ച കേസിൽ അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ ഗണേഷ് ദാമോദർ സവർക്കർ എന്ന ജി ഡി സവർക്കർ നാസിക്കിൽ വെച്ച് പിടിയിലായിരുന്നു. അതിന് പക വീട്ടാനാണ് വി ഡി സവർക്കർ, അനന്ത് കൻഹാരെയെ മുൻ നിർത്തി ജാക്സണെ വധിച്ചത് എന്നാണ് ചരിത്രകാരർ അഭിപ്രായപ്പെടുന്നത്. അതായത് സ്വാതന്ത്ര്യസമരപ്പോരാട്ടത്തിൻ്റെ ഭാഗം എന്നതിനേക്കാൾ ദുരഭിമാനക്കൊലയായിരുന്നു, ജാക്സൻ്റേത്
8. ജാക്സൻ്റെ കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയിലെ പ്രധാനി എന്ന നിലയ്ക്ക് 1910 മാർച്ചിൽ ലണ്ടനിൽ വെച്ച് വി ഡി സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റ് ഭയന്ന് ഫ്രാൻസിലേയ്ക്ക് പോയ സവർക്കർ ലണ്ടനിലേയ്ക്ക് തിരിച്ചു വന്നപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്തുകൊണ്ടാണ് സവർക്കർ ലണ്ടനിലേയ്ക്ക് തിരിച്ചു വന്നത് എന്നത് ദുരൂഹമായി അവശേഷിക്കുന്നു. മാർഗരറ്റ് ലോറൻസ് എന്ന് പേരുള്ള സവർക്കറുടെ കാമുകിയായിരുന്നു എന്ന് പറയപ്പെടുന്ന യുവതിയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പ് വഴിയാണ് സവർക്കറെ ബ്രിട്ടീഷ് പോലീസ് ലണ്ടനിലേയ്ക്ക് തിരിച്ചെത്തിച്ചത് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
9. 1910 ജൂലൈയിൽ അറസ്റ്റിലായ സവർക്കറെ വിചാരണക്കായി എസ് എസ് മോറിയ എന്ന കപ്പലിൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നു. യാത്രയ്ക്കിടയിൽ കപ്പൽ ഫ്രാൻസിലെ മാഴ്സെയിൽസിൽ താത്ക്കാലികമായി കരയ്ക്കടുപ്പിച്ചപ്പോൾ കപ്പലിൻ്റെ ജാലകത്തിലൂടെ എടുത്തു ചാടി, ഫ്രാൻസിൻ്റെ മണ്ണിലേയ്ക്കോടി രക്ഷപ്പെടാൻ സവർക്കർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
10. 1910 ലും 1911 ലുമായി ഇന്ത്യയിൽ നടന്ന വിചാരണയുടെ അവസാനം സവർക്കർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ, കോടതി വിധിക്കുകയുണ്ടായി. അന്നത്തെ കണക്കനുസരിച്ച് ഒരു ജീവപര്യന്തം എന്നത് 25 വർഷത്തെ തടവുശിക്ഷയ്ക്ക് സമാനമായതിനാൽ ആകെ 50 വർഷത്തെ തടവുശിക്ഷയാണ് സവർക്കർക്ക് ലഭിച്ചത്. ഇതേ തുടർന്ന് 1911 ജൂലൈയിൽ എസ് എസ് മഹാരാജ എന്ന കപ്പൽ അദ്ദേഹത്തെ ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തിച്ചു.
11. അതായത്, 1900 ത്തിൽ മിത്രമേള സ്ഥാപിക്കുന്നത് മുതൽ 1911 ൽ സെല്ലുലാർ ജയിലിലെത്തും വരെ സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിച്ചിരുന്നു. അതായത് ഏതാണ്ട് 83 വർഷത്തോളം നീണ്ടു നിന്ന തന്റെ ജീവിതത്തിൻ്റെ യുവത്വത്തിൽ ഏതാണ്ട് 11 വർഷക്കാലം അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധനായിരുന്നു. അതാകട്ടെ ഒരു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് ബ്രാഹ്മണ സാമ്രാജ്യം സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു.
12. ആൻഡമാനിൽ 32778 എന്ന നമ്പറിൽ തടവുകാരനായി എത്തിയ ഉടൻ തന്നെ പത്തു പതിനൊന്ന് വർഷം നീണ്ടുനിന്ന തൻ്റെ ബ്രിട്ടീഷ് വിരുദ്ധത സവർക്കർ അവസാനിപ്പിച്ചു തുടങ്ങി. ആദ്യ ജയിൽ ദിനങ്ങളിൽ തന്നെ ആദ്യത്തെ മാപ്പപേക്ഷ സവർക്കർ സമർപ്പിച്ചതായി ചരിത്രകാരർ പറയുന്നു. രണ്ടാമത്തെ മാപ്പപേക്ഷ 1912 ഒക്ടോബർ 29 നാണ് സമർപ്പിച്ചത്. തൻ്റെ സ്വഭാവം മെച്ചപ്പെട്ടു എന്നവകാശപ്പെട്ടാണ് മാപ്പപേക്ഷ സമർപ്പിച്ചതെങ്കിലും അത് തള്ളിപ്പോയി. അതെ തുടർന്ന് 1913 നവംബർ 4 ന് ബ്രിട്ടീഷിന്ത്യൻ സർക്കാരിൻ്റെ ഹോം മെമ്പർ ആയിരുന്ന സർ റെജിനാൾഡ് എച്ച് ക്രഡ്ഡോക്കിനാണ് സവർക്കർ സമർപ്പിച്ചത്. അതിൽ പറയുന്നത് ” സർക്കാർ അതിൻ്റെ ഉദാരമായ പാതയിൽ ഉൾപ്പെടുത്തി എന്നെ വിമോചിപ്പിക്കുവാൻ ദയ കാണിക്കുകയാണെങ്കിൽ എന്നെപ്പോലെ ഇംഗ്ലീഷ് സർക്കാരിനോട് വിധേയനും ഭരണഘടനാപുരോഗതിയുടെ ഏറ്റവും ശക്തനായ വക്താവുമായി മറ്റാരും തന്നെ ഉണ്ടായിരിക്കുന്നതല്ല ……. ഭരണഘടനാപരമായ മാർഗ്ഗത്തിലേയ്ക്കുള്ള എൻ്റെ മാറ്റം ഇന്ത്യയിലും വിദേശത്തും തെറ്റായി നയിക്കപ്പെട്ട, ഒരിക്കൽ എന്നെ മാർഗ്ഗദർശിയായിക്കണ്ട, ചെറുപ്പക്കാരെ മുഴുവൻ ഭരണഘടനാപരമായ മാർഗ്ഗത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതായിരിക്കും. സർക്കാരിനെ, അവർ നിർദ്ദേശിക്കുന്ന ഏത് നിലയ്ക്കും സേവിക്കാൻ ഞാൻ തയ്യാറാണ്. കാരണം എൻ്റെ മാറ്റം പൂർണ്ണാർത്ഥത്തിലുള്ള ഒന്നായതിനാൽ ഭാവിയിലും അതങ്ങനെത്തന്നെയായിരിക്കും. ധീരർക്ക് മാത്രമേ ദയാലുക്കളാകാൻ കഴിയൂ. അതിനാൽ സർക്കാരിൻ്റെ രക്ഷാകർത്തൃത്വത്തിൻ്റെ വാതിലുകളിലേയ്ക്ക് അല്ലാതെ വേറെ എവിടേയ്ക്കാണ് ധൂർത്തപുത്രന് മടങ്ങാൻ സാധിക്കുക?”

13. ബൈബിളിലെ മുടിയനായ പുത്രനോട് സ്വയം ഉപമിച്ചും മുടിയനായ പുത്രനെ സ്വീകരിക്കുന്ന പിതാവിനോട് ബ്രിട്ടീഷ് സർക്കാരിനെ ഉപമിച്ചും എഴുതിയ മൂന്നാമത്തെ മാപ്പപേക്ഷയ്ക്കും ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്നും മറുപടിയൊന്നും കിട്ടിയില്ല. നാലാമത്തെ മാപ്പപേക്ഷ എഴുതുന്നത് 1914 ഒക്ടോബറിൽ ആണ്. ഒന്നാംലോക യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട യുദ്ധം ” ഈ രാജ്യത്തിൻ്റേയും(ഇന്ത്യയുടേയും ) സാമ്രാജ്യത്തത്തിൻ്റേയും(ബ്രിട്ടീഷ് ) രക്ഷക്കായി പൊതുശത്രുവിനെതിരെ സമരായുധമണിയാൻ യുവാക്കളടക്കം എല്ലാ ഇന്ത്യക്കാരേയും പ്രേരിപ്പിക്കുന്നു” എന്ന് ബ്രിട്ടീഷുകാരോട് കൂറു പ്രഖ്യാപിച്ചാണ്, ബ്രിട്ടീഷ് വിരുദ്ധതയുടെ പേരിൽ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കൊലയ്ക്ക് പിന്നിൽ ഒരു കാലത്ത് പ്രവർത്തിച്ച സവർക്കർ, മാപ്പപേക്ഷ തുടങ്ങുന്നത്. ” സാമ്രാജ്യത്തിൻ്റെ മറ്റ് പൗരരുമായി തോളോട് തോൾ ചേർന്നു നിന്ന് പൊരുതുമ്പോൾ ഇന്ത്യയിൽ ഉയർന്നു വരുന്ന ഒരു തലമുറയ്ക്ക് സമത്വത്തിൻ്റെ വികാരം പകർന്നു കിട്ടുകയും അവർ അതിനോട് ആത്മാർത്ഥമായ കൂറ് പുലർത്തുകയും ചെയ്യും എന്നത് ഉറപ്പാണെ” ന്നും സവർക്കർ പറയുന്നു. അന്നത്തെ വൈസ്റോയി ആയിരുന്ന ഹാർഡിംഗ്സ് പ്രഭുവിനേയും സവർക്കർ പുകഴ്ത്തുന്നു. അതിനാൽ ” ഇപ്പോഴത്തെ യുദ്ധത്തിൽ ഏത് സേവനത്തിനും വേണ്ടി സന്നദ്ധസേവകനാകാൻ എന്നെത്തന്നെ ഞാൻ സമർപ്പിനാക്കുമെന്ന് വാഗ്ദാനം ” നൽകുകയും ചെയ്യുന്നു. അതിന് വേണ്ടി താനടക്കമുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്നാണ് സവർക്കർ അപേക്ഷിക്കുന്നത്. ഈ അപേക്ഷ ആൻഡമാൻ ദ്വീപസമൂഹത്തിലെ ചീഫ് കമ്മീഷണർക്കാണ് സവർക്കർ സമർപ്പിക്കുന്നത്. ഈ അപേക്ഷ ബ്രിട്ടീഷുകാർ നിരസിച്ചു.
14. അഞ്ചാമത്തെ മാപ്പപേക്ഷ സവർക്കർ എഴുതുന്നത് 1917 ഒക്ടോബർ 5 നാണ്. ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന കനഡയിൽ ഡുർഹാം പ്രഭു, രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് തന്നെയും മറ്റുള്ളവരേയും വിമോചിപ്പിക്കാൻ ഈ മാപ്പപേക്ഷയിൽ സവർക്കർ അപേക്ഷിക്കുന്നത്. അതോടെ വിമത പ്രവർത്തനങ്ങൾ നടത്തിയവരുടെ കൊച്ചു മക്കളടക്കം ബ്രിട്ടീഷ് പക്ഷത്ത് ചേർന്നതായി സവർക്കർ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ വിമോചിപ്പിച്ചാൽ ഇന്ത്യയിലും തങ്ങളുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും സമ്പൂർണ്ണമായും ബ്രിട്ടീഷ് പക്ഷത്തെത്തിച്ചേരും എന്നാണ് സവർക്കർ ഇതിലൂടെ ദ്യോതിപ്പിക്കുന്നത്.ഇത്തവണ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് സവർക്കർ മാപ്പപേക്ഷ സമർപ്പിച്ചത്
16 1920 മാർച്ച് 20 ന് അടുത്ത മാപ്പപേക്ഷ സവർക്കർ നൽകി. ഇതിന് മുമ്പുള്ള മാപ്പപേക്ഷകളിൽ താനടക്കമുള്ള രാഷ്ട്രീയത്തടവുകാരെയെല്ലാം മോചിപ്പിക്കണമെന്ന് സവർക്കർ ദുർബലമായെങ്കിലും ആവശ്യപ്പെട്ടിരുന്നു. ഒരു മാപ്പപേക്ഷയിൽ തന്നെ മോചിപ്പിച്ചില്ലെങ്കിലും മറ്റുള്ളവരെ മോചിപ്പിക്കണമെന്ന് ത്യാഗിയുടെ മട്ടിൽ എഴുതിയിരുന്നു. 1919 ൽ മൊണ്ടാഗുവും ചെംസ്ഫോർഡും കൊണ്ടുവന്ന ഭരണപരിഷ്ക്കാര നടപടികളുടെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവ് സവർക്കൊപ്പം ആൻഡമാനിലുണ്ടായ ബാരിൻ ഘോഷ്, ഹേം ചന്ദ്രദാസ് തുടങ്ങിയവരെ വിമോചിപ്പിച്ചിരുന്നു. അതോടെ തന്നെ മോചിപ്പിച്ചില്ലെങ്കിലും മറ്റുള്ളവരെ മോചിപ്പിച്ചാൽ മതി എന്ന ത്യാഗമട്ടിൽ നിന്നും മാറി തൻ്റെ യഥാർത്ഥ നിറം സവർക്കർ കാണിക്കുന്നു. ബാരിൻ ഘോഷും ഹേംചന്ദ്ര ദാസും ചെയ്ത കുറ്റത്തേക്കാൾ ചെറുതാണ് താൻ ചെയ്ത തെറ്റ് എന്ന് സവർക്കർ ഈ മാപ്പപേക്ഷയിൽ ദ്യോതിപ്പിക്കുന്നു. ഹൃദയപൂർവ്വം താൻ ബ്രിട്ടീഷ് സാമ്രാജ്യവുമായി സഹകരിക്കാമെന്നും ആഭ്യന്തരശത്രുക്കൾക്കെതിരെ പൊരുതാൻ ബ്രിട്ടീഷുകാർക്ക് തൻ്റെ പിന്തുണ ഗുണം ചെയ്യുമെന്നും അദ്ദേഹം അതിൽ പ്രസ്താവിക്കുന്നു. ” മോചനം എനിക്ക് പുതുജന്മം തരുമെന്നും അതെൻ്റെ ഹൃദയത്തെ തൊടുമെന്നുമുള്ള വൈകാരികവും അങ്ങയുടെ ദയാവായ്പിനോട് കീഴ്പ്പെട്ടുമുള്ള എൻ്റെ പശ്ചാത്താപത്തിൻ്റെ സ്രോതസ്സ് രാഷ്ട്രീയമായി ഉപയോഗപ്രദമാകും. ധൈര്യം തോൽക്കുന്നിടത്ത് ഉദാരത വിജയിക്കും”. സവർക്കർ മാപ്പപേക്ഷയിൽ എഴുതുന്നു.
17. 1921 ആഗസ്റ്റ് 19 ന് ഇന്ത്യയുടെ ഗവർണ്ണർ ജനറലായ റൂഫസ് ഡാനിയൽ ഐസക്സിന് സവർക്കർ അടുത്ത മാപ്പപേക്ഷ സമർപ്പിച്ചു. ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കാൻ പോകുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് സവർക്കർ ഇതെഴുന്നത്. സവർക്കർ എഴുതുന്നത് ഇങ്ങനെയാണ്.” രാജപ്രമുഖനായ വെയിൽസ് രാജകുമാരൻ്റെ വരാൻ പോകുന്ന സന്ദർശനത്തിൻ്റെ പ്രഖ്യാപനം അപേക്ഷകൻ്റെ ഭൂതകാല അക്രമചെയ്തികളെല്ലാം ക്ഷമിച്ചു കൊണ്ട് വൈസ്റോയി തിരുമുമ്പും ബോംബെ ഗവർണ്ണർ തിരുമുമ്പും ഇത്രനാൾ നിഷേധിക്കപ്പെട്ട മാപ്പ്, അപേക്ഷകന് അനുവദിച്ചു തരുമെന്നുള്ള പ്രത്യാശ അപേക്ഷകനിൽ ഉണർത്തിയിരിക്കുന്നു. ” സവർക്കർ തുടരുന്നു.” അതേ സമയം സർക്കാർ പക്ഷത്ത് എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ അത് ദുരീകരിക്കുന്നതിന് വേണ്ടി അപേക്ഷകൻ ഒരു തരം രാഷ്ട്രീയത്തിലും ഒരു പങ്കാളിത്തവും വഹിക്കുകയില്ല എന്ന കാര്യം ഉത്തമവിശ്വാസത്തോടെ പ്രതിജ്ഞ ചെയ്യുന്നു…. സർക്കാർ അനുശാസിക്കുന്ന മറ്റ് ഏത് തരം നിശ്ചിതവും യുക്തിസഹവുമായ നിബന്ധനകൾ ഏറ്റെടുക്കാനും ആത്മാർത്ഥമായി നടപ്പിൽ വരുത്താനും അപേക്ഷകൻ സമ്മതം അറിയിക്കുന്നു. “
ഈ മാപ്പപേക്ഷയോടെ ബ്രിട്ടീഷുകാർക്ക് സവർക്കറുടെ മനംമാറ്റത്തിൽ വിശ്വാസം വരികയും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള നടപടികൾ തുടങ്ങിവെയ്ക്കുകയും ചെയ്തു.ഇതേ തുടർന്ന് 1923 ൽ ആൻഡമാനിൽ നിന്ന് ഇന്ത്യൻ മെയിൻലാൻഡിലെ ജയിലുകളിലേയ്ക്കും തുടർന്ന് 1924ൽ ജയിൽമോചനത്തിലേയ്ക്കും വഴിതെളിച്ചു.
18. സവർക്കർ ബ്രിട്ടീഷ് വിരുദ്ധത ഉപേക്ഷിക്കുന്നത്, ജാലിയൻ വാലാ ബാഗ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ ഇന്ത്യൻ ജനതയ്ക്ക് മേൽ അഴിച്ചു വിടുന്ന സമയത്താണെന്ന് പ്രത്യേകം ഓർക്കണം. ബ്രിട്ടീഷ് നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കുമെന്നും ബ്രിട്ടീഷ് സർക്കാരിൻ്റെ പരിഷ്ക്കരണ പരിപാടികൾ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും സ്വമേധയാ എഴുതി ഒപ്പിട്ടു കൊടുത്താണ് അദ്ദേഹം ജയിൽമോചിതനായത്. ജയിലിൽ നിന്നും മോചനം നേടാനുള്ള തന്ത്രമായിരുന്നു സവർക്കറുടെ മാപ്പപേക്ഷകൾ എന്ന് ധനഞ്ജയ് കീർ പോലുള്ള ജീവചരിത്രകാരർ അഭിപ്രായപ്പെടുന്നെങ്കിലും അതൊന്നും സാധുവായ വാദങ്ങളല്ല. പിന്നീടൊരിക്കലും സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിരന്തരം സഹായിച്ക്കുകയും ചെയ്തിരുന്നു.
19. ഇതിന് ആദ്യത്തെ തെളിവ് 1923 ൽ ഇന്ത്യൻ മെയിൻ ലാൻഡിലെ ജയിലിൽ വെച്ച് അദ്ദേഹം എഴുതിയ ‘ഹിന്ദുത്വ’ എന്ന പുസ്തകമാണ്. ഇക്കാലത്ത് ഗാന്ധിയുടെ മുൻകൈയ്യിൽ ഹിന്ദു – മുസ്ലീം മൈത്രിയും ഖിലാഫത്ത് പ്രസ്ഥാനവും ഉടലെടുത്തിരുന്നു. ഇന്ത്യയിലെ എല്ലാ മത ജാതി വിഭാഗങ്ങളും അണി നിരന്നു കൊണ്ടുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനം സജീവമാവുകയും ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഈ മൈത്രി ഇല്ലാതാക്കാനും വിഭജിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് സഹായകരമായി പ്രവർത്തിക്കാനുമാണ്, മുസ്ലീങ്ങളേയും ന്യൂനപക്ഷങ്ങളേയും നിന്ദിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഹിന്ദുത്വ എഴുതുന്നത്.

20. 50 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട സവർക്കർ, മാപ്പപേക്ഷകളുടെ പശ്ചാത്തലത്തിൽ 13 വർഷത്തിന് ശേഷം ജയിൽ വിമോചിതനായപ്പോൾ രത്നഗിരി ജില്ലയിലാണ് പ്രവർത്തിച്ചത്. രത്നഗിരി ജില്ല വിട്ടു പോകാൻ പാടില്ലെന്നും പ്രത്യക്ഷരാഷ്ട്രീയം പാടില്ലെന്നുമുള്ള വിലക്കുകൾ അദ്ദേഹത്തിന് മേൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താത്പര്യത്തിന് അനുകൂലമായി, രത്നഗിരി ജില്ലയിൽ മുസ്ലീം വിരുദ്ധ പ്രവർത്തനവും,വർഗ്ഗീയത വളർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രവർത്തനങ്ങളുമാണ് അദ്ദേഹം നടത്തിയത്. 1937 ൽ അവശേഷിക്കുന്ന വിലക്കുകൾ എടുത്തു മാറ്റും വരെ ഈ പ്രവർത്തനം അദ്ദേഹം തുടർന്നു. അതോടൊപ്പം സ്വാതന്ത്ര്യ സമരത്തെ നയിക്കുന്ന ഗാന്ധിക്കെതിരെ, ബ്രിട്ടീഷുകാർക്ക് സഹായകമാകും വിധം കടുത്ത വിമർശനങ്ങൾ നിരന്തരമായി ഉന്നയിച്ചു പോന്നു. രത്നഗിരിയിൽ താമസിക്കുന്ന കാലത്ത് 1929ൽ നാഥുറാം വിനായക് ഗോഡ്സേ, സവർക്കറുമായി ബന്ധപ്പെടുകയും 1931 വരെ സവർക്കറുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.
21. 1923 ൽ ഇറങ്ങിയ ഹിന്ദുത്വ എന്ന പേരിലുള്ള മതാധിഷ്ഠിത ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ 1925 ൽ, നാഗ്പൂരിൽ വെച്ച് ആർ എസ് എസ് എന്ന സംഘടന രൂപം കൊണ്ടു. ബി എസ് മുഞ്ജേയും സവർക്കറുടെ ജ്യേഷ്ഠസഹോദരൻ ജി ഡി സവർക്കറുടേയും സഹായത്താൽ കേശവ് ബലിറാം ഹെഡ്ഗേവാറാണ് ആ സംഘടന ആരംഭിച്ചത്. അതിന് മുമ്പായി ഹെഡ്ഗേവാർ രത്നഗിരി ജില്ലയിൽ താമസിക്കുന്ന സവർക്കറെ ചെന്നു കണ്ട് അനുഗ്രഹാശിസ്സുകൾ നേടിയിരുന്നു. ആർ എസ് എസ്, അതിൻ്റെ അംഗങ്ങളെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. അതു വഴി ബ്രിട്ടീഷുകാർക്ക് സഹായകമായ നിലപാട് എടുത്തിരുന്നു.
22. 1937 ൽ ശിക്ഷയിൽ നിന്ന് പൂർണ്ണമായി മോചിതനായ സവർക്കർ ചുരുങ്ങിയ കാലം ബാൽ ഗംഗാധർ തിലകിൻ്റെ അനുയായികളായ ബ്രാഹ്മണർ സ്ഥാപിച്ച സ്വരാജ്യ പാർട്ടിയിൽ പ്രവർത്തിച്ചെങ്കിലും, ഡിസംബർ 10 ന് അഖിൽ ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായി സ്ഥാനമേറ്റു.അഹമ്മദാബാദിൽ (കർണ്ണാവതി ) വെച്ച് നടന്ന സ്ഥാനാരോഹണ പ്രഭാഷണത്തിൽ, പിൽക്കാലത്ത് ഇന്ത്യയെ വെട്ടിമുറിച്ച ദ്വിരാഷ്ട്ര വാദത്തിന് ആദ്യമായി വിത്തു പാകി.ഇന്ത്യയ്ക്കുള്ളിൽ ഒരു ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദലി ജിന്ന, ദ്വിരാഷ്ട്രവാദം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല, എന്നത് ശ്രദ്ധേയമാണ്.
23. രണ്ടാം ലോകയുദ്ധക്കാലത്ത്, ബ്രിട്ടൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രവിശ്യാ മന്ത്രി സഭകൾ രാജിവെച്ചു. അന്നേരം ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കാൻ ഓടിയെത്തിയത് രണ്ട് ധ്രുവങ്ങളിൽ നിന്നിരുന്ന സവർക്കറുടെ ഹിന്ദുമഹാസഭയും ജിന്നയുടെ മുസ്ലീം ലീഗുമാണ്. പാകിസ്ഥാൻ വാദിയായ ഫസ് ലുൾ ഹക്കിൻ്റെ മന്ത്രിസഭയിൽ ഹിന്ദുമഹാസഭ ചേരുകയും ശ്യാമപ്രസാദ് മുഖർജി മന്ത്രിയാകുകയും ചെയ്തു. സിന്ധിൽ ജിന്നയുടെ മുസ്ലീം ലീഗിൻ്റെ ജി എച്ച് ഹിദായത്തുള്ള നയിക്കുന്ന മന്ത്രിസഭയിലും നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസിൽ ജിന്നയുടെ മുസ്ലീംലീഗിൻ്റെ ഔറംഗസേബ് ഖാൻ നയിക്കുന്ന മന്ത്രിസഭയിലും ഹിന്ദുമഹാസഭ അംഗമായി. 1943 മാർച്ച് 3 ന് സിന്ധിലെ പ്രവിശ്യാ മന്ത്രിസഭയിൽ ജിന്നയുടെ മുസ്ലീം ലീഗിലെ ജി എം സെയ്ദ് ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രത്യേക രാഷ്ട്രമാണ് എന്ന പ്രമേയം അവതരിപ്പിക്കുമ്പോൾ ഹിന്ദുമഹാസഭ അംഗങ്ങൾ അതിലെ മന്ത്രിമാരായിരുന്നു.
25. 1946 ൽ ജിന്നയുടെ മുസ്ലീം ലീഗ് പാകിസ്ഥാൻ വാദത്തെ തെരുവിലേക്കിറക്കിവിട്ടു. കൊൽക്കൊത്തയിലും നവഖലിയിലും വർഗ്ഗീയ ലഹളകളുണ്ടായി. തക്കം പാർത്തിരുന്ന ഹിന്ദുമഹാസഭയും ഹിന്ദുത്വ രാഷ്ട്രീയ വാദികളും 1947 ൽ ബീഹാറിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. മുസ്ലീങ്ങൾ പേടിച്ച് വരാൻ പോകുന്ന പാകിസ്ഥാനെ അനുകൂലിക്കുകയും പാകിസ്ഥാൻ ഉണ്ടാകുന്ന മുറയ്ക്ക് അങ്ങോട്ട് പോകുകയും ചെയ്താൽ, ബാക്കി വരുന്ന ഹിന്ദു ഭൂരിപക്ഷ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാമെന്നും തങ്ങൾക്ക് അധികാരത്തിലേറാമെന്നും മോഹിച്ചാണ് അവർ അങ്ങനെ ചെയ്തത്. എന്നാൽ ഗാന്ധിയുടെ അവിശ്രാന്ത പരിശ്രമം കൊൽക്കൊത്തയിലും നവഖലിയിലും ബീഹാറിലും സാമൂഹിക സമാധാനം തിരികെ കൊണ്ടു വന്നു. നേരത്തെ തന്നെ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായിരുന്ന ഗാന്ധി, ഇപ്പോൾ അവരുടെ പരമശത്രുവായിത്തീർന്നു. സ്വാതന്ത്ര്യത്തിന് ശേഷവും അവർ കൊൽക്കൊത്തയിൽ, കിഴക്കൻ പാകിസ്ഥാനിലേയ്ക്ക് പോകാൻ മടിച്ച മുസ്ലീങ്ങളെ ആക്രമിച്ച് അങ്ങോട്ട് പലായനം ചെയ്യിപ്പിക്കാൻ ശ്രമിച്ചു. അവസാനം 1947 സെപ്തംബർ 1 ന് ഗാന്ധി 73 മണിക്കൂർ നിരാഹാരം ഇരുന്നതോടെ കൊൽക്കത്ത ശാന്തമായി.
26. പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് ഡെൽഹിയിലേയ്ക്ക് അഭയാർത്ഥികൾ കുത്തിയൊഴുകുകയായിരുന്നു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള പലായനത്തിനിടയിൽ ഹിന്ദു, സിക്ക് അഭയാർത്ഥികൾക്ക് പലതരം യാതനകൾ നേരിടേണ്ടി വന്നു. ഡെൽഹിയിൽ ഗണ്യമായൊരു സംഖ്യ അഭയാർത്ഥികൾ എത്തിയതോടെ സർക്കാരിന് വേണ്ടത്ര സൗകര്യങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. അസംതൃപ്തരായ ഈ ഹിന്ദു, സിക്ക് അഭയാർത്ഥികളുടെ രോഷത്തെ മുൻനിർത്തി ഇന്ത്യ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വ ശക്തികൾ തുടങ്ങി വെച്ചു. പാകിസ്ഥാനിലേയ്ക്ക് പോകാതെ ഡെൽഹിയിൽ തുടർന്ന മുസ്ലീങ്ങളുടെ വസതികളും പള്ളികളും കച്ചവടകേന്ദ്രങ്ങളും പിടിച്ചെടുക്കാൻ, അഭയാർത്ഥികളെ പ്രേരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികൾ അവരുടെ കളി തുടർന്നു. ആശയറ്റ മുസ്ലീങ്ങൾ ഇന്ത്യ വിട്ട് പാകിസ്ഥാനിലേയ്ക്ക് പോകുമെന്നും, അതുവഴി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാമെന്നും അവർ മോഹിച്ചു. എന്നാൽ ഗാന്ധി അവരുടെ കണക്ക് വീണ്ടും തെറ്റിച്ചു. 1948 ജനുവരി 13 മുതൽ 18 വരെ നീണ്ടു നിന്ന അഞ്ചു ദിവസത്തെ ഗാന്ധിയുടെ നിരാഹാരം ഡെൽഹിയിലെ മുസ്ലീം ജനതയെ സുരക്ഷിതരാക്കി.
27. ഇതോടെ ഹിന്ദുത്വ ശക്തികൾ ഗാന്ധിക്ക് നേരെ തിരിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും നാഥുറാം ഗോഡ്സേ, നാരായൺ ആപ്തേ, വിഷ്ണു കർക്കരേ എന്നീ ബ്രാഹ്മണരുടെ നേതൃത്വത്തിൽ ഗാന്ധിയെ കൊല്ലാനുള്ള സംഘം ഡെൽഹിക്ക് പുറപ്പെട്ടു. ദിഗംബർ ബഡ്ഗേ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സേ, മദൻലാൽ പഹ് വ എന്നിവരും കൂടെയുണ്ടായിരുന്നു. 1948 ജനുവരി 20 ന് ഈ സംഘം ഗാന്ധിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. മദൻലാൽ പഹ് വ പിടിയിലായി. പക്ഷെ, 1948 ജനുവരി 30 ന് അവർ വിജയിച്ചു. ഗാന്ധി വധിക്കപ്പെട്ടു. ഗാന്ധിയെക്കൊന്ന ഗോഡ്സേയെ അപ്പോൾ തന്നെ പോലീസ് പിടിച്ചു. ഗോഡ്സേയെ ചോദ്യം ചെയ്തതോടെ മറ്റുള്ളവരുടെ പങ്ക് വ്യക്തമാകുകയും അവർ പിടിയിലാകുകയും ചെയ്തു.

28. പിടിയിലായ ദിഗംബർ ബഡ്ഗേ മാപ്പുസാക്ഷിയായി നൽകിയ മൊഴിയിൽ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച തലച്ചോറ് സവർക്കറാണ് എന്ന് വെളിപ്പെടുത്തി.സവർക്കറുടെ ഇച്ഛയാണ് ശിഷ്യരായ ഗോഡ്സേയും ആപ്തേയും വിഷ്ണു കർക്കരേയും ചേർന്ന് നടപ്പിലാക്കിയത് എന്ന് ബഡ്ഗേ തറപ്പിച്ചു പറയുകയും അതിനാവശ്യമായ മൊഴികൾ പോലീസിന് നൽകുകയും ചെയ്തു. 1948 ഫെബ്രുവരി 5 ന് സവർക്കറെ പോലീസ്, ഗാന്ധി വധത്തിൻ്റെ പ്രതിപ്പട്ടികയിൽ പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എന്നാൽ ദിഗംബർ ബഡ്ഗേയുടെ മൊഴിയ്ക്ക് ഉപോദ് ബലകമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ ഗാന്ധിവധത്തിൻ്റെ വിചാരണ നടത്തിയ പ്രത്യേക കോടതി 1949 ഫെബ്രുവരി 10ന് വെറുതെ വിട്ടു.
29. ഗാന്ധിവധത്തിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ പുറത്തു വന്നപ്പോൾ പൂനെയിലെ ഉദ്യാൻ കാര്യാലയത്തിൽ വെച്ച് അവർക്ക് ഹിന്ദുത്വ ശക്തികൾ സ്വീകരണം ഒരുക്കുകയുണ്ടായി. ആ സമ്മേളനത്തിൽ വെച്ച് ജി.വി. കേത്ക്കർ എന്ന ഹിന്ദു മഹാസഭാ നേതാവ്, ഗാന്ധിയെ കൊല്ലുന്ന കാര്യം കൃത്യം നടക്കുന്നതിന് രണ്ടാഴ്ച മുമ്പേ നാഥുറാം ഗോഡ്സേ തന്നോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തുകയുണ്ടായി. ഇത് പത്രങ്ങളിൽ അടിച്ചു വന്നതോടെ പാർലിമെൻ്റിൽ വലിയ കോലാഹലങ്ങളുണ്ടായി. ഗാന്ധിവധത്തിൻ്റെ ഗൂഢാലോചന പുനരന്വേഷിക്കണമെന്ന വാദം ശക്തമായി. അന്നത്തെ നെഹ്റു സർക്കാർ അതിനു വേണ്ടി ജസ്റ്റീസ് ജീവൻ ലാൽ കപൂർ അദ്ധ്യക്ഷനായ കമ്മീഷനെ നിയോഗിക്കുകയും, കമ്മീഷൻ നിരവധി സാക്ഷിവിസ്താരങ്ങളും രേഖാ പരിശോധനകളും നടത്തുകയുണ്ടായി. ഗാന്ധി വധം അന്വേഷിച്ച പോലീസ് സംഘത്തിന് മുമ്പാകെ സവർക്കറുടെ സെക്രട്ടറി വിഷ്ണു ഡാംലേയും അംഗരക്ഷൻ അപ്പാ രാമചന്ദ്ര കസാറും നൽകിയ മൊഴികൾ വീണ്ടും പരിശോധിക്കുകയും ചെയ്തു. ആ മൊഴികൾ മാപ്പുസാക്ഷിയായ ദിഗംബർ ബഡ്ഗേ നൽകിയ മൊഴികളെ ശരിവെയ്ക്കുന്ന ഉപോദ്ബലകത്തെളിവുകൾ ആയിരുന്നു. പക്ഷെ, എന്തുകൊണ്ടോ അവ വധത്തിൻ്റെ വിചാരണ വേളയിൽ കോടതിക്ക് മുമ്പിലെത്തിയില്ല – കമ്മീഷൻ ഈ മൊഴികൾ പഠിക്കുകയും അതിന്റെ കണ്ടെത്തലായി സവർക്കറും സവർക്കറുടെ അനുയായികളുമാണ് ഗാന്ധിയുടെ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് എന്നത് രേഖപ്പെടുത്തി.
30. എന്നാൽ കപൂർ കമ്മീഷൻ്റെ കണ്ടെത്തലിനെ ആസ്പദമാക്കി സവർക്കർക്കെതിരെ നിയമ നടപടികൾ എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. താൻ വീണ്ടും നിയമത്തിന്റെ മുന്നിൽ അകപ്പെടും എന്ന് മനസ്സിലാക്കിയാകും, വാർദ്ധക്യത്തിലെത്തിയ സവർക്കർ മരുന്നും ഭക്ഷണവും അല്പാല്പമായി ഒഴിവാക്കിക്കൊണ്ടുള്ള, ആത്മഹത്യയ്ക്ക് സമാനമായ, ജീവിതാന്ത്യം വരിച്ചു. 1966 ഫെബ്രുവരി 26 നാണ് ആ മരണം സംഭവിക്കുന്നത്. കപൂർ കമ്മീഷൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് അതിന് ശേഷം മാത്രമായതിനാൽ, പിന്നീടുള്ള നടപടികളിൽ നിന്നും സവർക്കർ ഒഴിവായി. പക്ഷെ, ഗാന്ധിവധത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ടിൽ ആ കൊല നടത്തിയത് സവർക്കറും സവർക്കറൈറ്റുകളും ചേർന്നാണ് എന്നത് അസന്ദിഗ്ദ്ധമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
(വിവിധവിഷയങ്ങളിൽ വ്യത്യസ്തങ്ങളായ വീക്ഷണങ്ങൾ അവതരിപ്പിക്കുക എന്നതാണ് ഒ ബിസിയുടെ നയം.ലേഖനങ്ങളിൽ പ്രതിഫലിക്കുന്ന അഭിപ്രായങ്ങൾ അതാത് എഴുത്തുകാരുടേതാണ്. അവ ഒ ബി സിയുടെ എഡിറ്റോറിയൽ നിലപാടാവണമെന്നില്ല.)

പി എൻ ഗോപീകൃഷ്ണൻ
പ്രമുഖ കവിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ വിമർശനാത്മക ചരിത്രകാരനുമാണ് പി എൻ ഗോപീകൃഷ്ണൻ.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക