
ഗോരക്ഷകരുടെ ഇന്ത്യ
ഗോസംരക്ഷണത്തിന്റെ പേരിൽ 2022ൽ മധ്യപ്രദേശിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ മരിച്ചു. നാല് വർഷം നീണ്ട വിചാരണക്കൊടുവിൽ ഈ കേസിൽ പ്രതികളായ 7 പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ഒരു വിചാരണാ കോടതി ജൂൺ 13ന് പുറപ്പെടുവിച്ച ഈ വിധി, ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഒരു പ്രധാന ചുവട് വെപ്പാണ്. 2014 മുതൽ, ഗോരക്ഷയുടെ പേരിൽ ഏതാണ്ട് നൂറോളം ആൾക്കൂട്ട ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. എന്നാൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട കേസുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. ഗോരക്ഷയുടെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട നിയമ നിർവഹണ സംവിധാനമാണ് രാജ്യത്ത് നില നിൽക്കുന്നതെന്ന് ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു.
2022 ഓഗസ്റ്റ് 3 അർധരാത്രി.
മധ്യ പ്രദേശിലെ നർമ്മദാപുരം ജില്ലയിലെ സിയോണി മാൽവയിലെ ബർഖാദ് (Seoni Malwa) എന്ന ഗ്രാമത്തിൽ ഒരു സംഘം ആളുകൾ ചേർന്ന് ഒരു ട്രക്ക് തടഞ്ഞു നിർത്തി. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നും കന്നുകാലികളുമായി പോവുകയായിരുന്നു ഈ ട്രക്ക്.
ട്രക്ക് തടഞ്ഞ സംഘം ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ചികിത്സയിലിരിക്കെ നാസിർ അഹമ്മദ് എന്ന വ്യക്തി മരണത്തിന് കീഴടങ്ങി. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തൊൻപതോളം പേരാണ് ഈ അക്രമി സംഘത്തിലുണ്ടായിരുന്നത്. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടന്ന ആദ്യത്തെ ആൾക്കൂട്ടകൊലയല്ലായിരുന്നു അത്. അവസാനത്തേതുമല്ല.പക്ഷേ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഈ സംഭവം ഒരു നാഴികക്കല്ലായി.
നാല് വർഷം നീണ്ടു നിന്ന വിചാരണക്കൊടുവിൽ ഈ ‘ഗോരക്ഷകർ’ ശിക്ഷിക്കപ്പെട്ടു. ജൂൺ 13ന്, മധ്യപ്രദേശിലെ നർമ്മദാപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 7 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു.
ഗോരക്ഷാകൊലകളുടെ പെരുകുന്ന കണക്കുകൾ
പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ 2014ന് ശേഷം കുത്തനെ ഉയര്‍ന്നുവെന്നാണ് വിവിധ സ്വതന്ത്ര സ്ഥാപനങ്ങള്‍ നടത്തുന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത്തരം ആക്രമണങ്ങളിൽ 97 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് (2010 മുതല്‍ 2017 വരെ). ഇതില്‍ 86 ശതമാനം കേസുകളിലും പ്രതികളാക്കപ്പെട്ടത് മുസ്ലിങ്ങളാണ്. ഈ കാലയളവില്‍ പശുസംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ പകുതിയും ബിജെപി ഭരണത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്.

അതേ സമയം, ബിജെപി ഭരണത്തിന് കീഴിൽ രാജ്യത്ത് ആൾക്കൂട്ടക്കൊലപാതകങ്ങൾ വർദ്ധിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിലപാട്. 2019 ഒക്ടോബർ 18ന് നെറ്റ്‌വർക്ക് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
കണക്കിൽ ഇല്ലാത്ത ഗോരക്ഷാ കൊലകൾ
രാജ്യത്തെ കുറ്റകൃത്യങ്ങളെകുറിച്ചുള്ള ഔദ്യോഗിക ഡാറ്റയാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്ത് വിടുന്ന ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട്. വര്‍ഗീയ കലാപങ്ങളുടെ കണക്കുകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ട കൊലപാതകങ്ങളെ (mob lynching) കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അത്തരം വിവരങ്ങള്‍ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ സൂക്ഷിക്കുന്നില്ലെന്ന് 2018ലും 2022ലും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്.
രാജ്യത്തെ ആൾക്കൂട്ടക്കൊലപാതകങ്ങളും ഹേറ്റ് ക്രൈമുകളും സംബന്ധിച്ച വിവരങ്ങൾ 2017ൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ ശേഖരിച്ചിരുന്നു. എന്നാൽ, ഈ കുറ്റകൃത്യങ്ങളെ നിയമപരമായി നിർവ്വചിച്ചിട്ടില്ലാത്തതിനാൽ ഈ ഡാറ്റ ‘വിശ്വസനീയമല്ല’ എന്ന് ചൂണ്ടിക്കാട്ടി ഈ കണക്കെടുപ്പ് നിർത്തിവെച്ചു.
അത് കൊണ്ട് തന്നെ സ്വതന്ത്ര സംഘടനകള്‍ നടത്തുന്ന പഠനങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും മാത്രമാണ് ലഭ്യമായ സ്രോതസ്സുകള്‍.
2015-2018: 44 ഗോരക്ഷാ കൊലകൾ, 36 മുസ്ലിങ്ങൾ
ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ നിരീക്ഷണ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (Human Rights Watch) റിപ്പോർട്ട് പ്രകാരം 2015 മെയ് മുതൽ 2018 ഡിസംബർ വരെ 12 സംസ്ഥാനങ്ങളിലായി 44 പേർ പശു സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 36 പേരും മുസ്ലിങ്ങളാണ്. ഇതേ കാലയളവിൽ, 20 സംസ്ഥാനങ്ങളിലായി നടന്ന നൂറിലധികം അക്രമ സംഭവങ്ങളിൽ ഏകദേശം 280ഓളം ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2018ന് ശേഷം നടന്ന ആൾക്കൂട്ടക്കൊലകളെ കുറിച്ച് ഇത്തരത്തിൽ ക്രോഡീകരിച്ച വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ല.
2019-2025: 46 ഗോരക്ഷാ ആക്രമണങ്ങള്‍
2018 ന് ശേഷമുള്ള ക്രോഡീകരിച്ച കണക്കുകൾ ലഭ്യമല്ലാത്തതിനാൽ മാധ്യമറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഞങ്ങൾ നടത്തിയ പരിശോധനയിൽ നിന്ന് മനസ്സിലായത് രാജ്യത്ത് ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകൾ മുൻവര്‍ഷങ്ങളേക്കാൾ വർധിച്ചു വരികയാണെന്നാണ്.
2019ല്‍ ജാർഖണ്ഡ്, ബീഹാര്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന, 11 ആള്‍ക്കൂട്ട ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു. എല്ലാ കൊലപാതകങ്ങളും നടത്തിയത് ഗോരക്ഷകരായ ആൾക്കൂട്ടമാണ്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്കുലറിസം എന്ന സംഘടന, എല്ലാ വര്‍ഷവും ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നുണ്ട്. അവരുടെ റിപ്പോർട്ട് പ്രകാരം 2020ൽ ഇന്ത്യയിൽ മൊത്തം 23 ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ പത്ത് സംഭവങ്ങളും വർഗീയവിദ്വേഷത്തില്‍ നിന്നുണ്ടായവയാണ്. അതിൽ തന്നെ ഏഴ് ആൾക്കൂട്ട ആക്രമണങ്ങള്‍ ഗോരക്ഷയുടെ പേരിൽ നടന്നവയാണ്. ഈ പത്ത് ആക്രമണങ്ങളിലായി ആറ് പേരാണ് കൊല്ലപ്പെട്ടത്.

15 ആള്‍ക്കൂട്ട ആക്രമണങ്ങളാണ് 2021ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പശുവിന്റെ പേരില്‍ നടന്നത് നാല് കൊലപാതകങ്ങള്‍. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഈ നാല് സംഭവങ്ങൾ നടന്നത്. 2022ൽ രാജ്യത്ത് 17 ആൾക്കൂട്ട ആക്രമണങ്ങളിലായി ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. പശുസംരക്ഷണവുമായി ബന്ധപ്പെട്ട ആൾക്കൂട്ട ആക്രമണങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരത്തിലുള്ള എട്ട് സംഭവങ്ങളാണ് 2022ൽ റിപ്പോർട്ട് ചെയ്തത്. ഇതിലൊന്നിലാണ് കഴിഞ്ഞ ആഴ്ച പ്രതികളെ ശിക്ഷിച്ചത്.2023-2024 വർഷങ്ങളിലായി ഗോരക്ഷയുടെ പേരിൽ 19 ആൾക്കൂട്ട ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
2023ൽ രാജ്യത്ത് നടന്ന 21 ആൾക്കൂട്ട ആക്രമണങ്ങളിൽ 12 സംഭവങ്ങളും മാംസം കൈവശം വെച്ചെന്നോ പശുഹത്യ നടത്തിയെന്നോ ഉള്ള സംശയങ്ങളെത്തുടർന്നായിരുന്നു. 16 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.കൊല്ലപ്പെട്ടവരെല്ലാം മുസ്ലിങ്ങളാണ്.
2024ൽ 13 ആൾക്കൂട്ട ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എട്ട് മുസ്ലിങ്ങള്‍ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളിൽ ഏഴെണ്ണവും ഗോരക്ഷയുടെ പേരിലാണ് നടന്നത്.
2025ൽ രാജ്യത്ത് 14 ആൾക്കൂട്ടക്കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.
‘ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ’ (ACLED) നടത്തിയ പഠനമനുസരിച്ച്, 2019 ജൂണിനും 2024 മാർച്ചിനുമിടയിൽ ഇന്ത്യയിൽ ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളിൽ അഞ്ചിലൊന്നും (20 ശതമാനത്തിലേറെ) ഗോരക്ഷായുടെ പേരിലായിരുന്നു.
നീതി നിഷേധിക്കപ്പെടുന്ന ഇരകൾ
മുഹമ്മദ് അഖ്ലാക്കിനെ ആരും മറന്നിരിക്കാന്‍ ഇടയില്ല. 2014ല്‍ ബിജെപി സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്തെ നടുക്കിയ ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു അഖ്‌ലാക്കിന്‍റെത്. 2015 സെപ്റ്റംബർ 28ന് രാത്രി, ഉത്തർപ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാഹ്ദ ഗ്രാമത്തില്‍ വെച്ചാണ് 52കാരനായ അഖ്‌ലാക്കിനെ ഒരു സംഘം ഗ്രാമീണർ വീട്ടിൽക്കയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. അഖ്‌ലാക്ക് പശുവിനെ മോഷ്ടിച്ച് അറുത്തു എന്ന സംശയത്തിലാണ് പ്രദേശവാസികളായ ആളുകൾ അയാളുടെ വീട് ആക്രമിച്ചത്.
ഈ സംഭവത്തിലെ പത്ത് പ്രതികളില്‍ ഒരാള്‍ ബിജെപി നേതാവിന്റെ മകനായിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം, 2025 നവംബറിൽ, കുറ്റപത്രം പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ഹർജി നൽകി. കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കാനാണ് ഉത്തർപ്രദേശ് സർക്കാർ ഹർജി നൽകിയത്. എന്നാല്‍ ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. കേസിലെ 18 പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

2017ല്‍ ആണ് രാജസ്ഥാനില്‍ പെഹ്ളു ഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. ഹരിയാനയിലെ നൂഹ് ജില്ലയിൽ നിന്നുള്ള ഒരു ക്ഷീരകർഷകനായിരുന്നു പെഹ്ളു ഖാൻ. 2017 ഏപ്രിൽ 1ന് രാജസ്ഥാനിലെ അൽവാറിൽ വെച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽപ്പെട്ട ഇരുന്നൂറോളം വരുന്ന പശുസംരക്ഷകർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. പെഹ്ളു ഖാനൊപ്പം ഉണ്ടായിരുന്ന മറ്റ് ആറ് പേർക്കും അന്ന് മർദ്ദനമേറ്റു.
2019 ഓഗസ്റ്റിൽ, ആള്‍വാര്‍ അഡീഷണൽ ജില്ലാ കോടതി ഒന്‍പതില്‍ ആറ് പ്രതികളെ കുറ്റവിമുക്തരാക്കി. കോടതി വിധിക്ക് പിന്നാലെ, കുറ്റവിമുക്തരാക്കപ്പെട്ട ആറുപേരുടെ ബന്ധുക്കളും അനുയായികളും “ജയ് ശ്രീറാം” വിളികളോടെയാണ് കോടതി പരിസരത്ത് നിന്ന് മടങ്ങിയത്. അതേ വര്‍ഷം ഡിസംബറില്‍ ബാക്കി മൂന്നു പേരും കുറ്റവിമുക്തരാക്കപ്പെട്ടു.
ദുർബലമായ തെളിവുകൾ; പ്രോസിക്യൂഷന്റെ വീഴ്ചകൾ
പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിൽ, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് ആധാരമായ വീഡിയോ ഹാജരാക്കാനോ ആ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കാനോ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഡിജിറ്റൽ/ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സ്വീകാര്യമാക്കുന്നതിന് അനിവാര്യമായ, ഇന്ത്യൻ എവിഡന്‍സ് ആക്ടിലെ സെക്ഷൻ 65B പ്രകാരമുള്ള നിർബന്ധിത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി പറയുന്നു.
ഇരകൾക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് കേസിൽ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചകളിലൊന്ന്. അന്വേഷണ ഘട്ടത്തിൽ അക്രമികളെ തിരിച്ചറിയാൻ ഇരകൾക്ക് അവസരമൊരുക്കുന്ന ‘ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ്’ (TIP) പൊലീസ് നടത്തിയില്ല.
പരാതിക്കാരുടെ മൊഴി 2017 ഏപ്രിൽ 1ന് രാത്രി 11:50ന് രേഖപ്പെടുത്തിയതാണെന്ന് അവകാശപ്പെടുമ്പോഴും, ഏകദേശം 16 മണിക്കൂറുകൾക്ക് ശേഷമാണ് എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്തത്; ഇത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. പല സാക്ഷികളും കേസിന്റെ അവസാന ഘട്ടങ്ങളില്‍ കൂറ് മാറുകയും ചെയ്തിരുന്നു. വേണ്ടത്ര തെളിവുകൾ ഇല്ലാത്ത കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വിട്ടയച്ചു.
ഗുജറാത്ത് ഉന കേസ്
2016 ജൂലൈ 11ന് ഗുജറാത്തിലെ ഗിർ-സോമനാഥ് ജില്ലയിലെ മോട്ടാ സമധിയാല ഗ്രാമത്തിൽ വെച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ നാല് ദളിത് യുവാക്കളെ ക്രൂരമായി ചാട്ടവാറിനടിച്ചത്. ചത്ത പശുവിന്റെ തോലുരിക്കുകയായിരുന്നു ഈ യുവാക്കൾ. പത്ത് വർഷം നീണ്ട വിചാരണക്കുമൊടുവിൽ ഗുജറാത്തിലെ വെരാവൽ കോടതി ഈ കേസിലെ അഞ്ച് പ്രതികൾക്ക് 5 വർഷം തടവുശിക്ഷ വിധിച്ചു. കേസ്സിലുണ്ടായിരുന്ന മറ്റ് 35 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഈ വർഷം മാർച്ച് പതിനേഴിനാണ് ഈ വിധി വന്നത്.
ആക്രമണത്തിന് ഇരയായ ദളിത് യുവാക്കളെ അഞ്ചു മണിക്കൂറോളം ലോക്കപ്പിലിട്ട് പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പ്രതികളെ സഹായിക്കാനായി പൊലീസ് അക്രമികളുമായി ഒത്തുകളിച്ചെന്നും രേഖകളിൽ കൃത്രിമം കാട്ടിയെന്നും കേസിന്റെ പല ഘട്ടങ്ങളിലായി ആരോപണമുണ്ടായിട്ടുണ്ട്.
ശിക്ഷിക്കപ്പെട്ട കേസുകള്‍
രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ (2014-2026) നൂറോളം ആൾക്കൂട്ടാക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പ്രതികൾ ശിക്ഷിക്കപ്പെടുന്നത് അപൂർവ്വമാണ്. പത്ത് വർഷത്തിനിടെ അഞ്ച് കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയിട്ടുള്ളത്. ഏറ്റവും ഒടുവിലത്തേതാണ് ഈ മാസം മൂന്നിന് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച, മധ്യപ്രദേശിൽ നടന്ന ആൾക്കൂട്ടകൊല.
അലിമുദ്ദീൻ അൻസാരി കേസ് (2017) – ജാർഖണ്ഡ്
ജാർഖണ്ഡിലെ രാംഗഡിൽ ഗോമാംസം കടത്തിയെന്ന സംശയത്തെത്തുടർന്ന് അമ്പത്തഞ്ചുകാരനായ മുസ്ലിം വ്യാപാരി അലിമുദ്ദീൻ അൻസാരിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഈ കേസിൽ ബിജെപിയുടെ പ്രാദേശിക നേതാവ് ഉൾപ്പെടെ 11 പേരെ ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രാജ്യത്ത് ഗോരക്ഷാ അക്രമവുമായി ബന്ധപ്പെട്ട് പ്രതികൾ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്.
ലാത്തേഹാർ കേസ് (2016) – ജാർഖണ്ഡ്
ജാർഖണ്ഡിലെ ലാത്തേഹാറിൽ പശുഹത്യ ആരോപിച്ച് രണ്ട് പേരെ അക്രമികൾ കൊലപ്പെടുത്തി. മസ്ലൂം അന്‍സാരി എന്ന കന്നുകാലി വ്യാപാരിയെയും അയാളുടെ ബിസിനസ് പങ്കാളിയുടെ മകനായ ഇംത്യാസ് ഖാന്‍ എന്ന പന്ത്രണ്ടുകാരനെയുമാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഈ കേസിൽ കുറ്റക്കാരായ 8 പ്രതികൾക്കും ജില്ലാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. “ആൾക്കൂട്ടാധിപത്യത്തിനും (mobocracy) ഗോരക്ഷാ അക്രമങ്ങൾക്കുമെറ്റ കനത്ത പ്രഹര”മെന്നാണ് കോടതി ഈ വിധിന്യായത്തെ വിശേഷിപ്പിച്ചത്.
രക്ബർ ഖാൻ കേസ് (2018) – രാജസ്ഥാൻ
2018 ജൂലൈ 20ന് രാജസ്ഥാനിലെ അൽവാറിലുള്ള രാംഗഡിൽ, കന്നുകാലികളുമായി പോവുകയായിരുന്ന മുസ്ലിം കർഷകനായ രക്ബർ ഖാനെ ഗോരക്ഷകർ തല്ലിക്കൊന്നു. ഈ കേസിൽ പ്രത്യേക കോടതി നാല് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 7 വർഷം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. “ഒരു പ്രത്യേക വിഭാഗത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന്” കോടതി, വിധിയിൽ പരാമർശിച്ചു.
അനന്തമായി നീളുന്ന വിചാരണ; ദുർബലമായ പ്രോസിക്യൂഷൻ
മേല്‍പ്പറഞ്ഞ ഏതാനും സംഭവങ്ങളൊഴിച്ചാൽ മഹാഭൂരിപക്ഷം ആൾക്കൂട്ട കൊലകളിലും വിചാരണ നീണ്ട് പോകുകയാണ്.പ്രതികളെ വെറുതെ വിട്ട കേസുകളിലെ വിധി പ്രസ്താവങ്ങളിൽ, പോലീസിന്റെ വീഴ്ചകൾ എടുത്തു പറഞ്ഞിട്ടുണ്ട്. പരാതികളോട് കൃത്യസമയത്ത് പ്രതികരിക്കുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും പൊലീസ് പരാജയപ്പെടുന്നതായി വിവിധ കോടതികൾ നിരീക്ഷിച്ചിട്ടുണ്ട്.

ഗോരക്ഷയെ ചൊല്ലി നടന്ന ആക്രമണ സംഭവങ്ങളില്‍ നടപടിയെടുക്കുന്നതിന് പകരം പല കേസുകളിലും ഇരകളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇങ്ങനെയുള്ള പ്രത്യാരോപണങ്ങൾ (counter complaints) ഇരകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കാരണമാകുന്നു. ചില കേസുകളിലാകട്ടെ, അധികാരികളിൽ നിന്നും പ്രതികളിൽ നിന്നുമുള്ള ഭീഷണികൾ കാരണം സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യവുമുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികളെ സഹായിക്കുന്ന നിയമസംവിധാനം
ആൾക്കൂട്ട ആക്രമണങ്ങളിലെ പ്രതികൾക്ക് രക്ഷപ്പെടാൻ നിയമനിർവഹണ സംവിധാനം എത്രത്തോളം സഹായകരമാണെന്ന് ‘ഇന്ത്യ ഡാറ്റ റിപ്പോർട്ട്’ ലെ ‘ഇംപ്യൂണിറ്റി ഇൻഡക്സ്’ (impunity index) വിലയിരുത്തുന്നു.
ഒരു ആൾക്കൂട്ടക്കൊല നടന്നതിനു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്താൻ എടുക്കുന്ന സമയം, ആദ്യ 30 ദിവസത്തിനകം പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന്റെ നിരക്ക്, തുടങ്ങിയ വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്.

ഇതനുസരിച്ച്, ആള്‍ക്കൂട്ട ആക്രമണമോ കൊലപാതകമോ നടന്നതിനു ശേഷം ആദ്യത്തെ അറസ്റ്റ് നടത്താന്‍ ത്രിപുര എടുക്കുന്ന സമയം 96 മണിക്കൂറാണ്. രാജസ്ഥാന്‍ 48 മണിക്കൂര്‍ എടുക്കുമ്പോള്‍ ബീഹാര്‍ 72 മണിക്കൂറും തെലങ്കാന 12 മണിക്കൂറും എടുക്കുന്നു. ബീഹാറില്‍ 85 ശതമാനം കേസുകളിലും, രാജസ്ഥാനില്‍ 60 ശതമാനം കേസുകളിലും ആദ്യത്തെ മുപ്പത് ദിവസത്തിനുള്ളില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഇംപ്യൂണിറ്റി ഇൻഡക്സ് വ്യക്തമാക്കുന്നു.
സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ
ഇന്ത്യയിൽ വർധിച്ചു വരുന്ന ആൾക്കൂട്ട ആക്രമണങ്ങളെ നേരിടുന്നതിന് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ‘തഹ്‌സീൻ എസ്. പൂനാവാല vs യൂണിയൻ ഓഫ് ഇന്ത്യ (2018)’ എന്ന കേസാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെയുള്ള പ്രധാന മാർഗ്ഗരേഖ.
ഭരണഘടനയുടെ ആർട്ടിക്കിൾ 141 പ്രകാരം, ഈ നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ ഭരണ-നിയമ നിർവ്വഹണ സംവിധാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധം, പരിഹാരം, ശിക്ഷ എന്നിവയിലൂന്നിയ ശക്തമായ മൂന്ന് തലങ്ങളുള്ള നിർദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്:
പ്രതിരോധ നടപടികൾ
ആൾക്കൂട്ട ആക്രമണങ്ങൾ നിരീക്ഷിക്കാനും തടയാനുമായി ഓരോ ജില്ലയിലും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കുക, ഇത്തരം അക്രമങ്ങൾക്ക് സാധ്യതയുള്ള പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തി അവിടെ പ്രത്യേക പട്രോളിംഗും രഹസ്യാന്വേഷണവും ശക്തമാക്കുക, വിദ്വേഷ പ്രസംഗങ്ങളും വ്യാജവാർത്തകളും തടയാൻ സോഷ്യൽ മീഡിയ നിരന്തരമായി നിരീക്ഷിക്കുക, ദേശീയപാതകളിൽ പട്രോളിംഗ് വ്യാപിപ്പിക്കുക, ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പരിഹാര നടപടികൾ
ആൾക്കൂട്ട അക്രമങ്ങളോ കൊലപാതകങ്ങളോ ഉണ്ടായാൽ കാലതാമസമില്ലാതെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ഇരകൾക്ക് ആവശ്യമായ സംരക്ഷണവും നഷ്ടപരിഹാരവും ഉറപ്പാക്കുകയും ചെയ്യുക,, വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക, കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകുക, സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വീഴ്ചവരുത്തുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ
ഇത്തരം അതിക്രമങ്ങൾ തടയുന്നതിലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിലും പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണം. ഇന്ത്യയിൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാൽ, ശക്തമായ ഒരു നിയമം പാർലമെന്റ് അടിയന്തരമായി നിർമ്മിക്കണമെന്ന ശുപാർശയും സുപ്രീം കോടതി ഈ വിധിയിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്.
2018 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഈ മാർഗ നിർദേശങ്ങൾ വെള്ളത്തിൽ വരച്ചത് പോലെയായി എന്നാണ് പിൽക്കാലത്ത് നടന്ന ആൾക്കൂട്ട കൊലകൾ തെളിയിക്കുന്നത്. നിയമപരമായ നടപടികളിലൂടെ മാത്രം രാജ്യത്തെ ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് അറുതിവരുത്താനാകില്ല എന്നതും വ്യക്തമാണ്.ഗോസംരക്ഷണത്തിന്റെ പേരിലും അല്ലാതെയും നടക്കുന്ന ആൾക്കൂട്ട കൊലകൾ ഒരു രാഷ്ട്രീയ പ്രശ്നമാണ്. അത് കൊണ്ട് തന്നെ പരിഹാരവും രാഷ്ട്രീയമാണ്.
