
വയനാട് തുരങ്കപാതയിൽ അപകടങ്ങൾ ആവർത്തിച്ചേക്കും; താഴെ പറയുന്ന കാരണങ്ങളാൽ
വയനാട് തുരങ്ക പാതാ നിർമാണത്തിന് കരാർ നേടിയത് ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ് കോൺ എന്ന കമ്പനിയാണ്. പല സംസ്ഥാനങ്ങളിലും നിർമാണ പ്രവൃത്തികൾക്കിടെ നിരവധി അപകടങ്ങൾ ഉണ്ടാക്കിയ ചരിത്രമുള്ള, കര്‍ണാടകയിലടക്കം പലയിടത്തും ടെണ്ടർ നടപടികളിൽ നിന്ന് വിലക്ക് നേരിടുന്ന ഈ കമ്പനി എങ്ങനെ വയനാട് തുരങ്ക പാതയുടെ നിർമാണ കരാർ നേടി? പല സംസ്ഥാനങ്ങളിലായി കേസുകൾ, നികുതിവെട്ടിപ്പ്, ഫെമ ലംഘനം. സൗത്ത് സെൻട്രൽ റെയിൽവേയുടെയും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെയും വിലക്ക്, കേരളാ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ രൂക്ഷവിമർശനം. കേരളം കരാർ നൽകിയ കമ്പനിയുടെ ട്രാക്ക് റെക്കോർഡാണിത്. വയനാട്ടിൽ അപകടം ഉണ്ടായേക്കുമെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥൻ തന്നെ നൽകിയ മുന്നറിയിപ്പ് പോലും ഇവർ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 7നാണ് ആനക്കാംപോയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയില്‍ മണ്ണിടിച്ചിലുണ്ടായത്. എട്ട് തൊഴിലാളികള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടത്. എല്ലാവരും നിർമ്മാണത്തിനായി ഖനനം ചെയ്ത് കൂട്ടിയിട്ടിരുന്ന മണ്ണും പാറക്കഷ്ണങ്ങളും വലിയ തോതിൽ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഇതേത്തുടർന്ന് കുത്തിയൊഴുകിയെത്തിയ ചെളിയും മണ്ണും നിർമ്മാണ മേഖലയുടെ പല ഭാഗങ്ങളെയും മൂടുകയും സമീപത്തെ റോഡുകളിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തു.
ദുരന്തം മനുഷ്യ നിർമിതമാണെന്ന ആരോപണം ആദ്യമുയർത്തിയത് സർക്കാർ തന്നെയാണ്. കൃഷിമന്ത്രിയും കൽപ്പറ്റ എം.എൽ.എയുമായ ടി. സിദ്ദിഖ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ മണ്ണിടിച്ചിലിനെ ഒരു ‘മനുഷ്യനിർമ്മിത ദുരന്തം’ എന്ന് വിശേഷിപ്പിച്ചു. തുരങ്കത്തിനായി ഖനനം ചെയ്തെടുത്ത മണ്ണ് തികച്ചും അശാസ്ത്രീയമായ രീതിയിൽ കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഇവർ പറഞ്ഞത്. ഗവൺമെന്‍റ് പല വട്ടം നിർദ്ദേശങ്ങൾ നൽകിയിട്ടും നിർമ്മാണ സ്ഥലത്തുനിന്ന് മണ്ണും ചെളിയും നീക്കം ചെയ്യാൻ കരാറുകാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശനും കുറ്റപ്പെടുത്തി.
അതേസമയം, തുരങ്ക നിർമ്മാണത്തിന്റെ പൂർണ്ണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണുണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായത് ഖനനം നടന്ന പ്രദേശത്തുനിന്നും ഏകദേശം 200 മീറ്റർ മാറിയാണെന്നാണ് ഇവർ പറഞ്ഞത്.
2025 ജൂണിലാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഈ വൻകിട പദ്ധതിയുടെ നിർമ്മാണ കരാർ ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിന് (DBL) കൈമാറിയത്. 1341 കോടി രൂപയുടെ കരാര്‍ ആണിത്. പൊതുമരാമത്തു വകുപ്പും കിഫ്‌ബിയും കൊങ്കൺ റെയിൽ കോർപറേഷനും സംയുക്തമായാണ് ദിലീപ് ബിൽഡ്‌കോണിന് കരാർ നൽകിയത്.
കരിമ്പട്ടികയിൽ ഉൾപ്പെട്ട ദിലീപ് ബിൽഡ് കോൺ
അപകടത്തിന് ശേഷം പരസ്പരം പഴി ചാരുന്ന ഭരണ പ്രതിപക്ഷ ബഹളത്തിനിടയിൽ ആരാണ് ദിലീപ് ബിൽഡ് കോൺ എന്നും ഇത്തരമൊരു നിർമാണ കരാർ ലഭിക്കാൻ അവർക്ക് എന്താണ് യോഗ്യത എന്നുമുള്ള ചോദ്യങ്ങൾ അവഗണിക്കപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നേരത്തെ ചെയ്തിട്ടുള്ള നിർമാണ പ്രവൃത്തികളിൽ പല തവണ അപകടങ്ങൾ ഉണ്ടാവുകയും അതിന്റെ പേരിൽ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ചരിത്രമാണ് ദിലീപ് ബിൽഡ് കോണിന്റെത്.അത്തരമൊരു കമ്പനിക്ക് വയനാട് തുരങ്കപാതയുടെ നിർമാണ കരാർ നൽകിയതെങ്ങനെയെന്ന ചോദ്യത്തിന് കൊങ്കൺ റയിൽവേ കോർപറേഷനും കേരളസർക്കാരും മറുപടി പറയേണ്ടതുണ്ട്.

നേരത്തെ ഇവർ നിർമ്മിച്ച തുരങ്കങ്ങൾ തകർന്നുവീണ പശ്ചാത്തലം ചൂണ്ടിക്കാട്ടി 2025 നവംബറിൽ, ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, മറ്റൊരു തുരങ്ക പദ്ധതിയിൽ നിന്ന് ഈ കമ്പനിയെ അയോഗ്യരാക്കിയിരുന്നു.
ബെംഗളൂരുവിലെ വിലക്കിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കേസുകളും ഈ കമ്പനി നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, നിർമ്മാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ മുൻകാല ചരിത്രവും അവർ ഉൾപ്പെട്ടിട്ടുള്ള പ്രധാന തർക്കങ്ങളും കേസുകളും പരിശോധിക്കുകയാണ് ഒബിസി.
തുടർക്കഥയാകുന്ന അപകടങ്ങൾ; അമിക്കസ് ക്യൂറിയുടെ വിമർശനം
ദിലീപ് ബിൽഡ്‌കോൺ കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആദ്യത്തെ അപകടമല്ല വയനാട്ടില്‍ സംഭവിച്ചത്. ഇതിനുമുൻപും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനി ഏറ്റെടുത്ത പ്രൊജക്റ്റുകളിൽ വലിയ സുരക്ഷാവീഴ്ചകളും അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
മുണ്ടക്കൈ ചൂരൽ മല ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയായ എടുത്ത കേസിന്റെ ഭാഗമായി നിയമിക്കപ്പെട്ട അമിക്കസ് ക്യൂറി ഏറ്റവുമൊടുവിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഈ കമ്പനിക്കെതിരെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ (2024 ഡിസംബർ): രാജസ്ഥാനിലെ കോട്ടയിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ തുരങ്ക പദ്ധതിയുടെ നിർമ്മാണത്തിനിടയിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി (retaining wall) തകർന്നുവീണ് ഒരു തൊഴിലാളി മരണപ്പെട്ടു. ഇതേത്തുടർന്ന് ദേശീയ ഹൈവേ അതോറിറ്റി, ദിലീപ് ബിൽഡ്‌കോണിന്റെ പങ്കാളിത്തമുള്ള സംയുക്ത സംരംഭമായ ‘ഡി.ബി.എൽ-ആൽറ്റിസ് ഹോൾഡിംഗ് കോർപ്പറേഷന്’ 50 ലക്ഷം രൂപ പിഴ ചുമത്തി.
ആന്ധ്രാപ്രദേശിലെ ഫ്ലൈഓവർ അപകടം (2021 ജൂലൈ): വിശാഖപട്ടണത്തെ അനകപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈഓവറിന്റെ രണ്ട് ഭീമൻ കോൺക്രീറ്റ് ഗർഡറുകൾ ദേശീയപാത 16 ലേക്ക് തകർന്നുവീണ് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് ബിൽഡ്‌കോൺ ജനറൽ മാനേജർ നാഗേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളില്‍ സംഭവിച്ച വീഴ്ചയാണ് അപകടത്തിന് കാരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രദേശത്തെ സി.പി.എം പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗോവയിലെ സുവാരി നദിപ്പാലം (2019): ഗോവയിൽ സുവാരി നദിക്ക് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന പാലത്തിൽ കോൺക്രീറ്റ് കോരുന്നതിനിടെ താങ്ങി നിർത്തിയിരുന്ന താൽക്കാലിക ഇരുമ്പ് കൂടുകൾ തകർന്നു വീണു. ഈ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്തുള്ള മലഞ്ചെരുവിലെ മണ്ണൊലിപ്പാണ് അപകടത്തിന് കാരണമായതെന്നായിരുന്നു അന്ന് കമ്പനി നൽകിയ വിശദീകരണം.
കമ്പനിയുടെ ഈ പശ്ചാത്തലം കണക്കിലെടുത്താണ് 2025 നവംബറിൽ ബെംഗളൂരുവിലെ ഹെബ്ബാൾ-സിൽക്ക് ബോർഡ് തുരങ്ക പദ്ധതിക്കായുള്ള ടെൻഡറിൽ നിന്ന് ദിലീപ് ബിൽഡ്‌കോണിനെ അയോഗ്യരാക്കിയത്.
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ദിലീപ് ബിൽഡ്‌കോണിനെ അയോഗ്യരാക്കിയത് എന്തിന്?
2026ല്‍, തെലങ്കാനയിലെ അകോല-ഖാന്ദ്‌വ റെയിൽവേ ലൈനില്‍ ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കുന്നതിനുള്ള 1124 കോടി രൂപയുടെ പദ്ധതിക്കായി സൗത്ത് സെന്‍ട്രല്‍ റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നു. ദിലീപ് ബിൽഡ്കോൺ ഇതിൽ പങ്കെടുത്തെങ്കിലും സാങ്കേതിക പരിശോധനയിൽ റെയിൽവേ ഇവരെ അയോഗ്യരാക്കി.
ടെൻഡർ വ്യവസ്ഥകൾ അനുസരിച്ച്, ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനിക്കെതിരെ യാതൊരുവിധ അന്വേഷണങ്ങളും നിലവിലില്ല എന്ന് വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണം. ദിലീപ് ബിൽഡ്കോൺ നൽകിയ സത്യവാങ്മൂലത്തിൽ, തങ്ങൾക്കെതിരെ നിലവിൽ അന്വേഷണങ്ങൾ ഒന്നുമില്ല എന്ന് സാക്ഷ്യപ്പെടുത്തി. ഒപ്പം തന്നെ കമ്പനിക്കെതിരെ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ കുറിച്ചുള്ള വിശദീകരണ കുറിപ്പും സമർപ്പിച്ചു.

ഈ രേഖകൾ പരസ്പരവിരുദ്ധമാണെന്നാണ് റെയിൽവേ വിലയിരുത്തിയത്. നിശ്ചിത മാതൃകയിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിനാലും, വിവരങ്ങൾ പരസ്പരവിരുദ്ധമായതിനാലും ഈ ടെൻഡർ സ്വീകാര്യമല്ലെന്ന് കണ്ടാണ് റെയിൽവേ അത് നിരസിച്ചത്. റെയിൽവേയുടെ തീരുമാനത്തിനെതിരെ ദിലീപ് ബിൽഡ്കോൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല
ഗുജറാത്തിൽ ഉപകരാറുകാർക്ക് പണം കൊടുക്കാതെ വഞ്ചിച്ചെന്ന പരാതി
2025ല്‍, ഗുജറാത്തിലെ അഹമ്മദാബാദ് – ഗോധ്ര നാഷണൽ ഹൈവേ (NH-59) നാലുവരിപ്പാതയാക്കുന്ന നിർമ്മാണ കരാർ ദിലീപ് ബിൽഡ്കോണിനാണ് ലഭിച്ചിരുന്നത്. ഈ പ്രോജക്റ്റിന് വേണ്ടി മണ്ണ് മാറ്റുന്നതിനും റോഡ് നികത്തുന്നതിനുമുള്ള ഉപകരാർ ‘ശ്രീ സീമന്തർ എന്റർപ്രൈസസ്’ എന്ന സ്ഥാപനത്തിനാണ് നൽകിയിരുന്നത്. എന്നാൽ, ചെയ്ത ജോലിക്ക് പ്രതിഫലമായി നല്‍കേണ്ട 5.46 കോടിയിലധികം രൂപ തരാതെ ദിലീപ് ബിൽഡ്കോൺ തങ്ങളെവഞ്ചിച്ചുവെന്നും കാണിച്ച് ശ്രീ സീമന്തർ എന്റർപ്രൈസസ് പോലീസിൽ പരാതി നൽകി.
മാത്രമല്ല ദിലീപ് ബിൽഡ് കോൺ ദേശീയ പാതാ അതോറിറ്റിയുടെ വ്യാജ ലെറ്റർഹെഡുകൾ ഉണ്ടാക്കി ദുരുപയോഗം ചെയ്തെന്നും, സർക്കാരിന് റോയൽറ്റി അടക്കുന്നതിനായി വ്യാജ റോയൽറ്റി പാസുകൾ നിർമ്മിച്ചെന്നും ഉപകരാറുകാർ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപ് ബിൽഡ് കോണിന്റെ മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ, പ്രസിഡന്റ് തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
കൈക്കൂലി കേസിൽ സിബിഐ അന്വേഷണം
ദേശീയ പാതാ അതോറിറ്റിയുടെ ബെംഗളൂരു റീജിയണൽ മാനേജർ അഖിൽ അഹമ്മദ്, ദിലീപ് ബിൽഡ്‌കോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ദേവേന്ദ്ര ജെയിൻ, ജനറൽ മാനേജർ രത്നാകരൻ സജിലാൽ, എക്സിക്യൂട്ടീവ് സുനിൽ കുമാർ വർമ്മ എന്നിവരുൾപ്പെടെ അഞ്ച് പേരെ 2021 ഡിസംബർ 31ന്,സി.ബി.ഐ അറസ്റ്റ് ചെയ്തു. കുടിശ്ശിക ബില്ലുകൾ പാസാക്കുന്നതിനും നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾക്ക് താൽക്കാലിക വാണിജ്യ പ്രവർത്തന സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുമായി കരാറുകാരിൽ നിന്ന് ഇവർ സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നതായാണ് സി.ബി.ഐ വ്യക്തമാക്കിയത്.
അറസ്റ്റുകൾക്ക് പിന്നാലെ ന്യൂഡൽഹി, ബെംഗളൂരു, കൊച്ചി, ഗുഡ്ഗാവ്, ഭോപ്പാൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ സി.ബി.ഐ വ്യാപകമായ പരിശോധനകളും നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ നിന്നായി 4 കോടി രൂപയോളമാണ് സി.ബി.ഐ കണ്ടെടുത്തത്.
2022 ജനുവരി 2ന് ദിലീപ് ബിൽഡ്‌കോൺ ഈ അഴിമതി ആരോപണങ്ങളെല്ലാം നിഷേധിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറെ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്ന സമയത്തായിരുന്നു ഇത്. തുടർന്ന് ജനുവരി 7ന് പ്രത്യേക സി.ബി.ഐ കോടതി ഇയാളെ വിട്ടയച്ചു. പൂർണ്ണമായും നിയമപരവും സദ്ദുദ്ദേശ്യപരവുമായ രീതിയിലാണ് കമ്പനി പ്രവർത്തിച്ചിട്ടുള്ളതെന്നായിരുന്നു വിഷയത്തിൽ കമ്പനിയുടെ വിശദീകരണം. കസ്റ്റഡിയിലുണ്ടായിരുന്ന ബാക്കി ജീവനക്കാരെയും പിന്നീട് വിട്ടയച്ചു
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ വിലക്ക്
2022 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ‘ദിലീപ് ബിൽഡ്‌കോണിനെ പുതിയ കേന്ദ്ര ഹൈവേ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് നാല് മാസത്തേക്ക് വിലക്കിയിരുന്നു. മേല്‍പ്പറഞ്ഞ സിബിഐ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. ഈ വിലക്കിനെതിരെ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, തങ്ങളുടെ ഭാഗം ന്യായമായി വിശദീകരിക്കാൻ കമ്പനിക്ക് മന്ത്രാലയം മതിയായ അവസരം നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് സ്വാഭാവിക നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടി, ഹൈക്കോടതി ഈ വിലക്ക് താൽക്കാലികമായി സ്റ്റേ ചെയ്തു.
നികുതി വെട്ടിപ്പ്, 140 കോടിയുടെ ഫെമ ലംഘനം
2012ൽ, ദിലിപ് ബില്‍ഡ്കോണ്‍ സ്ഥാപകന്‍ ദിലീപ് സൂര്യവംശിയുടെയും, മറ്റൊരു ‘മൈനിംഗ് ഭീമനായ’ സുധീർ ശർമ്മയുടെയും മധ്യപ്രദേശിലെ പത്തോളം ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഫണ്ട് കൈമാറ്റത്തിൽ 140 കോടി രൂപയുടെ ഫെമ (വിദേശനാണ്യ വിനിമയ നിയമം) ലംഘനം നടന്നതായി ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ഭരണകക്ഷിയായ ബി.ജെ.പിയുമായി കമ്പനിക്ക് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആരോപിച്ചു. സമഗ്രമായ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ദിലീപ് സൂര്യവംശിയുടെ ബിസിനസ്സ് വിറ്റുവരവ് 13 കോടി രൂപയിൽ നിന്ന് 5,000 കോടി രൂപയായി വർദ്ധിച്ചതായും അജയ് സിംഗ് ആരോപിച്ചു.
2013ല്‍, നരേന്ദ്ര മോദി പങ്കെടുത്ത ‘കാര്യകർത്താ മഹാകുംഭ്’ റാലിയിൽ മുസ്ലിം പങ്കാളിത്തം കാണിക്കുന്നതിന് വേണ്ടി ദിലീപ് ബിൽഡ്‌കോൺ ഡയറക്ടർ ദേവേന്ദ്ര ജെയിൻ 10,000 ബുർഖകൾ പാര്‍ട്ടിക്ക് വാങ്ങി നൽകിയെന്ന് മുന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ആരോപിച്ചിരുന്നു.
ഓഹരി ഇടപാടുകളിൽ ക്രമക്കേട്
2025 ഒക്ടോബറിൽ മറ്റൊരു നികുതി വെട്ടിപ്പ് കേസില്‍ ദിലീപ് ബിൽഡ്‌കോണിന്റെ ഭോപ്പാലിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നിക്ഷേപ ട്രസ്റ്റുകളിലും ഓഹരി ഇടപാടുകളിലും ക്രമക്കേട് നടത്തിയെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഈ പരിശോധനയിലും ചില നിര്‍ണ്ണായക രേഖകൾ പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ചേർന്ന് അന്വേഷണം ഗ്വാളിയോറിലേക്കും വ്യാപിപ്പിച്ചു. അവിടെ വെച്ച് ദിലീപ് സൂര്യവംശിയുമായി നേരിട്ട് ബന്ധമുള്ള ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഇതോടൊപ്പം ധാർ ജില്ലയിൽ പ്രവർത്തിക്കുന്ന, ദിലിപ് ബില്‍ഡ് കോണിന് പങ്കാളിത്തമുള്ള അർനിൽ ടെക്നോക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലും അധികൃതർ റെയ്ഡ് നടത്തി.
ബിജെപിക്ക് നല്‍കിയത് 29 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട്
കുപ്രസിദ്ധമായ ഇലക്റ്ററൽ ബോണ്ട് അഴിമതിയിലും ദിലീപ് ബിൽഡ് കോണിന്റെ പേരുണ്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഭരണകക്ഷിയായ ബിജെപിക്കാണ് കമ്പനി ഇലക്റ്ററൽ ബോണ്ട് വഴി സംഭാവനകൾ നൽകിയിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ കമ്പനികളില്‍ ഒന്‍പതാം സ്ഥാനമാണ് ദിലിപ്കോണിന്. 29 കോടി രൂപയാണ് ബിജെപിക്ക് ദിലിപ് കോണ്‍ സംഭാവന ചെയ്തത്.

കുതിച്ചുയരുന്ന ‘ലാഭക്കണക്കുകള്‍’
2024 സാമ്പത്തിക വർഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ മൊത്തം ലാഭം 5.34 കോടി രൂപ മാത്രമായിരുന്നു. എന്നാൽ 2025 സാമ്പത്തിക വർഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ ലാഭത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ കമ്പനിയുടെ ലാഭം പലമടങ്ങ് വർദ്ധിച്ച് 170.83 കോടി രൂപയായി ഉയർന്നു. വയനാട് തുരങ്കപാത കരാര്‍ ലഭിച്ചതിനു ശേഷം കമ്പനിയുടെ ഷെയര്‍ മൂല്യത്തില്‍ മൂന്ന് ശതമാനം വര്‍ധനവും ഉണ്ടായി. കമ്പനിയുടെ കീഴിലുള്ള കൽക്കരി ഖനന പ്രൊജക്റ്റുകളിൽ നിന്നും ഹൈബ്രിഡ് ആന്വിറ്റി മോഡൽ വഴിയുള്ള നിക്ഷേപങ്ങളിൽ നിന്നുമുള്ള വരുമാനമാണ് ഈ നേട്ടത്തിന് പ്രധാനമായും തുണയായത്. റോഡ്, തുരങ്കം തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക കരാർ രീതിയാണിത്.
മുന്നറിയിപ്പുകൾ അവഗണിച്ചോ? അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ
വയനാട് തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കോടതി നിയോഗിച്ച അമിക്സ് ക്യൂറി സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിയെ പ്രതിക്കൂട്ടിലാക്കുന്ന തരം പരാമര്‍ശങ്ങളുണ്ട്.
തുരങ്ക നിർമ്മാണത്തിനായി ഖനനം ചെയ്തെടുക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ കമ്പനി പാലിച്ചില്ലെന്നും, വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഞ്ച് തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും എല്ലാം പൂർണ്ണമായി അവഗണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുരന്തം നടക്കുന്നതിന് കൃത്യം 5 ആഴ്ചകൾക്ക് മുൻപ്, 2026 ജൂൺ 25, 26 തീയതികളിൽ നിർദ്ദിഷ്ട സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു അപകടസാധ്യത മുൻകൂട്ടി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും കുഴലീകൃത മണ്ണൊലിപ്പിനും (soil-piping) മലഞ്ചെരിവുകളുടെ അസ്ഥിരതയ്ക്കും (slope-instability) സാധ്യതയുണ്ടെന്ന് പരിശോധനയിൽ വ്യക്തമാവുകയും, അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാൻ ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്താണ് ദുരന്തം ഉണ്ടായത്.
തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തായി, മീനാക്ഷി പാലത്തിനടുത്തുള്ള ജനവാസ മേഖലയ്ക്ക് മുകളിലായി ഏകദേശം ഒരു ലക്ഷം (1,00,000) ഘനമീറ്റർ മണ്ണാണ് കുന്നുകൂട്ടി ഇട്ടിരുന്നത്.
ഖനനം ചെയ്തെടുത്ത ഈ മണ്ണും അവശിഷ്ടങ്ങളും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ കരാർ കമ്പനി വിമുഖത കാണിച്ചിരുന്നു എന്ന് അമിക്സ് ക്യൂറി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിൽ കുഴികൾ നികത്തുന്നതിനായി ഈ മണ്ണ് തന്നെ ഉപയോഗിക്കാം എന്ന് കരുതിയാണ് അവർ ഇത് അവിടെത്തന്നെ നിലനിർത്തിയത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് ഈ മണ്ണ് സുരക്ഷിതമായി മാറ്റിസ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് അധികൃതരെ അറിയിച്ചത്.
കരാര്‍ അനുവദിക്കുന്നതിനു മുന്‍പുള്ള പരിസ്ഥിതി ആഘാത പഠന പ്രക്രിയയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഈ മണ്ണ് കൂട്ടിയിടൽ നടന്നതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കമ്പനി ഏറ്റെടുത്ത പല പ്രൊജക്റ്റുകളിലും മുന്‍കാലങ്ങളില്‍ സംഭവിച്ച വീഴ്ചകളും, ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതുമെല്ലാം അമിക്കസ് ക്യൂറിറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
കമ്പനിയുടെ സ്വന്തം വിദഗ്ദൻ നൽകിയ അപകടമുന്നറിയിപ്പ്
വയനാട് തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ തകർച്ചയ്ക്ക് കൃത്യം മൂന്ന് ആഴ്ചകൾക്ക് മുൻപ്, ജൂൺ 14ന് തയ്യാറാക്കിയ ജിയോടെക്നിക്കൽ അസസ്‌മെന്റ് റിപ്പോർട്ടിൽ മലഞ്ചെരിവ് ഇടിഞ്ഞുവീഴാനുള്ള അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
മലഞ്ചെരിവുകളുടെ ബലം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായും, ചെരിവുകൾ സുരക്ഷിതമായി നിലനിർത്തുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും കണ്ടെത്തിയിരുന്നു. ഇതിനുള്ള അടിയന്തര പരിഹാര മാർഗ്ഗങ്ങളും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിൽ ഒപ്പുവെച്ചവരിൽ ഒരാൾ ദിലീപ് ബിൽഡ്‌കോൺ കമ്പനിയിലെ തന്നെ മുതിർന്ന ജിയോളജിസ്റ്റ് ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതായത്, അപകടം നടക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ കമ്പനിയുടെ സ്വന്തം വിദഗ്ദ്ധൻ തന്നെ സുരക്ഷാ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ട് പോലും യാതൊരു നടപടിയും ഉണ്ടായില്ല.
ദുരന്തത്തെ കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മുന്നറിയിപ്പുകളും, ജിയോടെക്നിക്കൽ അസസ്‌മെന്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച സുരക്ഷാ വീഴ്ചകളും അവഗണിച്ചതാണോ ദുരന്തത്തിനു കാരണം എന്നും അന്വേഷണം പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഉറപ്പിക്കാനാകൂ.
എന്നാല്‍ സുരക്ഷാ വീഴ്ചകളുടെയും, തുടര്‍ച്ചയായ അപകടങ്ങളുടെയും നികുതി വെട്ടിപ്പുകളുടെയുമൊക്കെ ചരിത്രമുള്ള ഒരു കമ്പനിക്ക് ഇത്രയും പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ നല്‍കി എന്നത് തന്നെയാണ് ഇവിടെ പരിശോധനക്ക് വിധേയമാകേണ്ടത്. എട്ട് പേരുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിലും ഈ കമ്പനിക്ക് കരാർ നൽകിയത് പുനഃപരിശോധിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ അപകടങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
