സ്ത്രീകളെ പുറത്ത് നിർത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം 

സ്ത്രീകളെ പുറത്ത് നിർത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം 

ലിംഗ സമത്വ സൂചികകളിൽ ഏറെ മുന്നിലാണെങ്കിലും അധികാരത്തിനു പുറത്താണ് കേരളത്തിൽ സ്ത്രീകളുടെ സ്ഥാനം. കേരള നിയമ സഭയിൽ ഒരിക്കലും സ്ത്രീ പ്രാതിനിധ്യം പത്ത് ശതമാനം കടന്നിട്ടില്ല. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ശക്തി കേന്ദ്രങ്ങളിൽ സ്ത്രീകളെ ഇരു മുന്നണികളും മത്സരിപ്പിക്കാറില്ല.

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ എല്ലാ തിരഞ്ഞെടുപ്പുകളിലെയും പതിവ് ചോദ്യം ഇത്തവണയും അതേ പ്രസക്തിയോടെ നിലനിൽക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം. കേരളത്തിലെ വോട്ടർമാരിൽ പകുതിയിലധികവും സ്ത്രീകളാണ്. സാക്ഷരതയിലും സാമൂഹ്യ സൂചികകളിലും നാം എന്നും മുന്നിലുമാണ്. എന്നാൽ നിയമസഭയിലെയും ലോക്സഭയിലെയും സ്ത്രീകളുടെ എണ്ണം പരിശോധിച്ചാൽ ഈ ‘കേരള മോഡൽ’ പാടെ തകരുന്ന കാഴ്ചയാണ് കാണുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിൽ പുരുഷന്മാർക്കൊപ്പം നിൽക്കുമ്പോഴും, ജനപ്രതിനിധികളായി നിയമനിർമ്മാണ സഭകളിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ഇന്നും പത്ത് ശതമാനത്തിന് താഴെയാണ്.

കേരളത്തിലെ മൊത്തം 2.69 കോടി നിയമസഭാ വോട്ടർമാരിൽ 1.38 കോടിയും സ്ത്രീകളാണ്. ഏതാണ്ട് 51.56 ശതമാനം. സ്ത്രീ വോട്ടർമാരുടെ പങ്കിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. സാക്ഷരതയിലും സാമൂഹ്യ വികസന സൂചികകളിലും നമ്പർ വൺ ആയ കേരളത്തിൽ, അധികാരത്തിലെ സ്ത്രീ പങ്കാളിത്തം അതിദയനീയമാണ്.

ഇപ്പോഴത്തെ കേരളനിയമസഭയിൽ വെറും എട്ട് ശതമാനമാണ് സ്ത്രീകൾ (12 അംഗങ്ങൾ). 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇതിൽ 11 ശതമാനമായിരുന്നു സ്ത്രീകൾ (105).

സ്ത്രീപ്രാതിനിധ്യം പത്ത് ശതമാനം കടക്കാത്ത കേരള നിയമസഭ 

ഇത് ഈ നിയമസഭാ കാലയളവിലെ മാത്രം പ്രതിഭാസമല്ല. കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഒരിക്കലും കേരള നിയമസഭയിലെ സ്ത്രീ പങ്കാളിത്തം പത്ത് ശതമാനത്തിന് മുകളിലെത്തിയിട്ടില്ല. കേരളത്തിൽ മാറി മാറി ഭരിക്കുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ 140 മണ്ഡലങ്ങളിലായി പരമാവധി മത്സരിപ്പിക്കുക ഏകദേശം 280 സ്ഥാനാർത്ഥികളെയാണ്. ബാക്കിയുള്ളവർ സ്വതന്ത്രരോ അപരന്മാരോ ഡമ്മി സ്ഥാനാർത്ഥികളോ ആകും. 2021 ൽ 140 മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ആകെ ഇടം നേടിയത് 14 സ്ത്രീകളാണ്. ഇതിൽ ഒൻപത് പേരും സിപിഎം സ്ഥാനാർത്ഥികളാണ്. യുഡിഎഫ് പന്ത്രണ്ട് വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. രണ്ട് മുന്നണികളും ചേർന്ന് ആകെ മത്സരിപ്പിച്ച 26 വനിതാ സ്ഥാനാർത്ഥികളിൽ പതിനൊന്ന് പേർ ജയിച്ചു. രണ്ട് മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികളുടെ വിജയം ഏകദേശം 42 ശതമാനമാണ്.

കേരള നിയമസഭ

ഈ വർഷം ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിലും ഇതേ അസമത്വം തുടരുന്നു. എൽഡിഎഫിലും യുഡിഎഫിലുമായി   മത്സരിക്കുന്നത് 30 സ്ത്രീകളാണ്. നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിലെ  സ്ത്രീകളുടെ എണ്ണം 18 ആണ്. 2021 നെ അപേക്ഷിച്ച് 4 സീറ്റുകളിൽ കൂടി അധികമായി എൽഡിഎഫ് സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്. ഇതേ സമയം യുഡിഎഫ് പട്ടികയിൽ പന്ത്രണ്ട് സ്ത്രീകളാണ് ഇടം പിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അത്രയും തന്നെ സീറ്റുകൾ. കോങ്ങാട്, തൃക്കാക്കര, അരൂർ മണ്ഡലങ്ങളിൽ വനിത സ്ഥാനാർത്ഥികൾ തമ്മിലാണ് നേർക്കുനേർ മത്സരം. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭാഗമായി ഒരു വനിതയെങ്കിലും മത്സര രംഗത്ത് ഉണ്ടാവുന്ന മണ്ഡലങ്ങൾ 27 മാത്രമാണ്. ഏകദേശം19.2 ശതമാനം. 

ബാക്കി 113 മണ്ഡലങ്ങളിലും ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾ പുരുഷന്മാരാണ്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം ഇതുവരെ പ്രഖ്യാപിച്ച 116 സ്ഥാനാർത്ഥികളിൽ 19 പേരാണ് സ്ത്രീകൾ.

‘ശക്തി കേന്ദ്രങ്ങളി’ലെ സ്ത്രീ സാന്നിധ്യം 

നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടാൻ രാഷ്ട്രീയ പാർട്ടികൾ ബോധപൂർവമായ ഇടപെടൽ നടത്തുന്നില്ല എന്നത് സുവ്യക്തമാണ് ഇരുമുന്നണികളുടെയും ശക്തി കേന്ദ്രങ്ങളിലെ സ്ത്രീ പ്രാതിനിധ്യം പരിശോധിച്ചാൽ ഇത് വ്യക്തമാകും.

2008 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം പുതുതായി രൂപപ്പെട്ട മണ്ഡലങ്ങളെ ഒഴിവാക്കി പരിശോധിച്ചാൽ, എൽഡിഎഫ് ന് 16 ശക്തി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. എൽഡിഎഫിന്റെ രൂപീകരണത്തിന് ശേഷം രണ്ടിൽ കൂടുതൽ തവണ എൽഡിഎഫ് പരാജയപ്പെട്ടിട്ടില്ലാത്ത മണ്ഡലങ്ങളെ ശക്തികേന്ദ്രങ്ങളായി കണക്കാക്കാം. 2026 ലെ തിരഞ്ഞെടുപ്പിൽ ഇതിൽ ആകെ മൂന്ന് മണ്ഡലങ്ങളിലാണ് എൽഡിഎഫ് വനിതാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. തളിപ്പറമ്പിൽ പി കെ ശ്യാമള, നാദാപുരം മണ്ഡലത്തിൽ പി വസന്തം, ചടയമംഗലത്ത് ജെ ചിഞ്ചു റാണി. 

തളിപ്പറമ്പ്, നാദാപുരം മണ്ഡലങ്ങളിൽ ചരിത്രത്തിലാദ്യമായാണ് വനിതാ സ്ഥാനാർത്ഥികളെ മുന്നണി മത്സരിപ്പിക്കുന്നത്. എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളുടെ മുഴുവൻ ചരിത്രം പരിശോധിച്ചാലും സ്ത്രീ പങ്കാളിത്തം കുറവാണ്. മറ്റ് 13 മണ്ഡലങ്ങളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ചരിത്രത്തിൽ ഒരിക്കലെങ്കിലും വനിതാ സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിച്ചിട്ടുള്ളൂ. ഇതിൽ മട്ടന്നൂർ, വാമനപുരം മണ്ഡലങ്ങളിൽ മുന്നണി രൂപീകരിച്ചതിന് ശേഷം ഒരിക്കൽ മാത്രമേ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടുള്ളൂ. നാല് മണ്ഡലങ്ങളിൽ രണ്ട് തവണ വനിതാ സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്. ചടയമംഗലത്തൊഴികെ ശക്തി കേന്ദ്രങ്ങളിൽ മറ്റൊന്നിലും എൽഡിഎഫ് രണ്ടിൽ കൂടുതൽ തവണ വനിതകളെ മത്സരിപ്പിട്ടില്ല. 

ശക്തി കേന്ദ്രങ്ങളിലെ വനിതാ പങ്കാളിത്തത്തിൽ എൽഡിഎഫ് നേക്കാൾ ബഹുദൂരം പിറകിലാണ് യുഡിഎഫ്. മേൽ പറഞ്ഞ അതേ മാനദണ്ഡങ്ങളിൽ യുഡിഎഫ് ന് 16 ശക്തി കേന്ദ്രങ്ങളുണ്ട് (മണ്ഡല പുനർനിർണയത്തിന് മുൻപ്). 2026 നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ഇത്തരത്തിലുള്ള  ഒരു മണ്ഡലത്തിൽ പോലും വനിതകളെ പരിഗണിച്ചിട്ടില്ല. യുഡിഎഫ് ന്റെ മൊത്തം വനിതാ സ്ഥാനാർത്ഥികളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ രണ്ട് പേരാണ്. ഇവർ മത്സരിക്കുന്നതോ വിജയ സാധ്യത കുറഞ്ഞ കുത്തുപറമ്പിലും പേരാമ്പ്രയിലും. ഈ രണ്ട് മണ്ഡലങ്ങളും എൽഡിഎഫ് ന്റെ ശക്തി കേന്ദ്രങ്ങളാണെന്ന് വിലയിരുത്താം. കഴിഞ്ഞ തദ്ദേശതെരഞ്ഞടുപ്പിലെ ഫലം വെച്ച് നോക്കിയാൽ പേരാമ്പ്രയിൽ യുഡിഎഫിന് നേരിയ സാധ്യത ഉണ്ടെന്ന് പറയാമെന്ന് മാത്രം. 1983 ൽ യുഡിഎഫ് രൂപീകൃതമായതിന് ശേഷം പതിനാറ് ശക്തി കേന്ദ്രങ്ങളിൽ ഒന്നിൽ പോലും വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിട്ടില്ല. 

മണ്ഡലപുനർനിർണയത്തിന് ശേഷം 

2008 ലെ മണ്ഡല പുനർ നിർണയങ്ങൾക്ക് ശേഷം സംസ്ഥാനത്തെ മുന്നണികളുടെ ശക്തി കേന്ദ്രങ്ങളെ പ്രത്യേകമായി പരിശോധിക്കണം. റിപ്പോർട്ടുകളനുസരിച്ച് പുനർ നിർണ്ണയത്തിന് ശേഷം 24 മണ്ഡലങ്ങളാണ് കേരളത്തിൽ പുതിയ പേരിൽ നിലവിൽ വന്നത്. ഇതിൽ മട്ടന്നൂർ മണ്ഡലം 1965 ന് ശേഷമുണ്ടായ പുനർ നിർണ്ണയത്തിൽ ഒഴിവാക്കിയതാണെങ്കിലും 2008 ൽ തിരിച്ചു കൊണ്ട് വരികയായിരുന്നു. മറ്റ് മണ്ഡലങ്ങളെല്ലാം 2011 മുതൽ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളാണ് ഇതുവരെ നേരിട്ടത്.

പുതുതായി നിലവിൽ വന്ന 23 മണ്ഡലങ്ങളിൽ പത്ത് മണ്ഡലങ്ങളാണ് എൽഡിഎഫ് ന്റെ ശക്തി കേന്ദ്രങ്ങളായി വിലയിരുത്താൻ കഴിയുക. കാഞ്ഞങ്ങാട്, ധർമ്മടം, കല്ല്യാശ്ശേരി, എലത്തൂർ, തവനൂർ, കൊങ്ങാട്, തരൂർ, ഷൊർണ്ണൂർ, കയ്പമംഗലം, പുതുക്കാട് എന്നിവയാണ് എൽഡിഎഫ് ന്റെ ശക്തി കേന്ദ്രങ്ങൾ. ഈ മണ്ഡലങ്ങളിലെ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് എൽഡിഎഫ് ആണ്. ഇതിൽ മൂന്ന് മണ്ഡലങ്ങൾ സിപിഐ, എൻസിപി ശരദ് പവാർ, എന്നീ പാർട്ടികളുടെയും ഒന്ന് സ്വന്തന്ത്ര സ്ഥാനാർത്ഥിയായ കെ ടി ജലീലിന്റേതുമാണ്. മറ്റ് 7 മണ്ഡലങ്ങളിലും തുടർച്ചയായി വിജയിക്കുന്നത് സിപിഐഎം ആണ്. 

ഈ ശക്തി കേന്ദ്രങ്ങളിൽ, 2026 ലെ തിരഞ്ഞെടുപ്പിൽ കൊങ്ങാട് മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. കൊങ്ങാട്, ഷൊർണ്ണൂർ (കെ എസ് സലീഹ, 2011) മണ്ഡലങ്ങളിലാണ് ഒരു തവണയെങ്കിലും എൽഡിഎഫ് വനിതാ സ്ഥാനാർത്ഥികളെ പരീക്ഷിച്ചിട്ടുള്ളത്.

ഇതേ മാനദണ്ഡങ്ങളനുസരിച്ച്, പുതിയ മണ്ഡലങ്ങളിൽ യുഡിഎഫ് ന്റെ ശക്തി കേന്ദ്രങ്ങൾ അഞ്ചെണ്ണമാണ്. ഇതിൽ നാലെണ്ണം മുസ്ലിം ലീഗിന്റേയും ഒന്ന് കോൺഗ്രസ്സിന്റെയും മണ്ഡലങ്ങളാണ്. ഈ അഞ്ച് മണ്ഡലങ്ങളിൽ, ആകെ കോൺഗ്രസ് ഭരിക്കുന്ന തൃക്കാക്കരയിൽ മാത്രമാണ് വനിതാ സ്ഥാനാർത്ഥി ഉണ്ടായിട്ടുള്ളത്. അന്തരിച്ച എംഎൽഎ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് തൃക്കാക്കരയിൽ രണ്ട് തവണയായി (ഉപ തെരഞ്ഞെടുപ്പ് ഉൾപ്പെടെ) മത്സരിക്കുന്നത്.

1957 ൽ കേരളം രൂപീകൃതമായത് മുതൽ 2021 ലെ തിരഞ്ഞെടുപ്പ് വരെ കേരളനിയമസഭയിലേക്കെത്തിയത് 100 സ്ത്രീകളാണ്. അതായത് നാളിതു വരെ തെരഞ്ഞെടുക്കപ്പെട്ട ഏകദേശം രണ്ടായിരം എംഎൽഎ മാരിൽ അഞ്ച് ശതമാനത്തിൽ താഴെ. 

ഏറ്റവുമധികം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത സംസ്ഥാനത്തെ ആദ്യ റവന്യൂ മന്ത്രി കൂടിയായ കെ ആർ ഗൗരിയാണ്. 1957 മുതൽ 2001 വരെ പത്ത് തവണയാണ് അവർ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

സ്ത്രീകളില്ലാത്ത മന്ത്രിസഭ

സംസ്ഥാന മന്ത്രിസഭയുടെ ചരിത്രം പരിശോധിച്ചാലും സ്ത്രീകളുടെ പ്രാതിനിധ്യം പരിതാപകരമാണ്. ഒന്നാം ഇഎംഎസ് സർക്കാർ മുതൽ തന്നെ കേരളത്തിൽ വനിതാ മന്ത്രിമാരുണ്ടായിരുന്നെങ്കിലും എണ്ണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. ഒന്നിലധികം വനിതകൾക്ക് ഇടം ലഭിച്ച കേരളത്തിലെ ആദ്യ മന്ത്രിസഭ 2016 ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരാണ്. അതിന് മുൻപേയുള്ള അറുപത് വർഷക്കാലം  കേരളത്തിലെ മന്ത്രിസഭകൾ ഒറ്റ സ്ത്രീ പോലും ഇല്ലാത്തതോ അല്ലെങ്കിൽ ഒരേയൊരു സ്ത്രീ മാത്രമുള്ളതോ ആയിരുന്നു.

ഒന്നാം മന്ത്രിസഭ മുതൽ 1996 വരെ അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ മന്ത്രിസഭകളിലും കെ ആർ ഗൗരിയായിരുന്നു വനിതാ മന്ത്രി. 1996 ൽ സിപിഎമ്മിൽ ൽ നിന്ന് അവരെ പുറത്താക്കിയതിന് ശേഷമാണ് രണ്ടാമതൊരു വനിതാ മന്ത്രി ഇടത് പക്ഷത്ത് നിന്നുണ്ടായത്. 1996 ലെ ഇ കെ നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന സുശീല ഗോപാലൻ. 1982 ലെ കെ കരുണാകരൻ മന്ത്രിസഭയിലാണ് ആദ്യമായി ഒരു വനിതാ കോൺഗ്രസ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

ലോക്‌സഭയിലേക്ക് സ്ത്രീകളെ പറഞ്ഞയക്കാത്ത കേരളം  

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും സമാനമാണ് സ്ഥിതി. 1952 മുതൽ 2024 വരെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ നിന്നാകെ തിരഞ്ഞെടുക്കപ്പെട്ടത് 14 വനിതകളാണ്. മൊത്തം 324 ലോക്സഭാംഗങ്ങളാണ് കേരളത്തിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതായത്, കേരളം ഇത് വരെ ലോക്‌സഭയിലേക്ക് പറഞ്ഞയച്ചവരിൽ വെറും 4.3 ശതമാനമാണ് വനിതകൾ. ഏതാണ്ട് 162 സ്ത്രീകളാണ് ഈ കാലയളവിൽ ലോക്സഭയിലേക്ക് മത്സരിച്ചത്.

വനിതാ മുഖ്യമന്ത്രിമാരില്ലാത്ത ‘നമ്പർ വൺ’ സംസ്ഥാനങ്ങൾ 

രാജ്യത്തെ മൊത്തം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം പരിശോധിച്ചാലും വലിയ അസമത്വം നിലനിൽക്കുന്നതായി കാണാം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 79 വർഷത്തിനിടെ  സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18 വനിതാ മുഖ്യമന്ത്രിമാർ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കൽ പോലും വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ മറ്റൊരു വൈരുദ്ധ്യം കാണാം. സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായ (Sustainable Development Goals) ലിംഗസമത്വസൂചികയിൽ ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയിട്ടുള്ള  ഒരു സംസ്ഥാനത്തിന് പോലും ഇന്നുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല . ഈ പട്ടികയിലെ ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഗോവയ്ക്ക് മാത്രമാണ് വനിതാ മുഖ്യമന്ത്രിയുണ്ടായിട്ടുള്ളത്. എന്നാൽ ഇതേ പട്ടികയിലെ ഏറ്റവും അവസാന പത്ത് സംസ്ഥാനങ്ങളിൽ ആറെണ്ണവും വനിതാ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ള സംസ്ഥാനമാണ്. ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർ പ്രദേശിൽ രണ്ട് തവണയാണ് സ്ത്രീകൾ മുഖ്യമന്ത്രി കസേരയിലെത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം വനിതകൾ മുഖ്യമന്ത്രിയായിട്ടുള്ളത് ഡൽഹിയിലാണ്. നാല് വനിതകൾ ഇതുവരെ ഡൽഹിയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ് നാടൊഴികെ മറ്റൊരിടത്തും വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടില്ല. സമാനമായി, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അസമിന് മാത്രമാണ് വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുള്ളത്. 1980 ഡിസംബർ മുതൽ 1981 ജൂൺ വരെ ആറുമാസക്കാലയളവിൽ ഭരിച്ച സയ്യിദ അൻവാര തൈമൂർ ആണ് അസമിന്റെ ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രി. എന്നാൽ ഒരു വനിതാ മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ലാത്ത സംസ്ഥാനങ്ങളെല്ലാം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽപ്പെട്ട ലിംഗസമത്വസൂചികയിൽ മികച്ച സ്‌കോർ നേടിയിട്ടുണ്ട്.  

പാർലമെന്റിലെ വനിതാ പ്രാതിനിധ്യം

1967 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ പുരുഷന്മാരേക്കാൾ 11.5 ശതമാനം പിന്നിലായിരുന്നു സ്ത്രീകൾ. എന്നാൽ 2014 ൽ ഈ വ്യത്യാസം 1.5 ശതമാനമായി ചുരുങ്ങി. 2024 ലേക്കെത്തുമ്പോൾ സ്ത്രീകൾ ഏതാണ്ട് പുരുഷന്മാരുടെ അതേ അനുപാതത്തിൽ തന്നെ വോട്ട് ചെയ്യുന്ന സാഹചര്യത്തിലേക്കെത്തി.

ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ കാലങ്ങളായുണ്ടായ വർധന
ഗ്രാഫ് : PRS

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വത്തിൽ ഈ മുന്നേറ്റംകാണാനില്ല. 1952 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സ്ത്രീകളാണ് വിജയിച്ചത്. 72 വർഷങ്ങൾക്കിപ്പുറം 2024 ൽ ജയിച്ചത് 74 സ്ത്രീകൾ മാത്രമാണ്. ലോക്സഭയുടെ ചരിത്രത്തിൽ പരമാവധി ഉണ്ടായിട്ടുള്ള സ്ത്രീ പ്രാതിനിധ്യം 14 ശതമാനമാണ്. വോട്ടിംഗ് ശതമാനത്തിന് ആനുപാതികമായി ഉണ്ടാവേണ്ട സ്ത്രീ പ്രതിനിധ്യത്തിന്റെ നാലിലൊന്ന് പോലും വരില്ല ഇത്.

രാഷ്ട്രീയ പാർട്ടികളിൽ, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഓരോ സംസ്ഥാനത്തും അവസാനമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി ഏറ്റവുമധികം സ്ത്രീകളെ മത്സരിപ്പിച്ചത് കോൺഗ്രസ്സാണ്. മൊത്തം 3,290 സ്ഥാനാർത്ഥികളിൽ 456 പേർ. 14 ശതമാനം. രണ്ടാം സ്ഥാനത്ത് 410 സ്ത്രീകളെ (11%) മത്സരിപ്പിച്ച ബിജെപിയാണ്. സ്ത്രീ പങ്കാളിത്തത്തിന്റെ ശതമാനക്കണക്കിൽ ഒന്നാം സ്ഥാനത്ത് ഒഡീഷ ആസ്ഥാനമായുള്ള ബിജു ജനതാ ദൾ (BJD) ആണ്. ബിജെഡി മൊത്തം മത്സരിപ്പിച്ചതിൽ 25 ശതമാനവും സ്ത്രീകളാണ്. സ്ത്രീ പങ്കാളിത്തത്തിൽ ഏറ്റവും പിന്നിട്ട് നിൽക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള എഐഎംഐഎം (6%), തമിഴ്നാട്ടിലെ ഡിഎംകെ (5%) സിപിഐ (5%) പാർട്ടികളാണ്.

വേറിട്ട് നിൽക്കുന്ന പശ്ചിമ ബംഗാൾ

സ്ത്രീ പങ്കാളിത്തത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളിൽ നിന്ന് വ്യത്യസ്തമാണ് പശ്ചിമ ബംഗാൾ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ 294 എംഎൽഎ മാരിൽ 40 പേരും സ്ത്രീകളാണ്. ഏതാണ്ട് 13.6 ശതമാനം. 2016 ൽ സ്ത്രീ എംഎൽഎ മാരുടെ എണ്ണം 41 ആയിരുന്നു.

ഈ വർഷം ഏപ്രിൽ 23 മുതൽ പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച 291 പേരുടെ സ്ഥാനാർത്ഥി പട്ടികയിൽ 52 പേരും സ്ത്രീകളാണ്. 18 ശതമാനം.

സ്ത്രീകളെ  അദൃശ്യരാക്കുന്ന ആണധികാരം 

CSDS പഠനമനുസരിച്ച്, രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്ന് തടഞ്ഞ് നിർത്തുന്ന ഘടകങ്ങളെ പറ്റി ചോദിക്കുമ്പോൾ 22 ശതമാനം സ്ത്രീകളും ചൂണ്ടിക്കാട്ടുന്നത് സമൂത്തിലെ ആൺ മേൽക്കോയ്മയെയാണ്. 13 ശതമാനം സ്ത്രീകൾ വീട്ടുത്തരവാദിത്തങ്ങളും കാരണമായി പറയുന്നു.

സ്ത്രീകളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുന്ന പ്രധാന ഘടകങ്ങൾ. lokniti സർവേയിൽ നിന്ന്.

ആൺകോയ്മയും വീട്ടുത്തരവാദിത്തങ്ങളുടെ ഭാരവും സ്ത്രീകളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് പഠനങ്ങൾ പറയുമ്പോൾ, ആ മനോഭാവം തിരുത്തേണ്ടത് പാർട്ടികളുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്. 

വോട്ടർമാരിൽ 50  ശതമാനം വരുന്ന വിഭാഗത്തിന് പത്ത് ശതമാനം പോലും പ്രാതിനിധ്യം നൽകാത്ത സംവിധാനം പരിഷ്കരിക്കപ്പെടേണ്ടതാണ്. വോട്ടിങ് മെഷീനിലെ വിരലടയാളങ്ങളിൽ മാത്രമല്ല, ഭരണചക്രത്തിന്റെ നിയന്ത്രണത്തിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുമ്പോൾ മാത്രമേ ജനാധിപത്യം അതിന്റെ പൂർണ്ണതയിലെത്തൂ.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top