
ഫോൺപേയും ഗൂഗിൾപേയും പണി മുടക്കിയാൽ : ഡിജിറ്റൽ പണമിടപാട് വിപണിയിലെ കുത്തകവത്ക്കരണം.
രാജ്യത്തെ മൊത്തം ഡിജിറ്റൽ പണമിടപാടുകളുടെ 79 – 80 ശതമാനവും കൈകാര്യം ചെയ്യുന്നത് രണ്ട് വിദേശ സ്വകാര്യ കമ്പനികളാണ്. ഫോൺപേയും ഗൂഗിൾ പേയും. ഒന്നോ രണ്ടോ കമ്പനികൾ ചേർന്ന് വിപണി കയ്യടക്കുന്നത് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കും. കുത്തകവത്കരണം നിയന്ത്രിക്കാനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊണ്ട് വന്ന നിയന്ത്രണം ഇത് വരെ നടപ്പിലായിട്ടില്ല. ഒരു കമ്പനിക്ക് 30 ശതമാനത്തിൽ കൂടുതൽ വിപണി വിഹിതം പാടില്ലെന്ന ചട്ടം നടപ്പിലാക്കാനുള്ള കാലാവധി 2026 ഡിസംബറിൽ അവസാനിക്കാനിരിക്കെ എന്താണ് സർക്കാരിന്റെ മുന്നിലുള്ള പോംവഴി?
ഇന്ത്യയിലിന്ന് ചായക്കടകൾ മുതൽ ഷോപ്പിംഗ് മാളുകൾ വരെ എല്ലായിടത്തും യുപിഐ ക്യൂ ആർ കോഡുകൾ കാണാൻ സാധിക്കും. 2016 ലാണ് രാജ്യത്ത് ഡിജിറ്റൽ പണമിടപാട് സംവിധാനം ആരംഭിച്ചത്. ഔദ്യോഗിക കണക്കുകളനുസരിച്ച്, ഇന്ന് ഇന്ത്യയിലെ അഞ്ചിൽ നാല് ഡിജിറ്റൽ പണമിടപാടുകളും നടക്കുന്നത് ഫോൺപേ (PhonePe), ഗൂഗിൾപേ (Google Pay) എന്നീ ആപ്പുകൾ വഴിയാണ്. അതായത്, ഒരു മാസം ഇന്ത്യയിൽ നടക്കുന്ന 2,300 കോടി പണമിടപാടുകളിൽ 1,840 കോടിയും നടക്കുന്നത് ഈ രണ്ട് ആപ്പുകൾ വഴിയാണ്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്ത് ഈ രണ്ട് കമ്പനികളുടെ കുത്തകയവസാനിപ്പിക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വിവിധ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിലും, ഇതുവരെ അത് നടപ്പാക്കാനായിട്ടില്ലെന്നതാണ് വസ്തുത.
വിപണി കയ്യടക്കിയ ഫോൺ പേയും ഗൂഗിൾ പേയും
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് യുപിഐ. പ്രതിമാസം 30 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് യുപിഐ യിലൂടെ നടക്കുന്നത്. നിലവിൽ രാജ്യത്തെ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ 86 ശതമാനവും യുപിഐ (UPI) വഴിയാണ്. എന്നാൽ, ഈ വിപണിയിലെ സിംഹഭാഗവും കയ്യാളുന്നത് ഫോൺപേ, ഗൂഗിൾ പേ ആപ്പുകളാണ്. അതായത്, ഈ രണ്ട് കമ്പനികളിലെയും സാങ്കേതിക തകരാറുകളും വ്യാപാര നയങ്ങളും രാജ്യത്തെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തെയാകെ ബാധിക്കുമെന്ന അവസ്ഥ.

വിപണിയിലെ കുത്തകാധിപത്യം ഉയർത്തുന്ന വെല്ലുവിളികൾ
വിപണിയിൽ ഒന്നോ രണ്ടോ വൻകിട കമ്പനികൾ മാത്രം ആധിപത്യം സ്ഥാപിക്കുന്ന കുത്തക (Monopoly / Duopoly) സമ്പ്രദായം ഉപഭോക്താക്കൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയുണ്ടാക്കും. മത്സരമില്ലാത്ത സാഹചര്യം മുതലെടുത്ത് ഇത്തരം കമ്പനികൾ ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ 20% മുതൽ 40% വരെ അമിതവില ഈടാക്കുന്നുവെന്ന് ‘ഇന്റർനാഷനൽ ജേർണൽ ഫോർ മൾട്ടിഡിസ്സിപ്ലിനറി റിസർച്ചി’ൽ (IJFMR) പ്രസിദ്ധീകരിച്ച ഗവേഷണ പഠനം വ്യക്തമാക്കുന്നു.
കുത്തകവത്കരണം സേവനങ്ങളുടെ ഗുണനിലവാരം കുറയ്ക്കാൻ കമ്പനികൾക്ക് ആത്മവിശ്വാസം നൽകുമെന്നും പഠനത്തിൽ പറയുന്നുണ്ട്. പുതിയ സംരംഭകർക്ക് വിപണിയിലേക്ക് കടന്നുവരാൻ കഴിയാത്തവിധം തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഇവർ, കാര്യമായ ഗവേഷണങ്ങൾക്കോ പുതുമകൾക്കോ മുതിരാതെ വിപണിയുടെ വളർച്ചയെ മുരടിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ പണമിടപാട് രംഗത്തെ കുത്തകകളെ നിയന്ത്രിക്കാൻ നിയമനിർമാണങ്ങളും വിപണി നിയന്ത്രണങ്ങളും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2026 മേയിലെ എൻപിസിഐ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ഡിജിറ്റൽ പണമിടപാടുകളുടെ 79 – 80 ശതമാനവും ഈ രണ്ട് സ്വകാര്യ കമ്പനികളാണ് (Phonepe, Google Pay) കൈകാര്യം ചെയ്തത്. ഇതിൽ ഫോൺപേയ്ക്ക് മാത്രം 47 ശതമാനം വിപണി വിഹിതമുണ്ട്; ഗൂഗിൾ പേയ്ക്ക് 33 ശതമാനവും. വിപണിയിൽ മൂന്നാം സ്ഥാനത്തുള്ള പേടിഎം (Paytm) വെറും 8 ശതമാനം വിഹിതത്തോടെ വളരെ പിന്നിലാണ്. ബാക്കിയുള്ള 12-13 ശതമാനം വിഹിതമാണ് നവി, ക്രെഡ്, ഭീം, വാട്സാപ്പ് പേ തുടങ്ങി, വിപണിയിലുള്ള മറ്റ് ഡസൻ കണക്കിന് ആപ്പുകൾ പങ്കിട്ടെടുക്കുന്നത്.

വിദേശ കമ്പനികൾ അരങ്ങ് വാഴുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥ
രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്ത് ആധിപത്യമുറപ്പിച്ചിരിക്കുന്നത് വിദേശ കമ്പനികളാണെന്ന പ്രശ്നവും മേഖലയിലെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്. “കുത്തകവത്കരണം മാത്രമല്ല, ആധിപത്യമുള്ള കുത്തകകൾ രണ്ടും വിദേശ കമ്പനികളാണ് എന്നതും ഒരു വെല്ലുവിളി തന്നെയാണ്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ ഡിജിറ്റൽ പണമിടപാട് രംഗത്തെയാകെ ബാധിക്കാൻ ഇത് കാരണമാകും. ഏത് മേഖലയിലായാലും ഇത്തരത്തിലുള്ള കുത്തകകൾ ഒരു സംവിധാനത്തെ തകരാറിലാക്കാനേ സഹായിക്കൂ” വിപണി നിരീക്ഷകനും നിക്ഷേപകനുമായ ദീപക് ഷേണോയ് ഒബിസിയോട് പറഞ്ഞു. പ്രമുഖ ധനകാര്യ മാനേജ്മെന്റ് കമ്പനിയായ ‘ക്യാപിറ്റൽ മൈൻഡി’ന്റെ സ്ഥാപകനാണ് ദീപക് ഷേണോയ്.
ഡിജിറ്റൽ പണമിടപാടിൽ ഏറ്റവുമധികം വിപണി വിഹിതമുള്ള ഫോൺപേ സ്ഥാപിച്ചത് ഇന്ത്യയിലാണ്. എന്നാൽ നിലവിൽ കമ്പനിയുടെ 72 ശതമാനം ഓഹരിയും കൈയ്യാളുന്നത് അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ്. 2016 ലാണ് ഇന്ത്യൻ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഫോൺപേയുടെ ഓഹരികൾ മുഴുവനായി വാങ്ങിയത്. തുടർന്ന് 2018 ൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുകയായിരുന്നു.
ഡിജിറ്റൽ പണമിടപാട് വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ പേയും അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയാണ്. ആൽഫബെറ്റ് കോർപ്പറേഷനാണ് ഗൂഗിൾ പേയുടെ മാതൃ കമ്പനി. ഇന്ത്യൻ കമ്പനികൾക്ക് വിപണിയിൽ മേൽക്കൈ ഉറപ്പാക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യണ്ടതെന്ന് ദീപക് ഷേണോയ് പറയുന്നു.
വിപണി വിഹിതം 30 ശതമാനത്തിൽ നിർത്തണമെന്ന നിബന്ധന
രണ്ട് കമ്പനികൾ മാത്രം വിപണി കീഴടക്കിയിരിക്കുന്ന (Duopoly) രീതി ഒഴിവാക്കാൻ 2020 നവംബറിലാണ് എൻപിസിഐ “വിപണി വിഹിത പരിധി” (Market share cap) എന്ന നിബന്ധന കൊണ്ടുവന്നത്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് വിപണിയുടെ മേൽനോട്ടത്തിനായി 2008 ൽ ആർബിഐയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ചേർന്ന് സംയുക്തമായി സ്ഥാപിച്ച ലാഭ രഹിത സംഘടനയാണ് എൻപിസിഐ. എൻപിസിഐ യുടെ നിബന്ധനയനുസരിച്ച്, ഡിജിറ്റൽ പണമിടപാട് രംഗത്തെ ഒരു കമ്പനിക്കും (Third-Party Application Provider, TPAP) രാജ്യത്തെ ആകെ യുപിഐ ഇടപാടുകളുടെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യാൻ സാധിക്കില്ല. അതായത്, ഒരു കമ്പനിയുടെ വിപണി വിഹിതം 30 ശതമാനത്തിലധികമായാൽ എൻപിസിഐ പലതരം നിബന്ധനകളിലൂടെ ആ കമ്പനിയുടെ വിപണി വിഹിത വർദ്ധനവ് തടയും. എൻപിസിഐ നിബന്ധനയനുസരിച്ച്, ഏറ്റവും അവസാനത്തെ മൂന്ന് മാസത്തെ ശരാശരി പണമിടപാട് കണക്കാക്കിയാണ് ഓരോ കമ്പനിയുടെയും ‘വിപണി വിഹിതം’ നിർണ്ണയിക്കുന്നത്.
2020 ലാണ് എൻപിസിഐ ഈ നിബന്ധനകൾ കൊണ്ട് വന്നത്. 2022 ഡിസംബർ 31 നകം നടപ്പാക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ ഇത് നടപ്പായില്ല. തുടർന്ന് എൻപിസിഐ ഈ കാലാവധി 2024 ഡിസംബർ 31 വരെയും, പിന്നീട് 2026 ഡിസംബർ 31 വരെയും നീട്ടി നൽകുകയായിരുന്നു. രണ്ടാം തവണ കാലാവധി നീട്ടിയപ്പോൾ തന്നെയാണ് വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന 100 മില്യൺ ഉപഭോക്തൃ പരിധിയും എൻപിസിഐ നീക്കിയത്. വിപണി സ്വാഭാവികമായി ഇത്തരം അസന്തുലിതാവസ്ഥകൾ പരിഹരിക്കുമെന്നും പെട്ടെന്നുള്ള കർശന നടപടികൾ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു എൻപിസിഐ നൽകിയ വിശദീകരണം.
2024 ൽ കാലാവധി നീട്ടിയപ്പോൾ യുപിഐ ആപ്പുകളും ഇതിനെ സ്വാഗതം ചെയ്തിരുന്നു. പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) ചെയർമാൻ വിശ്വാസ് പട്ടേൽ കാലാവധി നീട്ടലിനെ പിന്തുണച്ചു. ഡിജിറ്റൽ പണമിടപാട് രംഗത്തെ കമ്പനികളുടെ കൂട്ടായ്മയാണ് പിസിഐ. ലഭ്യമായ മറ്റ് പുതിയ യുപിഐ ആപ്പുകളിലേക്ക് ഉപഭോക്താക്കൾ സ്വയം മാറുമെന്നും പേടിഎം നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു വിശ്വനാഥ് പട്ടേൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ നവി, ക്രെഡ്, ഭീം, വാട്സാപ്പ് പേ തുടങ്ങിയ ആപ്പുകൾ വളർച്ച കൈവരിക്കുന്നുണ്ടെന്നും വിശ്വനാഥ് പട്ടേൽ പറഞ്ഞു. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രധാന കമ്മിറ്റികളുടെ നേതൃസ്ഥാനത്തുള്ളത് ഫോൺപേ, ഗൂഗിൾപേ പ്രതിനിധികളാണ്. പിസിഐ യുടെ ‘യുപിഐ കമ്മിറ്റി’ ചെയർമാൻ സ്ഥാനം ഫോൺപേ സഹസ്ഥാപകൻ രാഹുൽ ചാരിക്കാണ്. കോ-ചെയർമാൻ സ്ഥാനം ഗൂഗിൾ പേ മർച്ചന്റ് സർവീസ് ഡയറക്ടർ കുനാൽ റാണക്കുമാണ്. രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ കുത്തകകൾ തന്നെയാണ് കമ്പനികളുടെ സംഘടനയുടെ തലപ്പത്തും. ചെറുകിട കമ്പനികൾക്ക് നിർണായക പ്രാതിനിധ്യമില്ല.
ഘട്ടം ഘട്ടമായുള്ള നിയന്ത്രണം
മുപ്പത് ശതമാനമെന്ന വിപണി പരിധി നിയന്ത്രണം നടപ്പിലാക്കുകയാണെങ്കിൽ തന്നെ പെട്ടെന്നുള്ള നിരോധനത്തിന് പകരം ഘട്ടം ഘട്ടമായുള്ള മുന്നറിയിപ്പ് സംവിധാനമായിരിക്കും സ്വീകരിക്കുക. ഒരു ആപ്പിന്റെ വിപണി വിഹിതം 25 ശതമാനം കടക്കുമ്പോൾ തന്നെ കമ്പനിക്കും പങ്കാളി ബാങ്കുകൾക്കും ആദ്യ മുന്നറിയിപ്പ് ലഭിക്കും. ഇത് 27.1 ശതമാനം പിന്നിടുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകുകയും, വിപണി വിഹിതം കുറയ്ക്കാനുള്ള തിരുത്തൽ നടപടികളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. 30 ശതമാനം എന്ന പരിധി പൂർണ്ണമായും ലംഘിച്ചാൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് തടയും. 30 ശതമാനത്തിലധികം വിഹിതം ഒരു കമ്പനി നേടിയാൽ, അതിന് ശേഷം ലഭിക്കുന്ന പുതിയ ഉപഭോക്തൃ അപേക്ഷകളിൽ പകുതി മാത്രമേ ആ കമ്പനിക്ക് സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നിലവിലുള്ള ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം തുടരാം. അടിയന്തര സാഹചര്യങ്ങളിൽ ബാങ്കുകൾക്ക് ആറ് മാസം വരെ ഇളവ് അനുവദിക്കാനും എൻപിസിഐക്ക് അധികാരമുണ്ട്.
ആശങ്ക രേഖപ്പെടുത്തി ഐഎംഎഫും
2025 ൽ അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട “Growing Retail Digital Payments: The Value of Interoperability” എന്ന റിപ്പോർട്ടും ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തെ കുത്തകവത്കരണത്തെ പറ്റി പറയുന്നുണ്ട്. ഏതെങ്കിലും ഒരു ആപ്പ് സാങ്കേതിക തകരാറിലാവുകയോ മറ്റോ ചെയ്താൽ രാജ്യത്തെ ഡിജിറ്റൽ പണമിടപാട് സംവിധാനം തന്നെ തകിടം മറിയാനുള്ള സാധ്യത ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ഈ കമ്പനികളുടെ വിപണിയിലെ മേൽക്കോയ്മ അവസാനിപ്പിക്കാനായി എൻപിസിഐ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ഭൂരിഭാഗം ഉപഭോക്താക്കളും ഈ രണ്ട് ആപ്പുകളെ ആശ്രയിക്കുന്നതിനാൽ, കടുത്ത നിയന്ത്രണങ്ങൾ പെട്ടെന്ന് നടപ്പിലാക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ഇടപാടുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട് പറയുന്നത്.
ചെറിയ കമ്പനികളുടെ മുന്നേറ്റം
വിപണിയിൽ ചെറിയ കമ്പനികൾ മുന്നേറ്റമുണ്ടാക്കുന്നതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ഫോൺപേയുടെയും ഗൂഗിൾ പേയുടെയും സംയുക്ത വിഹിതം 2026 മെയ് മാസത്തിൽ ചരിത്രത്തിലാദ്യമായി 80 ശതമാനത്തിന് താഴേക്ക് എത്തി. 2024 മെയ് മാസത്തിൽ ഇത് 86 ശതമാനത്തോളം എത്തിയിരുന്നു. രണ്ട് വർഷത്തിനിടയ്ക്ക് രണ്ട് കമ്പനിക്കുമായി 7 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. എൻപിസിഐയുടെ തന്നെ ആപ്പായ ‘ഭീം’ (BHIM UPI) വലിയ നിക്ഷേപങ്ങൾക്ക് ശേഷം അഞ്ച് മടങ്ങ് വളർച്ചയോടെ ഒരു ശതമാനം വിപണി വിഹിതത്തിൽ എത്തിയിട്ടുണ്ട്. വിപണിയിൽ മത്സരം വർദ്ധിപ്പിക്കുന്നതിനായി ഓട്ടോപേ, യുപിഐ ലൈറ്റ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ചെറിയ ആപ്പുകൾക്ക് ആദ്യം ലഭ്യമാക്കാനും എൻപിസിഐ ആലോചിക്കുന്നുണ്ട്.

എൻപിസിഐ യുടെ തന്നെ കമ്പനിയായ ഭീം യുപിഐ വിപണിയിലുള്ളതിനെ പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്. ഡിജിറ്റൽ പണമിടപാട് രംഗത്തെയാകെ നിയന്ത്രിക്കുന്ന സ്ഥാപനം തന്നെ മത്സര രംഗത്തിറങ്ങുന്നത് നീതിയുക്തമല്ലെന്നാണ് ചർച്ചകൾ. എന്നാൽ ഭീം യുപിഐ ക്ക് വിപണിയിലുള്ള ആകെ വിഹിതം ഒരു ശതമാനം മാത്രമായതിനാൽ ഇതൊരു പ്രശ്നമായി കാണുന്നില്ലെന്ന് ദീപക് ഷേണോയ് പറയുന്നു.

കോംപറ്റീഷൻ കമ്മീഷന്റെ ഇടപെടൽ : ഗൂഗിളിന് പിഴ
ഡിജിറ്റൽ പണമിടപാട് വിപണിയിലെ കുത്തകവത്കരണത്തിൽ. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ യും (CCI) ഇടപെട്ടിട്ടുണ്ട്. സിസിഐ നേരത്തെ ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെയും (OS) പ്ലേ സ്റ്റോറിലെയും തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് ഗൂഗിൾ പേയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയതിന് 2022 നവംബറിൽ ഗൂഗിളിന്റെ മാതൃ കമ്പനിക്ക് മേൽ (Alphabet Inc.) സിസിഐ 1338 കോടി രൂപ പിഴ ചുമത്തിയിരുന്നു. മറ്റ് യുപിഐ ആപ്പുകളെ അപേക്ഷിച്ച് ഗൂഗിൾ പേയ്ക്ക് മാത്രം അതിവേഗത്തിലുള്ള പണമിടപാട് (Intent flow) സംവിധാനമൊരുക്കിയതിനാണ് ഈ പിഴ. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് കമ്മീഷൻ വിലയിരുത്തിയത്.
മുൻകൂട്ടിയുള്ള നിയന്ത്രണങ്ങൾ ആവശ്യമെന്ന് പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി
ഇടപാടുകൾ നടത്തുന്ന കമ്പനികളെ നിയമം മൂലം നിയന്ത്രിക്കണമെന്ന ചർച്ചകൾ ഉയർന്നുവരാൻ ഈ സാഹചര്യം വഴിയൊരുക്കി. നിലവിലുള്ള മത്സര നിയമങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് ജയന്ത് സിൻഹ അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി 2022 ഡിസംബറിലെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലെ നിയമമനുസരിച്ച് ഒരു ലംഘനം നടന്ന് നാശനഷ്ടങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമേ (ex-post) നടപടിയെടുക്കാൻ സാധിക്കൂ. ഗൂഗിൾ പേ കേസിൽ തന്നെ അന്വേഷണം പൂർത്തിയാക്കാൻ രണ്ട് വർഷത്തോളമെടുത്തു. ഡിജിറ്റൽ വിപണി വളരെ പെട്ടെന്ന് തന്നെ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തകയായി മാറാൻ സാധ്യതയുള്ളതിനാൽ, മുൻകൂട്ടിയുള്ള നിയന്ത്രണങ്ങൾ (ex-ante) ആവശ്യമാണെന്ന് സമിതി ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം 2024 മാർച്ചിൽ ഒരു ഡിജിറ്റൽ മത്സര ബില്ലിന്റെ (Digital Competition Bill, 2024) കരട് തയാറാക്കിയെങ്കിലും അത് ഇപ്പോഴും ഫയലുകളിൽ മാത്രമാണ്.
പാർലിമെന്റ് കാണാത്ത ഡിജിറ്റൽ മത്സര ബിൽ
ഇന്ത്യയിൽ 4,000 കോടി രൂപ വാർഷിക വിറ്റുവരവുള്ളതോ, ആഗോളതലത്തിൽ 7,500 കോടി ഡോളർ വിപണി മൂല്യമുള്ളതോ, അല്ലെങ്കിൽ ഇന്ത്യയിൽ ഒരു കോടിയിലധികം ഉപഭോക്താക്കളുള്ളതോ ആയ വൻകിട പ്ലാറ്റ്‌ഫോമുകളുടെ കുത്തകവത്കരണത്തിൽ നിന്ന് വിപണിയെ മോചിപ്പിക്കുകയായിരുന്നു ബില്ലിന്റെ ഉദ്ദേശ്യം. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം ഉൽപ്പന്നങ്ങൾക്ക് മറ്റ് കമ്പനികളുടേതിനേക്കാൾ മുൻഗണന നൽകുന്നതിൽ നിന്ന് വൻകിട കമ്പനികളെ നിയന്ത്രിക്കുക, വ്യത്യസ്ത സേവനങ്ങൾ ഒന്നിച്ച് ചേർത്ത് (bundling) നൽകുന്നത് വിലക്കുക, ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാനുള്ള അവകാശം ഉറപ്പാക്കുക, എതിരാളികളായ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകൾ ഈ കരട് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രണ്ട് വർഷത്തിലേറെയായിട്ടും ഈ ബിൽ ഇപ്പോഴും കൂടിയാലോചനകളുടെ ഘട്ടത്തിലാണ്. ഇത് എപ്പോൾ നിയമമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
എൻപിസിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിപണിയിലെ അസന്തുലിതാവസ്ഥ ഇപ്പോഴും ഗൗരവമായി തുടരുകയാണ്. പുതിയ കമ്പനികൾ വിപണിയിലേക്ക് വരുന്നുണ്ടെങ്കിലും ഒരു കമ്പനിയുടെ വിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും ഏറെ ദൂരമുണ്ട്. ഫോൺപേ ഇപ്പോഴും 47 ശതമാനം വിഹിതം നിലനിർത്തുന്നു. വിപണിയിലെ കുത്തകവത്കരണം ഉണ്ടാക്കുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ ഇപ്പോഴത്തെ മാറ്റങ്ങൾ പര്യാപ്തമല്ലെന്നാണ് സാമ്പത്തിക വിശകലനങ്ങൾ വ്യക്തമാക്കുന്നത്.
അഞ്ച് വർഷം മുൻപ് തയ്യാറാക്കിയ നയങ്ങൾ പ്രായോഗികമായി നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടാണ് 2024 ഡിസംബറിൽ കാലാവധി വീണ്ടും നീട്ടാൻ എൻപിസിഐ യെ പ്രേരിപ്പിച്ചത്. ഇതിനിടയിൽ, 2024-ൽ മാത്രം 20 പുതിയ കമ്പനികൾക്ക് എൻപിസിഐ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
ഒരു കമ്പനിയുടെ വിപണി വിഹിതം 30 ശതമാനമാക്കി നിലനിർത്തണമെന്ന നിബന്ധന 2026 ഡിസംബറിനുള്ളിൽ നടപ്പിലാക്കാനുള്ള സാധ്യത വിരളമാണ്. സമ്പദ് വ്യവസ്ഥയെ ബാധിക്കാതെ, ചുരുങ്ങിയ സമയത്തിനകം ഈ നിബന്ധന നടപ്പാക്കാൻ സാധ്യമല്ല. ഡിജിറ്റൽ പണമിടപാട് രംഗത്തെ കുത്തകവത്കരണം നിയന്ത്രിക്കാൻ സർക്കാരിന്റെ മുന്നിൽ പ്രായോഗികമായി എന്ത് പോംവഴിയാണുള്ളത് എന്ന ചോദ്യം അവശഷിക്കുന്നു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക