തീവ്രവാദ ആരോപണം മുതൽ ലൈംഗിക അധിക്ഷേപം വരെ. നഫീസത്തുൽ മിസ്രിയയെ സൈബർ കേരളം നേരിടുന്ന വിധം.

തീവ്രവാദ ആരോപണം മുതൽ ലൈംഗിക അധിക്ഷേപം വരെ. നഫീസത്തുൽ മിസ്രിയയെ സൈബർ കേരളം നേരിടുന്ന വിധം.

മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കടുത്ത സൈബർ ആക്രമണവും വ്യാജ പ്രചാരണവുമാണ് നടക്കുന്നത്. നേതാക്കൾ മിസ്രിയയെ തള്ളിപ്പറഞ്ഞുവെന്ന തരത്തിലുള്ള വ്യാജവാർത്താ കാർഡുകൾ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ഹാൻഡിലുകൾ. ബിജെപി അനുകൂല അക്കൗണ്ടുകളും ഇവ പങ്ക് വെക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് ഇപ്പോൾ പ്രധാന ചർച്ച വിഷയം. മന്ത്രിയെയും എസ്എഫ്ഐ യെയും പിന്തുണച്ച് ഇരു വിഭാഗങ്ങളുടെയും പ്രവർത്തകർ രംഗത്തുണ്ട്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. സംഭവത്തെ പറ്റിയല്ല, മറിച്ച് ചോദ്യം ചോദിച്ച എസ്എഫ്ഐ പ്രവർത്തകയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് ഹാൻഡിലുകളുടെ വിദ്വേഷ പ്രചാരണം.

മന്ത്രിയോട് ചോദ്യം ചോദിച്ച എസ്എഫ്ഐ പ്രവർത്തകയും മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണുമായ നഫീസത്തുൽ മിസ്രിയയ്ക്കെതിരായുള്ള സൈബർ ആക്രമണമാണ് സാമൂഹ്യ മാധ്യമങ്ങളിലെമ്പാടും. കോൺഗ്രസ് – ബിജെപി ഹാൻഡിലുകളാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. വ്യക്തിഹത്യ മുതൽ വർഗ്ഗീയ പരാമർശങ്ങളും ലൈംഗിക അധിക്ഷേപങ്ങളും വരെ മിസ്രിയക്കെതിരെ നടക്കുന്നുണ്ട്.

മഹാരാജാസിൽ ബിരുദദാന ചടങ്ങിനിടെ പ്രതിഷേധിച്ച മിസ്രിയയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിപ്പറഞ്ഞുവെന്നാണ് പ്രചരിക്കുന്ന പ്രധാന ആരോപണം. മിസ്രിയ മുൻ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകയാണെന്നും അവരുടെ കുടുംബത്തിന് എസ്ഡിപിഐ പാരമ്പര്യമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞതായി പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ‘തീവ്ര സ്വഭാവമുള്ളവർ എസ്എഫ്ഐയിൽ പ്രവർത്തിക്കേണ്ടതില്ലായെന്ന്’ എം വി ഗോവിന്ദൻ പറഞ്ഞതായി പോസ്റ്ററിൽ പറയുന്നു.

‘V. D. Satheesan – real CM of Kerala’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റർ ആദ്യം കണ്ടെത്തിയത്. നവംബർ ഒന്നിനാണ് ഈ പോസ്റ്റ് ‘DrJames Kallai’ എന്നയാൾ ഈ ഗ്രൂപ്പിൽ പങ്കുവെച്ചത്. ഇതേ അക്കൗണ്ട് തന്നെ ‘BJP KERALAM’ എന്ന സംഘപരിവാർ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പിലും ഈ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സ്ഥിരമായി കോൺഗ്രസ് അനുകൂല പോസ്റ്റുകൾ പങ്കുവെക്കുന്ന ഒരു അക്കൗണ്ട് കൂടിയാണ് ‘DrJames Kallai’. എന്നാൽ ഇതേ അക്കൗണ്ടിൽ ബിജെപി അനുകൂല പോസ്റ്റുകളും കാണാം.

Facebook post by DrJames Kallai shared across Congress and BJP groups containing fake claims about SFI leader Nafesathul Misriya
‘DrJames Kallai’ എന്നയാൾ ബിജെപി, കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഒരേ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നു.

എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമാകും. ഒക്ടോബർ 30 ന് മഹാരാജാസിൽ നടന്ന സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ സിപിഐഎം നഫീസത്തുൽ മിസ്രിയയ്ക്ക് ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നു. ഒക്ടോബർ 31 ന് തന്നെ ഈ വിഷയം ഉന്നയിച്ച് എം വി ഗോവിന്ദൻ വാർത്താസമ്മേളനവും നടത്തിയിരുന്നു. മാത്രമല്ല, ഈ വാർത്ത പൂർണമായും വ്യാജമാണെന്ന്, നവംബർ രണ്ടിന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എം വി ഗോവിന്ദൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

 ‘V. D. Satheesan – real CM of Kerala’ എന്ന ഗ്രൂപ്പിൽ നിന്ന് തന്നെ ഒബിസി ഇതിന് മുമ്പും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ കണ്ടെത്തിയിട്ടുണ്ട്.

തുടർന്നുള്ള പരിശോധനയിൽ ഇതേ വാർത്ത വേറെയും പോസ്റ്ററുകളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. കണ്ടെത്തിയവയെല്ലാം കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളോ അക്കൗണ്ടുകളോ ആണ്. 

Facebook posts sharing fake claims that SFI leader Nafesathul Misriya is a former Campus Front member with SDPI ties
പ്രചരിക്കുന്ന പോസ്റ്റർ

രണ്ടാമത് കണ്ടെത്തിയ പോസ്റ്റർ മനോരമ ന്യൂസ് ഓൺലൈനിൽ പങ്കുവെക്കുന്ന കാർഡുകളുമായി സാദൃശ്യം പുലർത്തുന്നവയാണ്. പോസ്റ്ററിന്റെ താഴെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ചിഹ്നങ്ങൾ നൽകിയിട്ടുണ്ടെങ്കിലും മാധ്യമത്തിന്റെ പേര് നൽകുന്ന ഭാഗം നീല നിറമുപയോഗിച്ച് മറച്ചിരിക്കുന്നതായി കാണാം. 31 ഒക്ടോബർ 2026 എന്ന തീയതിയും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. 

മനോരമ സ്ഥിരമായി താങ്കളുടെ സാമൂഹ്യ മാധ്യമ കാർഡുകളിൽ ഉപയോഗിക്കുന്ന തരം നിറങ്ങൾ ഈ പോസ്റ്ററിലും കാണാം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതേ സ്വഭാവമുള്ള ഒരു പോസ്റ്റർ മനോരമ ന്യൂസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് കണ്ടെത്തി. എം വി ഗോവിന്ദന്റെ ചിത്രവും പുറകിലായി ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും ഒന്ന് തന്നെ.

Manipulated social media card falsely claiming CPI(M) leader M.V. Govindan rejected SFI leader Nafesathul Misriya

പക്ഷേ മനോരമയുടെ പോസ്റ്ററിലെ വാദം തീർത്തും വ്യത്യസ്തമാണ്. ‘ചോദ്യം ചോദിക്കുക മാത്രമാണ് വിദ്യാർത്ഥികൾ ചെയ്തതെന്നും, അവരുടെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും’ എം വി ഗോവിന്ദൻ പറഞ്ഞതായാണ് മനോരമ കാർഡിൽ പറയുന്നത്. ചുരുക്കത്തിൽ, മനോരമ ന്യൂസ് പുറത്ത് വിട്ട കാർഡിനെ ഡിജിറ്റലായി എഡിറ്റ് ചെയ്തു വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണിവിടെ. 

ഇതേ സ്വഭാവത്തിലുള്ള വേറെയും കാർഡുകൾ പ്രചരിക്കുന്നുണ്ട്. നഫീസത്തുൽ മിസ്രിയക്കെതിരെ തന്നെ. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായ ആനി രാജ മിസ്രിയയെ തള്ളിപ്പറഞ്ഞുവെന്നാണ് ഈ പോസ്റ്ററിലെ വാദം. ‘ഇടതുപക്ഷം ഇതുപോലുള്ള തീവ്ര മനസ്സുള്ള യുവതലമുറയെ മാറ്റി നിർത്തിയില്ലെങ്കിൽ ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടി വരും’ എന്ന് ആനി രാജ പറഞ്ഞതായാണ് പ്രചരണം.

Manipulated social media card falsely claiming CPI leader Annie Raja criticized SFI leader Nafesathul Misriya
പ്രചരിക്കുന്ന പോസ്റ്റർ

ഇത്തരത്തിലൊരു പ്രതികരണം ആനി രാജ നടത്തിയിരുന്നെങ്കിൽ അത് വാർത്തയാകേണ്ടതാണ്. എന്നാൽ മാധ്യമങ്ങളൊന്നും ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻപത്തെ പോസ്റ്ററുമായി ഏറെ സമാനതയുണ്ട് ഇതിനും. മനോരമയുടെ കളർ സ്കീം ഉപയോഗിച്ചിരിക്കുന്നു.

എന്നാൽ ആനി രാജയെ പറ്റി ഇതേ സ്വഭാവത്തിലുള്ള പോസ്റ്ററുകളൊന്നും മനോരമ പങ്കുവെച്ചതായി കണ്ടെത്താനായില്ല. സോഫ്റ്റ്വെയറുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന ചിത്രം പൂർണമായും എഐ നിർമ്മിതമാണെന്ന് കണ്ടെത്തി.

AI-generation detection tool results showing a 99.9% probability score for the fabricated social media card targeting Annie Raja
സോഫ്റ്റ്വെയറിൽ നിന്ന് ലഭിച്ച ഫലം

ഒക്ടോബർ 30 നാണ് എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വേദിയിൽ പ്രസംഗിക്കുകയായിരുന്ന മന്ത്രിയോട് മഹാരാജാസ് കോളേജ് യൂണിയൻ വൈസ്-ചെയർപേഴ്സൺ ചോദ്യം ചോദിച്ചതായിരുന്നു തുടക്കം. നൂറ് ദിവസത്തിലധികമായി ദിവസങ്ങളായി കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ പറ്റിയായിരുന്നു ചോദ്യങ്ങൾ. 

ആഗസ്റ്റ് 13 ന് സംസ്കൃത സർവകലാശാല വി സി സിസ തോമസ് ക്യാമ്പസിലെത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. നാടക മത്സരത്തിനിടയ്ക്ക് പണിമുടക്കിയ ലൈറ്റുകളുടെ ‘ശവമഞ്ചമൊരുക്കി’ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാൽ സിസ തോമസിന്റെ ശവമഞ്ചമാണ് വിദ്യാർത്ഥികൾ സമരത്തിനായി ഒരുക്കിയതെന്നായിരുന്നു വിസി യുടെയും സർക്കാരിന്റെയും ആരോപണം. തുടർന്ന് സമരത്തിൽ പങ്കെടുത്ത പതിനാറ് വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡും ചെയ്തു. 

നഫീസത്തുൽ മിസ്രിയയെയും കോളേജ് യൂണിയൻ ചെയർപേഴ്സൺ പ്രണീൽ രാജിനെയും മഹാരാജാസ് കോളേജ് അധികൃതർ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ‘അച്ചടക്ക ലംഘനമാണ്’ സസ്പെൻഷന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

പരിപാടി തീരുന്നതുവരെ നഫീസത്തുൽ മിസ്രിയക്ക് കാത്തിരിക്കാമായിരുന്നുവെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ സമരങ്ങൾ അത്തരത്തിൽ കാത്തിരുന്ന് നടത്തുന്നതിൽ അർഥമില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.

എന്നാൽ നഫീസത്തുലിനെ മാത്രം കേന്ദ്രീകരിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. 

സിപിഐഎം തള്ളിപ്പറഞ്ഞുവെന്നത് മാത്രമല്ല നഫീസത്തുലിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ. വ്യക്തിഹത്യ മുതൽ ലൈംഗിക അധിക്ഷേപങ്ങൾ വരെ നീളുന്ന സൈബർ ആക്രമണമാണ് നടക്കുന്നത്.

നഫീസത്തുൽ മിസ്രിയ പോക്സോ കേസിലെ പ്രതിയാണെന്നാണ് മറ്റൊരു ആരോപണം. പോസ്റ്റർ മുഖേനെയാണ് ഈ വാർത്തയുടെയും പ്രചരണം. 

Fabricated police FIR document falsely linking SFI leader Nafesathul Misriya to a POCSO case

‘12 വയസായ ആൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതി’യാണ് നഫീസത്തുൽ മിസ്രിയയെന്നാണ് പോസ്റ്ററിലെ ആരോപണം. പോസ്റ്റിലെ കമന്റുകളിൽ മുഴുവനും വാർത്ത പൂർണമായും വിശ്വസിച്ചവരെയാണ് കാണാനാകുക.

മഹാരാജാസ് കോളേജിലെ ഇലക്ഷൻ പ്രചാരണത്തിനിടയ്ക്കുള്ള മിസ്രിയയുടെ ചിത്രവും ഒരു പോലീസ് എഫ്ഐആറിന്റെ ചിത്രവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. മിസ്രിയക്കെതിരായുള്ള കേസിന്റെ എഫ്ഐആറാണ് ഇതെന്നാണ് ആഖ്യാനം. പോസ്റ്ററിൽ പ്രതിപാദിക്കുന്നത് പോലെയാണെങ്കിൽ, പോക്സോ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ട കേസാണിത്. എന്നാൽ ഈ നിയമത്തിന്റെ തന്നെ സെക്ഷൻ 23 പറയുന്നതനുസരിച്ച്, പോക്സോ കേസുകളിലെ അതിജീവിതരുടെ വ്യക്തിഗത വിവരങ്ങൾ പൊതുവിടങ്ങളിലൊന്നും ലഭ്യമാക്കാൻ പാടുള്ളതല്ല. കേസിൽ ഉൾപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുമെന്നുള്ളത് കൊണ്ടുതന്നെ എഫ്ഐആറും ഇത്തരത്തിൽ പൊതുവായി പ്രസിദ്ധീകരിക്കാൻ സാധിക്കില്ല. സാധാരണയായി എഫ്ഐആറുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന കേരള പോലീസിന്റെ വെബ്സൈറ്റിലും ഇത്തരം കേസുകളുടെ എഫ്ഐആറുകൾക്ക് വിലക്കുണ്ട്. ചുരുക്കത്തിൽ, പോക്സോ കേസുകളുടെ എഫ്ഐആർ കോപ്പികൾ പോലീസ് പുറത്ത് വിടില്ല, ഏതെങ്കിലും തരത്തിൽ ഇത് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടാൽ തന്നെ അത് നിയമവിരുദ്ധവുമാണ്. 

മാത്രമല്ല, പോസ്റ്ററിലെ എഫ്ഐആറിൽ പൊരുത്തക്കേടുകളുണ്ട്. സാധാരണയായി കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന എല്ലാ എഫ്ഐആറുകളുടെയും ഇടത് ഭാഗത്ത് മുകൾ വശത്തായി കേരള പോലീസിന്റെ ലോഗോയും വലതുവശത്തായി കേരള സർക്കാരിന്റെ ലോഗോയും കാണും. എന്നാൽ പ്രചരിക്കുന്ന പോസ്റ്ററിലെ എഫ്ഐആറിൽ ഇത് രണ്ടും കാണാൻ സാധിക്കില്ല. ഇത് എഫ്ഐആറിന്റെ വ്യാജ ചിത്രമാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. നഫീസത്തുൽ മിസ്രിയക്കെതിരെ പീഡനാരോപണം ഉന്നയിക്കുന്ന വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Comparison showing the fabricated police FIR document alongside an authentic Kerala Police FIR document format exposing mismatched details

‘Aneesrar Vilayur’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റർ കണ്ടെത്തിയത്. സ്ഥിരമായി കോൺഗ്രസ് അനുകൂല പോസ്റ്റുകൾ തന്നെയാണ് ഈ അക്കൗണ്ടും പങ്കുവെക്കുന്നത്.

ഒരു പടികൂടി കടന്ന് മിസ്രിയക്കെതിരെ വർഗ്ഗീയ പ്രചാരണങ്ങൾ നടത്തുന്നുമുണ്ട് ചിലർ. മുസ്ലിം നാമധാരിയായത് കൊണ്ട് തന്നെ, ‘തീവ്രവാദിയെന്ന്’ വിളിച്ചാണ് ആക്ഷേപം. ‘Rajesh Raja’ എന്ന അക്കൗണ്ടിൽ നിന്നുമുള്ള അധിക്ഷേപകരമായ പോസ്റ്റ്‌ ഒരു ഉദാഹരണമാണ്. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് മിസ്രിയയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ അക്കൗണ്ടിൽ നിന്ന് തന്നെ സമാനമായ ഒന്നിലധികം പോസ്റ്റുകൾ കണ്ടെത്താനായി. സ്ഥിരമായി കോൺഗ്രസ് അനുകൂല പോസ്റ്റുകൾ പങ്കുവെക്കുന്ന അക്കൗണ്ട് തന്നെയാണ് ഇതും. “ഇതുങ്ങളൊക്കെ എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് അറിയാൻ പാടിലാലോ” എന്നാണ് ഇതേ അക്കൗണ്ട് മറ്റൊരു പോസ്റ്റിൽ കമന്റ് ചെയ്തത്.

Comparison showing the fabricated police FIR document alongside an authentic Kerala Police FIR document format exposing mismatched details
‘Rajesh Raja’ എന്ന അക്കൗണ്ട് മിസ്രിയയെ ‘തീവ്രവാദി’യെന്ന് വിശേഷിപ്പിച്ച് പങ്കുവെച്ച പോസ്റ്റുകൾ

നഫീസത്തുൽ മിസ്രിയയുടെ ശരീരത്തെയും, വ്യക്തിത്വത്തെയും അപമാനിച്ച് കൊണ്ടുള്ള പോസ്റ്റുകൾ ഇനിയും നിരവധിയുണ്ട്. കണ്ടെത്തിയവയെല്ലാം കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നുള്ളവ തന്നെയാണ്. 

വ്യാജ പ്രചാരണങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മിസ്രിയക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ പല സ്വഭാവത്തിലുള്ളതാണ്. രാഷ്ട്രീയ പ്രചാരണങ്ങൾ മുതൽ വ്യക്തിഹത്യയും വർഗ്ഗീയ പ്രചാരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ എല്ലാ പോസ്റ്റുകളും പ്രചരിക്കുന്നത് കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്ന് തന്നെയാണ്. 

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top