
ജീവൻ രക്ഷാ മരുന്നുകളുടെ പേറ്റന്റ് അവകാശം – സരോജയുടെ പോരാട്ടം; മാജിദയുടെയും
ഇന്ത്യയിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നു. ഓരോ ആറ് മിനിറ്റിലും ഒരാൾ സ്തനാർബുദം മൂലം മരിക്കുന്നു. യഥാർത്ഥത്തിൽ രോഗമല്ല, മരുന്നുകളുടെ പൊള്ളുന്ന വിലയാണ് മനുഷ്യരെ കൊല്ലുന്നത്. രാജ്യത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരം സ്തനാർബുദത്തിന്റെ മരുന്നിന് പ്രതി മാസം അറുപതിനായിരമോ അതിൽ കൂടുതലോ ആണ് വില. ഇത്തരം മരുന്നുകളുടെ പേറ്റന്റ് അവകാശമാണ് ഉയർന്ന വിലക്ക് കാരണമാകുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ കാര്യത്തിൽ ജനങ്ങളുടെ പക്ഷത്ത് നിൽക്കേണ്ട സർക്കാർ കുത്തക കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.
“ഇതൊരു ക്ഷേമ രാഷ്ട്രമാണ്, ഇവിടെ ഞാനെന്തിന് നരകയാതന അനുഭവിക്കണം?”
പൊന്നാനി സ്വദേശിയും അഭിഭാഷകയുമായ മാജിദ ചോദിക്കുന്നു. കഴിഞ്ഞ വർഷമാണ് മാജിദക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. സെപ്റ്റംബർ 28 ന് വന്ന ഒരു ഹൈക്കോടതി വിധിയെ കുറിച്ച് ഒബിസിയോട് സംസാരിക്കുകയായിരുന്നു മാജിദ. പേറ്റന്റുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന കേസിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. മാജിദയുൾപ്പെടെയുള്ള ഹർജിക്കാർ വിധിയിൽ തൃപ്തരല്ലെങ്കിലും, ഒരു വലിയ പോരാട്ടത്തിന് തുടക്കം കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണവർ.
സരോജ രാധാകൃഷ്ണൻ തുടങ്ങി വെച്ച പോരാട്ടം
2021 ജൂലൈയിലാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സരോജ രാധാകൃഷ്ണന് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ‘HR+/HER2- Luminal A’ എന്ന പ്രത്യേക ഇനത്തിൽ പെട്ട, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്ന തരം അർബുദമാണ് സരോജയിൽ ഡോക്ടർമാർ കണ്ടെത്തിയത്. രോഗത്തിനായി ‘റൈബോസൈക്ലിബ്’ (Ribociclib) എന്ന ജീവൻരക്ഷാ മരുന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ മരുന്നിന് ഏകദേശം 58,140 രൂപ മാസം തോറും ചെലവ് വരുമായിരുന്നു. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ നോവാർട്ടിസ് (Novartis) എന്ന ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്ക് ഇന്ത്യയിൽ പേറ്റന്റുള്ള മരുന്നാണിത്.
സരോജയുടെയും ഭർത്താവിന്റെയും പരിമിതമായ പെൻഷൻ വരുമാനം കൊണ്ട് കണ്ടെത്താൻ കഴിയുന്നതായിരുന്നില്ല ഈ ഭാരിച്ച തുക. ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ പ്രത്യേകാധികാരം ഉപയോഗപ്പെടുത്തി തനിക്ക് റൈബോസൈക്ലിബ് വില കുറച്ച് നൽകണമെന്നാവശ്യപ്പെട്ട് 2022 ജനുവരിയിൽ സരോജ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ഇതിൽ മറുപടിയില്ലാതെ വന്നതോടെ, 2022 ജൂൺ 2 ന് അവർ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. റൈബോസൈക്ലിബ് വില കുറച്ച് നിർമിക്കാൻ മറ്റ് കമ്പനികൾക്ക് ലൈസൻസ് നൽകുകയോ സർക്കാർ തന്നെ മരുന്ന് വില കുറച്ച് ലഭ്യമാക്കുകയോ ചെയ്യണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. പേറ്റന്റ് നിയമത്തിലെ 92, 100 വകുപ്പുകൾ പ്രകാരം സർക്കാരിന് ഈ അധികാരമുണ്ട്.
റൈബോസൈക്ലിബിന്റെ അമിത വില, ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം. മാത്രമല്ല, ആർട്ടിക്കിൾ 47 (നിർദേശക തത്വങ്ങൾ ) പ്രകാരം പൊതുജനാരോഗ്യം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സരോജ കോടതിയിൽ വാദിച്ചു.
എന്നാൽ കേസ് പുരോഗമിക്കവേ, രോഗം മൂർച്ഛിച്ച് 2022 സെപ്റ്റംബറിൽ സരോജ രാധാകൃഷ്ണൻ മരണത്തിന് കീഴടങ്ങി. ഹർജിക്കാരിയുടെ വിയോഗത്തോടെ കേസ് അവസാനിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, 2022 സെപ്റ്റംബർ 16 ന് ഈ വിഷയത്തിൽ സ്വമേധയാ (Suo Motu) കേസെടുക്കാൻ ഉത്തരവിട്ടു. കോടതിയെ സഹായിക്കാനായി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. സരോജയുടെ ഭർത്താവും വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനുമായ എം രാധാകൃഷ്ണൻ, പ്രമുഖ ഭിന്നശേഷി അവകാശ പ്രവർത്തകനും അഭിഭാഷകനുമായ രാഹുൽ ബജാജ്, അർബുദ ബാധിതയും അഭിഭാഷകയുമായ അഡ്വ. മാജിദ എ എം എന്നിവർ കേസിൽ കക്ഷി ചേർന്നു.

2023 ജനുവരി 10 ന് ശേഷം ഇന്ത്യയിൽ സംഭവിച്ചത്
തുടർന്ന് കേസിലെ പ്രധാന വഴിത്തിരിവുണ്ടായത് 2023 ജനുവരി പത്തിനായിരുന്നു. റൈബോസൈക്ലിബിന് പകരമെന്ന് കരുതുന്ന മറ്റൊരു മരുന്നിന്റെ ഇന്ത്യയിലെ പേറ്റന്റ് കാലാവധി അവസാനിച്ച ദിവസമായിരുന്നു അത്. അമേരിക്ക ആസ്ഥാനമായ ഫൈസർ (pfizer) കമ്പനിയുടെ ‘പാൽബോസൈക്ലിബ്’ (Palbociclib) എന്ന മരുന്നിന്റെ പേറ്റന്റ് കാലാവധിയാണ് അന്ന് അവസാനിച്ചത്. പേറ്റന്റ് കാലാവധി തീർന്നതോടെ ഇന്ത്യൻ കമ്പനികൾ പാൽബോസൈക്ലിബിന്റെ അതേ തന്മാത്ര ഘടനയിലുള്ള വില കുറഞ്ഞ മരുന്നുകൾ വിപണിയിലെത്തിച്ചു. ഇതോടെ മാസം 80,000 രൂപയുണ്ടായിരുന്ന മരുന്നിന് 3,800 മുതൽ 10,000 രൂപ വരെയായി വില കുറഞ്ഞു. പിന്നാലെ, റൈബോസൈക്ലിബിന്റെ പേറ്റന്റിൽ ഇടപെടേണ്ടതില്ലെന്നും, രോഗികൾക്ക് ചെലവ് കുറഞ്ഞ പാൽബോസൈക്ലിബ് പകരമായി ഉപയോഗിക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിക്കാൻ തുടങ്ങി.
രണ്ട് മരുന്നുകൾ, രണ്ട് തരം രോഗാവസ്ഥകൾ
എന്നാൽ, രണ്ട് മരുന്നുകളും ഒരേ ഇനത്തിൽപ്പെട്ടതാണെങ്കിലും, ഇവ തമ്മിൽ കാതലായ വ്യത്യാസങ്ങളുണ്ട്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ചികിത്സയ്ക്കാണ് റൈബോസൈക്ലിബ് ഉപയോഗിക്കുന്നത്. മറിച്ച്, ഇതേ രോഗത്തിന്റെ നാലാം ഘട്ടത്തിൽ, അതായത്, തീവ്രാവസ്ഥയിൽ ഉപയോഗിക്കുന്ന മരുന്നാണ് പാൽബോസൈക്ലിബ്. മാത്രമല്ല, അതിജീവന നിരക്കിലും റൈബോസൈക്ലിബിനുള്ള മുൻതൂക്കം പാൽബോസൈക്ലിബിന് ഇല്ലെന്നും, ഇവ പരസ്പരം മാറി ഉപയോഗിക്കാൻ കഴിയില്ലെന്നും അമിക്കസ് ക്യൂറിയും ഹർജിക്കാരുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി.
തുടർന്ന്, 2026 ജൂലൈ 15-ന് ഹൈക്കോടതി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC), ജജ്ജാർ (Jhajjar) നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (NCI), കൊൽക്കത്ത ചിത്തരഞ്ചൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (CNCI), ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI/CDSCO) എന്നീ നാല് വിദഗ്ധ സ്ഥാപനങ്ങളെ കേസിൽ സ്വമേധയാ കക്ഷികളാക്കുകയും, ഈ രണ്ട് മരുന്നുകളും പരസ്പരം മാറി ഉപയോഗിക്കാൻ കഴിയുന്നവയാണോ (medically interchangeable) എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ആർസിസി സമർപ്പിച്ച റിപ്പോർട്ടിൽ റൈബോസൈക്ലിബ് പ്രാരംഭ ഘട്ട രോഗികൾക്കും പാൽബോസൈക്ലിബ് തീവ്രാവസ്ഥയിലുള്ള രോഗികൾക്കുമാണ് നൽകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതേ റിപ്പോർട്ടിന്റെ ഏറ്റവും ഒടുവിലായി, ‘തൽഫലമായി, ഈ മൂന്ന് മരുന്നുകളും അനുയോജ്യമായ ഓപ്ഷനുകളാണ്’ എന്നും പറയുന്നു. റൈബോസൈക്ലിബിന് സമാനമായ, ‘അബ്മാസൈക്ലിബ്’ (Abemaciclib) എന്ന മരുന്നാണ് മൂന്നാമത്തേത്.
അർബുദത്തിന്റെ തീവ്രഘട്ടത്തിൽ മാത്രമുപയോഗിക്കാവുന്നതെന്ന് ആർസിസി തന്നെ വ്യക്തമാക്കുന്ന പാൽബോസൈക്ലിബ്, എങ്ങനെയാണ് പ്രാരംഭഘട്ട രോഗികൾക്ക് ‘അനുയോജ്യമായ ഓപ്ഷൻ’ ആകുന്നതെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചോദിക്കുന്നു.
“ആർസിസി യുടെ റിപ്പോർട്ടിനുള്ളിൽ തന്നെ വൈരുദ്ധ്യമുണ്ട്. റൈബോസൈക്ലിബിന് പകരമാകാൻ മറ്റ് മരുന്നുകൾക്ക് സാധിക്കില്ലെന്ന് തെളിഞ്ഞിട്ടും, അങ്ങനെയൊരു വരി റിപ്പോർട്ടിൽ ചേർത്തത് സംശയജനകമാണ്” കേസിലെ രണ്ട് ഹർജിക്കാരുടെ അഭിഭാഷകനും ഈ മേഖലയിലെ മുതിർന്ന ഗവേഷകനുമായ കെ എം ഗോപകുമാർ ഒബിസിയോട് പറഞ്ഞു.
ഓരോ രോഗിക്കും ഏത് മരുന്ന് നൽകണമെന്ന തീരുമാനമെടുക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ആർസിസി, ഡിസിജിഐ എന്നീ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. പതിനഞ്ചാം ഹർജിക്കാരിയും സ്തനാർബുദ രോഗിയുമായ മാജിദയെ ചികിൽസിക്കുന്ന ഡോക്ടറുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ മാജിദയുടെ നിലവിലെ രോഗാവസ്ഥയ്ക്ക് നൽകേണ്ട മരുന്ന് റൈബോസൈക്ലിബ് ആണെന്ന് വ്യക്തമാക്കുന്നുണ്ട്.
അവ്യക്തമായ കോടതിവിധി
കേസ് കോടതിയിൽ 57 തവണ വാദത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും അന്തിമവാദം നീണ്ടുപോയി. തുടർന്ന്, അഞ്ച് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ 2026 സെപ്റ്റംബർ 28 ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വിധി പ്രസ്താവിച്ചു. ജീവൻരക്ഷാ മരുന്നുകളുടെ അമിതവില ദരിദ്രരെയും സാധാരണക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുവെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ നാല്പത്തിയേഴാം അനുച്ഛേദപ്രകാരം പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ സർക്കാരിന് കടമയുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും വിധിയിൽ പ്രത്യേക പരാമർശമുണ്ട്.
ജീവൻരക്ഷാ മരുന്നുകൾ അമിതവിലയ്ക്ക് വിൽക്കുന്ന സാഹചര്യങ്ങളിൽ പേറ്റന്റ് നിയമത്തിലെ നൂറാം വകുപ്പ് പ്രകാരം സർക്കാരിന് ഇടപെടാൻ അധികാരമുണ്ടെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണവും മരുന്നുകളുടെ യഥാർത്ഥ ആവശ്യകതയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിച്ച്, കേസുകളിൽ നയപരമായ തീരുമാനം എടുക്കാൻ സർക്കാരിനെ നിർദേശിക്കുക മാത്രമാണ് വിധിയിലൂടെ കോടതി ചെയ്തത്.
ഈ മരുന്നുകൾക്ക് പുറമെ, സമാനമായ തരം സ്തനാർബുദത്തിന് ഉപയോഗിക്കാവുന്ന ‘അബെമസൈക്ലിബ്’ (Abemaciclib) എന്ന മരുന്നിനെ പറ്റിയും കേസിൽ പരാമർശമുണ്ട്. അമേരിക്ക ആസ്ഥാനമായ ഇലൈ ലില്ലി (Eli lilly) എന്ന ബഹുരാഷ്ട്ര കമ്പനിക്കാണ് അബെമസൈക്ലിബ് ന്റെ പേറ്റന്റവകാശമുള്ളത്. പൊതുതാത്പര്യം കണക്കിലെടുത്ത്, 2023 മാർച്ച് 15 ന് കേരള ഹൈക്കോടതി ഈലൈ ലില്ലിയെ കേസിൽ എതിർകക്ഷിയായി ഉൾപ്പെടുത്തി.
പ്രതിമാസം ഏകദേശം 95,000 രൂപയോളം വിലവരുന്ന അബെമാസൈക്ലിബിന്റെ പേറ്റന്റിൽ സർക്കാരുകൾ ഇടപെടുന്നതിനെ ഈലൈ ലില്ലി കമ്പനി കോടതിയിൽ ശക്തമായി എതിർത്തിരുന്നു. 2008 ന് പേറ്റന്റിന് അപേക്ഷിച്ചിട്ടും അനുവദിച്ചു കിട്ടിയത് 2018 ലാണെന്നും, 2029 ഡിസംബർ 15 ന് പേറ്റന്റ് കാലാവധി കഴിയുമെന്നും കമ്പനി പറയുന്നു. ഇതിനാൽ 20 വർഷത്തെ പേറ്റന്റ് കാലാവധിയിൽ കേവലം പത്ത് വർഷം മാത്രമാണ് തങ്ങൾക്ക് വിപണിയിൽ വാണിജ്യപരമായ ആനുകൂല്യം ലഭിക്കുന്നതെന്നുമാണ് കമ്പനിയുടെ വാദം.
മെഡിക്കൽ വിദഗ്ധരുടെയും റീജിയണൽ കാൻസർ സെന്ററിന്റെയും (RCC) റിപ്പോർട്ടുകൾ പ്രകാരം, അബെമസൈക്ലിബും സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയുന്നതിൽ സമാനമായ ഫലപ്രാപ്തി നൽകുന്നവയാണ്. റൈബോസൈക്ലിബിനെപ്പോലെ തന്നെ അർബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലും രോഗം പടർന്നുപിടിച്ച തീവ്ര ഘട്ടത്തിലും ഒരുപോലെ ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നാണ് അബെമസൈക്ലിബ്.
കോടതി വിധിയിൽ തന്നെയും നിരവധി പൊരുത്തക്കേടുകളുണ്ടെന്ന് കേസിലെ പ്രധാന അഭിഭാഷകർ പറയുന്നു. വിധിയിൽ പലയിടത്തും വ്യക്തതയില്ലാത്തതാണ് പ്രധാന പ്രശ്നമായി ഇവർ ഉന്നയിക്കുന്നത്. വിധിയുടെ അമ്പത്തി ആറാം പേജിൽ ഇങ്ങനെ പറയുന്നു.
“ഈ പ്രത്യേക മരുന്ന് ജനങ്ങൾക്ക് താങ്ങാനാവുന്നതാണോ അല്ലയോ എന്ന തീരുമാനത്തിലെത്താൻ ആവശ്യമായ വിവരങ്ങൾ സർക്കാർ ശേഖരിക്കേണ്ടതുണ്ട്; അനിവാര്യമെന്ന് കാണുന്നപക്ഷം, ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പേറ്റന്റ് നിയമത്തിലെ നൂറാം വകുപ്പ് അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകേണ്ടതുമാണ്.”.
എന്നാൽ കോടതി മുന്നോട്ടുള്ള നടപടിക്രമങ്ങൾ ‘സർക്കാർ’ ഏറ്റെടുത്ത് നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
“ഇവിടെ ‘സർക്കാർ’ എന്നതൊരു പൊതുവായ വാക്കാണ്. സർക്കാരിന്റെ ഏത് വിഭാഗമാണ് അല്ലെങ്കിൽ മന്ത്രാലയമാണ് വിവരങ്ങൾ ശേഖരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുന്നില്ല. മുൻപോട്ടുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടാക്കാൻ ഈ അവ്യക്തത തന്നെ ധാരാളമാണ്.” ഗോപകുമാർ കെ എം പറയുന്നു.

ഇതേ ഭാഗത്തിൽ ‘പ്രത്യേക മരുന്ന്’ എന്ന പദപ്രയോഗവും ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഗോപകുമാർ പറയുന്നു. കേസിൽ ആകെ മൂന്ന് മരുന്നുകളെ പറ്റി പരാമർശിക്കുന്നുണ്ട്. ഇതിൽ ഏത് മരുന്നിനെ കുറച്ചാണ് കോടതി പരാമർശിക്കുന്നതെന്ന് വ്യക്തമല്ല.
വിധിയിൽ മരുന്നിന്റെ വില ജനങ്ങൾക്ക് ‘താങ്ങാനാവുന്നതാണോ അല്ലയോ’ (Affordable or not) എന്ന് പരിശോധിക്കാൻ ഡാറ്റ ആവശ്യമാണെന്ന് പറയുന്നുണ്ട്. എന്നാൽ, പലപ്പോഴും മരുന്നുകളുടെ കാര്യത്തിൽ താങ്ങാനാവുന്നതാണോ അല്ലയോ എന്ന ചോദ്യം ആപേക്ഷികമാണ്. ഓരോ രോഗിയുടെയും സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ ഇത് നിർവചിക്കാനാകൂ. കൃത്യമായ മാനദണ്ഡങ്ങൾ പരാമർശിക്കാതെ ഇതിനൊരുത്തരം കണ്ടെത്താനാകില്ലെന്ന് അഭിഭാഷകർ പറയുന്നു.
മാത്രമല്ല, അന്തരിച്ച സരോജ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലെ മൂന്നാം വാദത്തിന് പൂർണമായും എതിരാണ് വിധിയിലെ ഈ ഭാഗം. ദേശീയ കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി, ഈ പ്രത്യേക തരം സ്തനാർബുദം (HER2-Negative Metastatic Breast Cancer) ബാധിച്ച എല്ലാ രോഗികൾക്കും പൂർണ്ണമായും സൗജന്യമായി റൈബോസൈക്ലിബ് നൽകണമെന്നാണ് ഹർജിയിൽ സരോജയുടെ മൂന്നാമത്തെ ആവശ്യം. രോഗികൾക്ക് ‘താങ്ങാനാവുന്നതാണോ’ അല്ലയോ എന്ന് പരിശോധിക്കുന്നതിലൂടെ, സരോജയുടെ ഈ ആവശ്യം നിരാകരിക്കപ്പെടുകയാണ്.
റൈബോസൈക്ലിബിന്റെ നിലവിലെ വില രോഗികൾക്ക് താങ്ങാനാവുന്നതാണോ എന്നതിനെ സംബന്ധിച്ച് സർക്കാർ ഡാറ്റകളൊന്നുമില്ല. എന്നാൽ മരുന്നിന്റെ വില കൂടുതലാണെന്ന് തെളിയിക്കാൻ ഹർജിക്കാർ തന്നെ ചില രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വില വരുമാനത്തിന്റെ മൂന്നിരട്ടിയിലേറെ
അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകൾ പ്രകാരം 2026 ൽ ഒരു സാധാരണ ഇന്ത്യൻ പൗരന്റെ ശരാശരി മാസവരുമാനം 22,570 രൂപയാണ്. നിലവിലെ വിലയനുസരിച്ച്, ഒരു മാസത്തെ റൈബോസൈക്ലിബിന് 63,000 മുതൽ 66,000 വരെ ചെലവാകും. അതായത്, ഒരു സാധാരണ ഇന്ത്യൻ പൗരന്റെ ശരാശരി വരുമാനത്തിന്റെ മൂന്നിരട്ടിയോളമുണ്ട് ഈ മരുന്നിന്റെ വില.
“സാമ്പത്തികമായി ഉപരി മധ്യവർഗ്ഗത്തിൽ പെട്ട ഞങ്ങൾക്ക് പോലും ഈ മരുന്നുകളുടെ വില താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവസ്ഥയെന്താകും?” ആദ്യ ഹർജിക്കാരി സരോജ രാധാകൃഷ്ണന്റെ ഭർത്താവ് എം രാധാകൃഷ്ണൻ പറയുന്നു. സരോജയുടെ മരണശേഷം രാധാകൃഷ്ണനും കേസിൽ ഹർജി ചേർന്നിട്ടുണ്ട്.
കുത്തക കമ്പനികളെ സഹായിക്കുന്ന നിയമ ഭേദഗതി
വിധിയുടെ നാൽപത്തിരണ്ടാം പാരഗ്രാഫിൽ, ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികളുടെ ആകെ എണ്ണം ഒരു ചോദ്യമാണെന്ന് കോടതി പറയുന്നുണ്ട്. ഇതിനെ പറ്റി വ്യക്തമായ കണക്കുകൾ ലഭ്യമല്ലാത്തത് കേസിൽ ഒരു പ്രശ്നമായി നിലനിൽക്കുന്നുവെന്നാണ് വ്യാഖ്യാനം. എന്നാൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ ഫോം 27 പ്രകാരം, കമ്പനികൾ തങ്ങൾക്ക് പേറ്റന്റുള്ള ഉത്പന്നത്തിന്റെ ആകെ ഉത്പാദന/ഇറക്കുമതി അളവ് സർക്കാരിന് സമർപ്പിക്കണമെന്നാണ്. എന്നാൽ 2020 ൽ ഈ നിയമത്തിൽ മോദി സർക്കാർ ഭേദഗതികൊണ്ട് വന്നു. ഈ ഭേദഗതിയിലൂടെ ഉത്പന്നത്തിന്റെ ഉത്പാദന/ഇറക്കുമതി കണക്കുകൾ സർക്കാരിന് സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. അതുകൊണ്ട് തന്നെ, ഭേദഗതിക്ക് ശേഷമുള്ള ഈ മരുന്നിന്റെ ഉത്പാദന/വിതരണ കണക്കുകൾ ലഭ്യമല്ല.

2018 ൽ റൈബോസൈക്ലിബ് ആദ്യമായി വിപണിയിലെത്തിയപ്പോൾ 8,000 യൂണിറ്റുകളാണ് വിറ്റതെന്ന് അന്ന് ഫോം 27 ലൂടെ കമ്പനി വ്യക്തമാക്കിയിരുന്നു അതായത്, ഏകദേശം 267 രോഗികൾക്ക്. 2022 ആയപ്പോൾ ഇത് 53,061 യൂണിറ്റുകളായി – 1,769 രോഗികൾ.
ഓരോ മൂന്ന് മിനിറ്റിലും ഒരു രോഗി; ഓരോ ആറ് മിനിറ്റിലും ഒരു മരണം
അർബുദ ചികിത്സാച്ചെലവ് സാധാരണക്കാരായ രോഗികളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിടുന്നുവെന്ന് 2022 ലെ ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പഠന റിപ്പോർട്ട് തന്നെ പറയുന്നു. ഇന്ത്യയിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദ ബാധിതയായി മാറുന്നുണ്ടെന്നും, ഓരോ ആറ് മിനിറ്റിലും ഒരു സ്ത്രീ ഈ രോഗം മൂലം മരണപ്പെടുന്നുണ്ടെന്നും ഈ റിപ്പോർട്ടിലെ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അർബുദ ചികിത്സയ്ക്കായി ആകെ ചെലവാകുന്ന തുകയുടെ 36 ശതമാനത്തിലധികവും ജീവൻരക്ഷാ മരുന്നുകൾ വാങ്ങാനാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ 40 ശതമാനത്തോളം അർബുദ രോഗികളും ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നത് ഉയർന്ന പലിശയ്ക്ക് കടം വാങ്ങിയോ, വീടും വസ്തുവകകളും വിറ്റഴിച്ചോ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടോ ആണെന്ന് പാർലമെൻററി സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരും സ്വകാര്യ മേഖലയും അടിയന്തരമായി ഇടപെട്ട് മരുന്നുകളും ചികിത്സയും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
സരോജ രാധാകൃഷ്ണന്റെ കേസ് പരിഗണിക്കവേ, ഈ പാർലമെന്ററി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാരിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ചത്. ഒരു കുടുംബത്തിലെ ഒരാൾക്ക് അർബുദം സ്ഥിരീകരിക്കുന്നത് ആ കുടുംബത്തെയാകെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നുവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇതിനൊക്കെ പുറമേ, വിധിയിൽ സർക്കാരിന് നടപടിയെടുക്കാൻ കാലാവധി നിശ്ചയിച്ചിട്ടുമില്ല. “ഡാറ്റ പരിശോധിച്ച് നടപടിയെടുക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നടപടി എടുക്കേണ്ട സമയ പരിധി സംബന്ധിച്ച് വിധിയിൽ വ്യക്തതയില്ലാത്തതിനാൽ നടപടി ക്രമങ്ങൾ അനന്തമായി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിന് കഴിയും”” ഗോപകുമാർ കെ എം പറയുന്നു.
പേറ്റന്റ് നിയമത്തിൽ സാധ്യതകളേറെ
മരുന്ന് നിർമ്മാതാക്കളുടെ പേറ്റന്റ് കുത്തകയും പൊതുജനാരോഗ്യവും തമ്മിൽ സന്തുലനമുണ്ടാവാൻ ഇന്ത്യൻ പേറ്റന്റ് നിയമത്തിനുള്ളിൽ തന്നെ സാധ്യതകളുണ്ട്. നിയമത്തിലെ 84, 92, 100 വകുപ്പുകൾ ഇതിനായി രൂപീകരിച്ചവയാണ്.
നിയമത്തിലെ വകുപ്പ് 84 പൊതുവായ ‘നിർബന്ധിത ലൈസൻസിംഗിനെ’ (Compulsory Licensing) കുറിച്ചാണ് പറയുന്നത്. പേറ്റന്റ് നിലനിൽക്കെ തന്നെ മറ്റ് കമ്പനികൾക്ക് അതേ മരുന്നുണ്ടാക്കാൻ ലൈസൻസ് നൽകുന്നതിനെയാണ് ‘നിർബന്ധിത ലൈസൻസിംഗ്’ എന്ന് പറയുന്നത്. ഒരു മരുന്നിന് പേറ്റന്റ് ലഭിച്ച് മൂന്ന് വർഷം പൂർത്തിയായ ശേഷം, പൊതുജനങ്ങൾക്ക് ആവശ്യത്തിന് മരുന്ന് ലഭ്യമല്ലെന്നോ, താങ്ങാനാവുന്ന വിലയിലല്ല വിൽക്കുന്നതെന്നോ, അല്ലെങ്കിൽ ഇന്ത്യയിൽ ആ മരുന്ന് ഉൽപ്പാദിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ലെന്നോ ചൂണ്ടിക്കാട്ടി ഏതൊരു പ്രാദേശിക മരുന്ന് നിർമ്മാതാവിനും പേറ്റന്റ് കൺട്രോളർക്ക് നിർബന്ധിത ലൈസൻസിനായി അപേക്ഷിക്കാം. പേറ്റന്റുടമയുടെ വാദങ്ങളും സാങ്കേതിക വശങ്ങളും പരിശോധിച്ച് കൺട്രോളറാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുന്നത്.
അടിയന്തിര ഘട്ടങ്ങളിൽ സർക്കാരിന് ചെയ്യാനാവുന്നത്
എന്നാൽ വകുപ്പ് 92, അടിയന്തര ഘട്ടങ്ങളിൽ സർക്കാരിന് നേരിട്ട് ഇടപെടാനുള്ള പ്രത്യേക അധികാരം നൽകുന്നു. ഒരു മരുന്നിന്റെ കാര്യത്തിൽ ദേശീയ അടിയന്തിര സാഹചര്യമോ (National Emergency), അല്ലെങ്കിൽ വാണിജ്യേതര പൊതുജനാരോഗ്യ ആവശ്യങ്ങളോ നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടാൽ, ഗസറ്റ് വിജ്ഞാപനത്തിലൂടെ നിർബന്ധിത ലൈസൻസ് പ്രഖ്യാപിക്കാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ പേറ്റന്റുടമയുമായുള്ള ദീർഘകാല ചർച്ചകളും സങ്കീർണ്ണമായ നടപടിക്രമങ്ങളും ഒഴിവാക്കി വിലകുറഞ്ഞ നിർമ്മാണത്തിന് അതിവേഗം അനുമതി നൽകാനും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാനും ഇതിലെ പ്രത്യേക വ്യവസ്ഥകൾ സർക്കാരിന് അധികാരം നൽകുന്നു.
മറ്റെല്ലാ വകുപ്പുകളെയും അതിലംഘിക്കുന്ന പരമാധികാരം നിയമത്തിലെ നൂറാം വകുപ്പ് നൽകുന്നു. പേറ്റന്റ് ലഭിച്ച ഏതൊരു മരുന്നും ‘സർക്കാരിന്റെ ആവശ്യങ്ങൾക്കായി’ (Purposes of Government) നിർമ്മിക്കാനും ഉപയോഗിക്കാനും വിതരണം ചെയ്യാനും കേന്ദ്ര സർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ പൂർണ്ണ അനുമതി നൽകുന്നതാണ് ഈ വകുപ്പ്. പേറ്റന്റ് ഉടമയുടെ മുൻകൂട്ടിയുള്ള സമ്മതം കൂടാതെ തന്നെ, പൊതുജനാരോഗ്യ പദ്ധതികളിലൂടെയോ സർക്കാർ ആശുപത്രികളിലൂടെയോ കുറഞ്ഞ നിരക്കിലോ സൗജന്യമായോ മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്യാൻ ഇതുവഴി സാധിക്കുന്നു. പേറ്റന്റ് ഉടമയ്ക്ക് അർഹമായ പ്രതിഫലം നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും, പൊതുജനാരോഗ്യ താല്പര്യം മുൻനിർത്തി മരുന്നുലഭ്യത ഉറപ്പാക്കാൻ ഈ വകുപ്പ് സർക്കാരിനെ പൂർണ്ണമായി സഹായിക്കുന്നു. ഈ വകുപ്പ് പ്രകാരമുള്ള നടപടികളെടുത്ത് മരുന്ന് വിലകുറച്ച് എത്തിക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.
ബെയർ കേസ്: ജീവരക്ഷക്ക് വേണ്ടി സർക്കാർ നില കൊണ്ട ആദ്യത്തെ സംഭവം – അവസാനത്തേയും
ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ വകുപ്പ് 84 പ്രകാരം രാജ്യത്ത് ആദ്യമായും അവസാനമായും ഒരു മരുന്നിന് നിർബന്ധിത ലൈസൻസ് (Compulsory License) അനുവദിച്ച ഏക സംഭവം ബെയർ കേസാണ് (Bayer Corporation v. Union of India).
അർബുദ ചികിത്സയ്ക്കുള്ള ‘സൊറാഫെനിബ് ടോസിലേറ്റ്’ (Sorafenib Tosylate) എന്ന മരുന്ന് പ്രതിമാസം 4.13 ലക്ഷം രൂപയ്ക്കാണ് ബെയർ കമ്പനി 2012 വരെ വിറ്റ് കൊണ്ടിരുന്നത്. ഈ കുത്തക മറികടക്കാൻ, 2012-ൽ പേറ്റന്റ് നിയമത്തിലെ വകുപ്പ് 84 പ്രകാരം ‘നാറ്റ്കോ ഫാർമ’ എന്ന ഇന്ത്യൻ കമ്പനിക്ക് പേറ്റന്റ് കൺട്രോളർ രാജ്യത്തെ ആദ്യത്തെ നിർബന്ധിത ലൈസൻസ് (Compulsory License) അനുവദിക്കുകയുണ്ടായി. ഇതോടെ നാല് ലക്ഷത്തിലധികം രൂപ വിലയുണ്ടായിരുന്ന മരുന്ന് 97 ശതമാനത്തോളം വിലക്കുറവിൽ, 8,800 രൂപയ്ക്ക് വിപണിയിൽ ലഭ്യമായി. ബെയർ കമ്പനി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ സുപ്രീം കോടതി അമിതവിലക്കെതിരെ, പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിനും പൊതുജനാരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് ഈ നിർബന്ധിത ലൈസൻസ് പൂർണ്ണമായി ശരിവെച്ചു. 2014 ൽ ആയിരുന്നു ഈ വിധി വന്നത്.
എന്നാൽ റൈബോസൈക്ലിബിന്റെ കാര്യത്തിൽ, വകുപ്പ് 84 ഉദ്ധരിച്ച്, നിർബന്ധിത ലൈസൻസിന് അപേക്ഷ നൽകാനോ നിർമ്മാണം ഏറ്റെടുക്കാനോ ഒരു കമ്പനിയും മുന്നോട്ടുവന്നിട്ടില്ല. ബെയർ വിധിക്ക് ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ നിന്നും ഉണ്ടായ നയതന്ത്ര സമ്മർദ്ദങ്ങൾ കാരണം, പിന്നീട് ഒരു മരുന്നിനും നിർബന്ധിത ലൈസൻസ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
സ്തനാർബുദ മരുന്നുകളുടെ ഉയർന്ന വില ‘അടിയന്തിര സാഹചര്യമല്ലെ’ന്ന് സർക്കാർ
സ്തനാർബുദ മരുന്നുകൾക്ക് ഉയർന്ന വിലയാണെങ്കിലും അത് ‘ദേശീയ അടിയന്തിര സാഹചര്യം’ അല്ലെന്ന നിലപാടാണ് റൈബോസൈക്ലിബിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എങ്കിലും, ജീവൻരക്ഷാ മരുന്നുകളുടെ അമിതവിലയ്ക്കെതിരെ സർക്കാരിന് നിർബന്ധിത ലൈസൻസിംഗ് എന്ന അധികാരം ഉപയോഗിക്കാമെന്നതിന്റെ തെളിവായി ബെയർ കേസ് ഇപ്പോഴും നിലനിൽക്കുന്നു.
പേറ്റന്റ് നിയമത്തിലെ വകുപ്പ് 92 പ്രകാരമുള്ള സാഹചര്യങ്ങളൊന്നും ഈ കേസിൽ ഇല്ലെന്നും സ്തനാർബുദ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അത് ഇത്തരത്തിലുള്ള ഒരു ദേശീയ അടിയന്തിര സാഹചര്യമായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് കോടതിയിൽ കേന്ദ്ര സർക്കാർ വാദം. അതുപോലെ, പേറ്റന്റ് ലഭിച്ച ഒരു കണ്ടുപിടുത്തം ‘സർക്കാരിന്റെ ആവശ്യങ്ങൾക്കായി’ (purposes of Government) ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്യുന്ന നൂറാം വകുപ്പ്, സർക്കാരിന്റെ നേരിട്ടുള്ള വകുപ്പുതല പ്രവർത്തനങ്ങൾക്കോ പരമാധികാര ചുമതലകൾക്കോ മാത്രമേ ബാധകമാകൂ എന്നും സർക്കാർ പറയുന്നു. സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനായി മരുന്നുകളുടെ വില കുറയ്ക്കാനോ മൂന്നാം കക്ഷികൾക്ക് നിർമ്മാണ അനുമതി നൽകാനോ നൂറാം വകുപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ പ്രധാന വാദം.
രാജ്യത്തെ സ്തനാർബുദ ബാധിതരുടെ കൃത്യമായ കണക്കുകളോ, അമിതവില കാരണം മരുന്ന് വാങ്ങാൻ കഴിയാത്ത രോഗികളുടെ സ്ഥിതിവിവരക്കണക്കുകളോ ഹർജിയിൽ സമർപ്പിച്ചിട്ടില്ലെന്നും, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഹൈക്കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ വാദിച്ചു.
കോടിക്കണക്കിന് രൂപയും വർഷങ്ങളുടെ പരാജയപ്പെട്ട പരീക്ഷണങ്ങളും മനുഷ്യവിഭവശേഷിയും ചെലവഴിച്ചാണ് കാൻസർ മരുന്നുകൾ വികസിപ്പിക്കുന്നതെന്നും, പേറ്റന്റ് പരിരക്ഷ നിഷേധിച്ചാൽ ഭാവിയിലെ വൈദ്യശാസ്ത്ര ഗവേഷണങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നുമാണ് കമ്പനികളുടെ വാദം.
22 പേരിൽ ഒരാൾക്ക് സ്തനാർബുദ സാധ്യത
ഇന്ത്യയിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാം സ്ഥാനത്താണ് സ്തനാർബുദം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) ഡാറ്റ പ്രകാരം, പ്രതിവർഷം രണ്ട് ലക്ഷത്തിലധികം (2,00,000 മുതൽ 2,21,000 വരെ) പുതിയ സ്തനാർബുദ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ കാൻസർ ബാധിതരായ സ്ത്രീകളിൽ ഏകദേശം 14.8 ശതമാനം പേർക്കും സ്തനാർബുദമാണ്. ഓരോ മൂന്ന് മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നും, ഓരോ ആറ് മിനിറ്റിലും ഈ രോഗം മൂലം ഒരു സ്ത്രീ മരണപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, ഇന്ത്യയിലെ 22 സ്ത്രീകളിൽ ഒരാൾക്ക് ജീവിതകാലയളവിൽ സ്തനാർബുദം പിടിപെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്തനാർബുദ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2019 ൽ റിപ്പോർട്ട് ചെയ്തത് 2,00,218 സ്തനാർബുദ കേസുകളാണ്. 2023 ആയപ്പോഴേക്കും പുതിയ രോഗികളുടെ എണ്ണം 2,21,579 ആയി ഉയരുകയും, വാർഷിക മരണസംഖ്യ 74,481-ൽ നിന്ന് 82,429 ആയി വർദ്ധിക്കുകയും ചെയ്തു. വരും ദശകത്തിൽ ഓരോ വർഷവും പുതിയ രോഗികളുടെ എണ്ണത്തിൽ 50,000 വീതം വർദ്ധനവുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളിൽ, സ്തനാർബുദ രോഗികളിൽ 90 ശതമാനത്തിലധികം പേരും അഞ്ചുവർഷമോ അതിലധികമോ ജീവിച്ചിരിക്കാറുണ്ട്. എന്നാൽ, ഇന്ത്യയിൽ വെറും 66 ശതമാനം സ്തനാർബുദ രോഗികൾ മാത്രമാണ് അഞ്ച് വർഷം ജീവിച്ചിരിക്കുന്നത്.
ഈ കേസിന് ആസ്പദമായ ‘ഹോർമോൺ റിസപ്റ്റർ പോസിറ്റീവ്, എച്ച്.ഇ.ആർ.2 നെഗറ്റീവ്’ (HR+/HER2- / Luminal A) വിഭാഗത്തിൽപ്പെടുന്ന സ്തനാർബുദമാണ് ഇന്ത്യയിലെ രോഗികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ആകെ സ്തനാർബുദ കേസുകളിൽ ഏകദേശം 70 മുതൽ 80 ശതമാനം വരെ ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ടവയാണ്. രാജ്യത്തെ സ്തനാർബുദ ബാധിതരിൽ മഹാഭൂരിപക്ഷത്തിനും ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാവുന്നത് ഈ കേസിന് ആസ്പദമായ മരുന്നുകളാണ്. ഈ മരുന്നുകളുടെ കുത്തകാവകാശവും ഭീമമായ വിലയും ഹൈക്കോടതിയിലും പാർലമെന്റിലും നിർണ്ണായക നിയമ-സാമൂഹിക ചർച്ചയായി മാറിയത് ഇത്കൊണ്ട് കൂടിയാണ്.
സംസ്ഥാന സർക്കാരിന് ചെയ്യാനുള്ളത്
അർബുദ രോഗികളുടെ ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് മുന്നിലും സാധ്യതകളുണ്ട്. അർബുദ രോഗികൾക്ക് റൈബോസൈക്ലിബ് മരുന്ന് സൗജന്യമായി ലഭ്യമാക്കുകയാണ് രാജസ്ഥാൻ സർക്കാർ ചെയ്തത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ ലിസ്റ്റിൽ (Nirogi Rajasthan Drug List) റൈബോസൈക്ലിബ് 200 മില്ലിഗ്രാം ഗുളികകൾ ഉൾപ്പെടുത്തി രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി രാജസ്ഥാൻ സർക്കാർ വിതരണം ചെയ്തു.
ഹൈക്കോടതി വിധിയിൽ ഭരണഘടനാപരമായ അവകാശങ്ങളെ മുൻനിർത്തി ചില നിർദ്ദേശങ്ങളുണ്ടെങ്കിലും, വ്യക്തമായ സമയപരിധിയോ നടപ്പാക്കൽ രീതിയോ പ്രഖ്യാപിക്കാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാക്കുന്നു. രാജസ്ഥാൻ മാതൃകയിൽ ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കാനുള്ള നയപരമായ തീരുമാനങ്ങളോ നിർബന്ധിത ലൈസൻസ് പോലുള്ള നടപടികളോ ഉണ്ടായാൽ മാത്രമേ ഈ കേസ് ഉയർത്തിയ യഥാർത്ഥ ലക്ഷ്യം പൂർണ്ണതയിലെത്തുകയുള്ളൂ.
പേറ്റന്റുകളുടെ കുത്തകാവകാശത്തിനും കോർപ്പറേറ്റ് താല്പര്യങ്ങൾക്കുമപ്പുറം പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിനാണ് മുൻഗണന നൽകേണ്ടതെന്ന സന്ദേശമാണ് സരോജയുടെയും മാജിദയുടെയും ഈ നിയമപോരാട്ടം മുന്നോട്ടയ്ക്കുന്നത്.
കഴിഞ്ഞ വർഷം രോഗം സ്ഥിരീകരിക്കുന്നത് വരെ പൊന്നാനി സ്വദേശിയായ മാജിദ അഭിഭാഷകയും ഇടത് പക്ഷ രാഷ്ട്രീയ പ്രവർത്തകയും മാത്രമായിരുന്നു. എന്നാൽ, പാതി വഴിയിൽ നിലച്ചു പോയ സരോജ രാധാകൃഷ്ണന്റെ നിയമപോരാട്ടം എറ്റെടുത്തതിലൂടെ, കാൻസർ മരുന്നുകളുടെ വില താങ്ങാനാവാതെ ജീവിതം വഴിമുട്ടുന്ന ആയിരക്കണക്കിന് പേരുടെ പ്രതിനിധി കൂടി ആയിരിക്കുന്നു അവർ.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക