ആരോഗ്യ മേഖലയെ വിഴുങ്ങുന്ന ബ്ലാക്ക്സ്റ്റോൺ 

ആരോഗ്യ മേഖലയെ വിഴുങ്ങുന്ന ബ്ലാക്ക്സ്റ്റോൺ 

ബ്ലാക്ക്സ്റ്റോൺ എന്ന പേര് മലയാളികൾക്ക് സുപരിചിതമായി കഴിഞ്ഞു. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വൻകിട നിക്ഷേപവുമായി എത്തിയ കമ്പനി എന്ന നിലക്കാണ് ഈ പേര് ഏറെ ചർച്ചയായത്. എന്നാൽ അത് മാത്രമാണോ ബ്ലാക്ക്സ്റ്റോൺ?‘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂവുടമ’ എന്ന് ദി ഗാർഡിയൻ ദിനപത്രം വിശേഷിപ്പിച്ച ബ്ലാക്ക്സ്റ്റോണിനെ കുറിച്ച്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ചയായ വിഷയങ്ങളിലൊന്നാണ് കേരളത്തിന്റെ ആരോഗ്യ മേഖലയും അതിന്റെ സ്വകാര്യവത്കരണവും. ഇലക്ടറൽ ട്രസ്റ്റുകൾ വഴി വിവിധ മരുന്ന് കമ്പനികൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എന്നാൽ ചർച്ചകളുടെ കേന്ദ്ര ബിന്ദുവായത് ആഗോള കോർപറേറ്റ് ഭീമൻ ‘ബ്ലാക്സ്റ്റോണി’ന്റെ കേരളത്തിലേക്കുള്ള കടന്നു വരവാണ്. 

ആരോഗ്യമേഖലയിൽ 8300 കോടി-കിംസിലൂടെ തുടക്കം 

സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലകളെ ലക്ഷ്യം വെച്ച് 100 കോടി ഡോളറാണ് ‘ബ്ലാക്ക്സ്റ്റോൺ’ 2023 ൽ കേരളത്തിൽ നിക്ഷേപിച്ചത്. ആ കാലയളവിലെ വിനിമയ മൂല്യം കണക്കാക്കിയാൽ ഏതാണ്ട് 8,300 കോടി രൂപ. കേരളത്തിന്റെ ആരോഗ്യമേഖലയിൽ മാത്രമായി ഇത്രത്തോളം നിക്ഷേപം ‘ബ്ലാക്ക്സ്റ്റോൺ’ നടത്താനുള്ള കാരണമെന്താണ്? ലോകത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ‘ബ്ലാക്സ്റ്റോണിന്റെ ചരിത്രമെന്താണ്?

Blackstone corporate headquarters office building exterior in New York City
ന്യൂയോർക്കിലെ ബ്ലാക്സ്റ്റോൺ ആസ്ഥാനം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി മാനേജ്മെന്റ് (Private equity management) സ്ഥാപനമായാണ് ബ്ലാക്ക്സ്റ്റോൺ അറിയപ്പെടുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളിലോ സംരംഭങ്ങളിലോ പണം നിക്ഷേപിച്ച്, അവയുടെ നടത്തിപ്പിലൂടെ ലാഭമുണ്ടാക്കുന്ന നിക്ഷേപ സ്ഥാപനങ്ങളെയാണ് ‘പ്രൈവറ്റ് ഇക്വിറ്റി മാനേജർ’ എന്ന് വിളിക്കുന്നത്. 2023 ഒക്ടോബറിൽ തിരുവനന്തപുരം ആസ്ഥാനമായ കിംസ് (Kerala Institute of Medical Sciences) ആശുപത്രി ശൃംഖലയെ ഏറ്റെടുത്താണ് ബ്ലാക്ക്സ്റ്റോൺ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കടന്നുവരുന്നത്. കിംസ് ആശുപത്രികളെയാകെ വാങ്ങുകയല്ല, മറിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ‘ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്’ (QCIL) എന്ന ആശുപത്രി ശൃംഖലയുടെ 72.5 ശതമാനം ഓഹരി വാങ്ങുകയാണ് ബ്ലാക്ക്സ്റ്റോൺ ആദ്യം ചെയ്തത്. ഏതാണ്ട് 4,800 കോടി രൂപയുടെ കരാറാണിത്. ഇതോടെ കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയും, ബോർഡിലെ പ്രധാനിയുമായി ബ്ലാക്സ്റ്റോൺ മാറി. ഇതിന് പിന്നാലെ, ക്യൂസിഐഎൽ ആണ് 3,300 കോടി രൂപയോളം മുടക്കി കിംസ് ആശുപത്രികളുടെ 80 ശതമാനം ഓഹരിയും വാങ്ങിയത്. ഇതോടെ രാജ്യത്തെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളുടെ പ്രധാന ഓഹരിയുടമയായി ബ്ലാക്ക്സ്റ്റോൺ മാറി.

ആസ്റ്ററും ബ്ലാക്ക്സ്റ്റോണിന് 

2025 ഏപ്രിലിലാണ് രാജ്യത്തെ ആരോഗ്യ മേഖലയിലെ വലിയ സ്ഥാപനങ്ങളിലൊന്നായ ആസ്റ്റർ ഡി എം ന്റെയും ബ്ലാക്ക്സ്റ്റോണിന്റെ നേതൃത്വത്തിലുള്ള ‘ക്വാളിറ്റി കെയറി’ന്റെയും ലയനത്തിന് Competition Commission of India, (CCI) അനുമതി നൽകിയത്. ഇന്ത്യൻ വിപണിയിലെ കുത്തകവൽക്കരണവും അനാരോഗ്യകരമായ മത്സരവും  തടയാനായി രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ് സിസിഐ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ ആസ്റ്റർ – ക്വാളിറ്റി കെയര്‍ ഇന്ത്യ കമ്പനികളുടെ ലയന പ്രക്രിയ പൂർത്തിയാകും. 27 നഗരങ്ങളിലായി 38 ആശുപത്രികളാണ് ആസ്റ്ററിന് ആകെയുള്ളത്. ലയനത്തിന് ശേഷമുള്ള പുതിയ കമ്പനിയിൽ ബ്ലാക്സ്റ്റോണിന്റെ നേതൃത്വത്തിനുള്ള ക്വാളിറ്റി കെയറിന് മൂന്നിലൊന്ന് ഓഹരി പങ്കാളിത്തവും ഭരണസമിതിയിൽ മൂന്ന് സീറ്റുകളും ലഭിക്കും. ഈ ലയനം കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രധാന സ്വകാര്യ ആശുപത്രി ശൃംഖലകളുടെ ഭൂരിഭാഗം ഓഹരിയും ബ്ലാക്ക്സ്റ്റോണിന്റെ കൈക്കലാകും.

അമേരിക്കയിൽ വൻതോതിൽ വീടുകൾ വാടകയ്ക്ക് നൽകുന്ന, ലോകമെമ്പാടും വെയർഹൗസുകളും ഡാറ്റാ സെന്ററുകളും ഇന്ത്യയിൽ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തവുമുള്ള ഒരു ഭീമൻ ശൃംഖലയുടെ കേരളത്തിലേക്കുള്ള ആദ്യ ചുവടുവയ്പായിരുന്നു ഇത്.
അമേരിക്കയിൽ ബ്ലാക്ക്സ്റ്റോണിന്റെ ഇടപെടലുകള്‍ ദരിദ്രരുടെ പാർപ്പിട പ്രശ്നം രൂക്ഷമാക്കുന്നുവെന്നാരോപിച്ച് 2019 ല്‍ ഐക്യരാഷ്ടസഭ പുറത്തുവിട്ട റിപ്പോർട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 

ആരാണ് ബ്ലാക്ക്‌സ്റ്റോൺ?

1985-ൽ പീറ്റർ ജി. പീറ്റേഴ്സണും സ്റ്റീഫൻ എ. ഷ്വാർസ്മാനും ചേർന്ന് ന്യൂയോർക്കിൽ സ്ഥാപിച്ച ബ്ലാക്ക്‌സ്റ്റോൺ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബദൽ ആസ്തി മാനേജ്‌മെന്റ് കമ്പനിയാണ് (ആൾട്ടർനേറ്റീവ് അസറ്റ് മാനേജർ). റിയൽഎസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, ക്രെഡിറ്റ്, ഇൻഫ്രാസ്ട്രക്ചർ, ലൈഫ് സയൻസ്, ഹെഡ്ജ് ഫണ്ടുകൾ എന്നിവയിലായി 1.3 ട്രില്യൺ ഡോളറിലധികം (120 ലക്ഷം കോടിയിലധികം രൂപ) ആസ്തി ഇന്ന് കമ്പനിക്കുണ്ട്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബ്ലാക്ക്സ്റ്റോണിന്റെ വിപണി മൂല്യം 140-155 ബില്യൺ ഡോളറാണ്. കമ്പനിയുടെ ചെയർമാനും സി.ഇ.ഒ യുമായ ഷ്വാർസ്മാൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ പെടുന്നു .

‘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂവുടമ’

ബ്രിട്ടീഷ് മാധ്യമ സ്ഥാപനം ‘ദ ഗാർഡിയൻ’ ബ്ലാക്സ്റ്റോണിനെ വിശേഷിപ്പിച്ചത് ‘ചരിത്രത്തിലിന്നേ വരെയുള്ളവരില്‍ ഏറ്റവും വലിയ ഭൂവുടമ’ എന്നാണ്. ആഗോള സ്വതന്ത്ര തൊഴിലാളി സംഘടനയായ ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷന്റെ (ITUC) റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ, സ്പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമയാണ് (Landlord) ബ്ലാക്ക്‌സ്റ്റോൺ. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഇവർ തന്നെ.

2005 മുതൽ ഇന്ത്യയിൽ സജീവമായ ബ്ലാക്ക്‌സ്റ്റോണിന് നിലവിൽ രാജ്യത്ത് 50 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. വരും വർഷങ്ങളിൽ ഇത് 100 ബില്യൺ ഡോളറായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നാൽപ്പതിലധികം കമ്പനികളിൽ നിക്ഷേപമുള്ള ബ്ലാക്ക്‌സ്റ്റോണിന്റെ ഏറ്റവും പുതിയ ബിസിനസ് മേഖല കേരളത്തിന്റെ ആരോഗ്യ രംഗമാണ്.

എന്തുകൊണ്ട് കേരളം?

മികച്ച പൊതുജനാരോഗ്യ സൂചകങ്ങളുള്ള കേരളം എന്തുകൊണ്ട് ആഗോള നിക്ഷേപകരുടെ ലക്ഷ്യകേന്ദ്രമായി മാറുന്നു? നാഷണൽ സാമ്പിൾ സർവേ കണക്കുകൾ പ്രകാരം, കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. കൂടി വരുന്ന വൃദ്ധജനസംഖ്യയും മാറുന്ന ഭക്ഷണ ശൈലിയുമാണ് ഇതിന് കാരണമെന്ന് പല റിപ്പോർട്ടുകളും പറയുന്നു.

ബ്ലാക്സ്റ്റോണിനെ പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിന്റെ ആരോഗ്യ മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ‘ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറി’ന് (Out of pocket expenditure) വലിയ പങ്കുണ്ട്. ഇൻഷുറൻസിനെയോ സർക്കാർ സംവിധാനങ്ങളെയോ ആശ്രയിക്കാതെ വ്യക്തികൾ ആരോഗ്യ സംരക്ഷണത്തിനായി സ്വന്തം കയ്യിൽ നിന്ന് പണം ചെലവാക്കുന്നതിനെയാണ് ‘ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ’എന്ന് പറയുന്നത്. കഴിഞ്ഞ പത്ത് കൊല്ലങ്ങളായി കേരളത്തിന്റെ ആരോഗ്യ മേഖലയിലെ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. അതായത്, മലയാളികൾ ആരോഗ്യ സംരക്ഷണത്തിന് സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിക്കാൻ തയ്യാറാണ് എന്നർത്ഥം. സർക്കാർ ആരോഗ്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് താരതമ്യേനെ കുറവാണ്. 

ഈ മാർച്ചിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ വെച്ച കണക്കുകൾ പ്രകാരം , 2021 – 22 കാലയളവിലെ കേരളത്തിന്റെ പ്രതിശീർഷ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ 7,889 രൂപയാണ്. ദേശീയ ശരാശരിയുടെ (2,600) മൂന്നിരട്ടിയോളം വരുമിത്. മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോഴും ഇത് വളരെ കൂടുതലാണെന്ന് കാണാം. രാജ്യത്ത് ആരോഗ്യ മേഖലയിലെ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറിൽ ഒന്നാം സ്ഥനത്ത് കേരളമാണ്. രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ (4,010) കേരളത്തിന്റെ പകുതി തുകയെ പ്രതിശീർഷ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറായുള്ളൂ. ആരോഗ്യ സംരക്ഷണത്തിനായി പണം  ചെലവാക്കാനുള്ള മലയാളികളുടെ സന്നദ്ധത കൂടിയാണ് ബ്ലാക്ക്സ്റ്റോണിനെ പോലുള്ള ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക്  ആകർഷിക്കുന്നത്.

ദേശീയ സർവേകൾ പ്രകാരം, ആശുപത്രിയില്‍ ചികിത്സ തേടുന്നവരിൽ 70 ശതമാനത്തോളം ആളുകളും ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെയാണ്. 2024-ൽ ‘ഇന്ത്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത്’ നടത്തിയ പഠനത്തിൽ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ പോലും ഭീമമായ ചെലവ് വകവെക്കാതെ സ്വകാര്യ ആശുപത്രികളെയാണ് കൂടുതൽ ആശ്രയിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണപ്പെരുപ്പം , ഉയർന്ന വൃദ്ധജനസംഖ്യ, സ്വകാര്യ മേഖലയിലുള്ള വിശ്വാസം, പണം ചിലവഴിക്കാനുള്ള സന്നദ്ധത എന്നിവ ഇത്തരം സ്വകാര്യ നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളുമാണ്. ബ്ലാക്ക്‌സ്റ്റോണിന് പുറമെ മറ്റൊരു ആഗോള പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ കെ.കെ.ആർ (KKR) കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും മേയ്ത്ര ഹോസ്പിറ്റലും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 700 മില്യൺ ഡോളറിലധികം വിദേശ നിക്ഷേപമാണ് കേരളത്തിലെ ആശുപത്രി മേഖലയിലേക്ക് ഒഴുകിയെത്തിയത്.

പ്ലാറ്റ്‌ഫോം വാങ്ങി കൂട്ടിച്ചേർക്കുന്ന തന്ത്രം

ആരോഗ്യ മേഖലയും ഡാറ്റാ സെന്ററുകളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ല.  എന്നാൽ ബ്ലാക്ക്‌സ്റ്റോൺ ഇവ രണ്ടിലും പ്രയോഗിക്കുന്നത് ഒരേ ബിസിനസ് തന്ത്രമാണ്. കൃത്യമായ അടിത്തറയും മാനേജ്‌മെന്റുമുള്ള ഒരു വലിയ കമ്പനിയെ (Platform) ആദ്യം വാങ്ങുക, പിന്നീട് അതിലേക്ക് ചെറിയ ചെറിയ കമ്പനികളെ (Bolt-on) കൂട്ടിച്ചേർത്ത് ശൃംഖല വലുതാക്കുക എന്നതാണ് ഈ ശൈലി. ‘ബൈ എ പ്ലാറ്റ്‌ഫോം, ദെൻ ബോൾട്ട് ഓൺ’ (Platform and Bolt-on) എന്നാണ് ഈ ബിസിനസ് തന്ത്രത്തെ വിളിക്കുക.

ക്വാളിറ്റി കെയർ എന്ന പ്ലാറ്റ്‌ഫോമിലേക്ക് കിംസിനെയും ആസ്റ്ററിനെയും കൂട്ടിച്ചേർത്തത് ഇതിന് ഉദാഹരണമാണ്. സമാന രീതിയിലാണ് ബ്ലാക്ക്സ്റ്റോൺ ഇന്ത്യയിൽ ഡിജിറ്റൽ മേഖലയിലും സാന്നിധ്യമുറപ്പിച്ചത്. 2024 ലാണ് ബ്ലാക്ക്സ്റ്റോണും കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡും (CPPIB) സംയുക്തമായി സ്ഥാപിച്ച കൺസോർഷ്യം ഓസ്ട്രേലിയ ആസ്ഥാനമായുള്ള എയർട്രങ്ക് (Airtrunk) എന്ന ഡാറ്റാസെന്റർ കമ്പനിയെ ഏറ്റെടുത്തത്. 16 ബില്യൺ ഡോളറാണ് (ഏകദേശം 1.50 ലക്ഷം കോടിയോളം രൂപ) ഇരു കമ്പനികളും ചേർന്ന് ഈ ഇടപാടിനായി ചെലവാക്കിയത്. തുടർന്ന് 2026 ൽ ഇന്ത്യൻ ഡാറ്റ സെന്റർ കമ്പനിയായ ‘ലുമിന ക്ലൌഡ് ഇൻഫ്ര’ യെ എയർട്രങ്ക് പൂർണ്ണമായും വാങ്ങി. ഇതോടെ ബ്ലാക്ക്സ്റ്റോൺ ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയിലെ പ്രധാനിയായി മാറി.

2026 ജൂണിൽ എയർട്രങ്ക്, ഇന്ത്യയിൽ 2030-ഓടെ 30 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിനായി 5 ഗിഗാവാട്ടിലധികം ശേഷിയുള്ള ഡാറ്റാ പ്ലാന്റുകളാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഫെഡറൽ ബാങ്കിൽ 9.99 ശതമാനം ഓഹരി പങ്കാളിത്തം ബ്ലാക്ക്സ്റ്റോൺ സ്വന്തമാക്കി. ആധാർ ഹൗസിങ് ഫിനാൻസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ബ്ലാക്ക്‌സ്റ്റോൺ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

പാർപ്പിട മേഖലയിൽ ബ്ലാക്ക്സ്റ്റോൺ 

അമേരിക്കയിൽ ബ്ലാക്ക്സ്റ്റോണിന്‍റെ പ്രവര്‍ത്തനം പാര്‍പ്പിടമേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബ്ലാക്സ്റ്റോണിന് കീഴിലുള്ള ‘ഇൻവിറ്റേഷൻ ഹോംസ്’ എന്ന സ്ഥാപനത്തിന്റെ മാത്രം ആസ്തി 18.5 ബില്യൺ ഡോളറാണ്. അതായത്, ഏകദേശം 1.75 ലക്ഷം കോടി രൂപ. വീടുകൾ വാങ്ങി പുതുക്കി പണിത് കൂടിയ നിരക്കിന് വാടകയ്ക്ക് നൽകുകയാണ് ഈ കമ്പനി ചെയ്യുന്നത്. എന്നാൽ 2019 ൽ പുറത്ത് വന്ന ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട് കമ്പനിയുടെ ചൂഷണ സ്വഭാവത്തെ വിമർശിക്കുന്നുണ്ട്. യഥാർത്ഥ മൂല്യത്തേക്കാളും കുറഞ്ഞ തുകയ്ക്ക് വീടുകൾ വാങ്ങി വൻ തുകയ്ക്ക് വാടകയ്ക്ക് നൽകുകയാണ് ‘ഇൻവിറ്റേഷൻ ഹോംസ്’ ചെയ്യുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ബ്ലാക്ക്‌സ്റ്റോൺ വീടുകൾ വൻതോതിൽ വാങ്ങിക്കൂട്ടുന്നെന്നും റിപ്പോർട്ട് പറയുന്നുണ്ട്. വാടക കുത്തനെ കൂട്ടിയും ഭീമമായ ഫീസുകൾ ഈടാക്കിയും സാധാരണക്കാരെ തെരുവിലേക്ക് ഇറക്കുകയാണ് ബ്ലാക്ക്സ്റ്റോൺ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സ്പെഷ്യൽ റിപ്പോർട്ടർ ലെയ്‌ലാനി ഫർഹ കുറ്റപ്പെടുത്തിയിരുന്നു. കമ്പനി തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക നിയമങ്ങളെ അട്ടിമറിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Protesters holding signs against Blackstone corporate housing exploitation during a demonstration in New Mexico
അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ ബ്ലാക്സ്റ്റോണിന് എതിരായി നടന്ന പ്രതിഷേധം. ഫോട്ടോ : KUNM

അമേരിക്കയിലെ അറ്റ്ലാന്റ ഫെഡറൽ റിസർവ് നടത്തിയ പഠനത്തിൽ ബ്ലാക്ക്‌സ്റ്റോൺ പോലുള്ള കോർപ്പറേറ്റ് ഭൂവുടമകൾ സാധാരണക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ കൂടുതൽ ഔത്സുക്യം കാണിക്കുന്നതായി പറയുന്നു

പാർപ്പിടപദ്ധതിയുടെ പേരിലുള്ള ചൂഷണം യൂറോപ്പിലും

അമേരിക്കയിൽ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലും ബ്ലാക്ക്സ്റ്റോൺ ചൂഷക സ്വഭാവത്തിന്‍റെ പേരില്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ബ്ലാക്ക്സ്റ്റോൺ സൃഷ്ടിച്ച കൃത്രിമ വാടക വർദ്ധനവിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. “അത്യാഗ്രഹത്തിന് അതിരുകളില്ലേ” എന്നാണ് വാടക വർദ്ധനവിനെ വിമർശിച്ചുകൊണ്ട് അന്നത്തെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ചോദിച്ചത്. ഇത്തരം വാടക വർധനവുകളെ പ്രതിരോധിക്കാൻ ഡെന്മാർക്കിൽ ‘ബ്ലാക്ക്‌സ്റ്റോൺ നിയമം’ എന്ന പേരില്‍ ഒരു നിയമം തന്നെ കൊണ്ടുവരികയും ചെയ്തു. സ്പെയിനിലെ മാഡ്രിഡിൽ 100 ശതമാനം വാടക വർദ്ധിപ്പിക്കാനുള്ള ബ്ലാക്ക്സ്റ്റോണിന്റെ നീക്കത്തിനെതിരെ ഒന്നര ലക്ഷത്തോളം ആളുകളാണ് 2026-ൽ തെരുവിൽ പ്രതിഷേധിച്ചത്.

ഇതുകൂടാതെ അമേരിക്കയില്‍ ഉപഭോക്തൃ സംരക്ഷണ നിയമ ലംഘനങ്ങൾക്കും തൊഴിൽ ചൂഷണങ്ങൾക്കുമായി ബ്ലാക്സ്റ്റോണിന്റെ ഉപകമ്പനികളില്‍ നിന്നും 300 മില്യൺ ഡോളറോളം പിഴ ഈടാക്കിയിട്ടുണ്ട്. ആമസോൺ കാടുകളുടെ നശീകരണത്തിനും ഫോസിൽ ഇന്ധന പദ്ധതികൾക്കും ബ്ലാക്ക്സ്റ്റോൺ ഫണ്ട് നൽകുന്നതായി പരിസ്ഥിതി സംഘടനകളും ആരോപിക്കുന്നുണ്ട്.

ബ്ലാക്ക്സ്റ്റോണിനെതിരായി സ്പെയിനിലെ മാഡ്രിഡിൽ നടന്ന സമരം

കേരളത്തിന്റെ ആരോഗ്യമേഖലയിൽ ബ്ലാക്ക്‌സ്റ്റോൺ നടത്തുന്ന നിക്ഷേപം വിപണിയില്‍ വര്‍ദ്ധിച്ചു വരുന്ന ആഗോള കോർപ്പറേറ്റ് മൂലധന സ്വാധീനത്തെയാണ് കാണിക്കുന്നത്. കൃത്യമായ സർക്കാർ മേൽനോട്ടവും നിയന്ത്രണങ്ങളും കൊണ്ട് വന്നില്ലെങ്കിൽ ആരോഗ്യം വിപണിയിലെ ഒരു ചരക്കായി മാറും എന്ന കാര്യത്തിൽ സംശയമില്ല. പൊതുജനാരോഗ്യ രംഗത്ത് കേരളം പടുത്തുയർത്തിയ ആഗോള മാതൃകയെ അത് തകർക്കുകയും ചെയ്യും.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top