കണക്കുകളിൽ വരാത്ത വർഗീയ കലാപങ്ങൾ : ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിലെ കളികൾ 

കണക്കുകളിൽ വരാത്ത വർഗീയ കലാപങ്ങൾ : ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിലെ കളികൾ 

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നേർചിത്രമാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്ത് വിടുന്ന കണക്കുകളെന്നാണ് കരുതപ്പെടുന്നത്. മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ഈ കണക്കുകൾ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ എത്രത്തോളം വിശ്വസനീയമാണ് ഈ കണക്കുകൾ? കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്നതിലുള്ള വിടവുകൾ, അശാസ്ത്രീയമായ കണക്കെടുപ്പ് രീതികൾ എന്നിവ ഈ കണക്കുകളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. വർഗീയ കലാപങ്ങളുടെ മാത്രം ഡാറ്റ എടുത്ത് പരിശോധിച്ചാൽ ഈ വിടവ് വ്യക്തമാകും. NCRB യുടെ കണക്കനുസരിച്ച് യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രി ആയതിന് ശേഷം യു പിയിൽ നിന്ന് വർഗീയ കലാപങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിപ്പൂരിൽ വർഗീയകലാപങ്ങളുടെ എണ്ണം പൂജ്യമാണ്.

24 നവംബർ 2024 – ഉത്തർ പ്രദേശിലെ സംഭാലിലെ ഷാഹി ജമാ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (Archeological Survey of India, ASI) ഒരു സർവേ നടക്കുകയായിരുന്നു. ഇതേ വർഷം നവംബർ 19 ന് ഹരി ശങ്കർ ജെയിൻ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിൽ സംഭാലിലെ സിവിൽ ജഡ്ജ് കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു സർവേ. ഹൈന്ദവ ദൈവം കൽക്കിയുടെ പേരിലുള്ള ‘ഹരിഹർ ക്ഷേത്ര’ത്തിന്റെ അവശിഷ്ടത്തിലാണ് ഷാഹി മസ്ജിദ് പണിതതെന്ന വാദത്തെ തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്. ചരിത്ര രേഖകളനുസരിച്ച് പതിനാറാം നൂറ്റാണ്ടിൽ, മുഗൾ ചക്രവർത്തി ബാബറിന്റെ കാലത്താണ് ഷാഹി ജമാ മസ്ജിദ് പണിതത്.

വ്യാജ വാർത്ത, വർഗീയ കലാപം 

എതിർപ്പുകളുണ്ടായിരുന്നെങ്കിലും സർവേയുടെ ആദ്യഘട്ടം കോടതി ഉത്തരവ് വന്ന നവംബർ 19 ന് തന്നെ പൂർത്തിയായിരുന്നു. രണ്ടാം ഘട്ടത്തിനായി എത്തിയ എഎസ്ഐ സംഘം പള്ളിയിലെ പഴയ കിണർ പൊളിക്കുന്നുവെന്ന വ്യാജ വാർത്ത പ്രചരിച്ചു. ഇതിന് പുറമെ എഎസ്ഐ സംഘത്തിനൊപ്പമെത്തിയവർ പള്ളിക്ക് മുന്നിൽ നിന്ന് ‘ജയ് ശ്രീറാം’ വിളികളും മുഴക്കി.

ഇതിന് പിന്നാലെ ഇരുവശത്തു നിന്നും അക്രമങ്ങളുണ്ടായി. പോലീസ് ഇടപെട്ടിട്ടും അഞ്ച് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുപറ്റി. അഞ്ച് മരണങ്ങളും ഉണ്ടായത് വെടിയേറ്റാണെങ്കിലും, മൃതദേഹങ്ങളിൽ കണ്ടെത്തിയവയൊന്നും പോലീസ് ബുള്ളറ്റുകളല്ല. ‘പള്ളിയിലെ തർക്കം കാണാൻ പോയ തന്റെ അനിയന്റെ നെഞ്ചിൽ ബുള്ളറ്റ് തറച്ചു’വെന്നാണ് കലാപത്തിൽ മരിച്ച പതിനേഴ് വയസ്സുകാരൻ മുഹമ്മദ് അയാന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞത്.

കണക്കിൽ പെടാതെ പോയ സംഭാൽ കലാപം 

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പറയുന്നതനുസരിച്ച് മുഹമ്മദ് അയാന്റെ മരണമോ സംഭാൽ കലാപമോ വർഗ്ഗീയ കലാപമായിരുന്നില്ല (Communal Riot). ഔദ്യോഗിക കണക്ക് പ്രകാരം 2024 ൽ എൻസിആർബി രേഖപ്പെടുത്തിയ മുപ്പതിനായിരത്തോളം കലാപങ്ങളിലൊന്ന് മാത്രമാണ് സംഭാലിൽ നടന്നത്.

‘വർഗീയ കലാപങ്ങളില്ലാത്ത’ യു പി 

എൻസിആർബി യുടെ 2024 ലെ ‘ക്രൈം ഇൻ ഇന്ത്യ’ (Crime in India) റിപ്പോർട്ട് പ്രകാരം ഉത്തർ പ്രദേശിൽ ഒരു വർഗ്ഗീയ കലാപം പോലുമുണ്ടായിട്ടില്ല. 2024 ൽ ഉത്തർ പ്രദേശിൽ ആകെ 1,301 കലാപങ്ങൾ (Riots) നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്ന് പോലും വർഗ്ഗീയ കലാപമായി കണക്കാക്കിയിട്ടില്ല. ഇന്ത്യയിൽ വർഷം തോറുമുണ്ടാകുന്ന കലാപങ്ങളെ പറ്റിയുള്ള ഔദ്യോഗിക കണക്കുകൾ ക്രോഡീകരിക്കുന്നത് എൻസിആർബി യുടെ ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിലാണ്.

മുംബൈ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനം സിഎസ്എസ്എസ് (Centre for Study of Society and Secularism, CSSS) ന്റെ കണക്കുകൾ പ്രകാരം 2024 ൽ മാത്രം ഉത്തർ പ്രദേശിൽ നടന്നത് ഏഴ് വർഗ്ഗീയ കലാപങ്ങളാണ്. എന്നാൽ ഇവയൊന്നും ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിലില്ല.

ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രെസ്, ഷഹാഫത്ത്, ദ ഇൻക്വിലാബ് എന്നീ ദിനപത്രങ്ങളുടെ മുംബൈ പതിപ്പുകളെ വിശകലനം ചെയ്താണ് സിഎസ്എസ്എസ് ഈ കണക്ക് തയാറാക്കിയിരിക്കുന്നത്. അതായത്, ഈ പത്രങ്ങളുടെ മഹാരാഷ്ട്ര പതിപ്പ് മാത്രം വിലയിരുത്തുമ്പോൾ, ഉത്തർ പ്രദേശിൽ ഏഴ് വർഗ്ഗീയ കലാപങ്ങളുണ്ടായതായി കണ്ടെത്തി. താരതമ്യേനെ ആഘാതം കുറഞ്ഞവയെ കൂടി കണക്കാക്കിയാൽ എണ്ണം ഇതിലും കൂടുതലാണ്.

.

കാണ്മാനില്ല !! ഇനിയും തിരിച്ചെത്താത്ത കുഞ്ഞുങ്ങൾ

.

കണക്കുകളിലെ വൈരുധ്യങ്ങൾ 

2024 ൽ രാജ്യത്താകമാനം 349 വർഗ്ഗീയ കലാപങ്ങളുണ്ടായെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. എന്നാൽ സിഎസ്എസ്എസ് കണക്കുകളിൽ ഇത് 59 എണ്ണം മാത്രമാണ്. മാധ്യമ റിപ്പോർട്ടുകളെ ആസ്പദമാക്കിയാണ് ഇവരുടെ കണക്കെടുപ്പ്. അത് കൊണ്ട് തന്നെ കലാപങ്ങൾ വസ്തു നിഷ്‌ഠമായി റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പിറകോട്ട് പോയതായും ഈ ഡാറ്റയിൽ നിന്ന് വായിച്ചെടുക്കാം. അതേ സമയം ഈ 59 വർഗീയ കലാപങ്ങളിൽ ഏഴെണ്ണം യു പിയിലാണ് നടന്നതെന്ന് CSSS റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2024 ൽ യു പിയിൽ വർഗീയ കലാപങ്ങൾ നടന്നിട്ടേയില്ല.

എൻസിആർബി യുടേത് 2024 ൽ മാത്രമുണ്ടായ ഒരു പിഴവല്ല. ഏറ്റവുമധികം ഗോവധ ആക്രമണങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്നായാണ് ഉത്തർ പ്രദേശിനെ കണക്കാക്കുന്നത്. എന്നാൽ ഇവയൊന്നും വർഗ്ഗീയ സ്വഭാവങ്ങളുള്ള കലാപങ്ങളായി എൻസിആർബി കണക്കാക്കുന്നില്ല.

കലാപമുക്ത സംസ്ഥാനമെന്ന് യു പി മുഖ്യമന്ത്രി 

2017 മുതൽ ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിൽ ‘വർഗ്ഗീയ കലാപങ്ങളെ’ (Communal/Religious Riots) പ്രത്യേകമായി കണക്കാക്കാൻ തുടങ്ങിയത്. 2017 ൽ ഉത്തർപ്രദേശിൽ ആകെ 34 വർഗ്ഗീയ കലാപങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2018 മുതൽ 2024 വരെയുള്ള എട്ട് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടുകളിൽ ഉത്തർ പ്രദേശിൽ നിന്ന് രേഖപ്പെടുത്തിയത് ആകെ ഒരു വർഗ്ഗീയ കലാപമാണ്. 2021 ൽ മാത്രം. ബാക്കി ഏഴ് വർഷവും സംസ്ഥാനത്ത് വർഗ്ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറയുന്നത്.

2018 മുതൽ എല്ലാ വർഷങ്ങളിലും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുപരിപാടികളിൽ സംസ്ഥാനം കലാപമുക്തമാണെന്ന് (ദംഗ മുക്ത്) പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എൻസിആർബി കണക്കുകളെ ഉദ്ധരിച്ച് വർഗീയ കലാപങ്ങളില്ലെന്ന് പ്രഖ്യാപിച്ചാൽ അതിൽ സാങ്കേതികമായി തെറ്റൊന്നുമില്ല താനും. എന്നാൽ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത് ഉത്തർ പ്രദേശിൽ കലാപങ്ങളേ ഉണ്ടായിട്ടില്ലെന്നാണ്. ഇത് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുമുണ്ട്.

വർഗ്ഗീയ കലാപങ്ങളുടെ കാര്യത്തിലായാലും, മാധ്യമറിപ്പോർട്ടുകൾ NCRB കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല. 2018 മുതൽ 2024 വരെ ഓരോ വർഷവും എടുത്ത് പരിശോധിച്ചാൽ മിക്ക വർഷങ്ങളിലും വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സിഎസ്എസ്എസ് വ്യക്തമാക്കുന്നു. സിഎസ്എസ്എസ് റിപ്പോർട്ടുകൾ പ്രകാരം 2018 മുതൽ 2024 വരെ ഏകദേശം നാൽപത് വർഗ്ഗീയ കലാപങ്ങളാണ് ഉത്തർ പ്രദേശിൽ നടന്നിട്ടുള്ളത്. എന്നാൽ ഈ റിപ്പോർട്ടും പൂർണമല്ല. 2020 മുതൽ 2022 വരെയുള്ള റിപ്പോർട്ടുകളിൽ ഉത്തർ പ്രദേശിലെ വർഗ്ഗീയ കലാപങ്ങളെക്കുറിച്ച് പരാമർശിക്കുന്നില്ല.

Infographic showing a comparison between NCRB official data and MHA/CSSS reports on communal riots in Uttar Pradesh from 2017 to 2024, highlighting discrepancies in crime reporting.
ഉത്തർ പ്രദേശിലെ വർഗ്ഗീയ കലാപങ്ങളുടെ കണക്ക് വിവരങ്ങൾ. എഐ സാങ്കേതിക വിദ്യയുപയോഗിച്ച് നിർമ്മിച്ച പട്ടിക.

2017 മാർച്ച് 19 നാണ് ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതായത്, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തർ പ്രദേശിൽ നിന്ന് വർഗ്ഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് വ്യക്തം. 

കണക്കിൽ കുറയുന്ന കലാപങ്ങൾ 

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ നോക്കിയാൽ ഓരോ വർഷവും രാജ്യത്ത് ആകെ കലാപങ്ങൾ കുറഞ്ഞ് വരുന്നതായി കാണാം. 2017 ൽ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് രാജ്യത്താകെ 58,880 കലാപങ്ങൾ നടന്നുവെന്നാണ്. ഇതിൽ 90,304 പേർ ഇരയായിട്ടുണ്ട് – ഒരു ലക്ഷത്തിൽ 4.6 പേർ. 

എന്നാൽ ഇത്രയും കലാപങ്ങളിലായി 40,410 പേർ ഇരയാക്കപ്പെട്ടിട്ടുമുണ്ട്. ഇരകളുടെ നിരക്ക് (Victim Rate) – 2.2 ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതായത്, രാജ്യത്തെ ഒരു ലക്ഷം പൗരന്മാരിൽ 2.2 പേർ 2024 ൽ ഏതെങ്കിലും കലാപത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട്. 2023 ൽ ഇത് 2.8 ആയിരുന്നു. 

പെരുകുന്ന വർഗീയ കലാപങ്ങൾ 

മൊത്തം കലാപങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞെങ്കിലും, വർഗ്ഗീയ കലാപങ്ങളിൽ ഈ തോതിലുള്ള കുറവ് കാണാൻ സാധിക്കില്ല. 2024 ൽ എൻസിആർബി കണക്കുകളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട വർഗ്ഗീയ കലാപങ്ങൾ 349 എണ്ണമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഏറ്റവുമുയർന്ന കണക്ക്. 2023 ൽ ഇത് 272 ആയിരുന്നു. അതായത്, വർഗ്ഗീയ കലാപങ്ങളിൽ 28.3 ശതമാനം വർദ്ധന. ഇരകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായതായി കാണാം. 2023 ൽ വർഗ്ഗീയ കലാപങ്ങളുടെ ഇരകൾ 400 പേരായിരുന്നെങ്കിൽ 2024 ൽ ഇത് 895 ആണ്. ഇരകളുടെ എണ്ണത്തിൽ 123 ശതമാനം വർദ്ധന. 

എട്ട് വർഷം കൊണ്ട് ആകെ കലാപങ്ങളിൽ 49 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് എൻസിആർബി കണക്കുകൾ പറയുന്നു. ഇത്രയധികം കുറവ് അവകാശപ്പെടുമ്പോഴും, എൻസിആർബി എങ്ങനെയാണ് കലാപങ്ങളുടെ കണക്കുകൾ തയ്യാറാക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. 

കുറ്റകൃത്യങ്ങൾ കണക്കാക്കുന്നതിലെ പിഴവുകൾ 

സംസ്ഥാനങ്ങൾ നൽകുന്ന കുറ്റകൃത്യ കണക്കുകളെ മാത്രം ആശ്രയിച്ചാണ് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. രാജ്യത്തെ ഓരോ ജില്ലയിലേയും കണക്കുകൾ പ്രാദേശിക തലത്തിൽ ശേഖരിക്കാനായി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോകളുണ്ട് (DCRB). ഇവർ ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോകൾ (SCRB) ക്രോഡീകരിക്കും. എഡിജിപി (ADGP) റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും ഓരോ സംസ്ഥാനത്തും SCRB യുടെ ചുമതല. ഇങ്ങനെ ക്രോഡീകരിക്കുന്ന വിവരങ്ങളാണ് പിന്നീട് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.

കലാപങ്ങളെ തരംതിരിക്കാനായി എൻസിആർബി യ്ക്ക് പ്രത്യേകം നിർവചനങ്ങളൊന്നുമില്ല. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് കലാപങ്ങളുടെ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസുകളുടെ ആകെ എണ്ണമാണ് കലാപങ്ങളുടെ എണ്ണമായി പ്രസിദ്ധീകരിക്കുന്നത്.

 2023 വരെ, ഇന്ത്യൻ ശിക്ഷാ നിയമം (IPC) 147 മുതൽ 151 വരെയുള്ള വകുപ്പുകളിലെ കേസുകളാണ് കലാപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ 2024 ൽ ഭാരതീയ ന്യായ സംഹിത (BNS) നിലവിൽ വന്നതിന് ശേഷം ഈ ഐപിസി വകുപ്പുകളോടൊപ്പം, ബിഎൻഎസ് 189(5), 189(6), 190, 191(1), 191(2), 191(3) എന്നീ വകുപ്പുകളിലെ കേസുകളും കലാപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം പ്രസിദ്ധീകരിച്ച (Crime in India, 2024) റിപ്പോർട്ട് മുതലാണ് ബിഎൻഎസ് ഉൾപ്പെടുത്തിയത്.

എൻസിആർബി ഓരോ പോലീസ് സ്റ്റേഷനുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന രീതി നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം. വിവര ശേഖരണത്തിന്റെ ആദ്യ ഘട്ടം മുതൽക്കേ പിഴവുകളുണ്ടാകാനുള്ള സാധ്യത ശക്തമാണ്. 2009 ൽ ആരംഭിച്ച സിസിടിഎൻഎസ് (Crime and Criminal Tracking Network & Systems, CCTNS) എന്ന നെറ്റ് വർക്ക് സംവിധാനത്തിലൂടെയാണ് എൻസിആർബി യിലേക്ക് പോലീസിൽ നിന്ന് വിവരങ്ങളെത്തുക. രാജ്യത്തെ മുഴുവൻ കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ഒരൂ കുടക്കീഴിൽ കൊണ്ടുവരാൻ ആരംഭിച്ച സിസിടിഎൻഎസ് സംവിധാനത്തിൽ വിവരങ്ങൾ ചേർക്കുന്നത് ഓരോ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണ്.

വർഗീയ കലാപങ്ങളെ രേഖപ്പെടുത്തുന്ന വിധം 

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ‘വർഗ്ഗീയ കലാപങ്ങളെ’ കുറിച്ച് പരാമർശിക്കുന്ന പ്രത്യേക വകുപ്പുകളില്ല. ആകെ കലാപങ്ങളുടെ കണക്കുകൾ തന്നെയും ‘പൊതുസമാധാനത്തിന് വിരുദ്ധമായ കുറ്റകൃത്യങ്ങൾ’ (Offences Against Public Tranquility) എന്ന തലക്കെട്ടിനുള്ളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കലാപത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം, ഉപയോഗിച്ച ആയുധം, സ്ഥലം എന്നിവയനുസരിച്ച് വകുപ്പുകൾ കൂട്ടി ചേർക്കുകയാണ് ചെയ്യുക. 

വർഗ്ഗീയ കലാപങ്ങൾക്കായി പ്രത്യേകം വകുപ്പുകൾ ഇല്ലാത്തത് കൊണ്ട് തന്നെ, ആകെ കലാപങ്ങളുടെ കീഴിലാണ് എൻസിആർബി ഇതിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ആകെ കലാപങ്ങളുടെ കണക്കുകളിൽ നിന്ന് വർഗ്ഗീയ കലാപങ്ങളെ മാത്രം എൻസിആർബി തരംതിരിച്ചെടുക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.

"Table 1B.4 from NCRB Crime in India 2024 report showing official statistics for total riots versus communal and religious riots by city."
ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ കലാപങ്ങളെയും വർഗ്ഗീയ കലാപങ്ങളെയും തരംതിരിച്ചിരിക്കുന്നു. കലാപങ്ങളുടെ വകുപ്പുകളിൽ തന്നെയാണ് വർഗ്ഗീയ കലാപങ്ങളുടെയും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം.

സിസിടിഎൻഎസ് സംവിധാനത്തിൽ, കേസുകളുടെ അടിസ്ഥാന എഫ്ഐആർ (FIR) വിവരങ്ങൾ രേഖപ്പെടുത്താനുള്ള ചുമതല സ്റ്റേഷൻ റൈറ്ററിനോ ഡ്യൂട്ടി ഓഫീസർക്കോ ആണ്. ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ കേസ് ഏത് വിഭാഗത്തിലുൾപ്പെടും എന്ന് തീരുമാനിക്കപ്പെടും. എന്നാൽ ഇതിന് ശേഷമുള്ള ‘ക്രൈം ഡീറ്റൈൽ ഫോം’ (Crime Detail Form – IIF-2) പൂരിപ്പിക്കുന്നതിലൂടെയാണ് ഉപവിഭാഗങ്ങളിലേക്ക് കേസ് കൂട്ടിചേർക്കപ്പെടുക. അതായത്, കലാപങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ, സ്റ്റേഷനിലെ റൈറ്ററോ ഡ്യൂട്ടി ഓഫീസറോ ഒരു കലാപത്തിന്റെ എഫ്ഐആർ വിവരങ്ങൾ നെറ്റ് വർക്കിൽ ചേർത്താൽ, ആകെ കലാപങ്ങളുടെ എണ്ണത്തിൽ ആ കേസ് കൂട്ടും. ഇനി അത് വർഗ്ഗീയ കലാപമായി കണക്കാക്കണമെങ്കിൽ ക്രൈം ഡീറ്റൈൽ ഫോം പൂരിപ്പിക്കണം.

ഈ നടപടിക്രമങ്ങൾ സിസിടിഎൻഎസ് ന്റെ യൂസർ ഗൈഡിൽ (User Guide) വ്യക്തമായി വിവരിക്കുന്നുണ്ട്. ഇത് പ്രകാരം, അതാത് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് (Investigating Officer)  മാത്രമേ ക്രൈം ഡീറ്റൈൽ ഫോം പൂരിപ്പിക്കാനുള്ള അവകാശമുള്ളൂ. 

ക്രോഡീകരണത്തിലെ അശാസ്ത്രീയത 

വിവരങ്ങൾ നെറ്റ് വർക്കിൽ ചേർക്കാനുള്ള ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇവർക്ക് മനഃപൂർവമോ അല്ലാതെയോ വിവരങ്ങൾ തെറ്റിക്കാനോ ഒഴിവാക്കാനോ സാധിക്കും. ഇത് തടയാവുന്ന തരത്തിലുള്ള ഒരു പുനഃപരിശോധനാ സംവിധാനവും നിലവിലില്ല. സംസ്ഥാനങ്ങളുടെ ജീവനക്കാർക്കാണ് വിവരങ്ങൾ നെറ്റ് വർക്കിലേക്ക് ചേർക്കാനുള്ള ചുമതല എന്നത് കൊണ്ട് തന്നെ, സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ കണക്കുകളിൽ കൃത്രിമം കാണിക്കാനും കഴിയും.

“വിവര ശേഖരണത്തിനായി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പൂർണമായും ആശ്രയിക്കുന്നത് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിന്റെ ഒരു അപര്യാപ്തതയാണ്. അവരുടെ അറിവിനനുസരിച്ച് വിവരങ്ങൾ തെറ്റി പോകാനുളള സാധ്യതകളുണ്ട്.” കേരളത്തിന്റെ മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഒബിസി യോട് പറഞ്ഞു. ജേക്കബ് പുന്നൂസ് ഡിജിപിയായിരുന്ന 2012 ൽ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമായിരുന്നു. എൻസിആർബി യുടെ വിവരശേഖരണത്തിലെ തെറ്റായ രീതിശാസ്ത്രമാണ് ഇതിന് കാരണമെന്ന് ജേക്കബ് പുന്നൂസ് അന്ന് വിമർശനമുന്നയിച്ചിരുന്നു.

വിവരശേഖരണത്തിലെ അപാകത- അസമിൽ നിന്നുള്ള തെളിവുകൾ 

ക്രൈം ഡീറ്റൈൽ ഫോം പൂരിപ്പിക്കാതിരിക്കുന്നത് വഴി ഉപ വിഭാഗങ്ങളിൽ കേസുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. ഈ ക്രമക്കേട് 2022 ലെ അസം സിഎജി റിപ്പോർട്ട് (Comptroller and Auditor General, CAG) കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ അസം പോലീസ് സിസിടിഎൻഎസ് സംവിധാനം ഉപയോഗിച്ചതിലെ പിഴവുകളെ പറ്റി വിശദീകരിക്കുന്നുണ്ട്. 

ക്രൈം ഡീറ്റൈൽ ഫോം പൂരിപ്പിക്കുകയോ അത് കോടതിയിൽ ഹാജരാക്കുകയോ ചെയ്യുന്നതിൽ പോലീസ് സ്റ്റേഷനുകൾ സ്ഥിരമായി വീഴ്ച്ച വരുത്തുന്നുവെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. ഈ ഫോർമിന്റെ ഉദ്ദേശ ലക്ഷ്യം നിറവേറിയിട്ടില്ല എന്നും റിപ്പോർട്ട് പറയുന്നുണ്ട്. മാത്രമല്ല, ഉൾപ്പെടുത്തിയ ക്രൈം ഡീറ്റൈൽ ഫോമുകളിൽ 33.33 ശതമാനം മുതൽ നൂറ് ശതമാനം വരെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും സിഎജി പറയുന്നു. 

വിവരണശേഖരണത്തിലെ മറ്റൊരു ഗുരുതര വീഴ്ചയും സിഎജി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്. വിവരങ്ങൾ നെറ്റ് വർക്കിൽ ചേർക്കാൻ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് നിന്ന് ആളുകളെ നിയമിച്ചുവെന്നാണ് ഓഡിറ്റ് സംഘം കണ്ടെത്തിയത്. ഇത് നെറ്റ് വർക്കിലെ മുഴുവൻ വിവരങ്ങളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

ഉത്തർ പ്രദേശിൽ 2024 ൽ 1,301 കലാപങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടും, ഒരു വർഗ്ഗീയ കലാപം പോലും കണക്കിൽ വരാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. കലാപത്തിന്റെ വകുപ്പുകൾ ചുമത്തിയ കേസിൽ, ക്രൈം ഡീറ്റൈൽ ഫോം പൂരിപ്പിച്ചില്ലെങ്കിൽ വർഗീയ കലാപങ്ങൾ എണ്ണപ്പെടില്ല. ഇത്തരത്തിൽ വിവര ശേഖരണത്തിലെ അശാസ്ത്രീയതയും വിവരങ്ങൾ മറച്ചു വെക്കാനുള്ള സാധ്യതയും എൻസആർബി ഡാറ്റയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഈ സിഎജി റിപ്പോർട്ട് അസമിലെ സിസിടിഎൻഎസ് ഉപയോഗത്തിലുണ്ടായിട്ടുള്ള ക്രമക്കേടുകളെ കുറിച്ചാണ്. എങ്കിലും ദേശീയ തലത്തിൽ എൻസിആർബി വിവര ശേഖരണത്തിലെ വിടവുകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകൾ.

നിയമവ്യവസ്ഥയിൽ വർഗ്ഗീയ കലാപങ്ങൾക്ക് പ്രത്യേക വകുപ്പുകളില്ല. അത് കൊണ്ട് വർഗ്ഗീയ കലാപങ്ങളുണ്ടാകുമ്പോൾ, മത വർഗ്ഗീയ പ്രവർത്തനങ്ങൾക്കെതിരെയുള്ള വകുപ്പുകൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കുകയാണ് പോലീസ് ചെയ്യുന്നത്. 

IPC 153A, BNS 196 (മതത്തിന്റെയോ വംശത്തിന്റെയോ പേരിൽ ശത്രുത വളർത്തൽ); IPC 295A, BNS 299 (മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ); IPC 295, BNS 298 (ആരാധനാലയങ്ങളെ നശിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യൽ) എന്നീ വകുപ്പുകളാണ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നത്. 

ഇങ്ങനെ കലാപ കേസുകളിൽ വർഗ്ഗീയകുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉള്ളവയുടെ പ്രത്യേക കണക്കെടുത്താൽ, വർഗ്ഗീയ കലാപങ്ങളുടെ വിവരങ്ങൾ കൂടുതൽ വ്യക്തതയോടെ കിട്ടാൻ സാധ്യതയുണ്ട്. 

പ്രിൻസിപ്പൽ ഒഫെൻസ് റൂൾ (POR) എന്ന അശാസ്ത്രീയ അളവ് കോൽ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ വരുന്ന ഒരു കുറ്റകൃത്യത്തിൽ ഏറ്റവും ക്രൂരമായതും ഗൗരവമുള്ളതുമായ കുറ്റം മാത്രമാണ് NCRB ഡാറ്റയിൽ ഉൾപ്പെടുക. പ്രിൻസിപ്പൽ ഒഫെൻസ് റൂൾ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഉദാഹരണത്തിന് ബലാൽസംഗത്തെ തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുന്ന കേസുകൾ കൊലപാതകത്തിന്റെ കണക്കിലാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഉൾപ്പെടുത്തുക. ബലാൽസംഗ കുറ്റങ്ങളുടെ കണക്കിൽ അല്ല. ബലാൽസംഗ കുറ്റങ്ങളുടെ യഥാർത്ഥ കണക്ക് ലഭ്യമല്ലാതാവുകയാണ് ഇത് കൊണ്ട് സംഭവിക്കുന്നത്. ഇക്കാര്യം 2017 ലെ NCRB റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 

ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ കണക്കുകളിൽ ഉൾപ്പെടാതെ പോകും.

creenshot of the 'Limitations' section from the NCRB Crime in India report explaining the Principle Offence Rule for crime classification.
2017 ക്രൈം ഇന്ത്യ റിപ്പോർട്ടിലെ ‘പരിമിതികൾ’ എന്ന അധ്യായം

നിരന്തര സമ്മർദ്ദങ്ങളുടെ ഭാഗമായി 2022 മുതൽ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ‘പീഡനം കാരണമുള്ള കൊലപാതകം’ (Murder with Rape/Gang Rape) എന്ന തലക്കെട്ട് ഉൾപ്പെടുത്താൻ തുടങ്ങി. എന്നിരുന്നാലും പ്രിൻസിപ്പൽ ഒഫെൻസ് റൂളിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

വർഗ്ഗീയ കലാപങ്ങളുടെ എണ്ണം കുറഞ്ഞിരിക്കാനും ഉത്തർ പ്രദേശിലുൾപ്പെടെ വർഗ്ഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാനും പ്രിൻസിപ്പൽ ഒഫെൻസ് റൂൾ എന്ന ഈ രീതി ഒരു കാരണമായിരിക്കാം. കലാപത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ, അത് കൂടുതൽ ശിക്ഷയുള്ള കുറ്റമായത് കൊണ്ട് തന്നെ കൊലപാതകമായിട്ടാകും കണക്കാക്കുക. കലാപത്തിന്റെ പട്ടികയിൽ വരാനിടയില്ല.

മണിപ്പൂരിൽ വർഗീയ കലാപങ്ങൾ പൂജ്യം 

ഉത്തർ പ്രദേശിലെ പോലെ മണിപ്പൂരിലെ കണക്കുകളിലുമുണ്ട് അപാകതകൾ. 2023 ൽ മണിപ്പൂരിൽ നടന്ന ആഭ്യന്തര കലാപങ്ങൾ രാജ്യത്തെയാകെ വിറപ്പിച്ചതാണ്. മെയ്ത്തി വിഭാഗത്തിന് പട്ടികവർഗ സംവരണം നൽകുന്നതിനെ ചൊല്ലിയായിരുന്നു കലാപങ്ങളുടെ തുടക്കം. പട്ടിക വർഗ സംവരണം നേരത്തെ തന്നെ ഉണ്ടായിരുന്ന കുക്കി വിഭാഗക്കാരായിരുന്നു എതിർപ്പുമായി രംഗത്ത് വന്നത്. മെയ്ത്തി വിഭാഗത്തിൽ ഭൂരിപക്ഷം പേരും ഹിന്ദുക്കളും കുക്കി വിഭാഗത്തിൽ ഭൂരിപക്ഷം പേരും ക്രൈസ്തവരുമാണ്.

മണിപ്പൂരിൽ നടന്ന കലാപത്തിന്റെ സ്വഭാവമനുസരിച്ച്, ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ഇവ വർഗ്ഗീയ കലാപങ്ങൾ അല്ലെങ്കിൽ വിഭാഗീയ കലാപങ്ങൾ (Sectarian Riot) എന്ന് രേഖപ്പെടുത്തേണ്ടതാണ്. 2023 – 2024 കാലയളവിലായി മണിപ്പൂർ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത് 258 പേർക്കാണ്. എന്നാൽ 2023 ലെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ മണിപ്പൂരിൽ നടന്ന വർഗ്ഗീയ കലാപങ്ങളുടെ എണ്ണം പൂജ്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഭാഗീയ കലാപങ്ങളാകട്ടെ മൂന്ന് എണ്ണവും. ഇതിൽ നാല് പേർക്ക് പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ 2022 നെ അപേക്ഷിച്ച് മണിപ്പൂരിലെ എൻസിആർബി കണക്കുകളിൽ ആകെ കലാപങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി കാണാം. 2022 ലെ ആകെ കലാപങ്ങളുടെ എണ്ണം 84 ആയിരുന്നു. 2023 ആകുമ്പോൾ ഇത് 5,421 ആയി. 6,353 ശതമാനം വർദ്ധന. ഇത് മണിപ്പൂരിലുണ്ടായ കലാപങ്ങളെ ഉപ വിഭാഗങ്ങളായി തിരിച്ചിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണ്. കലാപങ്ങൾ വലിയ തോതിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇവയെല്ലാം ‘ആകെ കലാപങ്ങൾ’ വിഭാഗത്തിൽ മാത്രമാണ് കണക്കാക്കപ്പെട്ടത്.

2024 ൽ ആകെ കലാപങ്ങൾ പിന്നെയും കുറഞ്ഞതായി കാണാം. മൊത്തം 273 എണ്ണം. പക്ഷേ, മണിപ്പൂർ കലാപങ്ങളുണ്ടായതിന് പിന്നാലെ 2024 ൽ ‘വംശീയ സംഘർഷം’ (Ethnic or Community Group Clash or Agitation) എന്ന തലക്കെട്ടിൽ ഒരു പുതിയ വിഭാഗം എൻസിആർബി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. ഇതിൽ 36 കേസുകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ആഗോള മാതൃകകൾ 

കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പിൽ ഇംഗ്ലണ്ടും വെയിൽസും മുന്നോട്ട് വയ്ക്കുന്ന മാതൃക ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യയിലെ എൻസിആർബി വിവര ശേഖരണ സംവിധാനങ്ങളെ പോലെ യുകെയ്ക്ക് എൻസിആർഎസ് (National Crime Recording Standard, NCRS) എന്ന സംവിധാനമുണ്ട്. എന്നാൽ ഇന്ത്യ നേരിടുന്നത് പോലുള്ള കണക്കിലെ വിടവുകൾ മറികടക്കാനായി സിഎസ്ഇഡബ്ല്യൂ (Crime Survey for England and Wales, CSEW) എന്ന സർവേ സംവിധാനം കൂടി യുകെ രൂപീകരിച്ചിട്ടുണ്ട്. പോലീസ് റെക്കോർഡുകളെ കൂടാതെ പൊതുജനങ്ങൾക്കിടയിൽ സർവേ നടത്തുന്ന രീതിയാണിത്. ഇതിലൂടെ പോലീസ് കണക്കുകളിലെ വിടവുകൾ കണ്ട് പിടിക്കാനാകും.

ഉത്തർ പ്രദേശിലെയും മണിപ്പൂരിലെയും കണക്കുകൾ സൂചിപ്പിക്കുന്നത് ഔദ്യോഗിക കണക്കുകൾ പലപ്പോഴും യാഥാർത്ഥ്യങ്ങളിൽ നിന്ന് ബഹുദൂരം അകലെയാണെന്നതാണ്. സിസിടിഎൻഎസ് (CCTNS) സംവിധാനത്തിലെ പിഴവുകൾ, ‘പ്രിൻസിപ്പൽ ഒഫൻസ് റൂൾ’ (POR) പോലുള്ള അശാസ്ത്രീയ രീതികൾ, വിവരശേഖരണത്തിലെ ഉദ്യോഗസ്ഥരുടെ വിവേചനാധികാരം എന്നിവ കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കണക്ക് മറച്ചുപിടിക്കാൻ കാരണമാകുന്നുണ്ട്. രാജ്യത്തെ കുറ്റകൃത്യ ഡാറ്റയുടെ സുതാര്യതയെയും വിശ്വാസ്യതയെയും സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഇതുയർത്തുന്നത്. 

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top