രാജ്യ വിരുദ്ധന്‍, ബാസ്റ്റര്‍ഡ്‌ – സൗരവ് ദാസിനെതിരെ സൈബറാക്രമണം

രാജ്യ വിരുദ്ധന്‍, ബാസ്റ്റര്‍ഡ്‌ – സൗരവ് ദാസിനെതിരെ സൈബറാക്രമണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി ഉയർത്തുന്ന ആവശ്യം. എന്നാൽ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയല്ല, രാജ്യത്തെ ബിജെപി അനുകൂല അക്കൗണ്ടുകൾ ചെയ്യുന്നത്. മറിച്ച് സിജെപി നേതാക്കളെ അസഭ്യം പറയുക എന്നതാണ്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി. വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ, മറ്റ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചതായുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രാജ്യത്ത് വീണ്ടും പ്രക്ഷോഭം അലയടിക്കുന്നത്.

ഇപ്പോൾ, സി.ജെ.പിയുടെ വക്താക്കളെ സോഷ്യൽ മീഡിയയിൽ വലതുപക്ഷ അക്കൗണ്ടുകൾ വേട്ടയാടുന്നുണ്ട്. മാധ്യമ പ്രവർത്തകൻ കൂടിയായ സൗരവ് ദാസിനെതിരെ വലിയ സൈബറാക്രമണമാണ് നടക്കുന്നത്. സർക്കാർ സ്കൂളുകളിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കാൻ ലക്ഷ്യമിട്ട് സി.ജെ.പി നടപ്പിലാക്കുന്ന ‘സ്കൂൾ തിക്ക് കരോ’ ക്യാമ്പയിനെ ചോദ്യം ചെയ്തുകൊണ്ടും  നിരവധി പോസ്റ്റുകളാണ് എക്സിൽ വൈറലാകുന്നത്.

രാജ്യ വിരുദ്ധനെന്ന് ആക്ഷേപം 

ഗ്യാനേഷ് കുമാർ രാജ്യ ദ്രോഹിയാണെന്നും ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും സി.ജെ.പി വക്താക്കള്‍ വാർത്താസമ്മേളനത്തിനിടെ ആരോപിച്ചിരുന്നു. എന്നാൽ രാജ്യദ്രോഹി  സൗരവാണെന്നാണ് ചില എക്സ് പോസ്റ്റുകള്‍ ആരോപിക്കുന്നത്. 

എക്സിൽ, 5,241 ഫോളോവേഴ്സ് ഉള്ള Munna Yadav എന്ന അക്കൗണ്ട് സെപ്റ്റംബർ 23 ന് ഒരു പോസ്റ്റ് പങ്കുവയ്ക്കുകണ്ടായുണ്ടായി. വലതുപക്ഷ രാഷ്ട്രീയ അനുഭാവം പ്രകടിപ്പിക്കുന്ന ഒരു അക്കൗണ്ട് ആണിത്. അക്കൗണ്ട് ബയോയിൽ ഭഗവദ് ഗീതയിലെ വരികൾ ചേർത്തിരിക്കുന്നത് കാണാം. “നിങ്ങളുടെ രാജ്യവിരുദ്ധ മുഖം കണ്ടത് പോലീസ് മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ജനങ്ങളുമാണ്” പോസ്റ്റിൽ പറയുന്നു.

രാജ്യവിരുദ്ധൻ (Anti-national) എന്ന് ലേബൽ ചെയ്യുന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഇതുവരെ (26/9/26) 13,000 ൽ അധികം പേരാണ് ഈ പോസ്റ്റ് എക്സിൽ കണ്ടിട്ടുള്ളത്.

സൗരവ് ദാസ് വ്യാജ പ്രചാരണങ്ങളുമായി തിരികെ എത്തിയിരിക്കുകയാണെന്നും കളവ് പറയാൻ അദ്ദേഹത്തിന് കുറെ പണം ലഭിക്കുന്നുണ്ടെന്നും ‘Anuradha’ എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌ ആരോപിക്കുന്നു. 

 ‘Anuradha’ എന്ന എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

“അതിമോഹം ആപത്താണ്, അത് മനുഷ്യനെ രാജ്യദ്രോഹിയാക്കും” (LALACH BURI BALA HAI, DESH DROHI BANATI HAI) എന്ന് പോസ്റ്റില്‍ പറയുന്നു. സൗരവ് ദാസിന്റെ മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള സൗരവ് ദാസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും നുണയൻ (Liar/Jhoota) എന്ന് ആക്ഷേപിക്കുകയുമാണ് പോസ്റ്റിൽ.

‘സൗരവിന്റെ ബയോളജിക്കല്‍ ഫാദറിനെ കാണിക്കണം’

അച്ഛന്‍ ആരാണ് എന്ന് അറിയാത്ത വ്യക്തിയാണ് സൗരവ് ദാസ്‌ എന്നും ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെങ്കില്‍ സൗരവ് തൻ്റെ പിതാവിനെ  കാണിക്കണം എന്ന് പറയുന്ന തികച്ചും അധിക്ഷേപകരമായ പോസ്റ്റുകൾ എക്സ് അക്കൗണ്ടുകളിൽ വൈറലാണ്. ഗ്യാനേഷ് കുമാറിന്റെ പ്രസ്താവന എന്ന പേരിൽ സൗരവ് ദാസിന്റെ കുടുംബ പശ്ചാത്തലത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള അധിക്ഷേപകരമായ പരാമർശമാണ് പോസ്റ്റിലുള്ളത്. 

Hindutva Knight ല്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള Hindutva Knight എന്ന അക്കൗണ്ടിൽ വലതുപക്ഷ പോസ്റ്റുകൾ സ്ഥിരമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

സ്കൂൾ സന്ദർശന ക്യാമ്പയിന് സി.ജെ.പിക്ക് അധികാരം കൊടുത്തത് ആരാണെന്ന്  ചോദിക്കുന്ന പോസ്റ്റ്, സൗരവ് ദാസിനെ “Bastard” എന്ന് അധിക്ഷേപിക്കുകയും അദ്ദേഹത്തിനെതിരെ പോക്സോ പോലുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്കൂൾ സന്ദർശനത്തിൻ്റെ ഒരു വീഡിയോ ആണ് ഇവർ പങ്കുവച്ചിട്ടുള്ളത്.

“സൗരവ് ദാസിന് ഭരണഘടനാപരമായ യാതൊരു പദവിയുമില്ല. മാതാപിതാക്കളുടെ അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമീപിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. സൗരവ് ദാസിനെപ്പോലുള്ളവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കണം” എന്നാണ് ‘Tony sharma’ എന്ന വെരിഫൈഡ് അക്കൗണ്ടിൽ വന്ന പോസ്റ്റ് പറയുന്നത്.

‘Tony sharma’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

8,048 ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിൽ നിന്നും ഇതുവരെ (26/9/26) രണ്ട് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്. രണ്ടായിരത്തിൽ അധികം പേരാണ് വീഡിയോക്ക് ലൈക്ക് ചെയ്തിട്ടുള്ളത്.

മലയാളത്തിലും സൗരവിനെ “ബാസ്റ്റാർഡ്” എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ഉണ്ട്.

മലയാളത്തിലുള്ള എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

17.6K ഫോളോവേഴ്സ് ഉള്ള ‘Tinku Venkatesh’ എന്ന ഒരു അക്കൗണ്ടിലും മുൻ പോസ്റ്റുകളിലെപ്പോലെ തന്നെ സൗരവ് ദാസിന്റെ പിതാവിന്റെ പേര്/കുടുംബ പശ്ചാത്തലം എന്നിവയെ ആവർത്തിച്ച് ചോദ്യം ചെയ്യാനും പരിഹസിക്കാനും ശ്രമിക്കുന്നു.

‘Tinku Venkatesh’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

24,000 ല്‍ അധികം പേരാണ് ഈ പോസ്റ്റ്‌ ഇതുവരെ (26/9/26) കണ്ടിട്ടുള്ളത്.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണുന്നതും അവരോടു സംസാരിക്കുന്നതും തെറ്റ്!

സി.ജെ.പിയുടെ സ്കൂൾ സന്ദർശന വീഡിയോകള്‍  ദുർവ്യാഖ്യാനം ചെയ്ത് കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊതുജനങ്ങളിൽ ആശങ്കയും അമർഷവും ഉണ്ടാക്കാൻ ശ്രമിക്കുന്ന പോസ്റ്റുകളും എക്സില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 

“സൗരവ് ദാസ്‌  ഇപ്പോൾ പരിധികൾ ലംഘിച്ചിരിക്കുകയാണ്: സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനെന്ന വ്യാജേന അദ്ദേഹം ഇന്ന് ഒഡീഷയിലെ ഒരു സ്കൂൾ സന്ദർശിച്ചു. പ്രിൻസിപ്പലിനെ കാണുന്നതിന് പകരം 8-9 വയസ്സുള്ള പെൺകുട്ടികളുടെ അടുത്തിരുന്ന് ‘നിങ്ങൾ സന്തുഷ്ടരാണോ? നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ?’ എന്ന് ചോദിച്ചു. അദ്ദേഹത്തിന് പിന്നിൽ, രണ്ട് സി.ജെ.പി അംഗങ്ങൾ 13-14 വയസ്സുള്ള രണ്ട് പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടു. അവർ എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല, പക്ഷേ കുട്ടികൾ സങ്കടത്തിലായിരുന്നു. ആരാണിവർ, പെൺകുട്ടികളുടെ സ്കൂളിലേക്ക് ഇവർക്ക് എങ്ങനെ പ്രവേശനം ലഭിച്ചു? എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് ഒഡീഷയിലെ ബിജെപി സർക്കാർ ഇത് തടയണം.”

എന്നാണ് 7,453 ഫോളോവേഴ്സ് ഉള്ള ‘Abhishek Kumar’ എന്ന അക്കൗണ്ട്‌ പറയുന്നത്. 

Abhishek Kumar’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ക്ലാസ് മുറിയിലിരിക്കുന്ന പെണ്‍കുട്ടികളുടെ മുഖം മാര്‍ക്ക് ചെയ്താണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അവരുടെ മുഖം മറച്ചിട്ടുമില്ല.

ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇതുവരെ 26/9/26) ഈ പോസ്റ്റ്‌ കണ്ടിട്ടുണ്ട്.

സി.ജെ.പി വക്താവ് സൗരവ് ദാസ്, യഥാർത്ഥ ഇന്ത്യക്കാരനല്ല എന്നും ആഡംബര ജീവിതമാണ്‌ നയിക്കുന്നത് എന്നും പറയുന്ന നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ആഗസ്ത് മാസം മുതല്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

 സി.ജെ.പി പ്രതിഷേധത്തിനിടെ തൻ്റെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിൽ സി.ജെ.പി പ്രവർത്തകർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയോടൊപ്പം സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top