
തണുത്തുറയുന്ന താപ വൈദ്യുതി നിലയങ്ങൾ; രാജ്യം ഗുരുതരമായ ഊർജ പ്രതിസന്ധിയിലേക്ക് ?
രാജ്യത്തെ താപവൈദ്യുത നിലയങ്ങൾ അതി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് നോക്കിയാൽ രാജ്യത്തെ താപവൈദ്യുത നിലയങ്ങൾക്ക് ഒരാഴ്ച കൂടി പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരമേയുള്ളൂ. രാജ്യത്തെ 42 ശതമാനം താപവൈദ്യുത നിലയങ്ങൾ ‘ക്രിട്ടിക്കൽ’ അഥവാ ഗുരുതരാവസ്ഥയിലാണെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കരുതൽ ശേഖരമായി വേണ്ട കൽക്കരിയുടെ 25 ശതമാനം പോലും ഒരു താപവൈദ്യുത നിലയത്തിൽ ബാക്കിയില്ലെങ്കിൽ, ആ നിലയം അപകടാവസ്ഥയിലാണെന്ന് (critical) കണക്കാക്കും. രാജ്യത്തെ 190 താപവൈദ്യുത നിലയങ്ങളിലായി അവശേഷിക്കുന്നത് ആകെ ആവശ്യമുള്ളതിന്റെ 38.5 ശതമാനം കൽക്കരി മാത്രമാണ്.
സെപ്റ്റംബർ ആദ്യത്തോടെ സംസ്ഥാനത്തുടനീളമുണ്ടായ മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം ജനജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിൽ സമയം മുൻകൂട്ടി അറിയിക്കുന്നുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം എന്ന് വരെയുണ്ടാകുമെന്നതിന് കൃത്യമായ ഉത്തരമൊന്നും ലഭിച്ചിട്ടില്ല. സായാഹ്നങ്ങളിൽ ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായ കുറവാണ് നിയന്ത്രണത്തിന് കാരണമായി സംസ്ഥാന വൈദ്യുതി ബോർഡ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന് പുറമെ രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വൈദ്യുത നിയന്ത്രണങ്ങളുണ്ട്. എന്നാൽ, രാജ്യത്തെ കൽക്കരി വിതരണ ശൃംഖലയിലെ പ്രതിസന്ധിയുടെ ഒരു ലക്ഷണം കൂടിയാണ് ഈ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം. വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധി താപവൈദ്യുതി നിലയങ്ങളിൽ കൽക്കരി ശേഖരം അപകടകരമാം വിധം കുറയാൻ കാരണമായി. ഇത് വൈദ്യുത ഉത്പാദനത്തെയും ബാധിക്കുന്നുണ്ട്.
ആകെ ആവശ്യമുള്ള വൈദ്യുതിയുടെ 22 മുതൽ 25 ശതമാനം വരെ മാത്രമാണ് കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുമ്പോൾ (Peak load) എൻടിപിസി (NTPC – National Thermal Power Corporation) ഉൾപ്പെടെയുള്ള കേന്ദ്ര നിലയങ്ങളെയാണ് സംസ്ഥാനം കൂടുതലായും ആശ്രയിക്കുന്നത്. ബാക്കി വരുന്ന ആവശ്യങ്ങൾക്ക് പവർ എക്സ്ചേഞ്ചുകളിൽ നിന്ന് താൽക്കാലികമായി വൈദ്യുതി വാങ്ങുന്നു. എന്നാൽ, കൽക്കരിക്ഷാമം കാരണം രാജ്യത്തെ 80 പ്രധാന താപവൈദ്യുതി നിലയങ്ങളിൽ ഉൽപ്പാദനം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടതോടെ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഇടിവുണ്ടായി.
190 താപ വൈദ്യുതി നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരമുള്ളത് അഞ്ചിടത്ത് മാത്രം.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (CEA – Central Electricity Authority) ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ താപവൈദ്യുതി മേഖല കടുത്ത കൽക്കരി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. താപവൈദ്യുത നിലയങ്ങളിൽ സൂക്ഷിച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ കൽക്കരി ശേഖരത്തിനെ പറ്റി കേന്ദ്ര വൈദ്യതി അതോറിറ്റിയുടെ മാനദണ്ഡമുണ്ട് (Normative Capacity). രാജ്യത്ത് രണ്ട് തരത്തിലുള്ള താപവൈദ്യുത നിലയങ്ങളുണ്ട് – കൽക്കരി ഖനിയോട് ചേർന്നുള്ള താപവൈദ്യുത നിലയങ്ങളും (Pithead power plants) ഖനികളിൽ നിന്ന് 1500 കിലോമീറ്ററിലധികം ദൂരം മാറി സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയങ്ങളും (Non-pithead power plants). ഖനികളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നിലയങ്ങളിൽ, 85 ശതമാനം കാര്യക്ഷമതയോടു കൂടി മൺസൂണിൽ 12 ദിവസം പ്രവർത്തിക്കാനും അല്ലാത്ത കാലങ്ങളിൽ 17 ദിവസം പ്രവർത്തിക്കാനുമുള്ള കൽക്കരി ശേഖരമുണ്ടായിരിക്കണമെന്നാണ് വൈദ്യതി അതോറിറ്റിയുടെ മാനദണ്ഡം. ഖനികളിൽ നിന്ന് മാറിയുള്ള നിലയങ്ങളിൽ മൺസൂണിൽ ഇരുപത് ദിവസവും അല്ലാത്തപ്പോൾ 26 ദിവസവും പ്രവർത്തിക്കാനുള്ള കൽക്കരിയുമുണ്ടാകണം. എന്നാൽ സെപ്റ്റംബർ 24 ലെ കണക്കനുസരിച്ച്, അതോറിറ്റിക്ക് കീഴിലുള്ള 190 വൈദ്യുത നിലയങ്ങളിൽ ആകെ 5 എണ്ണത്തിൽ മാത്രമാണ് ആവശ്യത്തിന് ശേഖരമുള്ളത്. ഒഡീഷയിലെ രണ്ടും മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ഓരോ നിലയങ്ങളിലുമാണ് മാനദണ്ഡപ്രകാരമുള്ള കൽക്കരി ശേഖരമുള്ളത്. ബാക്കി 185 നിലയങ്ങളിലും കൽക്കരി ശേഖരം കുറവാണ്.
ഇനി ഏഴ് ദിവസം കൂടി മാത്രം?
190 താപവൈദ്യുതി നിലയങ്ങളിലായി ബാക്കിയുള്ള ആകെ കൽക്കരി ശേഖരം 2.23 കോടി ടണ്ണാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് 190 താപവൈദ്യുത നിലയങ്ങളിലായി ആകെ ഉണ്ടായിരിക്കേണ്ടത് 5.78 കോടി ടൺ കൽക്കരിയാണ്. എന്നാൽ മൂന്ന് ദിവസം മുൻപ് വരെയുള്ള കണക്കനുസരിച്ച്, എല്ലാ നിലയങ്ങളിലും കൂടി ആകെ ബാക്കിയുള്ളത് 2.23 കോടി ടൺ കൽക്കരി മാത്രമാണ്. അതായത്, ആകെ ആവശ്യമുള്ളതിന്റെ 38.5 ശതമാനം കൽക്കരി മാത്രമാണ് നിലയങ്ങളിൽ ബാക്കിയുള്ളത്.
ഒരു നിലയത്തിന് 85 ശതമാനം ക്ഷമതയോട് കൂടി എത്ര ദിവസം പ്രവർത്തിക്കാനുള്ള കൽക്കരി മിച്ചമുണ്ടെന്ന മാനദണ്ഡമനുസരിച്ച് കണക്കാക്കിയാൽ രാജ്യത്തെ എല്ലാ താപവൈദ്യുത നിലയങ്ങൾക്കും കൂടി 7.1 ദിവസം മാത്രമേ പ്രവൃത്തിക്കാനാകൂ. ഒരു ദിവസം ഈ നിലയങ്ങൾക്കെല്ലാം കൂടി പ്രവർത്തിക്കാനാവശ്യം ഏതാണ്ട് 21.26 ലക്ഷം ടൺ കൽക്കരിയാണ്.
80 താപനിലയങ്ങളിൽ കൽക്കരി ശേഖരം അപകടകരമാം വിധം കുറഞ്ഞ നിലയിൽ
മാനദണ്ഡപ്രകാരം സൂക്ഷിക്കേണ്ട കൽക്കരിയുടെ 25 ശതമാനം പോലും ഒരു താപവൈദ്യുത നിലയത്തിൽ ബാക്കിയില്ലെങ്കിൽ, ആ നിലയം അപകടാവസ്ഥയിലാണെന്ന് കണക്കാക്കും (Critical level). കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിരീക്ഷണത്തിലുള്ള 190 നിലയങ്ങളിൽ 80 എണ്ണത്തിലും (42%) കൽക്കരി ശേഖരം അപകടകരമാം വിധം കുറഞ്ഞ അവസ്ഥയിലാണ്.
ഇതിൽ തന്നെയും 15 വൻകിട നിലയങ്ങളിൽ 24 മണിക്കൂറിൽ താഴെ പ്രവർത്തിക്കാനുള്ള കൽക്കരിയേ നിലവിൽ ബാക്കിയുള്ളൂ. അതായത്, പുതിയ കൽക്കരി എത്താത്ത പക്ഷം, ഈ നിലയങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിയെന്ന് അനുമാനിക്കേണ്ടി വരും. സെപ്റ്റംബർ 24 വരെയുള്ള കണക്കുകളെ വൈദ്യുതി അതോറിറ്റി ഇതുവരെ പുറത്ത് വിട്ടിട്ടുള്ളൂ.
ഇതിൽ തന്നെയും ഹരിയാനയിലെ യമുനാ നഗർ, രാജസ്ഥാനിലെ അദാനി പവർ കവായി, ആന്ധ്രാപ്രദേശിലെ ദാമോദരം സഞ്ജീവയ്യ, ഝാർഖണ്ഡിലെ തെനുഘട്ട് എന്നീ താപനിലയങ്ങളിൽ 2.4 മണിക്കൂർ പ്രവർത്തിക്കാനാവശ്യമായ കൽക്കരി മാത്രമേ ബാക്കിയുള്ളൂ. മറ്റ് പതിനൊന്നോളം താപനിലയങ്ങളിൽ നിലവിലുള്ള കൽക്കരിയുപയോഗിച്ച്, 7.2 മണിക്കൂർ മുതൽ 16.8 മണിക്കൂർ വരെ പ്രവർത്തിക്കാനേ സാധിക്കൂ.
ഇതിനു പുറമെ 35 താപനിലയങ്ങൾ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരിയുമായി അപകടനിലയിലാണ് പ്രവർത്തിക്കുന്നത്.
അതേസമയം, നിരീക്ഷണത്തിലുള്ള ബാക്കി 110 നിലയങ്ങളിൽ ഇന്ധനക്ഷാമം അപകടനിലയിലെത്തിയിട്ടില്ലെങ്കിലും ഭൂരിഭാഗം നിലയങ്ങളിലും കൽക്കരി ശേഖരം നിർദ്ദിഷ്ട മാനദണ്ഡത്തിന് താഴെയാണ്. ഇതിൽ 42 നിലയങ്ങളിൽ 5 മുതൽ 8 ദിവസം വരെയുള്ള കൽക്കരിയും, 48 നിലയങ്ങളിൽ 8 മുതൽ 15 ദിവസം വരെയുള്ള ശേഖരവും മാത്രമേയുള്ളൂ. 20 നിലയങ്ങളിൽ മാത്രമാണ് 15 ദിവസത്തിൽ പ്രവർത്തിക്കാനുള്ള കൂടുതൽ ശേഖരവുമുള്ളത്.
സെപ്റ്റംബർ മാസത്തിലെ ഉയർന്ന ഡിമാൻഡ് ; ദിനംപ്രതിയുള്ള ഇന്ധനച്ചോർച്ച
സെപ്റ്റംബർ മാസത്തിൽ ദിനംപ്രതി കൽക്കരി ശേഖരത്തിലുണ്ടായ ദ്രുതഗതിയിലുള്ള ഇടിവ് വ്യക്തമാണ്. ഈ വർഷം സെപ്റ്റംബർ ഒന്നാം തിയ്യതി 2.86 കോടി ടണ്ണായിരുന്ന (മാനദണ്ഡ പ്രകാരം ആവശ്യമുള്ളതിന്റെ 49 ശതമാനം) കൽക്കരി ശേഖരം, സെപ്റ്റംബർ 19-ന് 2.31 കോടി ടണ്ണായും (40%), സെപ്റ്റംബർ 22-ന് 2.26 കോടി ടണ്ണായും (39%) താഴ്ന്നു.

സെപ്റ്റംബർ 24 ഓടെ രാജ്യത്തെ താപനിലയങ്ങളിൽ ആകെയുള്ള കൽക്കരി ശേഖരം 2.23 കോടി ടണ്ണായി (38%) കുറഞ്ഞു. അപകടനിലയിലുള്ള നിലയങ്ങളുടെ എണ്ണം സെപ്റ്റംബർ ഒന്നിന് 45 ആയിരുന്നു. ഇത് സെപ്റ്റംബർ 24 ആകുമ്പോഴേക്കും 80 ആയി ഉയർന്നു.

വൈദ്യുതി ആവശ്യകതയിലുണ്ടായ വൻ വർദ്ധനവും കൽക്കരി വിതരണത്തിലെ വേഗതക്കുറവുമാണ് ഈ വിടവിന് ഒരു പ്രധാന കാരണം. രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത (Peak Demand) 270.7 ഗിഗാവാട്ടെന്ന ഉയർന്ന നിരക്കിലെത്തി. പ്രതിമാസ വൈദ്യുതി ഉൽപ്പാദനം 10.5 മുതൽ 11.8 ശതമാനം വരെ വർദ്ധിച്ചു.
രാജ്യത്ത് മൺസൂൺ മഴയിൽ 12 ശതമാനത്തോളം കുറവുണ്ടായതും കടുത്ത ചൂടും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കാൻ ഇടയാക്കി. ഇത് ജലവൈദ്യുത ഉൽപ്പാദനം കുറയുന്നതിന് കാരണമായി. ഇതോടെ താപവൈദ്യുതി നിലയങ്ങൾക്ക് മുഴുവൻ സമയവും പ്രവർത്തിക്കേണ്ടി വന്നു. ജൂലൈ മാസത്തിൽ മാത്രം താപനിലയങ്ങളിലെ കൽക്കരി ഉപയോഗം 23 ശതമാനം വർദ്ധിച്ച് 171 ബില്യൺ യൂണിറ്റ് ഉൽപ്പാദനമെന്ന റിക്കോർഡിലെത്തി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൽക്കരി ഉപയോഗം 8 ശതമാനം ഉയർന്നപ്പോൾ, തീവണ്ടി മാർഗ്ഗമുള്ള കൽക്കരി നീക്കം 5 ശതമാനവും നിലയങ്ങളിലേക്കുള്ള കൽക്കരി തീവണ്ടികളുടെ അളവ് 3 ശതമാനവും മാത്രമാണ് വർദ്ധിച്ചത്.
മഴലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ
മഴലഭ്യതയിലെ അസന്തുലിതാവസ്ഥയും വിദേശ കൽക്കരിയുടെ വിലക്കയറ്റവുമാണ് പ്രധാന കാരണങ്ങളായി കൽക്കരി-വൈദ്യുതി മന്ത്രാലയങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കിഴക്കൻ കൽക്കരി ഖനന മേഖലകളായ ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലുണ്ടായ കനത്ത മഴ ഓപ്പൺകാസ്റ്റ് ഖനികളിൽ വെള്ളക്കെട്ടുണ്ടാക്കുകയും കൽക്കരി ഈർപ്പമുള്ളതാക്കുകയും ചെയ്യാൻ ഇടയാക്കി. ഇത് ഖനനത്തെയും തീവണ്ടി വഴിയുള്ള ചരക്ക് നീക്കത്തെയും ബാധിച്ചു. അതേ സമയം പദ്ധതി പ്രദേശങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തത് മൂലം ഡാമുകളിൽ വെള്ളം കുറഞ്ഞു. ജലവൈദ്യുതി ഉൽപ്പാദനത്തിൽ 12 ശതമാനത്തോളം കുറവുണ്ടായി . താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ ആവശ്യകത കൂട്ടാൻ ഇത് കാരണമായി.
ഇറക്കുമതി കൽക്കരിയുടെ വില വർദ്ധന
അതേസമയം, വിദേശത്തുനിന്നുള്ള ഇറക്കുമതി കൽക്കരിയുടെ (ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ) വിലയിൽ 50 ശതമാനത്തോളം വർദ്ധനവുണ്ടായി. ഓഗസ്റ്റ് മാസത്തിൽ, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ ഉപയോഗം 85.6 ശതമാനം വർദ്ധിപ്പിച്ച് 5.5 മില്യൺ ടണ്ണാക്കി പവർ പ്ലാന്റുകൾ താത്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. പക്ഷേ, കടുത്ത സാമ്പത്തിക ബാധ്യത കാരണം സംസ്ഥാന ഉടമസ്ഥതയിലുള്ള താപവൈദ്യുത കമ്പനികൾ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയും ആഭ്യന്തര കൽക്കരിയെ മാത്രം ആശ്രയിക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
ദേശീയ താപവൈദ്യുതി നിലയങ്ങളിലെ കൽക്കരി ലഭ്യതയും ഇന്ധന സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (CEA) സംഭരണ നിർദ്ദേശങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. ഖനികളിലെ മഴവെള്ളക്കെട്ട്, മൺസൂൺ കാലത്തെ ഉൽപ്പാദന ഇടിവ്, അല്ലെങ്കിൽ റെയിൽവേ ചരക്കുനീക്കത്തിലെ അപ്രതീക്ഷിത വൈകൽ എന്നിവ കാരണം വിതരണം മുടങ്ങിയാലും വൈദ്യുതി ഉൽപ്പാദനം നിലയ്ക്കാതിരിക്കാൻ വൈദ്യുത നിലയങ്ങളിൽ മുൻകൂട്ടി ഇന്ധന ശേഖരം കരുതണമെന്നാണ് ഈ മാനദണ്ഡങ്ങൾ അനുശാസിക്കുന്നത്.
നയപരമായ പാളിച്ചകൾ
എന്നാൽ കാലങ്ങളായുള്ള നയപരമായ തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയതെന്ന ആരോപണവും ശക്തമാണ്. നിലയങ്ങളിൽ നിർബന്ധമായും സൂക്ഷിക്കേണ്ട കൽക്കരി ശേഖരത്തിന്റെ കണക്കുകൂട്ടൽ രീതികളിൽ കൈക്കൊണ്ട മാറ്റങ്ങളും, അപകടനില നിശ്ചയിക്കുന്നതിനുള്ള പരിധി താഴ്ത്തിയതും ഇടയ്ക്കിടെ ഇത്തരത്തിൽ കൽക്കരി പ്രതിസന്ധിയുണ്ടാകാൻ കാരണമാകുന്നുണ്ട്. 2022 ലും രാജ്യത്ത് സമാനമായ രീതിയിൽ കൽക്കരി പ്രതിസന്ധി ഉണ്ടായിട്ടുണ്ട്.
2017 നവംബർ മുതൽക്കാണ് രാജ്യത്ത് കൽക്കരി ശേഖരം നിരീക്ഷിക്കാൻ കേന്ദ്രീകൃത സംവിധാനമുണ്ടാകുന്നത്. അന്ന്, കുറഞ്ഞത് 55 ശതമാനം ക്ഷമതയിൽ 7 ദിവസം പ്രവർത്തിക്കാനാവശ്യമായ ഇന്ധനം താപ നിലയങ്ങൾ സൂക്ഷിക്കണമെന്നതായിരുന്നു മാനദണ്ഡം. എന്നാൽ 2021 ഒക്ടോബറിലുണ്ടായ രൂക്ഷമായ കൽക്കരി ക്ഷാമത്തെത്തുടർന്ന്, 2021 ഡിസംബർ 6-ന് കേന്ദ്ര വൈദ്യുതി അതോറിറ്റി സംഭരണ നയം പരിഷ്കരിച്ചു. പുതിയ ഉത്തരവ് പ്രകാരം ദിനംപ്രതിയുള്ള കൽക്കരി ആവശ്യകത 85 ശതമാനം പ്രവർത്തന ക്ഷമതയിൽ കണക്കാക്കാൻ തുടങ്ങി. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത്, മഴക്കാലത്ത് (ഓഗസ്റ്റ്-സെപ്റ്റംബർ) ഖനിസമീപ നിലയങ്ങളിൽ 12 ദിവസത്തേക്കും, ദൂരെയുള്ള നിലയങ്ങളിൽ 20 ദിവസത്തേക്കുമുള്ള കൽക്കരി ശേഖരം ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള മാസങ്ങളിൽ (ഫെബ്രുവരി-മാർച്ച്) യഥാക്രമം 17 ദിവസത്തേക്കും 26 ദിവസത്തേക്കുമുള്ള ശേഖരം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു. ഏറ്റവും പ്രധാനമായി, ഒരു പ്ലാന്റിലെ യഥാർത്ഥ കൽക്കരി ശേഖരം അതിന്റെ മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യത്തിന്റെ 25 ശതമാനത്തിൽ താഴെയാകുമ്പോൾ മാത്രമാണ് അതിനെ ഔദ്യോഗികമായി ‘ക്രിട്ടിക്കൽ’ അഥവാ അപകടനിലയായി തരംതിരിക്കാൻ തുടങ്ങിയത്.
‘ഗുരുതരനില’യുടെ മാറിയ മാനദണ്ഡം
പ്രവർത്തന ക്ഷമത 85 ശതമാനമായി പരിഷ്കരിച്ചെങ്കിലും, അപകടനില പ്രഖ്യാപിക്കാനുള്ള പരിധി വളരെ ചുരുങ്ങിയതാണെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് നിലയങ്ങളിലെ കൽക്കരി സംഭരണത്തിന്റെ തോത് വളരെയധികം കുറച്ചു. മൺസൂൺ കാലത്ത്, ഖനികൾക്ക് സമീപമുള്ള നിലയങ്ങളിൽ 12 ദിവസത്തെ കൽക്കരിയുണ്ടാകണമെന്നാണ് മാനദണ്ഡം. എന്നാൽ ഇതിന്റെ 25 ശതമാനത്തിൽ താഴെ കൽക്കരിയെത്തിയാൽ മാത്രമേ നിലയത്തിനെ ‘ക്രിട്ടിക്കൽ’ പട്ടികയിൽ പരിഗണിക്കുകയുള്ളൂ. എന്നാൽ, നിലവിലെ നിലയങ്ങളുടെ ശേഷി വെച്ച്, ഈ 25 ശതമാനമെന്നാൽ കഷ്ടിച്ച് 3 ദിവസത്തേക്കുള്ള കൽക്കരി മാത്രമേ ഉണ്ടാകൂ. ഖനിയിൽ നിന്ന് ദൂരെയുള്ള നിലയങ്ങൾക്ക് 5 ദിവസം വരെയാകും ഈ കണക്ക്.
തൽഫലമായി, നിർദേശിക്കപ്പെട്ടിട്ടുള്ളതിന്റെ 25% നും 35% നുമിടയിൽ മാത്രം കൽക്കരി സംഭരണമുള്ള നിലയങ്ങൾ ഔദ്യോഗികമായി അപകടനിലയ്ക്ക് പുറത്താണ്. എന്നാൽ റെയിൽവേ ചരക്കുനീക്കത്തിലോ വിതരണ ശൃംഖലയിലോ 24 മുതൽ 48 മണിക്കൂർ വരെ ചെറിയൊരു തടസ്സം ഉണ്ടായാൽ പോലും ഈ പ്ലാന്റുകളിലെ കൽക്കരി സംഭരണം പൂജ്യത്തിലേക്ക് കടക്കും.
വൈദ്യതിയെ വാണിജ്യവത്ക്കരിക്കുമ്പോൾ
കൽക്കരി വ്യവസായത്തെ കച്ചവടവത്കരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് നിലയങ്ങളിലെ കൽക്കരി സംഭരണത്തിന്റെ തോത് കുറയ്ക്കുന്നതെന്ന് വിമർശകർ പറയുന്നു.
“കാലങ്ങളായി താപവൈദ്യുത നിലയങ്ങളിൽ കരുതേണ്ട കൽക്കരിയുടെ അളവ് കേന്ദ്ര സർക്കാർ കുറച്ച് കൊണ്ട് വരുന്നുണ്ട്. കൂടുതൽ കൽക്കരി സൂക്ഷിക്കുമ്പോൾ അത്രയും വലിയ തുകയാണ് സ്റ്റോക്കിൽ മരവിച്ചുപോകുന്നത്. എന്നാൽ വൈദ്യുതിയെ ഒരു പ്രാഥമിക വികസന ഉപാധിയായി കാണുന്നതിന് പകരം വെറുമൊരു കച്ചവട വസ്തുവായി കാണുമ്പോൾ, അത് ഉൽപ്പാദിപ്പിക്കുക എന്നതല്ല, മറിച്ച് എങ്ങനെ വിറ്റ് സാമ്പത്തിക ലാഭമുണ്ടാക്കാം എന്നാണ് കേന്ദ്ര സർക്കാർ ചിന്തിക്കുന്നത്. കൽക്കരി മേഖലയുടെ കാര്യക്ഷമത അളക്കുന്നത് രാജ്യത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റിയോ എന്നതിലല്ല, മറിച്ച് എത്ര സാമ്പത്തിക ലാഭവും പണവും ഉണ്ടാക്കി എന്നതിലാണ്.” കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുമായ ഡോക്ടര്‍ എം.ജി സുരേഷ് കുമാര്‍ പറയുന്നു.
കമ്പനികൾക്ക് ലാഭം; പക്ഷേ രാജ്യത്ത് ഊർജ്ജപ്രതിസന്ധി
നിലയങ്ങളിലെ കൽക്കരി സംഭരണം കുറയ്ക്കുന്നത് വഴി, നിലയങ്ങളുടെ പ്രവർത്തന മൂലധനം കുറയ്ക്കാൻ സാധിക്കുന്നു. അധികം കൽക്കരി ശേഖരം താപവൈദ്യുത നിലയങ്ങളിൽ കരുതിവെക്കുമ്പോൾ, അതിനായി കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് മുൻകൂട്ടി നിക്ഷേപിക്കേണ്ടി വരുന്നത്. അതായത്, സൂക്ഷിച്ചിരിക്കുന്ന കൽക്കരി ഉപയോഗിച്ച് തീരുന്നതുവരെ ആ തുക വിനിമയമില്ലാതെ കെട്ടിക്കിടക്കേണ്ടി വരുന്നു. എന്നാൽ സംഭരണ അളവ് കുറച്ച്, ദിനംപ്രതിയുള്ള ആവശ്യത്തിന് മാത്രം കൽക്കരി എത്തിക്കുന്ന രീതിയിലേക്ക് മാറുമ്പോൾ, കമ്പനികൾക്ക് കൽക്കരി വാങ്ങാൻ ആവശ്യമായ പണത്തിന്റെ ലഭ്യത കൂട്ടാനും ധനകാര്യ ബാധ്യതകൾ കുറയ്ക്കാനും സാധിക്കുന്നു. എന്നാൽ, ഈ സാമ്പത്തിക ലാഭത്തിന് പിന്നിൽ മറ്റൊരു അപകടസാധ്യതയുണ്ട്. മൺസൂൺ മഴയെത്തുടർന്ന് ഖനികളിൽ വെള്ളക്കെട്ടുണ്ടാകുകയോ, റെയിൽവേ പാതകളിൽ ചരക്കുനീക്കം തടസ്സപ്പെടുകയോ, അല്ലെങ്കിൽ വൈദ്യുതി ആവശ്യകത പെട്ടെന്ന് കുതിച്ചുയരുകയോ ചെയ്യുമ്പോൾ, കൈയിൽ കരുതൽ ശേഖരമില്ലാത്ത പവർ പ്ലാന്റുകൾ മണിക്കൂറുകൾക്കുള്ളിൽ ഇന്ധനമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും രാജ്യം ഊർജ്ജ പ്രതിസന്ധിയിലേക്ക് എത്തുകയും ചെയ്യുന്നു.
കൽക്കരി കമ്പനികളും റെയിൽവേയും പവർ പ്ലാന്റുകളും തമ്മിൽ നിലനിൽക്കുന്ന വാണിജ്യപരമായ വൈരുദ്ധ്യങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നാണ് എം ജി സുരേഷ് കുമാർ അഭിപ്രായപ്പെടുന്നത്.
“ഉൽപ്പാദനം കുറയുകയോ ആവശ്യകത കുതിച്ചുയരുകയോ ചെയ്യുമ്പോൾ, ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്ന കൽക്കരി മേഖലയ്ക്ക് മുന്നിൽ രണ്ട് വഴികളുണ്ട്: ഒന്നുകിൽ ദീർഘകാല കരാറുകൾ (PPA) പ്രകാരം കുറഞ്ഞ നിരക്കിൽ താപവൈദ്യുത നിലയങ്ങൾക്ക് കൽക്കരി നൽകുക, അല്ലെങ്കിൽ ഹ്രസ്വകാല വിപണിയിൽ ഉയർന്ന വിലയ്ക്ക് സ്വകാര്യ കമ്പനികൾക്ക് വിൽക്കുക. കച്ചവട യുക്തിയനുസരിച്ച് ഹ്രസ്വകാല വിപണിയിൽ വിൽക്കുമ്പോഴാണ് കൂടുതൽ ലാഭം ലഭിക്കുന്നത്, അതിനാൽ കൽക്കരി ലഭ്യതക്കുറവിന്റെ പ്രഹരം ദീർഘകാല കരാറുകളുള്ള വൈദ്യുത നിലയങ്ങൾ അനുഭവിക്കേണ്ടി വരുന്നു.”
റെയിൽവേയുടെ പരാജയം
ഖനികളിൽ കൽക്കരി ലഭ്യമാണെങ്കിലും അത് നിലയങ്ങളിലേക്ക് എത്തിക്കാൻ റെയിൽവേയ്ക്ക് സാധിക്കാത്തതാണ് മറ്റൊരു പ്രശ്നം. കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഖനികളിൽ മാത്രം 7.6 കോടി ടൺ കൽക്കരി വിൽപനയ്ക്ക് തയ്യാറായി കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ദേശീയതലത്തിൽ ഖനികളിലും തുറമുഖങ്ങളിലുമായി 11.4 കോടി ടൺ കൽക്കരി ലഭ്യമാണ്. രാജ്യത്തെ ആകെ കൽക്കരി ഉൽപ്പാദനം വർദ്ധിച്ചുവെങ്കിലും ചരക്ക് നീക്കത്തിലെ പോരായ്മയാണ് വിതരണം തടസ്സപ്പെടുത്തുന്നത്.
രാജ്യത്ത് കൽക്കരി ഉത്പാദനത്തിൽ വർഷം തോറും 6.7 ശതമാനത്തിന്റെ വർധനവുണ്ടാകുന്നുണ്ട്. വൈദ്യുതി മേഖലയിലേക്കുള്ള വിതരണം 4.5 ശതമാനമായി ഉയർന്നു. ദിവസേനയുള്ള കൽക്കരി കൊണ്ട് പോകുന്ന ട്രെയിൻ ലോഡുകളുടെ എണ്ണവും 376 ൽ നിന്ന് 436 ആയി ഉയർന്നു. എന്നാൽ എൻടിപിസി (NTPC – National Thermal Power Corporation) ആവശ്യപ്പെടുന്ന ആകെ ട്രെയിനുകളുടെ പകുതി മാത്രമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഉപയോഗിക്കപ്പെടാത്ത ഖനികൾ
ഗ്ലോബൽ എനർജി മോണിറ്ററിന്റെ 2022 ലെ പഠന പ്രകാരം ഇന്ത്യയിലെ നിലവിലുള്ള ഖനികളിൽ 43.3 കോടി ടൺ കൽക്കരി പൂർണ്ണമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ട്. രാജ്യത്തെ 1,973 കൽക്കരി ഖനികളിൽ 299 ഖനികൾ നിയമതടസ്സങ്ങളും റെയിൽവേ പാതകളുടെ അഭാവവും കാരണം പൂർണ്ണമായും അടഞ്ഞുകിടക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വൈദ്യുതി വിപണി മൂല്യമുള്ള ഒരു ചരക്കാണോ അതോ രാജ്യത്തിൻറെ നിലനില്പിനെയും വികസനത്തെയും താങ്ങി നിർത്തുന്ന പ്രാഥമിക ഉപാധിയാണോ എന്ന കാതലായ ചോദ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധി മുന്നോട്ട് വെക്കുന്നത് .കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് സംഭരണ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുകയും കൽക്കരിയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ രാജ്യം നേരിടുന്ന തുടർച്ചയായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകൂ.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക