നവരാത്രി ആഘോഷങ്ങളിലെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള മോറൽ പോലീസിംഗ്: ഹിന്ദുത്വ വാദികൾ ലക്ഷ്യം വെക്കുന്നത് ആരെ?

നവരാത്രി ആഘോഷങ്ങളിലെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള മോറൽ പോലീസിംഗ്: ഹിന്ദുത്വ വാദികൾ ലക്ഷ്യം വെക്കുന്നത് ആരെ?

നവരാത്രി ആയതോടെ, ഗർബ നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വസ്ത്ര ധാരണത്തെ ചൊല്ലിയുള്ള കടുത്ത ആക്ഷേപങ്ങളും മോറൽ പോലീസിംഗും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. തീവ്ര ഹിന്ദുത്വ നിലപാടുകൾ പുലർത്തുന്നവരും പുരുഷാവകാശങ്ങൾക്ക് വേണ്ടി നില കൊള്ളുന്നവരുമൊക്കെയാണ് സ്ത്രീകൾക്കെതിരായ ആക്രോശങ്ങളുമായി സോഷ്യൽ മീഡിയയിൽ കളം പിടിക്കുന്നത്.

ഒക്ടോബർ പതിനൊന്നിനാണ് ഇന്ത്യയിൽ നവരാത്രിയാഘോഷങ്ങൾ തുടങ്ങിയത്. പതിവ് പോലെ,ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുന്നു. എന്നാൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സദാചാര പൊലീസിങ് ആണ് നടക്കുന്നത്. നവരാത്രിയുടെ ഭാഗമായ ഗർബ നൃത്തത്തിനിൽ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം മോശമാണെന്ന രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 

‘ഇത് നൃത്തത്തിന് പറ്റിയ ഡ്രസ് ആണോ? ഈ ഡ്രസ് ധരിച്ച് പബിലേക്കാണോ പോകുന്നത്? ദുർഗാപൂജ എന്നത് ഡേറ്റിംഗിനുള്ള വേദിയല്ല’ എന്നൊക്കെയാണ് ചിലർ പറയുന്നത്. സ്ത്രീകളുടെ നൃത്ത വീഡിയോകളുടെ ഭാഗങ്ങൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്തും എ ഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയും ഇവർ പ്രചരിപ്പിക്കുന്നു. 

വസ്ത്രധാരണം ചോദ്യം ചെയ്യുന്ന സദാചാര വാദികൾ

ഗർബ നൃത്തത്തിന് പോകാനായുള്ള വസ്ത്ര ഡിസൈനുകൾ വീഡിയോയായി പോസ്റ്റ് ചെയ്യുന്ന യുവതികളെ പോലും ചിലർ ചോദ്യം ചെയ്യുന്നു. ‘ഗർബക്ക് പോകാനായി വസ്ത്രം ധരിക്കുകയല്ല, മറിച്ച് പബ്ബിലേക്കാണ് ഇവർ പോകുന്നത്’ എന്നാണ് ‘The forgotten Man’ എന്ന അക്കൗണ്ട് പറയുന്നത്. 32,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിൽ സ്ത്രീ വിരുദ്ധവും സദാചാര പൊലീസിങ് സ്വഭാവത്തിലുള്ളതുമായ  പോസ്റ്റുകളും മീമുകളും ഇതിന് മുൻപേ തന്നെ പങ്കുവച്ചിട്ടുണ്ട്.                     ‘The forgotten Man’ ലെ പ്രസ്തുത പോസ്റ്റ് , ഇതുവരെ (17/10/26) അയ്യായിരത്തോളം പേർ കണ്ടിട്ടുണ്ട്.

‘The forgotten Man’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഗർബ നൈറ്റ് ക്ലബ് അല്ല, ഇവിടെ മാന്യമായി വസ്ത്രം ധരിച്ച് വരുന്നവർ മാത്രം വരിക, അല്ലാത്തവർ വീട്ടിലിരിക്കുക എന്നാണ് ‘SK’ എന്ന അക്കൗണ്ട് പറയുന്നത്.

‘SK’ എന്ന അക്കൗണ്ടിലെ പോസ്റ്റ്, സ്ക്രീൻഷോട്ട്

ബാംഗ്ലൂർ പ്രവർത്തിക്കുന്ന ഈ അക്കൗണ്ട് ബയോയിൽ ‘Men’s Rights Warrior’ എന്ന് മെൻഷൻ ചെയ്തിരിക്കുന്നത് കാണാം. Justice for Indian Men എന്നതാണ് അക്കൗണ്ട് ടാഗ് ലൈൻ. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് വേറെയും ചില പോസ്റ്റുകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പരമ്പരാഗതമായ അച്ചടക്കമുള്ള ആഘോഷരീതിയാണ് ശരി എന്നും, ആധുനിക രീതിയിലുള്ള വസ്ത്രധാരണവും ആഘോഷങ്ങളും മോശമാണെന്നും വരുത്തി തീർക്കാനായി എ ഐ ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രങ്ങളും  ചില അക്കൗണ്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. ‘AYUVAN PRATAP SINGH SIKARWAR’ എന്ന അക്കൗണ്ടില്‍ അങ്ങനെയൊരു പോസ്റ്റ്‌ വന്നിട്ടുണ്ട്.

‘AYUVAN PRATAP SINGH SIKARWAR’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

പരമ്പരാഗത വസ്ത്രം അണിഞ്ഞ സ്ത്രീകളുടെ ചിത്രവും ഇപ്പോള്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രവും താരതമ്യം ചെയ്താണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 

പതിനായിരത്തോളം ആളുകളാണ് ഇതുവരെ (17/10/26) ഈ പോസ്റ്റ്‌ കണ്ടിട്ടുള്ളത്. 

‘AYUVAN PRATAP SINGH SIKARWAR’ എന്ന ഈ അക്കൌണ്ട്, ഹിന്ദു സനാതന സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു വലതുപക്ഷ പ്രൊഫൈൽ ആണ്. തീവ്ര വലത് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വേറെയും ചില പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുഉള്ളതായി കാണാം. 

‘അശ്ലീലം കാണിക്കാനുള്ള വേദിയല്ല ഗർബ’

ഗർബ നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ബാക്ക് ലെസ് ബ്ലൗസ് ധരിച്ച് നൃത്തം ചെയ്യുന്ന യുവതിയെ വീഡിയോയിൽ കാണാം. യുവതിക്കെതിരെ മോശമായ കമന്റുകളാണ് വരുന്നത്. ആ വീഡിയോയിൽ നിന്നൊരു ഭാഗം കട്ട് ചെയ്താണ് ‘Daksha Tiwari’ എന്ന അക്കൗണ്ടും പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “Garba is a festival of devotion, not a platform for obscenity and social media validation” എന്ന അടികുറിപ്പാണ് അവര്‍ ഉപയോഗിച്ചിട്ടുള്ളത്.

‘Daksha Tiwari’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

സ്ത്രീ വിരുദ്ധമായ നിരവധി പോസ്റ്റുകളാണ് ഈ അക്കൌണ്ട് ദിനംപ്രതി പോസ്റ്റ്‌ ചെയ്യുന്നത്. 

ഈ പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റ് സെക്ഷനിലും സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള നിരവധി കമന്റുകള്‍ കാണാം.

പോസ്റ്റുകളുടെ കമന്റ് സെക്ഷന്‍ 

സ്ത്രീകളുടെ വസ്ത്ര ധാരണമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം, ഇങ്ങനെ വസ്ത്രം ധരിക്കുന്നത് തികച്ചും നാണക്കേട് ആണ് എന്നൊക്കെയുള്ള കമന്റുകള്‍ കാണാം. ഡാന്‍സ് ബാറിലേക്ക് പോകുന്നതാണ് ഇതിലും നല്ലത് എന്നും ചിലർ അധിക്ഷേപിക്കുന്നുണ്ട്. 

‘പോകുന്നത് ഗര്‍ബയ്ക്കാണ് ഡേറ്റിംഗിന് അല്ല’

ഫാഷന്‍ എന്ന പേരില്‍ പെൺകുട്ടികൾ മേനി പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ അണിയുന്നു, ഇത് ഒരിക്കലും ഗർബയല്ല എന്നാണ് ‘Bihari Babu’ പോലുള്ള അക്കൗണ്ടുകൾ പറയുന്നത്. ആളുകൾ റീച്ചിന് വേണ്ടി ഗർബ നൃത്തത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു എന്ന് ഈ പോസ്റ്റിൽ ആരോപിക്കുന്നു. 

‘Bihari Babu’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

2,233 ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിൽ തീവ്ര വലതുപക്ഷ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ‘Hindu body and mind, Hindu Life, Every Fiber Hindu – My introduction’ എന്നാണ് ഈ അക്കൗണ്ടിലെ ബയോ വിവരണം കൊടുത്തിട്ടുള്ളത്. നവരാത്രിയോടനുബന്ധിച്ച് വേറെയും നിരവധി പോസ്റ്റുകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങള്‍ക്ക് പ്രത്യേകം ഡ്രസ്സ്‌ കോഡ് വേണം 

നവരാത്രി ആഘോഷിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേകം വസ്ത്രധാരണ രീതി വേണമെന്ന് ചില അക്കൗണ്ടുകള്‍ ആവശ്യപ്പെടുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഏതുതരം വസ്ത്രമാണോ ധരിക്കുന്നത്, അതുപോലുള്ള വസ്ത്രം തന്നെ നവരാത്രി ആഘോഷങ്ങള്‍ക്കും വേണമെന്നാണ്  ഇവര്‍ വാദിക്കുന്നത്. 

സ്ത്രീകള്‍ക്ക് ഡ്രസ്സ്‌ കോഡ് വേണം എന്നുപറയുന്ന ഒരു പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

Anju here എന്ന അക്കൗണ്ടില്‍ നിന്ന് മാത്രം ഇതുവരെ (17/10/26) അറുപതിനായിരത്തോളം ആളുകള്‍ ഈ പോസ്റ്റ്‌ കണ്ടിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങൾക്ക് ബാക്ക്ലെസ് ടോപ്പുകളും സ്ലീവ്ലെസ് വസ്ത്രങ്ങളും സർക്കാർ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് ‘Nitish’ എന്ന അക്കൗണ്ടിൽ വന്നിട്ടുണ്ട്.

‘Nitish’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

5,660 ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിൽ നിന്നും അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് ഇതുവരെ (17/10/26) കണ്ടിട്ടുള്ളത്. 

‘നവരാത്രി ആയതുകൊണ്ട് കോണ്ടം വില്പന കുതിച്ചുയര്‍ന്നു’

ഇന്ത്യയിലെ നവരാത്രി ആഘോഷങ്ങള്‍ക്കിടെ കോണ്ടം മാര്‍ക്കറ്റ് വലിയ രീതിയില്‍ ഉയര്‍ന്നുവെന്നും പറയുന്ന നിരവധി എക്സ് പോസ്റ്റുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഗര്‍ബ നൃത്ത വേദിക്ക് സമീപ പ്രദേശങ്ങളില്‍ നിന്നായി കോണ്ടം പാക്കറ്റുകള്‍ കണ്ടെടുക്കുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും എക്സ് അക്കൗണ്ടില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

ഗര്‍ബ വേദികളെ ഡേറ്റിംഗ് ഹബ് ആക്കുകയാണ് ആളുകൾ എന്ന് ‘Anwishka’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ് അവകാശപ്പെടുന്നു. 

‘Anwishka’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

3,617 ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിലെ പോസ്റ്റിൽ ഹിന്ദുയിസം സംരക്ഷിക്കുക (Save Hinduism) എന്ന് കൂടി ചേർത്തിട്ടുണ്ട്. ചില പോസ്റ്റുകൾക്ക് താഴെ കമൻ്റ് സെക്ഷനിലും ഇത്തരം ചിത്രങ്ങൾ കാണാം.

കമൻ്റ് സെക്ഷനിലെ ചിത്രം, സ്ക്രീൻഷോട്ട്

നവരാത്രിയിൽ നൃത്തം ഒഴിവാക്കണം

നവരാത്രിയിലെ നൃത്ത പരിപാടികൾ പൂർണമായും ഒഴിവാക്കണമെന്നും വാദിക്കുന്ന പോസ്റ്റുകൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘Hindu Nation’ എന്ന അക്കൗണ്ടിൽ ഇങ്ങനെയൊരു പോസ്റ്റ് കാണാം. 

 ‘Hindu Nation’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

18,000 ല്‍ അധികം ഫോളോവേഴ്സ് ഉള്ള ‘Hindu Nation’, തീവ്ര വലതുപക്ഷ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ഒരു അക്കൌണ്ട് ആണ്. നവരാത്രി ആഘോഷത്തെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ നേരത്തെയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഡല്‍ഹി സമരത്തിനെതിരെയുള്ള പോസ്റ്റുകളും അക്കൗണ്ടില്‍ കാണാം.

എ ഐ നിര്‍മിത ചിത്രങ്ങള്‍ വില്‍ക്കുന്ന എക്സ് പേജുകള്‍ 

നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട നിരവധി എ ഐ നിര്‍മിത ദൃശ്യങ്ങളാണ് ഒരു വിഭാഗം എക്സ് അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നത്. ‘Rashtra Voice’ എന്ന വലതുപക്ഷ അക്കൗണ്ടില്‍ കറുത്ത വസ്ത്രമണിഞ്ഞ ഒരു  യുവതിയുടെ വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു. യുവതിയുടെ ശരീര ഭാഗങ്ങള്‍  പ്രദര്‍ശിപ്പിക്കും വിധമായിരുന്നു ആ വീഡിയോ അവതരിപ്പിച്ചിരുന്നത്. ഇത് എ ഐ നിര്‍മിത വീഡിയോ ആണെന്നറിയാതെ നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്. 

‘Rashtra Voice’ ല്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഹിന്ദു മത നേതാക്കള്‍ ഒന്നും എന്തുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് എന്ന് ‘Rashtra Voice’ ന്‍റെ എക്സ് പോസ്റ്റില്‍ ചോദിക്കുന്നു. നിരവധി ആളുകളാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്. ഒബിസിയുടെ അന്വേഷണത്തില്‍ ഈ വീഡിയോ 60 ശതമാനത്തോളം എ ഐ നിര്‍മിതമാണ്‌ എന്ന് കണ്ടെത്തി.

4341 ഫോളോവേഴ്സ് ഉള്ള ‘Prafull Gangrade’ എന്ന അക്കൌണ്ടിലും എ ഐ നിര്‍മിത വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. ‘The HinduMan’ എന്ന അക്കൗണ്ടില്‍ നിന്നും റീ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ, മൂന്നു ലക്ഷത്തില്‍ അധികം പേരാണ് കണ്ടത്.

‘Prafull Gangrade’ എന്ന അക്കൌണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഈ വീഡിയോ 92 ശതമാനം എ ഐ നിര്‍മിതമാണ്‌ എന്ന് ഒബിസി കണ്ടെത്തി.

വീഡിയോ എ ഐ നിര്‍മിതമാണ്‌, ഹൈവ് മോഡറേഷന്‍ ഫലം 

വീഡിയോ എ ഐ നിര്‍മിതമാണ്‌ എന്ന് കമന്റ് ബോസ്കില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട് എങ്കിലും ലക്ഷകണക്കിന് ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്.

സമാനമായി നിരവധി എ ഐ നിര്‍മിത ചിത്രങ്ങളാണ്‌ സ്ത്രീകളെ അധിക്ഷേപിക്കാനായി പ്രചരിപ്പിക്കപ്പെടുന്നത്.

മറ്റ് എ ഐ നിര്‍മിത ദൃശ്യങ്ങള്‍, സ്ക്രീന്‍ഷോട്ട് 

നവരാത്രി ആഘോഷം തുടങ്ങിയത് മുതല്‍ തന്നെ നിരവധി വലതുപക്ഷ  അക്കൗണ്ടുകള്‍ ഇത്തരത്തില്‍ സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 





സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top