അമ്പയർ പക്ഷം പിടിക്കുമ്പോള്‍: ജനാധിപത്യത്തിന്റെ അതിജീവന പോരാട്ടം

അമ്പയർ പക്ഷം പിടിക്കുമ്പോള്‍: ജനാധിപത്യത്തിന്റെ അതിജീവന പോരാട്ടം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനമൊഴിയണമെങ്കിൽ എന്താണ് നടപടിക്രമം? കോടതികൾക്ക് പോലും തൊടാൻ പറ്റാത്ത ഉയരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ പ്രതിഷ്ഠിച്ചത് എത്രത്തോളം ശരിയാണ്? ജന്തർ മന്തർ സമരങ്ങളോടനുബന്ധിച്ച് ഉയർന്ന് വന്ന ഈ ചോദ്യങ്ങൾ വിശകലനം ചെയ്യുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ടി വി ഷാജി.

ഇന്ത്യയിലുടനീളം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി രൂപീകരിക്കപ്പെട്ട ഒന്നിലധികം അംഗങ്ങളുള്ള സ്ഥിരം ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങുന്ന മൂന്നംഗ സമിതിയാണ് ഇത്. തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ അംഗങ്ങൾക്കും തുല്യ വോട്ടവകാശമുണ്ട്. പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ഭരണഘടന പ്രകാരം സ്ഥിരത ഉറപ്പുനൽകിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് സമാനമായി, പാർലമെന്ററി ഇംപീച്ച്‌മെന്റ് പ്രക്രിയയിലൂടെ മാത്രമേ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കഴിയൂ.

തെരഞ്ഞെടുപ്പ് പ്രക്രിയയും ഇന്ത്യന്‍ ഭരണഘടനയും

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്‍റെ അടിത്തറ ഭരണഘടനയുടെ പതിനഞ്ചാം  ഭാഗമാണ് (324 മുതൽ 329 വരെയുള്ള അനുച്ഛേദങ്ങൾ). സംസ്ഥാന നിയമസഭതൊട്ട് , രാഷ്ട്രപതിസ്ഥാനത്തേക്ക് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടെയും മേൽനോട്ടവും, നിയന്ത്രണവും പൂർണ്ണമായും കമ്മീഷനിൽ നിക്ഷിപ്തമാക്കുന്നത് അനുച്ഛേദം 324 ആണ്. സാർവത്രിക വോട്ടവകാശം സ്ഥാപിക്കുന്നതും എല്ലാ മണ്ഡലങ്ങൾക്കും വിവേചനരഹിതമായ ഒറ്റ വോട്ടർ പട്ടിക നിർബന്ധമാക്കുന്നതും അനുച്ഛേദം 325, 326 എന്നിവയാണ്. അതേസമയം അനുച്ഛേദം 327, തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് പാർലമെന്റിനെ അധികാരപ്പെടുത്തുന്നു. എന്നാൽ അനുച്ഛേദം 329 പ്രകാരം ഒരു തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ  ആ പ്രക്രിയിയില്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാനാകില്ല. തുടര്‍ന്നുണ്ടാകുന്ന ഏത് ആക്ഷേപവും തിരഞ്ഞെടുപ്പ് ഹർജികളിലൂടെ മാത്രമേ കൈകാര്യം ചെയ്യാനാകൂ എന്ന കര്‍ശനമായ വ്യവസ്ഥയാണിത്.

പാനലിന് നിഷ്പക്ഷത നഷ്ടപ്പെടുമ്പോള്‍ 

നിയമനങ്ങൾക്കായി അനുച്ഛേദം 324 ഒരു പാർലമെന്ററി നിയമം വിഭാവനം ചെയ്തിരുന്നെങ്കിലും, ദശാബ്ദങ്ങളോളം അത്തരമൊന്ന് നടപ്പിലാക്കപ്പെട്ടിരുന്നില്ല. പാർലമെന്റ് ഇക്കാര്യത്തിൽ നിയമം നിർമ്മിക്കുന്നത് വരെ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന നിഷ്പക്ഷ പാനൽ കമ്മീഷണർമാരെ തിരഞ്ഞെടുക്കണമെന്ന് 2023 മാർച്ചിൽ  അനൂപ് ബരൻവാൾ  കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചതോടെയാണ് നിലവിലെ തർക്കങ്ങൾക്ക് തുടക്കമാകുന്നത്.

/indianexpress.com

2023 അവസാനത്തോടെ, പാർലമെന്റ് ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് നിയമം പാസാക്കി. പുതിയ നിയമപ്രകാരം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രി എന്നിവരടങ്ങുന്ന തിരഞ്ഞെടുപ്പ് സമിതി നിലവിൽ വന്നു. അതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പാനലില്‍ നിന്ന് പുറത്തായി. 

പ്രതിപക്ഷ കക്ഷികളും നിയമ വിദഗ്ദ്ധരും, പൗരസമൂഹ സംഘടനകളുമെല്ലാം ഇതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ജുഡീഷ്യൽ അംഗത്തിന് പകരം കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തുന്നത് സമിതിയുടെ സംതുലനാവസ്ഥ ഇല്ലാതാക്കുമെന്നും നിഷ്പക്ഷതയെ തകർക്കുമെന്നും വിമർശകർ വാദിക്കുന്നു. 2023 ലെ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഇപ്പോഴും സുപ്രീം കോടതിയുടെ സജീവ പരിഗണനയിലാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണറെ മാറ്റാന്‍ കഴിയുമോ? 

ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയൊഴിയാന്‍ നിലവില്‍ ഇംപീച്ച്മെന്‍റ് അല്ലാതെ ഒരു മാര്‍ഗ്ഗമേയുള്ളൂ. സ്വമേധയാ പദവിയിൽ നിന്ന് ഒഴിയാൻ കമ്മീഷണര്‍ക്ക് സാധിക്കും. ഇതിനായി സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത് രാഷ്ട്രപതിക്ക്  നേരിട്ട് സമർപ്പിച്ചാല്‍ മതിയാകും. അതോടെ രാജി നിലവിൽ വരും.

2023-ലെ നിയമത്തിലെ പതിനാറാം വകുപ്പ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് ഇലക്ഷൻ കമ്മീഷണർമാർക്കും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ പേരിൽ നിയമ പരിരക്ഷ ഉറപ്പുനൽകുന്നുണ്ട്. നിലവിലുള്ളതോ വിരമിച്ചതോ ആയ കമ്മീഷണർമാര്‍ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്ന വേളയിൽ ചെയ്ത പ്രവൃത്തികളുടെ പേരില്‍ സിവിലായോ ക്രിമിനലായോ ഉള്ള നടപടികൾ സ്വീകരിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല.

അനര്‍ഹമായ നിയമപരിരക്ഷ?

ഒരു സ്ഥാപനത്തിന് ഇത്തരത്തിലുള്ള പരിരക്ഷ നല്‍കുന്നത് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. ജുഡീഷ്യറിക്കു പോലും അതീതമായി അധികാരം കേന്ദ്രീകരിക്കാൻ  ഈ നിയമം കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR), ‘ലോ പ്രഹാരി’ തുടങ്ങിയ സംഘടനകൾ സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ പേരിൽ കമ്മീഷണർമാർക്ക് സിവിൽ-ക്രിമിനൽ നടപടികളിൽ നിന്നും എന്നേക്കുമായി പരിരക്ഷ നൽകുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും എതിരാണ്.

/newsonair

ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം രാഷ്ട്രപതിക്കും ഗവർണർമാർക്കും മാത്രമാണ് പ്രത്യേക നിയമപരിരക്ഷകൾ നൽകിയിട്ടുള്ളത്. അത്തരത്തിലുള്ള ഒരു പരിരക്ഷ ഒരു നിയമനിർമ്മാണത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നൽകുന്നത് ഭരണഘടനയുടേയും നിയമവ്യവസ്ഥയുടേയും സന്തുലിതാവസ്ഥയെ ബാധിക്കുമോ എന്നാണ് കോടതി പരിശോധിക്കുന്നത്.

കമ്മീഷന്‍റെ വിശ്വാസ്യത 

സ്ഥാപനമെന്ന നിലയിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത തുടർച്ചയായി ശോഷിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്ക് വ്യവസ്ഥാപരമായ ഭീഷണിയാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധരും നിയമ പണ്ഡിതരും മുന്നറിയിപ്പ് നൽകുന്നു. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് (V-Dem Institute), ഫ്രീഡം ഹൗസ് (Freedom House) തുടങ്ങിയ അന്താരാഷ്ട്ര ജനാധിപത്യ നിരീക്ഷണ സംഘടനകളും സമാനമായ ആശങ്കകൾ പങ്ക് വെച്ചിട്ടുണ്ട് .

ഭരണഘടനാ സിദ്ധാന്തമനുസരിച്ച്, സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡി നിഷ്പക്ഷമായ റഫറിയെ പോലെ പ്രവർത്തിക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഇടപെടലിലൂടെ നിയമന പ്രക്രിയയെ തന്നെ വളച്ചൊടിച്ച് സമിതിയിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉറപ്പാക്കുമ്പോൾ, എക്സിക്യൂട്ടീവിന്‍റെ അധികാര വർദ്ധനവിനും പടിപടിയായുള്ള ജനാധിപത്യ ശോഷണത്തിനും വഴിതെളിയുന്നു. രാഷ്ട്രീയ സൈദ്ധാന്തികനായ നാൻസി ബെർമിയോ (Nancy Bermeo) ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത് “എക്സിക്യൂട്ടീവ് അഗ്രാൻഡിസ്മെന്റ്” (executive aggrandizement) എന്നാണ്.

സര്‍ക്കാരിന്‍റെ ഉപകരണമോ?

വിശ്വസ്തമായ ഒരു ഭരണ ഘടനാസ്ഥാപനത്തെ എക്സിക്യൂട്ടീവിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ഉപകരണമായി കാണുന്ന നിലയിലേക്ക് പൊതുബോധം മാറുന്നു. ഭരണഘടനാ പണ്ഡിതനായ മാധവ് ഖോസ്ലയും രാഷ്ട്രീയ വിശകലന വിദഗ്ധനായ മിലൻ വൈഷ്ണവും ചൂണ്ടിക്കാണിക്കുന്നതുപോലെ, വോട്ടർ പട്ടികയുടെ സമഗ്രത, പ്രചാരണ നിയന്ത്രണങ്ങൾ, വോട്ടിംഗ് സംവിധാനങ്ങൾ എന്നിവയിലുള്ള വിശ്വാസം പൗരന്മാർക്ക് നഷ്ടപ്പെടുമ്പോൾ, പ്രതിനിധാന ജനാധിപത്യത്തിന്റെ അടിസ്ഥാനസാധുത തന്നെ തകരുന്നു. ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ ഒരു വിശുദ്ധമായ ഭരണഘടനാ ബാധ്യത എന്നതില്‍ നിന്ന് കേവലമായ രാഷ്ട്രീയ പോർക്കളമാക്കി മാറ്റുന്നു.




ടി വി ഷാജി

ടി വി ഷാജി

രാഷ്ട്രീയ നിരീക്ഷകന്‍

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top