‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

‘പെൺമക്കളെ പീഡിപ്പിച്ചു , ജനനേന്ദ്രിയം മുറിച്ചു മാറ്റി’- വൈറലായ മറ്റൊരു ‘കേരളാസ്റ്റോറി’

കേരളത്തിൽ പെണ്മക്കളെ പീഡിപ്പിച്ച പിതാവിനെ മൂത്തമകൾ ആക്രമിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരാൾ ഉറക്കെ നിലവിളിച്ചു കൊണ്ട് ഒരു വീട്ടിൽ നിന്നിറങ്ങിയോടുന്ന സിസിടിവി വീഡിയോയാണ് പ്രചരിക്കുന്നത്. അയാളുടെ ശരീരത്തിൽ നിന്ന് രക്തം ചിന്തുന്നതായും വീഡിയോയിൽ കാണാം. ആറര വയസുള്ള നാലാമത്തെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളുടെ ജനനേന്ദ്രിയം മറ്റ് കുട്ടികൾ ചേർന്ന് മുറിച്ചു മാറ്റിയെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. ഇയാൾ മറ്റ് മൂന്ന് പെൺമക്കളെയും നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും പോസ്റ്റുകളിൽ പറയുന്നുണ്ട്. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

ആക്രമിക്കപ്പെട്ടയാൾ മുസ്ലിമാണെന്ന തരത്തിലാണ് നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നത്. കണ്ടെത്തിയ പോസ്റ്റുകളിലൊന്നും ഇയാൾ മുസ്ലീമാണെന്ന് നേരിട്ട് പറയുന്നില്ല. എന്നാൽ, “ഇയാളുടെ മതം പ്രവചിക്കരുത്”, “മതം പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളൊന്നുമില്ല” എന്നിങ്ങനെയുള്ള അടിക്കുറിപ്പുകൾ പോസ്റ്റുകളിലെല്ലാം ഉപയോഗിച്ചിരുന്നതായി കാണാം. ഈ പോസ്റ്റുകളിലെ കമന്റുകളിൽ ഇയാൾ മുസ്ലീമാണെന്നും, മുസ്ലീങ്ങൾക്ക് മാത്രമേ മക്കളോട് ഇങ്ങനെ ചെയ്യാൻ സാധിക്കൂവെന്നുമൊക്കെ കമന്റുകൾ കാണാം. വീഡിയോ ഏറ്റവുമധികം പ്രചരിപ്പിച്ച അക്കൗണ്ടുകളെല്ലാം സ്ഥിരമായി മുസ്ലിം വിരുദ്ധ പോസ്റ്റുകളോ, ബിജെപി അനുകൂല പോസ്റ്റുകളോ പ്രചരിപ്പിക്കുന്നതായി കാണാം.

കണ്ടെത്തിയ പോസ്റ്റുകളെല്ലാം ഇംഗ്ലീഷിലുള്ളതാണ്. എന്നാൽ എല്ലാ പോസ്റ്റിലും ഒരു പോലെ “ഇത് കേരളത്തിൽ നിന്നുള്ള വീഡിയോയാണെന്ന്” പറയുന്നുണ്ട്.

 ‘@AmitLeliSlayer’ എന്ന അക്കൗണ്ടിലെ പോസ്റ്റാണ് ഏറ്റവുമധികം പേർ കണ്ടിരിക്കുന്നത്. ജൂൺ 30 ന് എക്സിൽ പങ്ക് വെച്ച വീഡിയോ ഇതുവരെ (ജൂലൈ 3) ഏകദേശം 62 ലക്ഷം തവണ കണ്ടിട്ടുണ്ട്. 1,16,000 ലൈക്കുകളും 4,100 കമന്റുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. എക്സ് പ്രൊഫൈലിൽ സ്വയം ‘Hindu’ വെന്നും ‘#sanghi’ യെന്നും വ്യക്തമാക്കുന്ന ഈ അക്കൗണ്ടിന് 49,500 ഫോളോവേഴ്സുമുണ്ട്. പോസ്റ്റ് ഇതുവരെ 16,000 ത്തോളം പേർ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

‘@AmitLeliSlayer’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

ഈ പോസ്റ്റിൽ കേരളത്തിന്റെ നൂറ് ശതമാനം സാക്ഷരതയെ പരിഹസിക്കുന്നതും ഇസ്ലാമിനെ ആക്ഷേപിക്കുന്നതുമായ നിരവധി കമന്റുകൾ കാണാം. ‘ഇതൊക്കെയും ഖുറാനിൽ പഠിപ്പിക്കുന്നുണ്ടെ’ന്നാണ് ഒരു കമന്റ് പറയുന്നത്.

ചില കമന്റുകളുടെ സ്ക്രീൻഷോട്ട്

എക്സിൽ മാത്രമല്ല, ഫേസ്ബുക്കിലും വീഡിയോ ഇതേ ഉള്ളടക്കത്തോടെ തന്നെ പ്രചരിക്കുന്നുണ്ട്. ‘Byragoni Sreenivas Goudഎന്ന ഫേസ്ബുക്ക് അക്കൗണ്ട് ജൂൺ 30 ന് പങ്ക് വെച്ച വീഡിയോ ഇതുവരെ (ജൂലൈ 3) 22 ലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്. 23,500 ലൈക്കുകൾ കിട്ടിയ ഈ പോസ്റ്റിന് താഴെയും കൃത്യം ചെയ്ത പെൺകുട്ടികളെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളുണ്ട്. പതിനായിരത്തോളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

‘Byragoni Sreenivas Goud’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റ്

വീഡിയോയിൽ ആക്രമിക്കപ്പെട്ടയാളുടെയും മറ്റേതോ സ്ത്രീയുടെയും നിലവിളികൾ കേൾക്കാം. ഒപ്പം ഒരു സ്ത്രീ അവ്യക്തമായി മറ്റെന്തോ സംസാരിക്കുന്നതും കേൾക്കാം. സ്ത്രീ സംസാരിക്കുന്നത് മലയാളമല്ലെന്ന് വ്യക്തമാണ്. കേരളത്തിൽ നിന്നാണെന്ന് പ്രചരിക്കുന്ന വീഡിയോയിൽ സംസാരിക്കുന്ന ഭാഷ മലയാളമല്ലെന്നതെന്നാണ് പോസ്റ്റുകളിൽ സംശയം തോന്നാനുണ്ടായ കാരണം. 

തുടർന്ന് നടത്തിയ പരിശോധനകളിലൂടെ ഞങ്ങളെത്തിയത് ജൂൺ 29 ന് പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയിലാണ്. ‘News24 Daily’ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രചരിക്കുന്ന വീഡിയോയിൽ ബുർഖയണിഞ്ഞ ഒരു സ്ത്രീയുടെ ദൃശ്യങ്ങളും കാണാം. “രാത്രി ഭാര്യയുമായി വഴക്ക്, രാവിലെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു” എന്നാണ് വീഡിയോയുടെ തലക്കെട്ട്. ബംഗ്ലാ ഭാഷയിലാണ് തലക്കെട്ട് നൽകിയിട്ടുള്ളത്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ടെലിവിഷൻ മാധ്യമമാണ് ‘News24’ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

തുടർന്ന് ബംഗ്ലാദേശ് മാധ്യമങ്ങളിൽ നടത്തിയ പരിശോധനയിൽ ഈ വാർത്തയെ പറ്റി കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി. ‘ദൈനിക് ഇത്തിഫാഖ്‘, ‘അജ്കർ പത്രിക‘തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ രണ്ടും വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ജൂൺ 29 ന് തന്നെ. ഈ വാർത്തകളനുസരിച്ച്, ബംഗ്ലാദേശിലെ ഫരീദ്പൂർ ജില്ലയിലെ ‘ഹൊഗ്ലാഡംഗി സദർദി’ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹനീഫ് ഷെയ്ഖ് എന്നയാളുടെ ഭാര്യ സുമയ്യ അക്തർ സുമി, ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ബ്ലേഡ് ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു . ഈ വീഡിയോയാണ് ‘കേരളത്തിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് പരിക്കേറ്റു’ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

‘ദൈനിക് ഇത്തിഫാഖ്’ ലെ റിപ്പോർട്ട്

ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും തന്നെ നിരന്തരം ക്രൂരമായി ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും പ്രതിയായ സുമയ്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഹനീഫിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഭാര്യയെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഭംഗ പോലീസ് സുമയ്യയെ കസ്റ്റഡിയിലെടുക്കുകയും പരിക്കേറ്റ ഹനീഫ് ഷെയ്ഖിനെ ഫരീദ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top