
‘ലവ് ജിഹാദി’നെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകൾ നടക്കുന്നുണ്ടോ?
പ്രോപ്പഗാണ്ട സിനിമയായ ‘കേരള സ്റ്റോറി’യുടെ റിലീസിന് ശേഷം, ലവ് ജിഹാദ് ആരോപണ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ, ടി സി എസിലെ ലവ് ജിഹാദ് ആരോപണത്തിന് ശേഷം, രാജ്യത്തെ വിവിധ പഠന കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ലവ് ജിഹാദിനെതിരെ ബോധവല്‍ക്കരണം നടക്കുന്നുവെന്ന തരത്തിൽ വലതുപക്ഷ അക്കൗണ്ടുകൾ തുടർച്ചയായി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.
അത്തരമൊരു വീഡിയോ, സമീപ ദിവസങ്ങളിൽ ചില എക്സ് – ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നതായി കണ്ടു. എൻട്രൻസ് കോച്ചിങ് സെൻറർ ആയ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്രീകരിച്ചാണ് പുതിയ പ്രചാരണം.
ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്ന വീഡിയോ, തെറ്റായ അവകാശവാദത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ജോലിക്കാരായ സ്ത്രീകൾക്ക് വേണ്ടി ലവ് ജിഹാദ് ബോധവത്ക്കരണം നടത്തുന്നു എന്നാണ് ആ പ്രചാരണം.
എന്താണ് ഈ വീഡിയോയ്ക്ക് പിറകിലെ സത്യാവസ്ഥ? മെഡിക്കൽ, എഞ്ചിനീയറിംഗ്, പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തിനാണ് ഒരു ലവ് ജിഹാദ് ക്ലാസ്? ജോലിക്കാരായ സ്ത്രീകള്‍ക്ക് ലവ് ജിഹാദ് ബോധവല്‍ക്കരണം കൊടുക്കുന്നു എന്ന പ്രചാരണം ശരിയാണോ?
പ്രചാരണം ഇങ്ങനെ
എക്സിൽ 1,221 ഫോളോവേഴ്സ് ഉള്ള ‘Meghna’ എന്ന അക്കൗണ്ടിൽ മെയ് ഒന്നിനാണ് 2 മിനിറ്റ് 20 സെക്കൻ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നത്.
ലൗ ജിഹാദിനെതിരെ ജോലിക്കാരായ പെൺകുട്ടികൾക്ക് ജോലിസ്ഥലത്ത് ബോധവൽക്കരണം നൽകുന്നു ‘ എന്ന കുറിപ്പോടെ മെയ് ഒന്നാം തീയതി ആണ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ (5/5/26) ഈ പോസ്റ്റ് 750 പേർ കണ്ടിട്ടുണ്ട്. 28 പേർ ഈ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ആറു പേർ റീ പോസ്റ്റും ചെയ്തിട്ടുണ്ട്.

‘916 സംഘിണി’ എന്നാണ് Meghna എന്ന അക്കൗണ്ട് സ്വയം വിശേഷിപ്പിക്കുന്നത്. അക്കൗണ്ട് ബയോ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും.
ജോലി സ്ഥലത്തെ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുവെന്നാണ് ഈ പോസ്റ്റ് പറയുന്നത്. എന്നാല്‍, വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത് അതൊരു ജോലി സ്ഥലമല്ല, മറിച്ച് ഒരു പഠന കേന്ദ്രത്തിലെ വീഡിയോ ആണ് എന്നാണ്.
കീ ഫ്രെയിമുകള്‍ വച്ച്, ഈ വീഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ഇതിനു മുന്‍പും ഇതേ വീഡിയോ മറ്റു ചില അക്കൌണ്ടുകളില്‍ പ്രച്ചരിക്കുന്നതായി കണ്ടു.
‘Mahavir’ എന്ന് പേരുള്ള ഒരു വലതുപക്ഷ അക്കൗണ്ടിലും ഈ പോസ്റ്റ് പ്രചരിച്ചതായി കണ്ടു.

മെയ് ഒന്നിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ, വ്യാപകമായി പ്രചരിച്ചിട്ടുണ്ട് എന്ന് പറയാം.
26.4K ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടിലൂടെ ഇതുവരെ (5/5/26) 36,000 ൽ അധികം പേർ ഈ വീഡിയോ കണ്ടു.
മുസ്ലിങ്ങളിൽ നിന്ന് രക്ഷ നേടാനായി സ്വകാര്യ സ്ഥാപനത്തിലെ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുന്നു എന്നാണ് പോസ്റ്റിലെ ഇംഗ്ലീഷ് ക്യാപ്ഷൻ്റെ തർജമ. ഇതുപോലെ ഇനിയും ക്ലാസുകൾ വേണം എന്നും എഴുതിയിരിക്കുന്നു.
5,000 ൽ അധികം ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിലധികം പേർ ഇത് റീപ്പോസ്റ്റും ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിലും ഈ വീഡിയോ സമാന ക്യാപ്ഷനോട് കൂടി പ്രചരിച്ചിട്ടുണ്ട്.
വസ്തുതയെന്ത്?
പ്രചരിക്കുന്ന വീഡിയോ പരിശോധിച്ചു.
ക്ലാസ് റൂമിൽ സ്ഥാപിച്ചിട്ടുള്ള ബാനറിൽ ‘Akash Kaithal Branch Welcomes You’ എന്നാണ് എഴുതിയിരിക്കുന്നത്. മറ്റൊരു പ്രധാന ബാനറിൽ, ‘Akash Institute Branch, Kaithal, Awareness Session for Girls, ’ എന്ന് എഴുതിയിരിക്കുന്നത് കാണാം.

ഹരിയാനയിലാണ് സംഭവം എന്ന് ഇതിലൂടെ മനസിലാക്കാം.
വീഡിയോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ,വിനയ് ഗുപ്ത എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ കണ്ടെത്തി. മെയ് 3 നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നാണ് ഇതിന് ക്യാപ്ഷൻ. ഈ വിനയ് ഗുപ്ത തന്നെയാണ് കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരിക്കുന്നത്.
ആരാണ് വിനയ് ഗുപ്ത?
ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൈത്തൽ ബ്രാഞ്ചില്‍ ക്ലാസ് നയിച്ച ഈ വ്യക്തിയുടെ മുഴുവന്‍ പേര്, വിനയ് ഗുപ്ത കൈത്തൽ എന്നാണെന്നും അദ്ദേഹം ഹരിയാനയിലെ ഗവൺമെൻ്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസർ ആണെന്നും പോസ്റ്റ് ഡിസ്ക്രിപ്ഷനിൽ നിന്നും മനസ്സിലാകുന്നു.
Mental health, teenage, Smart phone, relationship issues, motivation, sex education എന്നീ ഹാഷ്ടാഗുകൾ ആണ് ഈ പോസ്റ്റിൽ ഡോക്ടർ ഉപയോഗിച്ചിട്ടുള്ളത്.
ഫേസ്ബുക്കിൽ 6 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്യക്തി കൂടിയാണ് വിനയ് ഗുപ്ത.

മറ്റു പല പഠന കേന്ദ്രങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നതിൻ്റെ വീഡിയോ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ജവഹർ നവോദയ വിദ്യാലയത്തിലെ കൗമാരക്കാരായ പെൺകുട്ടികൾക്ക് ഇദ്ദേഹം ക്ലാസ് എടുക്കുന്ന വീഡിയോ, ഏപ്രിൽ 30 ന് പോസ്റ്റ് ചെയ്തിട്ടുള്ളതായി കാണാം.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബോധവത്കരണ ക്ലാസുകൾ എടുക്കുന്ന വ്യക്തിയാണ് വിനയ് ഗുപ്ത. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിന്‍റെ വീഡിയോകളും ഫോട്ടോകളും ദിനം പ്രതി ഷെയർ ചെയ്യുന്നുമുണ്ട്.
വിനയ് ഗുപ്ത, തൻ്റെ വാട്സ്ആപ്പ് നമ്പർ ഫേസ്ബുക്ക് ബയോയിൽ ചേര്‍ത്തിട്ടുണ്ട്.
വസ്തുതാന്വേഷണത്തിനായി, ഒബിസിയുടെ ഫാക്ട് ചെക്കിംഗ് ടീം വിനയ് ഗുപ്തയെ ഫോണിൽ ബന്ധപ്പെട്ടു.
ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ ക്ലാസിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ എല്ലാം തെറ്റാണെന്ന് അദ്ദേഹം ഒബിസിയോടു പറഞ്ഞു.
“മെഡിക്കൽ – എഞ്ചിനീയറിങ് എൻട്രൻസ് വിദ്യാർഥികൾക്ക് വേണ്ടിയാണ് ഏപ്രിൽ ആറാം തീയതി ഹരിയാനയിലെ കൈത്തലിൽ ഉള്ള ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് എടുത്തത്. അല്ലാതെ, ജോലിക്കാരായ സ്ത്രീകൾക്ക് വേണ്ടിയല്ല. ഒരു പ്രത്യക മതത്തിൽ പെട്ട പെൺകുട്ടികൾക്ക് വേണ്ടിയോ പ്രത്യേക മതത്തിൽ പെട്ട ആളുകൾക്കെതിരെയോ ക്ലാസിൽ സംസാരിച്ചിട്ടില്ല.” അദ്ദേഹം വ്യക്തമാക്കി.
കൗമാരക്കാരിലെ ലഹരി ഉപയോഗത്തെ കുറിച്ചും മൊബൈൽ അഡിക്ഷനെ കുറിച്ചുമായിരുന്നു ഏപ്രില്‍ ആറിനു നടന്ന ക്ലാസില്‍ സംസാരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും വിനയ് ഗുപ്ത ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ആ വീഡിയോയിലും ലവ് ജിഹാദ് ബോധവല്‍ക്കരണമോ വർഗീയ പരാമര്‍ശങ്ങളോ നടത്തിയിട്ടില്ല.

പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് വിശദീകരണം തേടി ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹരിയാന കൈത്തൽ ബ്രാഞ്ചിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ മറുപടി നൽകാൻ തയ്യാറായില്ല.
എന്തായാലും, ക്ലാസ് നയിച്ച വിനയ് ഗുപ്ത തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നൽകിയിരിക്കുന്ന ഹാഷ്‌ടാഗുകൾ പരിശോധിച്ചാൽ തന്നെ ഇതൊരു പൊതുവായ കൗൺസിലിംഗ് അല്ലെങ്കിൽ അവയർനസ് സെഷൻ ആണെന്ന് വ്യക്തമാണ്. ഇതിനെയാണ് ‘ലവ് ജിഹാദ്’ ക്ലാസ് എന്ന നിലയിൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെറ്റായി പ്രചരിപ്പിക്കുന്നത്.
(ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് ഈ റിപ്പോർട്ടിൽ അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.)
