TCS ൽ നടന്നതെന്ത്? പോലീസ്/കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാന്വേഷണം.

TCS ൽ നടന്നതെന്ത്? പോലീസ്/കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ഒരു വസ്തുതാന്വേഷണം.

മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസിന്‍റെ (TCS) യൂണിറ്റാണ് കുറച്ച് ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ഥാപനത്തിലെ ചില ജീവനക്കാർക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗിക പീഡനം മുതൽ മതപരിവർത്തനം വരെയുള്ള ആരോപണങ്ങളാണ് വിവാദത്തിന്‍റെ കേന്ദ്ര ബിന്ദു. ഒമ്പത് പേരെ പ്രതി ചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
ലവ് ജിഹാദ് മുതൽ നിർബന്ധിത മതപരിവർത്തനം വരെയുള്ള ആരോപണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെമ്പാടും അലയടിക്കുന്നു. തീവ്ര വലതുപക്ഷ അക്കൗണ്ടുകൾ വൻതോതിൽ വിദ്വേഷ പ്രചാരണം നടത്തുന്നു. മാധ്യമങ്ങളിൽ പലതരത്തിലുള്ള വാർത്തകൾ വരുന്നു. എന്താണ് യഥാർത്ഥത്തിൽ ടിസിഎസിൽ സംഭവിച്ചത്?

എഫ് ഐ ആറുകളും റിമാൻഡ് റിപ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ചും വിഷയത്തിൽ ഇടപെട്ട ആളുകളോട് സംസാരിച്ചും തയ്യാറാക്കിയ റിപ്പോർട്ട്. 

2026 മാർച്ച് 26 ന് മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലുള്ള ദേവ് ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു എഫ്ഐആറിലാണ് കേസിന്റെ തുടക്കം. FIR 0156 പ്രകാരം, ടിസിഎസ്സിന്റെ നാസിക് ബിപിഒ യൂണിറ്റിലെ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, നിദാ ഖാൻ എന്നീ ഉദ്യോഗസ്ഥർക്കെതിരെ അതേ യൂണിറ്റിലെ ജീവനക്കാരിയായ യുവതിയാണ് പരാതി നൽകിയത്. 2022 ജനുവരി മുതൽ 2026 ഫെബ്രുവരി വരെ പരാതിക്കാരിയും ഡാനിഷ് ഷെയ്ഖുമായുള്ള ബന്ധവും ഇക്കാലയളവിൽ പരാതിക്കാരി നേരിട്ട പീഡനവും എഫ് ഐ ആറിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ വിശ്വാസത്തിനേറ്റ അവഹേളനത്തെപ്പറ്റിയും എഫ്ഐആറിൽ പറയുന്നുണ്ട്.

First Information Report (FIR) No. 0156 registered at Deolali Camp Police Station, Nashik, regarding the TCS case, listing BNS sections 69, 75, 299, and 3(5).
FIR 0156 ന്റെ ആദ്യ പേജ്

ഇതിന് പിന്നാലെ, ഏപ്രിൽ 1,2,3 തീയതികളിലായി വേറെയും എട്ട് എഫ്ഐആറുകൾ ഈ സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യത്തെ എഫ്ഐആർ ഒഴികെ മറ്റെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് നാസിക്കിലെ തന്നെ മുംബൈ നാക പോലീസ് സ്റ്റേഷനിലാണ്.

പരാതിക്കാരുടെ മൊഴികളനുസരിച്ച്, പീഡന ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം അതിനിരയായ സ്ത്രീകൾ സ്ഥാപനത്തിൽ ഔദ്യോഗികമായി തന്നെ പരാതിപ്പെട്ടിട്ടുണ്ട്. പക്ഷേ മേലുദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിക്കുകയോ നിയമപരമായി മുന്നോട്ട് പോകാൻ ശുപാർശ ചെയ്യുകയോ ഉണ്ടായതായി ഒരു എഫ്ഐആറിൽ പോലും പറയുന്നില്ല.

ലഭ്യമായ എട്ട് എഫ്ഐആറും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും പ്രകാരം, നിലവിൽ ടിസിഎസ് സംഭവവുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കപ്പെടുന്ന പല വാര്‍ത്തകളും അപൂർണമോ വ്യാജമോ ആണെന്ന് മനസ്സിലാക്കാം.

നിർബന്ധിത മത പരിവർത്തനം എന്ന ആരോപണം 

രാജ്യത്തെ മുൻ നിര മാധ്യമങ്ങളുൾപ്പെടെ ടിസിഎസ് വിഷയം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ‘നിർബന്ധിത മത പരിവർത്തനം’, ‘മതവികാരം വ്രണപ്പെടുത്തി’ എന്നീ കീവേർഡുകൾ തലക്കെട്ടിലുൾപ്പെടുത്തിയാണ്. ഭൂരിഭാഗം റിപ്പോർട്ടുകളും ടിസിഎസ്സിലെ ഒരു കൂട്ടം മുസ്ലിം ജീവനക്കാർ ഹിന്ദു സ്ത്രീകളോട് ചെയ്ത ക്രൂരത എന്ന നിലയിലാണ് വാർത്ത അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും വന്ന റിപ്പോർട്ടുകളിലെല്ലാം ഇത് പ്രകടമാണ്. 

എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ, വസ്തുത ഇതിൽ നിന്ന് വിഭിന്നമാണെന്ന് വ്യക്തമാവും. 

ഒരാളുടെ വിശ്വാസത്തെ അധിക്ഷേപിച്ചാല്‍ സാധാരണയായി ബിഎൻഎസ് 302, ബിഎൻഎസ് 299 എന്നീ വകുപ്പുകളിലാണ് കേസെടുക്കുക. താഴെ വിശദീകരിച്ചിട്ടുള്ള എട്ട് എഫ്ഐആറുകളിൽ, നാലെണ്ണത്തിൽ മാത്രമാണ് ഇതിലേതെങ്കിലും വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളത്. അതായത് മൊത്തം പരാതികളിൽ പകുതിയിൽ മാത്രമേ വിശ്വാസത്തെ അവഹേളിച്ചു എന്ന വകുപ്പ് ചേര്‍ത്തിട്ടുള്ളൂ. 

ഈ വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസുകകൾ പരിശോധിച്ചാൽ മറ്റൊരു കാര്യം വ്യക്തമാവും. ഒരു എഫ് ഐ ആറില്‍ മാത്രമാണ് ശാരീരികമായോ മാനസികമായോ ഇസ്ലാം മതാചാരങ്ങള്‍ അനുഷ്ഠിക്കാൻ പരാതിക്കാരെ പ്രതികൾ നിർബന്ധിച്ചു എന്ന് പറയുന്നത്. ഈ പരാതിയിൽ തൗസിഫ് അത്തർ എന്നയാൾ പരാതിക്കാരനെ തൊപ്പിയണിയാനും നമസ്കാര പ്രാർത്ഥനകൾ ഉരുവിടാനും നിർബന്ധിച്ചതായി പറയുന്നുണ്ട്. മറ്റെല്ലാ പരാതികളിലും പ്രതികൾ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഭാഷയോ ചേഷ്ടയോ ഉപയോഗിച്ചു എന്നാണ് ആരോപണം.

വിശ്വാസത്തെ അവഹേളിച്ചെന്ന കേസിലുള്ളത് ദുർബലമായ വാദങ്ങളാണെന്നും, നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

“പരസ്പര ബന്ധത്തിലായിരുന്ന രണ്ട് പേര്‍ തമ്മിലുണ്ടായ വഴക്കാണ്, ഇപ്പോള്‍ ഇത്രയും വലിയ പ്രശ്നമായി പെരുപ്പിച്ച് കാണിക്കുന്നത്. ബിഎൻഎസ് 299, 302 വകുപ്പുകൾ ചുമത്തിയ കേസുകളിലെ വാദങ്ങളൊക്കെയും ദുർബലമാണ്” പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് സാഹിൽ സയ്യിദ് ഒബിസിയോട് പറഞ്ഞു. വിവിധ എഫ്ഐആറുകളിലായി പ്രതിപ്പട്ടികയിൽ പേരുള്ള നിദാ ഖാൻ, റാസ മേമൻ, ഷഫി ഷെയ്ഖ്, തൗസിഫ് അത്തർ, അൻസാരി എന്നിവരുടെ അഭിഭാഷകനാണ് സാഹിൽ സയ്യിദ്. നിർബന്ധിത മത പരിവർത്തനം എന്നൊരു വകുപ്പ് തന്നെ എഫ് ഐ ആറുകളിൽ ഇല്ല. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും അങ്ങനെയൊരു കേസില്ലെന്നും അഭിഭാഷകന്‍ പറയുന്നു. 

Nashik Police taking accused Raza Meman and Shafi Sheikh into custody for court production in the TCS Nashik case; screen grab from an ANI video report.
റാസ മേമൻ, ഷഫി ഷെയ്ഖ് എന്നിവരെ പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നു. ANI വീഡിയോയുടെ സ്ക്രീൻഷോട്ട്.

മാർച്ച് 26 ന് രജിസ്റ്റർ ചെയ്ത ആദ്യത്തെ എഫ്ഐആറിൽ (FIR 0156) ഇസ്ലാം മതമാണ് കൂടുതൽ മഹത്തരമെന്ന് തന്നെ വിശ്വസിപ്പിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. മറ്റ് രണ്ട് എഫ്ഐ ആറുകളിൽ ഹിന്ദു മത വിശ്വാസങ്ങളെ ആക്ഷേപിച്ചതായി പരാതി ഉണ്ടെങ്കിലും മതപരിവർത്തനത്തിന് നിർബന്ധിച്ചതായി പറയുന്നില്ല.

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാമർശിക്കുന്ന നാല് എഫ്ഐആറിലും, തൗസിഫാണ് ഇതിന് നേതൃത്വം നൽകിയിട്ടുള്ളതായി പറയുന്നത്. മാർച്ച് 26 ന് രജിസ്റ്റർ ചെയ്ത ആദ്യത്തെ എഫ്ഐആറിൽ (FIR 0156) തൗസിഫിനോടൊപ്പം ഡാനിഷും ഇതിൽ പങ്ക് ചേരുന്നുണ്ട്. എന്നാൽ എല്ലാ പ്രതികൾക്കും ഇതിലെല്ലാം പങ്കുണ്ടെന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

പ്രതികൾ തങ്ങളുടെ മതത്തിൽ ചേരാനായി പരാതിക്കാരെ പ്രലോഭിപ്പിക്കുന്നതല്ലാതെ അതിന് നിർബന്ധിച്ചതായി ഒരു എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടില്ല. ഈ സന്ദർഭത്തിൽ എങ്ങനെയാണ് മാധ്യമങ്ങൾ നിർബന്ധിത മത പരിവർത്തനമെന്ന പരിവേഷം ഈ വാർത്തയ്ക്ക് നൽകിയതെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിൽ നിർബന്ധിത മതപരിവർത്തനത്തിനെ പറ്റി പരാമർശിക്കുന്ന പ്രത്യേകം വകുപ്പുകൾ ഇല്ല താനും.

എല്ലാ പ്രതികളും മുസ്ലിങ്ങളാണോ ?

‘ഒരു കൂട്ടം മുസ്ലീങ്ങളാണ്’ ടിസിഎസ്സിൽ കുറ്റകൃത്യങ്ങൾ ചെയ്തത് എന്ന വാർത്ത പ്രചരിക്കുമ്പോഴും എഫ്ഐആറിലെ ഒരു പ്രതി – അശ്വിനി ചെന്നാനി- ഹിന്ദുവാണ് എന്നതാണ് വസ്തുത. രണ്ടു കേസുകളില്‍ FIR 0163, FIR 0171 അശ്വിനിയെ പ്രതി ചേര്‍ത്തിട്ടുണ്ട്.

ആരാണ് നിദാ ഖാൻ?

ടിസിഎസ്സിലെ കുറ്റകൃത്യങ്ങളുടെ ‘സൂത്രധാര’യായും (Mastermind) പ്രതികൾക്കും പരാതിക്കാർക്കുമിടയിലുള്ള കണ്ണിയായും മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും അവതരിപ്പിച്ചയാളാണ് നിദാ ഖാൻ. ‘ആരാണ് നിദാ ഖാൻ’ എന്ന തലക്കെട്ടോടെ മാത്രം നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. നിർബന്ധിത മത പരിവർത്തനത്തിന് കാർമികത്വം വഹിച്ചയാളായാണ് നിദാ ഖാനെന്ന് വളരെ ആധികാരികമായാണ് സാമൂഹ്യ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.

എന്നാൽ, നിലവിൽ ലഭ്യമായ എട്ട് എഫ്ഐആറുകളിൽ ഒന്നിൽ മാത്രമാണ് നിദാ ഖാന്റെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്ത FIR 0156 ലാണിത്. തൗസിഫിനോടൊപ്പമെത്തിയ നിദാ ഖാൻ, ശിവലിംഗം യഥാർത്ഥത്തിൽ ലൈംഗികാവയവമാണെന്നും അതിനെ ആരാധിക്കുന്നത് അശ്ലീലമാണെന്നും പരാതിക്കാരിയോട് പറഞ്ഞതായാണ് ഈ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് സന്ദർഭങ്ങളിലും ഹൈന്ദവ ദൈവങ്ങളെ ഇവർ കളിയാക്കിയതായി ഈ എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.

എഫ്ഐആറുകളുടെയും റിമാൻഡ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ, ഇത്രയുമാണ് നിദാ ഖാന് ഈ കേസുകളുമായുള്ള ബന്ധം. മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച കഥകൾക്കൊന്നും ഇതുവരെയും തെളിവുകളുടെ യാതൊരു പിൻബലവുമില്ല.

നിദാ ഖാൻ ഒളിവിലാണെന്നും യൂണിറ്റിലെ ഹ്യൂമൻ റിസോഴ്സ് (HR) ഉദ്യോഗസ്ഥയാണെന്നുമാണ് രാജ്യത്തെ മുൻനിര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ‘ടിസിഎസ് സംഭവ’ത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് നാസിക്ക് സന്ദര്‍ശിച്ച അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് മഹാരാഷ്ട്ര (APCR) എന്ന സംഘടന, നിദാ ഖാന് സ്ഥാപനത്തിലെ എച്ച്ആർ (HR) വിഭാഗവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു. പ്രോജക്ട് അസ്സോസിയേറ്റ് എന്ന തസ്തികയിലാണ് അവർ ജോലി ചെയ്തിരുന്നത്. “നിദാ ഖാന് അഞ്ച് മാസങ്ങൾക്ക് മുൻപേ മുംബൈയിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. അവരുടെ വിവാഹത്തെ തുടർന്നാണത്. ഈ ആരോപണങ്ങൾക്ക് ശേഷം അവരെ പിരിച്ചു വിട്ടതായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.” APCR മഹാരാഷ്ട്ര ജനറൽ സെക്രട്ടറി ഷാകിർ ഷെയ്ഖ് ഒബിസിയോട് പറഞ്ഞു.
നിദാ ഖാന് എച്ച് ആർ വിഭാഗവുമായി ബന്ധമൊന്നുമില്ലെന്ന് ഏപ്രിൽ 17 ന് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലും പറയുന്നു. നിദാഖാന്റെ കുടുംബവുമായി സംസാരിച്ചതിൽ നിന്നുള്ള വിവരങ്ങളാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിന്‍റെ ആധാരം.

‘എച്ച് ആർ ഹെഡ്’ എന്ന തലക്കെട്ടോടെ നിദാ ഖാന്റേത് എന്ന രീതിയിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രവും വ്യാജമാണെന്ന് സഹോദരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നു. നിദാ ഖാൻ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിൽ ഈ തലക്കെട്ട് എഡിറ്റ് ചെയ്തു വെച്ച് ദുരുപയോഗം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

പോലീസ് വേഷം മാറി രഹസ്യാന്വേഷണം നടത്തിയിട്ടുണ്ടോ ? 

പോലീസ്, ശുചീകരണ തൊഴിലാളികളെന്ന മട്ടിൽ ടിസിഎസ്സിൽ ദിവസങ്ങളോളം ജോലി ചെയ്താണ് ഈ അന്വേഷണം നടത്തിയതെന്നാണ് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന മറ്റൊരു കാര്യം. എന്നാൽ അത്തരത്തിൽ ഒരു അന്വേഷണം നടന്നിട്ടുള്ളതായി കോടതി രേഖകളിലൊന്നും പരാമർശിച്ചിട്ടില്ല.

ഈ രഹസ്യാന്വേഷണ കഥ അപ്പാടെ മാധ്യമ സൃഷ്ടിയാണെന്നാണ് പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ സാഹിൽ സയ്യിദ് ഒബിസിയോട് പറഞ്ഞത്. “അങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകളിൽ അതുണ്ടാവേണ്ടതാണ്. കേസ് ഡയറി അടക്കമുള്ള രേഖകൾ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് വരെ അത്തരത്തിലുള്ള ഒരു വിവരവും കോടതി മുൻപാകെ വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ കേസിന് വലിയ ബലം കിട്ടുന്ന ഒരു കാര്യമാണല്ലോ. അത് പോലീസ് കോടതിയിൽ ഉന്നയിക്കേണ്ടതാണല്ലോ, അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല” സുഹൈൽ ഒബിസിയോട് പറഞ്ഞു.

ടിസിഎസ് നാസിക് ബിപിഒ യൂണിറ്റിൽ റംസാൻ വ്രതം അനുഷ്ഠിക്കുന്ന ഒരു ഹിന്ദു യുവതിയെ പറ്റിയുള്ള വിവരങ്ങളാണ് പോലീസിനെ ഈ കേസിലേക്കെത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തെ പറ്റി പോലീസ് യുവതിയുടെ വീട്ടിൽ അറിയിച്ചതിനെതുടർന്ന് ജോലിക്ക് പോകുന്നതിൽ നിന്ന് കുടുംബം യുവതിയെ തടഞ്ഞുവെന്നും അതിന് ശേഷമാണ് ആറംഗ വനിതാ പോലീസ് സംഘം ഈ വർഷം ഫെബ്രുവരിയിൽ ശുചീകരണ തൊഴിലാളികളെന്ന വ്യാജേനെ ടിസിഎസ്സിൽ എത്തിയതെന്നുമായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഇതിനൊന്നും തെളിവുകളുടെ പിൻബലമില്ല.

Exterior view of a Tata Consultancy Services (TCS) office building with the company name and logo displayed on the front wall; representative image for TCS Nashik unit news.
ടിസിഎസ്

നിലവിൽ നാസിക് സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ടിസിഎസ്സിൽ നടന്ന സംഭവം ബോധപൂർവ്വം വർഗ്ഗീയ ഗൂഢാലോചനാ പരിവേഷം നൽകിയാണ് പൊതുസമൂഹത്തിൽ അവതരിപ്പിച്ചതെന്നാണ് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് മഹാരാഷ്ട്ര (APCR) എന്ന മനുഷ്യാവകാശ സംഘടനയുടെ വിലയിരുത്തല്‍. വാസ്തവത്തിൽ, ഒരു സാധാരണ ക്രിമിനൽ കുറ്റാരോപണം മാത്രമാണിതെന്നും APCR അംഗവും അഭിഭാഷകനുമായ ഇമ്രാൻ ഖാൻ ഒബിസിയോട് പറഞ്ഞു.

സ്ഥാപനത്തിലെ ഒരു മുതിർന്ന മാനേജർ, രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളെ പറ്റി അസിസ്റ്റന്റ് ജനറൽ മാനേജർക്ക് (AGM) ഇമെയിൽ ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കിരൺ ഭെന്ദ്ഭാർ കോടതിയിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിൽ അന്വേഷണ സംഘം എജിഎം ന് ലഭിച്ച 78 മെയിലുകളും ചാറ്റുകളും വിശദമായി പരിശോധിക്കുകയാണ്. അതേ സമയം, പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവഗണിച്ചു എന്നാണ് എഫ് ഐ ആറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പരാതികളെ തുടർന്ന് എജിഎം നടപടികൾ എടുക്കാൻ തയ്യാറായില്ലെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നുണ്ട്. 

2022 ൽ തുടങ്ങി?

 മാർച്ച് 26 ലെ ആദ്യ എഫ്ഐആറിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, നിദാ ഖാൻ എന്നീ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ദേവ് ലാലി പോലീസ് നാസിക് ജില്ല ജുഡീഷ്യൽ മജിസ്ട്രേറ്റിന് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, ഡാനിഷ് ഇജാസ് ഷെയ്ഖ്, തൗസിഫ് ബിലാൽ അത്താർ എന്നിവരെ പോലീസ് മാർച്ച് 26 ന് തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിദാ ഖാൻ ഇപ്പോഴും ഒളിവിലാണ്. 2022 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലത്തെ കുറ്റാരോപണങ്ങളാണ് അന്വേഷിക്കുന്നതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കത്തി പടർന്നത് പോലെ പെട്ടെന്നുണ്ടായ ഒരു കുറ്റാരോപണമല്ല ഇതെന്ന് വ്യക്തം. കസ്റ്റഡിയിലെടുത്ത ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ എന്നിവർക്കെതിരേ ഇതിന് മുൻപ് മറ്റൊരു കേസും ഉണ്ടായിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർച്ച് 30 വരെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

മാർച്ച് 30 ന് കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ പോലീസ് രണ്ടാമതൊരു റിമാൻഡ് അപേക്ഷ നൽകിയെങ്കിലും ഇത് കോടതി തള്ളി. എന്നാൽ പോലീസിന് പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ കിട്ടിയിരുന്നുവെന്നും മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കണ്ടെത്തിയാണ് നാസിക്ക് ജില്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കസ്റ്റഡി അപേക്ഷ തള്ളിയത്.

പ്രതിഭാഗം 

ജീവനക്കാർ തമ്മിലുണ്ടായ പ്രശ്നങ്ങളെ അനേകം ക്രിമിനൽ കേസുകളായി വലുതാക്കിയതാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടാണ് ഈ പരാതി എട്ട് എഫ്ഐആറുകളുള്ള കേസായി മാറിയത്. അന്വേഷണം ഇത്ര വേഗത്തിൽ നടക്കുന്നത് തന്നെ സംശയം ജനിപ്പിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ ബാബ സയ്യിദ് പറയുന്നു. നിലവിൽ ‘ആർ കെ അസ്സോസിയേറ്റ്’ (R K Associates) എന്ന സ്ഥാപനമാണ് പ്രതിഭാഗത്തിന് വേണ്ടി കേസ് വാദിക്കുന്നത്. ബാബ സയ്യിദും ഒബിസിയോട് സംസാരിച്ച സുഹൈൽ സയ്യിദും ഈ സ്ഥാപനത്തിലെ അഭിഭാഷകരാണ്. 

‘പരാജയപ്പെട്ട ഒരു ബന്ധത്തിന്റെ’ ബാക്കിയാണ് ഈ കേസ് എന്നാണ് പ്രതികളിൽ ഒരാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്. പരാതിക്കാരിയും ഡാനിഷുമായുള്ള ബന്ധം ഓഫീസിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്നും അത് പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിടുകയുമായിരുവെന്ന് ഇവർ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റെല്ലാവരും നിരപരാധികളാണെന്ന് ഈ യുവതി പറഞ്ഞതായും ഈ റിപ്പോർട്ടിൽ പറയുന്നു.

ടിസിഎസ്സിന്റെ പ്രതികരണം

കേസിൽ പ്രതി ചേർക്കപ്പെട്ട ജീവനക്കാരെ ടിസിഎസ് സസ്പെൻഡ് ചെയ്തു. പീഡനങ്ങൾക്കും ബലപ്രയോഗത്തിനുമെതിരെ ‘സീറോ ടോളറൻസ്’ നയമാണെന്നാണ് സസ്പെൻഡ് ചെയ്തു കൊണ്ട് ടിസിഎസ് നടത്തിയ പ്രസ്താവന.

ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ‘ആരോപണങ്ങൾ വേദനാജനകമാണെന്നും’ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ടിസിഎസ് പറയുന്നു. ‘tcsglobal’ എന്ന ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇവർ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

നിർബന്ധിത മത പരിവർത്തന നിരോധന നിയമത്തിന് അരങ്ങൊരുക്കൽ ?

നിർബന്ധിത മത പരിവർത്തനം നിരോധിക്കുന്ന നിയമം (മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്) മഹാരാഷ്ട്ര നിയമസഭ മാർച്ചിൽ പാസ്സാക്കിയിരുന്നു. എന്നാൽ ഈ ബിൽ ഗവർണർ പ്രസിഡന്റിന് അയച്ചിരിക്കുകയാണ്. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ ബില്ലിൽ ഉള്ളത് കൊണ്ടാണ് ഗവർണർ ഒപ്പിടാതെ ബില്ല് രാഷ്ട്രപതിക്ക് അയച്ചെന്നാണ്‌ സൂചന. ഈ ബില്ല് നോട്ടിഫിക്കേഷൻ ആവുമ്പോൾ കോടതിയിൽ ചോദ്യം ചെയ്യുന്നത് ദുർബലപ്പെടുത്താനുളള നീക്കമാണ് ടിസിഎസുമായി ബന്ധപ്പെട്ട മതപരിവർത്തന വിവാദത്തിന്റെ പിന്നിലെന്ന് മഹാരാഷ്ട്രയിലെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top