ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരോ? ഫാക്ട് ചെക്ക്

ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരോ? ഫാക്ട് ചെക്ക്

അമേരിക്കയുടെ യുദ്ധവെറിയോട് അമർഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ട് രാഷ്ട്രീയം പറയാനാവില്ല.

ഇറാനിലെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. യുദ്ധം ആഗോള ഇന്ധന വിപണിയെ വരെ പ്രതിസന്ധിയിലക്കിയിരിക്കുന്നു. സംഘർഷം മൂർച്ഛിക്കുന്നതിനൊപ്പം മറുവശത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്തകളും നിറയുന്നുണ്ട്

ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 2026 മാർച്ച് 1-ന് ഇറാന്റെ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. 

അമേരിക്കൻ ആർമി യൂണിഫോം ധരിച്ച ഏഴ് പട്ടാളക്കാർ വിമാനത്തിൽ നിന്ന് ശവപ്പെട്ടി പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ശവപ്പെട്ടി അമേരിക്കൻ കൊടി കൊണ്ട് മൂടിയിരിക്കുന്നതായും വീഡിയോയിൽ കാണാം. മാർച്ച് ഒന്ന് മുതലാണ്  വിവിധ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ഈ വീഡിയോയുടെ മുപ്പതിനായിരത്തിലധികം പേർ കണ്ട രണ്ട് പോസ്റ്റുകളാണ് ഫേസ്ബുക്കിൽ ഞങ്ങൾ കണ്ടെത്തിയത്.

‘റുബീന റൂബി’ എന്ന അക്കൗണ്ടിൽ നിന്ന് മാർച്ച് രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ 39,000 ത്തിലധികം തവണയാണ് ഇതിനകം കണ്ടിരിക്കുന്നത്. 120 പേര് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. 

A Facebook post by Rubeena Rubi featuring a video screenshot and text in Malayalam. The image shows a military cargo plane on a dark tarmac at night with its rear ramp open; personnel in uniform are visible inside the cargo hold. Overlaid text in pink and white Malayalam translates to, "Boxes have started arriving in America. The expression 'boxes will arrive' was Iran's, and it happened." The post includes 342 likes, 41 comments, 120 shares, and 39k views.
‘റുബീന റൂബി’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്. ഒബിസി അന്വേഷണത്തിൽ ഫേസ്ബുക്കിൽ ഈ വീഡിയോ ഏറ്റവുമധികം പ്രചരിച്ചത് ഈ പോസ്റ്റിലൂടെയാണെന്ന് കണ്ടെത്തി.

“അമേരിക്കയിലേക്ക് പെട്ടികൾ എത്തിത്തുടങ്ങി. പെട്ടികൾ എത്തിക്കും എന്ന പ്രയോഗം ഇറാന്റേതാണ് അത് സംഭവിച്ചു” എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റിന് കീഴിൽ ഭൂരിഭാഗവും ഇറാനെതിരെയുള്ള കമന്റുകളാണ്. 

മാർച്ച് രണ്ടിന് തന്നെ ‘ആസിഫ് ബിൻ ബാദ്ഷ’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് ചെയ്ത വീഡിയോ മുപ്പതിനായിരത്തിലധികം പേർ കണ്ടിട്ടുണ്ട്. “അമേരിക്കൻ പട്ടാളക്കാർക് പെട്ടി ഇറാൻ നൽകി” എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് 110 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

A screenshot of a social media post from "Asif Bin Badsha." The post is written in Malayalam and mentions "America" and "Iran" in the caption. Below the text, there is a placeholder for a video or image which is currently obscured by a dark box.

‘ആസിഫ് ബിൻ ബാദ്ഷ’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്.

കൂടുതൽ പരിശോധനയിൽ സ്ഥിരമായി ഇറാൻ അനുകൂല വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. 

ഇൻസ്റ്റഗ്രാമിലും എക്സിലും വീഡിയോ പങ്ക് വെച്ചിരിക്കുന്നത് ഇംഗ്ലീഷ് അടിക്കുറിപ്പുകളോടെയാണ്. ‘ഗ്ലോബൽ ഓബ്സർവർ’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് 1.4 ലക്ഷത്തിലധികം പേര് കണ്ടിട്ടുണ്ട്. “ഇറാൻ ആക്രമണത്തിന് ശേഷം യുഎസ് സൈനികരുടെ ശവപ്പെട്ടികൾ തിരികെ കൊണ്ടുവരുന്നു” എന്നാണ് ഈ പോസ്റ്റിലെ ഇംഗ്ലീഷ് അടിക്കുറിപ്പിന്റെ പരിഭാഷ.

ഇൻസ്റ്റാഗ്രാമിൽ ‘സുസനബുൽഹവാ’ എന്ന അക്കൗണ്ട്, യുദ്ധത്തിലെ അമേരിക്കൻ പങ്കാളിത്തത്തെ എതിർത്തുകൊണ്ടും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

“ഇസ്രായേലികൾ തെരുവിൽ നൃത്തം ചെയ്യുകയോ ബങ്കറുകളിൽ ഒളിച്ചിരിക്കുകയോ ചെയ്യുമ്പോൾ, യുദ്ധത്തിനയച്ച അമേരിക്കൻ പുത്രന്മാരും പുത്രികളും ശവപ്പെട്ടിയിൽ തിരിച്ചെത്തുന്നു.” എന്നാണ് ഇംഗ്ലീഷ് അടിക്കുറിപ്പിന്റെ ഏകദേശ പരിഭാഷ. പോസ്റ്റിന് കീഴിൽ വാൻ കമന്റുകളും അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കുന്നതിന് എതിർത്തുകൊണ്ടുള്ളതായിരുന്നു.

ഫാക്ട്

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2011 ജൂൺ ഒൻപതിന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലേക്കാണ് ഞങ്ങൾ എത്തിയത്. പാട്രിക് ജെ ഹ്യൂസ് (Patrick J Hughes) എന്ന ചാനലിൽ പോസ്റ്റ് ചെയ്ത പത്ത് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിന്റെ ഒരു ഭാഗമാണ്, ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ഈ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ 2011 ജൂൺ 8 ന് പകർത്തിയതാണെന്നും, ഇറാഖിൽ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ ന്യൂ ഡോ’ണിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്ന ദൃശ്യങ്ങളാണെന്നും വീഡിയോയ്ക്ക് ഒപ്പം നൽകിയിട്ടുള്ള വിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചടങ്ങ് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കി 2011 ജൂണ്‍ 8ന് യുഎസ് സുരക്ഷാ ഏജന്‍സി പത്രക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയുടെ തലക്കെട്ടിൽ Dover AFB എന്നും കൊടുത്തിരിക്കുന്നു. അമേരിക്കയിലെ ഡോവർ നഗരത്തിലെ വ്യോമസേന താവളത്തിന്റെ ചുരുക്ക പേരാണിത്. 

വിയറ്റ്നാമിൽ നിന്നുള്ള മറൈൻ ഫോട്ടോഗ്രാഫറായാണ് ‘പാട്രിക് ജെ ഹ്യൂസ്’ യൂട്യൂബ് പ്രൊഫൈലിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഈ പേരുപയോഗിച്ച് ഗൂഗിളിൽ നടത്തിയ സെർച്ചിൽ ഇതേ ഫോട്ടോഗ്രാഫറുടെ വെബ്സൈറ്റ് കണ്ടെത്താനായി. ഈ വെബ്സൈറ്റിലും “ഞങ്ങളൊരിക്കലും മറക്കില്ല” എന്ന തലക്കെട്ടോടെ വിമാനത്തിൽ നിന്ന് ശവപ്പെട്ടികൾ പുറത്ത് കൊണ്ട് വരുന്ന ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.

A webpage screenshot from a photography portfolio featuring a section dedicated to the "Dignified Transfer Of Fallen Heroes" from Operation New Dawn in Iraq, June 8, 2011. Below the text description, there is a grid of 20 thumbnail images showing military ceremonies, flag-draped coffins, and service members on an airfield at night.

‘പാട്രിക് ജെ ഹ്യൂസ്’ ന്റെ വെബ്സൈറ്റിൽ പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങൾ

തുടർന്ന് കീവേർഡ് വഴിയുള്ള അന്വേഷണം ചെന്നത്തിയത് 2011 ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച ഒരു വാർത്തയിലാണ്. ജൂൺ ആറിന് ഇറാഖിലെ ബാഗ്ദാദിൽ നടന്ന ആക്രമണത്തിൽ നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ‘ഡിവിഐഡിഎസ്’ (DVIDS) എന്ന വെബ്സൈറ്റിലെ വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ പ്രതിരോധ വകുപ്പിന് കീഴിലുള്ള മാധ്യമമാണ് ‘ഡിവിഐഡിഎസ്’. ആദ്യം പരാമർശിച്ച യൂട്യൂബ് വീഡിയോയിൽ പറയുന്ന ‘ഓപ്പറേഷൻ ന്യൂ ഡോൺ’ എന്ന വാക്കും ഈ വാർത്തയുടെ ടാഗിൽ ഉപയോഗിച്ചിട്ടുണ്ട്.

An honor detail of five soldiers in camouflage uniforms stands in a line, firing a ceremonial volley with rifles during a memorial service. They are positioned against a backdrop of concrete barriers in Baghdad, Iraq. A text overlay at the bottom credits the photo to Staff Sgt. Daniel Stoutamire and identifies the group as members of Battery B, 1st Battalion.

ഡിവിഡിഎസ് പ്രസിദ്ധീകരിച്ച ന്യൂസ് റിപ്പോർട്ട്

കൊല്ലപ്പെട്ട സൈനികരുടെ അനുസ്‌മരണച്ചടങ്ങുകൾ 2011 ജൂൺ 9 മുതൽ ജൂൺ 20 വരെ വിവിധ ദിവസങ്ങളിലായി നടന്നതായും ഇതേ റിപ്പോർട്ടിൽ പറയുന്നു.

ഈ തെളിവുകളിൽ നിന്നും, നിലവിൽ പ്രചരിക്കുന്ന വീഡിയോ 2011 ലേതാണെന്ന് വ്യക്തമാണ്. ഇതിന് ഇറാനിൽ ഇപ്പോൾ നടക്കുന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണവുമായി ബന്ധമൊന്നുമില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top