
ഹെല്ലെ ലിങിനെ ആർക്കാണ് പേടി?
‘ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്ന് കൂടെ? പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോർവീജിയൻ ജേർണലിസ്റ്റ് ഹെല്ലെ ലിങ് ചോദിച്ചു. ശേഷം നടന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യത്ത് നിന്നും കുറച്ച് ചോദ്യങ്ങൾ എന്തുകൊണ്ട് നേരിട്ടുകൂടാ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോർവെ സന്ദർശനത്തിനിടെ, അന്നാട്ടിലെ മാധ്യമ പ്രവർത്തക ഹെല്ലെ ലിങ് ചോദിച്ച ചോദ്യമാണ് ഇപ്പോൾ രാജ്യത്ത് വലിയ ചർച്ചയായിരിക്കുന്നത്. മോദി അവർക്ക് മറുപടി നൽകിയില്ല, ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ മോദി വേദി വിട്ടതിന് ശേഷം ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിലും ഹെല്ലെ ചോദ്യങ്ങൾ ചോദിച്ചു. അവിടേയും ഹെല്ലെയുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരമൊന്നും കിട്ടിയില്ല.
പിന്നീട് അവർക്കെതിരെ നടന്നത് വലിയ രീതിയിലുള്ള സൈബറാക്രമണമായിരുന്നു. ഹെല്ലെയുടെ പഴയ ഫോട്ടോകൾ ഉപയോഗിച്ചും, അവരെഴുതിയ പഴയ ലേഖനങ്ങൾ കുത്തിപ്പൊക്കിയും അവരെ വിദേശ ഏജൻ്റെന്നും ചൈനീസ് ചാരയെന്നും മുദ്രകുത്തി ആക്ഷേപിച്ചു. തൊട്ട് പിന്നാലെ അവരുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശയാത്രക്കിടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പടങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കുന്നത് തുടരുമ്പോഴും ഹെല്ലെ സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടേയിരിക്കുകയാണ്.
ആരാണ് ഹെല്ലെ ലിങ്?
മേയ് 18 നാണ് നരേന്ദ്ര മോദിയും നോർവേയുടെ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറും (Jonas Gahr Støre) പങ്കെടുത്ത സംയുക്ത പരിപാടി ഓസ്ലോയിൽ നടന്നത്. ഈ യോഗത്തിന് ശേഷം നേതാക്കൾ മടങ്ങുന്നതിനിടയിലാണ് മാധ്യമപ്രവർത്തകയായ ഹെല്ലെ ലിങ് ചോദ്യമുന്നയിക്കുന്നത്.
ഓസ്ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 14,000 ൽ താഴെ വരിക്കാരുള്ള ദാഗ്‌സാവിസെൻ (Dagsavisen) എന്ന നോർവീജിയൻ പത്രത്തിലെ കമൻ്റേറ്ററാണ് 28 കാരിയായ ഹെല്ലെ ലിങ്. മാധ്യമ പ്രവർത്തകയുടെ ചോദ്യം അവഗണിച്ച് വേദി വിടുന്ന മോദിയുടെ വീഡിയോ വൈറലായതോടെ, ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം, അവരെ മറ്റൊരു മാധ്യമ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ, ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ താഴേക്കിടയിലുള്ള ഇന്ത്യയുടെ സ്ഥാനം ചൂണ്ടിക്കാട്ടിയുള്ള വിമർശനമാണ് ഹെല്ലേ ഉന്നയിച്ചത്.
അതിന് മറുപടി നൽകിയത്, മലയാളി കൂടിയായി കേന്ദ്ര വിദേശ കാര്യ സെക്രട്ടറി സിബി ജോർജ് ആണ്. ഇന്ത്യയുടെ സംസ്കാരത്തെ കുറിച്ചും ചെസ്സിൻ്റെ ഉത്ഭവത്തെ കുറിച്ചും കോവിഡ് വാക്സിൻ വികസിപ്പിച്ചതിനെക്കുറിച്ചുമെല്ലാം പരാമർശിച്ചു കൊണ്ടായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ഇതോടെ ചോദ്യത്തിനുള്ള ഉത്തരമാണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞ് ഹെല്ലെ വേദി വിട്ടിറങ്ങി. പിന്നീട് സൈബർ പോരാളികൾ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ തിരിഞ്ഞു. ഈ സംഭവങ്ങൾക്കിടയിലാണ്, മെറ്റ തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തതായി അവർ എക്സ് വഴി അറിയിക്കുന്നത്.
ചൈനീസ് ചാര, വിദേശ ഏജന്റ്
സൈബറാക്രമണങ്ങളിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവർ പനിഷേധിച്ചു. “ഇങ്ങനെയൊരു വിശദീകരണം എഴുതേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും താൻ ഏതെങ്കിലും വിദേശ സർക്കാർ അയച്ച ഏജൻ്റോ ചാരയോ അല്ലെന്നും നോർവേയിലെ ഒരു മാധ്യമപ്രവർത്തക മാത്രമാണെന്നും അവർ പ്രതികരിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയൊരു വില മാത്രമാണിത് എന്നാണ് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ടതിനെ കുറിച്ച് അവയ പറഞ്ഞത്.

ദേശീയ തലത്തിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പ്രൊഫൈലുകൾ ഈ വിഷയത്തിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എക്സിലാണ് മിക്കവയും.
ഡൽഹിയിലെ അഭിഭാഷകയായ (എക്സ് ബയോ പ്രകാരം) കൽപ്പന ശ്രീവാസ്തവ എന്ന എക്സ് പ്രൊഫൈലിൽ വന്ന പോസ്റ്റ് ഇതിനൊരു ഉദാഹരണമാണ്. എക്‌സിൽ 157.4K ഫോളോവർമാരാണ് ഇവർക്കുള്ളത്. ഇവര്‍ മെയ് 19 നു പോസ്റ്റ് ചെയ്ത ഈ വീഡിയോ, 59,000 ൽ അധികം പേരാണ് ഇതുവരെ (21/5/2026) കണ്ടിട്ടുള്ളത്.
“നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ, ചോദ്യം ചോദിച്ച് പകുതിക്ക് വെച്ച് ഓടിപ്പോയി. കഷ്ടം തന്നെ, ചോദ്യം ചോദിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നു, പക്ഷേ മറുപടി കേൾക്കാൻ തന്റേടമില്ലായിരുന്നു! ഇതാണോ നിങ്ങളുടെ മാധ്യമപ്രവർത്തനം? ഒരു മാധ്യമപ്രവർത്തകയാകുന്നതിന് മുൻപ് ഒരു മനുഷ്യനാകൂ. നിങ്ങളുടെ ഭീരുത്വം ലോകം മുഴുവൻ കാണുന്നുണ്ട്.” എന്നാണ് പോസ്റ്റിൽ പറയുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ ഹെല്ലെ ചോദിച്ച ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി കൊടുക്കാതെ, കോവിഡ് വാക്സിനെയും ചെസ്സിന്റെ ഉത്ഭവത്തെയും കുറിച്ച് സംസാരിച്ച് വിഷയം തിരിച്ചുവിടാനാണ് വിദേശകാര്യ സെക്രട്ടറി ശ്രമിച്ചതെന്നും കൃത്യമായ ഉത്തരം ലഭിക്കില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് വേദി വിട്ടിറങ്ങിയതെന്നും അവര്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖങ്ങളില്‍ പറയുന്നുണ്ട്.
എക്സിൽ 4,952 ഫോളോവേഴ്സ് ഉള്ള, ‘Tom Mathews Moolamattom’ എന്ന അക്കൗണ്ട് മലയാളത്തിൽ ഇതേ വീഡിയോ സമാന ക്യാപ്ഷനോട് കൂടി ഷെയർ ചെയ്തിട്ടുണ്ട്. മെയ് 19 ന് ആണത്. എക്സിൽ സ്ഥിരമായി വർഗീയ – വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ഒരു വലതുപക്ഷ അക്കൗണ്ട് ആണിത്.യ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ‘ചൈനീസ് ചാര’, ‘വിദേശ ഏജന്റ്’ എന്നീ പ്രചാരണങ്ങൾക്ക് വലിയ തോതിൽ പ്രചാരം നൽകിയത് ‘ഓപ് ഇന്ത്യ’ പോലുള്ള വലതുപക്ഷ പോർട്ടലുകളാണ് എന്ന് പറയാം.

ഹെല്ലെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ‘ചൈനീസ് ചാര’, ‘വിദേശ ഏജന്റ്’ എന്നീ പ്രചാരണങ്ങൾക്ക് വലിയ തോതിൽ പ്രചാരം നൽകിയത് ‘ഓപ് ഇന്ത്യ’ പോലുള്ള വലതുപക്ഷ പോർട്ടലുകളാണ് എന്ന് പറയാം.

ഓപ് ഇന്ത്യ വാർത്ത, സ്ക്രീൻഷോട്ട്
ഹെല്ലെയുടെ പ്രതികരണം റീ പോസ്റ്റ് ചെയ്തുകൊണ്ട്, ‘Hindutva Knight’ എന്ന വെരിഫൈഡ് എക്സ് അക്കൗണ്ട് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി.
“ഞാൻ അവരോട് (ഹെല്ലെയോട്) ഫോണിൽ സംസാരിച്ചുവെന്നും വളരെ കൂൾ ആയിട്ടാണ് അവർ സംസാരിച്ചതെന്നും ഈ അക്കൗണ്ട് പറയുന്നു. മോദി മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഇന്ത്യൻ ജനതയ്ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെന്നുമാണ് ഹെല്ലെ പറഞ്ഞത്.” പോസ്റ്റ് പറയുന്നു. എന്നാൽ, അങ്ങനെയൊരു കാൾ തനിക്ക് വന്നിട്ടില്ലെന്നും ആരോടും സംസാരിച്ചിട്ടിട്ടില്ലെന്നും ഹെല്ലെ തന്നെ എക്‌സിൽ മറുപടി നൽകിയിട്ടുണ്ട്.
സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ഒരു വലതുപക്ഷ അക്കൌണ്ട് ആണ് ‘Hindutva Knight’ . അഞ്ചു ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് എക്സില്‍ കണ്ടത്. രണ്ടായിരത്തിലധികം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട് (ഹെല്ലെയുടെ റിപ്ലെയും കാണാം)
175.1K ഫോളോവർമാരുള്ള മുഹമ്മദ് ഷുഹൈബ് എന്ന എക്സ് പ്രൊഫൈൽ ഇതിനു സമാനമായ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്
ഹെല്ലെയോട് ഫോണിൽ സംസാരിച്ചുവെന്ന് ഈ പോസ്റ്റും അവകാശപ്പെടുന്നു. വിദേശശക്തികളുടെ ഫണ്ടിങ് വാങ്ങി ഇന്ത്യക്കെതിരെ പ്രവർത്തിക്കുകയായിരുന്നു താനെന്നു ഹെല്ലേ സമ്മതിച്ചതായും ഈ പോസ്റ്റ് പറയുന്നു.

മുഹമ്മദ് ഷുഹൈബ് എക്സ് പേജ്, സ്ക്രീന്‍ഷോട്ട്
ഹെല്ലെയ്ക്ക് കൃത്യമായ അന്താരാഷ്ട്ര അജണ്ടയുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 52,000 ത്തിലധികം ഫോളോവേഴ്‌സുള്ള ‘CASA Bengaluru’ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് പറയുന്നതിങ്ങനെയാണ്:
“വെറും 800 ഫോളോവേഴ്‌സിൽ നിന്ന് ഒറ്റയടിക്ക് 45,000! രാത്രിക്ക് രാത്രി ലക്ഷങ്ങളുടെ ഫണ്ടിങ്ങും ബ്ലൂ ടിക്കും; നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് പിന്നിൽ ടൂൾകിറ്റ് സംഘം.” ഹെല്ലെ പ്രോട്ടോക്കോൾ ലംഘിച്ചാണ് ചോദ്യം ചോദിച്ചതെന്നും, ഇന്ത്യയെക്കുറിച്ച് അതുവരെ ഒന്നും എഴുതാത്ത അവരുടെ എക്സ് അക്കൗണ്ടിലേക്ക് പെട്ടെന്ന് പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ പോസ്റ്റുകൾ ആരോപിക്കുന്നു. പണം വാങ്ങി വാർത്ത ചെയ്യുന്ന ഫ്രീലാൻസറാണ് അവരെന്നും ഇവർ പറയുന്നു.
ക്രിസ്ത്യന്‍ വലതുപക്ഷ സംഘടനയായ CASA (Christian Association & Alliance for Social Action) യ്ക്ക് ഇന്ത്യയിൽ മിക്ക പ്രദേശങ്ങളിലും സജീവസാന്നിദ്ധ്യമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളുണ്ട്.

‘CASA Bengaluru’ ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്
മെയ് 21 നാണ് ഈ പോസ്റ്റ് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പ്രചരിക്കുന്നതായി കണ്ടത്.
ചില വ്യക്തിഗത അക്കൗണ്ടുകളും സൈബറാക്രമണത്തിൽ മുന്നിലുണ്ട്. മാധ്യമപ്രവർത്തകൻ എന്ന് അവകാശപ്പെന്ന (ഫേസ്ബുക്ക് പ്രൊഫൈൽ പ്രകാരം) ഭാരതീയ ഹിന്ദു ആചാര്യസഭയുടെ മുൻ സംസ്ഥാന കോർഡിനേറ്ററുമായ സതീഷ് കുമാർ ആർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനുദാഹരണമാണ്. ഹെല്ലെയെ പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.

“പ്രധാനമന്ത്രി നോർവേയിൽ പോയത് പത്രക്കാരിക്ക് ഇന്റർവ്യൂ കൊടുക്കാനല്ല.” എന്ന് പറയുന്ന പോസ്റ്റിൽ അന്താരാഷ്ട്ര വേദികളിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് വാദിക്കുന്നു. സ്ത്രീവിരുദ്ധമായ ഭാഷയാണ് ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകക്കെതിരെ സംഘടിതമായ സൈബര്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍, ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭിനേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ അവരെ പിന്തുണച്ചുകൊണ്ട് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്, സ്ക്രീന്‍ഷോട്ട്
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയായി ഇത് മാറാനാണ് താൻ ആഗ്രഹിച്ചതെന്നും, ആഗോള മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും തനിക്ക് താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളെക്കുറിച്ചും ഇവിടെ തുടർന്നും സംസാരിച്ചുകൊണ്ടേയിരിക്കുമെന്നുമാണ് ഹെല്ലെ തന്റെ ഏറ്റവും പുതിയ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
