ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഹൈന്ദവാചാര്യന്റെ കാൽ തൊട്ട് വണങ്ങിയോ? എന്താണ് സത്യം?

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഹൈന്ദവാചാര്യന്റെ കാൽ തൊട്ട് വണങ്ങിയോ? എന്താണ് സത്യം?

2026-ലെ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പ്രമുഖ ഹൈന്ദവ ആത്മീയ നേതാവ് ജഗദ്ഗുരു സ്വാമി സതീശാചാര്യ മഹാരാജുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടിക്കാഴ്ചയ്ക്കിടെ ഇറാൻ പ്രസിഡന്റ് സതീശാചാര്യ മഹാരാജിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെടുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ഞങ്ങൾ കണ്ടെത്തി .

News18assamne’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ദേശീയ മാധ്യമമായ ന്യൂസ്18 ഗ്രൂപ്പിന്റെ വടക്ക് കിഴക്കൻ മേഖലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടാണിത്. വീഡിയോയിൽ, കുറച്ചാളുകളുടെ നടുക്കായി ഒരു കാവി വേഷധാരിയെയും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും കാണാം. കുറച്ച് കഴിഞ്ഞ് മസൂദ് പെസേഷ്കിയാൻ കാവി വേഷധാരിയുടെ മുന്നിലായി കുനിഞ്ഞ് നിവരുന്നതും കാണാം. 

വീഡിയോയിൽ കാണുന്ന കാവി വേഷധാരി ഹൈന്ദവ  ആത്മീയ നേതാവ് ജഗദ്ഗുരു സ്വാമി സതീശാചാര്യ മഹാരാജാണ്. ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാനമായുള്ള പരമേശ്വർ ധാമിലെ പീഠാധിപതിയാണ് ഇദ്ദേഹം. സതീശാചാര്യ മഹാരാജിന്റെ ‘സനാതനി ആത്മീയ പാരമ്പര്യത്തെയും മാനവിക’തയെയും പറ്റിയുള്ള പ്രസംഗം കേട്ട ഇറാനിയൻ പ്രസിഡന്റ് സതീശാചാര്യയുടെ ‘അനുഗ്രഹം’ വാങ്ങുന്നുവെന്നാണ് പോസ്റ്റിലെ അവകാശവാദം. മുഖ്യധാരാമാധ്യമം ആയതുകൊണ്ട് തന്നെ ചിലർ വാർത്ത പൂർണമായും വിശ്വസിച്ച് കമ്മന്റുകളിട്ടിട്ടുണ്ട്. പോസ്റ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള കമന്റുകളും കാണാം. സെപ്റ്റംബർ 13 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (സെപ്റ്റംബർ 19) പതിനായിരത്തോളം തവണ കണ്ടിട്ടുണ്ട്. 218 പേർ  ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളതായും കാണാം.

‘News18assamne’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്

ഇറാനിയൻ പ്രസിഡന്റ് കാൽ തൊട്ട് വണങ്ങിയിരുന്നെങ്കിൽ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് വാർത്തയാക്കേണ്ടതാണ്. എന്നാൽ അത്തരത്തിൽ ഒരു വാർത്തയും കണ്ടെത്താനായില്ല. തുടർന്ന്, വീഡിയോയിൽ പ്രസക്ത ഭാഗങ്ങളുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ സമാനമായ നിരവധി പോസ്റ്റുകൾ കണ്ടെത്തി.

ആർഎസ്എസ് അനുകൂല പോസ്റ്റുകൾ നിരന്തരം പങ്കുവയ്ക്കുന്ന ‘sangh_geetha’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും സെപ്റ്റംബർ 16 ന് ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘സനാതനത്തിന്റെ സന്ദേശം മനസ്സിലാക്കിക്കൊണ്ട്, ഇറാനിയൻ പ്രസിഡന്റ് ഹിന്ദു ആത്മീയ നേതാവിന്റെ കാൽതൊട്ട് വണങ്ങി’ എന്നും വീഡിയോയിൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഈ വീഡിയോയും ഇതുവരെ (സെപ്റ്റംബർ 19) അയ്യായിരത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.

‘sangh _gaatha’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

‘@Sanatan_Prabhat’ എന്ന എക്സ് അക്കൗണ്ടും ഇതേ വീഡിയോ പങ്കുവയ്ച്ചിട്ടുണ്ട്. ഇതും സ്ഥിരമായി സംഘപരിവാർ അനുകൂല കണ്ടെന്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന അക്കൗണ്ടാണ്. മറ്റ് പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി വർഗ്ഗീയ ചുവയുള്ള അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഹിന്ദു സന്യാസിമാരുടെ കാൽ തൊട്ടുവന്ദിച്ചത് പാകിസ്ഥാനികളിലും മതഭ്രാന്തന്മാരിലും വ്യാപകമായ രോഷത്തിന് കാരണമായി.” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

‘Sanatan_prabhat’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റ്

വീഡിയോയിൽ കാണുന്ന ആത്മീയ നേതാവ് സതീശാചാര്യ മഹാരാജ് തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ വീഡിയോയിൽ കാൽ തൊട്ട് വണങ്ങുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഭാഗം കാണാനാവില്ല. പോസ്റ്റിന്റെ അടിക്കുറിപ്പിലും മസോദ് പെസേഷ്കിയാനെ അനുമോദിക്കുന്നതല്ലാതെ, കാൽ തൊട്ട് വണങ്ങിയതായൊന്നും പറഞ്ഞിട്ടുമില്ല.

സതീശാചാര്യ മഹാരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്

നിലത്തുവീണ എന്തോ ഒന്ന് എടുക്കാനാണെന്ന് പ്രസിഡന്റ് പെസെഷ്കിയാൻ കുനിയുന്നതെന്ന് പോസ്റ്റുകളുടെ കമന്റുകളിൽ ചിലർ പറയുന്നുണ്ട്. കൂടാതെ, ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്‌ഹാലി, ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കീം ഇലാഹി എന്നിവരും സ്വാമി സതീശാചാര്യ മഹാരാജുമായി കൂടിക്കാഴ്ച നടത്തുന്നതായി ഈ വീഡിയോയിലുണ്ട്.

ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസേഷ്കിയാനും സതീശാചാര്യ മഹാരാജുമായി കൂടിക്കാഴ്ച നടന്നതായി വാർത്തകളുണ്ട്. ന്യൂഡൽഹിയിലെ ദി ഒബ്‌റോയ് ഹോട്ടലിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രസിഡൻറ് മസൂദ് പെസെഷ്കിയാനായി ഡൽഹിയിലെ ഇറാൻ എംബസി പ്രത്യേക സ്വീകരണവും ഒപ്പം സാംസ്‌കാരിക സംവാദവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയാണ് നിലവിൽ പ്രചരിക്കുന്നത്.

ഇന്ത്യയിലെ ഇറാൻ അംബാസഡറുടെ ക്ഷണമനുസരിച്ച് ഒരു പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് താൻ എത്തിയതെന്ന് സ്വാമി സതീശാചാര്യ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. 

റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ‘manchh_official’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയും കണ്ടെത്തി. ഇതിൽ പ്രചരിക്കുന്ന വീഡിയോയുടെ തന്നെ മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വൈറലായ വീഡിയോയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ താഴേക്ക് നോക്കുന്നതും പിന്നീട് കുനിയുന്നതും മാത്രമാണുള്ളത്. അതിന് ശേഷമുള്ള കാര്യങ്ങൾ അതിൽ കാണിക്കുന്നില്ല.

‘‘manchh_official’ എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത വീഡിയോ

എന്നാൽ ‘manchh_official’ പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രസിഡന്റ് ആദ്യം കുനിയുമ്പോൾ സതീശാചാര്യയും താഴേക്ക് നോക്കി അദ്ദേഹത്തോടൊപ്പം കുനിയുന്നുണ്ട്. അതിനുശേഷം ഇരുവരും ഒരുമിച്ച് വണങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആംഗിളിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. താഴെ വീണ എന്തോ വസ്തു എടുക്കാൻ ശ്രമിക്കുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ സതീശാചാര്യയും അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.

പൂർണ്ണമായ ദൃശ്യങ്ങൾ കാണിക്കാതെ, തുടക്കത്തിലെ ഒരു ഭാഗം മാത്രം വെട്ടിമാറ്റിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top