വീണ ടി എന്ന ഒറ്റ വ്യക്തിക്ക് 242 അക്കൗണ്ടുകൾ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ആരൊക്കെ?

വീണ ടി എന്ന ഒറ്റ വ്യക്തിക്ക് 242 അക്കൗണ്ടുകൾ; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ആരൊക്കെ?

സി.എം.ആർ.എൽ – എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റേത് അടക്കമുള്ള ഇടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ വലിയ വാർത്തയായിരുന്നു. പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലുമാണ് സംഘം തിരച്ചിൽ നടത്തിയത്. 

മുൻ മന്ത്രിയും പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയാണ് ഇ.ഡി മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് 242 അക്കൗണ്ടുകളിലായി 18.36 കോടി മരവിപ്പിച്ചു എന്ന് ഇ ഡി പിന്നീട് അറിയിക്കുകയും ചെയ്തു. എന്നാൽ, ഇത് പിന്നീട് വസ്തുതാവിരുദ്ധമായാണ് പല സോഷ്യൽ മീഡിയ അക്കൗണ്ടുകളും അവതരിപ്പിച്ചത്. ‘ഇരുന്നൂറിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ള’ മുൻമുഖ്യ  മന്ത്രിയുടെ മകളെ വിമർശിക്കുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുകൂല – വലതുപക്ഷ അക്കൗണ്ടുകൾ പങ്കുവയ്ക്കുന്നത്. ഇ ഡി പരാമര്‍ശിച്ച എല്ലാ ബാങ്ക് അക്കൗണ്ടുകളും വീണയുടേത് അല്ല എന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം  വാര്‍ത്ത നല്‍കിയിരുന്നുവെങ്കിലും സൈബറിടങ്ങളില്‍ 242 അക്കൗണ്ടുകളും വീണയുടേതാണ് എന്ന ആഖ്യാനം വൻ തോതിൽ പ്രചരിക്കുകയാണ്.

എന്താണ് അക്കൗണ്ടുകൾ പറയുന്നത്?

ഏഷ്യാനെറ്റ് ന്യൂസിൻ്റെ ടെലിവിഷൻ വാർത്തയിലെ ഒരു ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതിൽ വീണയുടെ 242  ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന് പറയുന്നു. കോൺഗ്രസ്/ ലീഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇത് വ്യാപകമായി  പ്രചരിക്കുന്നതായി ഒബിസി കണ്ടെത്തി.

1,75000 ൽ അധികം ഫോളോവേഴ്‌സ് ഉള്ള  മലപ്പുറത്തെ ലീഗുകാർ ‘ എന്ന ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റുണ്ട്. റെയ്ഡ് പൂർത്തിയായി മണിക്കൂറുകൾക്കുള്ളിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

‘റെയ്ഡിന് പിന്നാലെ നടപടി, 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ച ഇ ഡി’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

155 പേരാണ് ഇതുവരെ (27/5/26) ഈ പോസ്റ്റ് കണ്ടിട്ടുള്ളത്. 22 പേർ കമൻ്റ് ചെയ്തിട്ടുമുണ്ട്. ഇടത് വിരുദ്ധ പോസ്റ്റുകൾ ദിനംപ്രതി പങ്കു വയ്ക്കുന്ന ഒരു അക്കൗണ്ട് ആണ്  മലപ്പുറത്തെ ലീഗുകാർ.

വലതുപക്ഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ടായ ‘Think Over Kerala ‘ യിലും ഈ പോസ്റ്റ് വന്നിട്ടുണ്ട്. നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണ് Think over kerala.

‘ഒരു വ്യക്തിക്ക് 242 ബാങ്ക് അക്കൗണ്ടുകൾ!!’ എന്നാണ് ഇതിന് ക്യാപ്ഷൻ.

383 പേരാണ് ഇതുവരെ ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുള്ളത്. 61 പേർ കമൻ്റും ചെയ്തതായി മെട്രിക്‌സ് വിവരങ്ങൾ കാണിക്കുന്നു.

 ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ‘Congress cyber team‘ എന്ന അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘Brave India News’ എന്ന ന്യൂസ്‌ പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജിലും ഏഷ്യാനെറ്റിന്റെ ഈ കാര്‍ഡ്‌ പ്രചരിക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള  Lasitha Palakkal എന്നൊരു വ്യക്തിഗത പ്രൊഫൈലും ഈ കാർഡ് പങ്കുവച്ചതായി കാണാം.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

എക്സിലും ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

 ‘Athul M nair’ എന്ന അക്കൗണ്ടിനു താഴെയുള്ള കമന്റ് സെക്ഷനില്‍ ധാരാളം അധിക്ഷേപ കമന്റുകളും കാണാം.

കമന്റ് സെക്ഷന്‍, സ്ക്രീന്‍ഷോട്ട്

വീണ ടി എന്ന വ്യക്തിക്ക് 242 അക്കൗണ്ടുകളുണ്ട് എന്ന് സ്ഥാപിക്കുന്ന രീതിയിലാണ് പല കമന്റുകളും. 

ഒരു അക്കൗണ്ടില്‍ വന്ന ട്രോള്‍, സ്ക്രീന്‍ഷോട്ട്

എന്നാൽ സത്യമിതാണ്

റെയ്ഡിന് ശേഷമുള്ള നടപടിയായാണ് അക്കൗണ്ട് മരവിപ്പിക്കൽ വാർത്തകളിൽ നിറയുന്നത്. വിവിധ ഇടങ്ങളിലെ പരിശോധനയിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവർക്കെതിരെയും അന്വേഷണം ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഈ അക്കൗണ്ടുകൾ വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടേതാണെന്നും വീണയുടെ മാത്രമല്ലെന്നും ഇ ഡി അറിയിച്ചതായി വാർത്തകൾ ഏഷ്യാനെറ്റ് ന്യൂസിൻ്റെ വെബ്ബിൽ ഉൾപ്പെടെ വന്നിരുന്നു.

ഈ വാർത്തയാണ് വീണയുടെ ഇരുന്നൂറോളം അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് വാര്‍ത്ത, സ്ക്രീന്‍ഷോട്ട്

വീണ വിജയൻ്റേത് അടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപമാണ് ഇ ഡി മരവിപ്പിച്ചത് എന്ന് മറ്റു മുഖ്യധാരാ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും 242 അക്കൗണ്ടുകളും വീണ എന്ന ഒറ്റ വ്യക്തിയുടേതാണ് എന്ന വ്യാജവാർത്ത   എക്‌സിലും ഫേസ് ബുക്കിലും സജീവമാണ്.

(പ്രചരിക്കുന്ന ചിത്രം ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൈവ് വാര്‍ത്തയില്‍ നിന്നുള്ളതാണെന്ന് ഒബിസിക്ക് സ്ഥിരീകരിക്കാനായിട്ടില്ല.)


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top