‘പാരീസിലെ തെരുവുകളിൽ കൊള്ളമുതൽ വിൽക്കുന്നു’ ഫ്രാൻസിലെ യുവജന പ്രക്ഷോഭത്തിനെതിരെയായ മറ്റൊരു വ്യാജവാർത്ത

‘പാരീസിലെ തെരുവുകളിൽ കൊള്ളമുതൽ വിൽക്കുന്നു’ ഫ്രാൻസിലെ യുവജന പ്രക്ഷോഭത്തിനെതിരെയായ മറ്റൊരു വ്യാജവാർത്ത

ഫ്രാൻസിൽ വിദ്യാർഥികൾ തുടങ്ങിവച്ച പ്രതിഷേധം വലിയ സംഘർഷത്തിലേക്കെത്തിയിരിക്കുകയാണ്. ആളുകൾ തെരുവുകളിൽ  തീയിടുന്നതിൻ്റെയും കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുന്നതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമരത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും സമാധാനപരമായാണ് പ്രതിഷേധിച്ചതെങ്കിലും ചിലയിടങ്ങളിൽ സമരം സംഘർഷത്തിലേക്കെത്തിയിരുന്നു.

പാരീസ്, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ ലക്ഷ്വറി ഷോപ്പുകൾ കൊള്ളയടിക്കപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾക്ക്  തീയിട്ടു. ഒക്ടോബർ 17 ന് ലിമോഗസ് സിറ്റി ഹാൾ  കത്തിച്ചു. ഇതിനിടെ, ചില വ്യാജ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പാരീസിൽ നിന്നും മോഷ്ടിച്ചെടുത്ത ബാഗുകളും മറ്റും തെരുവോരങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് വീഡിയോയിൽ പറയുന്നത്. ബാഗുകൾ വിൽപ്പനയ്ക്കായി നിരത്തി വച്ചിരിക്കുന്ന ഒരു വീഡിയോയും എക്സ് അക്കൗണ്ടുകളിൽ വൈറലാണ്. എന്നാൽ ഈ വീഡിയോ പാരീസിൽ നിന്നുള്ളതല്ല.

ലക്ഷ്വറി ബാഗുകൾ പാരീസ് തെരുവുകളിൽ വിൽപനയ്ക്ക്

ഫ്രാൻസിൽ വഴിയോരത്ത് മെഗാ സെയിൽ നടക്കുന്നു, വലിയ വിലക്കിഴിവിലാണ് കൊള്ളമുതൽ വിൽക്കുന്നത് എന്നാണ് ‘Meghna’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ് പറയുന്നത്. ഇംഗ്ലീഷിലുള്ള മറ്റൊരു എക്സ് അക്കൗണ്ടിൽ നിന്നും റീ ഷെയർ ചെയ്തതാണ് ഈ പോസ്റ്റ്.

Meghna എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

‘Megh Updates’ എന്ന മറ്റൊരു അക്കൗണ്ടിൽ വന്ന പോസ്റ്റ് ഇങ്ങനെ പറയുന്നു:

 മാർസെയിലുള്ള റോലെക്സ് സ്റ്റോറിൽ മാത്രം ഏകദേശം 3 ദശലക്ഷം യൂറോയുടെ നഷ്ടം കണക്കാക്കുന്നു. ബോർഡോയിലുള്ള ലൂയി വിട്ടൺ സ്റ്റോറിൽ മാത്രം 1.25 ദശലക്ഷം യൂറോയുടെ നഷ്ടം വന്നിട്ടുണ്ട്. ഈ രണ്ട് സ്റ്റോറുകളിൽ നിന്ന് മാത്രമുള്ള കൊള്ളമുതൽ 4.25 ദശലക്ഷം യൂറോ വരും!

‘Megh Updates’ ല്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഫ്രാൻസ് ഇത് അർഹിക്കുന്നുണ്ട് എന്നുള്ള കമൻ്റുകൾ ഈ പോസ്റ്റിന് താഴെ കാണാം.

ലൂയി വിട്ടൺ, ഗുച്ചി, റോളക്സ് പോലുള്ള വലിയ ബ്രാൻഡുകളുടെ കവർച്ച ചെയ്യപ്പെട്ട സാധനങ്ങളും തെരുവിൽ വിൽപ്പനയ്ക്കുണ്ട് എന്ന് പറയുന്ന പോസ്റ്റുകൾ നിരവധിയാണ് എക്സിൽ ഉള്ളത്. ചില പോസ്റ്റുകളിൽ ഇത് ഫ്രാൻസിൽ നിന്നുള്ള വീഡിയോയല്ല എന്ന് കമൻ്റിൽ പറയുന്നുണ്ട്. 

വീഡിയോ ഫ്രാന്‍സില്‍ നിന്നുള്ളതാണോ?

ഈ വീഡിയോയുടെ വൈറാലിറ്റി പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. നിരവധി അക്കൗണ്ടുകളിലാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. പ്രചരിക്കുന്ന വീഡിയോ, റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. വിഡിയോ എപ്പോഴാണ് സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടതെന്ന്  അന്വേഷിച്ചു. ഒക്ടോബർ ആറാം തീയതി വീഡിയോ എക്സിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.

ഒക്ടോബർ ആറാം തീയതി പോസ്റ്റ് ചെയ്ത വീഡിയോ, സ്ക്രീൻഷോട്ട്

റിപ്പോർട്ടുകൾ പ്രകാരം, ഫ്രാൻസിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നയിച്ച വാർത്തകൾ പുറത്തുവന്നത് ഒക്ടോബർ 17 നാണ്. ഒക്ടോബർ ആറാം തീയതി പോസ്റ്റ് ചെയ്ത ഈ വീഡിയോ പുതിയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതല്ല എന്ന് വ്യക്തമായി.

മാത്രമല്ല, ‘Telegraft’ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റിൽ, ബാഗുകൾ വിൽക്കുന്ന സ്ഥലം മാഡ്രിഡ് ആണ് എന്നും പറയുന്നുണ്ട്. നാല് വശത്തും കയർ കെട്ടിയ വലിയ സീറ്റിലാണ് കച്ചവടക്കാർ ബാഗ് നിരത്തി വിൽക്കുന്നത്. വീഡിയോയിൽ ഇത് വ്യക്തമായി കാണാം.

“മാഡ്രിഡിലെ തെരുവ് കച്ചവടക്കാർ പോലീസ് റെയ്ഡിനിടെ വേഗത്തിൽ പാക്ക്  ചെയ്ത് രക്ഷപ്പെടാനായി കയറുപയോഗിച്ച് കെട്ടിയ ക്യാൻവാസ് ഷീറ്റുകളിലാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്” എന്നാണ് പോസ്റ്റിലും പറയുന്നത്. സ്പെയിനിന്‍റെ തലസ്ഥാനമാണ്‌ മാഡ്രിഡ്.

സ്ഥലം പാരീസ് അല്ല, സ്പെയിന്‍  

വീഡിയോയില്‍ കാണുന്ന സ്ഥലം എവിടെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ വീഡിയോ ജിയോലൊക്കേറ്റ് ചെയ്തു. 

മാഡ്രിഡിലെ പ്രശസ്തമായ ഗ്രാൻ വിയ തെരുവിൽ നിന്നുള്ളതാണ് ഈ വൈറൽ വീഡിയോ എന്നാണ് ജിയോ ലൊക്കേഷൻ പരിശോധനയിൽ മനസിലായത്. വീഡിയോയില്‍ കാണുന്ന വില്പന നടക്കുന്ന ഭാഗവും അതിനു സമീപത്തുള്ള കെട്ടിടവുമെല്ലാം ജിയോ ലൊക്കേഷന്‍ ഫലവുമായി ഒത്തുപോകുന്നുണ്ട്. Gran Via മെട്രോ സ്റ്റേഷന്‍റെ ബോര്‍ഡ് വൈറല്‍ വീഡിയോയില്‍ വ്യക്തമായി കാണാം. 

വൈറല്‍ വീഡിയോയും ജിയോ ലോക്കെഷനും താരതമ്യ ചിത്രം, മെട്രോ സ്റ്റേഷന്‍ ബോര്‍ഡും കെട്ടിടത്തിന്റെ മുകള്‍ ഭാഗവും ഒരേ പോലെയാണ് എന്നുകാണാം 

 ഗ്രാൻ വിയ മെട്രോ സ്റ്റേഷന്റെ പരിസരത്ത് ഇത്തരത്തിലുള്ള തെരുവ് കച്ചവടങ്ങൾ സാധാരണയായി കാണപ്പെടാറുള്ളതാണ്. 

പോലീസ് റെയ്ഡുകൾ ഉണ്ടാകുമ്പോൾ ഉൽപ്പന്നങ്ങൾ പെട്ടെന്ന് മൂടി കെട്ടി എടുത്തുകൊണ്ട് പോകാൻ വേണ്ടിയാണ് കയറുകൾ കെട്ടിയ ഷീറ്റുകളിൽ സാധനങ്ങൾ നിരത്തി വിൽക്കുന്നത്. ഈ അനധികൃത കച്ചവടക്കാരെ സ്പെയിനിൽ മാന്റേറോസ് (Manteros) എന്നാണ് വിളിക്കുന്നത്.

 ഫ്രാൻസിലെ സമരത്തിന് ശേഷം പാരീസിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത് സ്‌പെയിനിൽ നിന്നുള്ള വീഡിയോ ആണെന്ന് വ്യക്തം. പ്രതിഷേധത്തെ തുടർന്ന് പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിലിപ്പോൾ ഭാഗിക ക‌ർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേമയം, പ്രതിഷേധത്തിനിടയിൽ കടകളിൽ നിന്നും മറ്റും കൊള്ളയടിക്കപ്പെട്ട സാധനങ്ങൾ ആമസോൺ, ഈ ബേ, വിൻ്റെഡ്, ലെബോൺകോയിൻ, ടിക്ക്‌ടോക്ക് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുന്നത് തടയാൻ ഫ്രഞ്ച് സർക്കാർ കർശന നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇങ്ങനെയുള്ള വ്യാപാര പരസ്യങ്ങൾ വന്നാൽ അത് ഉടനെ നീക്കം ചെയ്യണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top